ഒക്ടോബര്‍ വിപ്ലവത്തിന്റെ 'ഹ്രസ്വ നൂറ്റാണ്ട്'
ഇരുപതാം നൂറ്റാണ്ടിനെ മാറ്റിയെഴുതിയ സ്‌ഫോടനാത്മകമായ ചരിത്ര സംഭവമായിരുന്നു 1917 ഒക്‌ടോബറില്‍ റഷ്യയില്‍ നടന്ന ബോള്‍ഷെവിക് വിപ്ലവമെന്ന് അനുകൂലികളും പ്രതികൂലികളും ഒരുപോലെ സമ്മതിക്കും. 2017 ഒക്‌ടോബര്‍ മാസം ആ വിപ്ലവത്തിന് ഒരു നൂറ്റാണ്ട് തികയുമെന്നതിനാല്‍ വിപുലമായ ചര്‍ച്ചകളും സംവാദങ്ങളും അതിനെക്കുറിച്ച് നടക്കുമെന്നാവും ആരും പ്രതീക്ഷിക്കുക. ഇന്ത്യയിലെ രണ്ട് മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തുന്ന പതിവു പരിപാടികള്‍ മാറ്റിവെച്ചാല്‍, ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ശതാബ്ദി യാതൊരു ചലനവുമുണ്ടാക്കാതെ നടന്നുപോകുമെന്നുറപ്പാണ്. ലോകതലത്തിലും ഗൗരവതരമായ ചര്‍ച്ചകള്‍ നടക്കുമെന്ന് കരുതാനാവില്ല. കാള്‍ മാര്‍ക്‌സിന്റെ മാസ്റ്റര്‍ പീസായ 'മൂലധനം' പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ നൂറ്റിയമ്പതാം വാര്‍ഷികം ആഘോഷിച്ചതും ഈ വര്‍ഷം തന്നെയായിരുന്നു. മൂലധനശക്തികള്‍ പിടിമുറുക്കുന്ന ഈ ആസുരകാലത്ത് 'മൂലധന'ത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും മറ്റുമുള്ള വാദങ്ങള്‍ പലരും മുന്നോട്ടുവെച്ചിരുന്നു. അത്രപോലും ചര്‍ച്ചകള്‍ ഇരുപതാം നൂറ്റാണ്ടിനെ പിടിച്ചുകുലുക്കിയ ഒക്‌ടോബര്‍ വിപ്ലവത്തെക്കുറിച്ച് ഉണ്ടാകുന്നില്ല എന്നതിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. ഒക്‌ടോബര്‍ വിപ്ലവം ഒരു പരാജയമായിരുന്നുവെന്ന് എതിരാളികള്‍ മാത്രമല്ല അതിന്റെ കടുത്ത അനുകൂലികളും സമ്മതിക്കുന്നു. റഷ്യയില്‍ പരീക്ഷിച്ചത് കമ്യൂണിസമോ സോഷ്യലിസമോ ആയിരുന്നില്ല എന്ന നിലയിലെത്തിയിട്ടുണ്ട് ക്ലാസിക്കല്‍ കമ്യൂണിസ്റ്റുകളുടെ പോലും നിലപാട്.
അതിനാല്‍ തന്നെ കാള്‍ മാര്‍ക്‌സോ സോവിയറ്റ് മോഡലോ ഇന്ന് പാശ്ചാത്യ ഭരണകൂടങ്ങളെയോ അക്കാദമിക സ്ഥാപനങ്ങളെയോ തീരെ ഭയപ്പെടുത്തുന്നില്ല. 'കമ്യൂണിസ്റ്റ് ഭൂതം' യൂറോപ്പിനെ വേട്ടയാടുന്നുമില്ല. ഒരു ചരിത്രസംഭവം മാത്രമായി അത് ഒതുങ്ങിപ്പോയിരിക്കുന്നു. സോവിയറ്റ് മോഡല്‍ ഭരണക്രമം ആധിപത്യം പുലര്‍ത്തിയ ഇരുപതാം നൂറ്റാണ്ടിനെ വിശകലനം ചെയ്തുകൊണ്ട് പ്രമുഖ ചരിത്രകാരനായ എറിക് ഹോബ്‌സ് ബാം 'ആത്യന്തികതകളുടെ യുഗം' (The Age of Extremes) എന്നൊരു പുസ്തകമെഴുതിയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് പരീക്ഷിക്കാനെടുത്ത സോഷ്യലിസം, കാപിറ്റലിസം, നാഷ്‌നലിസം എന്നീ മൂന്ന് ദര്‍ശനങ്ങളും തികഞ്ഞ പരാജയമായിരുന്നു എന്നാണ് ഇതില്‍ അദ്ദേഹം സമര്‍ഥിക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇത് 'ഒക്‌ടോബറി'ന്റെ നൂറ്റാണ്ടാണ്. 1917-ല്‍ ഒക്‌ടോബര്‍ വിപ്ലവത്തോടെ ആരംഭിക്കുകയും സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്കു ശേഷം 1991-ല്‍ റഷ്യയില്‍ ബോറിസ് യെല്‍റ്റ്‌സിന്‍ അധികാരമേല്‍ക്കുന്നതോടെ അവസാനിക്കുകയും ചെയ്യുന്ന 'ഹ്രസ്വമായ നൂറ്റാണ്ട്.' വികസിത മുതലാളിത്ത രാജ്യങ്ങളില്‍ വരുമെന്ന് മാര്‍ക്‌സ് പ്രവചിച്ച വിപ്ലവമേ ആയിരുന്നില്ല 1917-ല്‍ റഷ്യയില്‍ സംഭവിച്ചത്. അതിനാല്‍ തുടക്കം തന്നെ പിഴച്ചു.
നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന സാറിസ്റ്റ് മര്‍ദക ഭരണത്തെ വഌദ്മിര്‍ ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ തകര്‍ത്തെറിഞ്ഞു എന്നത് നേരാണ്. ബോള്‍ഷെവിക്കുകളാണ് പിന്നീട് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുന്നതും. യഥാര്‍ഥത്തില്‍ 1917-ല്‍ രണ്ട് വിപ്ലവങ്ങള്‍ നടക്കുന്നുണ്ട്. ആദ്യത്തേത് ഫെബ്രുവരി വിപ്ലവം എന്ന് അറിയപ്പെടുന്നു. പെട്രോഗ്രഡില്‍ വന്‍ ജനക്കൂട്ടം ഭക്ഷണത്തിനു വേണ്ടി മുറവിളി കൂട്ടി തെരുവിലിറങ്ങി. പണിമുടക്കിയ പതിനായിരക്കണക്കിന് ഫാക്ടറി തൊഴിലാളികളും അവരോടൊപ്പം ചേര്‍ന്നു. കലാപം അടിച്ചമര്‍ത്തുന്നതിനിടെ പോലീസ് വെടിവെപ്പില്‍ ഏതാനും പ്രക്ഷോഭകര്‍ മരിച്ചതോടെ ജനം ഇളകിവശായി. ഗത്യന്തരമില്ലാതെ സാര്‍ ചക്രവര്‍ത്തി നിക്കളസ് രണ്ടാമന് സ്ഥാനത്യാഗം ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ഒരു താല്‍ക്കാലിക ഭരണ സംവിധാനം നിലവില്‍ വന്നു. മനുഷ്യാവകാശങ്ങളും ലിബറല്‍ കാഴ്ചപ്പാടകളും ഉയര്‍ത്തിപ്പിടിച്ച് നല്ല പ്രതിഛായയോടെ ഭരണം തുടങ്ങിയ ഈ താല്‍ക്കാലിക ഗവണ്‍മെന്റിന് റഷ്യയെ കുത്തുപാളയെടുപ്പിച്ച ഒന്നാം ലോകയുദ്ധത്തില്‍നിന്ന് പിന്തിരിയാനോ ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ കഴിഞ്ഞില്ല. ഭക്ഷ്യ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ധാന്യശേഖരങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ഈ തികഞ്ഞ അരാജകാവസ്ഥ മുതലെടുത്തുകൊണ്ടാണ് ഒക്‌ടോബര്‍ 24-ന് ബോള്‍ഷെവിക്കുകള്‍ രക്തച്ചൊരിച്ചിലില്ലാതെ അധികാരം പിടിച്ചെടുക്കുന്നത്. വിപ്ലവത്തിന് പാകമായതുകൊണ്ടല്ല, രാഷ്ട്രീയ അനിശ്ചിതാവസ്ഥയാണ് ബോള്‍ഷെവിക്കുകളുടെ അധികാരാരോഹണത്തില്‍ കലാശിച്ചത് എന്നര്‍ഥം.
മീഡിയയിലും പ്രചാരണ സാഹിത്യങ്ങളിലും സോഷ്യലിസ്റ്റ് സ്വര്‍ഗത്തെക്കുറിച്ച പൊലിപ്പിച്ച വിവരണങ്ങള്‍ നിറഞ്ഞാടുമ്പോഴും, തിക്ത യാഥാര്‍ഥ്യങ്ങള്‍ മറ്റൊന്നായിരുന്നുവെന്ന് ഹോബ്‌സ് ബാം എഴുതുന്നു: ''വിപ്ലവത്തിനും തുടര്‍ന്നുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കും ശേഷം ഭൂതകാലത്തില്‍ കൂടുതല്‍ ആണ്ടിറങ്ങിപ്പോയ ഒരു റഷ്യയെയാണ് കാണാന്‍ കഴിഞ്ഞത്.... മുന്‍കാലത്തേക്കാള്‍ വിദ്യാഭ്യാസവും യോഗ്യതയും കുറഞ്ഞ ഒരു ബ്യൂറോക്രസിയുടെ കൈകളിലകപ്പെട്ടു ഭരണസംവിധാനം.''
സ്റ്റാലിനെപ്പോലുള്ള ഏകാധിപതികളെ മാത്രമേ നിര്‍ഭാഗ്യവശാല്‍ ഒക്‌ടോബര്‍ വിപ്ലവത്തിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞുള്ളൂ. സാര്‍ ചക്രവര്‍ത്തിയായാലും സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായാലും യെല്‍റ്റ്‌സിനെയും പുടിനെയും പോലുള്ള നവ ലിബറലിസത്തിന്റെ വക്താക്കളായാലും സ്ഥാനപ്പേരും കൊടിയുടെ നിറവും മാത്രമേ മാറുന്നുള്ളൂ. ഭരണത്തിന്റെ സ്ഥായീഭാവം സര്‍വാധിപത്യവും ജനാധിപത്യവിരുദ്ധതയുമാണ്. ഇപ്പോഴത്തെ റഷ്യന്‍ പ്രസിഡന്റ് പുടിന് ഒക്‌ടോബറിന്റെ വിപ്ലവസ്മരണകള്‍ പുതുക്കുന്ന പരിപാടികളില്‍ തന്നെ താല്‍പര്യമില്ല. ഏത് വിപ്ലവവും മനുഷ്യന് വിനാശകരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ നാവടക്കൂ, പണിയെടുക്കൂ. സത്യാനന്തര കാലത്ത് റഷ്യയുടെ ഭരണം നവ സാറിസ്റ്റുകളുടെ കൈകളില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
സോവിയറ്റ് മോഡലും വിമര്‍ശനങ്ങളും
ഇറ്റലിക്കാരനായ അന്റോണിയോ ഗ്രാംഷി (1891-1937) ലക്ഷണമൊത്ത മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവിയായിരുന്നെങ്കിലും, റഷ്യന്‍ വിപ്ലവത്തെ 'ദാസ് കാപിറ്റലിന് എതിരെയുള്ള വിപ്ലവം' ആയിട്ടാണ് അദ്ദേഹം കണ്ടത്. മാര്‍ക്‌സിന്റെ 'മൂലധനം' മുന്നോട്ടുവെക്കുന്ന സോഷ്യലിസ്റ്റ് വിപ്ലവ പ്രക്രിയയുടെ അട്ടിമറിയാണ് റഷ്യയില്‍ നടന്നതെന്ന് അദ്ദേഹം വിലയിരുത്തി. മുതലാളിത്ത ഉല്‍പാദനശക്തികള്‍ പൂര്‍ണ വളര്‍ച്ച എത്തുന്നതു വരെ സോഷ്യലിസ്റ്റ് വിപ്ലവത്തിന് കാത്തിരിക്കേണ്ടിവരുമെന്ന മാര്‍ക്‌സിന്റെ ആശയം റഷ്യയെ സംബന്ധിച്ച് ഒട്ടും ശരിയായിരുന്നില്ല. കാള്‍ കൗട്ട്‌സ്‌കി (1854-1938) ആയിരുന്നു റഷ്യന്‍ വിപ്ലവത്തെ വിമര്‍ശനാത്മകമായി വിലയിരുത്തിയ മറ്റൊരു ആദ്യകാല മാര്‍ക്‌സിസ്റ്റ് ചിന്തകന്‍. തന്നെ പിന്തിരിപ്പനും കാലുമാറ്റക്കാരനുമായി ചിത്രീകരിച്ച വഌദ്മിര്‍ ലെനിന്റെ നീക്കങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട് Marxism and Bolshevism: Democracy and Dictatorship എന്ന കൃതിയില്‍ അദ്ദേഹം. 'ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ പെട്രോഗ്രഡിലും പിന്നീട് മോസ്‌കോയിലും സായുധ സേനകളുടെ നിയന്ത്രണം പിടിച്ചെടുത്തുവെങ്കിലും, സാറിസ്റ്റ് ഏകാധിപത്യത്തിനു പകരം പുതിയൊരു ഏകാധിപത്യത്തിന് അടിത്തറയിടുകയാണ് അവര്‍ ചെയ്തത്' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ജര്‍മന്‍ സാമൂഹികശാസ്ത്രജ്ഞനായ മാക്‌സ് വെബര്‍ (1864-1920), സോവിയറ്റ് യൂനിയന്‍ എന്ന രാഷ്ട്രം കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും അത് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും വിഴുങ്ങുന്ന കാലം വിദൂരമല്ലെന്ന് പ്രവചിച്ചു. ഈ പ്രവചനങ്ങളൊന്നും പിഴച്ചില്ല. രാഷ്ട്രീയ, സാമ്പത്തിക മേഖലകളില്‍ മാത്രമല്ല, സംസ്‌കാരത്തിലും ചിന്തയിലും വരെ ഒരു പറ്റം ബ്യൂറോക്രാറ്റുകള്‍ പിടിമുറുക്കുകയായിരുന്നു. സ്റ്റാലിനെപ്പോലുള്ള ഏകാധിപതികളുടെ ഏറ്റവും വലിയ പിന്‍ബലവും ഈ ബ്യൂറോക്രസിയായിരുന്നു. അവര്‍ ഒരു സാങ്കല്‍പിക തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ നാട് ഭരിച്ചു. പ്രചണ്ഡമായി ഘോഷിക്കപ്പെട്ട 'സോഷ്യലിസ്റ്റ് സ്വര്‍ഗം' പൂവണിയാനുള്ളതല്ലെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു.
ഒരു സോഷ്യലിസ്റ്റ് പരീക്ഷണം തുടക്കത്തിലേ പാളിപ്പോയതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്. അത് തിരുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. തെറ്റുകളും പിഴവുകളും ചൂണ്ടിക്കാണിച്ചവരെ കരിങ്കാലികളെന്ന് മുദ്രകുത്തി. സോവിയറ്റ് യൂനിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അധികാരമേറ്റെടുക്കുമ്പോഴും അമേരിക്കന്‍ മുതലാളിത്ത വന്‍ശക്തിയെ വെല്ലുവിളിക്കുന്ന മറുചേരിയായി സോവിയറ്റ് യൂനിയന്‍ ശക്തമായി നിലകൊണ്ടു. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ നക്ഷത്ര യുദ്ധ പദ്ധതികള്‍ സോവിയറ്റ് യൂനിയനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നെങ്കിലും, അതുവഴി സോഷ്യലിസ്റ്റ് ചേരിയെ തകര്‍ക്കാമെന്ന് അവരാരും കണക്കുകൂട്ടിയിരുന്നില്ല. ശീതയുദ്ധത്തിന്റെ ഭാഗമായ പ്രതിരോധ പ്രവര്‍ത്തനം മാത്രമായിരുന്നു അത്. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് സാമ്പത്തിക കാരണങ്ങളും നിരവധി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും, അതൊക്കെയും ഒരു പരിധിവരെ മാത്രമേ ശരിയാകുന്നുള്ളൂ. രണ്ട് മൂന്ന് ദശകങ്ങളായി സോവിയറ്റ് യൂനിയനില്‍ ഉണ്ടായിരുന്ന സാമ്പത്തിക വളര്‍ച്ചക്ക് തൊള്ളായിരത്തി എണ്‍പതുകളുടെ മധ്യത്തിലും അവസാനത്തിലും കാര്യമായ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. അഫ്ഗാനിസ്താനില്‍ അനാവശ്യമായി, അനവസരത്തില്‍ സൈനികമായി ഇടപെട്ടു എന്നത് തകര്‍ച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ടാവുമെന്നല്ലാതെ, അതൊരു മുഖ്യ കാരണമായി എടുത്തു കാട്ടാന്‍ കഴിയില്ല. സോവിയറ്റ് യൂനിയന്റെ ഭീമമായ ജി.ഡി.പി (മൊത്തം ആഭ്യന്തര ഉല്‍പാദനം) പരിഗണിക്കുമ്പോള്‍, അതില്‍ ചെറിയൊരു അംശം മാത്രമേ വരുന്നൂള്ളൂ യുദ്ധച്ചെലവുകള്‍. ശാസ്ത്ര, സാങ്കേതിക രംഗത്ത് ആര്‍ജിച്ച മികവുകള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു പകരം, സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ മാത്രമായി തിരിച്ചുവിട്ടു എന്ന വിമര്‍ശനവും അവഗണിക്കാവതല്ലെങ്കിലും, തുടക്കം മുതലേ ആ നിലപാടിലാണല്ലോ സോവിയറ്റ് യൂനിയന്‍ എന്ന് തിരിച്ചും ചോദിക്കാവുന്നതാണ്.
ഈ കാരണങ്ങളെയും ഇതല്ലാത്ത മറ്റു കാരണങ്ങളെയും ഗോര്‍ബച്ചേവ് ഒറ്റ വാക്കില്‍ സംക്ഷേപിച്ചിട്ടുണ്ട്- ധര്‍മത്തിന്റെ തകര്‍ച്ച. രാഷ്ട്ര ശരീരത്തെ അപ്പാടെ അധാര്‍മികത കാര്‍ന്നുതിന്നുകയാണെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. അഴിമതി സാര്‍വത്രികമായിരിക്കുന്നു. ഇതില്‍നിന്ന് സോവിയറ്റ് യൂനിയനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക പരിഷ്‌കരണങ്ങള്‍ അദ്ദേഹം കൊണ്ടുവന്നത്. പക്ഷേ അത് വളരെ വൈകിപ്പോയിരുന്നു. പരിഷ്‌കരണ യത്‌നങ്ങള്‍ കൈയില്‍നിന്ന് വഴുതിപ്പോയി. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയിലാണത് കലാശിച്ചത്. ഗോര്‍ബച്ചേവിന് വേണമെങ്കില്‍ ബലപ്രയോഗത്തിലൂടെ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചൊതുക്കാമായിരുന്നു. അത് താന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്ക് എതിരാവുമെന്നതിനാല്‍ അദ്ദേഹം യെല്‍റ്റ്‌സിനു വേണ്ടി സ്വയം വഴിമാറിക്കൊടുത്തു.
സ്വയം വിമര്‍ശനവും പുതിയ ലോകസാഹചര്യവും
രണ്ടര പതിറ്റാണ്ടിലേറെയാകുന്നു സോവിയറ്റ് യൂനിയന്‍ തിരോധാനം ചെയ്തിട്ട്. എന്തൊക്കെ അടിസ്ഥാനപരമായ ദൗര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തെ രാഷ്ട്രീയമായെങ്കിലും പ്രതിരോധിക്കാന്‍ അതിന് കഴിഞ്ഞിരുന്നു. ശീതയുദ്ധത്തിനും സോവിയറ്റ് തിരോധാനത്തിനും ശേഷമുള്ള ഏകധ്രുവ ലോകം ഓരോ ദിവസം പിന്നിടുമ്പോഴും മനുഷ്യന്റെ സമാധാനത്തിനും സുരക്ഷക്കും കൂടുതല്‍ ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. സോവിയറ്റ് യൂനിയന്‍ നിലനിന്നിരുന്നുവെങ്കില്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശം നടക്കുമായിരുന്നില്ലെന്നും പശ്ചിമേഷ്യ ഇന്നത്തെപ്പോലെ ശിഥിലമാകുമായിരുന്നില്ലെന്നുമുള്ള നിരീക്ഷണത്തിന് പ്രസക്തിയുണ്ട്. സോവിയറ്റ് മോഡലില്‍ വിശ്വാസം നഷ്ടപ്പെട്ടെങ്കിലും, സോഷ്യലിസ്റ്റ് -മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ക്ക് മുതലാളിത്തത്തിനും ഫാഷിസത്തിനുമെതിരെ പ്രതിരോധമുയര്‍ത്താനുള്ള ശേഷി ഇപ്പോഴുമുണ്ടെന്ന് കരുതുന്ന ധാരാളം പ്രസ്ഥാനങ്ങളും കൂട്ടായ്മകളും നിലവിലുണ്ട്. അവരുടെ സേവനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായ നിലപാടല്ല. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുന്നത് മുഖ്യമായും അവിടത്തെ ഇടതുപക്ഷ ഭരണകൂടങ്ങള്‍ തന്നെയാണ്.
അതിനാല്‍ പുതിയ കാലത്ത് മാര്‍ക്‌സിനെ മൂന്നു തലത്തില്‍ വായിക്കണമെന്ന് തൂനുസ് സര്‍വകലാശാലയിലെ ഡോ. ഉമ്മു സൈന്റെ അഭിപ്രായം ചിന്താര്‍ഹമാണ്. 'ഹീറോ' ആയ മാര്‍ക്‌സ്, 'ദുരന്ത'മായ മാര്‍ക്‌സ്, 'ഇര'യായ മാര്‍ക്‌സ് എന്നിങ്ങനെയാണ് അവര്‍ ഇനം തിരിച്ചിരിക്കുന്നത്. അധ്വാനിക്കുന്നവരുടെ പക്ഷത്തു നിന്ന് ചരിത്രത്തെ വായിക്കുകയും അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ സമ്മാനിക്കുകയും ചെയ്തയാളാണ് 'ഹീറോ' ആയ മാര്‍ക്‌സ്. വേതന വര്‍ധനവിനും തൊഴില്‍ സുരക്ഷക്കും തൊഴില്‍ സമയം നിജപ്പെടുത്തുന്നതിനുമൊക്കെയായി കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്നുവരുന്ന സമരങ്ങളുടെ മുഖ്യ പ്രചോദനങ്ങളിലൊന്ന് മാര്‍ക്‌സിന്റെ ആശയങ്ങളാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയില്ല. വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക് അത് വഴിവെച്ചുവെന്ന് കേരളം സാക്ഷ്യപ്പെടുത്തുന്നുമുണ്ടല്ലോ.
മാര്‍ക്‌സ് എങ്ങനെ 'ദുരന്ത'മായിത്തീരുന്നു എന്ന് കാണിച്ചുതരുന്നതാണ് സോവിയറ്റ് യൂനിയനിലെയും കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ദുരനുഭവങ്ങള്‍. സ്റ്റാലിനിസവും ഫാഷിസവും തമ്മിലുള്ള അന്തരമെന്തെന്ന് മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ക്ക് പോലും ഇന്ന് പറഞ്ഞുതരാന്‍ കഴിയുന്നില്ല. അവിടങ്ങളിലൊക്കെ വിപ്ലവം വഞ്ചിക്കപ്പെടുകയും വിപ്ലവ സ്വപ്‌നങ്ങളൊക്കെ ചോരയില്‍ കുതിരുകയുമായിരുന്നു. 'ഇര'യായ മാര്‍ക്‌സ് അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കു വേണ്ടിയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയും പോരാടി ജീവന്‍ വെടിഞ്ഞവരുടെ ഒരു നീണ്ട പട്ടിക സമര്‍പ്പിക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനും നവീകരണത്തിനും വേണ്ടി വാദിച്ച മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ ഏറ്റവും വലിയ കണ്ഠകോടാലിയായത് സ്റ്റാലിനിസ്റ്റ് റഷ്യയായിരുന്നുവെന്നത് വിധിവൈപരീത്യം. 1919-ല്‍ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികയായ റോസ ലക്‌സംബര്‍ഗും 1941-ല്‍ സോവിയറ്റ് വിമത നേതാവായ ട്രോട്‌സ്‌കിയും 1965-ല്‍ ബൊളീവിയന്‍ കാടുകളില്‍ വെച്ച് ചെ ഗുവേരയും വധിക്കപ്പെട്ടു. ഗ്രാംഷി, നെഗ്രി പോലുള്ള ചിന്തകര്‍ തടവറകളില്‍ അടക്കപ്പെട്ടു.
മാറിയ അന്താരാഷ്ട്ര, ദേശീയ സാഹചര്യത്തില്‍ അടച്ചാക്ഷേപിക്കുന്ന മുന്‍നിലപാടുകള്‍ മാര്‍ക്‌സിസ്റ്റുകളും മാര്‍ക്‌സിസ്റ്റ് വിരുദ്ധരും ഒരുപോലെ പുനഃപരിശോധിക്കേണ്ടതുണ്ട്. പോരായ്മകളും വീഴ്ചകളും മാത്രം കാണുന്നതിനു പകരം, പോസിറ്റീവായ വശങ്ങളും കാണാന്‍ ശ്രമിക്കുക. എങ്കിലേ ദേശീയതലത്തില്‍ ഫാഷിസത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ പൊതു ലക്ഷ്യങ്ങള്‍ക്കായി അണിനിരക്കാന്‍ ഇരുപക്ഷത്തിനും സാധ്യമാവൂ. ഗലീലിയോ, ന്യൂട്ടന്‍, മാര്‍ക്‌സ്, ഫ്രോയ്ഡ് തുടങ്ങിയവരുടെ കണ്ടെത്തലുകള്‍ മനുഷ്യാസ്തിത്വത്തെ വലയം ചെയ്തിരുന്ന പലതരം കെട്ടുകഥകളെ പൊളിക്കുന്നതും മനുഷ്യാസ്തിത്വത്തിന്റെ ആഴം വെളിപ്പെടുത്തിത്തരുന്നതുമാണെന്ന് ഇസ്‌ലാമിക ചിന്തകന്‍ റാശിദ് ഗന്നൂശി നിരീക്ഷിച്ചിട്ടുണ്ട്. ഈയൊരു തലത്തില്‍നിന്നു നോക്കിയാല്‍, ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിനും ദേശീയതലത്തില്‍ ഫാഷിസത്തിനുമെതിരെ ഒന്നിച്ചണിനിരക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കും ഇസ്‌ലാമിസ്റ്റുകള്‍ക്കും ലിബറലുകള്‍ക്കുമൊന്നും തടസ്സങ്ങള്‍ ഉണ്ടാവേണ്ടതില്ല. പക്ഷേ, എല്ലാ പക്ഷങ്ങളും തങ്ങളുടെ പഴയ ചിന്തകളുടെയും നിലപാടുകളുടെയും തടവറകളിലാണെന്ന് അവരുടെ സമീപനങ്ങള്‍ വ്യക്തമാക്കുന്നു.
തീവ്ര ഇടതുപക്ഷ ചിന്തയില്‍ ആകൃഷ്ടനാവുകയും പിന്നീട് ഭക്തിമാര്‍ഗത്തിലേക്ക് തിരിയുകയും ചെയ്ത ഫിലിപ്പ് എം. പ്രസാദ് ചൂണ്ടിക്കാട്ടിയ ഒരു കാര്യമുണ്ട്. കമ്യൂണിസമടക്കമുള്ള ഭൗതിക പ്രസ്ഥാനങ്ങള്‍ക്ക് മനുഷ്യമനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയുന്നില്ല എന്ന മൗലിക വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഭൗതിക സാഹചര്യങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചേ മാര്‍ക്‌സും എംഗല്‍സും ലെനിനുമൊക്കെ ആലോചിക്കുന്നുള്ളൂ. അതുകൊണ്ടാണ് വ്യവസ്ഥിതി മാറിയിട്ടും മനുഷ്യന്‍ മാറാത്തത്. സാര്‍ ഭരണം പോയിട്ടും ഏകാധിപത്യവും സ്വജനപക്ഷപാതവും അഴിമതിയും അതേപോലെ നില്‍ക്കുന്നത്. ''അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റും വരെ'' (വിശുദ്ധ ഖുര്‍ആന്‍ 13:11).
Comments