Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

കൗമാര പ്രായക്കാര്‍ക്ക് മാതാപിതാക്കളോട് പറയാനുള്ളത്

ഡോ. ജാസിമുല്‍ മുത്വവ്വ

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ കുടുംബങ്ങള്‍ക്കായി ഒരു ചോദ്യമിട്ടു: ''നിങ്ങള്‍ കൗമാരപ്രായക്കാരായ നിങ്ങളുടെ മക്കളോട് ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ഉപദേശം നല്‍കേണ്ടിവന്നാല്‍ എന്ത് ഉപദേശമാവും നല്‍കുക?'' അനേകം ഉപദേശങ്ങള്‍ എനിക്ക് അയച്ചുകിട്ടി. ഞാന്‍ അവയില്‍നിന്ന് മുപ്പത് ഉപദേശങ്ങള്‍ തെരഞ്ഞെടുത്തു; മൂന്ന് പത്തുകളായി അവ വകതിരിച്ചു. നമ്മുടെ മക്കളുടെ ഉള്ളില്‍ ഉള്ളത് അറിയാന്‍ ഉപകരിക്കുമെന്നോര്‍ത്ത് ഞാന്‍ അവ ഇവിടെ അവതരിപ്പിക്കുകയാണ്.

ആദ്യത്തെ പത്ത്: ഉമ്മ അവരുടെ പഠനം പൂര്‍ത്തിയാക്കണം. ജനങ്ങളുടെ മുന്നില്‍ നിങ്ങള്‍ മാതൃകാ രക്ഷിതാക്കളായി വേഷം കെട്ടരുത്. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് വല്ലാതെ വില കല്‍പിച്ച് ചിന്താധീനരാവരുത്, എന്റെ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എനിക്ക് തരണം, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവര്‍ ഇടപെടരുത്. അവര്‍ ഞങ്ങളെ സശ്രദ്ധം കേള്‍ക്കണം; എന്നുവെച്ച് ഞങ്ങളുടെ എല്ലാ അഭിപ്രായങ്ങളോടും യോജിച്ചുകൊള്ളണമെന്നില്ല, സശ്രദ്ധം ശ്രവിക്കുന്നതു തന്നെ ഞങ്ങളെ അംഗീകരിക്കുന്നതിന്റെ അടയാളമാണല്ലോ. എന്നെ എന്റെ പാട്ടിന് വിട്ടേക്കണം, ക്ഷിപ്രകോപം വേണ്ട, ആക്രോശവും അട്ടഹാസവും ഒഴിവാക്കണം, അടിക്കാന്‍ പാടില്ല, എന്റെ ഒരു ഉപദേശവും ചെവിക്കൊള്ളാത്ത മാതാപിതാക്കളെക്കുറിച്ച് ആശയറ്റവനാണ് ഞാന്‍, ദയവു ചെയ്ത് പിതാവ് ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് വലിച്ചുകൊണ്ടുവരരുത്, അത് വീട്ടിലെ സമാധാനം ഇല്ലാതാക്കും. മാതാപിതാക്കളില്‍നിന്ന് വാത്സല്യം സ്ഫുരിക്കുന്ന വാക്കോ സ്പര്‍ശനമോ കൊതിക്കുന്നവളാണ് ഞാന്‍. എന്റെ പ്രശ്‌നങ്ങള്‍ തനിച്ച് പരിഹരിക്കാന്‍ മാതാപിതാക്കള്‍ എനിക്ക് ഒരവസരം തരണം, അവര്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കേണ്ട.

രണ്ടാമത്തെ പത്ത്: ഞാന്‍ കൊച്ചു കുഞ്ഞല്ല, മുതിര്‍ന്നിരിക്കുന്നു എന്ന് മനസ്സിലാക്കി എന്നെ അംഗീകരിക്കുകയും ആ നിലക്ക് ഇടപെടുകയും വേണം. എന്നെ പ്രോത്സാഹിപ്പിക്കണം. എന്തിനും ഏതിനും വിമര്‍ശിച്ച് എന്റെ ആത്മവീര്യം തകര്‍ക്കരുത്. ഞങ്ങള്‍ സഹോദരന്മാര്‍ക്കും സഹോദരികള്‍ക്കുമിടയില്‍ വേര്‍തിരിവോ വിവേചനമോ കാണിക്കരുത്; എന്റെ സമപ്രായക്കാരായ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ചൂണ്ടിക്കാട്ടി എന്നെ താരതമ്യം ചെയ്യരുത്. കാരണം ഓരോ വ്യക്തിയെയും വ്യതിരിക്തവും വ്യത്യസ്തവുമായ കഴിവുകള്‍ നല്‍കിയാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്, എന്റെ പിതാവ് പുകവലി നിര്‍ത്തണം, ഇത് എന്റെ ഒരാഗ്രഹവും പിതാവിനോടുള്ള ഗുണകാംക്ഷയുമാണ്. എന്തെങ്കിലും ആവശ്യം ഉന്നയിക്കുകയാണെങ്കില്‍ പറഞ്ഞതു തന്നെ വീണ്ടും പറഞ്ഞ് ഞങ്ങളെ വെറുപ്പിക്കരുത്, കാരണം പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് പിടികിട്ടും എന്തിനുള്ള പുറപ്പാടാണെന്ന്. സുദീര്‍ഘ പ്രഭാഷണത്തിന്റെ രൂപത്തില്‍ ഞങ്ങളെ ഉപദേശിക്കാന്‍ ഒരുമ്പെടരുത്, പറയാനുള്ളത് ചുരുക്കി പറഞ്ഞാല്‍ മതി; ഞങ്ങള്‍ക്ക് മനസ്സിലാവും. എനിക്കും എന്റെ മാതാപിതാക്കള്‍ക്കും ഇടയിലെ ബന്ധം സൗഹൃദപൂര്‍വമാകണം; വെല്ലുവിളികളുടെയും ഇപ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന ഭീതിയുടെയും അവസ്ഥയില്‍ ആവരുത്. എന്നെ വിശ്വസിക്കണം, അംഗീകരിക്കണം, ആദരിക്കണം, അവഗണിക്കരുത്, പുറമ്പോക്കില്‍ തള്ളുകയും അരുത്. ഞങ്ങളുടെ അനക്കങ്ങളും ചലനങ്ങളും നിരീക്ഷിക്കാനും ഒപ്പിയെടുക്കാനും കാമറകള്‍ സ്ഥാപിക്കരുത്.

മൂന്നാമത്തെ പത്ത്: എന്റെ ഉമ്മ സോഷ്യല്‍ മീഡിയയില്‍ സമയം ചെലവിടുന്നപോലെ എന്റെ കാര്യത്തിലും അല്‍പസമയം ചെലവിട്ടിരുന്നുവെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോകുന്നു. എന്നെ സംശയിക്കരുത്, ചാരപ്പണി നടത്തരുത്, എന്നെ വിശ്വസിക്കണം. എന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. അവരോട് ഭിന്നാഭിപ്രായം പുലര്‍ത്തിയാല്‍ ബന്ധം മുറിക്കുകയും ദേഷ്യം പിടിക്കുകയും ചെയ്യുന്ന രീതി നന്നല്ല. ഞങ്ങളുടെ സ്വന്തം കാര്യങ്ങളെയും രഹസ്യങ്ങളെയും കുറിച്ച് സംസാരിക്കുകയും അവയുടെ പരിഹാരത്തിന് ഞങ്ങളെ സഹായിക്കുകയും വേണം. ഞങ്ങളോടൊപ്പം സന്തോഷത്തോടെയും ആഹ്ലാദത്തോടെയും സമയം ചെലവഴിക്കണം. ചിരിച്ചും കളിച്ചും തമാശ പറഞ്ഞും നീന്തിത്തുടിച്ചും വാഹനമോടിച്ചും അങ്ങനെയങ്ങനെ...

മാതാപിതാക്കള്‍ ഞങ്ങളുടെ മുന്നില്‍ വെച്ച് വഴക്കടിക്കരുത്. കുടുംബ ജീവിതത്തിലെ ശകാരവും അട്ടഹാസവും പോര്‍വിളിയും കണ്ടും അനുഭവിച്ചും മടുത്തിരിക്കുന്നു ഞങ്ങള്‍ക്ക്. പുതിയ അനുഭവങ്ങള്‍ ആര്‍ജിക്കാനും വീഴ്ചകളില്‍നിന്ന് പാഠമുള്‍ക്കൊള്ളാനുമുള്ള അവസരങ്ങള്‍ നല്‍കൂ. നല്ല കാര്യങ്ങള്‍ ചെയ്താല്‍ നന്ദി രേഖപ്പെടുത്തണം; സവിശേഷമായ എന്തെങ്കിലും ഗുണം എന്നില്‍ കാല്‍ പ്രശംസ ചൊരിയണം. എല്ലാറ്റിലും കയറി ഇടപെടരുത്. എനിക്ക് വേണ്ടത് സ്‌നേഹവും സംരക്ഷണവും വാത്സല്യവും സഹാനുഭൂതിയും തേന്‍ പുരട്ടിയ വാക്കുകളുമാണ്.

കൗമാരക്കാരുടെ നാവില്‍നിന്നുതിര്‍ന്ന മുപ്പത് ഉപദേശങ്ങളാണിവ. ചിലതൊക്കെ ആവര്‍ത്തനമുണ്ട്. അവ ഇങ്ങനെ സംക്ഷേപിക്കാം.

ഒന്ന്, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. രണ്ട്, സശ്രദ്ധം ശ്രവിക്കണം. ബന്ധം മുറിക്കരുത്. മൂന്ന്, കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യരുത്. നാല്, ദേഷ്യം പിടിക്കരുത്. സംയമനം വെടിയരുത്. ബഹളം വെക്കരുത്. അടിക്കരുത്. അഞ്ച്, മാതാപിതാക്കള്‍ പുറത്തുള്ളവരുടെ പ്രശ്‌നങ്ങള്‍ കേട്ട് വീട്ടിലെത്തി അത് ഞങ്ങളിലും ഏറക്കുറെ ഉണ്ടാവുമെന്ന് അനുമാനിച്ച് ഞങ്ങളെ സംശയിക്കുകയും ഞങ്ങളില്‍ കുറ്റങ്ങള്‍ പരതുകയും നിരീക്ഷണം ഏര്‍പ്പെടുത്തുകയുമാണ്. അത് പാടില്ല.

കൗമാരക്കാരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധാപൂര്‍വം വായിച്ചാല്‍ മനസ്സിലാകുന്നത് അവര്‍ക്ക് ബോധവും കാര്യഗ്രഹണശേഷിയും പക്വതയും ഉണ്ടെന്നാണ്. മാതാപിതാക്കള്‍ തങ്ങളെത്തന്നെ മാറ്റിയെടുക്കുകയും വളര്‍ത്തുകയും പുതിയ നൈപുണികള്‍ കരസ്ഥമാക്കുകയും വേണം. അവരോടുള്ള ബന്ധം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തില്‍ ആവണം. ബന്ധം ഔപചാരികമോ ഔദ്യോഗികമോ ആവാതെ നോക്കണം. ഈ ലേഖനം അവരോടൊപ്പം ഇരുന്ന് വായിച്ച് അവരുടെ അഭിപ്രായം സശ്രദ്ധം കേള്‍ക്കണമെന്ന് എനിക്ക് ഒരു അഭ്യര്‍ഥനയുണ്ട്. 

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍