അല്‍ജാമിഅ പൂര്‍വവിദ്യാര്‍ഥി സംഗമം ഭാവിയിലേക്കൊരു ചുവടുവെപ്പ്
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ്യ പൂര്‍വ വിദ്യാര്‍ഥി സംഗമം ഡിസംബര്‍ 25-ന് ജാമിഅ കാമ്പസില്‍ നടക്കുകയാണ്. 1955-ല്‍ മലപ്പുറം ജില്ലയിലെ മുള്ള്യാക്കുര്‍ശിയില്‍ സ്ഥാപിതമായ ശാന്തപുരം ഇസ്‌ലാമിയ കോളേജാണ് 2003-ല്‍ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യയായത്. വിദ്യാഭ്യാസ രംഗത്തെ ധീരമായൊരു പരീക്ഷണവും കാതലുള്ളൊരു വിപ്ലവവുമായിരുന്നു ശാന്തപുരം ഇസ്‌ലാമിയാ കോളേജ്. കേരള മുസ്‌ലിംകളുടെ പ്രയാണഗതിയില്‍ അത് ചെലുത്തിയ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനങ്ങള്‍ അഗാധവും ദൂരവ്യാപകവുമാണ്. ചരിത്രത്തെ നിഷ്പക്ഷമായി അന്വേഷിക്കാനും രേഖപ്പെടുത്താനും മുതിരുന്ന ആര്‍ക്കും അവഗണിക്കാനാവാത്തതാണ് ശാന്തപുരം കൊണ്ടുവന്ന വിദ്യാഭ്യാസ പരിഷ്‌കരണം.
വിജ്ഞാനത്തെ ഭൗതികമെന്നും മതപരമെന്നും വിഭജിച്ച് വെള്ളം കേറാത്ത അറകളില്‍ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന കാലത്ത് രണ്ടുതരം വിജ്ഞാനീയങ്ങളെയും ഒരു പാഠ്യപദ്ധതിയില്‍ സമന്വയിപ്പിച്ച നൂതനമായൊരു വിദ്യാഭ്യാസ സംവിധാനമാണ് ശാന്തപുരത്ത് നടപ്പാക്കപ്പെട്ടത്. അറുപത് വര്‍ഷം മുമ്പത്തെ മത-സാമൂഹിക സാഹചര്യങ്ങളില്‍ സാഹസികമായൊരു സംരംഭം തന്നെയായിരുന്നു അത്. 'കാലഘട്ടത്തിന്റെ ഭാഷയില്‍ ഇസ്‌ലാമിക പ്രബോധനം നിര്‍വഹിക്കാന്‍ യോഗ്യരായ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുക' എന്ന താല്‍ക്കാലികമായൊരു ലക്ഷ്യം മാത്രമേ അന്നതിന്റെ ശില്‍പികള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ജീവിതത്തെയും മതത്തെയും കുറിച്ച സമഗ്രമായൊരു കാഴ്ചപ്പാടും അതില്‍ നിന്നും ഉരുത്തിരിഞ്ഞ വിദ്യാഭ്യാസത്തെ സംബന്ധിച്ച വ്യക്തമായൊരു കാഴ്ചപ്പാടും അവര്‍ക്കുണ്ടായിരുന്നു. അതാണ് ചെറിയൊരു ചുവടുവെപ്പിനെ വലിയൊരു കുതിച്ചു ചാട്ടമാക്കി മാറ്റിയത്.
എളിമയോടെയായിരുന്നു ഇസ്‌ലാമിയാ കോളേജിന്റെ തുടക്കം. നാലു ക്ലാസ്സുകളും നാലു അധ്യാപകരും. വിദ്യാര്‍ഥികളും വളരെ പരിമിതം. ഇന്നത്തെ അവസ്ഥയില്‍ ഒരു പ്രാഥമിക മദ്‌റസക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ആ ഉന്നത കലാലയത്തിന് അന്നുണ്ടായിരുന്നില്ല. പഠിപ്പിക്കുന്ന അധ്യാപകരുടെ ആത്മാര്‍ഥതയും പഠിക്കുന്ന വിദ്യാര്‍ഥികളുടെ താല്‍പര്യവും പഠിപ്പിക്കുന്ന കരങ്ങളുടെ കൃത്യമായ ദിശാബോധവും ഒത്തുചേര്‍ന്നപ്പോള്‍ ആ പരീക്ഷണം പ്രതീക്ഷയില്‍ കവിഞ്ഞ വിജയമായിത്തീര്‍ന്നു. 1963-ല്‍ പ്രഥമ ബാച്ച് പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പുതിയ ബാച്ചുകള്‍ പുറത്തിറങ്ങിക്കൊണ്ടിരുന്നു. കാലത്തോടൊപ്പം സ്ഥാപനവും വളര്‍ന്നു. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തോടൊപ്പം ഭൗതിക സൗകര്യങ്ങളും മെച്ചപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ അതിനെയെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു അതിലെ 'ഉല്‍പന്നങ്ങള്‍' കാഴ്ചവെച്ച ഗുണനിലവാരം.
കേരളത്തിന്റെ മത-സാമൂഹിക രംഗങ്ങളില്‍ ശാന്തപുരത്തിന്റെ സന്തതികള്‍ വേറിട്ടൊരു ശബ്ദമായി. ശുദ്ധമായ മലയാളത്തില്‍ ഇസ്‌ലാമിനെ കുറിച്ച് പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന പണ്ഡിതന്മാരുടെ ഈ യുവനിരയെ ജനം ശ്രദ്ധിച്ചു. അവര്‍ക്ക് നീണ്ട താടികളും വലിയ തലപ്പാവുകളും ഉണ്ടായിരുന്നില്ല. സാധാരണക്കാരന്റെ വേഷമാണ് അവര്‍ അണിഞ്ഞിരുന്നത്. എന്നാല്‍, അറബിയിലെ 'ഇബാറത്തു'കള്‍ വായിക്കാനും കിത്താബുകളിലെ 'ദമീറുകള്‍' മടക്കാനും മാത്രമല്ല, അറബി സാഹിത്യത്തില്‍ ഊളിയിട്ടിറങ്ങാനുള്ള ഭാഷാ മികവും അവര്‍ പ്രകടിപ്പിച്ചു. അതോടൊപ്പം ഇംഗ്ലീഷ്, ഉര്‍ദു, മലയാളം തുടങ്ങിയ ഭാഷകളും അവരുടെ നാവുകള്‍ക്കും തൂലികകള്‍ക്കും നന്നായി വഴങ്ങി. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, കലാം, മന്‍ത്വിഖ് എന്നിവക്കൊപ്പം കണക്കും സയന്‍സും സാമൂഹിക ശാസ്ത്രവും രാഷ്ട്രമീമാംസയുമെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നത് കൊണ്ട് മതവേദികളിലെന്ന പോലെ മതേതരവേദികളിലും മുട്ടുവിറക്കാതെ എഴുന്നേറ്റുനില്‍ക്കാനുള്ള ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. യുക്തിവാദികളുടെയും കമ്യൂണിസ്റ്റുകാരുടെയും വാദമുഖങ്ങളെ സ്റ്റേജുകളിലും പേജുകളിലും വിജയകരമായി അവര്‍ നേരിട്ടു. വിദ്യാഭ്യാസ മേഖലയിലും മാധ്യമ ലോകത്തും മത പ്രബോധന രംഗത്തും ഗ്രന്ഥരചനയിലും സംഘടനാ തലത്തിലും ജനസേവനരംഗത്തും നേതൃത്വപരമായ പങ്കുവഹിച്ചുകൊണ്ട് മികച്ച പ്രകടനങ്ങള്‍ അവര്‍ കാഴ്ചവെച്ചു.
ശാന്തപുരത്തിന്റെ മാതൃകയില്‍ മറ്റു പ്രദേശങ്ങളിലും മത-ഭൗതിക വിജ്ഞാനീയങ്ങളെ സമന്വയിപ്പിച്ച പാഠ്യപദ്ധതികളുമായി ഇസ്‌ലാമിക കലാലയങ്ങള്‍ ഉയര്‍ന്നുവന്നു. അവയില്‍ പലതിനും ശാന്തപുരത്തിന്റെ സന്തതികള്‍ തന്നെയാണ് നേതൃത്വം നല്‍കിയത്. അങ്ങനെ മുള്ള്യാകുര്‍ശി എന്ന കുഗ്രാമത്തില്‍ വിതച്ച വിത്ത് അനേകം ചെടികളും കതിരുകളുമായി കേരളമാകെ പടര്‍ന്നു. സമുദായത്തിലെ ഇതര വിഭാഗങ്ങള്‍ വരെ, തങ്ങളുടേതായ സ്വഭാവത്തിലും ശൈലിയിലുമാണെങ്കില്‍ കൂടി 'ശാന്തപുരം മോഡലി'നെ സ്വാംശീകരിക്കാന്‍ മുന്നോട്ടുവന്നു.
ശാന്തപുരം ഇസ്‌ലാമിയാ കോളേജ് ഇന്ന് ഉന്നതമായ ഒരു ഇസ്‌ലാമിക സര്‍വകലാശാലയായി വളര്‍ന്നിരിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, ശരീഅത്ത്, ദഅ്‌വ, ഇസ്‌ലാമിക് ബാങ്കിംഗ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ മികച്ച ഫാക്കല്‍റ്റികളും റിസര്‍ച്ച് സൗകര്യവുമുള്ള അവിടേക്ക് കേരളത്തിന്റെ വെളിയില്‍ നിന്നു പോലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിജ്ഞാനം തേടിയെത്തുന്നു. കുല്ലിയ്യ ഇസ്‌ലാമിയ്യയില്‍ നിന്ന് ജാമിഅ ഇസ്‌ലാമിയ്യയിലേക്കുള്ള ഈ വളര്‍ച്ച വിദ്യാഭ്യാസരംഗത്തെ നിരന്തരമായ തിരുത്തലുകളുടെയും പരിഷ്‌കരണങ്ങളുടെയും ചരിത്രം കൂടിയാണ്. ലോകോത്തര നിലവാരമുള്ള ഒരു ഇസ്‌ലാമിക സര്‍വകലാശാലയായി അല്‍ ജാമിഅയെ വളര്‍ത്താനാണ് അതിന്റെ ശില്‍പികള്‍ ആഗ്രഹിക്കുന്നത്.
പല കാലഘട്ടങ്ങളിലായി ശാന്തപുരത്ത് പഠിച്ചവരുടെ എണ്ണം 7000-ത്തിലധികം വരും. ഉന്നതരായ പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും മാധ്യമ പ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പ്രസ്ഥാന നേതാക്കളുമെല്ലാം അവരുടെ കൂട്ടത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തും വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ ജാമിഅയുടെ അഭിമാനവും ജാമിഅ അവരുടെ അഭിമാനവുമാണ്.
ഈ 'അപൂര്‍വ' വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകളും വൈജ്ഞാനിക യോഗ്യതകളും കൂടുതല്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള പരിശ്രമത്തിലാണ് അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ്യ അലുംനി അസോസിയേഷന്‍. നാട്ടിലും മറുനാട്ടിലുമുള്ള ശാന്തപുരം പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മകളെ അതിനായി സജീവമാക്കി വരികയാണ്. ഡിസംബര്‍ 25-ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം അതിന്റെ ഭാഗമാണ്. ഇസ്‌ലാമിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും, അല്‍ജാമിഅ എന്ന അഭിമാന സ്ഥാപനത്തിന്റെയും പുരോഗതിയുടെ പാതയില്‍ ഈ സംഗമം വലിയൊരു ചുവടുവെപ്പായിത്തീരട്ടെ എന്ന് നമുക്ക് ആശിക്കുകയും ആശംസിക്കുകയും ചെയ്യാം.
Comments