Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

അഹങ്കാരം എന്ന മാരകരോഗം

ശൈഖ് മുഹമ്മദ് കാരകുന്ന്

പ്രശസ്തമായ ഒരു പഴങ്കഥയുണ്ട്. മൂന്നംഗങ്ങളുള്ള ഒരു ദരിദ്ര കുടുംബം.  ഭാര്യയും ഭര്‍ത്താവും മക്കളും.  അല്ലലും അലട്ടുമില്ലാതെയായിരുന്നു അവരുടെ ജീവിതം. പരാതി പറയാതെ ഉള്ളത് പങ്കിട്ട് സംതൃപ്തിയോടെ അവര്‍ ജീവിച്ചു. അങ്ങനെയിരിക്കെ മൂവര്‍ക്കും ഓരോ വരം ലഭിച്ചു.  അവരുടെ ഓരോ പ്രാര്‍ഥന വീതം സ്വീകരിക്കപ്പെടുമെന്ന്.
ഭാര്യ പ്രാര്‍ഥിച്ചു: 'ഞാന്‍ ലോകത്തിലെ അതിസുന്ദരിയാവണം.'
അതീവ സുന്ദരിയായി മാറിയതോടെ അവളുടെ അഹങ്കാരത്തിന് അതിരുകളില്ലാതായി.  ഭര്‍ത്താവിനോട് കടുത്ത പുഛം.  അവള്‍ വിവാഹമോചനം ആവശ്യപ്പെട്ടു.
ഭര്‍ത്താവ് അത്യധികം പ്രകോപിതനായി.  പ്രതികാരദാഹത്തോടെ അയാള്‍ പ്രാര്‍ഥിച്ചു: 'അവള്‍ തനി വിരൂപിണിയാവട്ടെ.'
അവള്‍ ആരിലും അറപ്പുളവാക്കുന്ന വിരൂപിണിയായി മാറി.  ഇതുകണ്ട് മകള്‍ക്ക് മാതാവിനോട് സഹതാപം തോന്നി, അവള്‍ പ്രാര്‍ഥിച്ചു: 'എന്റെ മാതാവ് ആദ്യമുണ്ടായിരുന്ന അവസ്ഥയിലാവട്ടെ.'
അങ്ങനെ ആ കുടുംബം പൂര്‍വാവസ്ഥയിലായി. തങ്ങള്‍ക്കു കൈവന്ന മഹാഭാഗ്യം അവര്‍ നഷ്ടപ്പെടുത്തി. എല്ലാറ്റിനും കാരണം അതിമോഹവും അഹന്തയും. 
പ്രപഞ്ചത്തിലെ പ്രഥമ പാപി പിശാചാണ്.  അവന്‍ അല്ലാഹുവിനോട് അനുസരണക്കേട് കാണിച്ചു. ആദമിന് സാഷ്ടാംഗം പ്രണമിക്കാന്‍ കല്‍പിച്ചപ്പോള്‍ വിസമ്മതിച്ചു.  അഹങ്കാരമായിരുന്നു കാരണം.
അല്ലാഹു ചോദിച്ചു: 'ഞാന്‍ നിന്നോട് കല്‍പിച്ചപ്പോള്‍ സാഷ്ടാംഗം ചെയ്യുന്നതില്‍നിന്ന് നിന്നെ തടഞ്ഞതെന്ത്? അവന്‍ പറഞ്ഞു: 'ഞാനാണ് അവനേക്കാള്‍ മെച്ചം.  നീയെന്നെ സൃഷ്ടിച്ചത് തീയില്‍നിന്നാണ്.  അവനെ മണ്ണില്‍നിന്നും' (അല്‍അഅ്‌റാഫ് 12).
ഈ അഹങ്കാരമാണ് പിശാചിന്റെ പതനത്തിന് പാതയൊരുക്കിയത്.  അല്ലാഹു പറഞ്ഞു: 'നീ ഇവിടെ നിന്ന് ഇറങ്ങിപ്പോകണം. ഇവിടെ നിനക്ക് അഹങ്കരിക്കാന്‍ അവകാശമില്ല. പോകണം പുറത്ത്, സ്വയം നിന്ദ്യത വരിച്ചവരില്‍പെട്ടവനാണ് നീ' (അല്‍അഅ്‌റാഫ് 13).
സംഘസമൂഹത്തിലേക്ക് നിയോഗിതനായ, ഖുര്‍ആന്‍ പരിചയപ്പെടുത്തിയ ആദ്യത്തെ പ്രവാചകനാണല്ലോ ഹസ്രത്ത് നൂഹ്.  നൂഹിന്റെ ജനത അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്കിരയായി നശിപ്പിക്കപ്പെട്ടതും അഹങ്കാരത്താല്‍ തന്നെ.
നൂഹ് പറഞ്ഞു: ''നീ അവര്‍ക്ക് മാപ്പേകാനായി ഞാന്‍ അവരെ വിളിച്ചപ്പോഴൊക്കെയും അവര്‍ കാതില്‍ വിരല്‍ തിരുകുകയും വസ്ത്രം കൊണ്ട് മൂടുകയുമായിരുന്നു.  അവര്‍ തങ്ങളുടെ ദുശ്ശാഠ്യത്തിലുറച്ചുനിന്നു.  അങ്ങേയറ്റം അഹങ്കരിക്കുകയും ചെയ്തു'' (നൂഹ് 7).
പ്രവാചകന്മാരെ ധിക്കരിക്കാന്‍ എക്കാലത്തേയും ജനങ്ങളെ പ്രേരിപ്പിച്ചത് അഹങ്കാരമായിരുന്നു. തങ്ങളില്‍നിന്നുള്ള ഒരാള്‍ ദൈവദൂതനായി നിയോഗിതനാവുന്നത് അംഗീകരിക്കാന്‍ അഹന്ത അവരെ അനുവദിച്ചില്ല.  പ്രവാചകന്മാരോട് അവര്‍ പറഞ്ഞു: ''നീ ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്'' (ഇബ്‌റാഹീം 10).
എല്ലാ ജനസമൂഹങ്ങളും വഴിപിഴക്കാനുള്ള കാരണം അഹങ്കാരത്തില്‍ നിന്നുയിരെടുത്ത ഈ ചിന്തയായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ''ജനങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് തടസ്സമായത് 'അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്' എന്ന അവരുടെ വാദമല്ലാതൊന്നുമല്ല'' (അല്‍ഇസ്‌റാഅ് 94).
തങ്ങളെപ്പോലുള്ള ഒരു സാധാരണ മനുഷ്യന്‍ ദൈവദൂതനായി നിയോഗിക്കപ്പെടുന്നത് സഹിക്കാനും സമ്മതിക്കാനും കൂട്ടാക്കാത്ത അഹങ്കാരികളാണ് പ്രവാചകന്മാരുടെ പ്രധാന പ്രതിയോഗികളെല്ലാം.  അങ്ങനെ അവര്‍ അവിശ്വാസികളായിത്തീര്‍ന്നു. സ്വന്തത്തെ സംബന്ധിച്ച അതിരുകളില്ലാത്ത അഭിമാനവും അന്യരോടുള്ള അമിതമായ അവമതിയുമാണ് അവിശ്വാസത്തിന്റെ അടിവേരെന്നര്‍ഥം.  പ്രവാചകന്മാര്‍ക്കെതിരെ അണിനിരന്ന പ്രമാണി വര്‍ഗത്തിന്റെ പ്രതികരണം പരിശോധിച്ചാല്‍ ഇത് സുതരാം വ്യക്തമാകും. ''ഞങ്ങളിലേറ്റം അധഃസ്ഥിതരായ ആളുകളെയല്ലാതെ നിന്നെ അനുഗമിക്കുന്നതായി ഞങ്ങള്‍ കാണുന്നില്ല.  ഞങ്ങളേക്കാള്‍ നിങ്ങള്‍ക്കൊരു ശ്രേഷ്ഠതയും ഞങ്ങള്‍ കാണുന്നില്ല'' (ഹൂദ് 27).  ഇതില്‍ നിറഞ്ഞുനില്‍ക്കുന്ന അഹങ്കാരം വിവരണമാവശ്യമില്ലാത്തവിധം വ്യക്തമാണല്ലോ.
തനിക്ക് ലഭിച്ച അധികാരത്തില്‍ പ്രമത്തനായി ജനങ്ങളെ ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും താനാണെന്ന് പ്രഖ്യാപിക്കാന്‍ മാത്രം അഹങ്കാരിയായതാണ് നംറൂദിന്റെ പതനത്തിന് നിമിത്തമായത്.  ഫിര്‍ഔന്റെ പതനത്തിന് പാതയൊരുക്കിയതും പൊങ്ങച്ചം തന്നെ.  ഞാനാണ് നിങ്ങളുടെ പരമോന്നതനായ നാഥന്‍ (റബ്ബ്) എന്നുവരെ അയാള്‍ പ്രഖ്യാപിച്ചു കളഞ്ഞു. തന്റെ കൊട്ടാരത്തില്‍ വളര്‍ന്നുവന്ന ഒരടിമച്ചെറുക്കന്‍ പ്രവാചകനായി നിയുക്തനായത് ഫറോവക്ക് പൊറുക്കാനായില്ല.  അയാള്‍ മൂസാ നബിയോട് നിന്ദയോടെ ചോദിച്ചു. ''നീ കുട്ടിയായിരുന്നപ്പോള്‍ നിന്നെ ഞങ്ങള്‍ ഞങ്ങളിലൊരുവനായി വളര്‍ത്തിയില്ലേ? നീ നിന്റെ ആയുസ്സില്‍ വളരെ നിമിഷങ്ങള്‍ ഞങ്ങളില്‍ കഴിഞ്ഞു കൂടിയിട്ടില്ലേ?
''അങ്ങനെ അവനും അവന്റെ ആള്‍ക്കാരും ഭൂമിയില്‍ അഹന്ത നടിച്ചു'' (അല്‍ഖസ്വസ് 39).
വിത്തപ്രമത്തതയുടെ പേരിലുള്ള പൊങ്ങച്ച വികാരമാണ് ഖാറൂനെ വിപത്തില്‍ വീഴ്ത്തിയത്.  ഔദ്ധത്യത്തോടെ അയാള്‍ പറഞ്ഞു: ''ഈ സമ്പത്തത്രയും ഞാനെന്റെ സാമര്‍ഥ്യത്താല്‍ സമ്പാദിച്ചതാണ്'' (അല്‍ബഖറ 78).
തങ്ങളുടെ പണവും പ്രതാപവും പദവിയും പ്രകടിപ്പിക്കാനായി പര്‍വതനിരകളില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കിയിരുന്ന ആദ് ഗോത്രത്തെയും പാറകള്‍ തുരന്ന് വീടുണ്ടാക്കി വീമ്പ് നടിച്ചിരുന്ന സമൂദ് സമൂഹത്തെയും ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു. ആഢ്യത്വം പ്രകടിപ്പിക്കാനായി അരമനകള്‍ പണിയുന്നതവസാനിപ്പിക്കാന്‍ അല്ലാഹു അവരോട് ആവശ്യപ്പെട്ടു.
ആദ് ഗോത്രത്തോട് ഹൂദ് ചോദിച്ചു: ''എല്ലാ മേടുകളിലും നിങ്ങള്‍ സൗധങ്ങളും സ്മാരകങ്ങളും കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ നിത്യത വരിക്കുമെന്ന ഭാവേന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു'' (അശ്ശുഅറാഅ് 128,129). കുന്നുകളില്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ ആദ് സമുദായത്തെ പ്രേരിപ്പിച്ച വികാരം അഹങ്കാരമായിരുന്നു.
അവിശ്വാസത്തിന്റെ താക്കോല്‍ അഹന്തയാണ്. അതിനാലാണ് അല്ലാഹു ഇങ്ങനെ അരുള്‍ ചെയ്തത്. ''ഭൂമിയില്‍ അനര്‍ഹമായി അഹങ്കരിച്ച് നടക്കുന്നവരെയൊക്കെയും നാം നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്ന് തെറ്റിച്ചു കളയും. എന്തു തെളിവു കണ്ടാലും അവരതില്‍ വിശ്വസിക്കുകയില്ല. നേര്‍ വഴി കണ്ടാലും അവരത് സ്വീകരിക്കുകയില്ല. ദുര്‍മാര്‍ഗം കണ്ടാലോ അവര്‍ ആ പാത പിന്തുടരുകയും ചെയ്യും'' (അല്‍അഅ്‌റാഫ് 146).
മനസ്സിനെ ബാധിക്കുന്ന അതിദുഷ്ടമായ മാലിന്യമാണ് അഹങ്കാരം. അതിനാലതിന്റെ നേരിയ ലാഞ്ഛനപോലും പാപമാണ്. വാക്കിലോ നാക്കിലോ ഹാവത്തിലോ ഭാവത്തിലോ സമീപനത്തിലോ സമ്പ്രദായത്തിലോ പെരുമാറ്റത്തിലോ പ്രവര്‍ത്തിയിലോ അതിന്റെ കലര്‍പ്പൊട്ടും കാണപ്പെടരുതെന്ന് ഇസ്‌ലാം കണിശമായി നിഷ്‌കര്‍ഷിക്കുന്നു.
സാധാരണ ഗതിയില്‍ നടക്കാന്‍ പഠിപ്പിക്കുന്നതിന് ഖുര്‍ആന്റെയും പ്രവാചകന്റെയുമൊന്നും ആവശ്യമില്ല. വിശ്വാസിയുടെയും അവിശ്വാസിയുടെയും കുട്ടി പ്രായമായാല്‍ നടക്കും. എന്നാല്‍ നമസ്‌ക്കാരം, സകാത്ത്, ഹജ്ജ് പോലുള്ള പ്രധാന ആരാധനാ കര്‍മ്മങ്ങളുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടില്ലാത്ത വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന്‍ നടക്കേണ്ടത് എങ്ങനെയെന്ന് പ്രാധാന്യപൂര്‍വം പഠിപ്പിച്ചിരിക്കുന്നു. അതും നാല് തവണ. സംഘടിത നമസ്‌ക്കാരം, വ്യവസ്ഥാപിതമായ സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ നിര്‍ബന്ധമാക്കുന്നതിന് മുമ്പാണ് അല്ലാഹു നടത്തം പഠിപ്പിച്ചത്. പൊങ്ങച്ചം ഏറെ പ്രകടമാകുന്ന പ്രവൃത്തികളിലൊന്ന് അതാണല്ലോ. അതിനാല്‍ അല്ലാഹു ആജ്ഞാപിക്കുന്നു: ''നീ ആളുകളുടെ നേരെ മുഖം കോട്ടരുത്. ഭൂമിയില്‍ അഹങ്കരിച്ച് നടക്കുകയും അരുത്. പൊങ്ങച്ചം പ്രകടിപ്പിക്കുകയും വീമ്പ് വിളമ്പുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല''(ലുഖ്മാന്‍ 18).
പല പണക്കാരും പ്രമാണിമാരും ഭരണാധികാരികളും നടക്കുന്നത് കണ്ടാല്‍ തങ്ങള്‍ എന്തിനും പോന്നവരാണെന്ന വിചാരമാണ് അവരെ നയിക്കുന്നതെന്നാണ് തോന്നുക. അത്തരക്കാരുടെ മിഥ്യാ ധാരണകളെയും പൊങ്ങച്ച വികാരങ്ങളെയും പരിഹസിക്കാന്‍ പരിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ച നിശിതവും ശക്തവുമായ ശൈലി മറ്റിടങ്ങളില്‍ വളരെ വിരളമായേ പ്രയോഗിച്ചിട്ടുള്ളൂ. അഹങ്കാരത്തിന്റെ നേരിയ അംശം പോലും ഇസ്‌ലാമിന് അസഹ്യമാണെന്നതു തന്നെ കാരണം. അല്ലാഹു പറയുന്നു: ''നീ ഭൂമിയില്‍ പൊങ്ങച്ചത്തോടെ നടക്കരുത്.  നിനക്ക് ഈ ഭൂമിയെ പിളര്‍ക്കാനാവില്ല.  മലയോളം പൊങ്ങാന്‍
സാധ്യമല്ല'' (അല്‍ഇസ്രാഅ് 37).
പൊങ്ങച്ച പ്രകടനത്തിന്റെ പല രൂപങ്ങൡലാന്നാണ് വസ്ത്രം വലിച്ചിഴയ്ക്കല്‍.  അന്തഃരംഗത്തെ അടക്കി ഭരിക്കുന്ന അഹങ്കാരത്തിന്റെ അനേക ലക്ഷണങ്ങളിലൊന്നാണിത്.  നിസ്സാരമെന്നു കരുതി ഏറെപ്പേരും അവഗണിക്കുന്ന ഇക്കാര്യം ഗൂരുതരമായ കുറ്റമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.  
മനസ്സിനെയും വികാര-വിചാരങ്ങളെ പ്രതിഫലിപ്പിക്കുന്ന മുഴുജീവിതമേഖലകളെയും അഹങ്കാരത്തില്‍നിന്നും അതിന്റെ എല്ലാവിധ അടയാളങ്ങളില്‍നിന്നും പൂര്‍ണമായി മോചിപ്പിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നവരാണ് സത്യവിശ്വാസികള്‍.
സ്വന്തത്തെ മഹത്വവല്‍ക്കരിക്കുകയും മറ്റുള്ളവരെ നിസ്സാരമായി കാണുകയും ചെയ്യുന്നതില്‍ നിന്നാണ് അഹങ്കാരം അങ്കുരിക്കുന്നത്.  അത് ഒഴിവാക്കി വിനീതരായി മാറണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ''ആരും ആരെയും അക്രമിക്കാതിരിക്കുമാറ്, ആരോടും ഗര്‍വ് കാണിക്കാതിരിക്കുമാറ്, നിങ്ങള്‍ അന്യോന്യം വിനയം കാണിക്കണമെന്ന് അല്ലാഹു എന്നെ അറിയിച്ചിരിക്കുന്നു'' (മുസ്‌ലിം).
അധികാരമത്സരവും അതിക്രമങ്ങളും പിറവിയെടുക്കുന്നത് അഹങ്കാരത്തില്‍ നിന്നാണ്. അഹന്തക്ക് അനേക തലങ്ങളുണ്ട്.  വിദ്യയും ഉദ്യോഗവും പണവും പദവിയുമുള്ള മകന്‍ മാതാപിതാക്കളോട് കാണിക്കുന്ന അനാദരവ്, സമ്പത്തും സൗന്ദര്യവുമുള്ള സ്ത്രീ ഭര്‍ത്താവിനെ അവഗണിക്കുന്നത്,  വിദ്യാര്‍ഥി അധ്യാപകരോട് അനുസരണക്കേട് കാണിക്കുന്നത്, നേതാവ് അനുയായികളോട് അടിമകളോടെന്നപോലെ പെരുമാറുന്നത്, പണ്ഡിതന്‍ പാമരന്മാരെ പുഛിക്കുന്നത്, സമ്പന്നന്‍ ദരിദ്രനെ ദൂരെ മാറ്റി നിര്‍ത്തുന്നത് എല്ലാം അഹങ്കാരത്തിന്റെ വ്യത്യസ്ത ഭാവങ്ങളത്രെ. അഹങ്കാരി സ്വന്തത്തെ സംബന്ധിച്ച് വലിയ മതിപ്പ് വെച്ചു പുലര്‍ത്തുന്നതിനാല്‍ മറ്റുള്ളവരെ നിന്ദ്യരും നിസ്സാരരുമായാണ് കാണുക.
മനുഷ്യന്‍ അഹങ്കരിക്കുന്നത് എത്ര നിരര്‍ത്ഥകവും അബദ്ധപൂര്‍ണവുമാണെന്ന് അല്‍പം ആലോചിക്കുന്ന ആര്‍ക്കും ബോധ്യമാകും.  അഹന്തക്ക് പ്രേരകമായ സമ്പത്തും സന്താനങ്ങളും സൗന്ദര്യവും സ്ഥാനമാനങ്ങളും അധികാരവുമൊന്നും യഥാര്‍ഥത്തില്‍ അവന്റേതല്ല.  എല്ലാം ദൈവദത്തമാണ്. അവന്റെ അനുവാദമില്ലാതെ തന്നെ അവനില്‍നിന്നവ തിരിച്ചെടുക്കുകയും ചെയ്യും.
മരണത്തോടെ എല്ലാ അഹങ്കാരവും അസ്തമിക്കുന്നു.  പിന്നീട് ഏത് അഹങ്കാരിക്കും അയാളാല്‍ പരിഹസിക്കപ്പെട്ടവര്‍ക്കും കിട്ടുന്നത് ഒന്നുതന്നെ.  മൂന്നു കഷ്ണം തുണിയും ആറടി മണ്ണും. ഇന്നലെവരെ അഹങ്കരിച്ചു നടന്നിരുന്നവര്‍ ഇന്ന് മണ്ണിനടിയില്‍. നാളെ പുഴുക്കള്‍ക്കാഹാരവും. നാമൊക്കെ നടന്നു നീങ്ങുന്നത് കഴിഞ്ഞുപോയ തലമുറകളിലെ ആരുടെയൊക്കെ തലക്കും നെഞ്ചിനും മുകളിലൂടെയാണെന്ന് ആര്‍ക്കറിയാം?
സ്വന്തമായൊന്നുമില്ലാത്ത മനുഷ്യന്‍ അഹങ്കരിക്കുന്നത് കടുത്ത അനീതിയും അതിക്രമവും ധിക്കാരവുമാണ്.  മറ്റേത് തെറ്റിനെക്കാളും ഗുരുതരവും എല്ലാ കുറ്റകൃത്യങ്ങള്‍ക്കും കാരണവുമാണത്.  പരലോകത്ത് കൊടിയ ശിക്ഷ ഉറപ്പാണെന്ന് ഖുര്‍ആന്‍ തറപ്പിച്ചു പറയാനുള്ള കാരണവും അതുതന്നെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം