Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 24

പലിശക്ക് ന്യായീകരണം ചമക്കുന്നു

ഖാലിദ് പൂക്കോട്ടൂര്‍

''ആലീസിന്റെ പിറന്നാളാഘോഷം കഴിഞ്ഞു. വൈകുന്നേരം വാടകക്കെടുത്ത മേശയും കസേരയും കൊണ്ടുപോകാന്‍ ആളു വന്നു. അഛന്‍ സാധനങ്ങളോടൊപ്പം 250 രൂപയും നല്‍കി. ആലിസിനു സംശയമായി, 'എന്തിനാപണം കൊടുത്തത്?' 'അവരുടെ മേശയും കസേരയും നമ്മള്‍ ഉപയോഗിച്ചില്ലേ. അതിനു വാടക കൊടുക്കണം'- അഛന്‍ പറഞ്ഞു കൊടുത്തു. പലപ്പോഴും സാധനങ്ങള്‍ കടം വാങ്ങി ഉപയോഗിക്കുമ്പോള്‍ വാടകയായി പണം കൊടുക്കുന്നു. കടം ആയി പണം വാങ്ങുമ്പോഴോ?''
കേരള വിദ്യാഭ്യാസ വകുപ്പ് ഏഴാം തരത്തിലേക്ക് തയാറാക്കിയ ഗണിതം ടെക്സ്റ്റ് ബുക്കിലേതാണ് മേലുദ്ധരിച്ച വരികള്‍. പലിശയെന്ന സാമ്പത്തിക അത്യാചാരത്തെ വളരെ ഭംഗിയായി ന്യായീകരിച്ചിരിക്കുകയാണ് ടെക്സ്റ്റ് ബുക്കില്‍. പലിശ കണക്കാക്കുന്ന വിധം കുട്ടികളെ പഠിപ്പിച്ചുകൊടുക്കുന്നതിനുമപ്പുറം പലിശക്കു പിന്നിലെ സാമ്പത്തിക യുക്തിയെക്കുറിച്ച് തെറ്റായ ഉദാഹരണത്തിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത് വളരെ അപകടകരമായ പ്രവണതയാണെന്ന് പറയേണ്ടിയിരിക്കുന്നു.
യഥാര്‍ഥത്തില്‍ പലിശയെ വാടകയുമായി സമീകരിക്കുന്നതില്‍ ഗുരുതരമായ അന്തക്കേടുണ്ട്. വീട്, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ സ്വന്തമായി ഇല്ലാത്തവര്‍ അന്യരുടേത് ഉപയോഗിക്കുമ്പോള്‍ പ്രതിഫലമായി നല്‍കുന്ന പണമാണ് വാടക. ഇവിടെ ഉയോഗിക്കപ്പെടുന്ന വസ്തുക്കള്‍ക്ക് ഭീമമായ മുതല്‍മുടക്ക് ആവശ്യമാണ്. മറ്റൊന്ന് ഉപയോഗിക്കപ്പെടുമ്പോള്‍ തേയ്മാനങ്ങള്‍ സംഭവിക്കുന്നുണ്ട്. മുതല്‍മുടക്കും അധ്വാനവും ആവശ്യമുള്ളതും തേയ്മാനം സംഭവിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിക്കുന്ന ആളില്‍ നിന്ന് വാടക ഈടാക്കുന്നത് ന്യായവും യുക്തിക്കിണങ്ങുന്നതുമാണ്.
പണം ഒരാളില്‍നിന്ന്/ സ്ഥാപനത്തില്‍ നിന്ന് കടം വാങ്ങുന്നവന്‍ തിരിച്ചുനല്‍കുമ്പോള്‍ വാങ്ങിയ തുകയുടെ നിശ്ചിത ശതമാനം കാലപരിധിയുടെ തോതനുസരിച്ച് നല്‍കേണ്ടിവരുന്ന അധിക തുകയാണ് പലിശ. നിശ്ചിത സമയത്തിനകം കൊടുക്കാന്‍ സാധിക്കാത്തവര്‍ കൂട്ടുപലിശ കൊടുക്കണം. ഇത് വളര്‍ന്ന് പലപ്പോഴും വാങ്ങിയ സംഖ്യയേക്കാളും വലിയ സംഖ്യയായി മാറുന്നു. പലിശ ചൂഷണമാകുന്നതും അതുകൊണ്ടാണ്. എന്നാല്‍ വാടക ഒരിക്കലും കൂട്ടു വാടകയാകുന്നില്ല.
പണത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യത്തകര്‍ച്ചയാണ് പലിശക്കുള്ള ന്യായീകരണമായി പറയാറുള്ളത്. ഇത് കേവലമൊരു വാദം മാത്രമാണ്. മൂല്യസ്ഥിരതയോടെ നില്‍ക്കുന്നതും മൂല്യം ഉയര്‍ന്നുകൊണ്ടിരിക്കുന്നതുമായ കറന്‍സികള്‍ക്കും പലിശ ഈടാക്കിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ മെയ്യനങ്ങാതെ അന്യനെ പിഴിഞ്ഞ് പണമുണ്ടാക്കുന്നതിനാണ് പലിശ എന്നു പറയുന്നത്. അതൊരിക്കലും വാടക പോലെയല്ല. ഇത്തരം തെറ്റിദ്ധാരണയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ പാഠപുസ്തകത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ സന്മനസ്സ് കാണിക്കണമെന്നഭ്യര്‍ഥിക്കുന്നു.


പൊതുജനവും കുറ്റക്കാരല്ലേ?
പി.പി ഇഖ്ബാല്‍ ദോഹ

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണെന്ന കാര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ടാവുമെന്ന് തോന്നുന്നില്ല. സര്‍വ നിയന്ത്രണങ്ങള്‍ക്കും അതീതമായാണ് അഴിമതി എന്ന ദുര്‍ഭൂതത്തിന്റെ വിളയാട്ടം. നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്തത്ര ഭീമമായ സംഖ്യയാണ് ഇന്ന് നാട് ഭരിക്കുന്നവരും മുമ്പ് ഭരിച്ചിരുന്നവരും കട്ട് മുടിക്കുകയോ രാജ്യത്തിന് നഷ്ടപ്പെടുത്തുകയോ ചെയ്തതെന്ന് ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
പക്ഷേ, നമുക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നത് ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ ഓരോരുത്തരായി വൈകിയാണെങ്കിലും പിടിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുന്നുവെന്ന സന്തോഷ വാര്‍ത്തകളാണ്. ഇനിയുമേറെ വമ്പന്‍ സ്രാവുകള്‍ വലയിലകപ്പെടാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞുകേള്‍ക്കുന്നു.
അഴിമതിക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍, അവര്‍ ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും വലിയ അന്തരമുള്ളതായി അനുഭവപ്പെടുന്നില്ല. രാഷ്ട്രീയക്കാര്‍ നടത്തിയ സാമ്പത്തിക തിരിമറികളിലെ തുകയില്‍ മാത്രമാവും വ്യത്യാസം. നിങ്ങള്‍ കോടികള്‍ തട്ടിയെടുക്കുമ്പോള്‍ ഞങ്ങള്‍ ലക്ഷങ്ങള്‍ മാത്രമല്ലേ തട്ടുന്നുള്ളൂ എന്ന് പരസ്പരം ചോദിക്കേണ്ടിവരുന്ന അവസ്ഥയോളം അഴിമതി ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു.
അഴിമതി ഇല്ലാതാക്കാന്‍ നിയമനിര്‍മാണം കൊണ്ടൊന്നും സാധ്യമല്ലെന്ന് പറയുന്നതിലും കാര്യമുണ്ട്. രാജ്യത്ത് നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള നിയമങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. പക്ഷേ, അതുകൊണ്ട് ഏതെങ്കിലും കുറ്റങ്ങള്‍ ഇല്ലാതായതായി കാണാന്‍ കഴിയുന്നില്ല.
അഴിമതി വളര്‍ത്തുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് ആരും ചര്‍ച്ച ചെയ്യാത്തതെന്ത്? സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയുമൊക്കെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ ജനങ്ങളും പ്രതികളാണ്. ഭരണതലങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കാതെ നടക്കുകയില്ല എന്നൊരു ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുണ്ട്.
കൈക്കൂലി വാങ്ങാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും അങ്ങോട്ട് വെച്ചുനീട്ടി അവരില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത പൊതുവെ കാണപ്പെടുന്നുണ്ട്. അതൊന്നുമില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണിത്. ഇത്തരം സമ്പ്രദായങ്ങള്‍ അഴിമതി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് നാം തിരിച്ചറിയുന്നില്ല.


ഇസ്‌ലാഹിന്റെ പുതിയ വാതില്‍
കെ. മുസ്തഫ കമാല്‍
മുന്നിയൂര്‍

'സാമുദായികത, മതേതരത്വം, ഇടയിലെ ജമാഅത്തെ ഇസ്‌ലാമി' എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലിയുമായി നടത്തിയ അഭിമുഖത്തില്‍ (ലക്കം: 24,25) അദ്ദേഹം പറഞ്ഞുവെച്ച ചില കര്‍മപരിപാടികള്‍ പൊതുസമൂഹത്തിന്റെ പ്രത്യേകിച്ച് മുസ്‌ലിം പണ്ഡിതന്മാരുടെ ചിന്തയിലും ഇടം പിടിക്കേണ്ടതുണ്ട്. അതില്‍ പ്രധാനമാണ് കടുംബ ഭദ്രതയുമായി ബന്ധപ്പെട്ട വിഷയം. ടി.വി.ചാനലുകള്‍ കുടുംബിനികളുടെ ആരാധനാകാര്യങ്ങള്‍ വരെ നിയന്ത്രിക്കുന്ന പതനത്തിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കെ ഇനിയും പണ്ഡിതന്മാര്‍ ഗൗരവമുള്ള ഇത്തരം വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നില്ലെങ്കില്‍ ഈ സമുദായം അവരുടെ കൈകളില്‍ നിന്നും പിടിവിട്ട് പോവും.
മുസ്‌ലിം സമൂഹത്തിലെ 'ഇസ്‌ലാഹ്' നിര്‍വഹണം ഇന്ന് ഏറെ ദുഷ്‌കരമായ നിലയിലാണ്. അത് ഇന്ന് ഖണ്ഡന മണ്ഡനങ്ങളുടെ പൂരപ്പറമ്പായി മാറിയിരിക്കുന്നു. ഈ പൂരപറമ്പില്‍ തങ്ങളുടെ വാദങ്ങള്‍ നിരത്താന്‍ ഖുര്‍ആനിന്റെ അര്‍ത്ഥങ്ങള്‍ തന്നെ മാറ്റി മറിക്കുന്നു. തീര്‍ച്ചയായും ഈ രംഗത്തേക്ക് ഇസ്‌ലാമിക പ്രസ്ഥാനം, സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തി പുതിയൊരു ഇസ്‌ലാഹിന്റെ വാതില്‍ തുറന്നിടേണ്ടതുണ്ട്. ഇത് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു മേഖല തന്നെയാണ്.

 

'പരലോകം-- ഖുര്‍ആന്‍ നല്‍കുന്ന തെളിവുകള്‍' എന്ന ശീര്‍ഷകത്തില്‍ എം.കെ റിയാസിന്റെ (ലക്കം 24) ചിന്തോദ്ദീപകമായ പഠനത്തില്‍ 'ആന്ത്രോപോളജിക്ക്' ശരീരശാസ്ത്രം എന്ന പരിഭാഷ നല്‍കിയത് ശരിയല്ല. ആന്ത്രോപോളജി എന്നാല്‍ നരവംശശാസ്ത്രമാണ്. അനാട്ടമിയാണ് ശരീരശാസ്ത്രം.
ടി.എം തമന്നാ നൗഫല്‍/ ആരാമ്പ്രം

രോഗം അനുഗ്രഹം
കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

അല്ലാഹുവിന്റെ വിധിയില്‍ പൂര്‍ണ സംതൃപ്തിയടഞ്ഞ് ജീവിക്കാന്‍ കഴിയുക മഹാഭാഗ്യമാണ്. പലവിധത്തിലും വിശ്വാസികളെ പരീക്ഷിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. രോഗം അവയിലൊന്നാണ്. മാരക രോഗം പോലും അനുഗ്രഹമാക്കി മാറ്റാന്‍ സാധിക്കും, ഈമാന്‍ ഉണ്ടെങ്കില്‍. കണ്ടുമുട്ടുന്ന മനുഷ്യരെല്ലാം ഏതെങ്കിലും വിധത്തിലുള്ള വിഷമം അനുഭവിക്കുന്നവരായിരിക്കും എന്ന് രോഗം നമ്മെ ബോധ്യപ്പെടുത്തുന്നു. ചിലര്‍ക്ക് ശാരീരിക രോഗമാണെങ്കില്‍ വേറെ ചിലര്‍ക്ക് മാനസിക പ്രശ്‌നങ്ങളായിരിക്കാം. ഏതു മനുഷ്യനും പരിഗണനയും സൗമനസ്യവും അര്‍ഹിക്കുന്നുവെന്ന് രോഗം നമ്മോട് മന്ത്രിക്കുന്നു. രോഗം മരണത്തെ ഓര്‍മിപ്പിക്കുന്നു. രോഗം ചിലപ്പോള്‍ മരണത്തിലേക്കുള്ള അവസാനത്തെ പടവാകാം.
ദൈവവിശ്വാസം വര്‍ധിക്കുമെന്നതാണ് രോഗം സമ്മാനിക്കുന്ന ഉത്തമമായ ഗുണം. പ്രാര്‍ഥനാപൂര്‍ണമായ ഹൃദയത്തോടെ സ്രഷ്ടാവിലേക്ക് തിരിയാന്‍ അത് കാരണമാകും. സന്തോഷാവസരങ്ങളും സങ്കടവേളകളും ഒരുപോലെ അനുഗ്രഹമാക്കി മാറ്റാന്‍ വിശ്വാസിക്കു കഴിയും; പ്രവാചകന്‍ പറഞ്ഞതുപോലെ സന്തോഷാവസരത്തില്‍ നന്ദിയോതാനും ദുരിതനാളുകളില്‍ ക്ഷമിക്കാനും തയാറാകുമ്പോള്‍.
സഹജീവി സ്‌നേഹം രോഗത്തിന്റെ അരുമ സന്താനമാണ്. ചികിത്സാ സമയത്തും രോഗമുക്തിക്കു ശേഷവും അയാള്‍ നല്ല മനുഷ്യ സ്‌നേഹിയും ജീവജാലങ്ങളോട് കരുണയുള്ളവനുമായി മാറുന്നു. അങ്ങനെ രോഗവും വൈകല്യങ്ങളും യഥാര്‍ഥ വിശ്വാസിക്ക് അനുഗ്രഹമായിത്തീരുന്നു.

ഹജറുല്‍ അസ്‌വദിനെക്കുറിച്ച് തന്നെ
മുനീബ് മലോല്‍ കോഴിക്കോട്

പ്രബോധനത്തി(ലക്കം 26)ല്‍ ചോദ്യോത്തരത്തില്‍ ഹജറുല്‍ അസ്‌വദിന്റെ നിറത്തെപ്പറ്റി മുജീബ് നല്‍കിയ ഉത്തരമാണ് ഈ കുറിപ്പിന് പ്രേരകം. ഇബ്‌നു കസീര്‍ ഖസസുല്‍ അമ്പിയാ എന്ന ഗ്രന്ഥത്തില്‍ സുദ്ദിയെ ഉദ്ധരിച്ച് പറഞ്ഞ ഒരു കഥയെ ആസ്പദമാക്കിയാണ് മുജീബ് ഉത്തരം നല്‍കിയിട്ടുള്ളത്. എന്നാല്‍ അപ്പറയുന്നതിലെ (ഇന്ത്യയില്‍ നിന്ന് ജിബ്‌രീല്‍ കൊണ്ടുകൊടുത്തത്) എന്ന ഒരു കാര്യത്തിനൊഴികെ ബാക്കി എല്ലാറ്റിനും ഹദീസുകളില്‍ തന്നെ നിരവധി സ്വീകാര്യ യോഗ്യമായ തെളിവുകളുണ്ട്. അല്‍പം വിവരണം കാണുക: സ്വര്‍ഗത്തില്‍ നിന്ന് ജിബ്‌രീല്‍ മാലാഖ പ്രവാചകന്‍ ഇബ്‌റാഹീമി(അ)ന് എത്തിച്ചുകൊടുത്ത കല്ലാണ് ഹജറുല്‍ അസ്‌വദ് (തിര്‍മിദി, അഹ്മദ്, ഹാകിം, ഇബ്‌നു ഹിബ്ബാന്‍). 'അല്‍ഹജറുല്‍ അസ്‌വദ് മിന്‍ ഹിജാറത്തില്‍ ജന്ന' എന്ന നബിവചനം ത്വബറാനിയും ഉദ്ധരിച്ചിട്ടുണ്ട്. ഹജറുല്‍ അസ്‌വദിന്റെ നിറത്തെ സംബന്ധിച്ചും നിരവധി ഹദീസുകളുണ്ട്. അബ്‌യദു മിനഥല്‍ജ് (മഞ്ഞുതുള്ളിയേക്കാള്‍ വെളുത്തത്)- അഹ്മദ്), കാട്ടുപശുവേക്കാള്‍ വെളുത്ത (ത്വബ്‌റാനി) എന്നിവ ഉദാഹരണം. പിന്നീടതെങ്ങനെ കറുത്തു എന്നതു സംബന്ധിച്ച് പ്രവാചകനില്‍നിന്ന് തിര്‍മിദി ഉദ്ധരിച്ച ഹദീസിലും കാണാം. 'മനുഷ്യന്റെ പാപങ്ങളാണതിനെ കറുപ്പിച്ചത്' എന്നാണ് ആ ഹദീസ്. ഇബ്‌നു അബ്ബാസില്‍നിന്ന് ഇതുസംബന്ധമായി ഉദ്ധരിക്കപ്പെട്ട ഹദീസ്, മിശ്കാത്തുല്‍ മസാബീഹില്‍, അല്‍ മനാസിക് അധ്യായത്തിലും വന്നിട്ടുണ്ട് (നസല ഹജറുല്‍ അസ്‌വദു മിനല്‍ ജന്ന വഹുവ അശദ്ദു ബയാദന്‍ മിനല്ലബനി, ഫസവ്വദത്ഹു ഖത്വായാ ബനീ ആദം) എന്നാണ് പ്രസ്തുത വചനം. ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നാണ്, പാലിനേക്കാള്‍ വെളുത്തതായിരുന്നു അത് മനുഷ്യപാപങ്ങളാണതിനെ കറുപ്പിച്ചത് എന്ന് സാരം. ഈ ഹദീസ് ഹസനും സ്വഹീഹുമാണെന്ന് ഗ്രന്ഥത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുമുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം