Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

നുണയുടെ വന്‍കോട്ടകളെതകര്‍ക്കുന്നു

ജമാല്‍ കടന്നപ്പള്ളി

ബോധ്യപ്പെട്ട സത്യം ഉറക്കെ വിളിച്ചു പറയാന്‍ കാട്ടിയ ആര്‍ജവം. സ്വാമി ലക്ഷ്മിശങ്കരാചാര്യയുടെ 'ഇസ്‌ലാം ഭീകരതയല്ല' എന്ന കൃതി ഈ അര്‍ഥത്തിലാണ് വേറിട്ടുനില്‍ക്കുന്നത്. നട്ടെല്ലും തന്റേടവും അന്യം നില്‍ക്കുകയും ജീര്‍ണതകളുമായി സമരസപ്പെടുന്ന ഒരുതരം 'ശവമനസ്‌കരാ'യി നാമൊക്കെ മാറിപ്പോവുകയും ചെയ്യുന്ന വര്‍ത്തമാനത്തില്‍ സ്വാമിജി സത്യത്തോടു പുലര്‍ത്തുന്ന അഭിനിവേശവും സമരാവേശവും ആരെയും അമ്പരപ്പിക്കുന്നതാണ്. സ്വാമി അസിമാനന്ദയുടെ മനംമാറ്റത്തിനു കാരണമായത് കലിം എന്ന യുവാവ് തടവറയില്‍നിന്നു കാട്ടിയ മൂല്യബോധമായിരുന്നുവെങ്കില്‍ സ്വാമി ലക്ഷ്മി ശങ്കരാചാര്യയുടെ പരിവര്‍ത്തനത്തിന് ഹേതുവായത് യുദ്ധവേളയില്‍പോലും വിശുദ്ധ ഖുര്‍ആന്‍ പുലര്‍ത്തുന്ന വിട്ടുവീഴ്ച്ചയില്ലാത്ത ധര്‍മനിഷ്ഠയാണ്.
നമുക്കറിയാവുന്നതു പോലെ ഇസ്‌ലാമിനെതിരെ വന്‍ കള്ളപ്രചാരണമാണ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാം ഭീകരമാണെന്നും മുസ്‌ലിംകള്‍ ഭീകരരാണെന്നും പ്രചണ്ഡമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ദേശീയതലത്തില്‍ സംഘ്പരിവാറും അന്തര്‍ദേശീയതലത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വവുമാണ് ഇതിനു പിന്നില്‍. തങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ നികൃഷ്ട ലക്ഷ്യത്തെക്കുറിച്ച് യാതൊന്നുമറിയാത്ത നിഷ്പക്ഷരും സത്യസന്ധരുമായ മനുഷ്യര്‍ പോലും ഈ കുതന്ത്രങ്ങളില്‍ വീണുപോവുകയും ഇസ്‌ലാമിനെ തെറ്റിദ്ധരിച്ചു പോവുകയും ചെയ്യുന്നുണ്ട്. യു.പിയിലെ കാണ്‍പൂര്‍ സ്വദേശിയായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഈ പട്ടികയില്‍പെടുന്നു. അങ്ങനെയാണ് അദ്ദേഹം 'ഇസ്‌ലാമിക ഭീകരവാദത്തിന്റെ ചരിത്രം' (ഇസ്‌ലാമിക് ആതംഗ് വാദ് കാ ഇതിഹാസ്) എന്ന ഗ്രന്ഥം രചിച്ചത്. തുടര്‍ന്ന് അതിന്റെ ഇംഗ്ലീഷ് പരിഭാഷയും (ദ ഹിസ്റ്ററി ഓഫ് ഇസ്‌ലാമിക് ടെററിസം) പുറത്തിറങ്ങി.
എന്നാല്‍, തുടര്‍ന്നുള്ള സത്യസന്ധമായ അന്വേഷണത്തില്‍ തനിക്കു സംഭവിച്ച ഭീമമായ അബദ്ധം സ്വാമിജിക്ക് ബോധ്യമായി. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍: ''മുസ്‌ലിം പണ്ഡിതന്മാരുടെ നിര്‍ദേശാനുസാരം ഞാനാദ്യം പ്രവാചകന്‍ മുഹമ്മദിന്റെ ജീവചരിത്രം വായിച്ചു. അനന്തരം ശുദ്ധമനസ്സോടെ ഖുര്‍ആന്‍ ആദ്യന്തം വായിച്ചു. അപ്പോഴെനിക്ക് ഖുര്‍ആനിക സൂക്തങ്ങളുടെ ശരിയായ അര്‍ഥവും ആശയവും ഗ്രഹിക്കാനായി. സത്യം വ്യക്തമായപ്പോള്‍ എനിക്ക് സംഭവിച്ച ഗുരുതരമായ വീഴ്ചയില്‍ അതിയായ ഖേദം തോന്നി. ബുദ്ധിഭ്രമം സംഭവിച്ചതാണല്ലോ ഇസ്‌ലാമിക ഭീകരവാദത്തിന്റെ ചരിത്രം എഴുതാന്‍ കാരണം. അല്ലാഹുവിനോടും പ്രവാചകനോടും മുസ്‌ലിം സമുദായത്തോടും പരസ്യമായി മാപ്പപേക്ഷിക്കുന്നതോടൊപ്പം അജ്ഞത കാരണം എഴുതുകയും പറയുകയും ചെയ്തതൊക്കെയും ഞാന്‍ തിരിച്ചെടുക്കുന്നു. ഇസ്‌ലാമികഭീകരവാദത്തിന്റെ ചരിത്രം എന്ന പുസ്തകത്തില്‍ ഞാനെഴുതിയതൊക്കെ ശൂന്യമായി കരുതണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു'' (പേജ് 12,13).
തുടര്‍ന്ന് ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമെന്നോണമാണ് 'ഇസ്‌ലാം ഭീകരവാദമല്ല' (ഇസ്‌ലാം ആതംഗ് യാ ആദര്‍ശ്) എന്ന ഗ്രന്ഥം അദ്ദേഹം രചിച്ചത്. അതിനുവേണ്ടി വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നന്നായി പഠിച്ചു. ഇസ്‌ലാം എന്ന പ്രകൃതിധര്‍മത്തെ അടുത്തറിഞ്ഞു. ഇതിനു വേണ്ടി സ്വാമി അതിജീവിച്ച ദുര്‍ഘടപാതകള്‍ ഈ ചെറു കൃതിയില്‍ അവിടവിടെയായി കോറിയിട്ടിട്ടുണ്ട്.
സത്യം വ്യക്തമായപ്പോള്‍ ദുഷ്പ്രചാരണം, ഇസ്‌ലാമിക ആദര്‍ശം, അന്യമതസ്ഥരോട് യുദ്ധം, ഖുര്‍ആനിലെ 24 സൂക്തങ്ങളുടെ വിശകലനം, മാനവരാശിക്കുള്ള ആദര്‍ശ സംഹിത, ഏകദൈവത്വം വേദങ്ങളില്‍ തുടങ്ങിയ അധ്യായങ്ങളിലൂടെ ഇസ്‌ലാമിനെതിരെ ഉയര്‍ത്തപ്പെടുന്ന നുണയുടെ വന്‍കോട്ടകളെതന്നെ ഇടിച്ചുതകര്‍ക്കുകയാണ് സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഈ കൃതിയില്‍.
ഈ പുസ്തകം രചിക്കാന്‍ ദൈവം തനിക്ക് അദൃശ്യമായ ചില സഹായങ്ങള്‍ നല്‍കിയതായി സ്വാമി ആമുഖത്തില്‍ അവകാശപ്പെടുന്നു. ഇതിലേറ്റവും പ്രധാനം ഒരു സ്വപ്നമായിരുന്നു. ഇസ്‌ലാമിനെതിരെ വിഷം വമിക്കുന്ന കൃതി എഴുതിയതില്‍ ദുഃഖം പൂണ്ട രാത്രികളിലൊന്നില്‍ അദ്ദേഹത്തിന് അത്ഭുതകരമായ ഒരു സ്വപ്നദര്‍ശനമുണ്ടായി. ചെയ്ത തെറ്റിനെ കഴുകിക്കളയാന്‍ സത്യസന്ധമായ ഒരു പുസ്തകമെഴുതുക എന്ന് പരമേശ്വരന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുന്നരീതിയിലായിരുന്നു സ്വപ്നം. മാത്രമല്ല പിറ്റേന്ന് വൈകുന്നേരത്തോടെ പ്രസ്തുത സ്വപ്നസാക്ഷാത്കാരത്തിന് ഉതകുന്ന രീതിയിലുള്ള ചില സഹായങ്ങള്‍ (റഫറന്‍സുകള്‍) കൈവന്നതും അദ്ദേഹം അനുസ്മരിക്കുന്നു. അതുകൊണ്ടു മാത്രമായിരുന്നു ഗ്രന്ഥത്തിലെ ഏറ്റവും ശ്രദ്ധേയമായ 'അന്യമസ്ഥരോട് യുദ്ധം: ഖുര്‍ആനിലെ 24 സൂക്തങ്ങളുടെ വിശകലനം' എന്ന അധ്യായം രചിക്കാന്‍ കഴിഞ്ഞതെന്നും അല്ലാഹുവിനോടുള്ള കൃതജ്ഞതയെന്നോണം അദ്ദേഹം രേഖപ്പെടുത്തുന്നു.
ഈ ഗ്രന്ഥരചന വഴി സ്വാമി എന്താണോ ഉദ്ദേശിച്ചത്, അത് പൂര്‍ത്തിയാക്കേണ്ട കടമ ഓരോ സത്യവിശ്വാസിക്കുമാണെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആ വാക്കുകള്‍: ''ഇസ്‌ലാമിനെകുറിച്ച് അജ്ഞരായ, ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഇസ്‌ലാമിനെ ശരിയായി മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാനീ പുസ്തകം രചിച്ചത്. മുസ്‌ലിം സഹോദരങ്ങള്‍ അവരുടെ കഴിവും സാധ്യതയും ഉപയോഗപ്പെടുത്തി പരമാവധി അമുസ്‌ലിം സഹോദരങ്ങള്‍ക്ക് ഇത് സമ്മാനിക്കേണ്ടത് അവരുടെ കര്‍ത്തവ്യമാണ്'' (പേജ് 8).
ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ കൃതി വിവര്‍ത്തനം ചെയ്തത് പി.കെ മുഹമ്മദലി അന്തമാന്‍. വില:40. നാസര്‍ എരമംഗലത്തിന്റെ കവര്‍ ഏറെ അര്‍ഥവത്താണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം