Prabodhanm Weekly

Pages

Search

2017 ഒക്ടോബര്‍ 20

3022

1439 മുഹര്‍റം 29

പ്രഭാഷണം സാമൂഹിക ഇടപെടലാണ്

കണിയാപുരം നാസറുദ്ദീന്‍ തിരുവനന്തപുരം

പ്രഭാഷണം ചര്‍ച്ച ചെയ്ത പ്രബോധനം (ലക്കം 3019) മത പ്രബോധനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്, വിശിഷ്യാ പ്രഭാഷകര്‍ക്ക്. പ്രഭാഷണം ഒരു കല എന്നപോലെ പ്രബോധനപരമായ  ഇടപെടല്‍ കൂടിയാണ്. പ്രവാചകന്മാരെല്ലാം പ്രഭാഷകരായിരുന്നു, സമൂഹ ചിന്തകളെ ഇളക്കുന്ന പ്രഭാഷകര്‍.

നമ്മുടെ പ്രഭാഷകര്‍ ഭാഷാപരമായി വളരെ പിന്നിലാണെന്നത് പറയാതിരുന്നുകൂടാ. നല്ല പാണ്ഡിത്യമുള്ളവര്‍ക്ക് ആകര്‍ഷകമായ ഭാഷാശൈലിയോ വാക് വൈഭവമുള്ളവര്‍ക്ക് വേണ്ടത്ര പാണ്ഡിത്യമോ ഇല്ലെന്നതും മതപ്രഭാഷണ പ്രബോധനരംഗം നേരിടുന്ന പ്രതിസന്ധി തന്നെ. ചിലര്‍ പ്രസംഗിക്കുന്നത് കേള്‍ക്കാം.  'അല്ലാഹു ചോദ്യം ചെയ്യപ്പെടും, അല്ലാഹു ശിക്ഷിക്കപ്പെടും' എന്നൊക്കെ.  ചോദ്യം ചെയ്യുമെന്നും ശിക്ഷിക്കുമെന്നും പറഞ്ഞാലേ ഭാഷാപരമായി തന്നെ ശരിയാകൂ. പ്രഭാഷകര്‍ അകലങ്ങളിലും ഉയരങ്ങളിലുമല്ല നിലനില്‍ക്കേണ്ടത്. പ്രബോധിതരുടെ വളരെ തൊട്ടടുത്തു തന്നെയുാകണം. അത്തരക്കാരെയാണ് സമൂഹത്തിനിഷ്ടം.

കെ.ഇ.എന്‍ പറഞ്ഞപോലെ പ്രഭാഷണം സമൂഹത്തെയും കാലത്തെയും അറിയാതെയുള്ള ഒരുതരം അപസ്മാരപ്രകടനം ആകരുത്. സാമ്പത്തിക നേട്ടങ്ങള്‍ക്കായി പ്രഭാഷണം നടത്തുന്നവര്‍, പറയുന്ന കാര്യത്തോട് നീതി പുലര്‍ത്താന്‍ കഴിയാത്തവരായിരിക്കും. മതപ്രഭാഷണം ആളുകള്‍ മടുക്കുന്ന ഒരവസ്ഥയിലേക്ക് തരം താഴാതിരിക്കണമെങ്കില്‍ മതപണ്ഡിതരും നവോത്ഥാന സംഘങ്ങളും ഒരുമിച്ചിരുന്ന് ആലോചിച്ച് വേണ്ടത് ചെയ്‌തേ മതിയാകൂ.

 

 

പ്രഭാഷണ കലയിലും മാറ്റങ്ങള്‍ കൊണ്ടുവരാം

പ്രഭാഷണ കലയിലും മാറ്റങ്ങള്‍ കൊണ്ടുവരാം എന്ന ചര്‍ച്ച വളരെ അവസരോചിതമായി. മത പ്രഭാഷണ  രംഗം അങ്ങേയറ്റം മത്സരവേദിയായി മാറിയത് കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയിലാണെന്ന് തോന്നുന്നു.

നല്ല ഭാഷാശുദ്ധിയോടെയും ഭാവനാ പാടവത്തോടെയുമുള്ള പ്രഭാഷണങ്ങള്‍ പഴയ ശൈലിയില്‍നിന്നും വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്ന ധാരാളം പ്രഭാഷകര്‍ ഉണ്ട്. എന്നാല്‍, കഥകളും കെട്ടുകഥകളും വൈകാരികമായി അവതരിപ്പിച്ച് വേറിട്ട ശൈലികള്‍ക്കായി പ്രഭാഷകര്‍ പാടുപെടുന്ന കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നു. അതോടൊപ്പം സംഗീതാത്മകതയും ഉര്‍ദു കവിതകളും പൊടിക്കൈകളാക്കി പുതിയ പ്രഭാഷകരും രംഗത്തു വന്നുകൊണ്ടിരിക്കുകയാണ്.

മതപ്രഭാഷണത്തിന്റെ ഉദ്ദേശ്യം സമൂഹത്തെ വിജ്ഞാനം നല്‍കി നേര്‍മാര്‍ഗത്തിലേക്ക് നയിക്കുക എന്നതിനു പകരം  സമ്പത്ത് നേടുക എന്നായപ്പോള്‍ തീര്‍ച്ചയായും അതിന്റെ ആത്മാവ് നഷ്ടപ്പെട്ടു. മത പ്രഭാഷണങ്ങള്‍ ആസ്വദിക്കാവുന്ന ഒന്നായി മാറി എന്നത് വസ്തുതയാണ്. കഥാ പ്രസംഗം പോലെ നീട്ടിയും കുറുക്കിയും ഭാവാഭിനയം കൊണ്ട് ആകര്‍ഷകമാക്കിയും മുന്നേറുന്ന പ്രഭാഷകരില്‍ പലരും ദിവസക്കൂലിയായി വാങ്ങുന്നത് പതിനായിരങ്ങളാണ്; മറ്റു സുഖസൗകര്യങ്ങള്‍ പുറമെ. പലരുടെയും അവതരണം അമിതാഭിനയം കൊണ്ടും ശബ്ദഘോഷം കൊണ്ടും അരോചകമാണ്. യൂട്യൂബില്‍ നിറഞ്ഞുനില്‍ക്കുന്ന ഈ  പ്രഭാഷകര്‍, തങ്ങള്‍ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങള്‍ ഇക്കൂട്ടര്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയെങ്കില്‍! എവിടെയും ലാളിത്യവും സുതാര്യതയും തന്നെയാണ് വേത്്. പ്രഭാഷകര്‍ക്കു പുനര്‍ചിന്തനത്തിനു ഈ ചര്‍ച്ച വഴിയൊരുക്കും എന്ന് ആശിക്കുന്നു.

ബശീര്‍ ചിത്താരി

 

 

തിരുത്തപ്പെടേണ്ട പ്രഭാഷണങ്ങള്‍

പ്രഭാഷണങ്ങളെക്കുറിച്ച നിരൂപണങ്ങള്‍ ശ്രദ്ധേയമായി (സെപ്റ്റംബര്‍ 29). ഇതൊന്നു വിളിച്ചുപറയണമെന്ന് കുറേക്കാലമായി വിചാരിച്ചിരുന്നു. കേള്‍വിയില്‍ താല്‍പര്യമുള്ളവര്‍ക്ക് അറിവ് നേടുന്നതിനുള്ള നല്ലൊരു മാധ്യമമാണ് പ്രസംഗം. ഏതൊരു കാര്യത്തിനുമെന്നതു പോലെ പ്രഭാഷണങ്ങള്‍ക്കും മൂല്യത്തകര്‍ച്ച സംഭവിച്ചിട്ടുണ്ട്. ഇത്തരം ഓര്‍മപ്പെടുത്തലുകള്‍ തന്നെയാണ് തിരുത്താനുള്ള വഴി.

മൗലാനാ മൗദൂദി പറഞ്ഞിട്ടുണ്ട്, താടി ഹൃദയത്തില്‍ നിന്ന് മുളച്ചുവരേണ്ടതാണെന്ന്. അതുപോലെ സ്വന്തം ജീവിതം കൊണ്ട് ജീവന്‍ നല്‍കിയ ആശയം സ്വാഭാവികമായി നാവില്‍ വരുന്നതായിരിക്കും നല്ല പ്രസംഗം. ആശയങ്ങളില്‍ ആകൃഷ്ടരാവുകയും അവ ജീവിതത്തില്‍ ഉള്‍ക്കൊള്ളാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന പ്രബോധകമനസ്സുള്ളവര്‍ തങ്ങള്‍ക്കറിയുന്നത് മറ്റുള്ളവര്‍ക്കെത്തിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.  പക്ഷേ, അതൊരു തൊഴിലും വരുമാനവുമാകുമ്പോള്‍  കൃത്രിമമാകുന്നു.

സ്വന്തം ജീവിതം പറയുന്ന പ്രസംഗത്തിന് ഹാവഭാവങ്ങള്‍ വേണ്ടിവരില്ല. അവനവന്‍ നിത്യം സംസാരിക്കുന്നതു പോലെ സംസാരിച്ചാല്‍ മതി. മൗദൂദിയും ഹാജി സാഹിബും എ.കെ.ജിയുമൊക്കെ അത്തരം പ്രസംഗകരായിരുന്നു. പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും നടത്താന്‍ ത്യാഗസന്നദ്ധതയില്ലാത്തവര്‍ക്ക് അത്തരം  ഉറവകള്‍ ഉണ്ടാവുകയില്ല. അപ്പോള്‍ പിന്നെ തൊഴിലും വരുമാനവും പിടിച്ചുനിര്‍ത്താന്‍ പൊടിക്കൈകള്‍ പയറ്റുന്നു.

പല പ്രമുഖ എഴുത്തുകാരും പ്രഭാഷകരും വര്‍ഷങ്ങള്‍ക്കു മുമ്പേ ഉറവ വറ്റിയവരാണ്. സംഘടനകളുടെ ബലത്തില്‍ അനുയായികളെ കഷായം പോലെ കുടിപ്പിക്കുകയാണ്. ഖുത്വ്ബകളാണെങ്കില്‍ ദീനീ ബാധ്യതയായതുകൊണ്ട് നിര്‍ബന്ധിതമായി കേള്‍ക്കേണ്ടിയും വരുന്നു.

കെ.കെ ബശീര്‍, കടലായി, കണ്ണൂര്‍

 

 

പ്രഭാഷണ കല സാംസ്‌കാരിക ദൗത്യമാണ്

പ്രബോധനം മുഖവാക്ക് (വാള്യം 74, ലക്കം 17) പ്രഭാഷണ കലയില്‍ കൊണ്ടുവരേണ്ട  മാറ്റങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നു. അപസ്മാരവും ആംഗ്യ ഭാഷയും ചിലരുടെ അതിവൈകാരികതയുടെ കാറ്റാടി പന്തലാകുന്നത് അദ്ദേഹത്തിന്റെ വാക്കുകളും ആശയങ്ങളും മറ്റുള്ളവര്‍ക്ക് ബോധ്യമാകുന്നില്ലെന്ന് തോന്നുമ്പോഴാണല്ലോ. ഈ കലയുടെ സത്ത നഷ്ടപ്പെടുത്തി ചില രാഷ്ട്രീയക്കാരും മതപ്രഭാഷകരും പ്രസംഗിക്കുമ്പോള്‍ വലിയ സാംസ്‌കാരിക ധ്വംസനം തന്നെ നടക്കുന്നുണ്ട്. ചില പ്രസംഗങ്ങള്‍ അണികളെ ആവേശപ്പെടുത്തുമ്പോള്‍ അതിനകത്തുള്ള കലയുടെ തോത് വളരെ കുറഞ്ഞുവരുന്നു. മറുവശത്ത് തീപ്പൊരി പ്രസംഗം എന്ന് പറഞ്ഞ് വലിയ പ്രാധാന്യം നല്‍കുന്ന മത സാമുദായിക പ്രഭാഷണങ്ങള്‍ ഇന്ന് വൈറലാകുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. കാമ്പുള്ള പ്രസംഗങ്ങളേ ചര്‍ച്ച ചെയ്യേതുള്ളൂ. ഇത്തരം 'വൈറല്‍ പ്രസംഗങ്ങള്‍' സാംസ്‌കാരിക കേരളത്തിന് അപമാനകരമാണ്. അതുകൊണ്ട് പ്രഭാഷണരംഗത്ത് മാറ്റങ്ങള്‍ അനിവാര്യം തന്നെ.

അബ്ബാസ് ആനപ്പുറം, യാമ്പു

 

 

വിചാരണ ചെയ്യപ്പെടുന്ന മതപ്രസംഗങ്ങള്‍

പ്രസംഗകര്‍ക്കും  പ്രസംഗിപ്പിക്കുന്നവര്‍ക്കും ലക്ഷ്യബോധം നല്‍കുന്നതായിരുന്നു ലക്കം 3019-ലെ മുഖപ്രസംഗവും ലേഖനങ്ങളും. വിശിഷ്യാ മതപ്രഭാഷണങ്ങളെ സംബന്ധിച്ച ലേഖനം ശ്രദ്ധേയമായിരുന്നു. ലക്ഷ്യവും ലക്ഷണവും നഷ്ടപ്പെട്ട പ്രസംഗങ്ങളാണ് മത വേദികളില്‍നിന്ന് പലപ്പോഴും കേള്‍ക്കേണ്ടിവരുന്നത്. പ്രഫഷണല്‍ ഗായകരുടെ ഗാനമേള പോലെ പ്രഫഷണല്‍ പ്രസംഗകരുടെ മതപ്രസംഗങ്ങളാണ്  ഇന്ന് കൂടുതലും.അതുകൊണ്ടുതന്നെ, പ്രസംഗങ്ങള്‍ കാരണം മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. പ്രസംഗകരുടെ അവസ്ഥ ഇതാണെങ്കില്‍ ശ്രോതാക്കളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒരടിപൊളി പ്രസംഗം കേട്ട് രസിക്കണമെന്ന് മാത്രമേ ശ്രോതാക്കളില്‍ പലര്‍ക്കും ആഗ്രഹമുള്ളൂ. ഈ ലക്ഷ്യബോധമില്ലായ്മയുടെ ഫലമായിക്കൂടിയാണ് മതപ്രഭാഷണങ്ങളെ വിചാരണ ചെയ്യേണ്ടി വരുന്നത്.

എം എം.അബ്ദുന്നൂര്‍, ഈരാറ്റുപേട്ട

 

 

 

പ്രഭാഷണ ഗോഷ്ഠികള്‍!

പ്രഭാഷണങ്ങളെക്കുറിച്ച് വന്ന ലേഖനങ്ങള്‍ വായിച്ചുകഴിഞ്ഞപ്പോള്‍ തോന്നിയ ചില അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണ്. മുസ്‌ലിം സമുദായത്തിലെ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ഹിന്ദു സന്യാസിമാരുടെ പ്രഭാഷണങ്ങളും താരതമ്യം ചെയ്തു നോക്കണം, നമ്മുടെ കഴിവുകേടുകള്‍ മനസ്സിലാക്കാന്‍. ഹിന്ദു സന്യാസിമാരുടെ പ്രഭാഷണങ്ങള്‍ പലതവണ കേട്ടിട്ടുണ്ട്. സദസ്സുമായി സംവദിച്ചുകൊണ്ട് എത്ര സമാധാനപരമായാണ് അവര്‍ പ്രഭാഷണം നടത്തുന്നത്. ചിലപ്പോഴെങ്കിലും ചിന്തിച്ചുപോകും, നമ്മുടെ പണ്ഡിതന്മാര്‍ ഇതൊക്കെയൊന്ന് കേട്ട് പ്രഭാഷണം എങ്ങനെ കലാപരമായി അവതരിപ്പിക്കാമെന്ന് പഠിച്ചിരുന്നെങ്കില്‍!

നമ്മുടെ മതപണ്ഡിതന്മാരുടെ പ്രസംഗം സ്റ്റേജും ഭൂമിയും കുലുക്കിയുള്ള പോരാട്ട അട്ടഹാസങ്ങളായി പലപ്പോഴും മാറിപ്പോകുന്നു. ഒരു പാതിരാ പ്രസംഗം കേട്ട ഒരു സുഹൃത്തിനോട് ഞാന്‍ ചോദിച്ചു: 'എന്തൊക്കെയാണ് ഇന്നലെ കേട്ടത്, പഠിച്ചത്?' 'എനിക്കൊന്നും മനസ്സിലായില്ല, എന്നാലും അദ്ദേഹത്തിന്റെ ദുആ! അത് മതിയല്ലോ!' എന്താണ് ദുആ? ഇങ്ങനെ ദുആ ഇരന്ന് കൊടുക്കാന്‍ മാത്രം ഒരു സമ്മേളനം, ദുആ സമ്മേളനം!

'നല്ല മലയാളം പറയുന്ന കാഫിരീങ്ങളെ തൊട്ട് എന്നെ കാക്കണേ തമ്പുരാനേ' എന്ന് പ്രാര്‍ഥിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിശയോക്തിയായിരിക്കാം. വാദപ്രതിവാദ സദസ്സില്‍ ചെന്നിരുന്നാല്‍ നാം കേള്‍ക്കുന്നതെന്താണ്? ശരീരം ഇളക്കി ചിരിച്ചുകളിയാക്കി പരിഹസിക്കുന്ന പ്രസംഗകരും അത് കേട്ട് ചിരിച്ചുകൊടുക്കുന്ന സദസ്സും. എന്നാണ് നമുക്ക് ബോധം വരിക, തിരിച്ചറിവുണ്ടാവുക?

തോട്ടം രാജശേഖരന്റെ ഒരു സാമുദായിക വിമര്‍ശന പ്രസംഗം കേട്ട് സി.എന്‍ അഹ്മദ് മൗലവി തലയില്‍ കൈവെച്ചുപോയത് ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ കേട്ട പ്രസംഗങ്ങളില്‍ ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു പ്രസംഗമായിരുന്നു അത്, തലശ്ശേരിയില്‍ വെച്ച്. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു സ്റ്റേറ്റ് സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോടും മന്മഥന്‍ സാറുമൊക്കെ നടത്തിയ പ്രസംഗങ്ങള്‍ നമുക്ക് മാതൃകയാക്കാവുന്നതാണ്. അവരുടെ ഭാഷയും ശൈലിയും വിനയവും എന്തൊരാകര്‍ഷണമായിരുന്നു. അതൊക്കെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നു.

ഇന്ന് ചില മുസ്‌ലിം പ്രഭാഷകരുടെ പ്രസംഗങ്ങള്‍ എടുത്തുദ്ധരിച്ചുകൊണ്ട് ആര്‍.എസ്.എസ്സുകാര്‍ അവരുടെ ചാനലില്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പ്രഭാഷകരുടെ ആര്‍ത്തട്ടഹാസങ്ങള്‍!

ടി. മുഹമ്മദ് സാഹിബിനെ കൂടി സ്മരിച്ചുകൊണ്ട് ഈ കുറിപ്പവസാനിപ്പിക്കാം. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ, അദ്ദേഹത്തിന്റെ വിനയത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഒരുപാട് പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട്. പ്രസംഗത്തേക്കാള്‍ കൂടുതല്‍ പ്രബന്ധമാണദ്ദേഹത്തിന്റേതായിട്ടുള്ളത്. എത്രയെത്ര ലേഖനങ്ങള്‍! എറണാകുളത്ത് വെച്ച് ഒരു ഇസ്‌ലാമിക് സെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധം -അത് പഴയ പ്രബോധനം മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒരു നവലോകം കെട്ടിപ്പൊക്കുക' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഒരപേക്ഷ കൂടി പ്രബോധനത്തോട്. ഒരിക്കല്‍കൂടി വായിക്കാന്‍ ആഗ്രഹിക്കുന്ന ടി.എമ്മിന്റെ ഒരു ലേഖനം 'തന്നോടു തന്നെ' എന്നാണതിന്റെ തലക്കെട്ട്. അതൊന്ന് പുനഃപ്രസിദ്ധീകരിക്കാന്‍ അപേക്ഷ.

സി.കെ ഹംസ, ഗ്രാമത്തി, പള്ളൂര്‍

 

 

 

പ്രഭാഷണ കലയിലും കൊണ്ടുവരാം മാറ്റങ്ങള്‍

'ബഹുസ്വര സമൂഹത്തില്‍ പ്രഭാഷണം നടത്തുമ്പോള്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ തന്നെയാണ് പ്രഭാഷണത്തിലൂടെ ജനം മനസ്സിലാക്കുന്നത് എന്ന് പ്രഭാഷകന്മാര്‍ ഉറപ്പുവരുത്തണം.' കാലഘട്ടം തേടുന്ന ഒരു പ്രസ്താവനയാണ് പ്രബോധനം 'മുഖവാക്കി'ലേത്. മുന്‍കാലത്ത് പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും യാതൊരു പ്രതിഫലവും പറ്റാതെ അജ്ഞരായ ജനങ്ങള്‍ക്ക് പ്രസംഗങ്ങള്‍ വഴിയും മറ്റും അറിവ് പകര്‍ന്നു നല്‍കിയിരുന്നു. ഇന്ന് ജനങ്ങള്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. പ്രഭാഷണങ്ങളിലെ വൈകാരിക ആക്രോശങ്ങളും അതുവഴി ഉണ്ടാകുന്ന ശത്രുതാ മനസ്സും മുസ്‌ലിം സമുദായത്തിന്റെ മൊത്തം പ്രതിഛായയെ ബാധിക്കുന്നുണ്ട്. സാമ്പത്തിക ലാഭത്തിനു വേണ്ടി നടത്തുന്ന പ്രഭാഷണങ്ങള്‍ മറ്റൊരു ഭാഗത്ത്. ഇവ അടിയന്തരമായി നിര്‍ത്തണം. മതവും രാഷ്ട്രീയവും മുസ്‌ലിം സമുദായത്തിനും മറ്റെല്ലാ സമുദായങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യാനുള്ളതാണ്. ആ നന്മകള്‍ സമൂഹത്തിന് ലഭ്യമാക്കുന്നതാകണം പ്രസംഗങ്ങള്‍. പുരോഗമന ആശയങ്ങള്‍ പരിഷ്‌കര്‍ത്താക്കളിലൂടെ വളര്‍ന്നുവരാന്‍ പ്രഭാഷണങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ മാറിയ സാഹചര്യത്തില്‍ ആവശ്യമായ ട്രെയ്‌നിംഗ് ക്ലാസ്സുകള്‍ പ്രഭാഷകര്‍ക്ക് നല്‍കണം. ആശയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനുള്ള വൈദഗ്ധ്യമാണ് ഒന്നാമതായി പ്രഭാഷകര്‍ നേടേണ്ടത്.

പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ

 

 


ലങ്കേഷിന്റെ മകള്‍ ഗൗരി

ഗൗരി ലങ്കേഷ് വധത്തിനെതിരായ പ്രതിഷേധത്തിനിടെ നവതിയുടെ നിറവില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഡോ. എം. ലീലാവതി ടീച്ചര്‍ പറഞ്ഞതിങ്ങനെയായിരുന്നു; 'ഗൗരിയെ വധിച്ച നാട് എന്ന വിശേഷണം നമുക്ക് ഒരിക്കലും പാടില്ലാത്ത ഒന്നായിരുന്നു.' ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയ വെടിയുണ്ടകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഗൗരവമേറിയതാണ്. 7.65 ാാ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനെ വെടിവെച്ചുവീഴ്ത്തിയത്. ഇതേ തോക്ക് ഉപയോഗിച്ചാണ് എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവരെയും കൊലപ്പെടുത്തിയത്.മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും അന്വേഷണ സംഘങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായ കൊലപാതക രീതികള്‍ വിരല്‍ ചൂണ്ടുന്നതത്രയും  ഫാഷിസ്റ്റ് സംഘങ്ങളിലേക്കാണ്. അത് തുറന്നുപറയാന്‍ പലരും മടിക്കുന്നു. എല്ലാവരും ഒരു സെയ്ഫ് സോണിലിരുന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. നഗ്നനായാലും രാജാവ് വസ്ത്രമണിയാന്‍ മറന്നിരിക്കുന്നു എന്നോര്‍മിപ്പിക്കാന്‍ പോലും അവര്‍ അശക്തരാണ്. എവിടെയോ ഒളിഞ്ഞിരിക്കുന്ന ഒരു തോക്കിന്‍കുഴലിനെ ഉറക്കില്‍പോലും ഭയപ്പെടുന്നു. 

ഉള്ളടക്കംകൊണ്ട് സമ്പന്നവും സമീപനം കൊണ്ട് ശ്രദ്ധേയവുമായി യാസര്‍ ഖുത്വുബിന്റെ ലേഖനം. ഗൗരിയെക്കുറിച്ചെഴുതിയ മലയാള മാധ്യമങ്ങളില്‍ ഒന്നിലും കിട്ടാത്ത വിവരങ്ങള്‍ കണ്ടെത്തി രേഖപ്പെടുത്താന്‍ അദ്ദേഹത്തിന്  കഴിഞ്ഞിട്ടുണ്ട്. ആക്ടിവിസ്റ്റുകളുടെ മനപ്പൊരുത്തം പോരാട്ടങ്ങളുടെ ആഴങ്ങള്‍ തേടിപ്പോകാനും വീര്യം ചോര്‍ന്ന് പോകാതെ വായനക്കാരിലെത്തിക്കാനും ലേഖകനെ പ്രാപ്തനാക്കിയിരിക്കുന്നു.

മുഹമ്മദ് കുനിങ്ങാട്

 

 

ഹദീസിന്റെ പുനര്‍വായന

ഹദീസുകള്‍ സംബന്ധിച്ച ലേഖനങ്ങള്‍ മൂന്നും (ലക്കം 3014) അവസരോചിതവും പഠനാര്‍ഹവുമാണ്; അലി മിയാന്റേത് പ്രത്യേകിച്ചും. തലക്കെട്ടുതന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന തരത്തില്‍ സദ്‌റുദ്ദീന്‍ വാഴക്കാട് ഏത് സാധാരണക്കാരന്നും ഗ്രഹിക്കാനാവുന്ന വിധം കതിരും പതിരും വേര്‍തിരിച്ച് അവതരിപ്പിച്ച ലേഖനം എടുത്തുപറയേണ്ടതുതന്നെ. എന്നാല്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ പണ്ഡിതനായ ഇല്‍യാസ് മൗലവിയുടെ ലേഖനം വിഷയത്തിന്റെ ഓരത്തുകൂടി അങ്ങനെയങ്ങ് നടന്നുനീങ്ങിയതേയുള്ളൂവെന്ന് തോന്നുന്നു.

ഹദീസിന്റെ മേല്‍വിലാസത്തില്‍ ചിലരിന്ന് വേഷഭൂഷാദികളിലും താടിമുടികളിലുമൊക്കെ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അത്ര നന്നല്ല. പള്ളികളിലും മറ്റും വേഷംകെട്ടല്‍ പോലെ നിറയുന്ന ഇതെല്ലാം കണ്ട് പ്രയാസപ്പെട്ടുകഴിയുന്ന ഈ സന്ദര്‍ഭത്തില്‍ നേരെന്ത്, നേടേണ്ടതെന്ത് എന്ന് വ്യക്തമായും മനസ്സിലാക്കിത്തരുന്ന ഈയൊരു കവര്‍ സ്റ്റോറി ഒരുക്കിയ പ്രബോധനത്തിന് നന്ദി.

മമ്മൂട്ടി കവിയൂര്‍ 

 

 

ചെറിയമുണ്ടത്തിന്റെ നിലപാടുകള്‍

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുമായുള്ള അഭിമുഖം (2017 സെപ്റ്റംബര്‍ 22) വായിച്ചു. അദ്ദേഹവുമായുള്ള അഭിമുഖം മുമ്പും പ്രബോധനത്തില്‍ വന്നത് ഓര്‍ക്കുന്നു. പക്വമതിയും വിശാല ചിന്താഗതിക്കാരനുമായ ഇദ്ദേഹത്തിന്റെ വീക്ഷണങ്ങളും നിലപാടുകളും മുജാഹിദ് പണ്ഡിതന്മാരില്‍നിന്ന് വ്യത്യസ്തമാണ്. മുജാഹിദ് സംഘടനയുടെ പിളര്‍പ്പില്‍ കൂടുതല്‍ വ്യസനിച്ചവരില്‍ ഒരാളാണ് ഇദ്ദേഹം. കുറച്ചുകാലം ഇരു വിഭാഗത്തിലും ചേരാതെ മാറിനില്‍ക്കുകയുണ്ടായി.  ശബാബില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന 'ചോദ്യോത്തര പംക്തി'യും എഡിറ്റോറിയലും മുടങ്ങാതെ വായിക്കുമായിരുന്നു. അന്ധമായ സംഘടന/വ്യക്തിവിരോധം വെച്ചുപുലര്‍ത്താത്ത ആളെന്ന നിലയില്‍ മറുപടികള്‍ പൊതുവെ പ്രാമാണികവും വസ്തുനിഷ്ഠവും യുക്തിഭദ്രവുമായിരുന്നു. ഒരു കാര്യത്തില്‍ ചെറിയ അച്ചടിപ്പിശക് വന്നിരിക്കുന്നു. മുസ്‌ലിം ലീഗ് നേതാവും ദീര്‍ഘകാലം നിയമസഭാ അംഗവുമായിരുന്ന എ.വി അബ്ദുര്‍റഹ്മാന്‍ ഹാജി(എന്‍.വി എന്നെഴുതിയത് തെറ്റാണ്)യുടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സംഗീത് ലോഡ്ജിലേക്കാണ് ശബാബ് അരീക്കോട്ടു നിന്നും മാറ്റിയത്.

ജമാലുദ്ദീന്‍ പാലേരി

 

 

ജമാഅത്ത്-മുജാഹിദ് ഐക്യം സാധ്യമാകണം

ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുമായി ബഷീര്‍ തൃപ്പനച്ചി നടത്തിയ അഭിമുഖം (പ്രബോധനം ലക്കം 16) കാലത്തിന്റെ തേട്ടമായിരുന്നു. ഫലസ്ത്വീനില്‍ വിട്ടുവീഴ്ചയിലൂടെ ഹമാസിനും ഫത്ഹിനും ഐക്യപ്പെടാന്‍ സാധിക്കുമെങ്കില്‍ ജമാഅത്തിനും മുജാഹിദുകള്‍ക്കും ഐക്യം സാധ്യമാവണം. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയെ പോലുള്ള പണ്ഡിതന്മാര്‍ക്ക് മുജാഹിദ് പ്രസ്ഥാനത്തിന്റെ നയവികാസത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞാല്‍ കേരള നവോത്ഥാനത്തില്‍ പുതിയൊരു അധ്യായം രചിക്കാനാകും. ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ് നമ്മള്‍ ജനങ്ങളെ ക്ഷണിക്കേണ്ടത് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്‌ലാമിയോടുള്ള അന്ധമായ എതിര്‍പ്പും പരിഹാസവും അസാനിപ്പിക്കാന്‍ സ്വന്തം അണികള്‍ക്കും നേതാക്കള്‍ക്കും തര്‍ബിയത്ത് നല്‍കാന്‍ നേതൃത്വം തയാറാകണം. കഴിഞ്ഞകാല നേതാക്കളും പണ്ഡിതന്മാരും അവരുടെ കാലഘട്ടത്തിനനുസൃതമായ തീരുമാനങ്ങളായിരിക്കാം എടുത്തത്. പിഴവുകള്‍ വന്നുപോയിട്ടുണ്ടെങ്കില്‍ അല്ലാഹു പൊറുത്തുകൊടുക്കട്ടെ. അവരുടെ നിലപാടുകള്‍ ഇന്ന് ജമാഅത്ത്- മുജാഹിദ് ഐക്യത്തിന് തടസ്സമായിക്കൂടാ. 

മുജാഹിദ് വിഭാഗങ്ങളുടെ ലയനത്തിന് മാധ്യസ്ഥ സമിതി സമവായ പോയിന്റുകള്‍ ഉണ്ടാക്കി എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇതേ രീതിയില്‍ ജമാഅത്തിനും മുജാഹിദിനുമിടയില്‍ ഐക്യത്തിന്റെ പുതിയ പാലം പണിയാന്‍ ചെറിയമുണ്ടം മുന്‍കൈ എടുക്കണം. കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോലും തികഞ്ഞ അസഹിഷ്ണുത കാണിക്കുന്ന സംഘടനാ പ്രവര്‍ത്തകരുണ്ട്. സംഘടനാ പ്രസിദ്ധീകരണങ്ങളും പ്രസംഗങ്ങളും പറയുന്നതിനപ്പുറത്തേക്ക് അവര്‍ക്ക് ഇസ്‌ലാമില്ല. തങ്ങളുടെ വാക്കും പ്രവൃത്തിയും നിലപാടും നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവാകട്ടെ നമ്മെ നയിക്കുന്നത്. ഹൃദയത്തിന്റെ കുടുസ്സാണ് നാം ഒഴിവാക്കേണ്ട മറ്റൊന്ന്. മുജാഹിദ് സമ്മേളനങ്ങളിലും പരിപാടികളിലും ജമാഅത്ത് നേതൃത്വത്തെ വിളിക്കാനുള്ള മനസ്സിന്റെ വിശാലത ഐക്യ ശ്രമത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും.

കാലഘട്ടം ലോക മുസ്‌ലിംകളുടെ ഐക്യം ആവശ്യപ്പെടുമ്പോള്‍ പഴയ കിതാബുകളുടെ പേജുകളില്‍ ആശ്വാസം കണ്ടെത്താതെ നീതിയിലധിഷ്ഠിതമായ പുതിയ ലോകത്തെ സൃഷ്ടിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ബാധ്യതയുണ്ടെന്ന് തിരിച്ചറിയുക. അതിന് നേതൃത്വം കൊടുക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്കും ഇസ്‌ലാഹി പ്രസ്ഥാനത്തിനും കഴിയുമെന്ന് പ്രത്യാശിക്കുന്നു.

കെ. സ്വലാഹുദ്ദീന്‍ അബൂദബി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-27 / അന്നംല് - (12-16)
എ.വൈ.ആര്‍