Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

വയലാറിന്റെ ആയിശ

ഡോ. വി. ഹിക്മത്തുല്ല

മലയാള സാഹിത്യത്തിലെ മുസ്‌ലിംപേടിയും ദലിത്-ബഹുജന്‍ വിമര്‍ശന പദ്ധതിയും-3

വയലാറിന്റെ ആയിശ (1952) പുരുഷ ഇസ്‌ലാമിന്റെ ഇരയായ സ്ത്രീകളെയാണ് വരച്ചിടുന്നത്. എന്നാല്‍, 1951-ല്‍ രചിക്കപ്പെട്ട ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന ബഷീര്‍ നോവലില്‍ മറ്റൊരു ആയിശയെയാണ് നമുക്ക് കാണാനാകുന്നത്. ആധുനികമായ അറിവുനേടി ആത്മവിശ്വാസത്തോടെ ഇസ്‌ലാമികമായി തന്നെ ജീവിക്കുന്ന ആയിശയാണത്. ഇസ്‌ലാമിക പാരമ്പര്യത്തെ തിരസ്‌കരിക്കുന്ന ഒരാളായി ബഷീറിന്റെ ആയിശയെ വ്യാഖ്യാനിക്കാന്‍ സാധിക്കില്ല. കുഞ്ഞുപാത്തുമ്മയോട് ആയിശ പറയുന്നുണ്ട്; 'അതെന്തിനാ ഇത്രയധികം ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്നത്? അയല്‍പക്കക്കാര്‍ക്ക് കിടന്നുറങ്ങാന്‍ സാധിക്കുകയില്ലല്ലോ! മുസ്‌ലിം സ്ത്രീകള്‍ അടക്കവും ഒതുക്കവുമില്ലാതെ ഇങ്ങനെയാവുന്നത് നല്ലതാണോ?' ബ്ലൗസും സാരിയും ധരിച്ച്, ശരിയായ ഇസ്‌ലാമീങ്ങളാണ് ഞങ്ങളെന്ന് ആയിശ പ്രഖ്യാപിക്കുന്നുമുണ്ട്. ഇസ്‌ലാമിക മൂല്യങ്ങളെപ്പറ്റി ഇസ്‌ലാമിന്റെ ഭാഷയില്‍ തന്നെയാണ് ബഷീര്‍ ഈ കഥയില്‍ മുന്നോട്ടുപോകുന്നത്. തൊട്ടുടനെയാണ് (1952) വയലാര്‍ ക്രൂരരായ മുസ്‌ലിംകളെപ്പറ്റി ആയിശയില്‍ എഴുതുന്നത്. 

'വേദനവിങ്ങും സമൂഹത്തില്‍ നിന്നു ഞാന്‍ വേരോടെ മാന്തിപ്പറിച്ചതാണിക്കഥ' എന്ന മുഖവുരയോടെ ആരംഭിക്കുന്ന കവിതയില്‍ നിഷ്‌കളങ്കയായ ആയിശയെയും ക്രൂരനായ അവളുടെ പിതാവ് അദ്രമാനെയും വിരുദ്ധ ദ്വന്ദ്വത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് കവി വരച്ചുകാട്ടുന്നത്. 

ആയിഷ, നാടിന്‍ രോമാഞ്ചങ്ങള്‍തന്‍ നീലക്കാടി

ന്നായിടെ കയ്യില്‍ വന്ന മഞ്ഞത്തുമ്പിയെപ്പോലെ,

കൊച്ചുഗ്രാമത്തിന്‍ മുഗ്ദ്ധസങ്കല്പങ്ങളില്‍ പൂത്ത

പിച്ചകപ്പൂങ്കാവിന്റെ മടിയില്‍ വിഹരിച്ചു

മഞ്ഞപ്പുള്ളികളുള്ള നീലജായ്ക്കറ്റും, നീളെ

കുഞ്ഞുതൊങ്ങലു തുന്നിച്ചേര്‍ത്ത പാവാടച്ചുറ്റും,

കൈകളില്‍ പൊട്ടിപ്പൊട്ടിച്ചിരിക്കും വളകളും

കൈതപ്പു തിരുകിയ ചുരുളന്‍ മുടിക്കെട്ടും,

പുഞ്ചിരിയടരാത്ത മുഖവും, തേനൂറുന്ന

കൊഞ്ചലും, മറക്കുമോ, നിങ്ങളെ'ന്നയിഷ'യെ? 

വിദ്യാസമ്പന്നനും പരിഷ്‌കൃതനുമായ കവി ആയിശയുടെ ജീവിതത്തെ മുകളില്‍നിന്ന് നോക്കിക്കാണുകയാണ്. സവര്‍ണ പരിപ്രേക്ഷ്യത്തിലൂടെ സ്വാഭാവികമായി നടത്തുന്ന ഈ നോട്ടത്തില്‍ ക്രൂരനായ മാപ്പിള പുരുഷനില്‍നിന്ന് നിഷ്‌കളങ്കയായ മാപ്പിളപ്പെണ്ണിനെ രക്ഷിച്ചെടുക്കാനുള്ള ബാധ്യത കൂടി സവര്‍ണ കവിക്കുണ്ട്. അതിന് അദ്രമാന്‍ സര്‍വ വൈരൂപ്യങ്ങളുടെയും ക്രൗര്യങ്ങളുടെയും മാതൃകയാവേണ്ടതുണ്ട്. 

 

അച്ഛനുണ്ടവള്‍ക്കൊരാ, ളിറച്ചിക്കടക്കാരന്‍

'അദ്രമാന്‍'; അറുപതിലെത്തിയ പടുവൃദ്ധന്‍.

കാണുകി, ല്ലകലത്തെ പട്ടണത്തിലുമാരും

കാണുകി, ല്ലാ വൃദ്ധനെയറിയാത്തവരായി.

വളര്‍ന്ന വെള്ളിക്കൊമ്പന്‍മീശകള്‍ കവിളിന്മേല്‍

വകഞ്ഞി, ട്ടത്തിലൊക്കെ മുറുക്കാന്‍പതയുമായ്ക്ക്,

 

മുഖത്തു, മസൂരിക്കുത്തുഗ്രമാം വൈരൂപ്യത്തിന്‍

മുഴുപ്പെത്തിയതാണാ മാംസവില്പനക്കാരന്‍!

വക്കത്തു നിണം വാര്‍ന്നു തുളുമ്പും മാംസം കണ്ടി

ച്ചൊക്കയും കടയുടെ മുഖത്തു കെട്ടിത്തുക്കി,

വെട്ടുകത്തിയുമായി കണ്ണുകള്‍ ചുവപ്പിച്ചാ

ചട്ടുകാലനാം വൃദ്ധനിരിക്കും നഗരത്തില്‍.

 

അദ്രമാന്റെ ദുഃസ്ഥിതിക്ക് കാരണം അദ്രമാന്‍ തന്നെയാണ്. അല്ലെങ്കില്‍ ദയയേതുമില്ലാതെ മാംസം വെട്ടാനും അതു വില്‍പ്പന നടത്താനും അനുവദിക്കുന്ന അവന്റെ മതമാണ്. അദ്രമാന്റെ മുടന്തുപോലും അവന്റെ ഈ മോശം തൊഴിലും ക്രൗര്യവും കാരണം അവന് വന്നുചേര്‍ന്നതാണ്. 

പണ്ടൊരു പാണ്ടിപ്പോത്തു പാതിയും കണ്ടിച്ചിട്ട

പണ്ടവുമായിപ്പാഞ്ഞ മരണപ്പിടച്ചിലില്‍,

അദ്രമാന്‍ കൊലക്കത്തി പായിക്കേ, കാല്‍മുട്ടിന്മേ

ലാക്കൊമ്പന്‍ കരിമ്പോത്തു നല്‍കിയ മുടന്തുമായ്,

'രാത്രിയില്‍ നഗരത്തില്‍നിന്നയാള്‍ നിണം നാറും തോര്‍ത്തിന്റെ മടിക്കുത്തിലന്നത്തെപ്പിരിവുമായ് വീട്ടിലെത്തുമ്പോളെന്നും നൂറു കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാപ്പെണ്‍കുഞ്ഞിന്റെ ഹൃദയം നോവിപ്പിക്കും' എന്ന് കവി പറയുന്നു. കാരുണ്യം തൊട്ടുതീണ്ടാത്ത അദ്രമാനെ ചിത്രീകരിക്കുന്നതിനിടക്ക്, മനുഷ്യര്‍ ദരിദ്രരാകുന്ന സാമൂഹിക സാഹചര്യങ്ങളോ പ്രത്യക ജാതി സമുദായ വിഭാഗങ്ങള്‍ക്ക് സാംസ്‌കാരിക നിര്‍മാണത്തിലുള്ള പങ്കാളിത്തം തടയപ്പെടുന്ന അധീശ സാംസ്‌കാരികതയോ ഇതിനു പിന്നിലുള്ള രാഷ്ട്രീയ സംവിധാനത്തിലും വിഭവ വിതരണത്തിലുമുള്ള അസന്തുലിതത്വങ്ങളോ വിഷയമാകുന്നില്ല. എന്നാല്‍ ഉപരിവര്‍ഗത്തിന്റെ സ്വതവേയുള്ള സാംസ്‌കാരിക മൂലധനം അടിസ്ഥാനമാക്കി കവി ആയിശയോട് കരുണ കാട്ടാന്‍ അര്‍ഹനായിത്തീരുന്നു.

 ആയിശ വിതുമ്പുന്നത് തനിക്ക്  ഓര്‍ക്കാനേ വയ്യെന്നും ആ ഇളം കുരുന്നിന്റെ ചേതന ചിലമ്പുന്നത് സഹിക്കാനാവില്ലെന്നും വയലാര്‍ എഴുതുന്നത് അതുകൊണ്ടാണ്.

അദ്രമാന്‍ കൈചൂണ്ടിക്കൊണ്ടലറും: 'പെണ്ണേ. നിന്നെ

കത്തികൊണ്ടരിഞ്ഞു ഞാന്‍ കടയില്‍ കെട്ടിത്തൂക്കും.'

അയല്‍വീട്ടിലെ നങ്ങുവമ്മൂമ്മ പറഞ്ഞിട്ടു

ണ്ടവളോ ടദ്രമാന്റെ തല്ലുകൊണ്ടവര്‍ ചത്തു!

 

ഉറക്കെ, പാവത്തിനെ മൂപ്പരെപ്പോഴും തല്ലും

ഉറങ്ങുംവരെ നൂറു നാവിട്ടു തെറിപാടും

കണ്ണുതോരാതെന്നെ മരിച്ചു പാവം നിന്നെ 

കണ്ണുകള്‍ തുറന്നൊന്നു കാണുവാന്‍ കഴിയാതെ 

ദയാലുവായ പാവം ഉമ്മ പിതാവായ അദ്രമാന്റെ തല്ലേറ്റ് മരണപ്പെട്ടതാണെന്ന് ആയിശക്ക് അയല്‍വീട്ടിലെ നങ്ങുവമ്മ വഴി കവി പറഞ്ഞുകൊടുക്കുന്നു. ഇതോടുകൂടി അദ്രമാന്‍ കൊലപാതകി കൂടിയായി മാറി. മുസ്‌ലിം പെണ്ണിനെക്കുറിച്ചുള്ള പതിവുകള്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ കവി ആവര്‍ത്തിക്കുന്നത് കൗതുകകരമാണ്:

......ആയിശയുടെ നിക്കാഹിന്നലെ കഴിഞ്ഞവള്‍

പോയിക്കുകയാണ് നഗരത്തിലെ വീട്ടില്‍

ഞെട്ടി ഞാ-നെട്ടോ പത്തോ വയസ്സായൊരു കൊച്ചു-

കുട്ടിയെ വിവാഹത്തിന്‍ ചരടില്‍ കോര്‍ത്തു വൃദ്ധന്‍. 

'ക്രൂരമാം സമുദായക്കെട്ടുകളുടെകാരാഗാരത്തില്‍ കയ്യാളുകള്‍ നിയമംകുറിക്കുമ്പോള്‍ ആയിളം കിളിയെത്ര ചിറകടിച്ചാലും ആയിരുമ്പഴികളെ ത്തകര്‍ക്കാന്‍ കഴിയില്ല' എന്നുകൂടി കവി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

ആയിശയുടെ കഥ കേള്‍ക്കണോ നിങ്ങള്‍ക്കെന്റെ വായനക്കാരേ, ഞാനും നിങ്ങളും ഞെട്ടിപ്പോകും!

'നിക്കാഹും' കഴിഞ്ഞവള്‍ പട്ടണത്തിലെ വീട്ടില്‍ മുക്കാലും കരള്‍വെന്തമാതിരി ജീവിച്ചനാള്‍     വിടനാം ഭര്‍ത്താവിന്റെ മാംസദാഹത്തില്‍ കത്തിപ്പടരും വികാരങ്ങളവളെക്കശക്കവേ,

നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചതഞ്ഞു കൊന്തായ്ത്തീര്‍ന്നു ശാലീനലളിതമാസൗന്ദര്യസാക്ഷാല്‍ക്കാരം!

കുഞ്ഞുനാളിലെ നിര്‍ബന്ധിത വിവാഹം ചെയ്യപ്പെട്ട ആയിശയെ മറ്റൊരു നരാധമനായ കാമഭ്രാന്തന്‍ (രണ്ടാമത്തെ മുസ്‌ലിം പുരുഷന്‍) കശക്കിയെറിയുന്നതായി കവി സ്വയം ഞെട്ടി (വായനക്കാരനോട് ഞെട്ടാനാവശ്യപ്പെട്ട്) എഴുതുന്നു. മാത്രമല്ല സ്വാഭാവികമായും അവള്‍ അവന്റെ നാലാം ഭാര്യയാണ്. അതുകൊണ്ട് ആവശ്യം കഴിഞ്ഞ് മുസ്‌ലിം പുരുഷന്‍ പ്രതീക്ഷിച്ചപോലെ അവളെ വിവാഹമോചനം ചെയ്യുന്നുണ്ട്.

 

നിര്‍വികാരനായ്ത്തന്നെയാ വിടന്‍ അവളേയും

ഗര്‍വിന്റെ കൈചൂണ്ടിക്കൊണ്ടകലെപ്പുറം തള്ളീ

ആറോളം യുവതികള്‍ കേട്ടു ഞെട്ടിയ ശബ്ദ

മായിഷ കേട്ടു: 'നിന്നെ മൊഴിചൊല്ലി ഞാന്‍ പെണ്ണേ'

അടിയില്‍ കനംതൂങ്ങും വയറും താങ്ങിക്കൊണ്ടു

നടന്നു കൈയും, വീശിപ്പാവമാമപ്പെണ്‍കുട്ടി!

മുസ്‌ലിമിന്റെ മതബോധം അദ്രമാനില്‍ പ്രവര്‍ത്തിക്കുന്നത് വയലാര്‍ വരച്ചുകാട്ടുന്നു. ഈ സ്വയംകൃതാനര്‍ഥം അദ്രമാന്റെ ദുരിത ചക്രത്തിലേക്ക് മറ്റൊരു സംഭാവനയായി മാറുന്നു. 

അദ്രമാനൊരു കൊലക്കേസിന്നു ശിക്ഷിക്കപ്പെ

ട്ടെത്രയോ നാളായ്, സെന്‍ട്രല്‍ ജയിലില്‍ക്കിടക്കുന്നു!

പട്ടണത്തിലെ മാംസപ്പീടികകയ്ക്കകത്തയാള്‍

വെട്ടുകത്തിയുമായി വില്പനയ്ക്കിരുന്നപ്പോള്‍,

ഒരുനാളിറച്ചിക്കു ചെന്നൊരാള്‍ കളിയായി

വെറുതേ ചോദിച്ചുപോയ്: 'പന്നിയെ വില്‍ക്കാനുണ്ടോ?'

അദ്രമാനരിശംകൊണ്ടലറീ: 'പട്ടീ നിന്നെ

കത്തികൊണ്ടരിഞ്ഞു ഞാന്‍ കടയില്‍ കെട്ടിത്തൂക്കും.'

രക്തമാംസങ്ങള്‍ക്കുള്ളില്‍ ക്രൂരമാം മതത്തിന്റെ

ചിത്തരോഗാണുക്കളുമായവര്‍ തമ്മില്‍ത്തല്ലീ

അദ്രമാ, നെതിര്‍നിന്ന 'ഹിന്ദു'വിന്‍ മാറില്‍ക്കൊല

ക്കത്തിപായിച്ചുംകൊണ്ടൊനലറീ'കള്ളക്കാഫര്‍.' 

ഇവിടെ മുസ്‌ലിം, ഹിന്ദു എന്നിങ്ങനെ നിര്‍മിക്കപ്പെടുന്ന ദ്വന്ദ്വം യഥാര്‍ഥത്തിലുള്ള സാമൂഹിക വിവേചനങ്ങളെ മറച്ചുപിടിക്കാനുള്ള സവര്‍ണപുരുഷന്റെ ഉപാധിയായി മാറുന്നു. പശു, പന്നി, കാഫര്‍ തുടങ്ങിയ പദാവലികള്‍ ഇവയെ സഹായിക്കുന്നു. പന്നിയുണ്ടോ എന്ന കളിവാക്ക് പോലും സഹിക്കാനാവാത്തവിധം ബീഫ് വില്‍ക്കുന്നവനില്‍ മതത്തിന്റെ ചിത്ത രോഗാണു നിലനില്‍ക്കുന്നുണ്ടെന്ന് വയലാര്‍ അന്നുതന്നെ കണ്ടെത്തുന്നുണ്ട്. ഇത്തരം വ്യവഹാരങ്ങള്‍ നമ്മുടെ സാംസ്‌കാരിക ബോധത്തെ എവിടെയാണെത്തിച്ചതെന്ന് സമകാലിക രാഷ്ട്രീയാവസ്ഥയില്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. നമ്മുടെ ഇടത് ലിബറല്‍ സാംസ്‌കാരിക ബോധം പ്രത്യക്ഷത്തില്‍ പുരോഗമനപരമായിരിക്കുമ്പോള്‍ തന്നെ ഗൂഢമായി സവര്‍ണത ഉള്‍വഹിക്കുന്നതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ്, അത് നവീകരിക്കാനുള്ള യത്‌നങ്ങളിലേര്‍പ്പെടുകയാണ് പുതിയ കാലത്ത് ഇടത് സംസ്‌കാരിക ചിന്തകര്‍ ചെയ്യേണ്ടത്. ഇത്തരം ചില തിരിച്ചറിവുകള്‍ പുതിയ കാലത്ത് രൂപപ്പെട്ടിട്ടുണ്ടെന്നത് ആശാവഹമാണ്. 

 

ബഷീറിലെ പ്രതിബോധം 

ആശാന്റെ ദുരവസ്ഥ(1922)യിലെ മുസ്‌ലിംകള്‍ 'ശുദ്ധിയില്ലാത്ത മലയാള ഭാഷയില്‍ ക്രുദ്ധിച്ച് അസഭ്യങ്ങള്‍ ചൊല്ലിച്ചൊല്ലി' നടക്കുന്നവരാണ്. എന്നാല്‍ ബഷീര്‍ ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്ന് നോവലിന് പേരിട്ട് 'അസഭ്യം' തന്നെ ചൊല്ലി പ്രതികരിച്ചു.  കള്ളസാച്ചി പറയാങ്കയ്യേല, ന്റെ കരളില് ബേദന, കള്ള ബുദ്ദൂസ് എന്നൊക്കെയാണ് ആ നോവലിലെ അധ്യായ നാമങ്ങള്‍. ഞാനെങ്ങനെ എഴുത്തുകാരനായി എന്ന ലേഖനത്തില്‍ ബഷീര്‍ എഴുതുന്നു: 'അക്കാലത്ത് എന്റെ ഹിന്ദു സുഹൃത്തുക്കള്‍ വൈക്കം ശിവക്ഷേത്രത്തില്‍ അഷ്ടമി ഉത്സവത്തിന് വരുന്ന പുസ്തക കച്ചവടക്കാരില്‍നിന്ന് മലയാള നോവല്‍ എടുത്ത് പകല്‍ നാലുമണിക്ക് എനിക്ക് തരും. മുഷിയാതെ കഴിയുന്നത്ര വേഗം തിരിച്ചുകൊടുക്കണം. പിന്നീട് വീട്ടിലേക്ക് ഒരു ഓട്ടമാണ്. വീട്ടില്‍ ചെന്ന് നോവല്‍ വായിക്കും. ഇങ്ങനെ വായിച്ച മലയാള നോവലുകളില്‍നിന്ന് ഒരു സത്യം മനസ്സിലായി. ഞാന്‍ അന്നു കണ്ട ക്രൂരസത്യം എന്താണെന്നല്ലേ? മുസ്‌ലിം സമുദായം കള്ളന്മാരുടെയും കൊലപാതകികളുടെയും നീചന്മാരുടെയും സമൂഹമാണ്. അക്കാലത്ത് അന്തരാത്മാവില്‍ ഒരു ചിന്ത ഉദിച്ചു. മുസ്‌ലിം സമുദായത്തില്‍ എന്തുകൊണ്ട് ആരും എഴുത്തുകാരായില്ല.' കഥകളില്‍ പറയുന്നതുപോലുള്ള മുസ്‌ലിംകള്‍ തന്റെ ചുറ്റുപാടൊന്നുമില്ലെന്നും ഇങ്ങനെയുള്ള ചിത്രീകരണങ്ങള്‍ക്കെതിരെ കഥയിലൂടെ തന്നെ പ്രതിരോധിക്കണമെന്നും തോന്നിയിട്ടാണ് താനെഴുത്തുകാരനായതെന്നും ബഷീര്‍ ഓര്‍ക്കുന്നുണ്ട്. ഇന്ദുലേഖയും ദുരവസ്ഥയുമെല്ലാം മികച്ച ഉദാഹരണങ്ങളാണല്ലോ. ഇസ്‌ലാം തേളും പാമ്പും നിറഞ്ഞ ജലാശയമാണെന്ന് തറവാട്ടില്‍ വെച്ച് താന്‍ കേട്ടുവളര്‍ന്നുവെന്നും എന്നാല്‍ ആ ജലാശയത്തില്‍ ശാന്തിയുടെ പച്ചപ്പ് താന്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നും 'ജലാശയം' എന്ന കവിതയില്‍ കമലാ സുറയ്യ എഴുതുന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്.15 

മുസ്‌ലിമാണെന്ന ബോധത്തോടെത്തന്നെയാണ് ബഷീറെഴുതിയത് എന്നതിന് അദ്ദേഹത്തിന്റെ പല പരാമര്‍ശങ്ങളും സാക്ഷിയാണ്. എന്നാല്‍, അതൊരിക്കലും മറ്റു മതസ്ഥരെ അവമതിക്കുന്ന തരത്തിലായിരുന്നില്ല. സവര്‍ണ പൊതുമണ്ഡലവും അതിനെ പിന്തുടരുന്ന 'ലിബറലു'കളും ഇസ്‌ലാമിനെ ശത്രുപക്ഷത്തു നിര്‍ത്തി കഥകളെഴുതിയപ്പോള്‍ ആരെയും ശത്രുപക്ഷത്ത് നിര്‍ത്താതെ ബഷീര്‍ ജീവിതത്തിന്റെ സങ്കീര്‍ണതകളെപ്പറ്റി എഴുതി. മാനവികത, സഹിഷ്ണുത എന്നിവ മതത്തിനുള്ളില്‍തന്നെയാണെന്ന് പ്രഖ്യാപിച്ചു. ഓര്‍മയുടെ അറകളില്‍ അത് വിശദമാക്കുന്നുണ്ട്. കിട്ടന്‍ എന്ന പാവപ്പെട്ട ചുമട്ടുകാരന്‍ താമസിച്ചിരുന്നത് ഉമ്മാക്ക് വീതംകിട്ടിയ ഒരു തുണ്ട് ഭൂമിയിലായിരുന്നു. അതിന്റെ മൂലയിലുണ്ടായ കാഞ്ഞിരമരത്തിന് കരിങ്കല്ലില്‍ കൊത്തിയ ഒരു സര്‍പ്പത്തെ കിട്ടന്‍ പൂജ നടത്തി ആരാധിച്ചിരുന്നു. ഒരു കച്ചവടക്കാരന്‍ വന്ന് കാഞ്ഞിരമരത്തിന് വലിയ വില പറയുമ്പോള്‍ വാപ്പ പറഞ്ഞു: 'അതവിടെ നിന്നോട്ടെ. അവിടെ പൂജ നടക്കുന്നുണ്ട്.' 'നിങ്ങള്‍ക്ക് പൂജയില്‍ വിശ്വാസമുണ്ടോ?' എന്ന് കച്ചവടക്കാരന്‍ ചോദിക്കുമ്പോള്‍ വാപ്പ മറുപടി പറയുന്നു: 'ഇല്ല, പക്ഷേ, മറ്റുമതക്കാരുടെ വിശ്വാസത്തെ മാനിക്കാന്‍ വിധിയുണ്ട്.' 

മുസ്‌ലിംവിരുദ്ധ പൊതുഭാവനയെ സംഘര്‍ഷപ്പെടുത്തുമാറ് മുഖ്യധാരയായി നിന്നുകൊണ്ടാണ് ബഷീര്‍ എഴുതിയത്.  ബഷീറിനെ മുസ്‌ലിം എഴുത്തുകാരന്‍ എന്ന കള്ളിയിലെടുത്തുവെക്കാനല്ല ഇവിടെ ശ്രമിക്കുന്നത്. വിവിധ മതസങ്കല്‍പ്പങ്ങളുടെയും മതരാഹിത്യത്തിന്റെയും പരമ്പരാഗത ചട്ടക്കൂടുകളെ മുറിച്ചുകടക്കുന്ന മനുഷ്യസാഹോദര്യത്തെ മതത്തില്‍നിന്നും കണ്ടെടുക്കാനായിരുന്നു ബഷീര്‍ ശ്രമിച്ചത്. മനുഷ്യനെക്കുറിച്ചുള്ള ഏകശിലാ ഭാവനകളെ മുഴുവന്‍ പൊളിച്ചുകളഞ്ഞ്, ഒരു സ്രഷ്ടാവിന്റെ അടിമകളായ ബഹുവിധത്തിലുള്ള മനുഷ്യരെയും പ്രകൃതിയെയും അദ്ദേഹം സങ്കല്‍പ്പിക്കുകയും ചെയ്തു.

 

ദേശീയാധുനികതയുടെ അപരന്‍

വ്യത്യസ്ത സാമൂഹിക സ്ഥാനങ്ങളില്‍നിന്നാണെങ്കിലും ആധുനിക കവിത്രയത്തില്‍ ആശാനും വള്ളത്തോളും അക്രമിയായ മുസ്‌ലിമിനെ തകര്‍ത്തുകൊണ്ട് സാധിക്കുന്ന ഹിന്ദു ഐക്യം ഭാവന ചെയ്യുന്നുണ്ട്. ബങ്കിം ചന്ദ്രന്റെ ആനന്ദമഠത്തിലും മുസ്‌ലിംകള്‍ക്കെതിരെ പടനയിച്ചുകൊണ്ട് വിജയം വരിക്കുന്ന സവര്‍ണ ഹിന്ദു ദേശീയതയാണല്ലോ വിഭാവനം ചെയ്യുന്നത്. നായര്‍ സ്ത്രീയും മുഹമ്മദീയനും എന്ന കൃതിയില്‍ അതിങ്ങനെയാണ് അവതരിപ്പിക്കുന്നത്: തന്നെ ബലാല്‍ക്കാരം നടത്താന്‍ വരുന്ന മുഹമ്മദീയനെ നായര്‍ സ്ത്രീ കുത്തിവീഴ്ത്തുന്നത് വള്ളത്തോള്‍ വിവരിക്കുന്നു: 

ഹള്ളാ എന്നുമലച്ചുമാപ്പിള നില-

ത്ത, ക്കാലപാശത്തെയും 

തള്ളാന്‍ പോന്ന കരാളനെങ്ങു? കമല-

തണ്ടൊത്ത കയ്യെങ്ങ ഹോ?

ഉള്ളാ നായര്‍ വധൂമണിക്കെരികയാല്‍-

പേര്‍ കേട്ട തല്‍ പൂര്‍വകര്‍

കുള്ളാ ക്ഷത്രിയമൊട്ടിടയുണര്‍-

ന്നുള്‍പ്പാഞ്ഞിരിക്കാമതില്‍

മാപ്പിളയുടെ ക്രൂരകൃത്യങ്ങള്‍ക്കെതിരെ നായരുടെ ക്ഷത്രിയ വീര്യം ഉണരട്ടെ എന്നാണ് വള്ളത്തോളിന്റെ ആഹ്വാനം. ദുരവസ്ഥയിലൂടെ(1922) ആശാന്റെ ആഹ്വാനവും സമാനമാണ്. 'ആ പൂര്‍വികന്മാരുടെ ചോര, നായന്മാരേ നിങ്ങളില്‍ തെല്ലുമില്ലേ?' എന്ന് 'തോണിയാത്ര' എന്ന കവിതയില്‍ ജാതീയതക്കെതിരെ 'നായര്‍ ദേശീയപൗരനെ' വള്ളത്തോള്‍ ഓര്‍മപ്പെടുത്തുന്നതു കാണാം.   ശൂദ്രനായ നായര്‍ ക്ഷത്രിയനായി പരിണമിക്കുന്ന പഴയ സാമൂഹിക ഭാവനയില്‍നിന്നും ആധുനിക പൗരത്വത്തിന്റെ ക്ഷത്രിയത്വം ദേശീയവാദപരമായി ഉറപ്പിക്കുന്നതിന്റെ സൂചനയായുമെല്ലാം ഈ പരാമര്‍ശങ്ങളെ മനസ്സിലാക്കാവുന്നതാണ്. എങ്ങനെയാണ് മുഖ്യധാരാ മലയാള സാഹിത്യം എല്ലായ്‌പ്പോഴും ഒരു ആധുനിക ആദര്‍ശനായകനെ ഉണ്ടാക്കാന്‍ മുസ്‌ലിം പുരുഷനെ അപരനാക്കുന്നത് എന്നതിനെക്കുറിച്ച് അന്‍സാരി വിശദീകരിച്ചിട്ടുണ്ട്.16 മലയാള സാഹിത്യം അതിന്റെ ആധുനികതയെ ആഖ്യാനം ചെയ്തത് മിക്കവാറും മുസ്‌ലിമിനെ അപരവല്‍ക്കരിക്കുക എന്ന പ്രക്രിയയിലൂടെയാണ് എന്നര്‍ഥം.

മുസ്‌ലിംകള്‍ അമിതമായ ലൈംഗികാസക്തിയുള്ളവരാണെന്നും സവര്‍ണ സ്ത്രീകളെ അത് കീഴ്‌പ്പെടുത്തുമെന്നുമുള്ള ഭയം, പഴയ പുലപ്പേടി, മണ്ണാപ്പേടി എന്നീ ആചാരങ്ങള്‍ മുതല്‍ പുതിയ ലൗ ജിഹാദ് വരെയുള്ള ആശയങ്ങളായി കേരളത്തില്‍ പടര്‍ന്നുകിടക്കുന്നത് പല എഴുത്തുകാരും സൂചിപ്പിച്ചിട്ടുണ്ട്. ജി.പി. രാമചന്ദ്രന്റെ 'മുസ്‌ലിം ഭീതിയും ലൗ ജിഹാദും: വള്ളത്തോള്‍ മുതല്‍ വെള്ളാപ്പള്ളി വരെ' എന്ന ലേഖനം ഇവിടെ ഓര്‍ക്കുന്നു.17 വള്ളത്തോളിന്റെ 'ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി' എന്ന കവിതയിലും ബലാല്‍ക്കാരം ചെയ്യുന്ന മാപ്പിളയെയും ഭാവശുദ്ധിയുള്ള ഭാരതസ്ത്രീയെയും ചിത്രീകരിക്കുന്നുണ്ട്. തെറ്റു ചെയ്തവരാണ് മാപ്പിളമാരെന്നും അതിന് മാപ്പുനല്‍കുകയാണ് ഭാരത സ്ത്രീ ചെയ്യേണ്ടത് എന്നും കവി ഓര്‍മിപ്പിക്കുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തിമാരില്‍ ഈ ദുഷ്ടമാപ്പിളയുണ്ടെന്ന് വള്ളത്തോള്‍ പ്രഖ്യാപിക്കുന്നത് കാട്ടെലിയുടെ കത്ത് എന്ന കവിതയിലുമുണ്ട്. ഔറംഗസീബ് ചക്രവര്‍ത്തിയെ അതിനിശിതമായ ഭാഷയിലാണ് കവിത പരിചയപ്പെടുത്തുന്നത്: 

മൊട്ടപ്പാഴ്ത്തലയല്ല വേണ്ടൂ-

ഭാരതക്ഷോണീ കിരികിടം ചൂടുവാന്‍ 

എന്ന് ആ കവിത സ്ഥാപിക്കുകയും ചെയ്യുന്നു. ഖസാകിന്റെ ഇതിഹാസത്തില്‍(1969) ഞാറ്റുപുരയുടെ ഉടമസ്തനായ ശിവരാമന്‍ നായര്‍ ഈ കവിത ഇടക്കിടെ ഉദ്ധരിക്കുന്നത് ഇവിടെ ഓര്‍ക്കാവുന്നതാണ്. ഒ.വി വിജയന്‍ ഹൈന്ദവ ദേശീയതയുടെ വിമര്‍ശനമെന്ന നിലക്കാണ് ഖസാക്കില്‍ ഈ സന്ദര്‍ഭത്തെ ഉള്‍ച്ചേര്‍ക്കുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്.  സുനില്‍ പി.ഇളയിടം ഇത് വിശകലനം ചെയ്ത് എഴുതുന്നു: 'ഖസാഖില്‍ ഇസ്‌ലാമിനോട് മതപരമായ വിദ്വേഷവും ശത്രുതയും വെച്ചുപുലര്‍ത്തുന്ന ഒരേയൊരാള്‍ ശിവരാമന്‍ നായര്‍ എന്ന കഥാപാത്രമാണ്. ശൈഖിന്റെ പ്രേതത്തെ ഖസാക്കിലെ റാവുത്തന്മാരും ഈഴവരും ഒരുപോലെ ഉപാസിക്കുമ്പോള്‍ ശിവരാമന്‍ നായര്‍ക്ക് അത് ബൗദ്ധന്റെ പ്രേതമാണ്. മ്ലേഛപ്പെട്ട ആത്മാവ് എന്ന് അയാള്‍ അതിനെ വിവരിക്കുന്നു. മുതുകൊളുത്തി അമ്മയുെട കാവിലെ കതിന പൊട്ടിയാല്‍ അവസാനിക്കുന്ന വീര്യമേ ശൈഖിന്റെ പ്രേതത്തിനുള്ളൂ എന്ന് ശിവരാമന്‍ നായര്‍ ഉറപ്പിക്കുന്നു. തന്റെ മകള്‍ പഠിപ്പിച്ചുതന്നതായി പറയുന്ന ഒരു ശ്ലോകം അയാള്‍ അഭിമാനപൂര്‍വം രവിയെ ചൊല്ലിക്കേള്‍പ്പിക്കുന്നുണ്ട് (വള്ളത്തോളിന്റെ മേല്‍ ശ്ലോകം). ഇസ്‌ലാമിനെയും മുസ്‌ലിമിനെയും അപരവല്‍ക്കരിക്കുന്ന ദേശീയാധുനികതയുടെ മതാത്മക യുക്തിയാണ് ശിവരാമന്‍ നായരുടെ വീക്ഷണഗതിയെ നിയന്ത്രിക്കുന്നത്. ഏകാധ്യാപക വിദ്യാലയം നടത്തുന്നതിനായി ശിവരാമന്‍ നായര്‍ നല്‍കുന്ന ഞാറ്റുപുരയില്‍ തൂങ്ങിക്കിടക്കുന്ന വര്‍ണ പടങ്ങള്‍ ഗാന്ധിജി, ഹിറ്റ്‌ലര്‍, ഹനുമല്‍ പാദര്‍ എന്നിങ്ങനെയായിരിക്കുന്നതും യാദൃഛികമല്ല. ഖസാക്കിലെ ബഹുസ്വരതയുടെ അടയാളമല്ല ഈ ചിത്ര സങ്കരം... (റാവുത്തര്‍ കുട്ടികളുടെ കൂടെ തലമൊട്ടയടിച്ച് അപ്പുക്കിളി നേര്‍ച്ചയില്‍ പങ്കെടുത്തു).  മതംമാറിയ അപ്പുക്കിളിയെ കണ്ട് ശിവരാമന്‍ നായര്‍ ക്ഷോഭിച്ച് രവിയോട് പറയുന്ന വാക്കുകള്‍; 'മേഷേ, ഇത് നന്നായിലാ. ഇന്തു (ഹിന്ദു) സംസ്‌കാരമെന്നൊന്നുണ്ട്. അത്ങ്ങനെ ചെരച്ചാപോണതല്ല.' തീര്‍ത്തും ആധുനികമായ ഒരു മത സ്വത്വത്തിന്റെ പ്രകാശനമാണിത്. ദേശീയാധുനികത രാഷ്ട്ര പൗരത്വത്തിന്റെ അടയാളമായി മതത്തെ ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതു മുതലാണ് ഹിന്ദുമതം ഇന്ത്യന്‍ ജീവിതത്തില്‍ ഒരു അടിസ്ഥാന യാഥാര്‍ഥ്യമാകുന്നത്. അതുവരെയും ജാതിയായിരുന്നു ഇന്ത്യന്‍ യാഥാര്‍ഥ്യം. ഇതിനെ മറികടക്കുകയെന്ന രാഷ്ട്ര പൗരത്വത്തിന്റെ താല്‍പര്യംകൂടി ഉള്‍പ്പെട്ട സങ്കല്‍പ്പാണ് ഹിന്ദു സംസ്‌കാരം.'18

 

ഭയത്തിന്റെ സമകാലിക ഭാവനകള്‍

2013-ല്‍ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ 'മരണവേട്ട' (മാര്‍ച്ച് 24) എന്ന കഥയും സുഷ്‌മേത്ത് ചന്ദ്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടും മുമ്പ്' (ഫെബ്രുവരി 17) എന്ന കഥയും മുസ്‌ലിം പുരുഷനോടുള്ള നായര്‍ ഭയങ്ങളെ പുതിയ രീതിയില്‍ പുനരുല്‍പാദിപ്പിക്കുന്നുണ്ട്. ഒരു സജീവ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ പെങ്ങളെ തട്ടിക്കൊണ്ടുപോയി അവളില്‍ എയിഡ്‌സ് പകര്‍ത്തി ചതിക്കുന്ന ബഷീറാണ് 'മരണവേട്ട'യിലെ നായകന്‍. പ്രണയനാട്യത്തോടൊപ്പം മതേതരനാട്യവും ബഷീറിനുണ്ടായിരുന്നു. അവര്‍ക്ക് പിറന്ന കുഞ്ഞാകട്ടെ ബഷീറിന്റെ പാരമ്പര്യം ശരീരത്തിലും ഹിന്ദു അമ്മാവന്മാരുടെ വര്‍ഗീയ രാഷ്ട്രീയം മനസ്സിലും പേറുന്നു. സ്ത്രീ ലമ്പടനായ ബഷീര്‍ പെണ്‍ശരീരവും അധികാരവും മോഹിക്കുന്നുവെങ്കിലും മാരക രോഗിയായതിനാല്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കഥാന്ത്യത്തില്‍ ഇതെല്ലാം തിരിച്ചറിയുന്ന സുമംഗല ബജ്‌റംഗലില്‍ സ്വയം സമര്‍പ്പിക്കുകയും മകനെ അവരുടെ ശാഖയില്‍ പറഞ്ഞയക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 'എന്റെ മകള്‍ ഒളിച്ചോടുംമുമ്പ്' എന്ന കഥയില്‍ എല്‍മ എന്ന പെണ്‍കുട്ടിയെ പ്രണയിക്കുന്ന നൗഫല്‍ അവളുടെ പിതാവിനെയും മാതാവിനെയും സംരക്ഷിക്കാന്‍ കഴിയില്ലെന്നും ആണയിടുന്നു. എങ്കിലും എല്‍മ അവന്റെ കൂടെ ഒളിച്ചോടുകയാണ്. സാഹിത്യരചനയുടെ രൂപവും ഭാവവും വ്യത്യാസപ്പെട്ടാലും ഉത്തരാധുനികമായ വിചിന്തനങ്ങള്‍ ഉടലെടുത്താലും മാപ്പിള ദുഷ്ടന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നതായി ഡോ. ജമീല്‍ അഹ്മദ് 'ഒരു റെഡ്യാര്‍ യുവതിയും മുഹമ്മദീയനും (1915-2013) സവര്‍ണ വംശീയ മലയാളത്തിന്റെ നൂറ്റാണ്ട്' എന്ന ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 

സന്തോഷ് ഏച്ചിക്കാനത്തിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബിരിയാണി എന്ന കഥ (2016) കാസര്‍കോട്ടുള്ള സമ്പന്നരായ മുസ്‌ലിംകള്‍ കല്യാണാവസരങ്ങളില്‍ കാണിക്കുന്ന ധൂര്‍ത്തിനെ വിഷയമാക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എഴുത്തുകാരന്‍ നമ്മുടെ മുന്നിലെത്തിക്കുന്നത് യാഥാര്‍ഥ്യമായതിനാല്‍ അതിന് ആധികാരികതയുണ്ട് എന്ന വാദമുണ്ട്. പക്ഷേ, തന്റെ കഥയുടെ രസച്ചരട് നിലനിര്‍ത്താന്‍ ആവശ്യമായ യാഥാര്‍ഥ്യം മാത്രമേ സാഹിത്യകാരന്‍ ഉപയോഗിക്കുന്നുള്ളൂ. സാഹിത്യകാരന്‍ നടത്തുന്ന ചില തെരഞ്ഞെടുപ്പുകളിലൂടെയാണ് 'ഈ യാഥാര്‍ഥ്യം' വായനക്കാരനു മുന്നിലെത്തുന്നത്. വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറ്റവും ഇരയാക്കപ്പെടുന്നത് മുസ്‌ലിംകളാണ് എന്നത് യാഥാര്‍ഥ്യമാണ്. മുസ്‌ലിംകളുടെ രാഷ്ട്രീയ- സാംസ്‌കാരിക അസ്തിത്വത്തെ പിശാചുവല്‍ക്കരിക്കുന്ന വാര്‍പ്പുമാതൃകാ ആഖ്യാനം തന്നെയാണ് ഈ കഥയും പിന്തുടരുന്നത്. മുസ്‌ലിം വീക്ഷണങ്ങളില്‍നിന്ന് 'ബിരിയാണി' എന്ന കഥക്ക് സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെട്ട എഴുത്തുകാരില്‍നിന്നും  വിമര്‍ശനം ഉയര്‍ന്നപ്പോള്‍ അതിനെപ്പോലും ഭീകരപ്രവര്‍ത്തനം എന്നാണ് എഴുത്തുകാരന്‍ വിശേഷിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 

മലയാള സാഹിത്യത്തില്‍ ഇസ്‌ലാം വിരുദ്ധതയുണ്ട് എന്നതും അവ നമ്മുടെ സാംസ്‌കാരിക മുന്‍വിധിയായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു എന്നതും അനവധി തവണ വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. മികച്ച ഗദ്യം പഠിപ്പിക്കുന്നതിനു വേണ്ടി എ.ആര്‍ രാജരാജവര്‍മയും ജാതി വിവേചനത്തിനെതിരെ ആശാനും തന്റെ ബാല്യത്തിലെ ഭീരുത്വത്തെ കാണിക്കാന്‍ ചങ്ങമ്പുഴയും നിസ്സഹായയായ ഒരു പെണ്‍നിലയെ ചിത്രീകരിക്കാന്‍ വയലാറും ദാരിദ്ര്യത്തിന്റെ നിസ്സഹായാവസ്ഥയെ കാണിക്കാന്‍ സന്തോഷ് ഏച്ചിക്കാനവും എഴുതിയ ആഖ്യാനങ്ങളില്‍ സ്വാഭാവികമായും എതിര്‍സ്ഥാനത്ത് കടന്നുവരുന്ന മുസ്‌ലിമിനെപ്പറ്റിയാണ് ഇവിടെ സംസാരിച്ചത്. സാഹിത്യത്തില്‍ മുസ്‌ലിം വിരുദ്ധതയുണ്ട് എന്ന് കൂടെക്കൂടെ പറഞ്ഞതുകൊണ്ടോ എഴുത്തുകാര്‍ മുസ്‌ലിം വിരുദ്ധരാണെന്ന് സ്ഥാപിച്ചതുകൊണ്ടോ ഗുണപരമായ ഒരു സാഹിത്യ വിമര്‍ശന സംസ്‌കാരം അരിക് സമൂഹങ്ങള്‍ക്ക് കൈവരികയില്ല. മറിച്ച്, സാഹിത്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഏതുവിധമാണ് ഇങ്ങനെയായിത്തീര്‍ന്നതെന്നും അത് ജനാധിപത്യപരമായി എങ്ങനെ പരിഹരിക്കാമെന്നുമുള്ള ആലോചനകള്‍ തന്നെയാണ് പ്രസക്തമായിട്ടുള്ളത്. നിഷ്‌കളങ്കമായി കടന്നുവരുന്ന ഈ മുസ്‌ലിംവിരുദ്ധതയെ പുറത്തെടുത്ത് വിശകലനാത്മകമായി മനസ്സിലാക്കിക്കൊടുക്കുകയാണ് പുതിയ സാഹിത്യ വിമര്‍ശനത്തിന് ചെയ്യാനുള്ളത്. 

(അവസാനിച്ചു)

 

കുറിപ്പുകള്‍:

15. കമലാ സുറയ്യ, യാ അല്ലാഹ്, ഐ.പി.എച്ച് കോഴിക്കോട് 2011

16. (മുമ്പ് സൂചിപ്പിച്ച നാലുകെട്ടിനെ പറ്റിയുള്ള അതേ ലേഖനത്തില്‍) 

17. (പുറം: 75-84, അപരവല്‍ക്കരണത്തിന്റെ മതവും ജാതിയും. എഡി. സമദ് കുന്നക്കാവ്, പ്രതീക്ഷാ ബുക്‌സ്, 2010). 

18. (പുറം: 86,87, സുനില്‍ പി. ഇളയിടം 'ഇദം പ്രവര്‍ത്തയതേ ചക്രം - ഖസാക്കിന്റെ രാഷ്ട്രീയ അബോധം'- ഒ.വി വിജയന്‍: വായന, പുനര്‍വായന എഡി. വിജയന്‍ കോടഞ്ചേരി, ഗ്രീന്‍ ബുക്‌സ്, തൃശൂര്‍, 2016).

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍