സ്വാഭാവിക മാറ്റങ്ങളും മുതലാളിത്തം കൊണ്ടുവരുന്ന മാറ്റങ്ങളും
നമ്മുടെ കാലത്തെ സാമ്പത്തിക നിയമങ്ങളുടെ പുനഃക്രമീകരണം-3
ഒരു ദൈവിക നിയമം രൂപപ്പെടുന്നത് എങ്ങനെ എന്ന് ഗവേഷകന്‍ അറിഞ്ഞിരിക്കണം. അപ്പോള്‍ മാത്രമേ നിയമനിര്‍മാണത്തിന്റെ ലക്ഷ്യങ്ങളും രീതികളും അയാള്‍ക്ക് പിടികിട്ടൂ. ഒരാള്‍ ഗവേഷകനായി അംഗീകരിക്കപ്പെടാനുള്ള മൂന്നാമത്തെ ഉപാധിയാണിത്. ഇതൊക്കെ അറിഞ്ഞിരുന്നാലേ ഒരു പ്രത്യേക സാഹചര്യത്തില്‍ പുതിയൊരു നിയമത്തിന് രൂപകല്‍പന ചെയ്യാന്‍ അയാള്‍ക്ക് സാധിക്കൂ. ശരീഅത്തിനെക്കുറിച്ച് മൊത്തമായും ഓരോ നിമയത്തെക്കുറിച്ച് പ്രത്യേകമായും അയാള്‍ക്ക് നല്ല ധാരണ വേണം. വ്യത്യസ്ത നിയമങ്ങള്‍ തമ്മില്‍ നിയമദാതാവ് എങ്ങനെയാണ് സംതുലനമുണ്ടാക്കുന്നത്? മനുഷ്യപ്രകൃതിയെ നിയമദാതാവ് എത്രത്തോളം പരിഗണിച്ചിട്ടുണ്ട്? തിന്മ വിപാടനം ചെയ്യാനും ലക്ഷ്യങ്ങള്‍ നേടാനും എന്തൊക്കെ മാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്? മനുഷ്യന്റെ ദൗര്‍ബല്യങ്ങള്‍ കണക്കിലെടുത്ത് കൊണ്ടുതന്നെ അവനെ ധാര്‍മികതയുടെ ഉയരങ്ങളിലെത്തിക്കാന്‍ എന്തൊക്കെ രീതികളാണ് നിയമദാതാവ് കൈക്കൊള്ളുന്നത്? ഈ ചോദ്യങ്ങള്‍ ആഴത്തിലുള്ള പഠനവും ആലോചനയും നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വൈജ്ഞാനിക ശാഖകളെ ശരിയായ വിധം ഉള്‍ക്കൊണ്ട് കടന്നുപോയ ഒരാള്‍ക്ക്, ഒരു പ്രത്യേക സാഹചര്യത്തില്‍ ആവശ്യമായ നിയമം രൂപകല്‍പന ചെയ്യാനോ ഉള്ളവ ഭേദഗതി ചെയ്യാനോ അര്‍ഹതയുണ്ടായിരിക്കും.
സാഹചര്യങ്ങളും സന്ദര്‍ഭങ്ങളും മാറുമ്പോഴാണല്ലോ പുതിയ നിയമ വിധികള്‍ കണ്ടെത്തേണ്ടിവരുന്നത്. മാറുന്ന സാഹചര്യങ്ങളെ ആഴത്തില്‍ അറിഞ്ഞിരിക്കുക എന്നതാണ് ഒരു ഗവേഷകനില്‍ പൂര്‍ത്തിയാവേണ്ട നാലാമത്തെ ഉപാധി. രണ്ട് കോണിലൂടെയാണ് ഈ മാറ്റങ്ങളെ കാണേണ്ടത്. ഒന്ന്, മാറുന്ന സാഹചര്യങ്ങളുടെ സവിശേഷ പ്രകൃതം എന്താണ്? ഏതൊക്കെ ശക്തികളാണ് ആ മാറ്റത്തിന്റെ പിന്നില്‍? രണ്ട്, ഇസ്‌ലാമിക ശരീഅത്തിനെ മുമ്പില്‍ വെച്ച് മാറ്റങ്ങളെ വിലയിരുത്തുക. നിയമത്തില്‍ ഏതുതരം മാറ്റമാണ് സന്ദര്‍ഭം ആവശ്യപ്പെടുന്നത്?
ഉദാഹരണത്തിന് പലിശയുടെ കാര്യമെടുക്കാം. സാമ്പത്തിക നിയമങ്ങളുടെ പുനഃക്രോഡീകരണത്തിന് ആദ്യമായി നിലവിലുള്ള സാമ്പത്തിക ലോകത്തെക്കുറിച്ച വിശകലനം വളരെ അനിവാര്യമാണ്. ആധുനിക ഫിനാന്‍സിന്റെയും സാമ്പത്തിക വിനിമയത്തിന്റെയും രീതികളെക്കുറിച്ച് ഗവേഷകന്‍ ഉള്‍ക്കാഴ്ച നേടിയേ മതിയാവൂ. സാമ്പത്തിക ജീവിതത്തിന്റെ ഹൃദയഭാഗത്ത് പ്രവര്‍ത്തനക്ഷമമാവുന്ന ശക്തികളെക്കുറിച്ചും നല്ല ധാരണ വേണം. ഈ ശക്തികള്‍ നിലയുറപ്പിക്കുന്ന തത്ത്വങ്ങളെയും അടിസ്ഥാനങ്ങളെയും അറിഞ്ഞിരിക്കണം. എന്നിട്ട്, സാഹചര്യത്തില്‍ വന്ന മാറ്റങ്ങളെ ഇനങ്ങളായി തരം തിരിക്കുകയും ഓരോ ഇനത്തിലും ഇസ്‌ലാമിന്റെ ചൈതന്യത്തോട് യോജിക്കുന്ന എന്തെന്ത് നിയമാവിഷ്‌കാരങ്ങളാണ് വേണ്ടതെന്ന് കണ്ടെത്തുകയും ചെയ്യണം. വിശദാംശങ്ങള്‍ മാറ്റിവെച്ച്, നമുക്കീ മാറ്റങ്ങളെ രണ്ടായി തരം തിരിക്കാം.
ഒന്ന്: സാമൂഹിക ഘടനയിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍, മനുഷ്യന്റെ ധൈഷണികവും അക്കാദമികവുമായമുന്നേറ്റങ്ങള്‍, പുതിയ പ്രകൃതി വിഭവങ്ങളുടെ കണ്ടെത്തലുകള്‍, ഉല്‍പാദനോപകരണങ്ങളുടെയും മറ്റും വികാസം, ഗതാഗതത്തിന്റെയും വാര്‍ത്താ വിനിയമത്തിന്റെയും പുതിയ സംവിധാനങ്ങള്‍, ഉല്‍പാദന രീതികളില്‍ വന്ന പരിഷ്‌കരണങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങളിലെ വന്‍ കുതിപ്പുകള്‍- ഇത്തരം മാറ്റങ്ങളെല്ലാം വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന കാഴ്ചപ്പാടാണ് ഇസ്‌ലാമിക ശരീഅത്തിനുള്ളത്. ഈ മാറ്റങ്ങളെ തടുക്കാനോ ഇല്ലാതാക്കാനോ കഴിയില്ല, അങ്ങനെ ചെയ്യേണ്ട കാര്യവുമില്ല. സാമ്പത്തിക വ്യവഹാരങ്ങളിലും ഫിനാന്‍സിലും ബിസിനസ് മേഖലയിലുമൊക്കെ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന പുതിയ അവസ്ഥകളെ അഭിമുഖീകരിക്കാന്‍ പറ്റുന്ന വിധം അടിസ്ഥാന തത്ത്വങ്ങള്‍ മുമ്പില്‍ പുതിയ വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുക എന്നതാണ് ആവശ്യമായ കാര്യം. ഇത് ഏതവസ്ഥയിലും ഇസ്‌ലാമിക ജീവിതം അനുധാവനം ചെയ്യാന്‍ വിശ്വാസിയെ പ്രാപ്തനാക്കും.
രണ്ട്: സാമൂഹിക വികാസത്തിന്റെ ഭാഗമല്ലാതെയും മാറ്റങ്ങള്‍ ഉണ്ടാകാം. ധനകാര്യ ഘടനയിലും സാമ്പത്തിക ഇടപാടുകളിലും മുതലാളിത്ത ചിന്താഗതി പിടിമുറുക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഇത്തരത്തിലുള്ളതാണ്. എന്തിനെയും കൈപിടിയിലൊതുക്കുന്ന മുതലാളിത്ത1ത്തിന്റെ ദൂഷിത വലയം പ്രാചീനകാലം മുതല്‍ക്കേ നിലനിന്നിരുന്നു. ഇസ്‌ലാം ആധിപത്യം നേടിയ നൂറ്റാണ്ടുകളില്‍ മാത്രമാണ് അത് ഒതുങ്ങിനിന്നത്. ഇന്നത് വീണ്ടും ലോക സമ്പദ്ഘടനയുടെ മേല്‍ പിടിമുറുക്കിയിരിക്കുന്നു. പുതിയ പുതിയ സാമൂഹിക വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി അത് പ്രയോഗത്തില്‍ വരുത്തുന്നത് അതിന്റെ പഴയ മര്‍ദക തത്ത്വസംഹിതകള്‍ തന്നെയാണ്.
അതിനാല്‍ മുതലാളിത്തത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ് വഴി ഉണ്ടായിട്ടുള്ള മാറ്റങ്ങളൊന്നും തന്നെ ഇസ്‌ലാമിക വീക്ഷണത്തില്‍ യഥാര്‍ഥവും സ്വാഭാവികവുമായ മാറ്റങ്ങളല്ല; അവ തീര്‍ത്തും കൃത്രിമമത്രെ. ഈ കൃത്രിമ മാറ്റങ്ങളെ ബലം പ്രയോഗിച്ചും തടുക്കേണ്ടിവരും.അല്ലാത്ത പക്ഷം മനുഷ്യന്റെ സര്‍വൈശ്വര്യങ്ങളും അപകടത്തിലാവും. ഈ ചെറുത്തുനില്‍പിന് നേതൃത്വം കൊടുക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ സാധ്യതയാണ്.
ഈ മുതലാളിത്ത വിരുദ്ധ പോരാട്ടത്തില്‍ ഏതൊരു കമ്യൂണിസ്റ്റുകാരനേക്കാളും വലിയ ബാധ്യത ഓരോ മുസ്‌ലിമിനുമുണ്ട്. കാരണം, ഒരു കമ്യൂണിസ്റ്റുകാരനെ സംബന്ധിച്ചേടത്തോളം ഇതൊരു റൊട്ടി പ്രശ്‌നം മാത്രമാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ഇതവന്റെ മതത്തെയും ധാര്‍മിക ചട്ടക്കൂടിനെയും ബാധിക്കുന്ന പ്രശ്‌നമാണ്. കമ്യൂണിസ്റ്റുകാരന്‍ പൊരുതുന്നത് തൊഴിലാളി വര്‍ഗത്തിനു വേണ്ടിയാണെങ്കില്‍ മുസ്‌ലിം പൊരുതുന്നത് മുതലാളിമാര്‍ ഉള്‍പ്പെടെയുള്ള മുഴവന്‍ മനുഷ്യവര്‍ഗത്തിനും വേണ്ടിയാണ്. പോരാട്ടത്തിന്റെ സ്വഭാവത്തിലും വ്യത്യാസമുണ്ട്. ദൈവപ്രീതിക്കു വേണ്ടിയാണ് വിശ്വാസി ഈ പോരാട്ടം ഏറ്റെടുക്കുന്നത്. സംഹാരാത്മക മുതലാളിത്തത്തെയും അതിന്റെ ചൂഷക സ്ഥാപനങ്ങളെയും എന്ത് വില കൊടുത്തും ചെറുക്കാനും സമൂഹത്തെ ആ ദൂഷിത വലയത്തില്‍ നിന്ന് രക്ഷിക്കാനും വിശ്വാസികള്‍ മറ്റാരേക്കാളും ബാധ്യസ്ഥരാണ്.
(തുടരും)
1. ഇവിടെ മുതലാളിത്തം (captialism) എന്ന് പ്രയോഗിച്ചിരിക്കുന്നത് ഇന്ന് മനസ്സിലാക്കപ്പെടുന്നത് പോലുള്ള പരിമിതമായ അര്‍ഥത്തിലല്ല. വളരെ വിശാലമായ അര്‍ഥത്തിലാണ് ഇവിടെയത് പ്രയോഗിച്ചിരിക്കുന്നത്. സാങ്കേതികാര്‍ഥത്തില്‍ മുതലാളിത്തം യൂറോപ്പിലുണ്ടായ വ്യവയാസ വിപ്ലവത്തിന്റെ ഉല്‍പന്നമാണ്. എന്നാല്‍ യഥാര്‍ഥ മുതലാളിത്തത്തിന് മനുഷ്യ ചരിത്രത്തോളം പഴക്കമുണ്ട്. മനുഷ്യന്‍ അവന്റെ ധാര്‍മിക ജീവിതം പിശാചിന് അടിയറ വെച്ചത് മുതല്‍ക്ക് മുതലാളിത്തത്തെ അതിന്റെ വിവിധ രൂപഭാവങ്ങളില്‍ ചരിത്രത്തില്‍ നമുക്ക് കണ്ടെത്താനാവും.
Comments