Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

ജമാഅത്ത് വിമര്‍ശനത്തിന്റെ വേരുകള്‍ എവിടെ?

കെ.ടി ഹുസൈന്‍

ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പൊതുവിലും ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെ വിശേഷിച്ചും കഴിഞ്ഞ 30 വര്‍ഷമായി നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് ഹമീദ് ചേന്ദമംഗല്ലൂര്‍. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മലയാള മാധ്യമങ്ങളില്‍ ഹമീദിന്റെ ഒരേയൊരു പ്രസക്തി ഇപ്പോള്‍ ജമാഅത്തിന്റെ ഒരു പതിവ് വിമര്‍ശകന്‍ എന്നതു മാത്രമാണ്. ഇംഗ്ലീഷ് ഭാഷാധ്യാപകനും മനോഹരമായി എഴുതാന്‍ കഴിയുന്ന തൂലികയുടെ ഉടമയും എന്ന നിലയില്‍ പല സാധ്യതകളും ഉണ്ടായിരുന്ന ഹമീദ് എഴുത്തിന്റെ മണ്ഡലത്തില്‍ ഒന്നുമാകാതെ പോയതിന് കാരണം ജമാഅത്തിനെ വിമര്‍ശിക്കാന്‍ മാത്രമേ പേനെയെടുക്കൂ എന്ന  ശാഠ്യമാണെന്ന് തോന്നിയിട്ടുണ്ട്. കാരണം, ജമാഅത്ത് വിമര്‍ശനം കഴിച്ചാല്‍ ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ഇന്ന് സീറോ മാത്രമാണല്ലോ.
അതിരിക്കട്ടെ, മൂന്ന് പതിറ്റാണ്ടായി തുടരുന്ന അദ്ദേഹത്തിന്റെ ജമാഅത്ത് വിമര്‍ശനങ്ങളുടെ ശൈലിയും സ്വഭാവവും വിലയിരുത്തിയാല്‍ ബോധ്യപ്പെടുന്ന ഒരു കാര്യം വിമര്‍ശനങ്ങള്‍ക്ക് വ്യക്തമായും രണ്ട് ഘട്ടങ്ങളുണ്ടെന്നതാണ്. 2001 സെപ്റ്റംബര്‍ 11-ന് മുമ്പും ശേഷവും എന്നിങ്ങനെ ആ ഘട്ടങ്ങളെ നമുക്ക് കാലനിര്‍ണയം ചെയ്യാവുന്നതാണ്. 9/11 മുമ്പുള്ള ഒന്നാം ഘട്ടം പൂര്‍ണമായും ഇടതുപക്ഷ വിമര്‍ശനരീതിയും ശൈലിയും പിന്തുടര്‍ന്നുകൊണ്ടുള്ളതായിരുന്നു. ഭൗതികവാദവും നാസ്തികതയും പ്രത്യയശാസ്ത്രമാക്കിയ കമ്യൂണിസവും ആത്മീയ മൂല്യങ്ങളെ പ്രത്യയശാസ്ത്രാടിത്തറയാക്കിയ ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള വീക്ഷണപരമായ അന്തരമാണ് അക്കാലത്തെ ഹമീദിന്റെ വിമര്‍ശനത്തിന്റെ സ്വഭാവത്തെയും ശൈലിയെയും നിര്‍ണയിച്ചിരുന്നത്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയേക്കാള്‍ സാക്ഷാല്‍ ഇസ്‌ലാമാണ് അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് അന്ന് പ്രത്യക്ഷത്തില്‍തന്നെ ഇരയാക്കപ്പെട്ടിരുന്നത്. പുരോഗമനവാദിയും നാസ്തികനുമായിരുന്ന തനിക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത അറുപിന്തിരിപ്പന്‍ ആശയമായ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്തിട്ടും സ്വന്തം നിലപാടുകാരണം പുരോഗമന വിഭാഗമെന്നും സര്‍ഗാത്മക ന്യൂനപക്ഷമെന്നുമുള്ള പ്രതിഛായ പൊതുമണ്ഡലത്തില്‍ ജമാഅത്ത് നേടിയെടുക്കുന്നതിലുള്ള ടിയാന്റെ അസ്വസ്ഥതകളാണ് അക്കാലത്തെ വിമര്‍ശനങ്ങളെ രൂപപ്പെടുത്തിയത്.
ഇസ്‌ലാമിക ശരീഅത്ത്, സ്ത്രീകളുടെ സാമൂഹിക പദവി, ഹദീസിന്റെ പ്രാമാണികത, ഖുര്‍ആന്റെ ദൈവികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇതര മുസ്‌ലിം വിഭാഗങ്ങളെ പോലെയോ അതിലേറെയോ യാഥാസ്ഥിതിക നിലപാടാണ് ജമാഅത്തെ ഇസ്‌ലാമിക്കും ഉള്ളത് എന്ന് പേര്‍ത്തും പേര്‍ത്തും പ്രചരിപ്പിച്ച് പൊതുമണ്ഡലത്തില്‍ ജമാഅത്തിന്റെ പ്രതിഛായ തകര്‍ക്കാനാണ് അക്കാലത്തെ അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു ഇടതുപക്ഷ എഴുത്തുകാരന്‍ എന്ന തന്റെ ഇന്നത്തെ പ്രതിഛായ അദ്ദേഹം നിര്‍മിച്ചെടുത്തതും ഇത്തരം എഴുത്തിലൂടെയാണ്. യാതൊരു അപകര്‍ഷതയും കൂടാതെ ഇസ്‌ലാമിന്റെ കേസ് വീറോടെ വാദിച്ച് ഇസ്‌ലാമിന്റെ സമര്‍ഥനായ വക്കീലാകാന്‍ ഇതിലൂടെ ഹമീദ് ജമാഅത്തെ ഇസ്‌ലാമിക്ക് അവസരം നല്‍കുകയായിരുന്നു. ശരീഅത്ത് സംവാദം അതിന്റെ മികച്ച ദൃഷ്ടാന്തമായിരുന്നു.
എന്നാല്‍, 9/11-ന് ശേഷമുള്ള രണ്ടാം ഘട്ടത്തില്‍ ഹമീദിന്റെ ജമാഅത്ത് വിമര്‍ശനത്തിന്റെ രീതിശാസ്ത്രവും സ്വഭാവവും കമ്യൂണിസ്റ്റ് വിമര്‍ശനരീതിയില്‍ നിന്ന് മൗലികമായി തന്നെ വ്യതിചലിച്ചുപോകുന്നതായാണ് അനുഭവപ്പെടുന്നത്. ഇസ്‌ലാമിനെ മുഖ്യ പ്രതിയോഗിയായി പ്രതിഷ്ഠിച്ച് അമേരിക്കന്‍ സാമ്രാജ്യത്വം പുതിയ യുദ്ധമുഖം തുറന്ന ലോക സാഹചര്യം കൂടി ചേര്‍ത്തു വെച്ച് മാത്രമേ ഈ മാറ്റത്തെ വായിച്ചെടുക്കാനാവൂ.
'ചീത്ത മുസ്‌ലിം, നല്ല മുസ്‌ലിം' എന്ന പുതിയ പരികല്‍പന നിര്‍മിച്ചെടുത്ത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്ന എല്ലാ മുസ്‌ലിംകളെയും അവരുടെ കൂട്ടായ്മകളെയും പൈശാചികവത്കരിക്കുന്ന സമരമുറ കൂടി ധൈഷണിക സാംസ്‌കാരിക മണ്ഡലത്തില്‍ സൈനിക വേട്ടയാടലിന് സമാന്തരമായി സാമ്രാജ്യത്വത്തിന്റെ തിങ്ക് ടാങ്ക് ആവിഷ്‌കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന അത്യന്തം ജുഗുപ്‌സാവഹമായ സാഹചര്യമാണല്ലോ 9/11-ന് ശേഷം ലോകതലത്തില്‍ രൂപപ്പെട്ടത്.
പഴയ ഓറിയന്റലിസത്തിന്റെ ഉത്തരാധുനിക പ്രതിരൂപങ്ങളും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് വിലയ്‌ക്കെടുത്ത  ബുദ്ധിജീവികളും അടങ്ങുന്ന ഈ തിങ്ക് ടാങ്കിന്റെ യഥാര്‍ഥ പ്രായോജകര്‍ അമേരിക്കയിലെ വലതുപക്ഷ ഇവാഞ്ചലിസ്റ്റുകളും സയണിസ്റ്റുകളുമായിരുന്നു. അമേരിക്കയിലും യൂറോപ്പിലും കഴിഞ്ഞ പത്തുവര്‍ഷമായി നിരന്തരം ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഈ തിങ്ക് ടാങ്കില്‍ മുസ്‌ലിം നാമധാരികളായ ചില വ്യാജ എഴുത്തുകാര്‍/എഴുത്തുകാരികള്‍ കൂടി സ്ഥാനം പിടിച്ചതാണ് 9/11-ന് ശേഷമുള്ള ഏറ്റവും വലിയ പ്രത്യേകത. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ലോകോത്തര എഴുത്തുകാരായും ലോകത്തെ സ്വാധീനിച്ച നൂറില്‍ ഒരാളായും സ്ഥാനം പിടിക്കാന്‍ ഭാഗ്യംസിദ്ധിച്ചവരാണ് ഇവര്‍. ബംഗ്ലാദേശ് വംശജനായ ഏദ് ഹുസൈന്‍, ഉഗാണ്ടയില്‍ നിന്ന് യൂറോപ്പില്‍ കുടിയേറിയ ഇന്ത്യന്‍ വംശജ ഇര്‍ഷാദ് മഞ്ചി, സിറിയന്‍ വംശജയായ വഫാസുല്‍ത്താന, സോമാലിയക്കാരി അയാന്‍ ഹിര്‍സ് അലി തുടങ്ങിയവരാണ് ഈ വ്യാജ എഴുത്തുകാരില്‍ പ്രധാനികള്‍. ഏതെങ്കിലും മുസ്‌ലിം രാജ്യത്ത് നിന്ന് യൂറോപ്പിലോ അമേരിക്കയിലോ കുടിയേറിയ ഇവരെല്ലാം ഇസ്‌ലാംവിദ്വേഷം ഇളക്കിവിടാന്‍ ആയുധമാക്കിയത് സ്വന്തം ആത്മകഥയാണ്. തീരെ ചെറിയ പ്രായത്തില്‍ തന്നെ ആത്മകഥ എഴുതാന്‍ മാത്രം സംഭവവബഹുലമായ ജീവിതം ജീവിച്ച് തീര്‍ത്ത ഈ എഴുത്തുകാര്‍ തങ്ങളുടെ പൂര്‍വകാലത്തെക്കുറിച്ച് അനുഭവങ്ങളെന്ന തരത്തില്‍ പറയുന്നതെല്ലാം സ്വയം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കപ്പെട്ടതിനാല്‍ ഇവരെ വ്യാജ എഴുത്തുകാര്‍/ എഴുത്തുകാരികള്‍ എന്ന് ധൈര്യസമേതം പറയാം.
ഇവരില്‍ ഇസ്‌ലാമിസ്റ്റ് എന്ന ഒറ്റ ഗ്രന്ഥത്തിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഏദ് ഹുസൈന്‍ ജോര്‍ദാനില്‍ രൂപംകൊണ്ട് യൂറോപ്പില്‍ വേരുകള്‍ പടര്‍ത്തിയ ഹിസ്ബു തഹ്‌രീര്‍ എന്ന ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗമായിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. ഇന്‍ഫിഡല്‍ (അവിശ്വാസി) എന്ന ആത്മകഥാ പുസ്തകം രചിച്ച അയാന്‍ ഹിര്‍സ് അലിയും സിറിയന്‍ കുടിയേറ്റക്കാരിയായ വഫാ സുല്‍ത്താനയും തങ്ങള്‍ക്ക് ചെറുപ്പത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ബന്ധമുണ്ടായിരുന്നുവെന്ന് ആത്മകഥകളില്‍ അവകാശപ്പെടുന്നുണ്ട്. 1975-ല്‍ സിറിയന്‍ സര്‍വകലാശാലയില്‍ വൈദ്യശാസ്ത്ര വിദ്യാര്‍ഥിയായിരുന്ന തന്റെ കണ്‍മുന്നില്‍ വെച്ച് ഒരധ്യാപകനെ അകാരണമായി ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ വെടിവെച്ചു കൊല്ലുന്നതിന് സാക്ഷിയാകേണ്ടിവന്ന അനുഭവമാണ് തന്നെ ഇഖ്‌വാന്‍ വിടാന്‍ പ്രേരിപ്പിച്ചതെന്നും വഫാ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ വഫാ സുല്‍ത്താനയുടെ പുസ്തകം പുറത്തുവന്ന ഉടനെ, അതില്‍ പരാമര്‍ശിക്കുന്ന വെടിവെപ്പ് സംഭവം നടന്നിട്ടേ ഇല്ലെന്ന് സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കുകയുണ്ടായി. അയാന്‍ ഹിര്‍സ് അലി ആദ്യം കുടിയേറിയ ഹോളണ്ടില്‍ നിന്ന് പുറത്താക്കപ്പെട്ടത് വ്യാജ കുടിയേറ്റ രേഖകള്‍ ഉണ്ടാക്കിയതിന് പിടിക്കപ്പെട്ടതോടെയാണ്. ഹിസ്ബുതഹ്‌രീറുമായി ബന്ധമുള്ളതടക്കം  ഏദ് ഹുസൈന്‍ തന്റെ പുസ്തകത്തില്‍ വിവരിക്കുന്ന അനുഭവങ്ങള്‍ മുഴുക്കെയും സംശയാസ്പദമോ വ്യാജമോ ആണെന്ന് സിയാഉദ്ദീന്‍ സര്‍ദാറും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇവരില്‍ അയാന്‍ ഹിര്‍സ് അലി, ഇര്‍ഷാദ് മഞ്ചി, വഫാ സുല്‍ത്താന തുടങ്ങിയവരെ കേരളത്തിലടക്കം ചിലര്‍ ഇസ്‌ലാമിക് ഫെമിനിസ്റ്റുകളായും കൊണ്ടാടുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമില്‍ നിന്നുള്ള തങ്ങളുടെ വിമോചനം പരസ്യമായി പ്രഖ്യാപിച്ച ഇവരെയും ഇസ്‌ലാമിനകത്ത് നിന്നുകൊണ്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ആമിനാ വദൂദ്, ഫാത്തിമ മെര്‍നിസി, അസ്മാ ബര്‍ലാസ് തുടങ്ങിയ മുസ്‌ലിം ഫെമിനിസ്റ്റുകളെയും സമീകരിക്കുന്നത് ഒട്ടും യുക്തിസഹമല്ലെന്ന് കൂടി ആനുഷംഗികമായി പറഞ്ഞുകൊള്ളട്ടെ. നേരത്തെ ഹസന്‍ തുറാബിയും ഈയിടെ റാശിദുല്‍ ഗനൂശിയും പറഞ്ഞുവെച്ച കാര്യങ്ങള്‍ സ്ത്രീസഹജമായ വൈകാരിക വിക്ഷുബ്ധതയോടെ ആവര്‍ത്തിക്കുക മാത്രമേ ആമിനാ വദൂദിനെയും ഫാത്തിമാ മെര്‍നിസിയെയും പോലുള്ളവര്‍ ചെയ്തിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവരെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മെഗാഫോണുകളായി കാണാനും പ്രയാസമുണ്ട്.
എന്നാല്‍, ആദ്യം പറഞ്ഞ കൂട്ടരും ഏദ് ഹുസൈനെ പോലുള്ളവരും സാമ്രാജ്യത്വ ഉപജാപക വൃന്ദത്തില്‍ പെട്ട വ്യാജ എഴുത്തുകാര്‍ മാത്രമാണെന്നും ആത്മകഥയില്‍ പോലും വെള്ളം ചേര്‍ത്ത അവരുടെ എഴുത്തുകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ വ്യാജ എഴുത്തുകാരെ കോപ്പിയടിക്കുക മാത്രമാണ് രണ്ടാം ഘട്ടത്തില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ ചെയ്യുന്നത്. മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ദൈവത്തിന്റെ രാഷ്ട്രീയം എന്ന ജമാഅത്ത് വിമര്‍ശന പുസ്തകത്തിലെ ഓരോ ലേഖനവും ഈ വസ്തുതയെ അടിവരയിടുന്നുണ്ട്. ഒരു ഇടതുപക്ഷ ബുദ്ധിജീവി എന്ന് മേനിനടിച്ചുകൊണ്ട് തന്നെ മാര്‍ക്‌സിസ്റ്റ് വിമര്‍ശന രീതി വിട്ട് ഏറ്റവും പ്രതിലോമപരമായ വലതുപക്ഷ വിമര്‍ശന രീതിയിലേക്കുള്ള ഹമീദിന്റെ ഈ മാറ്റം അദ്ദേഹത്തെ ഇപ്പോഴും കൊണ്ടുനടക്കുന്ന ഇടതുപക്ഷം ആലോചനാ വിഷയമാക്കേണ്ടതാണ്. ഇന്ത്യയില്‍ ഇദ്ദേഹം ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന്, ഹമീദിനെ കണ്ണിലെ കൃഷ്ണമണി പോലെ പരിരക്ഷിക്കണമെന്ന് കേസരി പരാമര്‍ശത്തിലൂടെ നേരത്തെ തന്നെ തെളിഞ്ഞതാണ്.
പാശ്ചാത്യര്‍ക്കിടയില്‍ ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നതിന് അമേരിക്കയില്‍ നിന്ന് പണവും സ്ഥാനവും പറ്റുന്ന മുസ്‌ലിം നാമധാരികളായ വ്യാജ എഴുത്തുകാരെ ഹമീദ് എപ്രകാരം കോപ്പിയടിക്കുന്നുവെന്ന് വ്യക്തമാക്കാനായി ദൈവത്തിന്റെ രാഷ്ട്രീയത്തിലെ 'ഹെഗലും മാര്‍ക്‌സും പിന്നെ മൗദൂദിയും' എന്ന ഒരു ലേഖനം മാത്രമാണ് ഈ കുറിപ്പില്‍ വിശകലനവിധേയമാക്കുന്നത്. മൗദൂദിയുടെ ഇസ്‌ലാമിക രാഷ്ട്ര സിദ്ധാന്തവും പരികല്‍പനകളും പാശ്ചാത്യ ചിന്തകരായ ഹെഗലില്‍നിന്നും മാര്‍ക്‌സില്‍ നിന്നും കടം കൊണ്ടതാണെന്ന് സ്ഥാപിക്കല്‍ യഥാര്‍ഥ ലക്ഷ്യമായ പ്രസ്തുത ലേഖനത്തില്‍ അതിലേക്ക് പ്രവേശനം ലഭിക്കുന്നതിനായി കേരളത്തില്‍ പൊതുവെ സുപരിചിതനല്ലാത്ത ഫലസ്ത്വീനി എഴുത്തുകാരനും അസ്ഹര്‍ പണ്ഡിതനുമായിരുന്ന തഖ്‌യുദ്ദീന്‍ നബ്ഹാനിയെയാണ് ഹമീദ് ആദ്യം പിടികൂടുന്നത്. നബ്ഹാനിയുടെ ഏതെങ്കിലും പുസ്തകമോ ലേഖനമോ പോലും വായിക്കാതെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും കുറിച്ച് ഏദ് ഹുസൈന്‍ തന്റെ ഇസ്‌ലാമിസ്റ്റില്‍ പറഞ്ഞ ആരോപണങ്ങളും നിഗമനങ്ങളും വള്ളിപുള്ളി വ്യത്യാസമില്ലാതെ പകര്‍ത്തി വെക്കുക മാത്രമാണ് ഹമീദ് ചെയ്യുന്നത്. അനന്തരം ഏദ് ഹുസൈന്‍ നബ്ഹാനിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം മൗദൂദിക്കാണ് കൂടുതല്‍ ബാധകം എന്ന് ടിപ്പണി ചമക്കുകയും ചെയ്യുന്നു. രാഷ്ട്രം, ഭരണകൂടം, ഭരണഘടന എന്നിവയെ കുറിച്ച് നബ്ഹാനിയുടെ ആശയങ്ങള്‍ ഇസ്‌ലാമികമല്ലെന്നും മറിച്ച് ഹെഗല്‍, റൂസ്സോ, ഗ്രാംഷി തുടങ്ങിയവരെ കോപ്പിയടിച്ചതാണെന്നുമാണ് ഏദ് ഹുസൈന്റെയും ഹമീദിന്റെയും പ്രധാന വാദം. കൂടാതെ പാശ്ചാത്യ ലോകത്ത് കുടിയേറ്റ മുസ്‌ലിംകളില്‍ തീവ്രവാദവും അന്യമത വിദ്വേഷവും പ്രചരിപ്പിക്കുന്നത് നബ്ഹാനിയുടെ ചിന്തകളും അദ്ദേഹം രൂപം നല്‍കിയ ഹിസ്ബുത്തഹ്‌രീര്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുമാണെന്ന ഗുരുതരമായ ആരോപണവും ഏദ് ഹുസൈനെ കൂട്ട് പിടിച്ച് ഹമീദ് ഉന്നയിക്കുന്നുണ്ട്.
നബ്ഹാനിയുടെ ചിന്തകളും അദ്ദേഹം രൂപം നല്‍കിയ ഹിസ്ബുത്തഹ്‌രീറിന്റെ പ്രവര്‍ത്തന പരിപാടികളും എന്താണെന്നും അദ്ദേഹത്തിനെതിരെ ആരോപണം തീര്‍ക്കുന്ന ഏദ് ഹുസൈന്‍ ആരാണെന്നും മനസ്സിലാക്കിയാലേ ഈ ആരോപണത്തിന്റെ നിജസ്ഥിതി വെളിപ്പെടുകയുള്ളൂ.
ഫലസ്ത്വീനില്‍ ജൂത രാഷ്ട്രം നിലവില്‍ വരുന്നതിന് മുമ്പ് അവിടെ ബ്രിട്ടീഷ് കൊളോണിയലിസത്തിനും സയണിസത്തിന്റെ ആസൂത്രിതമായ ജൂത കുടിയേറ്റ പദ്ധതികള്‍ക്കുമെതിരെ ഫലസ്ത്വീന്‍ പോരാളി ഇസ്സുദ്ദീനുല്‍ ഖസ്സാമിനോടൊപ്പം സമരം നയിച്ച പണ്ഡിതനും ചിന്തകനുമാണ് തഖ്‌യുദ്ദീന്‍ നബ്ഹാനി. ഇസ്രയേല്‍ രാഷ്ട്രം നിലവില്‍ വന്നതിന് ശേഷം 1957-ല്‍ ജോര്‍ദാന്‍ ആസ്ഥാനമായി ഹിസ്ബുത്തഹ്‌രീര്‍ എന്ന പാര്‍ട്ടിക്ക് അദ്ദേഹം രൂപം നല്‍കി. സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിന്റെ ഇസ്‌ലാമീകരണമായിരുന്നു പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. ജോര്‍ദാനില്‍ വൈകാതെ നിരോധിക്കപ്പെട്ടുവെങ്കിലും ഇതര അറബ് രാജ്യങ്ങളിലും യൂറോപ്പിലും മധ്യേഷ്യയിലും ചെറുതല്ലാത്ത സ്വാധീനം നേടിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
ഹിസ്ബുത്തഹ്‌രീര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും അതിന്റെ ദാര്‍ശനികാടിത്തറ ഇസ്‌ലാമായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സാമൂഹിക മാറ്റത്തിന്റെ രീതിശാസ്ത്രവും രാഷ്ട്രീയ ഇടപെടലും അക്രമരഹിതവും ജനാധിപത്യപരവും ആയിരിക്കണമെന്ന കണിശമായ നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു ഹിസ്ബുത്തഹ്‌രീര്‍. പാര്‍ട്ടിയുടെ ഈ നിലപാടിന്റെ അടിസ്ഥാനം സ്ഥാപകനായ നബ്ഹാനി രൂപപ്പെടുത്തിയ ദാര്‍ശനികാടിത്തറയായിരുന്നു. മനുഷ്യ മനസ്സില്‍ സങ്കല്‍പനങ്ങളും ചിന്തകളും രൂപപ്പെടുത്തുന്ന ചിന്താ പ്രക്രിയകളെയും മനോ വ്യാപാരങ്ങളെയും മനഃശാസ്ത്ര വിശ്ലേഷണം ചെയ്ത് മാനസികവും ചിന്താപരവുമായ മാറ്റത്തിനു ബലാല്‍കാരം അനുചിതമാണെന്ന തത്ത്വം നബ്ഹാനി ആവിഷ്‌കരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അടിസ്ഥാന സാഹിത്യമായി അറിയപ്പെട്ട സിസ്റ്റം ഓഫ് ഇസ്‌ലാം, കോണ്‍സെപ്റ്റ് എന്നീ ഗ്രന്ഥങ്ങളിലാണ് നബ്ഹാനി  തന്റെ ചിന്തകള്‍ അവതരിപ്പിച്ചത്. നബ്ഹാനിയെ തീവ്രവാദത്തിന്റെ താത്ത്വികാചാര്യനും ഹിസ്ബുത്തഹ്‌രീറിനെ തീവ്രവാദ പാര്‍ട്ടിയുമായി മുദ്ര കുത്തുന്ന ഹമീദ് ചേന്ദമംഗല്ലൂര്‍ നബ്ഹാനിയെ തരിമ്പും വായിക്കാതെ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ചെല്ലും ചെലവും കൊടുത്ത് പോറ്റുന്ന കൂലി എഴുത്തുകാരന്‍ ഏദ് ഹുസൈനെ കോപ്പിയടിക്കുകയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ.
ആരാണ് ഈ ഏദ് ഹുസൈന്‍ എന്ന് വിസ്തരിച്ച് മനസ്സിലാക്കുന്നതും നല്ലതാണ്. ഏദ് ഹുസൈന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് മഹ്മൂദ് ഹുസൈന്‍ ബംഗ്ലാദേശില്‍ നിന്ന് ബ്രിട്ടനില്‍ കുടിയേറിയ ഒരു കുടുംബത്തിലെ അംഗമാണ്. 16ാം വയസ്സില്‍ ഹിസ്ബുത്തഹ്‌രീറില്‍ അംഗമായ താന്‍ അതിന്റെ തീവ്ര ആശയങ്ങളോട് യോജിക്കാന്‍ കഴിയാതെ അഞ്ചു വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നുവെന്നാണ് 'ഇസ്‌ലാമിസ്റ്റില്‍' അദ്ദേഹം അവകാശപ്പെടുന്നത്. ഈ അവകാശവാദത്തെ സിയാഉദ്ദീന്‍ സര്‍ദാര്‍ ചോദ്യം ചെയ്തത് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഹിസ്ബുത്തഹ്‌രീര്‍ ഉപേക്ഷിച്ചതിന് ശേഷം തീവ്രവാദത്തിനെതിരെ പോരാടാന്‍ ക്യുലിയന്‍ ഫൗണ്ടേഷന്‍ (Quillion Foundation) എന്ന കൂട്ടായ്മക്ക് അദ്ദേഹം രൂപം നല്‍കിയത്രെ. ഏതായാലും അപ്പോള്‍ ഇയാള്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ വിദേശകാര്യങ്ങള്‍ക്കുള്ള കൗണ്‍സിലില്‍ സിവിലിയന്‍ ഫെലോയാണ്. തന്റെ സാമ്രാജ്യത്വ സേവക്ക് ഉചിതമായ പ്രതിഫലം തന്നെയാണ് ഈ സ്ഥാനലബ്ധി. ഈ സ്ഥാനത്തിരുന്നുകൊണ്ട് ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയും അമേരിക്കയുടെ സാമ്രാജ്യത്വ നടപടികളെയും ഇസ്രയേലിന്റെ അതിക്രമങ്ങളെയും വെള്ള പൂശുകയുമാണ് ഏദ് ഹുസൈന്റെ ജോലി. നേരത്തെ സൂചിപ്പിച്ച ഇര്‍ശാദ് മഞ്ചി, വഫാ സുല്‍ത്താന, അയാന്‍ ഹിര്‍സ് അലി തുടങ്ങിയവരും ഏദ് ഹുസൈനെ പോലെ അമേരിക്കയോടൊപ്പം ഇസ്രയേലിനെ കൂടി വെള്ളപൂശുന്നവരാണെന്ന കാര്യവും ശ്രദ്ധിക്കപ്പെടേണ്ടതാണ്.  അറബ് രാജ്യങ്ങളും മുസ്‌ലിംകളും ഇസ്രയേലിനോടും ജൂതന്മാരോടും അസഹിഷ്ണുത കാണിക്കുന്നുവെന്നാണ് അവരുടെ പരാതി.
രാഷ്ട്രം, ഭരണകൂടം, ഭരണഘടന എന്നിവയെ കുറിച്ച് ഇസ്‌ലാമിന്റെ സ്വന്തമായ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ നബ്ഹാനിക്കോ മൗദൂദിക്കോ, ഏദ് ഹുസൈനും അദ്ദേഹത്തിന്റെ പകര്‍പ്പെഴുത്തുകാരന്‍ മാത്രമായ ഹമീദും കരുതുന്നത് പോലെ ഒരു പാശ്ചാത്യ ചിന്തകനെയും കേട്ടെഴുതേണ്ടതില്ല; ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍ മാത്രം മതി. ഖുര്‍ആനിക ഉള്ളടക്കത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും സാമൂഹിക നിയമങ്ങളും വിധിവിലക്കുകളുമാണല്ലോ.
ഏദ് ഹുസൈന്‍ നബ്ഹാനിക്കെതിരെ ഉയര്‍ത്തിയ ആരോപണം മൗദൂദിക്ക് നേരെ കൂടി തിരിച്ചുവിടുന്ന ഹമീദ് ഒരു കാര്യം സമ്മതിച്ചു തന്നതിന് നന്ദി. ആധുനിക പാശ്ചാത്യ ദര്‍ശനങ്ങളും ചിന്തകളും അതിന്റെ മൂലഭാഷയില്‍ തന്നെ വായിച്ച് മനസ്സിലാക്കാനുള്ള കഴിവും പ്രതിഭയും മൗദൂദിക്കുണ്ട് എന്നാണല്ലോ അവരെ മൗദൂദി കോപ്പിയടിച്ചു എന്ന് പറയുന്നതിലൂടെ ഹമീദ് സമ്മതിച്ചുതരുന്നത്. ഇത് ഇതുവരെയുള്ള ഹമീദിന്റെ നിലപാടിന് വിരുദ്ധമാണ്. കാരണം ആധുനികമായ ജ്ഞാനമോ ബോധമോ തരിമ്പും ഇല്ലാത്ത ഒരു മധ്യകാല മുല്ല എന്നായിരുന്നുവല്ലോ ഇതുവരെ മൗദൂദിയെക്കുറിച്ച് അദ്ദേഹത്തിന്റെ നിലപാട്. അതിനാല്‍ ഹമീദിന്റെ മൗദൂദിവായനയിലെ ഒരു ചെറിയ വളര്‍ച്ചയായി ഇതിനെ കാണാനാണ് ഈ കുറിപ്പുകാരനിഷ്ടം. അതേസമയം രാഷ്ട്രം, ഭരണകൂടം, ഭരണഘടന എന്നിവയെ കുറിച്ച യാതൊരു പരാമര്‍ശവും ഖുര്‍ആനിലും ഹദീസിലും ഇല്ല എന്ന് വളരെ ആധികാരികതയോടെ തട്ടിവിടുന്ന ഏദ് ഹുസൈനോ അദ്ദേഹത്തെ കേട്ടെഴുതുന്ന ഹമീദിനോ ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലോ അതിന്റെ മൂലഭാഷയിലോ പ്രാഥമിക മദ്‌റസാ പഠനത്തിനപ്പുറം എന്തെങ്കിലും വിവരമുണ്ടെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
പാശ്ചാത്യലോകത്ത് ഇസ്‌ലാംപേടി പ്രചരിപ്പിക്കുന്നതിന് അമേരിക്ക ചെല്ലും ചെലവും നല്‍കി പോറ്റുന്ന മുസ്‌ലിം നാമധാരികളായ ബ്രോയിലര്‍ ബുദ്ധിജീവികളും മലയാളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമോഫോബിക്കായ ഹമീദ് ചേന്ദമംഗല്ലൂരും ഒരേ തൂവല്‍ പക്ഷികളാണെന്ന് സംശയരഹിതമായി തെളിയിക്കപ്പെട്ട കൃതി എന്നതാണ് 'ദൈവത്തിന്റെ രാഷ്ട്രീയ'ത്തിന്റെ പ്രസക്തി. എന്നോ പുറത്താക്കേണ്ടിയിരുന്ന ഇടതുപക്ഷ കൂടാരത്തിലെ ഈ തീവ്ര വലതുപക്ഷ എഴുത്തുകാരനെ ഇപ്പോഴും കൊണ്ടുനടക്കുന്നുവെന്നതാണ് നമ്മുടെ ലിബറല്‍ മതേതരത്വത്തിന്റെ കാപട്യം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം