Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

കൊച്ചി കമ്യൂണിസ്റ്റ് ഉച്ചകോടിയും 'മൗലികവാദ'വും

സി.കെ.എ ജബ്ബാര്‍

'മൗലികവാദികള്‍' എന്ന പ്രയോഗം കമ്യൂണിസ്റ്റുകാര്‍ ചില മതപ്രസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ച ഒന്നാണ്. തങ്ങളുടെ വിശ്വാസമാണ് എല്ലാറ്റിലും  ഉപരിയായ നന്മ എന്ന് വിശ്വസിക്കുന്നതിനെ കുറ്റകരമോ അപകടകരമോ ആയ 'മൗലികവാദ'മായി പലപ്പോഴും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. എന്നാല്‍,  സോഷ്യലിസത്തിന്റെയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തിന്റെയും  സിദ്ധാന്തപരവും പ്രായോഗികവുമായ  കാര്യം വരുമ്പോള്‍ തങ്ങളുടെ പക്ഷം മറ്റേതിനേക്കാളും മുന്തിയതാണെന്ന് ആണയിട്ട് അവര്‍ പറയും. കൊച്ചിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 23, 24 തീയതികളില്‍ നടന്ന  ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്  - ഇടതുപക്ഷ പാര്‍ട്ടികളുടെ ഉച്ചകോടിയുടെ സവിശേഷതകളില്‍ ഒന്ന് സിദ്ധാന്തപരമായ ഈ മൗലികവാദമായിരുന്നു.  സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയും സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഇപ്പോഴും അഭിമുഖീകരിക്കുന്ന പുത്തന്‍ സാമ്പത്തിക അരാജകത്വവും  പാരമ്പര്യ കമ്യൂണിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത  ചൈനീസ് പരിഷ്‌കാരവും എല്ലാം മുന്നില്‍ നിര്‍ത്തി ക്കൊണ്ടു തന്നെയാണ് മാര്‍ക്‌സിസം - ലെനിനിസം ഇനിയും പ്രതീക്ഷയേകുന്ന ഒന്നാണെന്ന വിശ്വാസം ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്. മാര്‍ക്‌സിസം ലെനിനിസം കമ്യൂണിസ്റ്റിനെ മയക്കുന്ന കറുപ്പായി എങ്ങനെ മാറുന്നു എന്നു കൂടി ഈ 'പ്രതീക്ഷ'യെ വിലയിരുത്താം. 

ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സംഭാവനകള്‍ മഹത്തരമാണെന്ന് വിലയിരുത്തിയ കൊച്ചി സമ്മേളനം മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന്  വിളംബരം ചെയ്തു. സോവിയറ്റ് യൂനിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് ചേരിയുടെയും തകര്‍ച്ച മാര്‍ക്‌സിസം -ലെനിനിസത്തിന്റെയോ  സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയോ പരാജയമല്ല എന്നും സമ്മേളനം പ്രഖ്യാപിച്ചു. അതായത്, നിലവിലുള്ള വ്യവസ്ഥകളിലും രാഷ്ട്രീയ ബോധങ്ങളിലും  വെച്ച് ഏറ്റവും മുന്തിയ ഒന്ന് തങ്ങളുടെ കൈയിലുള്ളതാണെന്ന് സാരം. സിദ്ധാന്തങ്ങള്‍ കൈയിലുള്ളവര്‍ക്ക് അവരവരുടേത് മികച്ചതാണെന്ന് അവകാശപ്പെടാനുള്ള  സ്വാതന്ത്ര്യമുണ്ട്. അത് പ്രചരിപ്പിക്കാനുള്ള അവകാശവും നിഷേധിക്കാനാവില്ല. 

 

സാര്‍വദേശീയ മൗലികത 

കൊച്ചി സമ്മേളനത്തിന്റെ രണ്ടാമത്തെ സവിശേഷത  അതിന്റെ സാര്‍വദേശീയ സ്വഭാവമാണ്. അന്തര്‍ദേശീയ ശൃംഖലയുള്ള സെമിറ്റിക് മതങ്ങള്‍ക്കോ, അത്തരം മതങ്ങളെ പ്രബോധനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കോ  സ്വാഭാവികമായി ഉണ്ടാവുന്ന ദേശാന്തരീയമായ സംരംഭങ്ങളും പങ്കാളിത്തവും 'വിേദശബന്ധം' എന്ന കള്ളിയില്‍ കുരുക്കി ആരോപണം ഉന്നയിക്കുന്നവരുണ്ട്. സംഘ് പരിവാറിന്റെ ഈ  ഭാഷ്യം ചില സന്ദര്‍ഭങ്ങളില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് നേതാക്കളും ഏറ്റുപറയാറുണ്ട്.  അവര്‍ തന്നെയാണ് തങ്ങളുടെ സാര്‍വദേശീയ സൗഹൃദങ്ങള്‍ക്ക് സര്‍വലോക തൊഴിലാളി പ്രസ്ഥാന ഐക്യമെന്ന ബാനര്‍ കെട്ടുന്നതും.  മറ്റുള്ളവരുടെ കാര്യത്തില്‍ 'വിദേശബന്ധം' അശ്ലീല  പദമാവുമ്പോള്‍  സ്വന്തം കാര്യത്തിലത്  'സര്‍വലോക ഐക്യ'മായി  തീരുന്നതെങ്ങനെയാണെന്ന് ഇത്തരം കൂടിച്ചേരലുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 

ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത പതിമൂന്നും സിപി.എമ്മിന്റെ ഏഴ് പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം പതിനൊന്നും  സി.പി.ഐയുടെ മൂന്നംഗങ്ങളും ഉള്‍പ്പെടെ  27 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. സി.പി.എമ്മിനെ ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാന്‍ പ്രേരിപ്പിച്ചത് തദ്ദേശീയമായ എന്തെങ്കിലും സവിശേഷ സാഹചര്യമല്ല. സാര്‍വദേശീയ സാമ്രാജ്യത്വം ഇന്ത്യന്‍ സാഹചര്യത്തെയും സ്വാധീനിക്കുന്നുവെന്ന  മൗലിക പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണെങ്കിലും മറ്റു ചില അന്തര്‍ദേശീയ സവിശേഷതകള്‍ ഈ സമ്മേളനം സംഘടിപ്പിച്ചതിന്റെ പിന്നിലുണ്ടെന്ന് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. അതാവട്ടെ ഇന്ത്യക്ക് പുറത്തുള്ളതും സിദ്ധാന്തപരവുമാണ്. 

ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം,  കാള്‍ മാര്‍ക്‌സിന്റെ 200-ാം ജന്മവാര്‍ഷികം, മാര്‍ക്‌സിന്റെ പ്രസിദ്ധ കൃതിയായ മൂലധനത്തിന്റെ ആദ്യവാള്യം പുറത്തിറങ്ങിയതിന്റെ 150-ാം വാര്‍ഷികം, ബൊളീവിയന്‍ സായുധസമര നായകനും ഗറില്ലകളുടെ അന്തര്‍ദേശീയ നേതാവുമായ  ചെ ഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ 50-ാം വാര്‍ഷികം, ഇറ്റാലിയന്‍ മാര്‍ക്‌സിസ്റ്റ്  ചിന്തകനായ അന്റോണിയോ ഗ്രാംഷിയുടെ 80-ാം ചരമവാര്‍ഷികം എന്നിവയെല്ലാം ലോകാടിസ്ഥാനത്തില്‍ ആചരിക്കുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം  ചേര്‍ന്നതെന്നാണ് കമ്യൂണിസ്റ്റ് ജിഹ്വകള്‍ വിശേഷിപ്പിക്കുന്നത്.

 

സാര്‍വദേശീയ ബന്ധങ്ങളുടെ തുടര്‍ച്ച

സാര്‍വദേശീയ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി പാര്‍ട്ടികളുടെയും യോജിപ്പിനായി സി.പി.എം വേദിയൊരുക്കുന്നത് ഇതാദ്യമല്ല. 1988 ഡിസംബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന 13-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ സോവിയറ്റ് യൂനിയനിലെയും ചൈനയിലെയുമുള്‍പ്പെടെ രണ്ട് ഡസനോളം  സഹോദര പര്‍ട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും സൗഹാര്‍ദ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷമാകട്ടെ 21  കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. 2009-ല്‍ ദല്‍ഹിയും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തിന്  വേദിയായി. ഇതിന്റെ തുടര്‍ച്ചയാണ് കൊച്ചിയില്‍ ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം. 

സോവിയറ്റ് യൂനിയന്‍ തകരുകയും സോഷ്യലിസ്റ്റ് ചേരി കനത്ത തിരിച്ചടി നേരിടുകയും ചെയ്തത് വലിയ സാമൂഹിക മാറ്റമാണ് സോഷ്യലിസ്റ്റ്  ചേരിയിലുണ്ടാക്കിയത്. റുമേനിയ പോലുള്ള രാജ്യങ്ങള്‍ ചെങ്കൊടി പോലും ഉപേക്ഷിച്ച് മൗലികമായി തന്നെ തങ്ങള്‍ ഈ പ്രത്യയശാസ്ത്രത്തോട്  വിടപറയുകയാണെന്ന് പ്രഖ്യാപിച്ചു. ചെങ്കൊടിയും കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടി എന്ന പേരും ഉപേക്ഷിക്കാത്ത 21 പാര്‍ട്ടികളുടെ സമ്മേളനം സിപി.എം അന്ന് കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്തു. ഇതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് ഗ്രീസിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി 1999 മുതല്‍ വാര്‍ഷിക കമ്യൂണിസ്റ്റ് പാര്‍ട്ടി  സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് 2009 നവംബറില്‍ ദല്‍ഹിയില്‍ 47 രാജ്യങ്ങളില്‍നിന്നുള്ള  55 കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം ചേര്‍ന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു കൊച്ചി സമ്മേളനം.

പക്ഷേ, കൊച്ചി  സമ്മേളനത്തിന്റെ പരിമിതി 'ദക്ഷിണേഷ്യ'എന്ന ബാനറില്‍ മൂടിപ്പുതപ്പിച്ചിട്ടുണ്ട്. 2009-ലെ പോലെ 47 രാജ്യങ്ങളിലെ പ്രതിനിധികളെ വിളിച്ചുകൂട്ടാന്‍  ഇനിയും കഴിയുമെന്ന് സങ്കല്‍പിച്ചാലും അതത്ര എളുപ്പമാണെന്ന് പറയാനാവാത്ത വിധം വ്യതിയാനത്തിലാണ് ചില രാജ്യങ്ങളിലെ പാര്‍ട്ടികള്‍. അല്ലെങ്കില്‍ ചില രാജ്യങ്ങളിലെ പാര്‍ട്ടി ഘടന ഇന്ത്യന്‍ സാഹചര്യത്തില്‍ പരാമര്‍ശവിധേയമാക്കാന്‍ പോലും കഴിയാത്തതാണ്. സാക്ഷാല്‍ ചൈനയില്‍ പോലും 2002-ല്‍ നടപ്പാക്കിയ മാറ്റങ്ങളില്‍ സുപ്രധാനമായത്, ഏതാനും വ്യവസായ സംരംഭകരും ബിസിനസ്സുകാരും ഇപ്പോള്‍ ചൈനീസ്  പാര്‍ട്ടിയില്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ ഘടനയില്‍  തന്നെ മാറ്റം  വരുത്തി എന്നതാണ്. ഇതനുസരിച്ച്  പാര്‍ട്ടിയുടെ  രാഷ്ട്രീയവും  പ്രത്യയശാസ്ത്രപരവുമായ ദിശാബോധം പോലും മാറിയേക്കാമെന്ന് ആശങ്കിക്കവെയാണ് ഇവിടെയുള്ള കമ്യൂണിസ്റ്റുകാര്‍ ചൈനയെ മാതൃകയായി ചൂണ്ടിക്കാണിക്കുന്നത്.

കൊച്ചി സമ്മേളനത്തിനെത്തിയ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റു പാര്‍ട്ടികളില്‍ ചിലത് അതത് രാജ്യങ്ങളില്‍ ഭരണ പങ്കാളിത്തം വഹിച്ച പാര്‍ട്ടികളുമുണ്ട്. പാകിസ്താനില്‍നിന്നുള്ള  കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ക്ക്  മോദി സര്‍ക്കാര്‍ വിസ നിഷേധിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സാര്‍ക്ക് ഉച്ചകോടി കൂടാനാകാതെ പരാജയപ്പെട്ടിരിക്കുന്നിടത്താണ് കൊച്ചിയിലെ  കമ്യൂണിസ്റ്റ് ഉച്ചകോടി വിജയമെന്നാണ് പാര്‍ട്ടി ജിഹ്വകള്‍ അഭിമാനത്തോടെ വിവരിക്കുന്നത്.

 

മതത്തോടുള്ള സമീപനം

സാമ്രാജ്യത്വവിരുദ്ധ പോരാട്ടം, ദേശീയ പരമാധികാരം സംരക്ഷിക്കല്‍, വര്‍ഗീയത തടയല്‍, മതവിഭാഗീയതയെ ചെറുത്തുതോല്‍പ്പിക്കല്‍ എന്നീ നാല് കടമകളാണ്  സമ്മേളനം മുന്നോട്ടുവെച്ചത്. പക്ഷേ, മതവിശ്വാസികളെ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ബംഗ്ലാദേശ് പാര്‍ട്ടിക്ക് അവരുടെ അടവ് നയം  പറയാതിരിക്കാനാവില്ല. പ്രത്യേകിച്ചും മതരാഷ്ട്രവാദം പൊറുപ്പിക്കാനാവില്ലെന്ന നിലപാട് മുസ്‌ലിം രാഷ്ട്രീയത്തില്‍ എത്രത്തോളം സ്വീകാര്യമാണെന്ന് തിരിച്ചറിയുന്ന ബംഗ്ലാദേശിന്റെ സാഹചര്യം അറിയുന്ന പാര്‍ട്ടിയെന്ന നിലയില്‍. ബംഗ്ലാദേശില്‍നിന്ന് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും പ്രതിനിധികളാണ് കൊച്ചി സമ്മേളനത്തില്‍ പങ്കെടുത്തത്. ശൈഖ് ഹസീനാ മന്ത്രിസഭയില്‍ പങ്കാളിത്തം വഹിക്കുന്ന കക്ഷിയാണ് വര്‍ക്കേഴ്‌സ് പാര്‍ട്ടി. അവരുടെ  നിലപാട് കൊണ്ടോ എന്തോ കൊച്ചി സമ്മേളനത്തില്‍ ജനങ്ങളുടെ മതബോധത്തോട് മുഖംതിരിഞ്ഞു നില്‍ക്കുന്നത് വിഡ്ഢിത്തമാണെന്ന വാദം സജീവമായി ചര്‍ച്ച  ചെയ്തു. സമ്മേളന അനുഭവം വിവരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങളെ അണിനിരത്തുന്ന വിഷയവുമായി  ബന്ധപ്പെട്ട് മതത്തോടുള്ള സമീപനവും ചര്‍ച്ചയായി. മതരാഷ്ട്രീയത്തിന്റെ വിധ്വംസക സ്വഭാവവും പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍, മതവിരുദ്ധ സമീപനമില്ലാതെ,  മതവിശ്വാസികളെക്കൂടി ജനകീയപോരാട്ടത്തില്‍ പങ്കാളികളാക്കുന്ന സമീപനമുണ്ടാകണമെന്ന് പൊതുവില്‍ അഭിപ്രായമുയര്‍ന്നു....' (ദേശാഭിമാനി ലേഖനം  29.09.2017). 

 

അഭയാര്‍ഥി പ്രശ്‌നത്തിലെ അന്തര്‍മുഖത്വം

റോഹിങ്ക്യന്‍ അഭയാര്‍ഥി വിഷയത്തില്‍ സമ്മേളനം ഏകമുഖ നിലപാടാണ് സ്വീകരിച്ചത്. ബര്‍മയുടെ ഉറ്റ സുഹൃത്തായ ചൈനയെ പ്രകോപിപ്പിക്കുന്ന വിധത്തില്‍  അത് കടുത്ത ശൈലിയൊന്നും സ്വീകരിക്കുകയും ചെയ്തില്ല.

റോഹിങ്ക്യകളെ അയല്‍രാജ്യങ്ങളിലേക്ക് വലിച്ചെറിഞ്ഞ മ്യാന്മര്‍ സര്‍ക്കാറിന്റെ നിലപാടിനോടും അഭയാര്‍ഥികളോട് മനുഷ്യത്വരഹിത നിലപാട്  സ്വീകരിക്കുന്ന വിവിധ ഭരണകൂടങ്ങളുടെ സമീപനത്തോടും സമ്മേളനം ശക്തിയായി വിയോജിച്ചു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ എത്തിപ്പെട്ടത് ബംഗ്ലാദേശിലായതിനാല്‍ അവിടെ നിന്നുള്ള പാര്‍ട്ടി പ്രതിനിധികളുടെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കാം. ബംഗ്ലാദേശ് ഭരണകൂടം പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ട് അഭയാര്‍ഥികളോട് കാരുണ്യം കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ബംഗ്ലാദേശ് പാര്‍ട്ടിക്ക് അതൊരു അന്താരാഷ്ട്ര സാമൂഹിക പ്രശ്‌നമാണ്.   ഇന്ത്യ റോഹിങ്ക്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിനോടുള്ള  ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ദേശീയ രാഷ്ട്രീയ  സമീപനം കൂടി ചേര്‍ന്നതിനാല്‍ ശക്തമായ പ്രമേയമാണ് കൊച്ചി കമ്യൂണിസ്റ്റ് ഉച്ചകോടി അംഗീകരിച്ചത്. പക്ഷേ, അധിനിവേശത്തിനു ശേഷമുള്ള തിബത്ത് സമൂഹത്തിനു വേണ്ടിയോ റോഹിങ്ക്യകളോട് കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന ബര്‍മയുമായുള്ള നയതന്ത്ര സൗഹൃദം തുടരുന്ന ചൈനക്കെതിരെയോ ഒരു ശബ്ദവും സമ്മേളനത്തില്‍ ഉയര്‍ന്നില്ല. റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നാണ് സമ്മേളനം ആവശ്യപ്പെട്ടത്. അതൊരു ഇന്ത്യന്‍ സാഹചര്യത്തിലുള്ള അടവുനയ പ്രഖ്യാപനം മാത്രമായാണ് നിരീക്ഷകര്‍ കരുതുന്നത്.   

 

ശക്തിദൗര്‍ബല്യങ്ങളുടെ പിന്‍കുറിപ്പുകള്‍

ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് സമ്മേളനം ചേര്‍ന്നത്. ഒക്‌ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ  സംഭാവനകള്‍ മഹത്തരമാണെന്ന് വിലയിരുത്തിയ സമ്മേളനം മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് വിളംബരം ചെയ്തു. 1930-കളില്‍ നേരിട്ടതിനേക്കാള്‍  കടുത്ത ആഗോള പ്രതിസന്ധിയാണ് മുതലാളിത്തം ഇന്ന് അഭിമുഖീകരിക്കുന്നത്. പക്ഷേ, അതിനേക്കാള്‍ ശക്തിക്ഷയം സോഷ്യലിസ്റ്റ് ചേരിയിലും സംഭവിച്ചു എന്നത് കഴിഞ്ഞകാല സംഭവങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ബോധ്യമാവും.

തൊഴിലാളികളുടെ ആദ്യത്തെ ലോക കൂട്ടായ്മയായ അന്തര്‍ദേശീയ തൊഴിലാളി സംഘടനയാണ് ഒന്നാം ഇന്റര്‍നാഷ്‌നല്‍. 1864 സെപ്റ്റംബറില്‍ ലണ്ടനില്‍ പിറന്ന്  ആദ്യത്തെ തൊഴിലാളി വിപ്ലവം എന്നു വിശേഷിപ്പിക്കാവുന്ന പാരീസ് കമ്യൂണ്‍ (1871) നടത്തിയതില്‍ ഒന്നാം ഇന്റര്‍നാഷ്‌നലിന് പങ്കുണ്ടായിരുന്നു. പാരീസ്  കമ്യൂണ്‍ വീണതിനു ശേഷമാണ് സംഘടനയുടെ ആസ്ഥാനം അമേരിക്കയിലേക്ക് മാറ്റിയത്. അന്നു യൂറോപ്പില്‍ വേട്ടയാടപ്പെട്ട കമ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ അഭയ  കേന്ദ്രമായിരുന്നു അമേരിക്ക. മാര്‍ക്‌സിന്റെ മരണശേഷം 1890-ല്‍ രണ്ടാം ഇന്റര്‍നാഷ്‌നല്‍ രൂപവത്കരിച്ചു. അക്കാലത്ത് യൂറോപ്പില്‍ പലയിടത്തും സോഷ്യല്‍  ഡെമോക്രാറ്റിക് ശക്തികള്‍ അധികാരത്തില്‍ വന്നു. ഈ അധികാരലബ്ധി തൊഴിലാളി പ്രവര്‍ത്തകരില്‍ അധികാരമോഹവും സ്ഥാപിത താല്‍പര്യങ്ങളും വളര്‍ത്തി  എന്നാണ് ചരിത്രം. അതായത് അതിന്റെ ഒന്നാം തീയതി തന്നെ പാര്‍ലമെന്ററി വ്യാമോഹത്തിലേക്കുള്ള 'വ്യതിയാനം' സംഭവിച്ചുകൊണ്ടിരുന്നുവെന്നര്‍ഥം. അതോടെ അവരില്‍നിന്ന് കമ്യൂണിസവും സാര്‍വദേശീയതയും ചോര്‍ന്നുപോയി. പ്രസ്ഥാനം ബൂര്‍ഷ്വാസിയുടെ കൈയില്‍  അകപ്പെടുകയും ചെയ്തു. പിന്നീട് 1917-ല്‍ റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം വിജയിച്ച ശേഷം ലെനിന്‍ ആണ് സംഘടനയെ പുനരുദ്ധരിച്ചത്, 1919-ല്‍. ഒക്‌ടോബര്‍  വിപ്ലവത്തിനു ശേഷം മോസ്‌കോ ഇന്നെവിടെ നില്‍ക്കുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. ആത്മീയമായ  വിപ്ലവബോധത്തിന്റെ അഭാവത്തില്‍ കേവല പദാര്‍ഥവാദത്തില്‍ വികസിച്ച ഒരു പ്രത്യയശാസ്ത്രത്തിന് അതിന്റെ ഈറ്റില്ലമായ മോസ്‌കോയില്‍ പോലും  നിലനില്‍പ്പില്ലാതാവുമെന്ന് മൗലാനാ മൗദൂദി എഴുതിവെച്ചത് ഇരുപതാം നൂറ്റാണ്ടിലാണ്. ആ നൂറ്റാണ്ടിന്റെ അവസാനത്തില്‍തന്നെ  പ്രവചനം യാഥാര്‍ഥ്യമായി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ച അവിടെ മാത്രം ഒതുങ്ങിയില്ല. റുമാനിയ പോലുള്ള നാടുകളില്‍ സ്വന്തം ജനത ഭരണാധികാരിയെ വിചാരണ ചെയ്ത് വെടിവെച്ചുകൊല്ലുക മാത്രമല്ല, അവര്‍ ചെങ്കൊടി വലിച്ചെറിഞ്ഞും പ്രതികരിച്ചു.


കരക്കടുക്കാത്ത പ്രത്യയശാസ്ത്ര നിരീക്ഷണങ്ങള്‍

ഓരോ കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസുകളിലും പ്രത്യയശാസ്ത്ര പ്രമേയങ്ങള്‍ ഈ പൊയ്‌പോയ വസന്തകാലങ്ങളെ ഓര്‍മിപ്പിച്ചിട്ടുണ്ട്. 2012 ഏപ്രില്‍  4-9 തീയതികളില്‍ കോഴിക്കോട്ട് ചേര്‍ന്ന സി.പി.എം 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച 'ഏതാനും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെപ്പറ്റിയുള്ള  പ്രമേയ'ത്തിന്റെ ആമുഖം തുടങ്ങുന്നത് ഇങ്ങനെയാണ്:  

'സോവിയറ്റ്  യൂനിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് വര്‍ഗശക്തികളുടെ സാര്‍വദേശീയ ബലാബലത്തില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റമുായി എന്ന നിഗമനത്തില്‍ 1992 ജനുവരിയില്‍ സി.പി.എമ്മിന്റ 14-ാം കോണ്‍ഗ്രസ് എത്തിയിട്ട് ഇപ്പോള്‍  ര്  പതിറ്റാായിരിക്കുന്നു. ഈ സംഭവവികാസങ്ങള്‍  രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക്  ലോകവ്യാപകമായിത്തന്നെ ഇടയാക്കി.  മാര്‍ക്‌സിസവും സോഷ്യലിസവും മൃതമായിരിക്കുന്നു എന്ന സാമ്രാജ്യത്വത്തിന്റെ രോഗ കാരണ നിര്‍ണയത്തോടെയുള്ള രൂക്ഷമായ പ്രത്യയശാസ്ത്രാക്രമണം ഈ മാറ്റങ്ങളോടൊപ്പമുായി. അതോടൊപ്പം മുതലാളിത്തം 'ശാശ്വത'മാണെന്നും  മാനവ സാമൂഹിക പരിണാമത്തിന്റെ ആവശ്യമാണ് അതെന്നും അവകാശവാദം ഉയര്‍ന്നു. ഈ രു പതിറ്റാുകള്‍ക്കിടയില്‍,  സംശയിക്കപ്പെട്ടതു പോലെ,  എല്ലാ  മേഖലകളിലും സാമ്രാജ്യത്വ  കടന്നാക്രമണം അതിരൂക്ഷമായിട്ടു്. ഈ കടന്നാക്രമണത്തോടൊപ്പം  സാമ്രാജ്യത്വ  ആഗോളവല്‍ക്കരണത്തിന്റെ  മേധാവിത്വവും നടമാടുന്നു. അതിന്റെ നീര്‍ച്ചുഴിയിലേക്ക് ലോകത്തെ എല്ലാ രാജ്യങ്ങളെയും അത്  വലിച്ചടുപ്പിച്ചിരിക്കുന്നു.....'

സി.പി.എം കോണ്‍ഗ്രസിന്റെ ഈ വിലയിരുത്തലിന്റെ വിശദാംശങ്ങളിലേക്ക് ചെല്ലുമ്പോഴാണ് കമ്യൂണിസത്തിലേക്കുള്ള സോഷ്യലിസ്റ്റ് പാത ഓരോ  കാലഘട്ടം കഴിയുമ്പോഴും ദുഷ്‌കരമാവുകയാണെന്ന് ബോധ്യമാവുന്നത്. ഒക്‌ടോബര്‍ വിപ്ലവാനന്തരം അഭിമാനപൂര്‍വം ചൂണ്ടിക്കാണിക്കപ്പെട്ട സോവിയറ്റ് യൂനിയന്‍  ഉദാഹരിക്കാന്‍ പോലും ഇന്ന് മാതൃകയല്ലാതായി.  

സോവിയറ്റ് യൂനിയനെ മാറ്റിനിര്‍ത്തി ചൈനയെ മാതൃകയാക്കിയുള്ളതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുതിയ നയപരിപാടികള്‍. പക്ഷേ, സോഷ്യലിസത്തിന്റെ ദൗത്യം കമ്യൂണിസത്തിലേക്ക് എത്താനുതകുന്ന വിധത്തില്‍ എത്രത്തോളം കാലികമാവുന്നുണ്ടെന്ന് പരിശോധിക്കുമ്പോള്‍ ചൈന നല്‍കുന്ന സൂചനകളും  ആശാവഹമല്ല. ഇക്കാര്യം മറച്ചുവെക്കുന്നതിന് പുതിയ ചൈനീസ് തത്ത്വം തന്നെ രൂപപ്പെട്ടുവരികയാണ്. ചൈനയുടെ സോഷ്യലിസ്റ്റ് വീക്ഷണവും സി.പി.എം പ്രത്യയശാസ്ത്ര പ്രമേയത്തില്‍ ഇങ്ങനെ പറയുന്നുണ്ട്: 

'നേര്‍രേഖയിലൂടെ പുരോഗമിക്കുന്ന  ഒന്നായാണ്  സോഷ്യലിസം മനസ്സിലാക്കപ്പെട്ടിരുന്നത്.  ഒരിക്കല്‍  സോഷ്യലിസം  കൈവരിച്ചുകഴിഞ്ഞാല്‍,  വര്‍ഗരഹിതമായ  കമ്യൂണിസ്റ്റ്  സമൂഹത്തിലേക്ക്  തടസ്സങ്ങളില്ലാതെ  നേര്‍രേഖയിലൂടെ  അത്  മുന്നേറുമെന്ന്  തെറ്റായി  കരുതപ്പെട്ടു.  അനുഭവം   വ്യക്തമാക്കിയത്  സോഷ്യലിസം,  ഒരു പരിവര്‍ത്തനഘട്ടം, അല്ലെങ്കില്‍  മാര്‍ക്‌സ്  പറഞ്ഞതുപോലെ,  കമ്യൂണിസത്തിന്റെ  ആദ്യഘട്ടം   ആണെന്നാണ്. വര്‍ഗവിഭജിതമായ,  ചൂഷണാധിഷ്ഠിതമായ  മുതലാളിത്ത  വ്യവസ്ഥക്കും  വര്‍ഗരഹിതമായ  കമ്യൂണിസ്റ്റ്  വ്യവസ്ഥക്കും ഇടയിലുള്ള   ഘട്ടം.  പരിവര്‍ത്തനത്തിന്റേതായ  ഈ  ഘട്ടം, അതിനാല്‍  നിര്‍വചനമനുസരിച്ച്  സൂചിപ്പിക്കുന്നത്  വര്‍ഗവൈരുധ്യങ്ങള്‍  ഇല്ലാതാകുന്നു എന്നല്ല,   അവ  മൂര്‍ഛിക്കുന്നു  എന്നാണ്.  ആ  സമയത്ത്  ലോകമുതലാളിത്തം  അതിനു നഷ്ടമായ പ്രദേശം വീടെുക്കുന്നതിനു ശ്രമിക്കുകയും ചെയ്യും. അതുകൊുതന്നെ ഈ കാലഘട്ടം  ദീര്‍ഘവും  സങ്കീര്‍ണവും  ആകാന്‍  സാധ്യതയുണ്ട്. അത്  നിരവധി  വളവുതിരിവുകളുള്ളതുമായിരിക്കും.....'

ഈ വളവുതിരിവുകളുള്ള പാതയിലൂടെയുള്ള ഗമനം വളരെ മന്ദഗതിയിലായിരിക്കുമെന്നും പ്രമേയം പറയുന്നു:

'.......ചൈന സോഷ്യലിസത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്, ദീര്‍ഘകാലം അതങ്ങനെ തുടരുകയും  ചെയ്യും.  സാമ്പത്തികമായും  സാംസ്‌കാരികമായും  പിന്നാക്കം  നില്‍ക്കുന്ന ചൈനയുടെ സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണത്തില്‍ ചാടിക്കടക്കാവുന്ന ഒരു ചരിത്രഘട്ടമല്ല  ഇത്. നൂറ് കൊല്ലത്തിലധികമെടുത്താവും ഇത് അവസാനിക്കുക.....' (ഏതാനും പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളെപ്പറ്റിയുള്ള  പ്രമേയം, 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.ഐ.എം). 

അതായത് ഈ പുരുഷായുസ്സിലും ചൈനയിലും 'സ്വര്‍ഗരാജ്യം' പണിയാനാവില്ല എന്ന് ചുരുക്കം. സോവിയറ്റ് യൂനിയനെ ആശ്രയിച്ചിരുന്ന വിയറ്റ്‌നാമും  ക്യൂബയും  ഉത്തര കൊറിയയും ഒക്കെ ഇതിനേക്കാള്‍ നടുക്കയത്തിലാണ്. മുമ്പ് സോവിയറ്റ് യൂനിയന്റെ നിര്‍ണായക പിന്തുണയും  സഹായവും  കൊ് വളര്‍ച്ച പ്രാപിച്ചിരുന്ന  ഈ സോഷ്യലിസ്റ്റ്   രാഷ്ട്രങ്ങള്‍ ഇപ്പോള്‍ ആഗോളവല്‍ക്കരണത്താല്‍   നിര്‍ണയിക്കപ്പെടുന്ന അന്താരാഷ്ട്ര വിപണിയുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. 

ഓരോ പുതുക്കല്‍ പരിപാടികള്‍ക്കും നവീകരണങ്ങള്‍ക്കും ശേഷവും സാര്‍വദേശീയ പ്രസ്ഥാനമെന്ന അസ്തിത്വം നിലനിര്‍ത്തി ദേശീയ സാഹചര്യങ്ങളെ മറികടക്കാനുള്ള തീവ്ര ശ്രമങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കൂടുതല്‍ സങ്കീര്‍ണതയിലേക്കാണ് നയിക്കുന്നത്. ഇതെങ്ങനെ മറികടക്കാം എന്നന്വേഷിക്കുന്ന കൊച്ചി ഉച്ചകോടി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നന്നെ ചുരുങ്ങിയത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷ കൂട്ടായ്മയെ വളര്‍ത്താനുതകുന്ന പുതിയ ദിശ നിര്‍ണയിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണ്. ഉച്ചകോടിയില്‍ ഒരുമിച്ചിരുന്ന സി.പി.ഐയും സി.പി.എമ്മും രണ്ട് വ്യത്യസ്ത പരിപാടികളുമായി മുന്നോട്ടു നീങ്ങുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവരുടേതായ മൗലികവാദം കൈവിടാന്‍ ഒരുക്കമല്ല. ആരാണ് ഇന്ത്യയിലെ ബൂര്‍ഷ്വാസി എന്നതിന് ബൂര്‍ഷ്വാ വ്യവസ്ഥയെയും സാമ്പത്തിക ക്രമത്തെയും താങ്ങിനിര്‍ത്തിയ കോണ്‍ഗ്രസാണ് എന്നായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉത്തരം. പക്ഷേ, പിന്നീട് സി.പി.ഐ മാറിച്ചിന്തിച്ചു. കോണ്‍ഗ്രസിന്റെ കാര്യത്തിലുള്ള ഈ തിരിച്ചറിവ് സി.പി.എമ്മില്‍ ചിലര്‍ക്ക് വന്നിരിക്കുന്നു എന്ന സൂചന കഴിഞ്ഞ അവരുടെ ദേശീയ നേതൃയോഗത്തില്‍ കണ്ടതാണ്. പക്ഷേ, കോണ്‍ഗ്രസുമായുള്ള സഖ്യം സി.പി.എം ഇപ്പോഴും പൊതുനയമായി അംഗീകരിച്ചിട്ടില്ല. പശ്ചിമ ബംഗാളില്‍ അടിത്തറയിളകിയ ഒരു പാര്‍ട്ടിക്ക് കേരളത്തിലെ കെട്ടുറപ്പിനെ  ബലികൊടുക്കുന്ന ദേശീയ നിലപാട് സ്വീകരിക്കാനാവില്ലെന്ന് ചുരുക്കം. ഇരു കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇത്തരമൊരു ദേശീയ പ്രതിസന്ധി ഘട്ടത്തില്‍ പകച്ചുനില്‍ക്കുമ്പോഴാണ്  കൊച്ചിയില്‍ സാര്‍വദേശീയ കാര്യങ്ങള്‍ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്തതെന്നതാണ് ഏറെ കൗതുകകരം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍