Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

താരിഖ് റമദാന്‍ ജീവിതവും ചിന്തയും

വി.എ കബീര്‍

2001 സെപ്റ്റംബര്‍ പതിനൊന്നിന്റെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം ഫ്രഞ്ച് ടി.വിയില്‍ നടത്തിയ പരിപാടികളാണ് താരിഖ് റമദാനെ ശ്രദ്ധേയനാക്കിയ ഒരു ഘടകമെന്ന് പറയുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു. ഫ്രഞ്ചു പ്രേക്ഷകരെ ഹഠാദാകര്‍ഷിച്ച പരിപാടികളായിരുന്നു അവ. ഇസ്‌ലാമിന്റെ പ്രതിഛായ കളങ്കപ്പെട്ട ആ സന്ദര്‍ഭത്തില്‍ യൂറോപ്യന്‍ സമൂഹത്തിനു സാമാന്യേന അപരിചിതമായ അതിന്റെ യഥാര്‍ഥ സന്ദേശവും ചൈതന്യവും പരിചയപ്പെടുത്തുന്നതില്‍ റമദാന്‍ നല്‍കിയ സംഭാവന വിലപ്പെട്ടതായിരുന്നു.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സാമഞ്ജസ്യമാണു റമദാന്റെ വ്യക്തിത്വത്തിനുള്ള ഒരു പ്രത്യേകത. ഇസ്‌ലാമിന്റെ ആത്മചൈതന്യത്തെ എങ്ങനെ യൂറോപ്യന്‍ സാംസ്‌കാരിക പശ്ചാത്തലത്തില്‍ പ്രതിഷ്ഠിക്കാം എന്നാണ് താരിഖ് റമദാന്‍ ചിന്തിക്കുന്നത്. അദ്ദേഹം എഴുതിയ ഒരു പുസ്തകത്തിന്റെ ശീര്‍ഷകം തന്നെ റ്റു ബി എ യൂറോപ്യന്‍ മുസ്‌ലിം എന്നാണ്. മറ്റൊരര്‍ഥത്തില്‍ ഒരു യൂറോപ്യന്‍ മുസ്‌ലിം ആവുക എന്ന സ്വത്വപ്രതിസന്ധിയെ മറികടക്കാനുള്ള ആലോചനകളാണ് അദ്ദേഹം പങ്കുവെക്കാന്‍ ശ്രമിക്കുന്നത്. യൂറോപ്പിലെ കുടിയേറ്റ മുസ്‌ലിംകളുടെ സാംസ്‌കാരിക വിഛിന്നത ഇസ്‌ലാമിന്റെ ഭാഗമായി ഉപചരിക്കുന്നത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്നതാണ് റമദാന്റെ കാഴ്ചപ്പാട്.
പരിമിതമായ അക്കാദമിക-ബുദ്ധിജീവി സമൂഹത്തിലൊഴികെ അത്ര സുപരിചിതനൊന്നുമല്ല താരിഖ് റമദാന്‍. സ്വന്തം കുടുംബവേരുകളുള്ള ഈജിപ്തിലും ജനകീയതലത്തില്‍ അത്രയൊന്നും അദ്ദേഹം അറിയപ്പെടുന്നില്ല. അരനൂറ്റാണ്ടിലേറെ പിന്നിട്ടിട്ടും, അറബ്‌ലോകത്തും പുറത്തും ഇപ്പോഴും നിലനില്‍ക്കുന്ന മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകനായ ഹസനുല്‍ ബന്നായുടെ വ്യക്തിത്വ പൊലിമ താരിഖ് റമദാനില്ല. എന്നാല്‍ അക്കാദമിക ലോകത്ത് മൗലിക സംഭാവനകളിലൂടെ സമകാലിക ഇസ്‌ലാമിനെ സമ്പന്നമാക്കുന്നതില്‍ ബന്നായുടെ ഈ പേരക്കിടാവിന് അഭിമാനിക്കാന്‍ വക ഏറെയുണ്ടുതാനും.
ഹസനുല്‍ ബന്നായുടെ മകളാണ് താരിഖിന്റെ മാതാവ്. പിതാവാകട്ടെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ തലച്ചോറായിരുന്ന ഡോ. സഈദ് റമദാനും. പരേതനായ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിര്‍ മുസ്‌ലിം ബ്രദര്‍ഹുഡുമായി തെറ്റിപ്പിരിഞ്ഞശേഷം ബ്രദര്‍ഹുഡിനെ നിരോധിച്ചപ്പോള്‍ റമദാന്‍ ദമ്പതികള്‍ ജനീവയില്‍ അഭയം തേടുകയായിരുന്നു. ഒരു ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ടാണു സഈദ് റമദാന്റെ തലക്ക് അന്ന് നാസിര്‍ ഗവണ്‍മെന്റ് വിലയിട്ടിരുന്നത്.
 സഈദ് റമദാന്‍ ജനീവയില്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു. അറബിയിലും ഇംഗ്ലീഷടക്കമുള്ള ഇതരഭാഷകളിലും പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കി. 'ജസ്റ്റിസ് ആന്റ് ഇക്വിറ്റി ഇന്‍ ഇസ്‌ലാം' എന്നതായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറല്‍ തീസിസ്. ഇസ്‌ലാമിന്റെ നീതി സങ്കല്‍പത്തിന്റെ താത്ത്വികവും പ്രായോഗികവുമായ ചിത്രം മുഖ്യമായും യൂറോപ്യന്‍ മനസ്സിനെ അഭിസംബോധന ചെയ്യുന്നവിധം ഇതില്‍ അദ്ദേഹം വരച്ചുവെച്ചിട്ടുണ്ട്. അറുപതുകളില്‍ സഈദ് റമദാന്റെ പത്രാധിപത്യത്തില്‍ ജനീവയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന അല്‍ മുസ്‌ലിമൂന്‍ എന്ന പ്രൗഢമാസിക ഇസ്‌ലാമിക ലോകത്തിലെ പ്രശസ്ത തൂലികാകാരന്മാരുടെ വിഹാര രംഗമായിരുന്നു. സഈദ് റമദാന്‍ അതിലെഴുതിയിരുന്ന 'ഖാത്വിറഃ' എന്ന പംക്തി ഓര്‍ക്കുന്നു. വിഷയ വൈപുല്യം കൊണ്ടും അവതരണ ഭംഗികൊണ്ടും സാന്ദര്‍ഭിക പ്രസക്തി കൊണ്ടും ശ്രദ്ധേയമായിരുന്നു പ്രസ്തുത പംക്തി. ദസ്‌തേയവസ്‌കിയുടെ നോവലുകളും റസ്സലിന്റെ ചിന്തകളുമൊക്കെ ഈ കോളത്തില്‍ കടന്ന് വരുമായിരുന്നു. അറബിയോടൊപ്പം ഇംഗ്ലീഷിലും ഫ്രഞ്ചിലുമുള്ള ലേഖനങ്ങള്‍ക്ക് കൂടി മാസികയുടെ ഒരു ഭാഗം നീക്കിവെച്ചിരുന്നു.
പിതാമഹനായ ഹസനുല്‍ ബന്നായുടെയും പിതാവായ സഈദ് റമദാന്റെയും ജീനുകള്‍ താരിഖ് റമദാന്റെ ചിന്തകളില്‍ സ്വാധീനം ചെലുത്തുക സ്വാഭാവികം തന്നെ. അവരുടെ ചിന്തകളുടെ നീള്‍ച്ചയാണു താരിഖ് റമദാന്‍ എന്നും പറയാം. തന്റെ വളര്‍ച്ചയിലും ധൈഷണിക വികാസത്തിലും അവര്‍ക്കുള്ള പങ്കിനെ താരിഖ് റമദാനും നിഷേധിക്കുന്നില്ല. എന്നാല്‍ അവരുടെ ഒരു പകര്‍പ്പല്ല എന്നിടത്താണു താരിഖിന്റെ വ്യക്തിത്വവും ധിഷണാവ്യാപാരവും വേറിട്ടു നില്‍ക്കുന്നത്. താരിഖ് റമദാന്റെ സ്ഥലകാലങ്ങള്‍ അവരുടേതില്‍നിന്ന് ഏറെ ഭിന്നമാണ്. അവര്‍ക്കിടയില്‍ പൊതുവായിട്ടുള്ളത് ഇസ്‌ലാമാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏകദിശോന്മുഖമായ സമീപനം അവര്‍ പങ്കിടുന്നില്ല. സ്ഥാലികവും കാലികവുമായ ഘടകങ്ങള്‍ അതില്‍ പ്രധാനമാണ്. ഇസ്‌ലാമിക നിദാനശാസ്ത്ര ക്ലാസിക്കുക(ഉസ്വുല്‍)ളില്‍ പണ്ടേ അംഗീകരിക്കപ്പെട്ടു പോരുന്നതാണു മതചിന്തകളുടെ ആവിഷ്‌കാരത്തില്‍ സ്ഥലകാലങ്ങള്‍ക്കുള്ള പരിഗണന. പിതാമഹനായ ഹസനുല്‍ ബന്നായുടെ ചിന്തയും പ്രസ്ഥാനവും തീര്‍ത്തും അറബ്-ഈജിപ്ഷ്യന്‍ ഉല്‍പന്നമാണ്. പിതാവായ സഈദ് റമദാന്‍ ജീവിതത്തിന്റെ സിംഹഭാഗം യൂറോപ്പിലായിരുന്നെങ്കിലും പറിച്ചുനട്ട ഒരു ജീവിതമായിരുന്നു അത്. പാതി, അല്ലെങ്കില്‍ മുക്കാല്‍ ഭാഗം അറബിയും കാല്‍ഭാഗം യൂറോപ്യനും. ഭിന്നമാണ് താരിഖ് റമദാന്റെ അവസ്ഥ. പൂര്‍ണയൂറോപ്യനായിട്ടാണ് അദ്ദേഹത്തിന്റെ വ്യക്തിത്വം രൂപപ്പെടുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ കാഴ്ചപ്പാടുകള്‍, നവീകരണ സങ്കല്‍പങ്ങള്‍, ഇസ്‌ലാമിന്റെ കാലികപ്പൊരുത്തത്തെക്കുറിച്ച വീക്ഷണങ്ങള്‍, ജീവിതത്തിന്റെ സ്വാഭാവിക വികാസത്തോടുള്ള പ്രതികരണം, പടിഞ്ഞാറിനോടുള്ള സമീപനം, പടിഞ്ഞാറുമായുള്ള സമ്പര്‍ക്കരീതി, അഭിസംബോധനാഭാഷ തുടങ്ങി പലതിലും താരിഖ് റമദാന്റെ നിലപാടുകള്‍ വേറിട്ടു നില്‍ക്കുന്നു. ഈജിപ്തില്‍ ആവിര്‍ഭവിച്ച് മുസ്‌ലിം ലോകത്ത് ഉടനീളം വേരുപടര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ ആത്മീയ നേതാവായി ഇപ്പോഴും മൃതികുടീരത്തില്‍ പ്രചോദനമായി നില്‍ക്കുന്ന പിതാമഹനായ ഹസനുല്‍ ബന്നായുടെ ചിന്തകളില്‍നിന്ന് മൗലികമായ വന്‍ വിടവു തങ്ങള്‍ക്കിടയിലുണ്ടെന്ന് സമ്മതിക്കാന്‍ താരിഖ് റമദാന്‍ സന്നദ്ധനല്ല. ബന്നായുടെ ചിന്തകള്‍ തനിക്കും പ്രചോദനമായിട്ടുണ്ടെന്നും തന്റെ പ്രയാണപഥം ആ മൗലികദിശയില്‍നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും ഉറപ്പിച്ച് പറയുന്ന താരിഖ് '49-ല്‍ ബന്നാ വധിക്കപ്പെട്ട ശേഷമുള്ള ദീര്‍ഘാവസരങ്ങളിലെ മാറ്റങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് താന്‍ ഇസ്‌ലാമിക ചിന്തയെ പുനരാവിഷ്‌കരിക്കുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. പിതാമഹന്റെ ചിന്തകള്‍ ആ കാലം പരിഗണിക്കുമ്പോള്‍ ഒരിക്കലും ജടിലമായിരുന്നില്ല. എത്രയോ പുരോഗമനപരമായിരുന്നുവെന്ന് കൂടി പറയാനും താരിഖിനു മടിയില്ല.
പാശ്ചാത്യനാടുകളില്‍ ജീവിക്കുന്ന മുസ്‌ലിംകളും അവരുടെ നിലപാടുകളുമാണ് താരിഖ് റമദാന്റെ മുഖ്യ ആലോചനാവിഷയം. റമദാന്റെ രചനകളും ധൈഷണിക വ്യാപാരങ്ങളുമൊക്കെ മുഖ്യമായും ഈയൊരു അച്ചുതണ്ടിനെ ചുറ്റിപ്പറ്റിയാണ് കറങ്ങുന്നത്. യൂറോപ്പിലും അമേരിക്കയിലും ജീവിക്കുന്ന മുസ്‌ലിംകള്‍ ആ സമൂഹങ്ങളുടെ മുഖ്യധാരയില്‍ ഉള്‍ചേര്‍ന്ന് തദ്ദേശവര്‍ണവും ഗന്ധവും സ്വീകരിച്ചുകൊണ്ടായിരിക്കണം ജീവിക്കേണ്ടത്. അന്യവല്‍ക്കരണത്തിന് ഹേതുവാകുന്ന സമീപനം അവര്‍ക്കും അവര്‍ക്ക് സമര്‍പ്പിക്കാനുള്ള സ്വന്തം സന്ദേശത്തിനും അന്തിമമായി ഹാനികരമായി ഭവിക്കുമെന്നതാണു റമദാന്റെ ഉത്കണ്ഠ. രണ്ടാംകിട പൗരന്മാരായി സ്വയം തെരഞ്ഞെടുക്കുന്നതിനു തുല്യമായിരിക്കും ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത്തരം വിമര്‍ശങ്ങള്‍ മുസ്‌ലിം രാജ്യങ്ങളില്‍ താരിഖ് റമദാന്റെ വ്യക്തിത്വത്തെ സംശയാസ്പദമാക്കി മാറ്റിയപ്പോള്‍ പടിഞ്ഞാറും അദ്ദേഹം സംശയദൃഷ്ടിയില്‍നിന്ന് രക്ഷപ്പെട്ടില്ല. ഒരേ സമയം ഇസ്‌ലാമിനോടുള്ള പ്രതിബദ്ധതയും പടിഞ്ഞാറന്‍ സാഹചര്യവുമായി ഒത്ത് പൊരുത്തത്തിനുള്ള മോഹവും പകര്‍ന്ന ഇരട്ടവ്യക്തിത്വം പാശ്ചാത്യര്‍ക്കിടയിലും അദ്ദേഹത്തെ ഒരു വിവാദപുരുഷനാക്കി. എന്നാല്‍ സൂക്ഷ്മ നിരീക്ഷണത്തില്‍ ദുര്‍ബലമാണ് ഈ ആരോപണം. റമദാന്റെ നിലപാടുകള്‍ക്ക് വിരുദ്ധ ദ്വന്ദമുണ്ടെന്ന വാദം നിരര്‍ഥകമാണ്. താന്‍ ജീവിക്കുന്ന സമൂഹവുമായി പൊരുത്തപ്പെടാനുള്ള അഭിനിവേശത്തെയും അദ്ദേഹത്തിന്റെ മതവിശ്വാസത്തെയും അഭിമുഖമാക്കി നിര്‍ത്തേണ്ട ആവശ്യമില്ല. വ്യക്തമായ തത്ത്വത്തില്‍ അടിയുറച്ചു നിന്നു കൊണ്ടാണു യൂറോപ്യന്‍ സാംസ്‌കാരികമൂല്യങ്ങളെ കുറിച്ചു റമദാന്‍ സംസാരിക്കുന്നത്. 'ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത എന്തും വരണീയവും മുസ്‌ലിം പൈതൃകത്തിലേക്ക് മുതല്‍ കൂട്ടാകാവുന്നതുമാണ്' എന്നാണ് റമദാന്റെ വീക്ഷണം.
വധശിക്ഷ, വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലല്‍, കള്ളന്റെ കരഛേദം തുടങ്ങിയ ശരീഅത്തിലെ ക്രിമിനല്‍ ശിക്ഷകള്‍ നടപ്പിലാക്കുന്ന വിഷയത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്ന താരിഖിന്റെ ആഹ്വാനമാണ് മുസ്‌ലിം രാജ്യങ്ങളില്‍ അദ്ദേഹത്തെ ശക്തമായ വിമര്‍ശത്തിനു വിധേയമാക്കിയത്. പടിഞ്ഞാറിനോടുള്ള ദാസ്യത്തില്‍നിന്ന് ഉത്ഭവിക്കുന്ന ക്ലീബ ചിന്തകളായേ സാമ്പ്രദായിക മുസ്‌ലിം പണ്ഡിതവൃത്തത്തിന് ഇത്തരം നിലപാടുകളെ വിലയിരുത്താന്‍ കഴിയൂ. യഥാര്‍ഥ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി ശാന്തമായ സംവാദങ്ങളും വിലയിരുത്തലുകളും അര്‍ഹിക്കുന്ന ഒരു വിഷയമാണിത്. അതിലേക്ക് പിന്നീടുവരാം. അതിനു മുമ്പു താരിഖിന്റെ ജീവിതത്തിലൂടെ അല്‍പം സഞ്ചരിക്കാം.

ജനനവും വളര്‍ച്ചയും
1962 ജനുവരി 26-ന് സ്വിറ്റ്‌സര്‍ലന്റിലെ ജനീവയിലാണ് താരിഖ്  റമദാന്റെ ജനനം. നേരത്തെ സൂചിപ്പിച്ചപോലെ, 1995-ല്‍ ഇഹലോകവാസം വെടിയുംവരെ യൂറോപ്പിലെ ഇസ്‌ലാമിക പ്രസ്ഥാനനേതൃത്വങ്ങളിലൊരാളായിരുന്ന ഡോ. സഈദ് റമദാന്റെ പുത്രനും മുസ്‌ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഹസനുല്‍ ബന്നായുടെ പൗത്രനുമായി. സ്വിറ്റ്‌സര്‍ലന്റിലേക്കുള്ള സ്വന്തം കുടുംബത്തിന്റെ കുടിയേറ്റ സാഹചര്യത്തെ കുറിച്ചു താരിഖ് ഇങ്ങനെ പറയുന്നു: ''ആദ്യത്തെ ബ്രദര്‍ഹുഡ് വേട്ടയുടെ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1954 ഏപ്രിലില്‍ പിതാവ് ഈജിപ്ത് വിട്ടു. ജമാല്‍ അബ്ദുന്നാസിറിന്റെ സ്റ്റ്രാറ്റജികള്‍ മാറിവരുന്ന സന്ദര്‍ഭമായിരുന്നു അത്. ഫലസ്ത്വീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനായി രൂപവത്കരിച്ച ഇസ്‌ലാമിക് കോണ്‍ഗ്രസ്സി(അല്‍-മുഅ്തമറുല്‍ ഇസ്‌ലാമി)ന്റെ ജന. സെക്രട്ടറിയായി പിതാവ് തെരഞ്ഞെടുക്കപ്പെട്ടത് ആയിടക്കാണ്. ഇതോടനുബന്ധിച്ച യാത്രക്ക് ഒരുങ്ങവെയാണ് ബ്രദര്‍ഹുഡ് കൂട്ട അറസ്റ്റ് പുനരാരംഭിച്ച വിവരം അദ്ദേഹം അറിയുന്നത്. അങ്ങനെ എന്റെ മാതാവിനെയും മൂത്ത സഹോദരനെയും ഒപ്പം കൂട്ടി അദ്ദേഹം ഈജിപ്ത് വിട്ടു. ഈജിപ്തിലേക്ക് ഇനിയൊരു മടക്കം സാധ്യമല്ലാത്ത യാത്രയായിരുന്നു അത്. ആദ്യം എത്തിയത് സിറിയയിലാണ്. അവിടെ രണ്ടു വര്‍ഷം താമസിച്ചു. പിന്നീട് ലബനാനിലേക്ക് തിരിച്ചു. അവിടെനിന്ന് 1958-ല്‍ സ്വിറ്റ്‌സര്‍ലന്റിലെത്തി സ്ഥിരതാമസമായി. 1961-ല്‍ ജനീവയില്‍ ഇസ്‌ലാമിക് സെന്റര്‍ സ്ഥാപിച്ചു.''
വീട്ടിനകത്തും പുറത്തും തികഞ്ഞ ഇസ്‌ലാമികാന്തരീക്ഷത്തിലാണ് താരിഖ് റമദാന്‍ വളര്‍ന്നത്. അതിനെകുറിച്ചു അദ്ദേഹം പറയുന്നു: വിദേശത്ത് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഇന്‍ചാര്‍ജായി പിതാവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനാല്‍ യൂറോപ്പില്‍ ജീവിക്കുന്നവരാണെങ്കിലും ഇസ്‌ലാമിക ഭൂമികയില്‍നിന്ന് ഒട്ടും പറിച്ചു മാറ്റപ്പെടാത്ത മുസ്‌ലിംകളുടെ ചിന്തകളാലും സംസാരത്താലും വലയിതമായ ഒരു അന്തരീക്ഷത്തിലായിരുന്നു ജനനം മുതല്‍ക്കേ ഞാന്‍.''
പിതാമഹന്റെ കരിസ്മാറ്റിക് വ്യക്തിത്വം ജനീവയിലെ താരിഖിന്റെ വീട്ടില്‍ നിറസാന്നിധ്യമായി നിലനിന്നിരുന്നു. മാതാപിതാക്കളിലുള്ള അതിന്റെ സ്വാധീനം അറിയാതെയാണെങ്കിലും താരിഖിലും വേരോടി, അദ്ദേഹത്തിന്റെ വ്യക്തിത്വരൂപീകരണത്തില്‍ അവഗണിക്കാനാവാത്ത ഘടകമായി വര്‍ത്തിച്ചുവെന്ന് വേണം കരുതാന്‍. ലെ ഹ്യൂമനെയ്റ്റ്(L Humanite)ന്റെ റിപ്പോര്‍ട്ടര്‍ ഫ്രാങ്കോ ജര്‍മെയിന്‍ റോബിന് (Franlais Germain Robin) നല്‍കിയ അഭിമുഖത്തില്‍ താരിഖ് പറയുന്നു: കൊല്ലപ്പെട്ട എന്റെ പിതാമഹന്റെ ചിത്രം ശൈശവത്തിലുടനീളം എന്റെ മനസ്സില്‍ ഒട്ടിനിന്നിരുന്നു. ഞാന്‍ കണ്ടുമുട്ടുന്നവരൊക്കെ അത്യാദരവോടെയാണ് അദ്ദേഹത്തെകുറിച്ചു സംസാരിച്ചിരുന്നത്. ''വളരെ അസാധാരണനായൊരു വ്യക്തിയായിരുന്നു അദ്ദേഹം.'' ഹസനുല്‍ ബന്നായെ കുറിച്ചു പലവട്ടം ഈ വാചകം ഞാന്‍ കേട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവായിരുന്നു എന്റെ പിതാവ്. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ ഇസ്‌ലാമിക പരിഷ്‌കര്‍ത്താവ് എന്ന പരിഗണനയിലാണ് പിതാവ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കാറുള്ളത്. ഞാന്‍ ഇടപഴകിയിരുന്നവരില്‍ വിശിഷ്യാ പിതാവില്‍ അപാരമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം. അദ്ദേഹത്തിന്റെ ചിന്ത വീട്ടില്‍ നിത്യസാന്നിധ്യമായിരുന്നു. എന്റെ മാതാവാണെങ്കില്‍ ആ പൈതൃകം അഗാധമായി ഉള്‍ക്കൊണ്ട വിദൂഷിയായിരുന്നു. ഹസനുല്‍ ബന്നായുടെ ഏറ്റവും മുതിര്‍ന്ന സന്തതിയായിരുന്നു അവര്‍. പതിനഞ്ചര വയസ്സുവരെ ഹസനുല്‍ ബന്നായുമായി അടുത്തു പെരുമാറിയതിന്റെ ഫലമായി പിതാവിന്റെ ആത്മീയ ചൈതന്യം അവരുടെ വ്യക്തിത്വത്തിന്റെ അത്യഗാധതകളിലോളം വേരാഴ്ത്തിയിരുന്നു. പിതാവും മനുഷ്യനുമെന്ന നിലയിലുള്ള എന്റെ പിതാമഹന്റെ ഉല്‍കൃഷ്ടഗുണങ്ങള്‍ എനിക്ക് അടുത്തറിയാന്‍ കഴിഞ്ഞത് മാതാവിലൂടെയാണ്.''
പിതാവും പിതാമഹനുമായുള്ള ഈടുറ്റ പ്രസ്ഥാനബന്ധത്തെക്കുറിച്ചു താരിഖ് പറയുന്നതിങ്ങനെ: ജൂനിയര്‍ ഹസനുല്‍ ബന്നാ എന്നായിരുന്നു എന്റെ പിതാവിനെ ഈജിപ്തില്‍ എല്ലാവരും വിളിച്ചിരുന്നത്. ഈജിപ്തിലെ വിദൂരമേഖലകളിലേക്കൊക്കെ പ്രഭാഷണത്തിനായി പിതാമഹന്‍ എന്റെ പിതാവിനെ അയക്കാറുണ്ടായിരുന്നു. അന്ന് കേവലം പതിനാറു വയസുകാരന്‍ മാത്രമായിരുന്നു പിതാവ്. മനുഷ്യാകാരം പൂണ്ട പ്രതിഭയായാണു പിതാവു എന്റെ മുന്നില്‍ നിന്നതെന്ന് ഞാന്‍ ഉറപ്പിച്ചുപറയും.
''പിതാവു തന്നെയായിരുന്നു എന്റെ പ്രഥമസ്വാധീനം. പിതാമഹന്‍ ബോധമണ്ഡലത്തിലേക്ക് വരുന്നത് പിന്നീടാണ്. ഹസനുല്‍ ബന്നായുടെ ചിന്തകള്‍ ഞാന്‍ ആഴത്തില്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള എന്റെ ഉള്‍ചേര്‍ച്ചയെ ഞാന്‍ നിഷേധിക്കുകയില്ല. അദ്ദേഹത്തിന്റെ ദൈവ സമ്പര്‍ക്കം, ആത്മീയഗരിമ, സൂഫിധ്യാനം, വ്യക്തിത്വപരിവേഷം  എല്ലാം എന്നെ അഗാധമായി സ്പര്‍ശിച്ച ഘടകങ്ങളാണ്. നിയമം, രാഷ്ട്രീയം, സമൂഹം എന്നിവയെ സംബന്ധിച്ച് അദ്ദേഹം നടത്തിയ വിമര്‍ശങ്ങളും വിശകലനങ്ങളും ശ്രദ്ധേയം തന്നെയായിരുന്നു. അവയും എന്റെ ധൈഷണികാവലംബങ്ങളായി തന്നെയാണു ഞാന്‍ പരിഗണിക്കുന്നത്. അദ്ദേഹത്തിന്റെ പ്രതിബദ്ധത എന്നില്‍ അദ്ഭുതവും ആദരവും സൃഷ്ടിച്ചിട്ടുണ്ട്. എന്റെ പ്രചോദനമാണത്. മനുഷ്യന്‍ ദൈവത്തോടൊപ്പമായിരിക്കുക, അവന്റെ അധ്യാപനങ്ങളോടു ആത്മാര്‍ഥത പുലര്‍ത്തി കര്‍മനിരതനാവുക, എല്ലാ ജനങ്ങളുമായി ഐക്യദാര്‍ഢ്യപ്പെടുക, സാമൂഹിക നീതിക്ക് വേണ്ടി പൊരുതുക ഇതൊക്കെയാണ് എന്റെ പൈതൃകമെന്ന് ഞാന്‍ കരുതുന്നു. ബന്നാപൈതൃകവുമായുള്ള എന്റെ ധൈഷണികവും ആത്മീയവുമായ ബന്ധത്തിന്റെ അര്‍ഥതലം അവിടെയാണ്.''
ആക്ടിവിസം;
മദര്‍ തെരേസയുടെ കൂടെ
ജനീവയിലെ ഫ്രഞ്ച് സ്‌കൂളുകളിലാണ് താരിഖ് റമദാന്റെ പ്രാഥമിക വിദ്യാഭ്യാസം. അവിടത്തെ യൂനിവേഴ്‌സിറ്റികളില്‍ പഠനം തുടര്‍ന്ന് ബിരുദാനന്തര ബിരുദം നേടി. നീത്‌ഷെയുടെ ദര്‍ശനങ്ങളില്‍ ഡോക്ടറേറ്റ് സമ്പാദിച്ചു. ഇസ്‌ലാമിക പഠനങ്ങളിലും ഫ്രഞ്ചു സാഹിത്യത്തിലും ഗവേഷണങ്ങള്‍ ചെയ്തു. ഉന്നത വിദ്യാഭ്യാസകാലത്ത് തന്നെ ജനീവ സ്‌കൂളുകളില്‍ അദ്ദേഹം ഫ്രഞ്ചുസാഹിത്യം പഠിപ്പിച്ചിരുന്നു. ഇസ്‌ലാമിക പഠനത്തിലുള്ള സവിശേഷതാല്‍പര്യം കാരണം 1992ല്‍ ഒരു ഫ്രഞ്ചുകാരിയുമായി നടന്ന വിവാഹാനന്തരം തുടര്‍പഠനത്തിനായി ഈജിപ്തിലെത്തിയ താരിഖ് ഒരു വര്‍ഷം അവിടെ കഴിച്ചുകൂട്ടി.
അക്കാദമിക പഠനങ്ങളുടെ പുരോഗതിയോടൊപ്പം തന്നെ ബഹുതല സ്പര്‍ശിയായ സാമൂഹിക-മാനുഷിക പ്രവര്‍ത്തനങ്ങളിലും താരിഖ് റമദാന്‍ സജീവമായി. എല്ലാ വിഭാഗം ജനങ്ങളുമായും സമ്പര്‍ക്കം സ്ഥാപിച്ചു. മൂന്നാം ലോക രാജ്യങ്ങളില്‍ കേന്ദ്രീകരിക്കുന്ന എന്‍.ജി.ഒകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. എണ്‍പതുകളില്‍ ജനീവയിലെ പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസത്തിനായുള്ള 'കോമണ്‍വെല്‍ത്ത് ഓഫ് സ്‌ക്കൂള്‍ എഡുക്കേഷ'ന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. ഇതുമായി ബന്ധപ്പെട്ടു അനേകം മൂന്നാം ലോക രാജ്യങ്ങളില്‍ സഞ്ചരിച്ച് വിവിധ തലത്തിലുള്ള പ്രവര്‍ത്തനപദ്ധതികള്‍ നടപ്പിലാക്കാനും ക്വാര്‍ട്ട്‌മോണ്ടെ (Quartmonde), അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍ (Doctors San Frontier), അസോസിയേഷ്യോന്‍ തെറെ ഡസോംസ് (Association Teore des Hommes) തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാനും അവസരം ലഭിച്ചു. ലാറ്റിന്‍ അമേരിക്കയില്‍ അസോസിയേഷന്‍ ഓഫ് പ്രീസ്റ്റ്‌സ്  ഫോര്‍ വര്‍ക്കിംഗ് പീപ്പ്ള്‍ എന്ന ക്രൈസ്തവ വൈദിക സംഘടനക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മാനുഷിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ആഫ്രിക്കയിലും ഇന്ത്യയിലുമൊക്കെ യാത്ര ചെയ്തു. ഈ കാലയളവിനെ റമദാന്‍ ഇങ്ങനെ അനുസ്മരിക്കുന്നു: ക്രൈസ്തവരും മാനവവാദികളും നിരീശ്വരവാദികളുമായ എല്ലാ വിഭാഗങ്ങള്‍ക്കുമൊപ്പം പെട്ടെന്ന് ഞാന്‍ കര്‍മനിരതനായി. ബിഷപ് അല്‍ബേര്‍ (Albeir), ഫാദര്‍ ജി. ജില്‍ബേര്‍ട്ട് (G. Gilbert), ഈജിപ്തിലും സുഡാനിലും കുട്ടികളുടെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച സിസ്റ്റര്‍ ഇമ്മാനുവേല്‍ (Emmanuelle), മദര്‍ തെരേസ - അങ്ങനെ ഒരുപാട് ഒരുപാട് ആളുകള്‍. ഭൂതകാലത്തിന്റെ ഭാണ്ഡവും വഹിച്ചു കൊണ്ട് തന്നെയാണു ഈ കര്‍മമണ്ഡപത്തില്‍ ഞാന്‍ പ്രവേശിച്ചത്. യൂറോപ്യന്‍ മുസ്‌ലിം എന്ന നിലയിലുള്ള ഇപ്പോഴത്തെ എന്റെ എല്ലാ അഭിസംബോധനകളും ഇസ്‌ലാമിക പൈതൃകത്തിലും സ്രോതസ്സുകളിലും അധിഷ്ഠിതമാണെന്നതില്‍ ഒരു സന്ദേഹവും വേണ്ട. എന്നാല്‍ ഞാന്‍ ജീവിച്ച ഈ പത്ത് വര്‍ഷക്കാലത്തെ പ്രതിബദ്ധതയുള്ള കാത്തോലിക്-പ്രൊട്ടസ്റ്റന്റ് അനുഭവങ്ങളും മാനുഷിക പോരാട്ട പ്രസ്ഥാനങ്ങളുടെ അനുഭവങ്ങളും എന്റെ പൈതൃകത്തോടു ചേര്‍ത്ത് വയ്ക്കാന്‍ എനിക്ക് ഒട്ടും മടിയില്ല.''
താരിഖ് റമദാന്റെ വ്യക്തിത്വത്തിലെ ഇസ്‌ലാമിക ആരൂഢവും പടിഞ്ഞാറന്‍ മാനുഷിക ആരൂഢവും യൂറോപ്യന്‍ മുസ്‌ലിംകളുടെ രണ്ടാം തലമുറയില്‍നിന്ന് ഭാവനാശാലിയായ ഒരു യുവചിന്തകനെ സംഭാവന ചെയ്തു. സ്വന്തം പിതാമഹന്‍ കണ്ണിയായ നവീകരണ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ യൂറോപ്യന്‍ നീള്‍ച്ചയായി എഴുത്തിലൂടെയും സംഭാഷണങ്ങളിലൂടെയും താരിഖ് തന്നെ അവതരിപ്പിക്കുന്നു. പിതാമഹനായ ഹസനുല്‍ ബന്നായെ അദ്ദേഹത്തിന്റെ കാലത്തോടും സമൂഹത്തോടും സവിശേഷ ചരിത്രസന്ദര്‍ഭത്തോടും ചേര്‍ത്ത് വെച്ചാണ് റമദാന്‍ വായിക്കുന്നത്. ''ചെറുപ്രായത്തിലേ പിതാവിന്റെ സാമീപ്യത്തില്‍ വിമര്‍ശാത്മക വിശകലനരീതി ഞാന്‍ വായിച്ചെടുത്തിട്ടുണ്ട്.'' റമദാന്‍ പറയുന്നു:''പരിഷ്‌കരണത്തില്‍ ആത്മാര്‍ഥത പുലര്‍ത്തുന്ന അതേനിമിഷംതന്നെ മൗലിക ചിന്തയെ പ്രോത്സാഹിപ്പിക്കുകയും നിരൂപണത്തിലൂടെ അതിനെ വികസിപ്പിക്കുകയും നവചിന്തകള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടത് എന്റെ ബാധ്യതയാണെന്ന് ഞാന്‍ കരുതുന്നു. ടെക്സ്റ്റും കോണ്‍ടക്സ്റ്റുമായുള്ള ബന്ധം എന്റെ വീക്ഷണത്തില്‍ സുപ്രധാനമാണ്. ഹസനുല്‍ ബന്നായുടെ ചിന്തയെയും ഇതില്‍നിന്ന് വേറിട്ടു ഞാന്‍ കാണുന്നില്ല. മറ്റേതൊരു ചിന്തകന്റെ കാര്യത്തിലും അതങ്ങനെത്തന്നെ. പഠനം, സന്ദര്‍ഭത്തിന്റെ നിര്‍ണയം, കാലികമായ പൊരുത്തം, ചേറിക്കൊഴിച്ചെടുക്കല്‍ ഇതാണു ഞാന്‍ പിന്തുടരുന്ന രീതി.''

റമദാന്റെ ആശയലോകം
നവീകരണചിന്തയുടെ ചട്ടക്കൂട്ടില്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലുമായി റമദാന്റെ പല കൃതികളും പുറത്തിറങ്ങിയിട്ടുണ്ട്. റ്റു ബി എ യൂറോപ്യന്‍ മുസ്‌ലിം, ഇസ്‌ലാം ദി വെസ്റ്റ് ആന്റ് ദി ചലഞ്ചസ് ഓഫ് മോഡേര്‍ണിറ്റി, മുസ്‌ലിംസ് ഇന്‍ ഫ്രാന്‍സ്- ദി വേ റ്റുവാര്‍ഡ്‌സ് കോ എക്‌സിസ്റ്റന്‍സ്, വെസ്റ്റേണ്‍ മുസ്‌ലിംസ് ആന്റ് ദി ഫ്യൂച്ചര്‍ ഓഫ് ഇസ്‌ലാം, റാഡിക്കല്‍ റിഫോം ഇസ്‌ലാമിക് എത്തിക്ക്‌സ് ആന്റ് ലിബറേഷന്‍ എന്നിവ അവയില്‍ ചിലതാണ്. ഈ കൃതികളിലൂടെ റമദാന്‍ പ്രകാശിപ്പിക്കാനുദ്ദേശിക്കുന്ന ആശയങ്ങള്‍ എന്‍. എഫ്. ബി. (News From Bangladesh)ന് നല്‍കിയ ഒരഭിമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം:
• ഇസ്‌ലാമിക ഭൂമികയില്‍നിന്ന്‌കൊണ്ട് പരിഷ്‌കരണത്തെയും നവീകരണത്തെയും കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ പ്രഥമ പരിഗണനയില്‍ വരേണ്ടത് വേദപാഠങ്ങളെ (നസ്വൂസ്വ്) നാം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന രീതിയുടെ പരിഷ്‌കരണമാണ്. നാം ജീവിക്കുന്ന സന്ദര്‍ഭത്തിന്റെയും പരിത: സ്ഥിതിയുടെയും ചട്ടക്കൂട്ടില്‍ വെച്ചു അവ വായിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ ചിലതിന്റെ നൈരന്തര്യവും സാര്‍വലൗകികതയും ഈയൊരു ചട്ടക്കൂട്ടിലൂടെയാണ് നമുക്ക് ബോധ്യപ്പെടുക. ചില അധ്യാപനങ്ങളെ അവയുടെ സവിശേഷ സന്ദര്‍ഭത്തില്‍ മനസ്സിലാക്കേണ്ടതിന്റെ അനിവാര്യതയും അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇങ്ങനെയായിരിക്കണം വേദപാഠങ്ങളെ നാം മനസ്സിലാക്കേണ്ടത്. വര്‍ത്തമാന ലോകത്തെ മനസ്സിലാക്കിയാലേ നമുക്ക് ലോകത്തെ ഉദ്ധരിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ മൂല്യങ്ങളുടെ സാര്‍വലൗകികത നാം മനസ്സിലാക്കിയിരിക്കണം. നാം ഇടകലര്‍ന്ന് ജീവിക്കുന്ന നമ്മുടെ സഹദേശവാസികളെ അതില്‍ പങ്കാളികളാക്കാന്‍ നമുക്ക് സാധിക്കും.
• 'തനിമ'(Identity)യെ കുറിച്ചുള്ള ശരിയായ പരികല്‍പനയിലൂടെ നമ്മുടെ തനത് സംസ്‌കാരത്തെയും ഇസ്‌ലാമിക അധ്യാപനങ്ങളെയും നമുക്ക് വിളക്കിയെടുക്കാന്‍ സാധിക്കും. പടിഞ്ഞാറുള്ള നമ്മുടെ സ്ഥിരവാസം വസ്തു സ്ഥിതികളുടെ വ്യക്തത ലഭ്യമാക്കാന്‍ നമുക്ക് സഹായകമാവും. നാം ജീവിക്കുന്ന പുതിയൊരു സംസ്‌കാരത്തെ അഭിമുഖീകരിക്കേണ്ടതുണ്ടെന്ന തിരിച്ചറിവു നമുക്കുണ്ടായിരിക്കണം. നമ്മുടെ മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുമായി ഏറ്റുമുട്ടാത്തതൊക്കെ നമുക്ക് സ്വീകരിക്കാവുന്നതാണ്. എങ്കില്‍ മാത്രമേ പുതിയ വെല്ലുവിളികളെ നമുക്ക് നേരിടാന്‍ സാധിക്കൂ.
• 'ദാറുല്‍ ഇസ്‌ലാം' എന്ന് വ്യവഹരിക്കുന്ന 'ഞങ്ങളും' 'ദാറുല്‍ ഹര്‍ബ്' അല്ലെങ്കില്‍ 'ദാറുല്‍ അഹ്ദ്' എന്ന് വ്യവഹരിക്കുന്ന എതിര്‍ ധ്രുവമായ 'അവരും' എന്ന പഴയ ക്ലാസിക്കല്‍ നിയമമീമാംസ (ഫിഖ്ഹ്) ലോകത്തെ വിഭജിച്ച രീതി പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ടതുണ്ട്. സവിശേഷ സാഹചര്യങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന അത്തരം പരികല്‍പനകളൊക്കെ നിലനില്‍ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്നില്‍ എത്രമാത്രം പ്രസക്തമാണെന്ന് പുനരവലോകനം ചെയ്യണം. അത്തരം ക്ലാസിക്കല്‍ ആശയാവലികള്‍ക്ക് ഒരു ബദല്‍ പരികല്‍പനയാണു റമദാന്‍ മുന്നോട്ടു വെക്കുന്നത്. 'ദാറുശ്ശഹാദഃ' എന്ന് അദ്ദേഹം അതിനെ വിളിക്കുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ ഇസ്‌ലാമിക സന്ദേശത്തിന്റെ സാക്ഷിയാവുക എന്നര്‍ഥം.
• ഇസ്‌ലാമിന്റെ മൂല്യമണ്ഡലം 'അപരവത്കരണ'ത്തിലധിഷ്ഠിതമല്ല. നാം മുസ്‌ലിംകളായിരിക്കുന്നത് നമ്മുടെ ആത്മീയാധിഷ്ഠാനങ്ങള്‍ക്കും സാര്‍വലൗകിക മൂല്യങ്ങള്‍ക്കുമനുസൃതമായാണ്. പടിഞ്ഞാറിനോടോ യഹൂദരോടോ ക്രൈസ്തവരോടോ സെക്യുലരിസ്റ്റുകളോടോ ഉള്ള ഏറ്റുമുട്ടലിന്റെ ഉല്‍പന്നമല്ല അത്. പാശ്ചാത്യ ദേശത്ത് ഒരു മതേതര സമൂഹത്തിലുള്ള എന്റെ ജീവിതം എന്റെ ദൗത്യത്തിന്റെ സാര്‍വലൗകികതയെയും ഞാനും എന്റെ സഹപൗരനും പങ്കിടുന്ന മൂല്യങ്ങളെയും മനസ്സിലാക്കാന്‍ എന്നെ കൂടുതല്‍ പര്യാപ്തനാക്കുന്നു.
• ഹസനുല്‍ ബന്നായില്‍ നിന്നോ ഇതര പരിഷ്‌കര്‍ത്താക്കളില്‍ നിന്നോ ഞാന്‍ സ്വീകരിക്കുന്നത് അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളെയല്ല; ആ നിഗമനങ്ങളിലേക്ക് എത്തിച്ചേരാന്‍ അവര്‍ സ്വീകരിച്ച രീതിശാസ്ത്രത്തെയാണ്. നമുക്ക് ഖുര്‍ആന്‍ വേദവും പ്രവാചകചര്യ (സുന്ന)യുമുണ്ടെന്നാണ് അവര്‍ പറയുന്നത്. അവയെ അവയുടെ സന്ദര്‍ഭത്തോടു ചേര്‍ത്തുവെച്ചു നാം മനസ്സിലാക്കണം. അതാണു അവര്‍ ചെയ്തത്. വേദപാഠങ്ങളെ (നുസ്വുസ്വ്-Texts)  സന്ദര്‍ഭ(Contexts)ത്തോടു ചേര്‍ത്ത് വെച്ചാണു അവര്‍ വായിച്ചത്. ചിന്തയിലും ഗ്രഹണത്തിലും അതേ 'മെഥഡോളജി' തന്നെയാണ് ഇപ്പോള്‍ യൂറോപ്പില്‍ ജീവിക്കുന്ന ഞാനും പിന്തുടരുന്നത്.
ചുരുക്കത്തില്‍: യൂറോപ്പിലെ മുസ്‌ലിംകള്‍ ആ ഭൂഖണ്ഡത്തിലെ സമൂഹങ്ങളുമായി ഉല്‍ഗ്രഥിതരാകണമെന്നാണു താരിഖ് റമദാന്റെ ആഹ്വാനം. ഭൗതികമായും ധൈഷണികമായും പൗരസ്ത്യ മുസ്‌ലിംകളില്‍നിന്ന് അവര്‍ സ്വതന്ത്രരാകണം. ഒരു മാനവിക സമൂഹനിര്‍മിതിക്ക് പടിഞ്ഞാറുള്ള സ്വന്തം സഹജീവികളോടൊപ്പം തുല്യപങ്കാളിത്തം വഹിക്കണം. മുസ്‌ലിംകളെന്ന നിലയില്‍ തങ്ങള്‍ വഹിക്കുന്ന പൊതുമാനവിക മൂല്യങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ടായിരിക്കണം അത്. എന്നാല്‍ അപരവല്ക്കരണത്തിന്റെയും എതിര്‍ ചിന്തയുടെയും അടിസ്ഥാനത്തിലായിരിക്കാനും പാടില്ല. കാലത്തിന്റെ മാറ്റങ്ങളുടെയും യൂറോപ്യന്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തിന്റെയും വെളിച്ചത്തില്‍ വേദപാഠങ്ങളുടെ നേരെ നവീനസമീപനം പുലര്‍ത്തിക്കൊണ്ടായിരിക്കണം അത്. ഇമ്മട്ടില്‍ അപഗ്രഥിക്കുമ്പോള്‍ റമദാന്‍ നടന്നെത്തുന്നത് ഒരു യൂറോപ്യന്‍ ഇസ്‌ലാം എന്ന ആശയതലത്തിലാണെന്നും പറയാവുന്നതാണ്.

വിമര്‍ശകപക്ഷം
താരിഖ് റമദാന്റെ ഈ സമീപനം സ്വീകാര്യത നേടിയ അളവില്‍ തന്നെ വിവാദങ്ങളും എതിര്‍പ്പും ഇളക്കി വിട്ടിട്ടുണ്ട്; മുസ്‌ലിംകളുടെ അകത്ത് നിന്ന് മാത്രമല്ല പുറത്തുനിന്നും. ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്ടംപര്‍റി ഇസ്‌ലാമിക് തോട്ട് മേധാവിയും ക്രസന്റ് ഇന്റര്‍നാഷനലിന്റെ മുന്‍പത്രാധിപരുമായ ഇഖ്ബാല്‍ സിദ്ദീഖി*യുടെ കാഴ്ചപ്പാടില്‍ താരിഖ് റമദാന്റെ ചിന്തകള്‍, വിശിഷ്യാ റ്റു ബി എ യൂറോപ്യന്‍ മുസ്‌ലിം എന്ന കൃതിയിലെ ഉള്ളടക്കം യൂറോപ്പില്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ അവസ്ഥയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതില്‍ തീര്‍ത്തും ഒരു പരാജയമാണ്. താരിഖ് റമദാന്‍ അവകാശപ്പെടുന്നപോലെ അത്ര വലിയ മതസ്വാതന്ത്ര്യമൊന്നും യൂറോപ്പില്‍ നിലനില്‍ക്കുന്നില്ല. യൂറോപ്യന്‍ അസഹിഷ്ണുതയെകുറിച്ചുള്ള ശരിയായ പഠനത്തിന്റെ അഭാവത്തില്‍ റമദാന്‍ ചതിക്കുഴിയില്‍ ചാടിയിരിക്കയാണെന്ന് ഇഖ്ബാല്‍ സിദ്ദീഖി പറയുന്നു.
ഏകമതാത്മകമായ യൂറോപ്യന്‍ മതേതരത്വത്തിന്റെ പരിമിതികളും ഇവിടെ പരിഗണനയില്‍ വരുന്നു. ഒരു മള്‍ട്ടി കള്‍ച്ചറല്‍ സമൂഹമല്ല യൂറോപ്യന്‍ സമൂഹം. അത്‌കൊണ്ടാണ് കുടിയേറ്റ സംസ്‌കാരങ്ങളെ പൊറുപ്പിക്കാന്‍ അതിന് സാധിക്കാത്തത്. മുസ്‌ലിംകള്‍ പാശ്ചാത്യ സംസ്‌കാരത്തില്‍ അലിഞ്ഞു ചേരണമെന്ന് താരിഖ് റമദാന്‍ ആവശ്യപ്പെടുമ്പോള്‍ തിരിച്ചൊരു ചോദ്യം പ്രസക്തമാകുന്നുണ്ട്. കിഴക്കന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന പാശ്ചാത്യവംശജന്‍ അവിടങ്ങളിലെ സംസ്‌കാരത്തില്‍ അലിഞ്ഞുചേരാന്‍ സന്നദ്ധമാകുമോ? അവിടെ അവര്‍ ബഹുസ്വരതയെ ഉയര്‍ത്തിപ്പിടിച്ച് സ്വന്തം സംസ്‌കാരിക വ്യക്തിത്വത്തെ നിലനിര്‍ത്താനാണ് ശ്രമിച്ചു പോരാറുള്ളത്. സംസ്‌കാരം രൂപം കൊള്ളുന്നത് കേവലം ഭൂമിശസ്ത്രപരമായ സാഹചര്യങ്ങളില്‍നിന്ന് മാത്രമാണോ എന്ന പ്രശ്‌നവുമുണ്ട്. വിശ്വാസ പ്രമാണങ്ങള്‍ക്കും ജീവിതരീതികള്‍ക്കും അതില്‍ പങ്കൊന്നുമില്ലേ? അത്തരം കാഴ്ചപ്പാടുകള്‍ സംസ്‌കാരത്തിന്റെ വിശാലഭൂമികയെ സ്വാധീനിക്കില്ലേ? ഭൂമിശാസ്ത്രപരമായ പരിധികള്‍ക്കകത്ത് തന്നെ കള്‍ച്ചറല്‍ ഫെഡറേഷന്‍ എന്ന സങ്കല്പത്തിന് പ്രസക്തി ഉണ്ടായിക്കൂടേ? വസ്ത്രധാരണം എന്ന ഏറ്റവും സ്വകാര്യമായ സ്വാതന്ത്ര്യത്തില്‍പോലും കൈകടത്തി യൂറോപ്യന്‍ രാജ്യങ്ങള്‍ ക്രിമിനല്‍ ശിക്ഷാനിയമനിര്‍മാണം നടത്തുന്ന പശ്ചാത്തലത്തില്‍ അങ്ങനെയങ്ങ് അവഗണിച്ചു തള്ളാവുന്നവയല്ല ഇത്തരം ചോദ്യങ്ങള്‍.
യൂറോപ്പിനകത്തും പുറത്തും മതവൃത്തങ്ങളില്‍ നിന്നല്ലാതെയും റമദാന്റെ 'സംസ്‌കാര'വീക്ഷണങ്ങള്‍ക്ക് വിമര്‍ശങ്ങളുണ്ടായിട്ടുണ്ട്. യൂറോപ്പില്‍ പാന്‍ അറബിസ്റ്റ് മൂവ്‌മെന്റിന്റെ നേതാവും അറബു യൂറോപ്യന്‍ ലീഗിന്റെ തലവനുമായ ദയ്യാബ് അബൂജഹ്ജാഹ്**, റമദാന്റെ അസിമിലേഷന്‍ തിയറിക്ക് എതിരാണ്. റമദാന്റെ രൂക്ഷവിമര്‍ശകരിലൊരാളാണു അബൂജഹ്ജാഹ്.
ഇവിടെ ഒരു വസ്തുത വേര്‍തിരിച്ചു കാണേണ്ടതുണ്ട്. ഒരു കുടിയേറ്റ അറബി എന്ന നിലയിലാണ് അബൂജഹ്ജാഹ് സംസാരിക്കുന്നത്. റമദാന്‍ സംസാരിക്കുന്നതാകട്ടെ കുടിയേറ്റ ഇസ്‌ലാമിന്റെ രണ്ടാം തലമുറയില്‍ പെട്ട വ്യക്തി എന്ന നിലക്കാണ്. വംശീയകോശം എന്താണെങ്കിലും യൂറോപ്പിന്റെ പൂര്‍ണസന്തതിയാണു റമദാന്‍. ഈ രണ്ടു അവസ്ഥകളും തമ്മില്‍ വലിയ അന്തരമുണ്ട്. അബൂജഹ്ജാഹ് പേറുന്ന കുടിയേറ്റക്കാരന്റെ സമീപസ്ഥ ഭൂതകാലഭാരം റമദാന്‍ പേറേണ്ടതില്ല.
സംസ്‌കാരത്തെ സംബന്ധിച്ച റമദാന്റെ കാഴ്ചപ്പാട് ഇസ്‌ലാമിക സംസ്‌കാരം എന്ന സമഗ്രപരികല്‍പനയെ ഛേദിച്ചു ശകലിത സാംസ്‌കാരിക ഇസ്‌ലാം എന്ന അനേകം പ്രാദേശിക ഇസ്‌ലാമുകളിലേക്ക് നയിക്കാന്‍ ഇടവരില്ലേ? അങ്ങനെയൊരു നിഗമനത്തിലെത്തുന്നതിനു മുമ്പ് എന്താണു യഥാര്‍ഥത്തില്‍ റമദാന്‍ ഉദ്ദേശിക്കുന്നത് എന്നതില്‍ ഒരു വ്യക്തത ഉണ്ടാകേണ്ടതുണ്ട്.
(തുടരും)

കുറിപ്പുകള്‍
* മുസ്‌ലിം ഇന്‍സ്റ്റിറ്റിയൂട്ട് (ലണ്ടന്‍) മേധാവിയായിരുന്ന പരേതനായ കലീം സിദ്ദീഖിയുടെ മകന്‍
** ഹിസ്ബുല്ലയുടെ 'പീഡനങ്ങ'ളുടെ പേരില്‍ ബെല്‍ജിയത്തില്‍ രാഷ്ട്രീയഭയം തേടി പൗരത്വം നേടിയ ലബനീസ് വംശജനാണ് അബൂജഹ്ജാഹ്. പ്രവാചകനെ അപമാനിച്ച കലാകാരന്‍ തിയോവാന്‍ഗോഗിനെ അബൂജഹ്ജാഹ് വിമര്‍ശിച്ചിരുന്നു. അതിന്റെ പേരില്‍ വാന്‍ഗോഗ് അദ്ദേഹത്തെ പ്രവാചകന്റെ കൂട്ടിക്കൊടുപ്പുകാരന്‍ (Small Celler of the Prophet) എന്ന് ശകാരിക്കുകയുണ്ടായി. മുസ്‌ലിം ഡമോക്രാറ്റിക് പാര്‍ട്ടി എന്ന ബാനറില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി ബെല്‍ജിയം തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയുണ്ടായെങ്കിലും പാര്‍ലമെന്റില്‍ സീറ്റൊന്നും നേടുകയുണ്ടായില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം