Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

ബദ്‌റിലെ പോരാട്ടം

ഡോ. മുഹമ്മദ് ഹമീദുല്ല

മുഹമ്മദുന്‍ റസൂലുല്ലാഹ്-30

 

ആയിരക്കണക്കിന് ഒട്ടകങ്ങളുടെ പുറത്ത് ധാരാളം കച്ചവടച്ചരക്കുമായി വന്ന കാരവന്‍ പിടികൊടുക്കാതെ രക്ഷപ്പെട്ടുവെന്ന വിവരം പ്രവാചകന് ലഭിച്ചുവെങ്കിലും അദ്ദേഹം ഉടനടി മദീനയിലേക്ക് തിരിച്ചുപോയില്ല. മേഖലയിലെ ഗോത്രങ്ങളുമായി പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിത്തന്നെയാണ് അദ്ദേഹം അവിടെ തങ്ങിയത്. ഏതാണ്ട് പത്തു ദിവസം കഴിഞ്ഞപ്പോള്‍ ഖുറൈശിസൈന്യം വരുന്നുണ്ടെന്ന് വിവരം കിട്ടി. അവിടെത്തന്നെ നില്‍ക്കാനും നേരിടാനും തന്നെയായിരുന്നു പ്രവാചകന്റെ തീരുമാനം. തന്റെ സൈന്യത്തേക്കാള്‍ മൂന്നിരട്ടി വരുന്ന ഖുറൈശിസൈന്യത്തെ നേരിട്ടപ്പോള്‍- യുദ്ധത്തിന്റെ സൈനിക വിശദാംശങ്ങളിലേക്ക് നാം കടക്കുന്നില്ല1- പലതരം യുദ്ധതന്ത്രങ്ങള്‍ പുറത്തെടുക്കുകയുണ്ടായി പ്രവാചകന്‍. ആ യുദ്ധത്തില്‍ ഖുറൈശികളെ കാത്തിരുന്നത് കനത്ത തോല്‍വിയായിരുന്നു. അവരില്‍നിന്ന് എഴുപതു പേര്‍ കൊല്ലപ്പെടുകയും അത്രത്തോളം പേര്‍ തടവുകാരായി പിടിക്കപ്പെടുകയും ചെയ്തു. മുസ്‌ലിംകളില്‍നിന്ന് പതിനാലു പേര്‍ക്ക് മാത്രമാണ് ആളപായമുണ്ടായത്.

ചില ചരിത്ര വസ്തുതകള്‍ ഇവിടെ ഓര്‍മിക്കപ്പെടണം. ഖുറൈശികള്‍ യുദ്ധത്തിന് വന്നപ്പോള്‍ മക്കയിലെ2 സുഹ്‌റ ഗോത്രത്തില്‍നിന്നുള്ള ഒരാള്‍ പോലും അവരോടൊപ്പം ചേര്‍ന്നില്ല. അവര്‍ പൂര്‍ണമായും വിട്ടുനിന്നു. പ്രവാചകന്റെ മാതാവ് ഈ ഗോത്രക്കാരിയായതുകൊണ്ടായിരുന്നില്ല അത്. സമാധാനവാദിയായ അഖ്‌നസു ബ്‌നു ശരീഖിന്റെ ഇടപെടല്‍ കാരണമായിരുന്നു. ഖുറൈശിസൈന്യത്തില്‍ അദിയ്യ് ഗോത്രവും ഉണ്ടായിരുന്നില്ല. അദിയ്യ് ഗോത്രവുമായി ബന്ധുത്വമുള്ള ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ സ്വാധീനമാകാം അതിനു കാരണം. മുസ്അബു ബ്‌നു ഉമൈര്‍ എന്ന അബ്ദരി ഗോത്രക്കാരനായിരുന്നു3 മുസ് ലിം സൈന്യത്തിന്റെ പതാകവാഹകന്‍. മക്കയില്‍ പരമ്പരാഗതമായി ആ ജോലി ചെയ്തുവരുന്നത് ഈ കുടുംബക്കാരായിരുന്നു. ഈ ദൗത്യത്തിന് മുസ്അബിനെ തെരഞ്ഞെടുത്തശേഷം പ്രവാചകന്‍ ഇങ്ങനെ പറയുകയും ചെയ്തു: 'മക്കയിലെ അവിശ്വാസികള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ നാം ഈ കുടുംബത്തിന്റെ അവകാശങ്ങള്‍ വകവെച്ചുകൊടുത്തിട്ടുണ്ട്.' മുന്‍കാലങ്ങളില്‍ ഖുറൈശികളുടെ സന്ദേശവാഹകനായി പോകാറുള്ള ഉമറുബ്‌നുല്‍ ഖത്ത്വാബിനെത്തന്നെയാണ്, ഖുറൈശികളോട് സമാധാനപരമായി തിരിച്ചുപോകണം എന്നു അഭ്യര്‍ഥിക്കാനായി പ്രവാചകന്‍ പറഞ്ഞയക്കുന്നത്. പക്ഷേ, യുദ്ധം ചെയ്‌തേ അടങ്ങൂ എന്ന വാശിയിലായിരുന്നു മക്കക്കാര്‍. ചാരപ്പണി കൂടി നടത്തുന്ന ഒരു ദൂതനെ ഖുറൈശികള്‍ പ്രവാചകനെ കാണാനായി അയക്കുകയും ചെയ്തു.4 ഹി. അഞ്ചാം വര്‍ഷം നടന്ന ഹുദൈബിയ സംഭവത്തിലും പ്രവാചകന്‍ ദൗത്യവാഹകനായി നിയോഗിക്കുന്നത് ഉമറിനെത്തന്നെയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ ഉമറിന് ആ ദൗത്യം ഏറ്റെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാത്രമാണ് ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) അത് ഏല്‍ക്കുന്നത്.5 ഇതെല്ലാം സൂചിപ്പിക്കുന്നത്, പലായനം ചെയ്‌തെത്തിയ പ്രവാചകന്‍ മക്കയിലെ ഭരണസംവിധാനത്തിന്റെ യഥാര്‍ഥ അവകാശി താനാണെന്ന് സൂചിപ്പിക്കുന്ന വിധത്തില്‍ മദീനയില്‍ അതിന്റെയൊരു പതിപ്പ് പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ്. മക്കയുടെ ഈ നിയമാനുസൃത(Dejure) അവകാശി ഒടുവില്‍ അതിന്റെ യഥാര്‍ഥ(Defacto) ഭരണാധികാരി ആയിത്തീരുകയും ചെയ്തു. ഈ അനുമാനത്തെ ശരിവെക്കുന്ന വിധത്തില്‍ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ടെന്നാണ് എന്റെ പക്ഷം. മക്കയിലെ അവിശ്വാസികളെ വിമര്‍ശിക്കവെ ഖുര്‍ആന്‍ പറഞ്ഞു: ''എന്നാലിപ്പോള്‍ എന്തിന് അല്ലാഹു അവരെ ശിക്ഷിക്കാതിരിക്കണം? അവര്‍ മസ്ജിദുല്‍ ഹറാമില്‍നിന്ന് വിശ്വാസികളെ തടഞ്ഞുകൊണ്ടിരിക്കുന്നു. അവരാണെങ്കില്‍ അതിന്റെ മേല്‍നോട്ടത്തിനര്‍ഹരല്ല താനും. ദൈവഭക്തന്മാരല്ലാതെ അതിന്റെ കൈകാര്യകര്‍ത്താക്കളാകാവതല്ല...'' (8:34).

ബദ്ര്‍ യുദ്ധത്തെക്കുറിച്ച് പറയുമ്പോള്‍ ഖുര്‍ആന്‍ പലയിടത്തും അതില്‍ മലക്കുകള്‍ പങ്കാളികളായിരുന്നു എന്നു വ്യക്തമാക്കുന്നുണ്ട് (3:124-6, 8:9, 92:26, 33:9). യുദ്ധത്തില്‍ മുസ്‌ലിം പക്ഷത്തായിരുന്നു അവര്‍ നിലയുറപ്പിച്ചത്. ഇതില്‍ ആദ്യത്തെ ഖുര്‍ആനിക പരാമര്‍ശം മുഴുവനായി നാമിവിടെ ചേര്‍ക്കുകയാണ്. ബദ്‌റിലെ പോരാട്ട ഭൂമിയെക്കുറിച്ചാണത്. ആ ഭാഗം ഇങ്ങനെ: ''താങ്കള്‍ സത്യവിശ്വാസികളോട് പറഞ്ഞ സന്ദര്‍ഭം: 'നിങ്ങളുടെ നാഥന്‍ മൂവായിരം മലക്കുകളെ ഇറക്കി നിങ്ങളെ സഹായിക്കുന്നത് നിങ്ങള്‍ക്ക് മതിയാവില്ലേ?' സംശയം വേണ്ട, നിങ്ങള്‍ ക്ഷമയവലംബിക്കുകയും സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ ശത്രുക്കള്‍ ഈ നിമിഷം തന്നെ നിങ്ങളുടെ അടുത്ത് വന്നെത്തിയാലും നിങ്ങളുടെ നാഥന്‍, പ്രത്യേക അടയാളങ്ങളുള്ള അയ്യായിരം മലക്കുകളാല്‍ നിങ്ങളെ സഹായിക്കും. അല്ലാഹു ഇവ്വിധം അറിയിച്ചത് നിങ്ങള്‍ക്കൊരു ശുഭവാര്‍ത്തയാണ്; നിങ്ങളുടെ മനസ്സുകള്‍ ശാന്തമാകാനും. യഥാര്‍ഥ സഹായം പ്രതാപിയും യുക്തിമാനുമായ അല്ലാഹുവില്‍നിന്ന് മാത്രമാണ്'' (3: 124-6).

ബദ്‌റില്‍ ശത്രുക്കള്‍ 950 മാത്രമാണ്. ഇവിടെ പറയുന്നത് മുവ്വായിരം മുതല്‍ അയ്യായിരം മലക്കുകളെക്കുറിച്ചാണ്. ഈ ലോകം തന്നെ ചാമ്പലാക്കാന്‍ ഒരു മലക്ക് മാത്രം മതിയാണെന്നിരിക്കെ, ഈ മലക്കുകളുടെ സാന്നിധ്യം, പ്രവാചകനും അനുയായികളും കാഴ്ചവെച്ച ത്യാഗങ്ങള്‍ക്കുള്ള അംഗീകാരവും പ്രോത്സാഹനവുമായി മനസ്സിലാക്കാം. 'അല്ലാഹു ഇത് ചെയ്തത് ഒരു ശുഭവാര്‍ത്തയായിട്ടാണ്' (8:9) എന്ന പരാമര്‍ശവും ഈ ആശയം തന്നെയാണ് ധ്വനിപ്പിക്കുന്നത് എന്നു തോന്നുന്നു.

യുദ്ധാനന്തരം പ്രവാചകന്‍ യുദ്ധത്തടവുകാരെ എന്ത് ചെയ്യണമെന്ന കാര്യം അനുയായികളുമായി കൂടിയാലോചിക്കുന്നു. അതാണ് തുടര്‍ന്നു വന്നിരുന്ന രീതി. എല്ലാ തടവുകാരെയും വധിക്കണമെന്ന് പ്രമുഖരുടെ ഒരു സംഘം വാദിച്ചു. കുടുംബത്തിന്റെ ശത്രുത ഒഴിവാക്കാന്‍ ഓരോ തടവുകാരനെയും വധിക്കേണ്ടത് മുസ്‌ലിംകളില്‍ അയാളുടെ ഏറ്റവും അടുത്ത ബന്ധുവായിരിക്കണം എന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ അഭിപ്രായം സ്വീകരിക്കാതെ പ്രവാചകന്‍ അബൂബക്ര്‍ (റ) പറഞ്ഞ അഭിപ്രായത്തോടൊപ്പം നിന്നു. നിശ്ചിത തുക നഷ്ടപരിഹാരം വാങ്ങി അവരെ വിട്ടയക്കാം എന്നായിരുന്നു അബൂബക്ര്‍ നിര്‍ദേശിച്ചത്.6 സാക്ഷരരായ തടവുകാരെ, അവര്‍ മുസ്‌ലിംകളിലെ പത്തു കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിച്ചാല്‍ വിട്ടയക്കാമെന്നും ധാരണയായി.7 സ്വന്തം നിലക്കോ കൂട്ടുകാരുടെ സഹായത്തോടെയോ നഷ്ടപരിഹാരത്തുക സമാഹരിക്കാന്‍ കഴിയാതെ വന്ന ചിലരെ വെറുതെ വിട്ടയക്കുകയുമുണ്ടായിട്ടുണ്ട്.8 കവി അബു അസ്സയുടെ മോചനം അതിന് ഉദാഹരണമാണ് (പക്ഷേ, ഇനിമേല്‍ ഇസ്‌ലാംവിരുദ്ധ പ്രവൃത്തികളില്‍ താന്‍ ഏര്‍പ്പെടില്ല എന്ന് നബിക്ക് കൊടുത്ത വാക്ക് അയാള്‍ ലംഘിക്കുകയാണുണ്ടായത്. ഉഹുദ് യുദ്ധത്തിലും പിടിക്കപ്പെട്ട അയാള്‍ പിന്നീട് വധിക്കപ്പെടുകയുണ്ടായി).9

യുദ്ധത്തില്‍ മരിച്ച ശത്രുക്കളുടെ മൃതദേഹങ്ങള്‍ വികലപ്പെടുത്തരുതെന്ന് പ്രവാചകന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുകയുണ്ടായി. മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ മാത്രമല്ല, ശത്രുക്കളുടെ മൃതദേഹങ്ങളും മുസ്‌ലിംകള്‍ തന്നെയാണ് മറവു ചെയ്തത്; രണ്ട് രീതിയിലാണെന്നു മാത്രം.10 യുദ്ധമുന്നണിയില്‍നിന്ന് വിടവാങ്ങിയ ഉടന്‍ പ്രവാചകന്‍ ചെയ്തത് യുദ്ധത്തടവുകാരെ വിശ്വാസികള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. തടവുകാരുടെ എല്ലാ കാര്യങ്ങളും അവര്‍ ശ്രദ്ധിക്കണം; അവരോട് നല്ല നിലക്കേ പെരുമാറാവൂ.11 വസ്ത്രമാവശ്യമുള്ളവര്‍ക്ക് വസ്ത്രം നല്‍കി.12 മുസ്‌ലിംകളും തടവുകാരും ഭക്ഷണം പങ്കിട്ടാണ് കഴിച്ചിരുന്നത്. കൈവശമുള്ള റൊട്ടിയെല്ലാം തടവുകാര്‍ക്ക് നല്‍കി, ഏതാനും കാരക്കച്ചുളകള്‍ മാത്രം തിന്ന് തൃപ്തിപ്പെട്ട് പ്രവാചക നിര്‍ദേശത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിച്ച ചില വിശ്വാസികളും ഉണ്ടായിരുന്നു.13 തടവുകാര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നല്‍കേണ്ടത് ഇസ്‌ലാമിക ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.14 അതേസമയം മക്കയില്‍ വെച്ച് മുസ്‌ലിംകളെ കൊല ചെയ്ത രണ്ട് തടവുകാര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്തിരുന്നു.15

യുദ്ധക്കളത്തില്‍ മരിച്ചുവീണവരില്‍ അബൂജഹ്ല്‍ ഉള്‍പ്പെടെ മക്കയിലെ നിരവധി പ്രമുഖര്‍ ഉണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല, അബൂലഹബ് ഈ യുദ്ധത്തില്‍ പങ്കെടുക്കുകയുണ്ടായില്ല. പകരം ഒരു കൂലിപ്പട്ടാളക്കാരനെ അയക്കുകയാണുണ്ടായത്.16 അങ്ങനെയൊരു സമ്പ്രദായം അക്കാലത്ത് ഉണ്ടായിരുന്നു.

ഈ വലിയ വിജയത്തില്‍ മുസ്‌ലിംകള്‍ക്ക് വളരെയധികം സന്തോഷവും ആഹ്ലാദവുമുണ്ടാവുക സ്വാഭാവികം. പക്ഷേ, ഖുര്‍ആന്‍ അവരെ ഉടനടി ഓര്‍മപ്പെടുത്തുന്നത്, പ്രവാചകന്റെ സൈനികാസൂത്രണ മികവോ മുസ്‌ലിംകളുടെ ധീരതയോ ഒന്നുമല്ല, അല്ലാഹുവിന്റെ അനുഗ്രഹവും കടാക്ഷവുമാണ് വിജയത്തിന് നിദാനമായിത്തീര്‍ന്നത് എന്നാണ്. 'നിങ്ങള്‍ (അമ്പ്) എയ്തപ്പോള്‍, നിങ്ങളല്ല എയ്തത്, അല്ലാഹുവാണ് എയ്തത്' എന്ന് ഖുര്‍ആന്‍17 അവരെ ഓര്‍മപ്പെടുത്തി.

ഈ ഒന്നാമത്തെ സായുധ സംഘട്ടനത്തില്‍ പ്രവാചകന്‍ അനുവര്‍ത്തിച്ച മനുഷ്യത്വപരമായ സമീപനങ്ങള്‍ പിന്നീടൊരിക്കലും മാറുകയുണ്ടായില്ല. അതാണ് പിന്നീട് ഇസ്‌ലാമിന്റെ യുദ്ധ നിയമങ്ങളായി ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. യുദ്ധക്കളത്തിലെ ശത്രുവിനോടും മുറിവേറ്റ ശത്രുവിനോടും വധിക്കപ്പെട്ടവരോടും വനിതയായ ശത്രുവിനോടും കുട്ടികളോടും പ്രായമായവരോടും രോഗികളോടും വേലക്കാരോടും അതുപോലുള്ള പടയാളികളല്ലാത്ത മറ്റു ആശ്രിതരോടും എങ്ങനെ പെരുമാറണമെന്നും യുദ്ധമുതല്‍ എന്തു ചെയ്യണമെന്നുമൊക്കെ ബദ്‌റാണ് നമ്മെ പഠിപ്പിക്കുന്നത്. രക്തച്ചൊരിച്ചില്‍ പരമാവധി കുറക്കുക, സ്വത്തുധനാദികള്‍ നശിപ്പിക്കുന്നത് പരമാവധി ഒഴിവാക്കുക- ഇതായിരുന്നു പ്രവാചക നിര്‍ദേശത്തിന്റെ കാതല്‍. തന്റെ ഒപ്പമുള്ള വിശ്വാസികളുടെ പ്രശ്‌നങ്ങളും വളരെ അനുകമ്പയോടെയാണ് അദ്ദേഹം നോക്കിക്കണ്ടത്. യുദ്ധത്തിന് ഒരുങ്ങുന്ന സന്ദര്‍ഭത്തില്‍, ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭാര്യ കടുത്ത രോഗബാധിതയാണെന്ന് പ്രവാചകന്‍ അറിയാനിടവന്നു. അദ്ദേഹത്തിന് ഭാര്യയോടൊപ്പം മദീനയില്‍ തങ്ങാന്‍ അനുവാദം നല്‍കുക മാത്രമല്ല പ്രവാചകന്‍ ചെയ്തത്. ബദ്‌റിലെ സമരാര്‍ജിത സമ്പത്തിന്റെ ഒരു വിഹിതം അദ്ദേഹത്തിന് നല്‍കുക കൂടി ചെയ്തു. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ലഭിച്ച അതേ വിഹിതം.18 അതുപോലെ, മറ്റൊരു അനുചരന്‍ അബൂഉമാമ പ്രവാചകനോടൊപ്പം ബദ്‌റിലേക്ക് പുറപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ മാതാവിന് തീരെ സുഖമുണ്ടായിരുന്നില്ല. ബദ്‌റിലെ അവസരം നഷ്ടമാകാതിരിക്കാനാണ് മാതാവിനെ വിട്ടുപോന്നത്. വിവരമറിഞ്ഞ പ്രവാചകന്‍ ഉടന്‍ തന്നെ അദ്ദേഹത്തോട് മദീനയിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം തിരിച്ചുചെന്നപ്പോഴേക്കും മാതാവ് ഇഹലോകവാസം വെടിഞ്ഞിരുന്നു.19 ഉമ്മു വറഖ എന്ന വനിതക്ക് ബദ്ര്‍ യുദ്ധവേളയില്‍ പരിക്കേറ്റവരെ ശുശ്രൂഷിച്ചുകൊണ്ട് ദൈവമാര്‍ഗത്തില്‍ സേവനം ചെയ്യാന്‍ അതിയായ ആഗ്രഹം. യുദ്ധത്തില്‍ രക്തസാക്ഷിയാകാനും അവര്‍ കൊതിച്ചിരുന്നു. ഉമ്മു വറഖ ഒരു നാള്‍ രക്തസാക്ഷിയായിക്കൊണ്ടാണ് ഇഹലോകം വെടിയുക എന്ന് അന്നേരം നബി പ്രവചിച്ചെങ്കിലും, ബദ്ര്‍ എന്ന അത്യന്തം സാഹസികമായ ആ പോരാട്ടത്തില്‍ പങ്കുകൊള്ളാന്‍ പ്രവാചകന്‍ ആ ധീരയുവതിക്ക് അനുമതി നല്‍കിയില്ല.20 ഖുളാഅക്കാരിയായ ഉമ്മു കബ്ശ അല്‍ ഉദ്‌രിയ്യ എന്ന വനിതയും യുദ്ധത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, അവരെയും പ്രവാചകന്‍ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.21

ബദ്‌റില്‍ ഒട്ടുമിക്ക ഖുറൈശിപ്രമുഖരും വധിക്കപ്പെട്ടതോടെ, വലിയ കച്ചവടസംഘവുമായി മുസ്‌ലിംകളുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ട അബൂസുഫ്‌യാനായിത്തീര്‍ന്നു മക്കയുടെ പ്രധാന നേതാവ്. തന്റെ മകനും മരുമകനും ഭാര്യാപിതാവും ബദ്‌റില്‍ വധിക്കപ്പെട്ടിരുന്നതിനാല്‍ അദ്ദേഹം ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടായിരുന്നു. ഇതിന് പ്രതികാരം ചെയ്യാതെ താന്‍ ഭാര്യയെ സമീപിക്കുകയോ തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഒട്ടും ശ്രദ്ധിക്കുകയോ ഇല്ലെന്ന്. അദ്ദേഹത്തിന്റെ ഭാര്യയും ഒരു പ്രതിജ്ഞ എടുത്തിരുന്നു; തന്റെ അടുത്ത ബന്ധുക്കളെ വധിച്ചവരുടെ കരള്‍ താന്‍ ചവച്ചരക്കും!

ബദ്‌റിലെ വിജയം മദീനയിലെ മുസ്‌ലിംകളുടെ മതപരവും രാഷ്ട്രീയവുമായ അടിത്തറ കുറേക്കൂടി ഭദ്രമാക്കി. ബദ്ര്‍ പോരാട്ടം ആരംഭിക്കുന്നതിനു മുമ്പ് അല്ലാഹുവിന് മുമ്പില്‍ സാഷ്ടാംഗം വീണുകൊണ്ട് പ്രവാചകന്‍ സഹായം കേണപേക്ഷിച്ചതില്‍ ഒട്ടും അതിശയോക്തി ഇല്ല. 'അല്ലാഹുവേ, ഈ ചെറിയ സംഘം നാശമടയുന്ന പക്ഷം നിനക്ക് വിധേയപ്പെടാന്‍ ഭൂമുഖത്ത് ആരുമുണ്ടാവുകയില്ല' എന്നായിരുന്നു നബി(സ) സങ്കടപ്പെട്ടത്.22

മക്കയില്‍ പ്രതികാര ചിന്തയും അമര്‍ഷവും വളരെയേറെ മൂര്‍ഛിച്ചുപോയിരുന്നു. കൊല്ലപ്പെട്ടവരുടെ പേരിലുള്ള ഔപചാരിക ദുഃഖാചരണം പോലും അവര്‍ തടഞ്ഞു.23 പ്രതികാര യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു. മുസ്‌ലിംകളെ സാമ്പത്തികമായി ശക്തിപ്പെടുത്തുമെന്നതിനാല്‍ നഷ്ടപരിഹാരത്തുക നല്‍കി തങ്ങളുടെ തടവുകാരെ മോചിപ്പിക്കാന്‍ പോലും മക്കക്കാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. പക്ഷേ, സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍, ബന്ധുക്കളായ തങ്ങളുടെ തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി രഹസ്യനീക്കം തുടങ്ങിയതോടെ ആ തീരുമാനം അവര്‍ ഉപേക്ഷിക്കുകയാണുണ്ടായത്. മാത്രവുമല്ല, സൈന്യത്തെ സംഘടിപ്പിക്കുന്ന സമയമായതിനാല്‍ വിട്ടുകിട്ടുന്ന തടവുകാരെ ആ സൈന്യത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യാം. അബൂസുഫ്‌യാന്റെ നിര്‍ദേശപ്രകാരം മറ്റൊരു തീരുമാനവും കൂടി അവര്‍ എടുത്തു. താന്‍ മുസ്‌ലിം സൈനികരുടെ പിടിയില്‍ പെടാതെ രക്ഷപ്പെടുത്തിയെടുത്ത കച്ചവടസംഘത്തില്‍ മുതല്‍ മുടക്കിയ ഓരോരുത്തരും അവരുടെ മൂലധനം മാത്രമേ തിരിച്ചുവാങ്ങാവൂ. അതിന്റെ മുഴുവന്‍ ലാഭവും യുദ്ധച്ചെലവുകള്‍ക്ക് നീക്കിവെക്കും. ഇങ്ങനെ രണ്ടര ലക്ഷം ദിര്‍ഹം അവര്‍ സമാഹരിക്കുകയുണ്ടായി.24 പക്ഷേ, അത്രത്തോളം തുക തന്നെ തടവുകാരെ മോചിപ്പിക്കുന്നതിനു വേണ്ടി അവര്‍ക്ക് നല്‍കേണ്ടതായും വന്നു. ഓരോ തടവുകാരനും 4,000 ദിര്‍ഹം വെച്ചാണ് അവര്‍ നഷ്ടപരിഹാരത്തുക നല്‍കേണ്ടിയിരുന്നത്. തടവുകാര്‍ മൊത്തം എഴുപത് പേരുണ്ടായിരുന്നല്ലോ. കൂലിപ്പട്ടാളക്കാരെ അയച്ചുതരാന്‍ മക്കക്കാര്‍ വിവിധ ഗോത്രങ്ങളിലേക്ക് ദൂതന്മാരെ പറഞ്ഞയക്കുന്നുമുണ്ടായിരുന്നു.

ഈ സമയത്താണ് അബൂസുഫ്‌യാന്‍ ഏതാനും സുഹൃത്തുക്കളുമൊന്നിച്ച് മക്ക വിടുന്നത്. അതിക്രമങ്ങള്‍ നിഷിദ്ധമായ കഅ്ബാ തീര്‍ഥാടനകാലമായിരുന്നു അത്. ഈ സംഘം വളരെ രഹസ്യമായി മദീനയിലേക്കാണ് പുറപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് യാത്ര. മദീനയിലേക്ക് ഒരു ദിവസം വഴിദൂരമുള്ള നീബ് കുന്നിന്റെ ചെരുവില്‍ തന്റെ കൂടെയുള്ളവരെ നിര്‍ത്തി, രാത്രി ഒറ്റക്കാണ് പിന്നീട് അബൂസുഫ്‌യാന്‍ യാത്ര തുടര്‍ന്നത്. എത്തിച്ചേര്‍ന്നത് മദീനയിലെ നളീര്‍ എന്ന ജൂതഗോത്രത്തിന്റെ തലവന്‍ സല്ലാമുബ്‌നു മിശ്കമിന്റെ വീട്ടില്‍. സല്ലാം നല്ലൊരു സദ്യയൊരുക്കി. തന്റെ രഹസ്യ പദ്ധതികള്‍ വിശദീകരിച്ചുകൊടുത്ത ശേഷം അബൂസുഫ്‌യാന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചുപോവുകയും അവരെ മദീനയുടെ വടക്കു കിഴക്കന്‍ പ്രാന്തപ്രദേശമായ അല്‍ ഉറൈളിലേക്ക് അയക്കുകയും ചെയ്തു. അത് ജൂത അധിവാസ കേന്ദ്രമാണ്. മദീനാ മധ്യത്തിലുള്ള മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെയാണിത്. ഈ സംഘം അവിടെയുള്ള ഒരു ഈത്തപ്പനത്തോട്ടത്തില്‍ മുസ്‌ലിംകളായ രണ്ട് പേരെ കാണുകയും അവരെ വധിച്ചുകളയുകയും ചെയ്തു. തോട്ടത്തിന് തീയിട്ടശേഷം സംഘം ഓടിരക്ഷപ്പെട്ടു. അവരെ മുസ്‌ലിം സൈനികര്‍ പിന്തുടര്‍ന്നെങ്കിലും, യാത്രയിലെ ഭാരമൊഴിവാക്കാന്‍ കൂടെ കരുതിയിരുന്ന ഭക്ഷണ സഞ്ചികള്‍ വരെ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു.25 ഇതോടെ, സിറിയയിലേക്കോ ഈജിപ്തിലേക്കോ പോകാന്‍ തങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്ന മദീനാ കച്ചവടപാത മക്കക്കാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. സിറിയയില്‍ പോകുന്നത് നിര്‍ത്തി നജ്ദ് വഴി ഇറാഖിലേക്കായി പിന്നീടവരുടെ യാത്ര.26

മദീനാ പ്രാന്തത്തില്‍ അബൂസുഫ്‌യാനും സംഘവും അതിക്രമങ്ങള്‍ നടത്തി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോള്‍, നബി(സ) സൈദുബ്‌നു ഹാരിസയുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ നജ്ദില്‍ റബദക്കും അല്‍ഗംറക്കും ഇടക്കുള്ള അല്‍ഖറദ എന്ന പ്രദേശത്തേക്ക് അയച്ചു. ആ വഴിക്കുള്ള ഖുറൈശികളുടെ കച്ചവടസംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. കച്ചവട സംഘത്തെ നയിച്ചിരുന്ന അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ പോലുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ സ്വത്തുവഹകള്‍ മുസ്‌ലിംകള്‍ പിടിച്ചെടുത്തു. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള വെള്ളി ഇങ്ങനെ ലഭിക്കുകയുണ്ടായി.27 മുസ്‌ലിംകളുടെ കൈയില്‍ അകപ്പെട്ട ആദ്യത്തെയും അവസാനത്തെയും കാരവനായിരുന്നു അത്. ഈ വിജയം തീര്‍ച്ചയായും മക്കക്കാരുടെ യുദ്ധതയാറെടുപ്പുകളെ മന്ദഗതിയിലാക്കുകയുണ്ടായി.

തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സംഭവവും ഈ സന്ദര്‍ഭത്തില്‍ നടക്കുന്നുണ്ട്. ഉമൈറുബ്‌നു വഹബ് 'ഖുറൈശിപിശാചുക്കളില്‍ ഒരാള്‍' തന്നെയായിരുന്നു. മക്കയില്‍ വെച്ച് പ്രവാചകനെയും അനുയായികളെയും അത്രയേറെ പീഡിപ്പിച്ചിട്ടുണ്ട് അയാള്‍. ബദ്ര്‍ യുദ്ധം കഴിഞ്ഞപ്പോള്‍ അയാള്‍ സ്വഫ്‌വാനുബ്‌നു ഉമയ്യ എന്ന തന്റെ സുഹൃത്തിനോട് പറഞ്ഞു: 'താങ്കള്‍ എന്റെ കടങ്ങള്‍ വീട്ടുകയും എന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുകയുമാണെങ്കില്‍ ഞാന്‍ മദീനയില്‍ പോയി മുഹമ്മദിന്റെ കഥകഴിച്ച് തിരിച്ചുവരാം.' സ്വഫ്‌വാന്‍ സമ്മതിച്ചു. ഉമൈര്‍ ഈ ഉദ്ദേശ്യത്തോടെ മദീനയിലെത്തി. ഉമൈറിനെ കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'ബദ്‌റില്‍ തടവുകാരനായി പിടിക്കപ്പെട്ട നിങ്ങളുടെ മകനുവേണ്ടി മോചന ദ്രവ്യവുമായി നിങ്ങള്‍ വന്നിരിക്കുകയാണെന്ന് പറയുന്നത് കേവലം ന്യായം പറച്ചില്‍ മാത്രമാണ്. നിങ്ങളും സ്വഫ്‌വാനും തമ്മിലുള്ള കരാര്‍ എനിക്കറിയാം.' ഉമൈറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: 'തനിക്ക് ദിവ്യബോധനമിറങ്ങുന്നുണ്ട് എന്ന നിങ്ങളുടെ അവകാശവാദത്തെ ഞാന്‍ എന്നും കളിയാക്കിയിട്ടേയുള്ളൂ. ഞാനും സ്വഫ്‌വാനും തമ്മില്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കായിരുന്നു. എന്നിട്ടും താങ്കളത് അറിഞ്ഞു. അല്ലാഹു സാക്ഷി, താങ്കള്‍ ദൈവദൂതന്‍ തന്നെ. ഞാന്‍ താങ്കള്‍ കൊണ്ടുവന്ന സന്ദേശത്തില്‍ വിശ്വസിച്ചിരിക്കുന്നു.' ഇത്രകൂടി പറഞ്ഞു: 'ഇസ്‌ലാമിന്റെ പ്രചാരണം എങ്ങനെ തടയാം എന്നേ ഞാനിതുവരെ ചിന്തിച്ചിട്ടുള്ളൂ. ഇനി മുതല്‍ അതിന്റെ പ്രചാരണത്തിന് ഞാന്‍ എല്ലാം ചെയ്യും.' വൈകാതെ മക്കയിലേക്ക് തിരിച്ചുപോയ ഉമൈര്‍ ഇസ്‌ലാമിക പ്രബോധനം എന്ന ദുഷ്‌കരമായ ദൗത്യം ഏറ്റെടുക്കുകയും പലരുടെയും മനംമാറ്റത്തിന് അത് നിമിത്തമാവുകയും ചെയ്തു.28 സുഹൃത്ത് സ്വഫ്‌വാനുണ്ടായ നിരാശ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

അബൂഉസൈര്‍ സംഭവവും പരാമര്‍ശിക്കപ്പെടേണ്ടതുതന്നെ. ദൗസ് ഗോത്രക്കാരനായ ഇദ്ദേഹം മക്കയിലെ ഒരു പ്രമാണിയുടെ ആശ്രിതനായി അവിടെ താമസിച്ചുവരികയായിരുന്നു. പ്രമാണിയുടെ മകളെ തനിക്ക് വിവാഹം കഴിച്ചുതരണമെന്ന് ഒരഭ്യര്‍ഥന നടത്തുകയും ചെയ്തിരുന്നു. ഇവിടെ വിശദീകരണം പ്രസക്തമല്ലാത്ത ചില കാരണങ്ങളാല്‍ പ്രമാണിയുടെ നിര്‍ദേശപ്രകാരം അബൂഉസൈര്‍ പിന്നീട് വധിക്കപ്പെടുകയാണുണ്ടായത്. സംഭവമറിഞ്ഞപ്പോള്‍ നബി (സ), ഈ നീച പ്രവൃത്തി ചെയ്ത മക്കക്കാര്‍ക്കെതിരെ പദ്യങ്ങള്‍ രചിക്കാന്‍ ഔദ്യോഗിക കവി ഹസ്സാനുബ്‌നു സാബിതിനോട് ആവശ്യപ്പെടുകയുണ്ടായി. വധിക്കപ്പെട്ടയാള്‍ അബൂസുഫ്‌യാന്റെ ഒരു സഖ്യകക്ഷിയില്‍ പെടുന്നയാളാണ്. ഘാതകനായ വലീദ് മഖ്‌സൂം ഗോത്രക്കാരനും. ഹസ്സാന്റെ രചനകള്‍ ശരിക്കും കുറിക്ക് കൊണ്ടു. മഖ്‌സൂമികളോട് പ്രതികാരം ചെയ്യാന്‍ അബൂസുഫ്‌യാന്റെ സഖ്യ ഗോത്രം തയാറെടുപ്പുകള്‍ തുടങ്ങി. ഇങ്ങനെ പരസ്പരം പോര് തുടങ്ങിയാല്‍ ബദ്‌റിലെ നഷ്ടത്തിന് പ്രതികാരം ചോദിക്കാന്‍ കഴിയാതെ വരും എന്നൊക്കെ പറഞ്ഞ് വളരെ പണിപ്പെട്ടാണ് അബൂസുഫ്‌യാന്‍ ഇരയുടെ ഗോത്രത്തെ ഒരുവിധം പറഞ്ഞ് സമാധാനിപ്പിച്ചത്. മക്കയിലെ പ്രശ്‌നം ഒതുങ്ങിയെങ്കിലും പുറത്ത് അങ്ങനെയായിരുന്നില്ല. സഅ്ദു ബ്‌നു സുഫൈഹ് എന്ന പേരുള്ള ഇരയുടെ ഒരു ബന്ധു (ഇദ്ദേഹം അബൂഹുറയ്‌റയുടെ അമ്മാവനാണ്) ദൗസ് അധിവാസ മേഖലയില്‍ നിന്നും സഖ്യഗോത്രങ്ങള്‍ താമസിക്കുന്ന യമാമ, സറാത്ത് മേഖലകളില്‍നിന്നും പിടിക്കപ്പെടുന്ന ഖുറൈശികളെ വധിച്ചുകളയുന്നത് പതിവാക്കിയത് ഇതിനു ശേഷമാണ്.29

ഏറ്റവുമൊടുവില്‍ പരാമര്‍ശിക്കുന്നത് നബിയുടെ മരുമകന്‍ അബുല്‍ ആസ്വിന്റെ കഥയാണ്. ശത്രുപക്ഷത്തുള്ള അബുല്‍ ആസ്വ് ബദ്ര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടിരുന്നു. നബിയുടെ മകള്‍ സൈനബിന്റെ ഭര്‍ത്താവായിരുന്നു അദ്ദേഹം. തന്റെ ഭര്‍ത്താവിന്റെ മോചനത്തിനായി സൈനബ്, പ്രവാചകന്‍ തന്നെ വിവാഹസമയത്ത് അവര്‍ക്ക് നല്‍കിയ ആഭരണങ്ങളാണ് കൊടുത്തയച്ചത്. ഇത് പ്രവാചകന് വളരെയേറെ മനോവിഷമമുണ്ടാക്കി. ഈ ആഭരണങ്ങള്‍ സ്വീകരിക്കാതെ തന്നെ അബുല്‍ ആസ്വിനെ മോചിപ്പിച്ചുകൂടേ എന്ന് പ്രവാചകന്‍ അനുയായികളോട് ആരാഞ്ഞു. അവര്‍ സമ്മതിച്ചു. പ്രവാചകന്‍ അയക്കുന്ന ആളുകളുടെ കൂടെ സൈനബിനെ മക്കയില്‍നിന്ന് മദീനയിലെത്തിക്കാം എന്ന് അബുല്‍ ആസ്വും വാക്കുകൊടുത്തു. മക്കയില്‍ തിരിച്ചെത്തിയ അദ്ദേഹം തന്റെ വാക്കു പാലിച്ചു. സൈനബ് മക്കയില്‍നിന്ന് മദീനയിലേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കെ ഏതാനും മക്കന്‍ ചെറുപ്പക്കാര്‍ അവരെ പിന്തുടര്‍ന്ന്, ആയുധങ്ങള്‍ പുറത്തെടുത്ത് യാത്ര തടഞ്ഞു. ഗര്‍ഭിണിയായിരുന്ന സൈനബ് ഇതിനിടെ വാഹനപ്പുറത്തുനിന്ന് വീഴുകയും ഗര്‍ഭമലസുകയും ചെയ്തു (കുറച്ചധികം വര്‍ഷങ്ങള്‍ പിന്നീടവര്‍ ജീവിച്ചുവെങ്കിലും ഇതിന്റെ ആഘാതത്തില്‍നിന്ന് മുക്തമാകാന്‍ കഴിഞ്ഞിരുന്നില്ല). അബുല്‍ ആസ്വിന്റെ കുടുംബം സൈനബിന്റെ രക്ഷക്കെത്തി. അബൂസുഫ്‌യാന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. യാത്രാ സംഘത്തെ മക്കയിലേക്ക് തിരിച്ചുകൊണ്ടുവന്ന അബൂസുഫ്‌യാന്‍ പിന്നീട് രാത്രി രഹസ്യമായി മദീനയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

സൈനബ് മദീനയിലെത്തിയപ്പോള്‍, തന്റെ പേരക്കുട്ടിയെ ഗര്‍ഭത്തിലായിരിക്കെ തന്നെ കൊലപ്പെടുത്തിയ ഹബ്ബാര്‍ എന്നയാളെ ചുട്ടുകൊല്ലാന്‍ നബി ചിലരെ ചുമതലപ്പെടുത്തി. പിന്നെ അവരെ തിരിച്ചുവിളിച്ച് തന്റെ തീരുമാനം മാറ്റിയതായി അറിയിച്ചു: 'തീയിലിട്ട് വേണ്ട. തീയിലിട്ട് ശിക്ഷിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്. അയാളെ വധിച്ചാല്‍ മതി.' പക്ഷേ ഈ സംഘത്തിന് ഹബ്ബാറിനെ പിടികൂടാനായില്ല. പില്‍ക്കാലത്ത് ഹബ്ബാര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ പ്രവാചകന്‍ അദ്ദേഹത്തിന് മാപ്പു കൊടുക്കുകയാണുണ്ടായത്.

സൈനബ് തന്റെ ഭര്‍ത്താവിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. പക്ഷേ, ഭര്‍ത്താവ് ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ആയതിനാല്‍ വിശ്വാസപരമായ കാരണങ്ങളാല്‍ അവര്‍ക്ക് ഒന്നിച്ചുകഴിയാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. പിന്നെയും വളരെ കഴിഞ്ഞ്, ഹിജ്‌റ ആറാം വര്‍ഷത്തില്‍ അബുല്‍ ആസ്വിന്റെ ഒരു കാരവന്‍ മുസ്‌ലിം അധിവാസമേഖലയില്‍ കടന്നു. പാറാവ് ഏല്‍പ്പിക്കപ്പെട്ട വിഭാഗം കച്ചവട വസ്തുക്കള്‍ പിടിച്ചെടുത്തു. അബുല്‍ ആസ്വ് ഓടിരക്ഷപ്പെട്ടു. രാത്രിയായപ്പോള്‍ അദ്ദേഹം വളരെ രഹസ്യമായി മദീനയിലെത്തി തന്റെ ഭാര്യ താമസിക്കുന്ന വീട്ടില്‍ ഒളിച്ചിരുന്നു. പുലര്‍ച്ചെ പ്രഭാത പ്രാര്‍ഥനക്ക് ആളുകള്‍ പള്ളിയിലേക്ക് വന്നപ്പോള്‍, താന്‍ അബുല്‍ ആസ്വിന് അഭയം നല്‍കിയതായി സൈനബ് അവരെ അറിയിച്ചു. അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: 'മുസ്‌ലിംകളിലെ ഏതൊരു സാധാരണക്കാരന്നും അഭയം നല്‍കാനുള്ള അവകാശമുണ്ട്. മുഴുവന്‍ ആളുകളും അത് പാലിക്കാന്‍ ബാധ്യസ്ഥരുമാണ്.' പിന്നെ മകള്‍ സൈനബിന്റെ അടുത്ത് വന്ന് പറഞ്ഞു: 'നീ അഭയം കൊടുത്തയാള്‍ക്ക് നല്ല പരിചരണം നല്‍കിക്കോളൂ. പക്ഷേ, അയാള്‍ക്ക് വിധേയപ്പെട്ടുകൊടുക്കരുത്. കാരണം വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള ദാമ്പത്യബന്ധങ്ങള്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.'

തുടര്‍ന്ന് പ്രവാചകന്‍ അബുല്‍ ആസ്വിന്റെ കാരവന്‍ പിടിച്ചെടുത്ത സംഘത്തിന്റെ അടുത്തുപോയി ഇങ്ങനെ ഉണര്‍ത്തി: 'ഇപ്പോഴത്തെ അവസ്ഥകള്‍ നിങ്ങള്‍ക്ക് നന്നായിട്ടറിയാം. നിങ്ങള്‍ പിടിച്ചെടുത്ത കച്ചവടച്ചരക്കുകളില്‍ നിങ്ങള്‍ക്ക് പൂര്‍ണാധികാരമുണ്ട്. നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ചരക്കുകള്‍ അബുല്‍ ആസ്വിന് തിരിച്ചുകൊടുക്കാം.' അബുല്‍ ആസ്വിനെ നബി ഈ അവസരത്തില്‍ ഇസ്‌ലാമിലേക്ക് ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കച്ചവടച്ചരക്കുകള്‍ തിരിച്ചുകൊടുക്കുകയും ചെയ്തു. മക്കയില്‍ തിരിച്ചെത്തി അബുല്‍ ആസ്വ് തന്റെ മുഴുവന്‍ കച്ചവടപങ്കാളികളെയും കണ്ട് അവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍ത്തു. ദിവസങ്ങള്‍ക്കു ശേഷം മദീനയില്‍ തിരിച്ചെത്തിയ അബുല്‍ ആസ്വ് ഇങ്ങനെ പ്രഖ്യാപിച്ചു: 'ദിവസങ്ങള്‍ക്കു മുമ്പ് ഞാനിവിടെ താമസിച്ചിരുന്ന സമയത്ത് ഞാന്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നെങ്കില്‍ ആളുകള്‍ വിചാരിക്കും, അതെന്തോ സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണെന്ന്. എല്ലാ ഇടപാടുകളും തീര്‍ത്ത് തെളിഞ്ഞ മനസ്സുമായി ഞാന്‍ വന്നിരിക്കുകയാണ്; ഞാന്‍ ഇസ്‌ലാം ആശ്ലേഷിക്കുകയാണ്.' അങ്ങനെ പ്രവാചകന്‍ അദ്ദേഹത്തിന് തന്റെ ഭാര്യയെ തിരികെ നല്‍കി; പുതിയ വിവാഹച്ചടങ്ങ് നടത്താതെത്തന്നെ.

 

(തുടരും)

കുറിപ്പുകള്‍

1. ബാറ്റില്‍ഫീല്‍ഡ്‌സ് ഓഫ് പ്രഫറ്റ് മുഹമ്മദ്, പേ: 35-74

2. സുഹൈലി II, 39

3. ഇബ്‌നുഹിശാം, പേ: 432, ബലാദുരി I, 688

4. ബലാദുരി I, 657

5. ഇബ്‌നുഹിശാം പേ: 745

6. Ibid പേ: 462, 471, സുഹൈലി II, 91,92. ഇബ്‌നു അബീശിഹാബ് തന്റെ മുസ്വന്നഫില്‍ പറയുന്നത്, സ്വതന്ത്രരായ അറബികളാണെങ്കില്‍ അവര്‍ക്ക് 40 ഔണ്‍സ് വെള്ളിയും ആശ്രിതരാണെങ്കില്‍ 20 ഔണ്‍സുമായിരുന്നു മോചനദ്രവ്യമായി നല്‍കേണ്ടിയിരുന്നത് എന്നാണ്. ഒരു ഔണ്‍സ് 40 ദിര്‍ഹമാണ്.

7. ഇബ്‌നു സഅ്ദ് II/I, പേ: 14,17. സുഹൈലി II-92

8. ഇബ്‌നുഹിശാം പേ: 470-471, ത്വബരി I 1342-54

9. ഇബ്‌നുഹിശാം പേ: 454

10. Ibid പേ: 459, ത്വബരി I, 1337-8

11. ബുഖാരി 56:140, ഇബ്‌നു സഅ്ദ് II/I, പേ: 111

12. ഇബ്‌നുഹിശാം പേ: 459, ത്വബരി I, 1337-8

13. ഖുര്‍ആന്‍ 76: 8-9

14. ഇബ്‌നുഹിശാം പേ: 458

15. Ibid പേ: 460

16. ഖുര്‍ആന്‍ 8:17

17. ഇബ്‌നു കസീര്‍, സീറ II, 545

18. ഇബ്‌നു ഹജര്‍, തഹ്ദീബുത്തഹ്ദീബ് No: 69

19. ഇബ്‌നുല്‍ ജൗസി, വഫാഅ്, പേ: 312

20. ഇബ്‌നു ഹജര്‍, ഇസ്വാബ:, സ്ത്രീകള്‍ ചീ: 1463

21. ഇബ്‌നുഹിശാം, പേജ്: 444

22. Ibid, പേ: 461

23. Ibid പേ: 555,  ശാമില്‍, സീറ:, ഉഹുദ് IV, 271

24. ഇബ്‌നുഹിശാം പേ: 543

25. Ibid പേ: 547, ത്വബരി I, 1374

26. ബലാദുരി, അന്‍സാബ് I, 775

27. ഇബ്‌നുഹിശാം പേ: 471-4

28. ഇബ്‌നുഹബീബ്, മുനമ്മഖ് പേ: 234-253, ബലാദുരി I, 277, ഇബ്‌നുഹിശാം പേ: 273

29. ഇബ്‌നുഹബീബ്-മുനമ്മഖ് പേ: 234-253, ബലാദുരി I 277, ഇബ്‌നുഹിശാം-പേ: 273


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍