ബംഗ്ലാദേശ് വിഭജനവും ജമാഅത്തെ ഇസ്‌ലാമിയും
2011 നവംബര്‍ 4-ന് പുറത്തിറങ്ങിയ ഫ്രണ്ട്ലൈന്‍ മാഗസിനില്‍ ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് കാണുകയുണ്ടായി.
ബംഗ്ളാദേശ് സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട് 1971 കാലയളവില്‍ പാകിസ്താന്‍ പട്ടാളവുമായി ഒത്തുചേര്‍ന്നുകൊണ്ട് രാജ്യത്തെ അതിതീവ്രവാദ പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവര്‍ നടത്തിയ ക്രൂരമായ കൊള്ളയും കൊലപാതകവും ബലാത്സംഗവും നിര്‍ബന്ധിത മതപരിവര്‍ത്തനവും ഒക്കെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരികയും അര്‍ഹമായ ശിക്ഷ നേടിക്കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യാര്‍ഥം ആ നാട്ടില്‍ രൂപംകൊടുത്തിട്ടുള്ള ഇന്റര്‍നാഷ്നല്‍ ക്രൈംസ് ട്രൈബ്യൂണല്‍, കുറ്റാരോപിതരെ വിചാരണ നടത്തുകയും ജമാഅത്തെ ഇസ്ലാമി നേതാക്കളായ ദെല്‍വര്‍ ഹുസൈന്‍ സൈദി, മതിഉര്‍റഹ്മാന്‍ നിസാമി, അലി അഹ്സന്‍ മുഹമ്മദ് മുജാഹിദ്, മുഹമ്മദ് കമറുസ്സമാന്‍, അബ്ദുല്‍ ഖാദര്‍ മുല്ല തുടങ്ങിയവരുടെ പങ്കാളിത്തം പുറത്ത് കൊണ്ട് വരികയും ചെയ്തിട്ടുണ്ടെന്നാണ് ആ സചിത്ര റിപ്പോര്‍ട്ടില്‍ പറയുന്നത്.''
ബംഗ്ളാദേശ് വിഭജനവുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം ജമാഅത്തെ ഇസ്ലാമിയുടെ ചുമലില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് ഇസ്ലാം പേടിയുടെ പുതിയ പതിപ്പായിട്ടാണോ ബംഗ്ളാദേശിലെ രാഷ്ട്രീയ നാടകമായിട്ടാണോ മനസ്സിലാക്കേണ്ടത്?
മുഹമ്മദ് സാദിഖ്, ഈരാറ്റുപേട്ട
ആദ്യം പ്രശ്നത്തിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ ചില ചരിത്ര വസ്തുതകള്‍ ചുരുക്കിപ്പറയട്ടെ.
നാല്‍പതുകളുടെ തുടക്കത്തില്‍ ഇന്ത്യ വിഭജിച്ചു പാകിസ്താന്‍ എന്ന പുതിയ രാഷ്ട്രം രൂപവത്കരിക്കണമെന്ന ആവശ്യമുയര്‍ത്തിയ ആള്‍ ഇന്ത്യാ മുസ്ലിം ലീഗിന്റെ ബീജാവാപം നടന്നത് തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് കിഴക്കന്‍ ബംഗാളായിരുന്ന പ്രവിശ്യയുടെ തലസ്ഥാനമായ ധാക്കയിലാണ്. മുസ്ലിം ലീഗ് എന്ന സാമുദായിക രാഷ്ട്രീയ പ്രസ്ഥാനം ക്രമേണ ശക്തി പ്രാപിച്ച് ഒടുവില്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തി രാജ്യം വിഭജിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നേടത്തോളം വളര്‍ന്നപ്പോഴൊക്കെ കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ അതിന്റെ തലപ്പത്തുണ്ടായിരുന്നു. ബംഗാളി സംസാരിക്കുന്ന കിഴക്കന്‍ ബംഗാളും പഞ്ചാബി, സിന്ധി, പഷ്തു എന്നീ പ്രാദേശിക ഭാഷകളും ഉര്‍ദുവും സംസാരിക്കുന്ന പടിഞ്ഞാറന്‍ പ്രവിശ്യകളും ചേര്‍ന്ന് വെറും മുസ്ലിം സാമുദായികതയുടെ ഭൂമികയില്‍ ഒരു രാഷ്ട്രം നിര്‍മിക്കപ്പെടുന്നതിലെ യുക്തിഹീനതയും ദൌര്‍ബല്യവും അത്തരമൊരു രാജ്യം നേരിടാന്‍ പോവുന്ന സ്വത്വപ്രതിസന്ധിയും പല വിവേകശാലികളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും വൈകാരിക മുദ്രാവാക്യങ്ങളുടെ വേലിയേറ്റം എല്ലാ വിയോജനങ്ങളെയും അപ്രസക്തമാക്കി. അങ്ങനെ കിഴക്കന്‍ ബംഗാള്‍ കിഴക്കന്‍ പാകിസ്താന്‍ ആയി; പടിഞ്ഞാറന്‍ പഞ്ചാബ്, സിന്ധ്, അതിര്‍ത്തി സംസ്ഥാനം, ബലൂചിസ്താന്‍ എന്നീ പ്രവിശ്യകള്‍ ചേര്‍ന്ന് പശ്ചിമ പാകിസ്താനും. വിശാലമായൊരു ഫെഡറല്‍ ഭരണഘടനയുടെ അഭാവത്തില്‍ ഏകീകൃത പാകിസ്താനില്‍ പ്രാദേശിക-ഭാഷാ-വംശീയ വിഭാഗീയതകള്‍ തലപൊക്കാന്‍ താമസമുണ്ടായില്ല. ഭരണപരമായ അനിശ്ചിതത്തവും അസ്ഥിരതയും തുടക്കം മുതല്‍ പുതിയ രാഷ്ട്രത്തെ വേട്ടയാടി. ഒടുവില്‍ 1958-ലെ സൈനിക വിപ്ളവത്തോടെ ജനാധിപത്യവും അപ്രത്യക്ഷമായി. പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം ശക്തമായുയര്‍ന്ന ജനാധിപത്യ സംസ്ഥാപന പ്രക്ഷോഭത്തില്‍ ജനറല്‍ മുഹമ്മദ് അയ്യൂബ് ഖാന്റെ ഏകാധിപത്യ ഭരണം നിലം പതിച്ചു. യഹ്യാ ഖാന്‍ താല്‍ക്കാലിക പ്രസിഡന്റായി ഭരണമേറ്റു. തുടര്‍ന്ന് 1970-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പോടെയാണ് പാകിസ്താനിലെ വംശീയ ധ്രുവീകരണം പൂര്‍ണമാവുന്നത്. വിഘടന വാദത്തോളമെത്തിയ ആറിന പരിപാടിയുമായി കിഴക്കന്‍ പാകിസ്താനില്‍ ശൈഖ് മുജീബുര്‍റ്ഹ്മാന്റെ അവാമി ലീഗും, പശ്ചിമ പാകിസ്താനില്‍ സുല്‍ഫീക്കര്‍ അലി ഭൂട്ടോയുടെ പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയും വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ ഏകീകൃത പാകിസ്താനുവേണ്ടി നിലകൊണ്ട മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി മുതലായ പാര്‍ട്ടികളൊക്കെ പ്രാന്തവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ധാക്കയിലെത്തിയ ജമാഅത്ത് അമീര്‍ സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി വല്‍ടണ്‍ മൈതാനിയില്‍ വന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കാനിരിക്കെ, യോഗസ്ഥലം കൈയേറി അലങ്കോലമാക്കുകയാണ് അവാമീ ലീഗ് ചെയ്തിരുന്നതെന്ന് ഓര്‍ക്കണം. എന്നാലും, 300 സീറ്റുകളില്‍ 166ഉം നേടിയ അവാമി ലീഗിനെ ജനാധിപത്യ താല്‍പര്യമനുസരിച്ച് ഭരണമേല്‍പിക്കണമെന്നാണ് ജമാഅത്ത് ആവശ്യപ്പെട്ടത്. ഭൂട്ടോ വഴങ്ങിയില്ല. പശ്ചിമ പാകിസ്താനില്‍ താന്‍ തന്നെ പ്രധാനമന്ത്രി എന്നദ്ദേഹം ശഠിച്ചു. നിസ്സഹായനായി നോക്കിനില്‍ക്കാനേ പ്രസിഡന്റ് യഹ്യാഖാന് കഴിഞ്ഞുള്ളൂ. അവസരമുപയോഗിച്ച് കിഴക്കന്‍ പാകിസ്താന്റെ വേറിട്ട് പോക്ക് പ്രഖ്യാപിച്ച് മുജീബുര്‍റഹ്മാന്‍ ഇന്ത്യയുടെ സഹായത്തോടെ സ്വതന്ത്ര ബംഗ്ളദേശ് രൂപവത്കരിക്കാന്‍ ശ്രമം തുടങ്ങി. വിഘടനവാദത്തെ നേരിടാന്‍ 90000 വരുന്ന പാക്ക്പട്ടാളം ധാക്കയിലെത്തി. തുടര്‍ന്നങ്ങോട്ട് നടന്നത് ഒരുവശത്ത് ഇന്ത്യന്‍ സൈന്യവും അവാമി ലീഗും ചേര്‍ന്ന് രൂപം നല്‍കിയ മുക്തി ബാഹിനിയും മറുവശത്ത് പാക് പട്ടാളവും പാകിസ്താന്‍ അനുകൂലികളുമടങ്ങിയ വിഘടനവിരുദ്ധ ശക്തികളും തമ്മിലെ പോരാട്ടമാണ്. ഈ സന്ദര്‍ഭത്തിലാണ് ബംഗ്ളാദേശില്‍ കൂട്ടക്കൊല, ബലാത്സംഗം, കൊള്ള തുടങ്ങിയ അത്യാചാരങ്ങള്‍ നടമാടിയതായി മീഡിയയില്‍ വിശിഷ്യാ ഇന്ത്യന്‍ മാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടന്നത്. പാക് ജമാഅത്തെ ഇസ്ലാമി വിഘടനവാദത്തെ ശക്തമായെതിര്‍ത്തുവെന്നത് ശരിയാണ്; ജമാഅത്ത് പാക് പട്ടാളത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഒരുവിധ അത്യാചാരങ്ങളിലും ഇസ്ലാമിക പ്രവര്‍ത്തകര്‍ പങ്കാളികളായിരുന്നില്ലെന്ന് പില്‍ക്കാലത്ത് ബംഗ്ളാദേശ് രൂപവത്കരണത്തിന് ശേഷം നടന്ന എല്ലാ അന്വേഷണങ്ങളും തെളിയിച്ചു.
1971-ല്‍ പാക്പട യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ ബംഗ്ളാദേശ് യാഥാര്‍ഥ്യമായി, ശൈഖ് മുജീബുര്‍റഹ്മാന്‍ പ്രഥമ രാഷ്ട്രത്തലവനായി സ്ഥാനമേല്‍ക്കുകയും ചെയ്തു. രാജ്യത്തിന് ഒരു തീവ്ര മതേതര ഭരണഘടന അംഗീകരിച്ച അവാമി ലീഗ് മറ്റെല്ലാ പാര്‍ട്ടികളെയും നിരോധിച്ചു. ആയിരക്കണക്കില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയോ കാരാഗൃഹത്തില്‍ അടക്കപ്പെടുകയോ ചെയ്തു. ഫലത്തില്‍ മുജീബുര്‍റഹ്മാന്റെ ഏകാധിപത്യമാണ് രാജ്യത്ത് പുലര്‍ന്നത്. 1975 ആഗസ്റ് 15-ന് പക്ഷേ ഖണ്ഡേകാര്‍ മുഷ്താഖ് അഹ്മദ് ആസൂത്രണം ചെയ്ത പട്ടാള വിപ്ളവത്തില്‍ ശൈഖ് മുജീബുര്‍റഹ്മാനും മുഴുവന്‍ കുടുംബാംഗങ്ങളും വധിക്കപ്പെട്ടു, മകള്‍ ഹസീന വാജിദ് മാത്രം ലണ്ടനിലായതിനാല്‍ രക്ഷപ്പെട്ടു. പിന്നീട് സൈനിക വിപ്ളവത്തിലൂടെ പ്രസിഡന്റായി അധികാരമേറ്റ സിയാ ഉര്‍റഹ്മാന്റെ കാലത്ത് 1977-ല്‍ ഭരണഘടനയില്‍ നിന്ന് സെക്യുലരിസം നീക്കം ചെയ്യപ്പെടുകയും 1979-ല്‍ രാഷ്ട്രീയ പാര്‍ട്ടി നിയമം റദ്ദാക്കപ്പെടുകയും ചെയ്തതോടെയാണ് ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി ഔപചാരികമായി സ്ഥാപിതമായത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഹസീനയുടെ അവാമി ലീഗും ബീഗം ഖാലിദസിയാഉര്‍റഹ്മാന്റെ ബംഗ്ളാദേശ് നാഷ്നലിസ്റ് പാര്‍ട്ടിയും സഖ്യകക്ഷികളോടൊപ്പം മാറി മാറി അധികാരത്തില്‍ വന്നു. കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്യ്രം അനുവദിച്ച ബി.എന്‍.പിയോടൊപ്പമായിരുന്നു ജമാഅത്തെ ഇസ്ലാമി. ഏറ്റവും ഒടുവില്‍ 2008 ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 14 പാര്‍ട്ടികളടങ്ങിയ അവാമി ലീഗ് സഖ്യം മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലേറിയതോടെ ഭരണഘടന വീണ്ടും സെക്യുലറാക്കി, മതം രാഷ്ട്രീയത്തിലിടപെടുന്നത് നിരോധിച്ചു, ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി ജയിലിലടക്കപ്പെട്ടു. കമാല്‍ അത്താ തുര്‍ക്കിന്റെ മാതൃകയില്‍ സമ്പൂര്‍ണ മതേതരവത്കരണമാണിപ്പോള്‍ ബംഗ്ളാദേശില്‍ നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് ചോദ്യത്തില്‍ പറഞ്ഞ 'ഇന്റര്‍ നാഷ്നല്‍ ക്രൈംസ് ട്രൈബ്യൂണല്‍' തട്ടിക്കൂട്ടിയത്. പലവട്ടം ജുഡീഷ്യല്‍ അന്വേഷണങ്ങളും കോടതി വിചാരണകള്‍ നടന്നിട്ടും തെളിയിക്കപ്പെടാത്ത ആരോപണങ്ങളാണ് തികഞ്ഞ പ്രതികാരബുദ്ധിയോടെ ബംഗ്ളാദേശിലെ ഇസ്ലാമിക പ്രസ്ഥാനത്തിനുമേല്‍ വീണ്ടും ആരോപിച്ച് വേട്ടയാടല്‍ തുടരുന്നത്. അതും പരമ ദരിദ്രരാജ്യമായ ബംഗ്ളാദേശില്‍ മറ്റു ജീവല്‍ പ്രശ്നങ്ങള്‍ മാറ്റിവെച്ചുകൊണ്ട്. പക്ഷേ, തുര്‍ക്കിയിലും തുനീഷ്യയിലും ഈജിപ്തിലും അമ്പേ തകര്‍ന്നടിഞ്ഞ തീവ്ര മതേതരത്വം ബംഗ്ളാദേശില്‍ വിജയിക്കുമോ? ഇസ്ലാമിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന് ലോകം സാക്ഷി നില്‍ക്കുന്ന വര്‍ത്തമാനകാലത്ത് ബംഗ്ളാദേശില്‍ മാത്രം ഇസ്ലാമിന്റെ ശവസംസ്കാരം മോഹിക്കുന്നവര്‍ നിരാശരാവേണ്ടിവരില്ലേ? പൂര്‍ണമായും വിദേശശക്തികള്‍ സ്പോണ്‍സര്‍ ചെയ്ത ഹസീനയുടെ മതേതര വത്കരണത്തിന്റെ ഗതി എന്താവുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
മേനോന്‍ നിര്‍മിച്ച പള്ളി
കണ്ണൂരിലെ മൊകേരിയില്‍ സുവര്‍ണ ലിപികള്‍ കൊണ്ട് രാഷ്ട്ര ചരിത്രത്തില്‍ പുതിയൊരധ്യായം എഴുതിച്ചേര്‍ക്കപ്പെടും. പത്മശ്രീ സി.കെ മേനോന്റെ പരിപൂര്‍ണ ഉത്തരവാദിത്വത്തിലും ധനസഹായത്തിലും പുനരുദ്ധാരണം ചെയ്ത മൊകേരിയിലെ നെച്ചോളി മസ്ജിദ് ഇന്ന് വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുകയാണ് ('മതമൈത്രിയുടെ ഉദാത്ത മാതൃക', മാധ്യമം ദിനപത്രം, സെപ്റ്റംബര്‍ 17).
"ദ്രോഹബുദ്ധിയാലും സത്യനിഷേധത്താലും വിശ്വാസികള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയും ഒരു പള്ളി ഉണ്ടാക്കിയവരും അവരുടെ (കപടന്മാരുടെ) കൂട്ടത്തിലുണ്ട്. ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
(നബിയേ) നീ ഒരിക്കലും അതില്‍ നമസ്കാരത്തിന് നില്‍ക്കരുത്. ആദ്യ ദിവസം മുതല്‍ തന്നെ ഭക്തിയിന്മേല്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്ന് നമസ്കരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്''(സൂറത്തുത്തൌബ 9:107,108).
ജാഹിലിയ്യാ കാലഘട്ടത്തില്‍ നിര്‍മിച്ച പള്ളികളില്‍ നിങ്ങള്‍ നമസ്കരിക്കരുത് എന്ന അല്ലാഹുവിന്റെ താക്കീത് നിലനില്‍ക്കെ അമുസ്ലിംകള്‍ നിര്‍മിച്ചു നല്‍കുന്ന പള്ളികളില്‍ സത്യവിശ്വാസികള്‍ നമസ്കരിക്കാന്‍ പാടുണ്ടോ?
ഹാറൂണ്‍ തങ്ങള്‍ കിളികൊല്ലൂര്‍, കൊല്ലം
ഒന്നാമതായി തിരുത്തേണ്ട അബദ്ധ ധാരണ ചോദ്യകര്‍ത്താവ് ഉദ്ധരിച്ച ഖുര്‍ആന്‍ സൂക്തങ്ങളെക്കുറിച്ചുള്ളതാണ്. ജാഹിലിയ്യ കാലത്ത് നിര്‍മിച്ചതോ ജാഹിലുകള്‍ നിര്‍മിച്ചതോ ആയ പള്ളിയെക്കുറിച്ചല്ല അത്തൌബ അധ്യായത്തില്‍ പരാമര്‍ശിച്ചത്, സാക്ഷാല്‍ മുസ്ലിംകളായി വേഷം കെട്ടിയ കപട വിശ്വാസികള്‍ അഥവാ മുനാഫിഖുകള്‍ മദീനയില്‍ മസ്ജിദുന്നബവിക്ക് സമാന്തരമായി നിര്‍മിച്ച പള്ളിയെക്കുറിച്ചാണ്. അതിന്റെ നിര്‍മാണ ലക്ഷ്യം തന്നെ മസ്ജിദുന്നബവിയില്‍ നിന്ന് ആളുകളെ തടയുകയും ഇസ്ലാമിനെ തകര്‍ക്കാനുള്ള ഗൂഢ പദ്ധതികളുടെ കേന്ദ്രമായി അതിനെ ഉപയോഗിക്കുകയുമായിരുന്നു. ഉദ്ധൃത ഖുര്‍ആന്‍ വചനങ്ങളില്‍ നിന്ന് തന്നെ കാര്യം വ്യക്തമാണ്.
വിശ്വാസികളോ വിശ്വാസികളുടെ ഭരണകൂടങ്ങളോ ആണ് മസ്ജിദ് നിര്‍മിക്കേണ്ടത്. എന്നാല്‍ ഒരു അമുസ്ലിം സഹോദരന്‍ നന്മയും സാമുദായിക സൌഹൃദവും ഉദ്ദേശിച്ച് പള്ളി നിര്‍മിച്ചു നല്‍കിയാലോ? അത് നിരാകരിക്കാനാണ് തെളിവുകള്‍ വേണ്ടത്. ഉദ്ദേശ്യശുദ്ധിയാണ് പ്രധാനം. മുസ്ലിംകള്‍ ജയിച്ചടക്കിയ ഒട്ടേറെ പ്രദേശങ്ങളില്‍ അമുസ്ലിംകളായിരുന്നവര്‍ ഇസ്ലാമിലേക്ക് വന്നപ്പോള്‍ അവര്‍ അതുവരെ ഉപയോഗിച്ചുവന്ന ആരാധനാലയങ്ങള്‍ തന്നെ മസ്ജിദുകളായി പരിവര്‍ത്തിച്ച സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. അതല്ലാതെ പ്രവാചകന്റെ കാലത്തോ ഖലീഫമാരുടെ കാലത്തോ അമുസ്ലിംകള്‍ മസ്ജിദ് നിര്‍മിച്ച് നല്‍കിയിരുന്നതായി ആദ്യകാല ചരിത്രത്തില്‍ കണ്ടിട്ടില്ല.
മഹല്ല് സംസ്കരണത്തിനൊരുങ്ങിയപ്പോള്‍
വളരെ വ്യവസ്ഥാപിതമായി നടന്നുവരുന്ന മഹല്ലാണ് ഞങ്ങളുടേത്. വരിസംഖ്യ പിരിക്കുന്നതിലും പള്ളി- മദ്റസ പരിപാലനത്തിലും മറ്റു മേഖലകളിലും കമ്മിറ്റി സ്തുത്യര്‍ഹമായ സേവനം കാഴ്ചവെക്കുന്നു. എന്നാല്‍ യുവാക്കളുടെ ധാര്‍മിക നിലവാരം ഉയര്‍ത്തുന്നതിലും പള്ളിയുമായി അവരെ കൂടുതല്‍ അടുപ്പിക്കുന്നതിലും കമ്മിറ്റി അമ്പേ പരാജയമാണ്.ഈ ആവശ്യാര്‍ഥം ജമാഅത്ത് പ്രവര്‍ത്തകനും കമ്മിറ്റിയിലെ ഏക സുന്നീയിതര അംഗവുമായ ഞാന്‍ കഴിഞ്ഞ റമദാനില്‍ തറാവീഹ് നമസ്കാരാനന്തരം യുവാക്കളെ ബോധവത്കരിക്കാനുതകുന്നവിധം പ്രഭാഷണം നടത്താന്‍ കമ്മിറ്റിയംഗങ്ങളോട് ആവശ്യപ്പെടുകയും എന്റെ ആവശ്യം നിരാകരിക്കുകയും ചെയ്തു. അടുത്ത പ്രദേശങ്ങളിലെ ജമാഅത്ത് പള്ളികളിലും യോഗങ്ങളിലും ക്ളാസ്സെടുക്കുന്ന, എന്റെ ആവശ്യം അവര്‍ നിരാകരിച്ചപ്പോള്‍ കമ്മിറ്റിക്ക് ഔദ്യോഗികമായി രേഖാമൂലം കത്ത് കൊടുത്തു. കത്തില്‍ അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന് വിരുദ്ധമായി ഒന്നും സംസാരിക്കുകയില്ലെന്നും കമ്മിറ്റിയുടെ ബാധ്യതയായ ഈ ആവശ്യം നിര്‍വഹിക്കുന്നതില്‍ നിന്ന് എന്നെ തടയരുതെന്നും ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ മഹല്ലിലെ ഖത്വീബ് അധ്യക്ഷനായ കമ്മിറ്റി എടുത്ത തീരുമാന പ്രകാരം എനിക്കനുവാദം നല്‍കിയില്ല. തീര്‍ത്തും ബാലിശമായ മൂന്ന് കാരണങ്ങളാണവര്‍ ഉന്നയിച്ചത്. എനിക്കനുവാദം നല്‍കിയാല്‍ മഹല്ലില്‍ ഭിന്നിപ്പുണ്ടാവും, ഞാന്‍ മഹല്ലിലെ നേര്‍ച്ച മൌലിദ് റാത്തീബാദി കാര്യങ്ങളില്‍ സഹകരിക്കുന്നില്ല, 'പ്രബോധന'ത്തില്‍ പ്രതികരണങ്ങള്‍ എഴുതുന്നു... ഇപ്പോള്‍ കമ്മിറ്റിയില്‍ നിന്നും പുറത്താക്കാനും ആലോചിച്ചുവരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന അവസരത്തിലും മറ്റുമായി മഹല്ലിലെ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഞാന്‍ നാളെയുടെ സമ്പത്തായ യുവാക്കളുടെ സംസ്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നാളെ റബ്ബിന്റെ കോടതിയില്‍ രക്ഷപ്പെടുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ ഈ രീതിയില്‍ കമ്മിറ്റി പ്രതികരിച്ചത് ശരിയായോ?
എം.എം.എസ് പാലക്കാട്
നന്മയില്‍ സഹകരിക്കുക, തിന്മയില്‍ സഹകരിക്കാതിരിക്കുക, നന്മ കല്‍പിക്കുക, തിന്മ തടയുക എന്നിങ്ങനെയുള്ള ഖുര്‍ആനികാധ്യാപനങ്ങളാണ് മഹല്ല് ഭരണസമിതികള്‍ക്ക് മാര്‍ഗദര്‍ശകമായിത്തീരേണ്ടതെങ്കിലും സങ്കുചിതത്വവും സംഘടനാ പക്ഷപാതിത്വവും മദ്ഹബുകളുടെ പേരിലെ തീവ്രനിലപാടുകളുമൊക്കെയാണ് നിര്‍ഭാഗ്യവശാല്‍ നമ്മുടെ മഹല്ലുകളെ നയിക്കുന്നത്. മുസ്ലിം സൌഹൃദവേദി നിലനിന്നിരുന്നപ്പോള്‍ എല്ലാ സംഘടനകളും ചേര്‍ന്ന് സംസ്ഥാന വ്യാപകമായി മഹല്ല് സംസ്കരണത്തിന് നടപടികള്‍ ആസൂത്രണം ചെയ്തിരുന്നു. മദ്യപാനം, ചൂതാട്ടം, പെണ്‍വാണിഭം, അശ്ളീലതാ പ്രചാരണം, സ്ത്രീധനം തുടങ്ങിയ തിന്മകള്‍ക്കെതിരെ യോജിച്ച ബോധവത്കരണവും മറ്റു പ്രവര്‍ത്തനങ്ങളുമായിരുന്നു മുഖ്യ പരിപാടി. നിര്‍ഭാഗ്യവശാല്‍ സൌഹൃദവേദി നിശ്ചലമായതോടെ പരിപാടികളും മുന്നോട്ടുപോയില്ല. ഇനിയും സഹനവും സംയമനവും അവലംബിച്ച് മഹല്ലുകളെ ഉത്തരവാദിത്വ നിര്‍വഹണത്തിന് സന്നദ്ധമാക്കാന്‍ പണിയെടുക്കുകയാണ് വേണ്ടത്. പിണക്കമോ പ്രതിഷേധമോ വേറിട്ട് പോവലോ പരിഹാരമല്ല. ചോദ്യകര്‍ത്താവിന്റെ പ്രതിബദ്ധതയില്‍ മഹല്ല് ഭാരവാഹികള്‍ക്ക് സംശയമുണ്ടെങ്കില്‍, അവരില്‍ പെട്ട ആരെങ്കിലും ധാര്‍മികബോധവത്കരണത്തിന് മുന്നോട്ട് വരാന്‍ പ്രേരിപ്പിക്കുക. നിശ്ശബ്ദവും യുക്തിപൂര്‍വവുമായ യത്നങ്ങള്‍ തീര്‍ച്ചയായും സഫലമാവാതെ പോവില്ല.
ഇസ്ലാമിനെ അവമതിക്കുന്ന രചനകള്‍
ഇസ്ലാമും ഇസ്ലാമിക ലോകവും വികസിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ഇസ്ലാമിനെയും മുസ്ലിംകളെയും വില കുറച്ചു കാണിക്കാന്‍ മാത്രം ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പ്രാകൃത സംസ്കാരവും തീവ്രവാദവും അവരുടെ മേല്‍ ആരോപിക്കുമ്പോള്‍ ചില നേരുകള്‍ അതിന് ആക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ലക്ഷങ്ങള്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കോടികള്‍ പുറം രാജ്യങ്ങളിലേക്ക് ഒഴുകുന്നുണ്ടെങ്കിലും ഗള്‍ഫിനും തൊഴിലുടമകള്‍ക്കും തൊഴില്‍ സ്ഥാപനങ്ങള്‍ക്കും എന്നും കുറ്റങ്ങള്‍ തന്നെയാണ്. 'ആയിരത്തിയൊന്ന് രാവ്' മുതല്‍ 'ആടുജീവിതം' വരെയുള്ള രചനകള്‍ ഇസ്ലാമിനെയും മുസ്ലിംകളെയും വേട്ടയാടുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തുകൊണ്ടിരിക്കുന്നു. ആവിഷ്കാര സ്വാതന്ത്യ്രമോ സിനിമയോ നോവലോ എന്താണെങ്കിലും 'ഹിറ്റും' 'ഫിറ്റും' ആകണമെങ്കില്‍ അതില്‍ അല്‍പം 'ഇസ്ലാമിനോടും മുസ്ലിംകളോടും അവജ്ഞയുണ്ടാക്കുന്ന ചേരുവകള്‍ വേണമെന്നു തന്നെയല്ലേ?
നസ്വീര്‍ പള്ളിക്കല്‍ രിയാദ്
ഇസ്ലാമിനെയും മുസ്ലിംകളെയും താറടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ലോകതലത്തില്‍ തന്നെ നടക്കുന്നു, 2001 സെപ്റ്റംബര്‍ 11-നു ശേഷം അത് പൂര്‍വാധികം ശക്തിപ്പെട്ടിട്ടുമുണ്ട്. ടി.വി, സിനിമ, ഇന്റര്‍നെറ്റ്, പത്രമാധ്യമങ്ങള്‍, സാഹിത്യം, കല തുടങ്ങിയവയിലൂടെയെല്ലാം പല ശൈലികളിലും രീതികളിലുമായി ഈ കുരിശുയുദ്ധം തുടരുകയുമാണ്. യഥാര്‍ഥ വിശ്വാസികള്‍ക്കതില്‍ വേദനയും പ്രതിഷേധവും ഉണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, ശക്തമായ ഒരു മറുവശം ഈ സംഗതിക്കുണ്ട്. നൂറ്റാണ്ടുകളായി മുസ്ലിം സമൂഹം തുടരുന്ന അക്ഷന്തവ്യമായ കൃത്യവിലോപത്തിനും അനാസ്ഥക്കും നിരുത്തരവാദിത്വത്തിനും കൊടുക്കേണ്ടിവരുന്ന വിലയായി ഈ അവസ്ഥയെ കാണണം. സ്വജീവിതത്തിലൂടെ ഇസ്ലാമിനെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന മുസ്ലിംകള്‍ അതിന്റെ യഥാര്‍ഥ രൂപം പരിചയപ്പെടുത്തുന്നതിലും പ്രബോധനം ചെയ്യുന്നതിലും കുറ്റകരമായ വിമുഖതയാണ് കാട്ടിയത്. ബാങ്ക് കൊടുക്കുന്നേടത്തൊക്കെ 'ദഅ്വത്ത്' നടന്നതായി കണക്കാക്കണമെന്നും ഇനി ഇസ്ലാമിന്റെ പ്രബോധനത്തിന് വിശേഷിച്ചൊന്നും ചെയ്യേണ്ടതില്ലെന്നും പഴയ കിതാബുകളില്‍ എഴുതിവെച്ചത് അന്ധമായി ആവര്‍ത്തിക്കുന്ന പണ്ഡിതന്മാര്‍ എരിതീയല്‍ എണ്ണ ഒഴിക്കുകയും ചെയ്തു. 'ജനങ്ങള്‍ അവര്‍ക്കറിയാത്തതിന്റെ ശത്രുക്കളാണ്' എന്ന ആപ്ത വാക്യമാണ് ഇവിടെ സത്യമായി പുലരുന്നത്. എഴുത്തുകാരും സിനിമക്കാരുമൊക്കെ നേരില്‍ കാണുന്നതാണ് രചനകളില്‍ പകര്‍ത്തുക. കിതാബ് നോക്കി കാര്യം മനസ്സിലാക്കാന്‍ അധികമാരും മിനക്കെടില്ല. ഗള്‍ഫ് നാടുകളിലെ അറബി സ്പോണ്‍സര്‍മാരില്‍ മനുഷ്യത്വവും ദീനാനുകമ്പയുമുള്ള ഉദാരമതികളായ എത്രയോ പേരുണ്ടെന്നത് അനിഷേധ്യ സത്യമാണ്. നമ്മുടെ സാമ്പത്തികമായ ഉയര്‍ച്ചക്ക് തീര്‍ച്ചയായും നാം അവരോട് കടപ്പെട്ടിരിക്കുന്നു. പക്ഷേ, എല്ലാവരെക്കുറിച്ചും അങ്ങനെ പറയാനാവില്ല. നഞ്ഞെന്തിന് നാരായം എന്ന് ചോദിക്കും പോലെ, ദുഷ്പേര്‍ നേടിക്കൊടുക്കാന്‍ കുറച്ചു പേര്‍ മതിയല്ലോ. അതാണ് ചിലപ്പോള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രകാശിപ്പിക്കപ്പെടുന്ന കദനകഥകള്‍ക്കാധാരം. എന്നാലും തികച്ചും ഏകപക്ഷീയമായ രചനകള്‍ എതിര്‍ക്കപ്പെടുക തന്നെ വേണം. സന്തുലിത വീക്ഷണം ആര്‍ക്കാണെങ്കിലും ഉണ്ടാവേണ്ടതാണ്.
ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് മതിപ്പും ആദരവും വളര്‍ത്താനുതകുന്ന നോവലുകളും കഥകളും ചലച്ചിത്രങ്ങളും മറ്റു രചനകളും ധാരാളം ഉണ്ടാവേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ സാഹചര്യം വിരല്‍ ചൂണ്ടുന്നു. നിര്‍മിക്കാനും എഴുതാനും പാടാനും അഭിനയിക്കാനും സംവിധാനം ചെയ്യാനും കഴിവുള്ള പ്രതിഭാധനര്‍ പുതിയ തലമുറയില്‍ വളര്‍ന്നുവരുന്നുണ്ട്. അവരെ സംഘടിപ്പിച്ചും സഹായിച്ചും ദിശാബോധം നല്‍കിയും നല്ല ബദലുകള്‍ സൃഷ്ടിക്കുകയാണ് പ്രശ്നത്തന്റെ ക്രിയാത്മക പരിഹാരം. പള്ളിയും മദ്റസയും യതീംഖാനയും പണിയുക മാത്രമല്ല ഇസ്ലാമിക സേവനം. കാലത്തിന്റെ വെല്ലുവിളികളെ കാലോചിതമായി നേരിടുന്നതും മഹത്തരമായ ജിഹാദ് തന്നെയാണ്.
Comments