Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

വേള്‍ഡ് യൂനിയന്‍ ഓഫ് മുസ്‌ലിം പബ്ലിഷേഴ്‌സ് ഇന്ത്യയില്‍ നിന്ന് ഐ.പി.എച്ചിന് പ്രാതിനിധ്യം

ടി.കെ ഫാറൂഖ്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം പ്രസാധകര്‍ക്കിടയില്‍ ആശയവിനിമയവും സഹകരണവും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാന്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട മുസ്ലിം പ്രസാധകരുടെ രണ്ടാം അന്താരാഷ്ട്ര സമ്മേളനം വേള്‍ഡ് യൂനിയന്‍ ഓഫ് മുസ്ലിം പബ്ളിഷേഴ്സ് എന്ന ലോകവേദിക്ക് രൂപം നല്‍കി. 42 രാജ്യങ്ങളില്‍ നിന്നായി 150 ഓളം പ്രതിനിധികള്‍ക്കാണ് നവംബര്‍ 12,13 തീയതികളില്‍ തെഹ്റാനിലെ ഇസ്ലാമിക് റിപ്പബ്ളിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റിംഗ് ഇന്റര്‍നാഷനല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പങ്കാളിത്തം ലഭിച്ചത്. ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസാണ് (ഐ.പി. എച്ച്) സമ്മേളനത്തില്‍  ഇന്ത്യയെ പ്രതിനിധീകരിച്ചത്.
2010 മെയ് മാസത്തില്‍ നടന്ന ഒന്നാം അന്താരാഷ്ട്ര സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ഈ സമ്മേളനം സംഘടിപ്പിക്കപ്പെട്ടത്. മുസ്ലിം പ്രസാധകരുടെ ലോകവേദിക്ക് രൂപം നല്‍കാന്‍ തത്വത്തില്‍ തീരുമാനമെടുക്കുകയും വേദിയുടെ നിയമാവലി തയാറാക്കാനും രണ്ടാം അന്താരാഷ്ട്ര സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും വേണ്ടി ഒരു താല്‍ക്കാലിക സെക്രട്ടറിയേറ്റിന് രൂപം നല്‍കുകയുമാണ് ഒന്നാം സമ്മേളനം ചെയ്തത്. ഇറാന്‍ പ്രസിഡന്റ് അഹ്മദി നിജാദ് ഉദ്ഘാടനം ചെയ്ത ഈ സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹസന്‍ ഹനഫിയായിരുന്നു മുഖ്യാതിഥി. 30 രാഷ്ട്രങ്ങളില്‍ നിന്നായി 100 ഓളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. താല്‍ക്കാലിക സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച കരട് ഭരണഘടനയും പേരും ചര്‍ച്ചചെയ്ത് വേദിക്ക് ഔദ്യോഗികരൂപം നല്‍കുകയെന്നതായിരുന്നു ഇപ്പോള്‍ നടന്ന സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.
ഇറാന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. സയ്യിദ് മുഹമ്മദ് ഹുസൈനി സമ്മേളനം ഉദ്ഘാടനം ചെയ്തു. വായനയും ചിന്തയും സാംസ്കാരിക മുദ്രയായിരുന്ന ഇസ്ലാമിക സമൂഹങ്ങള്‍ക്ക് ഈ രംഗത്ത് ഇന്ന് സംഭവിച്ചുകഴിഞ്ഞിരിക്കുന്ന അപചയത്തിലേക്ക് ശ്രദ്ധക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇസ്ലാമിനെതിരെ വര്‍ധിച്ച് വരുന്ന ബൌദ്ധിക വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ലോകത്തെങ്ങുമുള്ള മുസ്ലിം പ്രസാധകര്‍ക്കിടയില്‍ ആശയവിനിമയവും കൂട്ടായ്മയും വളര്‍ന്ന് വരേണ്ടതിന്റെ അനിവാര്യതയിലേക്ക് അദ്ദേഹം വിരല്‍ചൂണ്ടി. പ്രസിഡന്റിന്റെ ഉപദേഷ്ടാവും സമ്മേളന സംഘാടക സമിതി ജനറല്‍ സെക്രട്ടറിയുമായ ഡോ. സേരി നജഫ്ദാരി അധ്യക്ഷത വഹിച്ചു.
താല്‍ക്കാലിക സെക്രട്ടറിയേറ്റ് സമര്‍പ്പിച്ച കരട് ഭരണഘടന വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമായി. ഭേദഗതികളോടെ ഭരണഘടനക്ക് അംഗീകാരം നല്‍കിയതോടെ വേള്‍ഡ് യൂനിയന്‍ ഓഫ് മുസ്ലിം പബ്ളിഷേഴ്സ് ഔദ്യോഗികമായി നിലവില്‍ വന്നു. യൂനിയന്റെ ജനറല്‍ സെക്രട്ടറിയായി ഡോ. സേരി നജഫ്ദാരിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. മൊത്തം ലോകരാഷ്ട്രങ്ങളെ അഞ്ച് മേഖലകളാക്കി എല്ലാ മേഖലക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ട് സെക്രട്ടറിയേറ്റും തെരഞ്ഞെടുക്കപ്പെട്ടു. 4 വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും  പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുമായി ഓരോ 4 വര്‍ഷത്തിലും ജനറല്‍ അസംബ്ളി സമ്മേളിക്കും.
ഖുര്‍ആന്‍ പ്രസാധനവും ഖുര്‍ആനിക സന്ദേശത്തിന്റെ പ്രചാരണവും, സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ സാംസ്കാരിക-വൈജ്ഞാനിക താല്‍പര്യങ്ങള്‍, പ്രസാധകരുടെയും എഴുത്തുകാരുടെയും അവകാശങ്ങളും ബാധ്യതകളും, ഇലക്ട്രോണിക് പബ്ളിഷിംഗ്, പ്രസാധനവും വിതരണവും: സാമ്പത്തിക വെല്ലുവിളികളും സഹകരണ സാധ്യതകളും എന്നീ അഞ്ചു തലക്കെട്ടുകളിലായി നടന്ന സമാന്തര ചര്‍ച്ചകളായിരുന്നു സമ്മേളനത്തിലെ മുഖ്യമായ മറ്റൊരു അജണ്ട. പ്രസാധനവും വിതരണവും: സാമ്പത്തിക വെല്ലുവിളികളും സഹകരണ സാധ്യതകളും എന്ന സെഷന്റെ അധ്യക്ഷപദവി ഈ ലേഖകന് നല്‍കപ്പെട്ടത് സമ്മേളനത്തില്‍ ഐ.പി.എച്ചിന് ലഭിച്ച അംഗീകാരമായിരുന്നു.
സമ്മേളനപ്രതിനിധികള്‍ക്ക് ഏറെ ആവേശം പകര്‍ന്ന അനുഭവമായിരുന്നു പ്രസിഡന്‍ഷ്യല്‍ ഹൌസില്‍ നടന്ന പ്രസിഡന്റ് അഹ്മദി നിജാദുമായുള്ള മുഖാമുഖം. അദ്ദേഹത്തിന്റെ വിനയത്തെയും ലാളിത്യത്തെയും കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും എല്ലാ സങ്കല്‍പങ്ങളെയും മറികടക്കുന്നതായിരുന്നു പ്രായോഗിക അനുഭവം. പല നാടുകളില്‍ നിന്ന് എത്തിച്ചേര്‍ന്നവരാണെങ്കിലും സങ്കീര്‍ണതകളില്ലാത്ത സുരക്ഷാപരിശോധന. അകത്ത് കടന്നപ്പോള്‍ ആര്‍ഭാടരഹിതമായ കോണ്‍ഫറന്‍സ് ഹാള്‍. പ്രതിനിധികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന കസേരകള്‍ക്ക് പുറമെ പ്രസംഗപീഠം മാത്രം. പ്രസിഡന്റിനോ മറ്റ് മുഖ്യാതിഥികള്‍ക്കോ ആയി പ്രത്യേക ഇരിപ്പിടങ്ങളോ മറ്റു സംവിധാനങ്ങളോ കാണാനില്ല. കൃത്യസമയത്ത് മാത്രം ഹാളിലെത്തി പ്രസംഗം നിര്‍വഹിച്ച് തിരിച്ച്പോവുകയായിരിക്കും പതിവ് രീതിയെന്നതായിരുന്നു ഞങ്ങളുടെ കണക്ക് കൂട്ടല്‍. എന്നാല്‍ അഹ്മദി നിജാദ് നേരെ കടന്നുവന്നത് സദസ്സിലേക്ക്. മുന്‍നിരയിലെ സീറ്റുകളിലൊന്നില്‍ ഞങ്ങള്‍ക്കൊപ്പം അദ്ദേഹവും. പ്രഭാഷണത്തിന് ശേഷവും ഔപചാരികതകളില്ലാതെ ദീര്‍ഘസമയം കുശലാന്വേഷണങ്ങളുമായി സദസ്യരോടൊപ്പം.
മുസ്ലിം സമൂഹങ്ങളിലെ രാഷ്ട്രീയ ഉണര്‍വുകളെ വിശകലനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. ഇറാന്‍ ജനത കൊളുത്തി വെച്ച വിപ്ളവജ്വാല ഏറ്റുവാങ്ങി ഏകാധിപതികളെ കടപുഴക്കിയെറിഞ്ഞു കൊണ്ടിരിക്കുന്ന ഇസ്ലാമിക സമൂഹങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.  അമേരിക്കന്‍ സമൂഹം പോലും ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. അതേ സമയം നാളിതുവരെ ഏകാധിപതികള്‍ക്ക് സര്‍വപിന്തുണയും നല്‍കിയ സാമ്രാജ്യത്വ ശക്തികള്‍ ഇപ്പോള്‍ ജനാധിപത്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും വാചാലരാകുന്നതിന്റെ പിന്നിലെ ഒളിയജണ്ടകളെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇറാന്‍ യാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളിലൊന്നായിരുന്നു, ഈ സെഷനില്‍ സമ്മേളന പ്രതിനിധികള്‍ക്ക് വേണ്ടി സംസാരിച്ചവരുടെ കൂട്ടത്തില്‍ ഇടം ലഭിച്ചത്. ഇസ്ലാമിക സമൂഹങ്ങള്‍ക്ക് ആവേശവും പ്രതീക്ഷയുമേകി അറബ് മുന്നേറ്റം കരുത്താര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ വിപ്ളവ ശക്തികളെ ഏകോപിപ്പിക്കുന്നതിന്, പുതിയ കാലത്തിന്റെയും ലോകത്തിന്റെയും യാഥാര്‍ഥ്യങ്ങളുള്‍ക്കൊണ്ട് ഇറാന്‍ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്തപൂര്‍ണവും നേതൃപരവുമായ പങ്കിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ മുന്നോട്ടു വെക്കാനാണ് ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയത്.
സമ്മേളനത്തിന്റെ അനുബന്ധമായി സംഘടിപ്പിക്കപ്പെട്ട, ഇറാനിയന്‍ പ്രസാധകരുടെയും സമ്മേളനപ്രതിനിധികളുടെയും ഒത്തുകൂടല്‍ വേറിട്ട അനുഭവമായി. ഇറാനിലെ വ്യത്യസ്ത പ്രസാധകരും പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍, ശ്രീലങ്ക, മലേഷ്യ, ഇന്തോനേഷ്യ, അസര്‍ബൈജാന്‍, ലബനാന്‍, സിറിയ, ഈജിപത്, ഇറ്റലി, ഫ്രാന്‍സ്, കനഡ, ബ്രസീല്‍, ഘാന, കെനിയ, സെനഗല്‍…തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയവരും പങ്കുവെച്ച പ്രസാധനാനുഭവങ്ങള്‍ക്ക് ഏറെ താല്‍പര്യപൂര്‍വമാണ് സദസ്സ് ചെവികൊടുത്തത്. ചര്‍ച്ചകളിലും സംഘാടനത്തിലും സജീവമായ സ്ത്രീസാന്നിധ്യം സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു. സാഹിദ മസാഹിര്‍(കറാച്ചി), നസ്നീന്‍ കരീം(കെനിയ) തുടങ്ങിയവര്‍ പ്രസാധനരംഗത്തെ അനുഭവപരിചയം കൊണ്ടുതന്നെ ശ്രദ്ധേയരായി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം