Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

എസ്.എ പുതിയവളപ്പില്‍

പി.പി അബ്ദുര്‍റഹ്മാന്‍ പെരിങ്ങാടി

നാലര ദശകത്തോളം നീണ്ട മധുരോദായകമായ സൗഹൃദത്തിന്റെ ഓര്‍മകളുണ്ട് ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് എസ്.എ പുതിയവളപ്പിലുമായി. അരനൂറ്റാണ്ട് കാലം പൊതുരംഗത്ത് സജീവമായി നിലകൊണ്ട സെയ്തലവി പുതിയവളപ്പില്‍ (72) നിലവിലുള്ള  പല പൊതുപ്രവര്‍ത്തകരില്‍നിന്നും രാഷ്ട്രീയക്കാരില്‍നിന്നും വളരെ വ്യത്യസ്തനായിരുന്നു. തനിക്കെന്തു കിട്ടും എന്നുനോക്കി നയനിലപാടുകള്‍ സ്വീകരിക്കുന്ന രാഷ്ട്രീയ-പൊതു പ്രവര്‍ത്തകരുടെ നിഘണ്ടു അനുസരിച്ച് എസ്.എ പരാജയമാണെന്ന് പറയുന്നവരുണ്ട്. ഇത്തരം വിലയിരുത്തലുകളെ അഭിമാനപൂര്‍വം ഏറ്റുവാങ്ങുന്നതിലായിരുന്നു എസ്.എയുടെ നിര്‍വൃതി. ഇത്തിരി ചാഞ്ഞും ചരിഞ്ഞും നിന്നാല്‍ പലതും സ്വായത്തമാക്കാമായിരുന്നിട്ടും അതൊക്കെ വേണ്ടെന്നുവെച്ചു. ഭൗതികമായ ലാഭനഷ്ടങ്ങള്‍ നോക്കി മാത്രം നിലപാടുകള്‍ സ്വീകരിക്കുന്ന കൂട്ടത്തിലായിരുന്നില്ല പരേതന്‍.

ലാളിത്യവും വിനയവും കുലീനതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആഴത്തില്‍ വേരൂന്നിയിരുന്നു. പിതാവ് ചെറിയ മമ്മുക്കേയിയുടെ വഴി തന്നെയാണ് മൂത്ത പുത്രനായ എസ്.എ ത്യാഗസന്നദ്ധനായി സസന്തോഷം തെരഞ്ഞെടുത്തത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ (എം.എസ്.എഫ്) പൊതുരംഗത്ത് പ്രവേശിച്ചു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി, മുസ്‌ലിം യൂത്ത് ലീഗ്, പില്‍ക്കാലത്ത് അഖിലേന്ത്യാ മുസ്‌ലിം ലീഗ്, മുസ്‌ലിം ലീഗ്, ഐ.എന്‍.എല്‍ എന്നിവയില്‍ സജീവമായി നേതൃരംഗത്ത് തന്നെ അരനൂറ്റാണ്ടുകാലം പ്രവര്‍ത്തിച്ച എസ്.എ രാഷ്ട്രീയ ഭിന്നതക്കപ്പുറം എല്ലാവരുമായും നല്ല വ്യക്തിബന്ധം പോറലേല്‍ക്കാതെ കാത്തുസൂക്ഷിച്ചു.

മുസ്‌ലിം ലീഗിന്റെയും നാഷ്‌നല്‍ ലീഗിന്റെയും ഗതിവിഗതികള്‍ നേരില്‍ കണ്ടറിഞ്ഞ നേതാവായിരുന്നു. ആയിരത്തി തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രമുഖ നേതാക്കള്‍ എസ്.എയുടെ പിതാവായ മമ്മുക്കേയിയുടെ വസതിയില്‍ പതിവു സന്ദര്‍ശകരായിരുന്നു. തലശ്ശേരിയിലെ മുടിചൂടാമന്നനായ കേയി സാഹിബിന്റെ പൊതുജീവിതം എസ്.എയുടെ രാഷ്ട്രീയ വീക്ഷണവും വ്യക്തിത്വവും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചു. 1974-ലും പിന്നീട് 1994-ലും മുസ്‌ലിം ലീഗ് പിളര്‍ന്നപ്പോള്‍ തന്റേതായ നിലപാടുകളില്‍ ഉറച്ചുനിന്നു. ഐ.എന്‍.എല്ലില്‍ തന്നെ അഭിപ്രായസംഘട്ടനങ്ങള്‍ ഉണ്ടായപ്പോള്‍, ഇടതുപക്ഷവുമായി ചേര്‍ന്നു നില്‍ക്കലാണ് കരണീയം എന്ന സുചിന്തിത നിലപാടായിരുന്നു എസ്.എക്ക്. പതിനാല് സംവത്സരക്കാലം ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റായും അതിനു മുമ്പ് കേയി സാഹിബിന്റെ വലംകൈയായും ജീവിച്ച എസ്.എ മൂന്ന് സെന്റ് സ്ഥലത്ത് നിര്‍മിച്ച ഒരു ചെറിയ വീട്ടിലായിരുന്നു താമസം.

1986-ല്‍ തലശ്ശേരിയില്‍ നടന്ന ഖുര്‍ആന്‍-ശാസ്ത്ര സെമിനാര്‍ മുതല്‍ ജമാഅത്തെ ഇസ്‌ലാമിയുമായും അതിന്റെ വിവിധ സംരംഭങ്ങളുമായും വളരെയേറെ സഹകരിച്ചിരുന്നു. ദീനീനിഷ്ഠ പുലര്‍ത്തുന്നതില്‍ വളരെ ശുഷ്‌കാന്തി പുലര്‍ത്തി. രാവിലെയുള്ള ഖുര്‍ആന്‍ പാരായണം മുടങ്ങാറുണ്ടായിരുന്നില്ല. തലശ്ശേരിയിലെ ഇസ്‌ലാമിക് സെന്റര്‍, ഇസ്‌ലാമിക് വിമന്‍സ് കോളേജ്, ബ്രൈറ്റ് സ്‌കൂള്‍, പെരിങ്ങാടിയിലെ അല്‍ഫലാഹ് തുടങ്ങി ഇസ്‌ലാമിക പ്രസ്ഥാനം നടത്തിവരുന്ന സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അതീവ തല്‍പരനായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും ചേറ്റംകുന്നിലെ ഇസ്‌ലാമിക് വിമന്‍സ് കോളേജില്‍ ചേര്‍ത്താണ് പഠിപ്പിച്ചത്. ഇളയ മകന്‍ സല്‍മാനെ ബ്രൈറ്റ് സ്‌കൂളിലും. മൂത്ത പുത്രന്‍ ശുഐബ് ജിദ്ദയില്‍ തബ്‌ലീഗ് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. സാത്വിക വ്യക്തിത്വത്തിനുടമയായ പരേതന്റെ ജനാസയില്‍ പങ്കെടുത്ത വന്‍ ജനാവലി അദ്ദേഹത്തിന്റെ ജനകീയ വ്യക്തിത്വത്തിന്റെ നിദര്‍ശനമാണ്.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തിരൂരങ്ങാടി യതീംഖാന, പി.എസ്.എം.ഒ കോളേജ്, തലശ്ശേരി ദാറുസ്സലാം യതീംഖാന, ചിറക്കര ജുമാമസ്ജിദ് ഉള്‍പ്പെടെ പലതിന്റെയും ഉന്നതബോഡിയില്‍ അംഗമായിരുന്നു. രണ്ടു തവണ ഇസ്‌ലാമിക് വിമന്‍സ് കോളേജിലെ പി.ടി.എ പ്രസിഡന്റായി. ഭാര്യ: ശരീഫ. മക്കള്‍: ശുഐബ്, സുമയ്യ തസ്‌വീര്‍, സല്‍മാന്‍, ഷഹര്‍ബാന്‍. വഖ്ഫ് ബോര്‍ഡ് അംഗം പി.വി സൈനുദ്ദീന്‍ അനുജനാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍