പാശ്ചാത്യര്‍ക്കും പൗരസ്ത്യര്‍ക്കുമിടയിലെ ഇസ്‌ലാം
പാശ്ചാത്യരില്‍ വളരെ കുറച്ചാളുകള്‍ക്ക് മാത്രമേ ഇസ്‌ലാമിന്റെ സുന്ദരമായ സാക്ഷ്യങ്ങള്‍ കാണാനായിട്ടുള്ളൂ. ഹൃദയങ്ങളെ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കുകയും ചിന്തയെയും ബുദ്ധിയെയും സ്വാധീനിക്കുകയും ചെയ്യുന്ന അനുഭവങ്ങളും വളരെ കുറച്ച് മാത്രം. കാരണം, ഇന്ന് ലോകത്ത് പലതരത്തില്‍ വെളിവായിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിന്റെ സാക്ഷ്യങ്ങള്‍ മുസ്‌ലിംകളുടെ നാഗരിക പിന്നാക്കാവസ്ഥയുടെയും ദൗര്‍ബല്യങ്ങളുടെയും നിന്ദ്യതയുടെയും ചിത്രങ്ങളാണ്. അതിന്റെ വൈരൂപ്യങ്ങള്‍ കാണുന്നവര്‍ പിന്തിരിഞ്ഞോടാനും വെറുക്കാനുമാണ് സാധ്യത.
പാശ്ചാത്യരില്‍നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവര്‍, അവരുടെ ഒരനുഭവം, അല്ലെങ്കില്‍ അവര്‍ പങ്കാളികളായൊരു സംഭവം, അത് അവരിലുണ്ടാക്കിയ സ്വധീനം ഇങ്ങനെയൊക്കെയാണ് ഇസ്‌ലാമിനെ തിരിച്ചറിയുന്നത്. പ്രബോധകന്റെയോ പ്രഭാഷകന്റെയോ ഇസ്‌ലാം പ്രഭാഷണങ്ങളില്‍നിന്ന് ഇസ്‌ലാമിനെ മനസ്സിലാക്കുന്നവര്‍ വളരെ കുറച്ചാണ്, ഇല്ലെന്നുതന്നെ പറയാം. യഥാര്‍ഥ ദഅ്‌വത്ത് ഉത്തമ കര്‍മമാതൃകകളിലൂടെയുള്ള സത്യസാക്ഷ്യമാണെന്ന യാഥാര്‍ഥ്യത്തെയാണിത് സൂചിപ്പിക്കുന്നത്. അല്ലാഹുവിന്റെ സന്ദേശം ലോകത്ത് പ്രചരിപ്പിക്കണമെന്നാഗ്രഹിക്കുന്നവന്‍ ആദ്യം തന്റെ ജീവിതത്തില്‍ ഇസ്‌ലാം പഠിപ്പിക്കുന്ന സല്‍സ്വഭാവവും സരള പെരുമാറ്റവും പരിശീലിക്കണം.
പാശ്ചാത്യ സമൂഹങ്ങളില്‍ ഇസ്‌ലാമിന്റെ മുഖം വികൃതമായി ചിത്രീകരിക്കപ്പെടാന്‍ പല കാരണങ്ങളുമുണ്ട്. അവയില്‍ മുസ്‌ലിംകളില്‍നിന്ന് തന്നെ ഉണ്ടാകുന്ന കാര്യങ്ങളാണ് കൂടുതല്‍. ചിലത് ഇസ്‌ലാമിനെതിരെ രൂപപ്പെട്ട ശത്രുകൂട്ടായ്മകളുടെ ആസൂത്രിത ശ്രമങ്ങളുടെ ഫലവുമാണ്. പാശ്ചാത്യരില്‍നിന്ന് ഇസ്‌ലാമിലേക്ക് കടന്നുവന്നവരുടെ കൂട്ടായ്മകള്‍ നടത്തുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ സ്വാധീനം കുറക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങള്‍ക്ക് വലിയ തോതില്‍ കാരണമാകുന്നുണ്ടെന്നത് നിര്‍ഭാഗ്യകരമാണ്. മുസ്‌ലിംകളില്‍ ചിലരുടെ പെരുമാറ്റങ്ങളില്‍ വരുന്ന വീഴ്ച പ്രചാരണങ്ങളിലൂടെ നേരത്തേ രൂപപ്പെടുത്തിയ പൈശാചിക ഇമേജുകളെ ന്യായീകരിക്കുന്നു. നന്മയിലേക്ക് പ്രേരിപ്പിക്കുക, നല്ലതിനായി സംഘടിക്കുക, തിന്മയെ പ്രതിരോധിക്കുക പോലുള്ള മുസ്‌ലിമിന്റെ അടിസ്ഥാന ദൗത്യങ്ങള്‍ മറക്കുകയും സല്‍സ്വഭാവമെന്ന ഇസ്‌ലാമിന്റെ ഉന്നത മൂല്യത്തെ വെടിയുകയും ചെയ്തതിന്റെ ഫലമാണിത്.
സമുദായത്തിന്റെ വിവിധ ധാരകളിലുള്ള വിഭാഗങ്ങള്‍ ഇസ്‌ലാമിന്റെ മുഖം വികൃതമാക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെങ്കിലും, രാഷ്ട്രീയമായും മറ്റും സംഘടിതരായ ഗ്രൂപ്പുകളില്‍നിന്നുള്ള പ്രവര്‍ത്തനങ്ങളുടെ സ്വാധീനമാണ് കൂടുതല്‍ ശക്തം. മുസ്‌ലിം ഭരണകൂടങ്ങളെയും സംഘങ്ങളെയും കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ക്കാണ് ലോകത്ത് കൂടുതല്‍ സ്വാധീനമുണ്ടാക്കാനാകുന്നത് എന്നതാണ് ഇതിന് കാരണം.
ഇസ്‌ലാമിനെ കുറിച്ച ഇത്തരം പ്രചാരണങ്ങള്‍ക്ക് സാധുത നല്‍കുന്നവരില്‍ ഒരു പ്രധാനപ്പെട്ട വിഭാഗം അറബ് മുസ്‌ലിംകളില്‍ തന്നെ ഉള്ളവരാണ്. എന്റെ യൗവനത്തില്‍ പഠനത്തിനായി ഇംഗ്ലണ്ടില്‍ വന്ന കാലത്ത്, അറബ് രാജകുമാരന്മാരെയും ഉന്നതരെയും കുറിച്ചുള്ള ചില പത്രവാര്‍ത്തകളും അതിനോടൊപ്പമുണ്ടായിരുന്ന ചിത്രങ്ങളും ഞാന്‍ ഓര്‍ക്കുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകളുടെ മധ്യത്തിലായിരുന്നു അത്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിലെ മെയ്‌ഫെയര്‍ ജില്ലയിലെ പ്ലേ ബോയ്‌സിന്റെ ക്ലബുകളില്‍ അറബ് വേഷമിട്ടവര്‍ യുവതികളുടെ കൂടെ ചൂതാട്ട മേശയില്‍ വട്ടമിട്ടിരിക്കുന്നതാണ് ഇന്നും എനിക്ക് മറക്കാനാവാത്ത ആ ചിത്രങ്ങള്‍. അവരുടെ നിശാക്ലബില്‍നിന്നുള്ള പല ചിത്രങ്ങളും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചില അറബികള്‍ക്ക് താല്‍പര്യം പാര്‍ക് ലൈനിലെ ഡോര്‍സെസ്റ്റര്‍ ഹോട്ടലുകളിലെ റോള്‍സ് റോയ്‌സ്, ബന്റ്‌ലി കാറുകള്‍ ഓടിച്ച് രസിക്കാനാണെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1973-ലെ യുദ്ധത്തില്‍ എണ്ണയെ ആയുധമാക്കി സമ്മര്‍ദങ്ങള്‍ സൃഷ്ടിക്കുകയും വിലക്കയറ്റത്തിന് കാരണമാക്കുകയും ചെയ്തതിന് പ്രതികാരമായി പാശ്ചാത്യര്‍ പ്രചരിപ്പിച്ച വാര്‍ത്തകളാണിവയെന്ന് വരാന്‍ സാധ്യതയുണ്ട്. കാരണം അറബികളുടെ ഈ നടപടികള്‍ അവരെ അത്രയും പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ ആ സമയത്തും അറബികള്‍ക്കെതിരെയും മുസ്‌ലിം ഭരണാധികാരികള്‍ക്കെതിരെയും വാര്‍ത്തകള്‍ സൃഷ്ടിക്കാനും ലോകത്ത് അറബ് വിരുദ്ധവികാരം സൃഷ്ടിക്കാനും മേല്‍പറഞ്ഞതു പോലുള്ള അറബ് കുമാരന്മാരുടെ ദുര്‍നടപ്പുകളാണ് മറയായത്.
ഇവിടെ സാധാരണക്കാരായ പാശ്ചാത്യരുടെ മുമ്പില്‍ ഇസ്‌ലാമിന്റെ മാതൃകകളായി മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത് ധൂര്‍ത്തരും പൊങ്ങച്ചക്കാരും അഹങ്കാരികളുമായ ഈ പ്ലേബോയ് കുമാരന്മാരെയാണ്. ഈ വാര്‍ത്തകള്‍ വായിക്കുന്നവരുടെ മനസ്സില്‍ സ്വാഭാവികമായും ഉറച്ചുപോകുന്ന വിശ്വാസം, ഇതെല്ലാം ഇവരുടെ മതം ഇവരെ പഠിപ്പിക്കുന്നതാണെന്നാണ്. ആ നിലക്കുള്ള ബോധങ്ങളുണ്ടാക്കുന്ന പ്രചാരണങ്ങള്‍ അണിയറയില്‍ നടക്കുകയും ചെയ്യുന്നു. എന്നാല്‍, ഇസ്‌ലാമിനെ കുറിച്ച് പ്രാഥമിക വിവരമെങ്കിലുമുള്ളവര്‍ക്ക് ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാനുമാവും. ഇത്തരം ദുഃസ്വഭാവങ്ങളെല്ലാം ഇസ്‌ലാം നിരോധിച്ചതാണ്; അവയെ വന്‍പാപങ്ങളായി എണ്ണുകയും അവക്ക് കടുത്ത ശിക്ഷകള്‍ ഇഹത്തിലും പരത്തിലും ഉണ്ടാകുമെന്ന് താക്കീത് നല്‍കുകയും ചെയ്തതാണ്. വ്യഭിചാരത്തോട് അടുക്കുന്നതുതന്നെ ഇസ്‌ലാം വിലക്കി, മദ്യം നിരോധിച്ചു, എല്ലാതരം ചൂതാട്ടങ്ങളെയും വന്‍പാപമാക്കി, അഹങ്കാരത്തെയും പൊങ്ങച്ചത്തെയും ഏറ്റവും വലിയ അക്രമമായ ശിര്‍ക്കിന് തുല്യമായി പരിഗണിച്ചു.
അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമായി മിക്ക പാശ്ചാത്യ രാജ്യങ്ങള്‍ക്കും പ്രത്യേക ഓഫീസുകളും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ പ്രതിനിധികളുമുണ്ട്. ഇവര്‍ കാര്യമായി നോക്കുന്നത് അറബ് രാജ്യങ്ങളില്‍നിന്ന് തങ്ങള്‍ക്കെന്തെല്ലാം നേട്ടങ്ങളുണ്ടാക്കാമെന്നാണ്. മൂന്നാംലോക രാജ്യങ്ങളുമായുള്ള ആയുധ ഇടപാടുകളിലും മറ്റുമുള്ള നേട്ടങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യം. അധികാരം പാരമ്പര്യമായി കൈമാറിവരുന്ന അറബ് ഭരണാധികാരികളുമായി ബന്ധങ്ങളുറപ്പിച്ച് നേട്ടങ്ങളുണ്ടാക്കുകയും, അതേസമയം അവരുടെ രാജാധികാരത്തിനെതിരെ മാധ്യമങ്ങളിലൂടെ പ്രചാരണങ്ങള്‍ നടത്തി അവരുടെ മതമാണതിന്റെ പ്രേരണയെന്ന പൊതുബോധം സൃഷ്ടിക്കുകയുമാണ് അവര്‍ ചെയ്യുന്നത്.
അറബ് ഏകാധിപതികളുടെ അധികാരത്തിനു കീഴില്‍ ഹനിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്ക് പാശ്ചാത്യരുടെ വാര്‍ത്തകളില്‍ വലിയ സ്ഥാനം ലഭിക്കുന്നു. ചിന്തകരെയും ജനങ്ങളില്‍ സ്വാധീനമുണ്ടാക്കാന്‍ സാധ്യതയുള്ള രാഷ്ട്രീയക്കാരെയും തടവറകളില്‍ പീഡിപ്പിക്കുന്നതിന്റെയും മറ്റും സചിത്രവാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യം നല്‍കപ്പെടുന്നു. ഇത്തരം അക്രമങ്ങളുടെയും അനീതികളുടെയുമെല്ലാം പ്രേരണ ഇസ്‌ലാമാണെന്നും അതിന്റെ നിയമവ്യവസ്ഥയായ ശരീഅത്താണെന്നും പ്രചരിപ്പിക്കപ്പെടുന്നു.
ഇസ്‌ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കുന്നതിന് ഏകാധിപതികള്‍ പാശ്ചാത്യരെ എത്രത്തോളമാണ് സഹായിച്ചതെന്ന് നോക്കുക! ആളുകള്‍ ശരീഅത്തെന്ന് കേട്ടാല്‍ തന്നെ പേടിക്കുന്ന തരത്തിലുള്ള ബോധം സൃഷ്ടിച്ചെടുക്കാനുള്ള അവസരമാണവര്‍ ഉണ്ടാക്കിക്കൊടുത്തത്. യഥാര്‍ഥത്തില്‍ മനുഷ്യരുടെ സമത്വവും നീതിയും ഏറ്റവും കൂടുതല്‍ പരിഗണിച്ച തത്ത്വസംഹിതയാണ് ഇസ്‌ലാമിന്റേത്. നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണിവിടെ. ഭരണാധികാരി ജനങ്ങളുടെ സേവകനാകണമെന്നാണ് പഠിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ അധികാരത്തിലും സമ്പത്തിലും സര്‍വാധികാരിയായല്ല, അതിന്റെയെല്ലാം വിനിയോഗത്തില്‍ നിരീക്ഷിക്കപ്പെടുന്നവനും ചോദ്യം ചെയ്യപ്പെടുന്നവനുമായാണ് ഇവിടെ മനസ്സിലാക്കപ്പെട്ടത്. 'ഭരണാധികാരി ഉത്തരവാദിയാണ്, അവര്‍ അവന്റെ ഉത്തരവാദിത്ത്വത്തെകുറിച്ച് ചോദ്യം ചെയ്യപ്പെടും', 'നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ അനുസരിക്കുന്ന കാലത്തോളം നിങ്ങളെന്നെ അനുസരിക്കുക, ഞാന്‍ അല്ലാഹുവിനെ നിഷേധിച്ചാല്‍ നിങ്ങള്‍ അനുസരിക്കേണ്ടതില്ല', 'ഞാന്‍ നന്മയിലാണെങ്കില്‍ എന്നെ സഹായിക്കുക, ഞാന്‍ വഴിതെറ്റിയാല്‍ എന്നെ നേരെയാക്കുക' ഇതെല്ലാമായിരുന്നു ഇസ്‌ലാമില്‍ ഭരണാധികാരം നിര്‍വഹിച്ചവരുടെ വാക്കുകള്‍. എല്ലാവരും തങ്ങളുടെ അധികാരത്തേക്കാളേറെ ഉത്തരവാദിത്തങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കുമാണ് പ്രാധാന്യം നല്‍കിയത്. സമൂഹത്തിന് എല്ലാ കാര്യങ്ങളിലുമവര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും ചെയ്തു.
അറബ് രാഷ്ട്രങ്ങളില്‍ സ്വാതന്ത്ര്യവും സമത്വവും നിഷേധിക്കുന്നതിലൂടെ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് അവസരം നല്‍കുക മാത്രമല്ല അറബ് ഏകാധിപതികള്‍ ചെയ്തത്, ഭരണകൂടങ്ങളുടെ ഈ അടിച്ചമര്‍ത്തലുകള്‍ വ്യത്യസ്ത രീതിയിലുള്ള തീവ്രവാദ ഗ്രൂപ്പുകളുണ്ടാകുന്നതിനും കാരണമായി. ഇത്തരം തീവ്രവാദ ഗ്രൂപ്പുകളില്‍നിന്നാണ് 'ദാഇശ്' പോലുള്ള സംഘങ്ങളും ഉണ്ടായിവന്നത്.
പാശ്ചാത്യ രാജ്യങ്ങളുടെ നിലപാടുകളും ഇത്തരം തീവ്രവാദ സംഘങ്ങളെ വളര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്. തങ്ങളുടെ രാജ്യത്ത് നീതിയും സമത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നതില്‍ പാശ്ചാത്യര്‍ പൂര്‍ണശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ അതേ കാര്യങ്ങള്‍ അറബ്-മുസ്‌ലിം നാടുകളിലുണ്ടാവണമെന്നവര്‍ക്ക് ആഗ്രഹമില്ല. എന്നു മാത്രമല്ല ജനാധിപത്യത്തിനെതിരെ ഏകാധിപത്യത്തെ പിന്തുണക്കുന്ന നിലപാടുകളാണ് പാശ്ചാത്യരവിടെ സ്വീകരിക്കുന്നത്. ഇത് യുവാക്കളില്‍ ജനാധിപത്യത്തെ കുറിച്ച് തന്നെ സംശയങ്ങളും നിരാശയുമുണ്ടാക്കുന്നു. അങ്ങനെ ഈ യുവാക്കള്‍ ക്രമേണ വിവിധ തീവ്രസംഘങ്ങളിലേക്കെത്തുന്നു.
ഇസ്‌ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ പരത്തുന്നതില്‍ പങ്കുവഹിച്ച മറ്റൊരു വിഭാഗം മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്ന് പാശ്ചാത്യ ലോകത്തേക്ക് കുടിയേറിയവരാണ്. രണ്ടാം ലോകയുദ്ധാനന്തരം പാശ്ചാത്യലോകത്ത് ജനസംഖ്യാ കുറവ് അനുഭവപ്പെട്ടു. തൊഴിലാളികളുടെ ലഭ്യതക്കുറവ് ഉല്‍പാദനത്തെയും മറ്റും ബാധിച്ചു. അതിന് പരിഹാരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളില്‍നിന്നും യമന്‍, സോമാലിയ പോലുള്ള രാജ്യങ്ങളില്‍നിന്നും ധാരാളമാളുകള്‍ ബ്രിട്ടനിലേക്ക് പോയി. ഉത്തരാഫ്രിക്കയില്‍നിന്നും പടിഞ്ഞാറന്‍ അറേബ്യയില്‍നിന്നും ഫ്രാന്‍സിലേക്കും ഹോളണ്ടിലേക്കും ബെല്‍ജിയത്തിലേക്കും കുടിയേറ്റങ്ങളുണ്ടായി. ഇതേ സമയത്തുതന്നെ ജര്‍മനി തുര്‍ക്കി തൊഴിലാളികളെ സ്വീകരിക്കാന്‍ തീരുമാനിച്ചു. കുടിയേറ്റങ്ങളിലൂടെ പാശ്ചാത്യ ലോകത്തെത്തിയവരില്‍ പല ബുദ്ധിശൂന്യരും അവരുടെ ദീനിനെയും വിശ്വാസങ്ങളെയും തള്ളിപ്പറഞ്ഞു. അങ്ങനെ അതിനെതിരായ പ്രചാരണങ്ങളില്‍ പങ്കാളികളായി.
ഇത്തരം കുടിയേറ്റക്കാരില്‍ മിക്കവരും തങ്ങളുടെ മതത്തെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്ന പെരുമാറ്റങ്ങളും ശൈലികളുമാണ് പാശ്ചാത്യരാജ്യങ്ങളില്‍ അനുവര്‍ത്തിച്ചത്. ദീനിനെയും അതിന്റെ അധ്യാപനങ്ങളെയും കുറിച്ച് നാമമാത്രമായ അറിവാണ് ഇവര്‍ക്കുണ്ടായിരുന്നത്. ദീനിനോടെന്നതിനേക്കാള്‍ തങ്ങളുടെ വംശീയമായ സ്വഭാവങ്ങളോടും പെരുമാറ്റങ്ങളോടുമായിരുന്നു അവര്‍ക്ക് ബന്ധമുണ്ടായിരുന്നത്. കുടിയേറ്റക്കാര്‍ തങ്ങളുടെ ആരാധനകളിലും മറ്റും നേതൃത്വം നല്‍കാനായി അവരവരുടെ രാജ്യത്തുനിന്നുള്ള ഇമാമുമാരെയാണ് സ്വീകരിച്ചത്. ഇത്തരം ഇമാമുമാര്‍ക്ക് പുതിയ ദേശത്തെ മനസ്സിലാക്കാനോ അവിടത്തെ അറിവുകളെ തിരിച്ചറിയാനോ സാധിച്ചില്ല. തങ്ങള്‍ താമസിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ഭാഷപോലും മനസ്സിലാക്കുന്നതില്‍ ഈ ഇമാമുമാര്‍ പരാജയമായിരുന്നു. അതിനാല്‍ ആ നാട്ടുകാര്‍ക്ക് ശരിയായ രീതിയില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.
പാശ്ചാത്യ നാടുകളിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ കാര്യമാണ് പറഞ്ഞത്. പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലുമായി മുസ്‌ലിം രാജ്യങ്ങളില്‍നിന്ന് വീണ്ടും കുടിയേറ്റ ഒഴുക്കുണ്ടായി. പഠനാവശ്യാര്‍ഥവും അഭയം തേടിയുമൊക്കെയായിരുന്നു ഈ ഘട്ടത്തിലെ കുടിയേറ്റം. മുസ്‌ലിം നാടുകളിലെ രാഷ്ട്രീയാസ്ഥിരതയും യുദ്ധങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു ആളുകളെ അഭയാര്‍ഥികളാകാന്‍ നിര്‍ബന്ധിച്ച ഘടകങ്ങള്‍. ഈ കുടിയേറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കെത്തന്നെ, മുമ്പ് കുടിയേറിയ മുസ്‌ലിംകളുടെ രണ്ടാം തലമുറ പാശ്ചാത്യ യൂനിവേഴ്‌സിറ്റികളിലും മറ്റും സാന്നിധ്യമറിയിച്ചിരുന്നു. എന്നാലും പുതുതായി പഠനാവശ്യാര്‍ഥം കുടിയേറുന്നവരെ അപേക്ഷിച്ച് കുറവായിരുന്നു അവരുടെ എണ്ണം. ഈ ഘട്ടത്തിലും ഇസ്‌ലാമിനെ കുറിച്ച് നല്ല സന്ദേശമല്ല മുസ്‌ലിംകള്‍ പാശ്ചാത്യര്‍ക്ക് നല്‍കിയത്. ഹോട്ടലുകളിലും നിശാക്ലബുകളിലും മദ്യശാലകളിലും ഹോളിവുഡ് സിനിമകളിലും മുഴുകി അവര്‍ കഴിഞ്ഞുകൂടി. തങ്ങളുടെ ദീനിനെയും സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് നിലവിലുള്ള തെറ്റിദ്ധാരണകളെ വര്‍ധിപ്പിക്കുക മാത്രമാണവര്‍ ചെയ്തത്.
തുടര്‍ന്നുള്ള കാലത്ത് പാശ്ചാത്യരാജ്യങ്ങളില്‍ മുസ്‌ലിംകള്‍ ചെറിയൊരു കൂട്ടമായിരുന്നില്ല. റോഡുകളിലും തെരുവുകളിലും ചന്തകളിലും വിനോദ-വിശ്രമ ഇടങ്ങളിലുമെല്ലാം പാശ്ചാത്യ ലോകത്തെ സാധാരണക്കാര്‍ മുസ്‌ലിംകളുമായി ഇടപഴകേണ്ടിവന്നു. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍നിന്നും വംശീയതകളില്‍നിന്നും രാജ്യങ്ങളില്‍നിന്നും വരുന്ന ഇവര്‍ പാശ്ചാത്യ ജനതയില്‍നിന്ന് വേറിട്ട മറ്റൊരു അസ്തിത്വം പുലര്‍ത്തുന്നതായി സാധാരണക്കാര്‍ക്ക് അനുഭവപ്പെട്ടു. അവരുടെ ദീനിനെയും സംസ്‌കാരത്തെയും മനസ്സിലാക്കാനുള്ള പ്രധാന മാര്‍ഗവും ഇതായി.
മുസ്‌ലിംകളിലെ പുതുതലമുറയായ വിദ്യാര്‍ഥികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യ ലോകത്ത് ക്രിയാത്മകമായ വലിയ പ്രതികരണങ്ങളാണുണ്ടാക്കിയത്. പ്രത്യേകിച്ചും എഴുപതുകള്‍ക്കു ശേഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ഈ സ്ഥിതി തുടര്‍ന്നു. പാശ്ചാത്യ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തീകരിക്കുകയും അവിടെ ജീവിതവും ജോലിയും തുടരുകയും ചെയ്ത മുസ്‌ലിംകള്‍ സാധാരണക്കാര്‍ക്ക് തങ്ങളുടെ ദീനിനെയും സംസ്‌കാരത്തെയും സുന്ദരമായി പരിചയപ്പെടുത്തുന്നതില്‍ വിജയിച്ചു. തങ്ങളുടെ അസ്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ പരസ്പര സഹകരണവും ഒന്നിച്ചുള്ള ജീവിതവും സാധ്യമാക്കുന്നതില്‍ ഈ തലമുറ വിജയംകണ്ടു. അത് പാശ്ചാത്യലോകത്തെ ഇസ്‌ലാമിന്റെ വ്യാപനത്തിനും വളര്‍ച്ചക്കും സഹായകമായി. ഈ കാലത്ത് മുസ്‌ലിം ലോകത്തുണ്ടായ പല പ്രശ്‌നങ്ങളിലും ക്രിയാത്മകമായി ഇടപെട്ട് പരിഹാരങ്ങളുണ്ടാക്കാന്‍ പോലും പാശ്ചാത്യ ലോകത്തെ മുസ്‌ലിംകള്‍ക്ക് സാധിച്ചു.
2001 സെപ്റ്റംബര്‍ 11-ലെ ആക്രമണമാണ് പിന്നെ ഈ അവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കിയത്. പിന്നെ മീഡിയയും മറ്റുമുപയോഗിച്ച് ഇസ്‌ലാമിനെതിരെ കടന്നാക്രമണങ്ങള്‍ വ്യാപകമായി. അഫ്ഗാനിസ്താന്‍, ഇറാഖ് പോലുള്ള രാഷ്ട്രങ്ങള്‍ക്കു നേരെ പാശ്ചാത്യരുടെ സൈനിക നടപടികളുണ്ടായി. പാശ്ചാത്യ രാജ്യങ്ങള്‍ വ്യവസ്ഥാപിതമായ പ്രചാരണയുദ്ധത്തിലും ഏര്‍പ്പെട്ടു. ഭീകരതക്കെതിരായുള്ള യുദ്ധം കൂടുതല്‍ ഭീകരരെ ഉണ്ടാക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാശ്ചാത്യലോകത്ത് ജനിച്ചു വളര്‍ന്ന യുവാക്കള്‍ പോലും ഇത്തരം ഗ്രൂപ്പുകളിലേക്ക് ആകൃഷ്ടരായി. മറുവശത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ പ്രചാരണത്തിന് മാത്രമായി പാശ്ചാത്യര്‍ പ്രത്യേക പഠനകേന്ദ്രങ്ങള്‍ തന്നെ തുറക്കുകയും ചെയ്തു. ഇതെല്ലാം ഇസ്‌ലാമിന്റെ മുഖം കൂടുതല്‍ വികൃതമാക്കാന്‍ കാരണമായി.
അതിനു ശേഷമാണ് പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ ദശകത്തിന്റെ അവസാനത്തോടെ അറേബ്യന്‍ മുസ്‌ലിം രാജ്യങ്ങളില്‍ പുതിയ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നത്. തുനീഷ്യയില്‍നിന്ന് തുടങ്ങി വിവിധ അറബ് രാജ്യങ്ങളില്‍ അത് വ്യാപിച്ചു. പാശ്ചാത്യ രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ തങ്ങളുടെ രാജ്യങ്ങളിലെ ഈ ചലനങ്ങളെ പ്രതീക്ഷയോടെയാണ് കണ്ടത്. ഏകാധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്കും ജനാധിപത്യത്തിലേക്കും തങ്ങളുടെ ജന്മദേശങ്ങള്‍ ഉയര്‍ന്നുവരുന്നത് അവര്‍ സ്വപ്‌നം കണ്ടു. അതിന്റെ ഭാഗമായി യൂറോപ്പിലെയും മറ്റും ധാരാളം നഗരങ്ങളില്‍ അറബ് വസന്തത്തെ പിന്തുണച്ച് പ്രകടനങ്ങള്‍ നടന്നു. അത്തരം കൂടിച്ചേരലുകളില്‍ ഞാനും പങ്കാളിയായിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു ജനാധിപത്യ മുന്നേറ്റം പല തരത്തിലുള്ള ഗൂഢാലോചനകളിലൂടെ അട്ടിമറിക്കപ്പെട്ടു. ഇസ്‌ലാമോ രാഷ്ട്ര ഘടനയോ ഇല്ലാത്ത ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ ഇവയെയെല്ലാം അടിച്ചൊതുക്കി. വ്യാപകവും പരസ്യവുമായ പകപോക്കലുകളാണ് തുടര്‍ന്ന് അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ അരങ്ങേറിയത്. ഭീകരരെന്ന് മുദ്രകുത്തപ്പെട്ടവര്‍ ചെയ്തതിനേക്കാള്‍ വലിയ ഭീകര കൃത്യങ്ങളാണ് തെരുവിലിറങ്ങിയവര്‍ക്കെതിരെയുണ്ടായത്. ഇത് യുവാക്കളെയും യുവതികളെയും ദാഇശ് പോലുള്ള ഭീകരഗ്രൂപ്പുകളിലേക്ക് എത്തിക്കുകയും ചെയ്തു.
ഈ ജനാധിപത്യ മുന്നേറ്റങ്ങള്‍ കുറച്ചുകൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ ലോകത്തിന് ഇസ്‌ലാമിന്റെ സുന്ദര മുഖം കാണാനാകുമായിരുന്നു. ആധുനിക ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഇസ്‌ലാമികമായി നടപ്പാക്കുന്നതിന്റെ മാതൃകകളാകുമായിരുന്നു അവ. സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍, നിയമവാഴ്ച, നിയമത്തിന് മുന്നിലെ തുല്യത, അധികാരത്തിലുള്ള ന്യൂനപക്ഷത്തിന്റെ താല്‍പര്യ സംരക്ഷണത്തിനു പകരം ഭൂരിപക്ഷത്തിന്റെ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം, അധികാര വികേന്ദ്രീകരണം, പൊതുജനാഭിപ്രായങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതെല്ലാം പുലരുന്നത് കാണാന്‍ സാധിക്കുമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രൗഢി വീണ്ടും ലോകത്തിന് കാണാമായിരുന്നു. എന്നാല്‍ ഇവയെല്ലാം അട്ടിമറിക്കപ്പെട്ടു.
മുസ്‌ലിം ലോകത്തെ ഏകാധിപതികള്‍ തന്നെയായിരുന്നു ഈ അട്ടിമറിക്കു മുന്നില്‍. അവരെ എല്ലാ തരത്തിലും പിന്തുണച്ച് പാശ്ചാത്യരായ സഖ്യകക്ഷികള്‍ പിന്നില്‍ നിന്നു. എല്ലാം നിയന്ത്രിച്ചുകൊണ്ട് സയണിസ്റ്റുകളും.
ഇവിടെ ജനാധിപത്യത്തിനു വേണ്ടി പോരാടുകയെന്നതുതന്നെയാണ് മുന്നിലുള്ള പരിഹാരമാര്‍ഗം. അതിനായി ധീരമായി അണിനിരക്കുക. തീവ്രവാദങ്ങളില്‍നിന്നും ഭീകരവാദങ്ങളില്‍നിന്നും രക്ഷനേടാനും അതിലേക്ക് നയിക്കുന്ന നിരാശയും നിന്ദ്യതയും ഇല്ലാതാക്കാനും ജനാധിപത്യ പോരാട്ടമാണ് വഴി.
തീവ്രതയിലേക്കും നിഗൂഢപ്രവര്‍ത്തനങ്ങളിലേക്കുമുള്ള പോക്ക് ഒരു ഉപകാരവും ചെയ്യില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഈ സംഘര്‍ഷാവസ്ഥകളെ രൂക്ഷമാക്കുകയേയുള്ളൂ. മാത്രമല്ല, ഏകാധിപതികള്‍ക്കും നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും ജനാധിപത്യ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ അത് അവസരം നല്‍കും. ഇവിടെ തീവ്രവാദവും ഏകാധിപത്യവും ഒരേ പ്രവൃത്തിയുടെ രണ്ട് പുറങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്. ഏകാധിപത്യത്തിന്റെയും അടിച്ചമര്‍ത്തലുകളുടെയും ഫലമായി തീവ്രവാദവും ഭീകരവാദവുമുണ്ടാകുന്നു. ഏകാധിപതികളാകട്ടെ, തങ്ങളുടെ നിലനില്‍പിന് തീവ്രവാദത്തെയും ഭീകരവാദത്തെയും അടിച്ചമര്‍ത്താനെന്ന വ്യാജേന തങ്ങളുടെ എല്ലാ അതിക്രമങ്ങളെയും ന്യായീകരിക്കുന്നു. ഇതൊരു പേടിപ്പെടുത്തുന്ന ചാക്രികപ്രവര്‍ത്തനമായി അറ്റമില്ലാതെ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
വിവ: ജുമൈല്‍ കൊടിഞ്ഞി
Comments