ജമാഅത്തെ ഇസ്‌ലാമി ഉലമാ കോണ്‍ഫറന്‍സ് പ്രഖ്യാപനം
2017 സെപ്റ്റംബര്‍ 7 മുതല്‍ 14 വരെ ദല്‍ഹിയിലെ അബുല്‍ ഫസല്‍ എന്‍ക്ലേവില്‍ ജമാഅത്തെ ഇസ്‌ലാമി ആസ്ഥാനത്ത് ചേര്‍ന്ന വിവിധ ചിന്താധാരയിലെ പണ്ഡിതന്മാരുടെയും ഇമാമുമാരുടെയും ഉയര്‍ന്ന മതപാഠശാലകളിലെ അധ്യാപകരുടെയും യോഗത്തിന്റെ അവസാനദിവസം നടത്തിയ സംയുക്ത പ്രസ്താവന. രാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ഇരുനൂറിലേറെ പണ്ഡിതന്മാരാണ് എട്ടുദിവസത്തെ ഈ സമ്മേളനത്തില്‍ പങ്കെടുത്തത്.
1. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും എതിരാളികള്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കാനും മുസ്‌ലിംകളില്‍ ഛിദ്രത വളര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ മുസ്‌ലിംകളുടെ ഐക്യം ഏറെ പ്രസക്തമാകുന്നു. ഈ സമ്മേളനത്തിന്റെ പ്രതിനിധികള്‍ മുസ്‌ലിം പണ്ഡിതന്മാരെ, സമുദായത്തില്‍ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഐക്യബോധം വളര്‍ത്താനുള്ള ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നു.
2. വിവിധ മുസ്‌ലിം നാടുകളില്‍ ആഭ്യന്തര കലാപവും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധവും ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. സമ്മേളന പ്രതിനിധികള്‍ അക്കാര്യത്തിലുള്ള ആശങ്കയും അനിഷ്ടവും പ്രകടിപ്പിക്കുന്നതോടൊപ്പം, തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിച്ച് കാലത്തിന്റെ തേട്ടം കണക്കിലെടുത്ത് ഐക്യശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു.
3. ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം വിവിധ ചിന്താധാരകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ അവരിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സംഘര്‍ഷത്തിനും അസ്വസ്ഥതക്കും നിമിത്തമാകുന്നു. ഈ കര്‍മശാസ്ത്ര ഭിന്നതകള്‍ ശൈഥില്യത്തിന് ഹേതുവാകരുതെന്ന് സ്വന്തം അണികളെ ബോധ്യപ്പെടുത്താനാണ് പണ്ഡിതന്മാര്‍ ശ്രമിക്കേണ്ടത്. അത്തരം കാര്യങ്ങള്‍ നമുക്കിടയില്‍ ഭിന്നതക്ക് കാരണമാകാതിരിക്കാന്‍ ഉലമാക്കള്‍ ജാഗ്രത കാണിക്കണം.
4. സാമൂഹിക പരിഷ്‌കരണം പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്. സമുദായത്തിന്റെ വലിയൊരു ഭാഗം അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും ആണ്ടുപോയിരിക്കുന്നു. ഖുര്‍ആന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ സമുദായത്തെ യഥാര്‍ഥ വിശ്വാസം പഠിപ്പിക്കാനും കര്‍മങ്ങള്‍ അവയുടെ ചൈതന്യത്തോടെ അനുഷ്ഠിക്കാനും പണ്ഡിതന്മാര്‍ നേതൃപരമായ പങ്കുവഹിക്കണം. തെറ്റായ ആചാരാനുഷ്ഠാനങ്ങളുടെ അനന്തര ഫലത്തെക്കുറിച്ച് സാധാരണക്കാരെ ബോധവത്കരിക്കാന്‍ ഉലമാക്കള്‍ തയാറാവണം.
5. മുസ്‌ലിം വ്യക്തിനിയമം ഇന്ന് ഏറെ വിമര്‍ശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അതിനെ നിരാകരിക്കാനും മതേതരമായി പരിഷ്‌കരിക്കാനുമുള്ള ആവശ്യം ശക്തമാണിന്ന്. ശരീഅത്തനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരല്ലാത്ത മുസ്‌ലിംകളുടെ ചെയ്തികളാണ് ഈ വിമര്‍ശനത്തിന്റെ ഹേതു. മുസ്‌ലിം ഉമ്മത്തിനെ ശരീഅത്തനുസരിച്ച് ജീവിക്കാന്‍ പ്രേരിപ്പിക്കുകയും അതിനെതിരെയുള്ള വിമര്‍ശനങ്ങളെ ചെറുക്കാന്‍ പഠിപ്പിക്കുകയും ചെയ്യേണ്ട ബാധ്യതയും മുസ്‌ലിം പണ്ഡിതന്മാര്‍ക്കുണ്ട്.
6. ഇസ്‌ലാമിലെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങള്‍ പൊതുസമ്മേളനത്തിലും സദസ്സുകളിലും വെച്ച് മുസ്‌ലിം സാധാരണക്കാരെ പഠിപ്പിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ഉലമാക്കള്‍ തയാറാവണം. ലളിതമായ വിവാഹവും ഖുര്‍ആന്‍ പഠിപ്പിച്ച വിവാഹമോചനവും പെണ്‍കുട്ടികള്‍ക്ക് സ്ത്രീധനമല്ല, അനന്തരാവകാശമാണ് ലഭിക്കേണ്ടതെന്ന പാഠവും പ്രാവര്‍ത്തികമായി പരിശീലിപ്പിക്കാന്‍ പണ്ഡിതന്മാര്‍ മുന്‍കൈ എടുക്കണം. സ്ത്രീകള്‍ക്കായി പ്രത്യേകം ക്ലാസുകളും യോഗങ്ങളും സംഘടിപ്പിച്ച് ഈ കാര്യങ്ങള്‍ അവരെ പഠിപ്പിക്കുകയും വേണം.
7. സാമൂഹിക പുരോഗതിയില്‍ വനിതകളുടെ പങ്ക് വളരെ വലുതാണ്. അവര്‍ക്കെതിരെയുള്ള അത്യാചാരങ്ങളും കൈകടത്തലുകളും കാരണമായി നിരവധി അനാചാരങ്ങളാണ് സ്ത്രീസമൂഹത്തിന് സഹിക്കേണ്ടിവരുന്നത്. അവരെ ഇസ്‌ലാമിക നിയമങ്ങള്‍ പഠിപ്പിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് മുസ്‌ലിം പണ്ഡിതന്മാരുടെ ബാധ്യതയാകുന്നു.
8. ഇന്നത്തെ സവിശേഷ സാഹചര്യം ചില യുവാക്കളിലെങ്കിലും തീവ്ര ചിന്ത വളരാന്‍ ഇടവന്നിട്ടുണ്ടെന്നു വേണം കരുതാന്‍. അവര്‍ക്ക് നേരായ മാര്‍ഗം കാണിക്കേണ്ട ഉത്തരവാദിത്തം പണ്ഡിതന്മാര്‍ക്കാണ്. ഇസ്‌ലാമിന്റെ മധ്യമ സ്വഭാവം പഠിപ്പിച്ച് സാമൂഹികദ്രോഹ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പണ്ഡിതന്മാര്‍ ശ്രദ്ധിക്കണം.
9. മുസ്‌ലിം സമുദായത്തെ ഒരു പ്രബോധക സമൂഹമാക്കിയാണ് അല്ലാഹു ഭൂമിയിലേക്കച്ചയത്. ദൈവദാസന്മാര്‍ക്ക് ഈ ദൗത്യമെത്തിക്കേ ബാധ്യത ഓരോരുത്തര്‍ക്കുമു്. കര്‍മംകൊണ്ടും വാക്കുകൊണ്ടും സത്യസാക്ഷ്യം സഹോദരന്മാരിലെത്തിക്കാനുള്ള ദൗത്യം നിറവേറ്റാനും ഇസ്‌ലാമിന്റെ യഥാര്‍ഥ അധ്യാപനം മറ്റുള്ളവരിലെത്തിക്കാനും മുസ്‌ലിം സമൂഹം തയാറാവണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
10. രാജ്യത്ത് ശാന്തിയും സമാധാനവും സ്ഥാപിതമാകാനും പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാനും മതപരമായ സഹിഷ്ണുതയും സഹകരണവും അനിവാര്യമാണ്. മതങ്ങള്‍ പരസ്പരം അറിയാനും അറിയിക്കാനുമാണ് ശ്രമിക്കേണ്ടത്. പരസ്പരബന്ധം ഊഷ്മളമാക്കാനും സാഹോദര്യവും സഹകരണവും വളര്‍ത്താനും എല്ലാ പണ്ഡിതന്മാരും ആത്മാര്‍ഥമായി മുന്നിട്ടിറങ്ങുമെന്ന് ഈ യോഗം പ്രത്യാശിക്കുന്നു.
11. മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ വംശനാശത്തിന് ഇരയായിക്കൊണ്ടിരിക്കുന്നു. അവിടെ ഭരണകൂടവും സായുധസേനയും നാട്ടുകാരും നിരായുധരായ ആബാലവൃദ്ധം ജനസമൂഹത്തെ നിഷ്ഠുരമായി ആട്ടിയോടിക്കുകയും ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്ന വാര്‍ത്തകളാണ് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. ഈ സമ്മേളനം മ്യാന്മര്‍ ഭരണകൂടത്തോട് സമാധാനം സ്ഥാപിക്കാന്‍ ശക്തമായി ആവശ്യപ്പെടുന്നു. അതോടൊപ്പം നമ്മുടെ ഗവണ്‍മെന്റ് സമ്മര്‍ദം ചെലുത്തി ഒരു ജനവിഭാഗത്തെ ഉന്മൂലനം ചെയ്യുന്ന പ്രവൃത്തിയില്‍നിന്ന് മ്യാന്മര്‍ ഗവണ്‍മെന്റിനെ തടയണമെന്നും റോഹിങ്ക്യന്‍ ജനതയെ അഭയാര്‍ഥികളായി സ്വീകരിക്കുകയും അവിടത്തെ സ്ഥിതി ശാന്തമാകുംവരെ തിരിച്ചയക്കാതിരിക്കുകയും ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നു.
12. കുറച്ചുകാലമായി നമ്മുടെ നാട്ടില്‍ മുസ്‌ലിംകളോട് വെറുപ്പും വിദ്വേഷവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നു. ഉദ്യോഗസ്ഥരും നിയമപാലകരും മീഡിയയും അതില്‍ പങ്കാളികളാകുന്നുണ്ട്. വ്യാജാരോപണങ്ങളുന്നയിച്ച് ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ അഗാധമായ ദുഃഖവും ആശങ്കയും രേഖപ്പെടുത്തുന്നതോടൊപ്പം, രാജ്യത്ത് വര്‍ഗീയതയും കലാപവും കനക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്താനും സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും രാഷ്ട്രീയ പാര്‍ട്ടികളോടും സാമൂഹിക സംഘടനകളോടും ജനാധിപത്യ-മതേതര സമൂഹങ്ങളോടും ഈ യോഗം ആവശ്യപ്പെടുന്നു.
13. ഇത്രയും പ്രയോജനപ്രദവും ലക്ഷ്യബോധവുമുള്ളതുമായ സമ്മേളനം സംഘടിപ്പിച്ചതില്‍ ജമാഅത്തെ ഇസ്‌ലാമിയെ ഈ സമ്മേളന പ്രതിനിധികള്‍ മുക്തകണ്ഠം അനുമോദിക്കുന്നു. വിവിധ ചിന്താധാരകളിലും സംഘടനകളിലുമുള്ള ഉലമാക്കളെ സംഘടിപ്പിച്ച് രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തിലും സമുദായത്തിന്റെ പരിഷ്‌കരണത്തിലും ഐക്യത്തിലും പങ്കാളികളാക്കാനുള്ള ഈ ശ്രമം വലിയൊരു ദൗത്യനിര്‍വഹണത്തിന്റെ ഭാഗമാണെന്ന് ഈ യോഗം വിലയിരുത്തുന്നു.
വിവ: അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍
Comments