Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉദയാസ്തമയങ്ങള്‍

എ.ആര്‍

ഇരുപതാം നൂറ്റാണ്ടിന് മാനവിക ചരിത്രത്തില്‍ ഇടം നേടിക്കൊടുത്ത ഐതിഹാസിക സംഭവം ഏതെന്ന് ചോദിച്ചാല്‍ ഒന്നും രണ്ടും ലോകയുദ്ധങ്ങളോ കൊളോണിയലിസത്തിന്റെ അന്ത്യമോ ഒന്നുമല്ല, 1917 ഒക്‌ടോബര്‍ 17-ലെ റഷ്യന്‍ വിപ്ലവവും യൂനിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സിന്റെ നിര്‍മിതിയുമാണെന്ന് നിസ്സംശയം പറയാം. 1848-ല്‍ കാള്‍ മാര്‍ക്‌സും (1818-1883) ഫ്രെഡറിക് എംഗല്‍സും (1820-1895) ചേര്‍ന്ന് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ പുറത്തിറക്കി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടാനിരിക്കെയാണ് വ്‌ലാദ്മിര്‍ ഇല്ലിനോവിച്ച് ലെനിനും ജോസഫ് സ്റ്റാലിനും ചേര്‍ന്ന് ചരിത്രത്തിലാദ്യമായി സോഷ്യലിസ്റ്റ് വിപ്ലവം റഷ്യയില്‍ വിജയകരമായി നടത്തുന്നത്. വൈരുധ്യാധിഷ്ഠിത  ഭൗതികവാദത്തിലും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിലും മിച്ചമൂല്യ സിദ്ധാന്തത്തിലും ഊന്നി മാര്‍ക്‌സും എംഗല്‍സും പണിതുയര്‍ത്തിയ കമ്യൂണിസ്റ്റ് ദര്‍ശനത്തിന് പ്രായോഗികഭാഷ്യം ചമക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ലെനിനും സ്റ്റാലിനും സാര്‍ ചക്രവര്‍ത്തിമാരുടെ മതാധിഷ്ഠിത റഷ്യയില്‍ അത് സാധ്യമായതെങ്ങനെ എന്നതിനെക്കുറിച്ച് എമ്പാടും പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതിശക്തമായ റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ അധികാരപ്രമത്തതയുടെ ആള്‍രൂപങ്ങളായ സാര്‍ (Tzar) ചക്രവര്‍ത്തിമാര്‍ എല്ലാ വിഭാഗം ജനങ്ങളെയും അടക്കിഭരിക്കുകയും മനുഷ്യാവകാശങ്ങള്‍ ധ്വംസിച്ചുകൊണ്ടുള്ള തേര്‍വാഴ്ച ചോദ്യംചെയ്യാന്‍ ആളില്ലാതെവരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൂഷിതരും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവരുമായ തൊഴിലാളികളുടെയും വിവിധ മതസ്ഥരായ സാധാരണക്കാരുടെയും രക്ഷകരായി കമ്യൂണിസ്റ്റ് വിപ്ലവ നായകര്‍ അവതരിക്കുന്നത്. മാര്‍ക്‌സിസ്റ്റ് തത്ത്വശാസ്ത്രമോ വര്‍ഗവിഭജനമോ വര്‍ഗരഹിത വ്യവസ്ഥിതിയോ എന്തെന്ന് ബഹുഭൂരിപക്ഷത്തിനും അറിയില്ലെങ്കിലും തങ്ങളെ ഞെക്കിപ്പിഴിയുന്ന ബൂര്‍ഷ്വാസിയെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും അവര്‍ക്ക് രക്ഷാകവചമായി വര്‍ത്തിക്കുന്ന സ്വേഛാധിപതികളെക്കുറിച്ചും അനുഭവങ്ങള്‍ അവരെ പഠിപ്പിച്ചിരുന്നു. ഈ വിഷമവൃത്തത്തില്‍നിന്നുള്ള മുക്തി ആര്‍ വാഗ്ദാനം ചെയ്താലും ജനം സാവേശം അവരുടെ പിന്നാലെ കുതിക്കുക സ്വാഭാവികമാണ്. ലോകത്ത് അന്നേവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത തീര്‍ത്തും നൂതനമായ ഒരു പ്രത്യയശാസ്ത്രമാവുമ്പോള്‍ അതേപ്പറ്റിയുള്ള സ്വപ്‌നങ്ങള്‍ക്ക് അതിരുകളുണ്ടാവില്ല. 

മുന്‍ മാതൃകയില്ലാത്ത വിപ്ലവം വിജയിപ്പിച്ചെടുക്കുന്നതിനേക്കാള്‍ എത്രയോ പ്രയാസകരമാണ് പ്രയോഗതലത്തില്‍ അതിന്റെ അതിജീവനം. മാര്‍ക്‌സിസത്തിന്റെ താത്ത്വികാടിത്തറകളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി പണിതുയര്‍ത്താനുള്ള യത്‌നത്തില്‍ വി.ഐ. ലെനിന് സ്വന്തമായ വ്യാഖ്യാനങ്ങളും ഭേദഗതികളും വിശദീകരണങ്ങളും വേണ്ടിവന്നു. ഡെമോക്രാറ്റിക് സെന്‍ട്രലിസം എന്ന പദപ്രയോഗം തന്നെ അപ്രകാരം രൂപപ്പെട്ടതാണ്. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ തുടക്കത്തില്‍ പല തുണ്ടായിരുന്നെങ്കിലും ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്ത് മറ്റ്  പാര്‍ട്ടികളെ മുഴുവന്‍ അടിച്ചൊതുക്കിയതാണ് ഒക്‌ടോബര്‍ വിപ്ലവത്തിന്റെ പ്രത്യേകത തന്നെ. ഇത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് പില്‍ക്കാലത്ത് ന്യായീകരിക്കപ്പെട്ടുവെങ്കിലും ബലപ്രയോഗത്തിലൂടെയല്ലാതെ വിപ്ലവം വിജയിപ്പിക്കാന്‍ സാധ്യമല്ലെന്ന വസ്തുതയാണ് അനാവരണം ചെയ്യപ്പെട്ടത്. ജോസഫ് സ്റ്റാലിന്റെ ഉരുക്കുമുഷ്ടിയും നിഷ്ഠുരമായ ഉന്മൂലന നടപടികളുമാണ് യു.എസ്.എസ്.ആറിനെ യാഥാര്‍ഥ്യമാക്കിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ബൂര്‍ഷ്വാസികളും പുരോഹിതന്മാരും പ്രതിവിപ്ലവകാരികളുമടക്കം 90 ലക്ഷം പേരെ സ്റ്റാലിന്‍ യമപുരിക്കയച്ചിട്ടുണ്ടെന്ന പാശ്ചാത്യരുടെ കണക്ക് ഒരുവേള അതിശയോക്തിപരമാണെങ്കില്‍ തന്നെ അനേകലക്ഷം മനുഷ്യജീവന്റെ ചെലവിലാണ് പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം നിലനിന്നത് എന്ന സത്യം അനിഷേധ്യമായി അവശേഷിക്കുന്നു. 1948-ല്‍ മാവോ സേ തൂങ് നയിച്ച ചൈനീസ് സോഷ്യലിസ്റ്റ് വിപ്ലവം താത്ത്വികമായിത്തന്നെ തോക്കിന്‍കുഴലിലൂടെ ആയിരുന്നു. പിന്നീട് കണ്ടത് ഒരെതിര്‍ശബ്ദവും പൊറുപ്പിക്കാത്ത സമഗ്രാധിപത്യമാണ്. 1968-ലെ സാംസ്‌കാരിക വിപ്ലവവും 1989-ലെ ടിയാനെന്‍മെന്‍ സ്‌ക്വയറിലെ വിദ്യാര്‍ഥി കശാപ്പും ജനാധിപത്യ ധ്വംസനത്തിന്റെ ഏറ്റവും മോശമായ ഉദാഹരണങ്ങളായിരുന്നു. ബലപ്രയോഗത്തിലൂടെ സോഷ്യലിസ്റ്റ് വിപ്ലവം അരങ്ങേറിയ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളായ കിഴക്കന്‍ ജര്‍മനി, പോളണ്ട്, റുമാനിയ, ചെകോസ്ലോവാക്യ, യുഗോസ്ലാവിയ, അല്‍ബേനിയ മുതലായ രാജ്യങ്ങളിലൊന്നും പതിറ്റാണ്ടുകള്‍ക്കുശേഷവും ജനങ്ങള്‍ മനസ്സാ മാറ്റത്തോട് പൊരുത്തപ്പെട്ടില്ല എന്നതിന്റെ സ്വാഭാവിക പരിണതിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ സോവിയറ്റ് യൂനിയന്‍ കഥാവശേഷമായതോടെ സോവിയറ്റ് യൂനിയന്റെ ഘടകങ്ങളായിരുന്ന മധ്യേഷ്യന്‍ മുസ്‌ലിം റിപ്പബ്ലിക്കുകളും ലിത്വാനിയ, എസ്‌തോണിയ, ജോര്‍ജിയ എന്നീ ക്രിസ്ത്യന്‍ റിപ്പബ്ലിക്കുകളും നടേ സൂചിപ്പിച്ച പൂര്‍വ യൂറോപ്യന്‍ കമ്യൂണിസ്റ്റ് നാടുകളും ഒന്നൊഴിയാതെ സോഷ്യലിസ്റ്റ് പാത പാടേ കൈയൊഴിഞ്ഞ് ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കോ ഏകാധിപത്യത്തിലേക്കോ തിരിച്ചുപോയത്. റഷ്യ ഉള്‍പ്പെടെ ആ രാജ്യങ്ങളിലൊന്നും ഇന്ന് സാമാന്യം ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. ചൈനയും വിയറ്റ്‌നാമും ഉത്തര കൊറിയയും ക്യൂബയും സോഷ്യലിസ്റ്റ് രാജ്യങ്ങളായിട്ടാണിപ്പോഴും അറിയപ്പെടുന്നതെങ്കിലും സാമ്രാജ്യത്വത്തെ പേരിന് വെല്ലുവിളിക്കുന്ന ഏകകക്ഷി ഭരണത്തിലുള്ള രാജ്യങ്ങളെന്നതില്‍ കവിഞ്ഞ് മുതലാളിത്ത സാമ്പത്തിക വ്യവസ്ഥകളാണ് എല്ലായിടത്തും പ്രാബല്യത്തില്‍. ആഗോളീകരണത്തിന്റെയും ഉദാരീകരണത്തിന്റെയും നീരാളിപ്പിടിത്തത്തില്‍നിന്ന് കുതറാന്‍ അവക്കൊന്നിനും സാധിക്കുന്നില്ല. ഗൃഹാതുരത്വം മൂലം നിലനിര്‍ത്തുന്ന ചുവപ്പു പതാകയും ചിഹ്നങ്ങളും മാത്രമാണവയുടെ കമ്യൂണിസ്റ്റ് അടയാളങ്ങള്‍. 1917 ഒക്‌ടോബര്‍ വിപ്ലവത്തില്‍ ഉന്മൂലനം ചെയ്യപ്പെട്ട സ്വകാര്യ ഉടമാവകാശം എല്ലായിടത്തും ഇരട്ടി ശക്തിയോടെ തിരിച്ചുവരികയും കോടീശ്വരന്മാരുടെ പട്ടിക അനുദിനം നീളുകയുമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിലൊന്നിലും തൊഴിലാളികള്‍ക്ക് സംഘടിക്കാനോ പണിമുടക്കാനോ പ്രക്ഷോഭസമരങ്ങളിലേര്‍പ്പെടാനോ സ്വാതന്ത്ര്യമില്ലെന്നതുകൊണ്ട് മൂലധനശക്തികള്‍ക്ക് സ്വതന്ത്ര ലോകത്തേക്കാള്‍ പ്രിയങ്കരങ്ങളാണ് പല നാടുകളും. സ്റ്റേറ്റ് കൊഴിഞ്ഞുപോയി വര്‍ഗരഹിത വ്യവസ്ഥിതി നിലവില്‍വരുമെന്ന മാര്‍ക്‌സിന്റെ സ്വപ്‌നവും പ്രവചനവും ഇന്ന് കമ്യൂണിസ്റ്റുകളെപ്പോലും ആവേശം കൊള്ളിക്കുന്നില്ല. പകരം, മാര്‍ക്‌സിസമാണ് കൊഴിഞ്ഞുപോയതെന്ന യാഥാര്‍ഥ്യത്തിനു മുന്നില്‍ അവര്‍ അമ്പരന്നു നില്‍ക്കുകയാണ്. അപ്രകാരം ഇരുപതാം നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മഹാവിപ്ലവത്തിന്റെ അന്തിമ പതനത്തിനും അതേ നൂറ്റാണ്ടിന് സാക്ഷ്യംവഹിക്കേണ്ടിവന്നു.

ഈ പരിണതിയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പല വീക്ഷണ കോണുകളിലൂടെയും കമ്യൂണിസ്റ്റുകാരും അല്ലാത്തവരുമായ ചിന്തകരും നിരീക്ഷകരും വിശകലനം ചെയ്തിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. എന്നാല്‍, യു.എസ്.എസ്.ആറിന്റെ അവസാനത്തെ പ്രസിഡന്റും സി.പി.എസ്.യു സെക്രട്ടറിയുമായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് ചൂണ്ടിക്കാട്ടിയതാണ് ഏറെ പ്രസക്തമായ വസ്തുതകള്‍. അയാള്‍ മുതലാളിത്തത്തിന്റെ ഏജന്റും വഞ്ചകനുമായിരുന്നെന്നും സോവിയറ്റ് യൂനിയന്റെ അന്തകനായിരുന്നെന്നും ശരാശരി കമ്യൂണിസ്റ്റുകാര്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പെരിസ്‌ട്രോയ്ക്കയില്‍ ഗോര്‍ബച്ചേവ് വരഞ്ഞിട്ട യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ഠമായി ഖണ്ഡിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. 'പെരിസ്‌ട്രോയ്ക്ക'യില്‍നിന്ന് അതീവ പ്രസക്തമായ ചില ഖണ്ഡികകള്‍ മാത്രം ചുവടെ:

1. ഒരു ഘട്ടത്തില്‍, ഇത് പ്രത്യേകിച്ചും വ്യക്തമായത് എഴുപതുകളുടെ രണ്ടാം പകുതിയിലാണ്, ഒറ്റനോട്ടത്തില്‍ വിശദീകരിക്കാനാവാത്ത ചിലത് സംഭവിച്ചു. രാജ്യത്തിന്റെ പുരോഗതിയുടെ വേഗം നഷ്ടപ്പെടാന്‍ തുടങ്ങി. സാമ്പത്തിക പരാജയങ്ങള്‍ തുടര്‍ച്ചയായുണ്ടായി. വൈഷമ്യങ്ങള്‍ കുന്നുകൂടാനും വഷളാകാനും തുടങ്ങി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ വര്‍ധിച്ചു. സ്തംഭനം എന്ന് നാം വിളിക്കുന്നതും സോഷ്യലിസത്തിന് അന്യവുമായ മറ്റ് പ്രതിഭാസങ്ങളും സാമൂഹികജീവിതത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെ ബാധിച്ച ഒരുതരം പിറകോട്ട് പിടിക്കുന്ന മെക്കാനിസം’രൂപപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ സാധ്യതകള്‍ തുറന്നുതന്ന ശാസ്ത്രസാങ്കേതിക വിപ്ലവത്തിന്റെ സമയത്തായിരുന്നു ഇതെല്ലാം സംഭവിച്ചത്’(പേജ് 11).

2. ''നിര്‍ഭാഗ്യവശാല്‍ ഇതുകൊണ്ടെല്ലാമായില്ല. ഞങ്ങളുടെ ജനതയുടെ ആശയപരവും ധാര്‍മികവുമായ മൂല്യങ്ങളിലും ക്രമേണ ചോര്‍ച്ചയുണ്ടാകാന്‍ തുടങ്ങി.''

3. ''വളര്‍ച്ചയുടെ തോത് കുത്തനെ ഇടിയുകയാണെന്നും ഗുണനിയന്ത്രണത്തിന്റെ സംവിധാനമാകെ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ഏതൊരാള്‍ക്കും വ്യക്തമായിരുന്നു. ശാസ്ത്രത്തിലെയും സാങ്കേതിക വിദ്യയിലെയും നേട്ടങ്ങളെ സ്വീകരിക്കുന്നതിലും വൈമനസ്യമുണ്ടായി. ജീവിത നിലവാരത്തിലെ അഭിവൃദ്ധി മന്ദഗതിയിലായി. ഭക്ഷ്യപദാര്‍ഥങ്ങളുടെ ലഭ്യതയിലും പാര്‍പ്പിട സൗകര്യങ്ങളിലും ഉപഭോക്തൃ സാധനങ്ങളിലും സേവനതുറകളിലും വിഷമതകള്‍ വളര്‍ന്നുവന്നു.''

4. ''ആശയതലത്തിലും പിറകോട്ട് പിടിക്കുന്ന മെക്കാനിസം കടന്നുവന്നു. ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ സൃഷ്ടിപരമായി പരിശോധിക്കുന്നതിനുള്ള ശ്രമങ്ങളോടും പുതിയ ആശയങ്ങളോടും എതിര്‍പ്പ് കൂടിക്കൂടി വന്നു. യഥാര്‍ഥമോ സാങ്കല്‍പികമോ ആയ നേട്ടങ്ങളെപ്പറ്റിയുള്ള പ്രചാരണം ശക്തിപ്പെടാന്‍ തുടങ്ങി. മുഖസ്തുതി പറയലും ദാസ്യമനോഭാവവും പ്രോത്സാഹിപ്പിക്കപ്പെട്ടു. പണിയെടുക്കുന്ന സാധാരണക്കാരുടെ, പൊതുജനങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവഗണിക്കപ്പെട്ടു...''

5. ''പൊതു ധാര്‍മിക മൂല്യങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങി. വിപ്ലവത്തിന്റെയും ആദ്യ പഞ്ചവത്സര പദ്ധതികളുടെയും മഹത്തായ ദേശാഭിമാന യുദ്ധത്തിന്റെയും യുദ്ധാനന്തര പുനരുദ്ധാരണത്തിന്റെയും വീരോചിതമായ നാളുകളില്‍ ഊട്ടിവളര്‍ന്നുവന്ന അന്യോന്യമുള്ള ഐക്യദാര്‍ഢ്യം എന്ന മഹത്തായ വികാരം ദുര്‍ബലമായിക്കൊണ്ടിരുന്നു;  മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കന്യമായ ജനക്കൂട്ട സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളര്‍ത്തി. പ്രത്യയശാസ്ത്രപരമായ വന്ധ്യത വര്‍ധിച്ചു'' (പേജ് 14-16).

6. ''ഭരണതലങ്ങളില്‍ ചിലതില്‍ നിയമത്തോടുള്ള അവമതിപ്പ് ഉരുത്തിരിയുകയും കണ്ണില്‍ പൊടിയിടലും കൈക്കൂലിയും വിധേയത്വവും പാടിപ്പുകഴ്ത്തലും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. വിശ്വാസവും ഉത്തരവാദിത്തവും നേടിയിരുന്ന ആളുകള്‍ അധികാര ദുര്‍വിനിയോഗം നടത്തി. വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തി. അവിഹിതമായി വലിയ സ്വത്ത് സമ്പാദിച്ചു. ചില കേസുകളില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയും ചെയ്തു. ഈ പെരുമാറ്റങ്ങള്‍ അധ്വാനിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ന്യായമായും രോഷം വളര്‍ത്തി'' (പേജ് 17).

7. ''സാമൂഹിക കാര്യങ്ങളില്‍ ആളുകള്‍ക്കുള്ള താല്‍പര്യം നഷ്ടപ്പെടുകയാണെന്നും അധ്വാനത്തിന് പഴയ മാന്യമായ പദവിയില്ലാതായിട്ടുണ്ടെന്നും ആളുകള്‍, പ്രത്യേകിച്ചും ചെറുപ്പക്കാര്‍ എന്തു ചെയ്തും ലാഭമുണ്ടാക്കാന്‍ പരക്കം പായുകയാണെന്നും നേരും നെറിയുമുള്ള എല്ലാവരും കടുത്ത വികാരത്തോടെ കണ്ടു'' (പേജ് 19).

8. ''ഞങ്ങളുടെ വിഷമകരവും വീരോചിതവുമായ ചരിത്രത്തിന്റെ വര്‍ഷങ്ങളില്‍ അമ്മയെന്ന നിലയിലും ഗൃഹനായിക എന്ന നിലയിലും സ്വന്തം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഒഴിച്ചുകൂടാനാകാത്ത ജോലിയിലും സ്ത്രീകള്‍ക്കുള്ള സ്ഥാനത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്ത്രീകളുടെ പ്രത്യേകാവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പരിഗണന നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ശാസ്ത്രീയ ഗവേഷണങ്ങളിലേര്‍പ്പെടുകയും നിര്‍മാണ സ്ഥലങ്ങളിലും ഉല്‍പാദനത്തിലും സേവനതുറകളിലും പണിയെടുക്കുകയും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നതിനാല്‍ സ്ത്രീക്ക്, വീട്ടില്‍ അവരുടെ ദൈനംദിന കടമകള്‍ നിര്‍വഹിക്കുന്നതിന് വീട്ടുജോലി, കുട്ടികളെ വളര്‍ത്തല്‍, നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കല്‍ മതിയായ സമയം കിട്ടാതെ വരുന്നു. ഞങ്ങളുടെ പല പ്രശ്‌നങ്ങള്‍ക്കും കുട്ടികളുടെയും യുവജനങ്ങളുടെയും പെരുമാറ്റത്തിലും സംസ്‌കാരത്തിലും ഉല്‍പാദനത്തിലുമുള്ള പ്രശ്‌നങ്ങള്‍ക്ക് ഭാഗികമായി കാരണം ദുര്‍ബലമാകുന്ന കുടുംബ ബന്ധങ്ങളും കുടുംബപരമായ ഉത്തരവാദിത്തങ്ങളോടുള്ള തണുത്ത സമീപനങ്ങളുമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. എല്ലാ കാര്യത്തിലും സ്ത്രീയെ പുരുഷന് തുല്യമാക്കണമെന്ന ഞങ്ങളുടെ ആത്മാര്‍ഥവും രാഷ്ട്രീയമായി നീതീകരിക്കത്തക്കതുമായ ആഗ്രഹത്തിന്റെ ഫലമാണ് ഈ വിരോധാഭാസം'' (പേജ് 139).

(പെരിസ്‌ട്രോയ്ക്ക, മിഖയേല്‍ ഗോര്‍ബച്ചേവ്, പ്രഭാത് ബുക് ഹൗസ്, സെപ്റ്റംബര്‍ 1988).

ഇപ്പറഞ്ഞതെല്ലാം ഒരുവശത്ത് അനിഷേധ്യ സത്യങ്ങളായിരിക്കെ മാര്‍ക്‌സിസം-ലെനിനിസം ലോകത്തിന് തിന്മയും നാശവും മാത്രം വിതച്ച പ്രത്യയശാസ്ത്രമല്ല, എടുത്തുകാണിക്കാവുന്ന നേട്ടങ്ങളും അത് ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.

ഒന്ന്, വംശീയമോ ഭൂമിശാസ്ത്രപരമോ ആയ സങ്കുചിത ദേശീയതകള്‍ ലോകത്ത് യുദ്ധങ്ങള്‍ വിതച്ചപ്പോള്‍ സര്‍വരാജ്യതൊഴിലാളികളെ ഒന്നിപ്പിക്കാനുള്ള ആഹ്വാനവും ആ ദിശയിലെ പ്രവര്‍ത്തനങ്ങളും മനുഷ്യസമൂഹത്തെ ഏകീകരിക്കുന്നതില്‍ ഒരളവോളം ഫലപ്രദമായി.

രണ്ട്, പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയും അങ്ങേയറ്റം ചൂഷിതരാവുകയും ചെയ്ത തൊഴിലാളി വര്‍ഗത്തില്‍ അവകാശബോധവും സംഘടിച്ച് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ദൃഢനിശ്ചയവും പ്രദാനം ചെയ്തു. മുതലാളിത്ത രാജ്യങ്ങളില്‍ തൊഴില്‍ നിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്കും വിത്തുപാകി.

മൂന്ന്, ലോക സമാധാനത്തിന് ഭീഷണിയായ സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ തളക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്തു.

നാല്, ശാസ്ത്രസാങ്കേതിക പുരോഗതിയും നേട്ടങ്ങളും മുതലാളിത്ത ലോകത്തിന്റെ കുത്തകയല്ലെന്ന് പ്രായോഗികമായി തെളിയിച്ചു.

അഞ്ച്, പ്രത്യയശാസ്ത്രപരമായി കമ്യൂണിസം പരാജയപ്പെട്ടെങ്കിലും ഇപ്പോഴും പ്രസക്തമായ സോഷ്യല്‍ ഡെമോക്രസിയെക്കുറിച്ച ചിന്തക്കും ആ ദിശയിലുള്ള മാറ്റങ്ങള്‍ക്കും വഴിയൊരുക്കി.

ഒടുവില്‍ പറഞ്ഞ സോഷ്യല്‍ ഡെമോക്രസിയുടെ ഭൂമികയിലാണ് സ്വതന്ത്ര ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവിയും അതിജീവനവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പിളര്‍പ്പും ശൈഥില്യവും നയപരമായ പാളിച്ചകളും മൂലം ഇന്ത്യന്‍ കമ്യൂണിസ്റ്റ്  പ്രസ്ഥാനം നിരന്തരം തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. മൂന്നര പതിറ്റാണ്ടുകാലം തുടര്‍ച്ചയായി  ഭരിച്ച പശ്ചിമബംഗാള്‍ സി.പി.എമ്മിനെയും ഇടതുപക്ഷ പാര്‍ട്ടികളെയും നിശ്ശേഷം കൈവിട്ടു എന്നുപറയാവുന്ന വിധമാണ് സംഭവഗതികള്‍. തിരിച്ചുവരവിന് ഒരുകാലത്ത് മുഖ്യശത്രുവായിക്കണ്ട കോണ്‍ഗ്രസ്സിനെ കൂട്ടുപിടിക്കാന്‍ പോലും സി.പി.എമ്മിന്റെ ബംഗാള്‍ ഘടകം കേന്ദ്ര നേതൃത്വത്തെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ത്രിപുരയില്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കുന്നു; എന്നാല്‍ കേരളം കൈവിടുമോ എന്ന ഭീതി ഇടതുപക്ഷത്തിനുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പൂര്‍ണാര്‍ഥത്തില്‍ ഫാഷിസ്റ്റാണോ അര്‍ധ ഫാഷിസ്റ്റാണോ എന്ന ആശയക്കുഴപ്പത്തില്‍നിന്ന് സി.പി.എം ഇതുവരെ മുക്തമായിട്ടില്ല; കോണ്‍ഗ്രസടക്കമുള്ള മതേതര പാര്‍ട്ടികളുമായി കൂട്ടുചേരുന്നതിന്റെ മുഖ്യ തടസ്സവും അതാണ്. ആസന്നമായ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനും സമസ്യ പരിഹരിക്കാനായില്ലെങ്കില്‍ പാര്‍ട്ടിയിലെ ശൈഥില്യത്തിനുപോലും അത് വഴിവെക്കും. അതേസമയം, സംഘ് പരിവാറിനെതിരായ ശക്തമായ നിലപാടുകളാണ് പാര്‍ട്ടിയെ ഒരളവോളം മതന്യൂനപക്ഷങ്ങള്‍ക്ക് സ്വീകാര്യമാക്കുന്നതെന്ന വസ്തുതയും ബാക്കിനില്‍ക്കുന്നു. ഒപ്പംതന്നെ മതന്യൂനപക്ഷങ്ങളുടെ സ്വത്വവാദത്തോടുള്ള സി.പി.എമ്മിന്റെ നിഷേധാത്മക സമീപനവും പരിഹാരം തേടുന്ന മറ്റൊരു പ്രതിസന്ധിയാണ്. വിശ്വാസവും ആദര്‍ശവും തനിമയും കൈയൊഴിഞ്ഞു വേണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നില്‍ക്കാനെങ്കില്‍ അതെന്തുകൊണ്ട് സംഘ് പരിവാറിനോടൊപ്പം തന്നെ ആയിക്കൂടാ എന്ന ചേദ്യം ഉയരുന്നുണ്ട്. ഭാരതീയ സംസ്‌കാരം എന്ന് അവര്‍ വിളിക്കുന്ന ആര്‍ഷ സംസ്‌കാരത്തോട് ആഭിമുഖ്യമോ വിധേയത്വമോ പുലര്‍ത്താമെങ്കില്‍ മുസ്‌ലിംകള്‍ മുസ്‌ലിംകളായും ക്രൈസ്തവര്‍ ക്രൈസ്തവരായും ജീവിക്കുന്നതിന് തങ്ങള്‍ എതിരല്ല എന്നാണല്ലോ ആര്‍.എസ്.എസിന്റെയും വാദഗതി. ചുരുക്കത്തില്‍, ആഗോള പ്രസക്തിയും ശക്തിയും നഷ്ടമായിക്കഴിഞ്ഞ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സ്വതന്ത്ര ഇന്ത്യയിലെ സാമ്പ്രദായിക സ്വാധീനമേഖലകളിലെങ്കിലും അതിജീവനം സാധ്യമാവണമെങ്കില്‍ മൗലികമായ പുനര്‍വിചിന്തനം അനിവാര്യമാണെന്ന വിലയിരുത്തല്‍ ശക്തമാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍