Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

പശ്ചിമേഷ്യയിലെ തിരിഞ്ഞുനടത്തങ്ങള്‍

ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഊഹിക്കാന്‍ പോലും കഴിയാതിരുന്ന രാഷ്ട്രീയ തിരിഞ്ഞുനടത്തങ്ങളാണ് പശ്ചിമേഷ്യയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ നിതാന്ത ശത്രുക്കളില്ലെന്ന യാഥാര്‍ഥ്യത്തിന് അടിവരയിടുന്ന നീക്കങ്ങള്‍. അവസരവാദമെന്ന് ആ നീക്കങ്ങളെ വിശേഷിപ്പിക്കാനാവുകയില്ല. വന്‍ശക്തികളുടെ രാഷ്ട്രീയ ഗൂഢാലോചനകള്‍ തീര്‍ക്കുന്ന സമ്മര്‍ദങ്ങള്‍ അവരെ ആ നിലപാടിലെത്തിച്ചു എന്നു പറയുന്നതാവും ശരി. ഫലസ്ത്വീന്‍ അതോറിറ്റി പ്രധാനമന്ത്രി റാമി ഹംദല്ലയുടെ ഗസ്സ സന്ദര്‍ശനമാണ് ഇതിലൊന്ന്. വളരെ ചരിത്രപ്രധാനമാണ് ഈ സന്ദര്‍ശനം. കഴിഞ്ഞ പത്തു വര്‍ഷമായി ഫലസ്ത്വീനികളുടെ രണ്ട് പ്രധാന രാഷ്ട്രീയ വിംഗുകളായ ഫത്ഹും ഹമാസും തീരെ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. വെസ്റ്റ് ബാങ്ക് ഫത്ഹിന്റെയും ഗസ്സ ഹമാസിന്റെയും നിയന്ത്രണത്തിലായിരുന്നു. ഹമാസിനെ തുരത്താനുള്ള വഴികളാണ് ഫലസ്ത്വീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ജനപിന്തുണയോടെ ഹമാസ് ചെറുത്തുനില്‍ക്കുകയും ചെയ്തു. പല തവണ ഇസ്രയേല്‍ ഗസ്സക്കു മേല്‍ തീമഴ ചൊരിഞ്ഞപ്പോഴും മഹ്മൂദ് അര്‍ഥഗര്‍ഭമായ മൗനത്തിലായിരുന്നു.

ഇസ്മാഈല്‍ ഹനിയ്യ ഹമാസിന്റെ സാരഥ്യമേറ്റെടുത്തതോടെയാണ് മഞ്ഞുരുക്കമുണ്ടായത്. പല തവണ ഹമാസ്-ഫത്ഹ് പ്രതിനിധികള്‍ കയ്‌റോയില്‍ ചര്‍ച്ച നടത്തി; അതും ഈജിപ്ഷ്യന്‍ ഏകാധിപതി അബ്ദുല്‍ ഫത്താഹ് സീസിയുടെ ആശീര്‍വാദത്തോടെ. അമേരിക്കയുടെ അംഗീകാരവും ഇതിനുണ്ട്. ഫത്ഹ് മുന്നോട്ടുവെച്ച ഒട്ടുമിക്ക ഉപാധികളും ഹമാസ് നിരുപാധികം അംഗീകരിക്കുകയായിരുന്നു. ഈ കീഴടങ്ങല്‍ ഹമാസിന് പരിചയമുള്ളതല്ല. രണ്ട് മില്യന്‍ വരുന്ന ഗസ്സ നിവാസികളുടെ അതിദയനീയമായ ജീവിത സാഹചര്യങ്ങളാണ് ഹമാസിനെ രാഷ്ട്രീയ വിട്ടുവീഴ്ചക്ക് നിര്‍ബന്ധിക്കുന്നത്. നാല്‍പ്പതിനായിരം വരുന്ന ഗസ്സയിലെ ഉദ്യോഗസ്ഥര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. ഗസ്സക്കു മേലുള്ള ഉപരോധം തുടര്‍ന്നാല്‍ കൂട്ടമരണമായിരിക്കും ഫലം. പുതിയ രാഷ്ട്രീയ സമവാക്യങ്ങളുമായാണ് താന്‍ മുന്നോട്ടുപോവുകയെന്ന് ഹനിയ്യ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ ഇറാന്‍ സന്ദര്‍ശനമാണ് മറ്റൊരു അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. സിറിയന്‍ പ്രശ്‌നത്തില്‍ തുര്‍ക്കിയും ഇറാനും കൊമ്പു കോര്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്നു നാല് വര്‍ഷമായി. പ്രശ്‌നം ഇപ്പോഴും പരിഹാര ഫോര്‍മുലകള്‍ കണ്ടെത്താനാവാതെ നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്നു. അതിനിടക്കാണ് ഇറാഖിലെ കുര്‍ദിസ്താനില്‍ ഹിത പരിശോധന നടക്കുന്നത്. ഒരു സ്വതന്ത്ര കുര്‍ദിസ്താന്‍ രാഷ്ട്രം നിലവില്‍ വരികയെന്നത് തുര്‍ക്കിയുടെയും ഇറാന്റെയും ആഭ്യന്തര സുരക്ഷക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക. ഇരു രാഷ്ട്രങ്ങളിലും മില്യന്‍ കണക്കിന് കുര്‍ദുകളുണ്ട്. അവരും സ്വതന്ത്ര രാഷ്ട്രം വേണമെന്ന വാദമുയര്‍ത്തും. തുര്‍ക്കിയും ഇറാനും ശിഥിലമായി കാണാന്‍ ആഗ്രഹിക്കുന്ന മുതലാളിത്ത-സയണിസ്റ്റ് ശക്തികള്‍ അതിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഉറപ്പാണ്. കുര്‍ദിസ്താനിലെ ഹിത പരിശോധനയെ പരസ്യമായി പിന്തുണച്ച ഏക രാഷ്ട്രം ഇസ്രയേലാണെന്ന് ഓര്‍ക്കുക. സിറിയയിലും ഗണ്യമായ തോതില്‍ കുര്‍ദുകള്‍ ഉള്ളതുകൊണ്ട് ബശ്ശാറുല്‍ അസദിന്റെ പിന്തുണയും ഈ നീക്കത്തിന് ഉണ്ടാവും. അമേരിക്കക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിന്റെ ഭാഗമായി റഷ്യയും ഈ നീക്കത്തെ പിന്തുണക്കുന്നു. രാഷ്ട്രീയമായ ശരിതെറ്റുകള്‍ക്കപ്പുറം, മേഖലയിലെ ശക്തികള്‍ പൊതുശത്രുവിനെതിരെ ഒന്നിക്കാനുള്ള സാധ്യത ഇത് തുറന്നിടുന്നുണ്ട്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍