Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി ആധുനിക ഖത്തറിന്റെ ശില്‍പി

എം.എസ്.എ റസാഖ്

ആധുനിക ഖത്തറിന്റെ ശില്‍പിയാണ് ശൈഖ് ജിസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി. ശൈഖ് ജാസിം എന്നതിന് പകരം ശൈഖ് ഖാസിം എന്നും എഴുതിവരുന്നു. 1878 ഡിസംബര്‍ 18-ന് ഖത്തറിന്റെ സാരഥിയായി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ഥാനി. ഈ ചരിത്ര സംഭാവത്തിന്റെ അനുസ്മരണാര്‍ഥമാണ് ഡിസംബര്‍ 18 ഖത്തര്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.
ബഹുമുഖ പ്രതിഭയായിരുന്നു ശൈഖ് ജാസിം. പ്രത്യുല്‍പന്നമതിയായ ഭരണാധികാരി, സഹൃദനായ കവി, ഭക്തനായ മതപണ്ഡിതന്‍, ജനസമ്മതനായ മനുഷ്യസ്‌നേഹി, ന്യായാധിപന്‍, മുഫ്തി, പ്രസംഗകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, വിജ്ഞാനകുതുകി എന്നീ നിലകളില്‍ ശൈഖ് ജാസിം വിശ്രുതനായി.

ജനനം, കുടുംബം, പഠനം
എ.ഡി 1825-ല്‍ ജനിച്ചു. പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ ഥാനി. ഥാനികുടുംബം പ്രസിദ്ധ അറബ് ഗോത്രമായ ബനൂ തമീമിന്റെ പിന്‍തലമുറയാണ്. ബനൂതമീം ഗോത്രത്തിന്റെ വേരുകള്‍ മുദര്‍ബിന്‍ നിസാറിലും അദ്‌നാന്‍ ഗോത്രത്തിലും ചെന്നെത്തുന്നു. ചെറുപ്പത്തിലേ ദോഹയില്‍ പണ്ഡിതരില്‍നിന്നും പിതാവിന്റെ സദസ്സിലെ പണ്ഡിതരില്‍നിന്നും മതപഠനം നിര്‍വഹിച്ചു.
ഹമ്പലീ മദ്ഹബുകാരനായിരുന്ന ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി സലഫീ വീക്ഷണഗതിക്കാരനായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ ആദര്‍ശങ്ങളോട് പ്രതിപത്തി പുലര്‍ത്തി. വിജ്ഞാനദാഹിയും വിജ്ഞാനസ്‌നേഹിയുമായിരുന്നു. പ്രസിദ്ധരായ പണ്ഡിതരെ ഖത്തറില്‍ ക്ഷണിച്ചുവരുത്തുകുയം അവരുമായി സംവദിക്കുകയും ചെയ്തു. അല്‍ ഹസ്സയിലെ പ്രസിദ്ധ പണ്ഡിതനും മുഹദ്ദിസുമായിരുന്ന ശൈഖ് ഈസാ അക്കാസിനെ ഖത്തറില്‍ ക്ഷണിച്ചുവരുത്തി താമസിപ്പിക്കുകയും അധ്യാപന ചുമതലയേല്‍പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ ഖത്തറിനു പുറത്തേക്ക് പറഞ്ഞയച്ച് മതപഠനം നടത്തിച്ചു. വിദേശപണ്ഡിതരുമായി എഴുത്തുകളിലൂടെ ആശയവിനിമയം നടത്തുകയും ഊഷ്മളമായ ബന്ധം നിലനിര്‍ത്തുകയും ചെയ്തു. നജ്ദിലെ വിശ്രുത പണ്ഡിതന്‍ അള്‌ലാമാ ശൈഖ അബ്ദുല്ല ബിന്‍ അബ്ദുല്ല ഥഈഫ് ആലു ശൈഖ്, ഇറാഖീ പണ്ഡിതന്‍ അല്ലാമാ ശൈഖ് മഹ്മൂദ് ശുക്‌രി ആലൂസി എന്നിവരുമായി കത്തിടപാട് നടത്തുകയും രചനകള്‍ കൈമാറുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്ന ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ ഥാനി അതിന്റെ തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കാന്‍ പരിശ്രമിച്ചു.  ദീനീ വിധിവിലക്കുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഇസ്‌ലാമിക കൃതികള്‍ സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ചു. അവ പണ്ഡിതന്മാര്‍ക്കും പഠിതാക്കള്‍ക്കും സൗജന്യമായി വിതരണം ചെയ്തു. ഇന്ത്യയില്‍നിന്ന് ഒരു കപ്പല്‍ നിറയെ പുസ്തകങ്ങള്‍ കൊണ്ടുവന്ന ശൈഖ് അത് വിവിധ രാജ്യക്കാര്‍ക്ക് സൗജന്യമായി വിതരണം നടത്തി. ഈ പാരമ്പര്യം ഖത്തര്‍ ഭരണാധികാരികള്‍ നിലനിര്‍ത്തിപ്പോരുന്നു. ശൈഖ് ജാസിമിന്റെ അനുസ്മരണാര്‍ഥം 'ഖുര്‍ആന്‍ മത്സരം' 1994 മുതല്‍ വര്‍ഷംതോറം നടത്തിവരുന്നു.

ആദര്‍ശം
സലഫീ ആശയക്കാരനായിരുന്നു ശൈഖ് ജാസിം. മതത്തില്‍ കടന്നുകൂടിയ പുത്തന്‍ ആചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും സന്ധിയില്ലാത്ത സമരം നടത്തി. സ്വഹാബികളുടെയും സ്വഹാബിയനുചരന്മാരുടെയും ആദര്‍ശം പിന്തുടര്‍ന്നു. ശൈഖിന്റെ വസ്വിയ്യത്തില്‍ തൗഹീദിലധിഷ്ഠിതമായ തന്റെ ആദര്‍ശം അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ശൈഖിന്റെ കവിതകളില്‍ വിശിഷ്യാ, 'യാ അല്ലാഹ്' എന്ന പേരിലുള്ള കാവ്യങ്ങളില്‍ 'തൗഹീദിന്' മുഖ്യ ഊന്നല്‍ നല്‍കിയതായി കാണാം.
തികഞ്ഞ മതഭക്തനായിരുന്ന ശൈഖ് ജാസിം നമസ്‌കാരത്തില്‍ കൃത്യനിഷ്ഠ പുലര്‍ത്തി. പ്രഭാത നമസ്‌കാരാനന്തരം സൂര്യനുദിച്ചുയരുന്നതുവരെ പള്ളിയില്‍ പ്രാര്‍ഥനയിലും ഖുര്‍ആന്‍ പാരായണത്തിലും മുഴുകുമായിരുന്നു. തുടര്‍ന്ന് രണ്ട് റക്അത്ത് നമസ്‌കരിച്ച ശേഷമേ പുറത്തേക്ക് വരൂ. അല്ലാമാ ശൈഖ് മഹ്മൂദ് ശുക്‌രീ ആലൂസി അദ്ദേഹത്തെക്കുറിച്ചെഴുതുന്നു: ''ശൈഖ് ജാസിം ദൈവിക കല്‍പനകള്‍ അനുസരിക്കുന്നതില്‍ നിതാന്ത ജാഗ്രത പുലര്‍ത്തി. നമസ്‌കാരത്തിലും ഇതര ഇബാദത്തുകളിലും നിഷ്ഠപുലര്‍ത്തി.'' നമസ്‌കാരത്തിനു നേതൃത്വം വഹിച്ചതും ജുമുഅ ദിവസം 'ഖുത്വ്ബ' നിര്‍വഹിച്ചതും ശൈഖ് ജാസിമായിരുന്നു. ഭരണസാരഥ്യവും മതനേതൃത്വവും സമന്വയിപ്പിച്ചു.

മഹിതമായ സ്വഭാവഗുണങ്ങള്‍
ദൈവത്തോടടുത്തുനിന്ന ശൈഖ് ജാസിം മനുഷ്യരോടും അടുത്തുനിന്നു. പാവപ്പെട്ടവര്‍ക്കു വേണ്ടി കൈയയച്ച് ചെലവഴിച്ചു. പൊതുജനത്തിന്റെ അംഗീകാരം നേടിയെടുത്തു. ആവശ്യക്കാരുടെ അഭയകേന്ദ്രമായിരുന്നു ഖത്തര്‍. ശൈഖ് ജാസിമിന്റെ അതേ പാരമ്പര്യം ഇന്നും ഖത്തര്‍ പിന്തുടര്‍ന്നുപോരുന്നു.
രാഷ്ട്രതന്ത്രജ്ഞനും നിപുണനുമായിരുന്ന ശൈഖ് ജാസിം, ഖത്തറിലെ വിവിധ ഗോത്രങ്ങളെ ഏകോപിപ്പിച്ചു നിര്‍ത്തി ശക്തമായ ഭരണകൂടം നിലനിര്‍ത്തി. തന്റെ മക്കളെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവിധ പ്രദേശങ്ങളില്‍ പാര്‍പ്പിച്ചു രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തി. സുഊദിയിലെ അബ്ദുല്‍ അസീസ് രാജാവിന്റെ പിതാവ് ഇമാം അബ്ദുര്‍റഹ്മാന്‍ അല്‍ ഫൈല്‍ ആലു സഊദിന് 1892 കാലഘട്ടത്തില്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ ശൈഖ് ജാസിം, ആലു സുഊദിനൊപ്പം നില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്തു. നാലു മാസത്തോളം ഇമാം അബ്ദുര്‍റഹ്മാനും കുടുംബവും ഖത്തറില്‍ താമസിക്കുകയുണ്ടായി. ഗള്‍ഫ് മേഖലയില്‍ ആദിപത്യം ഉറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ്-ഉസ്മാനിയ്യാ സാമ്രാജ്യത്വശക്തികളോട് വളരെ യുക്തിബൂഞ്ച്വവും തന്ത്രപരവുമായ സന്തുലിതബന്ധം നിലനിര്‍ത്തുകയും ഖത്തറിന്റെ അഖണ്ഡതയും സ്വതന്ത്ര വ്യക്തിത്വവും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു ശൈഖ് ജാസിം. ഇരു ശക്തികളും ഖത്തറിന്റെ അസ്ഥിത്വം അംഗീകരിക്കുകയുണ്ടായി. 1893 മാര്‍ച്ച് 25-ന് ശൈഖിന്റെ കോട്ട വളഞ്ഞ് ആക്രമണം നടത്താന്‍ ശ്രമിച്ച തുര്‍ക്കീ സൈന്യത്തെ ശൈഖ് ജാസിമിന്റെ ശക്തമായ നേതൃത്വത്തില്‍ ഖത്തരികള്‍ പരാജയപ്പെടുത്തി. 'അല്‍ വജബ യുദ്ധം' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംഭവം ഖത്തറിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1878 ഡിസംബര്‍ 18-ാം തീയതി ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ബിന്‍ഥാനി ഖത്തറിന്റെ അമീറായി നിശ്ചയിക്കപ്പെട്ടു.

കവിതകള്‍
ശൈഖ് ജാസിം പ്രതിഭാധനനും ഭാവനാ സമ്പന്നനുമായ കവി കൂടിയായിരുന്നു. ഗള്‍ഫ് മേഖലയിലെ പ്രമുഖ കവികളില്‍ ഒരാളായി ശൈഖ് ജാസിം പരിഗണിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകള്‍ വിദ്വല്‍ സദസ്സുകളില്‍ ആലപിക്കപ്പെടുന്നു. ശൈഖിന്റെ കവിതകളെക്കുറിച്ച പഠനങ്ങള്‍ നടന്നിട്ടുണ്ട്. 'നബത്വീ കവിത' (സാഹിത്യഭാഷയും പ്രാദേശികഭാഷ ഭേദങ്ങളും സമ്മേളിപ്പിച്ചും വ്യാകരണ നിയമങ്ങളില്‍ മാറ്റം വരുത്തിയും അറബികവിതയില്‍ ഉണ്ടായിട്ടുള്ള നവീന ജനീകയ കവിതകളാണ് 'നബത്വീ കവിതകള്‍.' പ്രാസ നിബദ്ധമാണവ)കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു ശൈഖ് ജാസിമിന്റെ കവിതകള്‍. ശൈഖ് ജാസിമിന്റെ കവിതാ സമാഹാരം ഇന്ത്യയില്‍ നിന്ന് അച്ചടിച്ചിട്ടുണ്ട്. നബത്വീ കവിതകളിലെ പ്രഥമ സമാഹാര(ദീവാന്‍)മാണിതെന്ന് സാഹിത്യ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ശൈഖ് അബ്ദുല്‍ ബദീഅ് സഖറാണ്, ശൈഖ് ജാസിമിന്റെ കവിതാ സമാഹാരത്തിന് ആമുഖം എഴുതിയത്. അദ്ദേഹം എഴുതുന്നു: ''അനാഥകളുടെയും അവശരുടെയും സംരക്ഷകനായിരുന്ന ശൈഖ് ജാസിം കവിതാ തല്‍പരനും അതില്‍ നൈപുണ്യം നേടിയ ഭരണശ്രേഷ്ഠനായിരുന്നു. അദ്ദേഹം മുഖേന അല്ലാഹു മുസ്‌ലിംകള്‍ക്ക് പ്രതാപം നല്‍കി, ദീനിന് സംരക്ഷണം ഏകി. മഹോന്നതമായ ഉള്‍ക്കാഴ്ചയും തത്ത്വജ്ഞാനവും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നു. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും രാജ്യനിവാസികളുടെ അഭിമാനം സംരക്ഷിക്കുന്നതിനും അദ്ദേഹവും ഖത്തര്‍ ജനതയും നടത്തിയിട്ടുള്ള ഐതിഹാസിക സമരങ്ങളുടെ കഥകള്‍ ഈ കവിതകളിലൂടെ വായിച്ചെടുക്കാന്‍ കഴിയും. ഇസ്‌ലാമിന്റെ ആത്മാവും നബി(സ)യുടെ സംസ്‌കാരവും ഇതില്‍ ദര്‍ശിക്കാം.'' തന്റെ പ്രിയ ഭാര്യ ശൈഖ് നൂറയുടെ നിര്യാണത്തെത്തുടര്‍ന്ന് ശൈഖ് എഴുതിയ അനുശോചന കാവ്യം പ്രസിദ്ധവും വശ്യ സുന്ദരവുമാണ്. തൗഹീദിന്റെ ദര്‍ശനവും ശിര്‍ക്കിനോടുള്ള സമരവുമെല്ലാം ശൈഖിന്റെ കവിതകളില്‍ നിഴലിക്കുന്നു.

മുത്ത് വ്യാപാരം
ഭരണാധികാരി എന്ന പോലെ വ്യാപാരി കൂടിയായിരുന്നു ശൈഖ് ജാസിം. കടല്‍മുത്ത് ശേഖരണത്തിനും പേള്‍ വ്യാപാരത്തിനും ഖത്തര്‍ പുകള്‍പ്പെറ്റിരുന്നു. ശൈഖ് ജാസിം നടത്തിയ പേള്‍ വ്യവസായത്തിലൂടെ ലഭിച്ച സമ്പത്ത് രാജ്യത്തിന്റെ 'ബൈത്തുല്‍ മാല്‍' (പൊതുഖജനാവ്) സ സ്ഥാപിക്കാന്‍ ഉപയോഗപ്പെടുത്തി. മുത്ത് ശേഖരണത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന 30 കപ്പലുകള്‍ ശൈഖിനു സ്വന്തമായിട്ടുണ്ടായിരുന്നു. ബോംബെയിലേക്ക് അദ്ദേഹം മുത്തുകള്‍ കയറ്റി അയച്ചു. പേള്‍ വ്യവസായത്തിലൂടെ ലഭിച്ച സംഖ്യ മതകാര്യങ്ങള്‍ക്കും പള്ളിനിര്‍മാണത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചെലവഴിച്ചു.

മരണം
1913 ജൂലൈ 17-ന് ശൈഖ് ജാസിം നിര്യാതനായി. ദോഹാ നഗരത്തിന്റെ വടക്ക് 24 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന 'ലുബൈല്‍' ഗ്രാമത്തിലെ ശ്മശാനത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം മറമാടി. 16 പുത്രന്മാരും 6 പുത്രിമാരുമുണ്ടായിരുന്നു. ശൈഖ് ജാസിമിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് പ്രമുഖ കവിയായ മുഹമ്മദ് ബിന്‍ ഹസന്‍ മര്‍സൂഖി എഴുതി: ''അന്ത്യനിമിഷങ്ങളില്‍ ശൈഖ് തൗഹീദിന്റെ മന്ത്രങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു. നമസ്‌കാര സമയത്തെക്കുറിച്ചും അതിഥികള്‍ ഭക്ഷണം കഴിച്ചുവോ എന്നതിനെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരുന്നു.'' ശൈഖ് ജാസിം തന്റെ പുത്രന്മാര്‍ക്ക് നല്‍കിയ വസ്വിയ്യത്തില്‍, മതഭക്തി (തഖ്‌വ) നിലനിര്‍ത്തണമെന്നും നിഷ്‌കാമ കര്‍മം ചെയ്യണമെന്നും ഔദാര്യ ഗുണം കൈവെടിയരുതെന്നും ഉപദേശിച്ചു.

അവലംബം:
1. 'സീറത്തുല്‍ യ മസീറത്തുന്‍'- ഇദാറത്തുദ്ദഅ്‌വ പ്രസദ്ധീകരണം.
2. Qatar in History. ഖത്തര്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം