ഹൃദയവും മസ്തിഷ്‌കവും -ഒരു മറുവായന
പ്രബോധനം വാരികയില്‍ (ലക്കം-3017) എം.വി മുഹമ്മദ് സലീം മൗലവി എഴുതിയ 'ഹൃദയവും മനസ്സും ഖുര്‍ആനിലും ശാസ്ത്രത്തിലും' എന്ന ലേഖനമാണ് ഈ കുറിപ്പിന് പ്രേരകം.
മനുഷ്യചിന്തയുടെ പ്രഭവകേന്ദ്രം, അല്ലെങ്കില്‍ ആസ്ഥാനം തലച്ചോറല്ല, മറിച്ച് ഹൃദയമാണ് എന്ന് 'ശാസ്ത്രീയ' പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ടുകഴിഞ്ഞുവെന്നും, പരിശുദ്ധ ഖുര്‍ആന്‍ ഹൃദയത്തെ വിവരിച്ച അതേ സങ്കല്‍പ്പത്തിലേക്കും ഭാവനയിലേക്കും ആധുനിക ശാസ്ത്രം പൂര്‍ണമായും എത്തിക്കഴിഞ്ഞു എന്നുമുള്ള തീര്‍പ്പോടെയാണ് ലേഖനം അവസാനിക്കുന്നത്.
ഇവിടെ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. ഖുര്‍ആന്‍ എല്ലായിടത്തും 'ഖല്‍ബ്' അഥവാ ഹൃദയം എന്ന പദം ഉപയോഗിച്ചത് നാം വ്യവഹരിക്കുന്നതുപോലെ മൂര്‍ത്തമായ ഒരു ജൈവിക അവയവത്തെക്കുറിക്കാന്‍ മാത്രമാണോ, അതോ, ബോധം-പ്രജ്ഞ, മനസ്സ്-മനസ്സാക്ഷി, ബുദ്ധി-വിവേചനശേഷി തുടങ്ങിയ കൂടുതല്‍ അമൂര്‍ത്തമായ അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്ന ഒരു അന്യാപദേശം(Allegory) എന്ന നിലക്കാണോ? ഇനി അക്ഷരാര്‍ഥത്തില്‍ എടുത്താല്‍തന്നെ 'ഖല്‍ബ്' എന്നതിന്റെ ശരിയായ തര്‍ജമ 'ഹൃദയം' എന്നുതന്നെയാണോ? ഇനി ഒരു അവയവം എന്ന അര്‍ഥത്തിലാണെങ്കില്‍ തന്നെ ആധുനികശാസ്ത്രം, ചിന്തയുടെ കേന്ദ്രം ഹൃദയം എന്ന അന്തിമതീര്‍പ്പിലെത്തിയിട്ടുണ്ടോ?
കാലിഫോര്‍ണിയയിലെ ഹൃദയ ഗണിത കേന്ദ്രത്തില്‍നിന്നുള്ള പഠനങ്ങളെയാണ് ലേഖനത്തില്‍ സമൃദ്ധമായി ഉദ്ധരിക്കുന്നത്. ഈ സ്ഥാപനം ഒരു മുഖ്യധാരാ ശാസ്ത്ര-ഗവേഷണ സ്ഥാപനം അല്ല തന്നെ. ഹൃദയതാളത്തെയും വിചാര വികാരങ്ങളെയും താദാത്മ്യപ്പെടുത്തുക വഴി തലക്ക് കൂടുതല്‍ ഊര്‍ജവും മനശ്ശാന്തിയും, തെളിഞ്ഞ ചിന്തയും മനഃസംഘര്‍ഷങ്ങളില്‍നിന്ന് മോചനവും അതുവഴി ജീവിത വിജയവും കരസ്ഥമാക്കാന്‍ സാധിക്കുമെന്നൊക്കെയുള്ള ഒരു സിദ്ധാന്തത്തിന്റെ (Heart Coherence Hypothesis) അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണത്. ലേഖനത്തില്‍ വ്യക്തമാക്കിയതുപോലെ അവിടത്തെ ഡോക്ടര്‍ റോളില്‍ മെക്കാര്‍ട്ടി ഒരു ഹൃദ്രോഗ വിദഗ്ധനെന്നതു പോയിട്ട്, ഒരു വൈദ്യശാസ്ത്രജ്ഞന്‍ പോലുമല്ല, മറിച്ച് ഒരു ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു.
സമാന തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്തുമുണ്ട്. ഉദാഹരണത്തിന് ബംഗളൂരുവിലെ നിത്യാനന്ദ ധ്യാനപീഠം. അവിടത്തെ ഗവേഷകരും ശാസ്ത്രജ്ഞരും വൈദിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ധാരാളം പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ പ്രധാനമാണ് യോഗ, പ്രാണായാമം എന്നിവ വഴി നമ്മുടെ ഉള്ളിലുള്ള കുണ്ടലിനി ശക്തിയെ ഉദ്ദീപിപ്പിച്ച് മനസ്സിനും ശരീരത്തിനും അതിശയകരമായ പരിവര്‍ത്തനങ്ങള്‍ സാധ്യമാണ് എന്ന തിയറി. ഇതുമായി ബന്ധപ്പെട്ട് ധാരാളം കോഴ്‌സുകള്‍ നടത്തുകയും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട് അവര്‍.
ഇനി ഹൃദയ ഗണിതവും കുണ്ടലിനി ശാസ്ത്രവുമൊന്നും കപടസിദ്ധാന്തങ്ങളോ കപട ശാസ്ത്രങ്ങളോ അല്ല, മറിച്ച്, വ്യവസ്ഥാപിത ശാസ്ത്രത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്തു നില്‍ക്കുന്ന സമാന്തര ശാസ്ത്ര ശാഖകളാണെന്നു വെച്ചാല്‍തന്നെ, ചിന്തയുടെ ആസ്ഥാനം ഹൃദയമാണെന്നതിന് എന്ത് തെളിവാണ് നമുക്ക് മുമ്പാകെയുള്ളത്? പ്രബോധനം ലേഖനത്തില്‍ ഏതാനും വ്യക്തികളുടെ അനുഭവങ്ങള്‍ വിവരിക്കുന്നുണ്ട്. പക്ഷേ, ആധുനിക ശാസ്ത്രത്തില്‍ ഒരു സിദ്ധാന്തവും വ്യക്തിവിവരണങ്ങളുടെയോ, ഒറ്റപ്പെട്ട കേസ് സ്റ്റഡികളുടെയോ അടിസ്ഥാനത്തില്‍ ആധികാരികമാവുകയില്ല. ചില ആത്മീയ-ധ്യാന കേന്ദ്രങ്ങളിലൊക്കെ നമ്മള്‍ കാണാറുള്ള സാക്ഷ്യംപറച്ചിലുകളുടെ സ്ഥാനമേ അവക്കുള്ളൂ.
വൈയക്തിക അനുഭവം അഥവാ ക്വാളിയ (Qualia)
എളുപ്പത്തില്‍ പഠനഗവേഷണങ്ങള്‍ക്ക് വഴങ്ങുന്ന ഒന്നല്ല ബോധം, ചിന്ത, ബുദ്ധി എന്നീ പ്രതിഭാസങ്ങള്‍. പ്രധാന കാരണം ഒരാളുടെ ആത്മബോധം എന്നത് വിശദീകരിക്കാന്‍ ബുദ്ധിമുട്ടുള്ള വളരെ വ്യക്തിനിഷ്ഠമായ ഒരു സംഗതിയാണ് (Chalmers' hard problem). ഇലയുടെ പച്ച, ആകാശത്തിന്റെ നീല, ഉപ്പിന്റെ ഉപ്പ്, വെളിച്ചത്തിന്റെ വെളിച്ചം ഒക്കെ അതതിന്റെ ഭാവങ്ങളാണ്. ഇവ ഓരോ വ്യക്തിയും അറിയുന്നത്, അനുഭവിക്കുന്നത് തീര്‍ത്തും വ്യക്തിതലത്തിലാണ്. ഉദാഹരണത്തിന് നമ്മള്‍ കാണുന്ന ഒരു വസ്തുവിന് പച്ച നിറമാണെന്ന് നമ്മള്‍ എങ്ങനെയാണ് അന്ധനായ ഒരാള്‍ക്ക് വാക്കുകളാല്‍ വിവരിച്ചുകൊടുക്കുക! 'ഒരാളും കേള്‍ക്കാനില്ലാത്ത ഒരു വനത്തില്‍ ഒരു മരം വീഴുമ്പോള്‍ ശബ്ദമുണ്ടാകുമോ' എന്ന ചോദ്യം കേവലമായ ഒരു ചോദ്യമല്ല. ഒരു മരം വീഴുമ്പോള്‍ അത് അന്തരീക്ഷത്തില്‍ മര്‍ദവ്യതിയാനങ്ങളുണ്ടാക്കുന്നു എന്നിടത്തേ സത്യമുള്ളൂ. അവിടെ ശബ്ദമുണ്ടാകണമെങ്കില്‍ ആ മര്‍ദ വ്യത്യാസത്തെ, അന്തരീക്ഷത്തിലതുണ്ടാക്കുന്ന കമ്പനങ്ങളെ പിടിച്ചെടുക്കാന്‍ ഒരു കാതും അതിനെ ശബ്ദമെന്ന വ്യക്തിഗതാനുഭവമാക്കി മാറ്റുന്ന ഒരു മസ്തിഷ്‌കവും ആ പരിസരത്ത് വേണം.
ബോധവും മസ്തിഷ്‌കവും
അനന്തവിശാലമായ ഈ ബ്രഹ്മാണ്ഡത്തിലെ അനന്തകോടി നക്ഷത്രജാലങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കുമിടയിലെ ഒരു കൊച്ചു ഗ്രഹം മാത്രമായ ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളിലും, 700 കോടി മനുഷ്യരിലും പെട്ട ഒരു വ്യക്തി മാത്രമാണല്ലോ നാമോരോരുത്തരും. ആകാരം കൊണ്ടും കായികശേഷി കൊണ്ടും നമ്മെ അതിശയിക്കുന്ന എത്രയോ ജീവിവര്‍ഗങ്ങളുണ്ട് ഈ ഭൂമിയില്‍. എങ്കിലും എന്തുകൊണ്ടാണ് നിസ്സാരനും ദുര്‍ബലനുമായ ഹോമോസേപ്പിയന്‍സ് (Homo sapiens)എന്ന മനുഷ്യവര്‍ഗത്തിന് ഈ പ്രപഞ്ചത്തില്‍ ഇത്രമേല്‍ ആധിപത്യവും സവിശേഷ സ്ഥാനവും ലഭിച്ചത്; ഉത്തരം ലളിതമാണ്. അവന്റെ ചിന്താശേഷി, ആത്മബോധം, സഹജ ജ്ഞാനം.
അപ്പോള്‍ ബോധം(Consciousness), ആത്മജ്ഞാനം (Self awareness) എന്നിവ ഉണ്ടാവുകയാണ് ചിന്തയുടെ ആദ്യപടി എന്നു വരുന്നു. അതുകൊണ്ടാണല്ലോ ഭാഗികമായോ പൂര്‍ണമായോ സ്വബോധം നഷ്ടപ്പെട്ട മനുഷ്യന് നേരാംവണ്ണം ചിന്തിക്കാന്‍ കഴിയാത്തത്. മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ പ്രവര്‍ത്തിക്കാനുള്ള സ്വീകരണികള്‍ (Receptors) തലച്ചോറിലാണല്ലോ സ്ഥിതി ചെയ്യുന്നത് പ്രധാനമായും. അനസ്‌തേഷ്യ നല്‍കപ്പെട്ട, അല്ലെങ്കില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഒരു വ്യക്തിക്ക് അയാളുടെ ഹൃദയം പ്രവര്‍ത്തിക്കുമ്പോഴും ബോധപ്രക്രിയ നിലച്ചുപോകുന്നതും മറ്റൊന്നും കൊണ്ടല്ല.
ജീവശാസ്ത്രത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിച്ച ഒരു സ്‌കൂള്‍ വിദ്യാര്‍ഥിക്കു പോലും അറിയാം, വ്യത്യസ്ത ജീവിവര്‍ഗങ്ങള്‍ക്കിടയില്‍ അവയുടെ ഹൃദയങ്ങള്‍ തമ്മിലുള്ളതിനേക്കാള്‍ ഘടനാപരമായ വ്യത്യാസവും സങ്കീര്‍ണതയും വളര്‍ച്ചയും മനുഷ്യ മസ്തിഷ്‌കത്തിനാണ് കൂടുതല്‍ എന്നത്. മനുഷ്യനെ മറ്റ് ജീവികളില്‍നിന്ന് ഏറ്റവും വ്യത്യസ്തനാക്കുന്ന കഴിവ് ചിന്താശേഷിയാണെങ്കില്‍ അതിന്റെ അവയവം തലച്ചോറാണെന്ന് ചുരുക്കം.
ചിന്തയുടെ, ബുദ്ധിയുടെ ഇരിപ്പിടം മസ്തിഷ്‌കമാണെന്ന കാഴ്ചപ്പാട് കാലഹരണപ്പെട്ടതാണ്, ഫറോവമാര്‍ മരണാനന്തരം അവരുടെ ഭൗതികശരീരം മമ്മിയാക്കുന്ന (Mummification) സമയത്ത് തലയോട്ടി തുരന്ന് തലച്ചോര്‍ എടുത്തുകളയുമായിരുന്നു, എന്നാല്‍ ഹൃദയത്തിന്റെ അറകളില്‍ സുഗന്ധദ്രവ്യങ്ങളും പലവിധ ഔഷധക്കൂട്ടുകളുമൊക്കെ നിറച്ചുവെക്കുമായിരുന്നു അവര്‍; എന്തെന്നാല്‍ ആത്മാവ് കുടികൊള്ളുന്നത് ഹൃദയത്തിലാണെന്ന ധാരണ കൊണ്ടുതന്നെ. എന്നാല്‍, ഇത്തരം വിധിതീര്‍പ്പുകളില്‍നിന്ന് ആധുനിക ശാസ്ത്രം പൊതുവെയും വൈദ്യശാസ്ത്രം വിശേഷിച്ചും എത്രയോ മുന്നോട്ട് പോയിട്ടു്. സ്‌പെഷ്യലൈസേഷന്റെ ഭാഗമായി ആധുനിക വൈദ്യശാസ്ത്രം വ്യത്യസ്ത വിഭാഗങ്ങളായി. വ്യത്യസ്ത അവയവ വ്യൂഹങ്ങളെക്കുറിച്ചുള്ള പഠനം പിന്നെയും മുന്നേറി. ഉപവിഭാഗങ്ങളുണ്ടായി. അതില്‍ നാഡീവ്യൂഹ വ്യവസ്ഥയെക്കുറിച്ചുള്ള പഠനം -ന്യൂറോളജി(Neurology) അതിന്റെ സങ്കീര്‍ണത കാരണം തുടക്കത്തില്‍ അല്‍പം അമാന്തിച്ചുനിന്നെങ്കിലും പിന്നീട് അതിശീഘ്രം മുന്നേറി. മനുഷ്യബുദ്ധി, ബോധം തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്യുന്ന കോഗ്നിറ്റീവ് ന്യൂറോളജി (Cognitive Neurology) എന്ന ഒരു ഉപവിഭാഗം തന്നെ ഉടലെടുത്തു. ജെയിംസ് വാട്ട്‌സണോടൊപ്പം 1953-ല്‍ ജീവന്റെ അടിസ്ഥാന മൂലകമായ ഡി.എന്‍.എ കണ്ടുപിടിച്ച് നോബല്‍ സമ്മാനം പങ്കിട്ട ഫ്രാന്‍സിസ് ക്രിക്കിന്റെ വളരെ പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്: 'നീ വെറും ഒരു കൂട്ടം ന്യൂറോണുകള്‍ മാത്രമാണ്' (You are nothing but a pack of Neurons) അപ്പറഞ്ഞതില്‍ അല്‍പം അതിശയോക്തി ഉണ്ടെന്ന് സമ്മതിച്ചാല്‍തന്നെ മനുഷ്യശരീരത്തെയും ജീവനെയും അടിമുടി നിയന്ത്രിക്കുന്ന ഈ നൂറു നൂറു ബില്യന്‍ കോശങ്ങളുടെ സര്‍വാധിപത്യം നമ്മുടെയൊക്കെ ആലോചനകള്‍ക്കും അപ്പുറത്താണ്.
ശാസ്ത്രവും ഖുര്‍ആനും
ജ്ഞാനാന്വേഷണത്തെയും ശാസ്ത്ര പഠനത്തെയും അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും അതിനായി നിരന്തരം ഉണര്‍ത്തുകയും ചെയ്യുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍ എന്ന് നമുക്കറിയാം. ഭൗതിക പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വചനങ്ങള്‍ ഖുര്‍ആനിലുണ്ട് എന്നതും നേരു തന്നെ. പക്ഷേ, അവയില്‍ മിക്കവയും കാവ്യാത്മകവും ആലങ്കാരികവും പ്രതീകാത്മകവുമാണെന്ന് വ്യക്തമാണ്. അത്തരം വാക്യങ്ങള്‍ ചികഞ്ഞെടുത്ത് അവക്കകത്തുനിന്ന് 'ശാസ്ത്ര സത്യ'ങ്ങള്‍ കണ്ടെത്തണമെങ്കില്‍ വലിയ ബൗദ്ധിക സര്‍ക്കസ് തന്നെ നടത്തേണ്ടിവരും. പ്രബോധനത്തിന്റെ അതേ ലക്കത്തില്‍തന്നെ(3017) കെ.വി.എ മജീദ് വേളം എഴുതിയ പോലെ (മതം-ശാസ്ത്രം സമന്വയത്തിലെ സങ്കീര്‍ണതകള്‍) നമ്മുടെ ശാസ്ത്രബോധം വികസിച്ച് ദൈവ ബന്ധിത ചിന്തകള്‍ക്കു പോലും ശാസ്ത്രത്തിന്റെ താങ്ങ് വേണമെന്നായിരിക്കുന്നു.
'അല്ലാഹു വാനലോകങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു'(24:35) എന്ന വചനത്തില്‍ കേറിപ്പിടിച്ച് ദൈവമെന്നാല്‍ പ്രകാശമാണെന്നും ഒരസ്തിത്വത്തിന് പ്രകാശവേഗം ആര്‍ജിക്കാന്‍ കഴിഞ്ഞാല്‍ അതിനെ സംബന്ധിച്ച് സമയം നിശ്ചലമാകുമെന്ന ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവുമായി കൂട്ടിക്കെട്ടി അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ചും ഇസ്‌റാഅ്-മിഅ്‌റാജുകളുടെ ശാസ്ത്രീയതയെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പ്രോജ്ജ്വലമായ തങ്ങളുടെ ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ചുള്ള ഗൃഹാതുരത്വവും നഷ്ടബോധവുമൊക്കെ ചേര്‍ന്ന് മുസ്‌ലിം സമൂഹം എത്തിച്ചേരുന്ന അപകര്‍ഷബോധത്തില്‍നിന്നാണ് ശാസ്ത്ര-മത സമന്വയത്തിനുള്ള ഈ തിടുക്കം രൂപംകൊള്ളുന്നത്.
നമുക്ക് നമ്മുടെ വിഷയമായ ഹൃദയത്തിലേക്കു തന്നെ തിരിച്ചുവരാം. ഈ വചനങ്ങള്‍ പരിശോധിക്കുക:
''അതിനു ശേഷം പിന്നെയും നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തു. അവ പാറപോലെ കഠിനമായി, അല്ല, അതിലും കടുത്തു'' (2:74). ''അല്ലാഹു അവരുടെ ഹൃദയങ്ങളും കേള്‍വിയും അടച്ച് മുദ്രവെച്ചിരിക്കുന്നു'' (2:7). 'നാഥാ നീ എന്റെ ഹൃദയത്തെ വിശാലമാക്കേണമേ' (20:25) എന്ന മൂസാ (അ) നബിയുടെ പ്രാര്‍ഥന.
ഇവിടെയൊക്കെ 'ഹൃദയം കടുക്കുക' 'ഹൃദയത്തിന് മുദ്രവെക്കുക' 'ഹൃദയത്തെ വിശാലമാക്കുക' എന്നൊക്കെപ്പറയുമ്പോള്‍ തീര്‍ത്തും ജൈവികമായ, ഒരാന്തരാവയവം മാത്രമായ ഒരു ഹൃദയത്തെയാണോ, അതോ മനസ്സ്, വിവേചനശേഷി, ബുദ്ധി എന്നിവയെ സൂചിപ്പിക്കുന്ന ഒരു പ്രതീകാത്മക ഹൃദയത്തെയാണോ വിവക്ഷിക്കുന്നത്?
''അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല'' (7:179).
ഇവിടെ കാണാത്ത കണ്ണിനെയും കണ്ടിട്ടും അറിയാത്ത കണ്ണുകളെയും കേട്ടിട്ടും കേട്ടു മനസ്സിലാക്കാത്ത കാതുകളെയും കുറിച്ചാണല്ലോ പറയുന്നത്. അപ്പോള്‍ കാഴ്ചയും കേള്‍വിയും ഒക്കെ എങ്ങനെയാണ് മനസ്സിലാക്കലിലേക്ക് നയിക്കുന്നത്? ശാസ്ത്രീയമായി വിശദീകരിക്കുകയാണെങ്കില്‍ കണ്ണില്‍നിന്നും കാതില്‍നിന്നുമുള്ള നമ്മുടെ സംവേദനങ്ങളെ വഹിക്കുന്ന നാഡികള്‍ (Optic nerve vestibulo-cochlear nerve) എന്നിവ നേര്‍ക്കുനേരെ ബന്ധപ്പെട്ടിരിക്കുന്നത് തലച്ചോറുമായാണ്; ഹൃദയവുമായല്ല. തലച്ചോറിലെ ദൃശ്യ-ശ്രാവ്യ കേന്ദ്രങ്ങളാണ് (Visual & Auditory Cortex) കാഴ്ചക്കും കേള്‍വിക്കും അര്‍ഥവും പൂര്‍ണതയും നല്‍കുന്നത്. നമുക്ക് വായിക്കാനറിയാത്ത ഒരു ലിപി കണ്ടാല്‍, അറിയാത്ത ഒരു ഭാഷ കേട്ടാല്‍ നമുക്കത് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തത്, കണ്ണും കാതും അവ കാണാഞ്ഞിട്ടും കേള്‍ക്കാഞ്ഞിട്ടും അല്ല. മറിച്ച്, ആ ഭാഷയുടെ ദൃശ്യവും ശ്രാവ്യവുമായ അര്‍ഥതലങ്ങള്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ രേഖപ്പെടുത്തപ്പെടാത്തതുകൊണ്ടാണ്. മസ്തിഷ്‌കാഘാതത്തിനു ശേഷം പലര്‍ക്കും ഭാഷ കൈകാര്യം ചെയ്യാന്‍- സംസാരിക്കാനും എഴുതാനും വായിക്കാനും (Aphasia, Agraphia, Alexia)- ഉള്ള കഴിവ് നഷ്ടപ്പെടുന്നത് ഞങ്ങളെപ്പോലെ ന്യൂറോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിത്യാനുഭവമാണ്.
ചുരുക്കിപ്പറഞ്ഞാല്‍, 'പരിശുദ്ധ ഖുര്‍ആന്‍ ഹൃദയത്തെ വിവരിച്ച അതേ സങ്കല്‍പത്തിലേക്കും രൂപത്തിലേക്കും ഭാവനയിലേക്കും ആധുനിക ശാസ്ത്രം പൂര്‍ണമായും എത്തിക്കഴിഞ്ഞു' എന്നൊക്കെപ്പറയുന്നത് അത്യുക്തിയാണ്. എല്ലാം മസ്തിഷ്‌കത്തിലാണ് എന്നതും ശരിയാവണമെന്നില്ല. 'എല്ലാം കണ്ടെത്തിക്കഴിഞ്ഞു' എന്ന് പറയുന്നതേ ശാസ്ത്രമല്ല. ഇനിയും ഏറെ കണ്ടെത്താനുണ്ട് എന്ന തിരിച്ചറിവ്, അത് തേടിപ്പിടിക്കാനുള്ള അടങ്ങാത്ത ത്വര, അതിനായുള്ള അവിശ്രാന്തമായ പരിശ്രമം- ഇതൊക്കെയാണല്ലോ ശാസ്ത്രം. കണ്ടുപിടിക്കപ്പെട്ടതും കണ്ടുപിടിക്കപ്പെടാനുമുള്ള സകലമാന ശാസ്ത്ര സത്യങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട് എന്ന് പറയുന്നതും വിശുദ്ധ ഗ്രന്ഥത്തോട് കാണിക്കുന്ന അനീതിയാണ്. എങ്കില്‍പിന്നെ എന്ത് ശാസ്ത്രഗവേഷണം? എന്ത് ജ്ഞാനാന്വേഷണം? എല്ലാ അന്വേഷണങ്ങളും ഖുര്‍ആനില്‍ അവസാനിപ്പിക്കുകയല്ല, മറിച്ച്, അതില്‍നിന്ന് ആരംഭിക്കുകയാണല്ലോ വേണ്ടത്. അതുകൊണ്ട് അന്വേഷണങ്ങള്‍ തുടരട്ടെ, ഉയര്‍ന്നുനില്‍ക്കുന്ന ഒരു വിളക്കുമരമായി ഖുര്‍ആന്‍ പ്രസരിപ്പിക്കുന്ന വെളിച്ചം വീണ പാതകളിലൂടെ. തിരിഞ്ഞുനിന്ന് വിളക്കുമരത്തിലേക്ക് നോക്കി കണ്ണുമഞ്ഞളിച്ച്, 'എന്തൊരു വെളിച്ചം' എന്ന് അത്ഭുതം കൂറി ആത്മസംതൃപ്തിയടഞ്ഞ് നില്‍ക്കാതെ പിന്നെയും പിന്നെയും മുന്നോട്ട് യാത്ര തുടരുക നമുക്ക്.
(കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ന്യൂറോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ലേഖകന്‍)
Comments