മുസ്ലിം സൌഹൃദവേദി പ്രതീക്ഷ നല്‍കി പൊലിഞ്ഞുപോയ ഒരു പ്രകാശരേഖ
കേരള മുസ്ലിം ചരിത്രത്തില്‍ എക്കാലവും അഭിമാന പൂര്‍വം സ്മരിക്കപ്പെടാവുന്ന മഹത്തായ സംഭവമാണ് 1999ല്‍ രൂപീകൃതമായ 'കേരള മുസ്ലിം സൌഹൃദവേദി.' സമുദായത്തെ ഗുരുതരമായി ബാധിക്കുന്ന പൊതു പ്രശ്നങ്ങളില്‍പോലും യോജിച്ച് നില്‍ക്കുകയില്ലെന്ന് ശാഠ്യബുദ്ധിയുള്ളവരായി സ്വയം തെളിയിച്ചുകൊണ്ടിരുന്ന മതസംഘടനകളടക്കം ഒരു പൊതുസൌഹൃദവേദിയില്‍ ഒത്തുചേര്‍ന്നു എന്നത് നിസാര കാര്യമായിരുന്നില്ല. സമുദായത്തില്‍ പ്രതീക്ഷയും പ്രത്യാശയും സൃഷ്ടിച്ച ഈ കൂട്ടായ്മ അരപതിറ്റാണ്ടിന് ശേഷം ഫലത്തില്‍ നിഷ്ക്രിയമായെങ്കിലും പരാജയമായിരുന്നു എന്ന് ധരിക്കുന്നത് ശരിയല്ല. ഉദ്ദേശിച്ച സല്‍ഫലങ്ങള്‍ കാര്യമായി നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നും നേടിയില്ല എന്ന വിലയിരുത്തലും സത്യസന്ധമല്ല.
അഞ്ച് കാര്യങ്ങളിലാണ് സൌഹൃദവേദി മുഖ്യമായും ശ്രദ്ധകേന്ദ്രീകരിച്ചത്.
1. മാസപ്പിറവി ഉറപ്പിക്കലും നോമ്പ്-പെരുന്നാള്‍ ഏകീകരണവും
2. സംഘടനകള്‍ക്ക് പൊതുപെരുമാറ്റചട്ടം
3. യുവജന ശക്തി ക്രിയാത്മകമായി ഉപയോഗപ്പെടുത്തലും മഹല്ല് കേന്ദ്രീകരിച്ചുള്ള സാമൂഹിക സംസ്കരണവും
4. കേരള മുസ്ലിം സമൂഹത്തിന് ഒരു കര്‍മരേഖ.
5. മാറാട് കലാപ പശ്ചാത്തലത്തില്‍ മതസൌഹാര്‍ദത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍.
ഇതില്‍ ആദ്യത്തെയും അവസാനത്തെയും കാര്യങ്ങളില്‍ എടുത്തു പറയാവുന്ന നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. അതേസമയം, മറ്റു പ്രധാന കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചെങ്കിലും മൂര്‍ത്തമായ ഒരു തലത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല എന്നതും ക്രമത്തില്‍ സൌഹൃദവേദി നിഷ്ക്രിയതയിലേക്കും വിസ്മൃതിയിലേക്കും മറഞ്ഞു എന്നതും ദുഃഖകരമായ വസ്തുതയാണ്. എന്നാല്‍, വേദി പിരിച്ചുവിടുകയോ ഏതെങ്കിലും കക്ഷി പിരിഞ്ഞുപോയതായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. അനുകൂലമായ സാഹചര്യത്തില്‍ പുനഃസംഘടിപ്പിക്കാനുള്ള സാധ്യത എന്നേക്കുമായി തള്ളിക്കളയേണ്ടതുമില്ല.
മാസപ്പിറവി വിഷയത്തില്‍ മുഖ്യധാരാ മതസംഘടനകള്‍ തങ്ങളുടെ നിലപാടുകളില്‍ താത്വികമാറ്റങ്ങള്‍ക്കൊന്നും തയാറായില്ലെങ്കിലും പ്രയോഗതലത്തില്‍, മാസപ്പിറവി ഏകീകരണത്തില്‍ ഗുണപരമായ സഹകരണവും സംഭാവനകളും അര്‍പ്പിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്. ഗോളശാസ്ത്രപ്രകാരം കണക്കുകൂട്ടി നോമ്പും പെരുന്നാളും മുന്‍കൂര്‍ പ്രഖ്യാപിക്കുന്ന മുജാഹിദുകളും കണ്ണുകൊണ്ട്് കണ്ടാല്‍ മാത്രം മാസപ്പിറവി ഉറപ്പിക്കുന്ന സുന്നി സംഘടനകളും നിലപാട് മയപ്പെടുത്തി ഏകീകരണ മാര്‍ഗം കണ്ടെത്തുകയും ആറേഴ് വര്‍ഷക്കാലം അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു എന്നത് നേട്ടത്തിന്റെ പട്ടികയില്‍ എടുത്തുപറയേണ്ടത് തന്നെയാണ്. പെരുന്നാളിന് നോമ്പ് നോല്‍ക്കുകയും അറഫാ നാളില്‍ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന സമുദായം എന്ന അപഖ്യാതി ഇടക്കാലത്തെങ്കിലും നീങ്ങിക്കിട്ടിയെങ്കില്‍ അത്രയും സന്തോഷം. എന്നാല്‍ ഇതിന് വേണ്ടിവന്ന സമ്മര്‍ദ്ദ തന്ത്രങ്ങളും 'കൈക്രിയകളും' സൌഹൃദവേദിയുടെ പിന്നാമ്പുറ കഥകള്‍ അറിയുന്നവര്‍ക്കറിയാം.
സംഘടനകള്‍ക്ക് ഒരു പെരുമാറ്റച്ചട്ടം തികച്ചും നിഷ്പക്ഷമായും നീതിപരമായും രൂപപ്പെടുത്തുന്നതില്‍ വിജയിച്ചെങ്കിലും മതസംഘടനകളെകൊണ്ട് അതംഗീകരിപ്പിക്കാന്‍ സാധ്യമായില്ല. യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന മദ്യാസക്തിയും അനുബന്ധ തിന്മകളും ഉന്മൂലനം ചെയ്ത് മുസ്ലിം യുവശക്തിയെ ആരോഗ്യകരമായ മേഖലകളിലേക്ക് തിരിച്ചുവിടുക എന്ന പൊതുലക്ഷ്യം മുന്നില്‍വെച്ച് മുഖ്യധാരാ സംഘടനകളുടെ യുവജന വിദ്യാര്‍ഥി കൂട്ടായ്മക്കുവേണ്ടിയുള്ള പ്രാരംഭ നീക്കങ്ങള്‍ വളരെ ആവേശകരവും വിജയപ്രതീക്ഷ നല്‍കുന്നതും ആയിരുന്നു. പക്ഷേ, യുവജന മുന്നേറ്റം തങ്ങള്‍ക്കുതന്നെ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടതുകൊണ്ടാകണം പല മാതൃസംഘടനകളില്‍നിന്നും അംഗീകാരമോ പ്രോത്സാഹനമോ ലഭിച്ചില്ല. അതുകൊണ്ട് ആ ശ്രമവും പതിയെ കെട്ടടങ്ങുകയാണുണ്ടായത്. എന്നാല്‍ പോലും തക്കതായ നേതൃത്വവും പരിഗണനയും ലഭിച്ചാല്‍ യുവജനശക്തി രചനാത്മകമായ മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും സന്നദ്ധമാണെന്ന സന്ദേശം നല്‍കുന്നതില്‍ അത് വിജയിച്ചു.
സമുദായ സംസ്കരണ സംരംഭങ്ങളിലും കാഴ്ചപ്പാടുകള്‍ തടസം സൃഷ്ടിച്ചു. സ്ത്രീധന നിരോധത്തില്‍പോലും അനുകൂലാഭിപ്രായമില്ലാത്ത സംഘടനകളും ഉണ്ടായിരുന്നു എന്നത് അതിശയകരമായിത്തോന്നാം.
സമുദായത്തിന്റെ ബഹുമുഖമായ വളര്‍ച്ചയും പുരോഗതിയും മുന്നില്‍കണ്ട് ബൃഹത്തായ ഒരു കര്‍മരേഖ ആവിഷ്കരിച്ച് നടപ്പില്‍ വരുത്തുക എന്ന ദൌത്യം വിജയിച്ചിരുന്നെങ്കില്‍ കേരള മുസ്ലിം സമൂഹത്തിന്റെ മുഖഛായ മാറ്റി വരക്കുന്ന മഹാസംഭവമായേനെ അത്. സംരംഭത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് മലയാളമനോരമ(2003 ജനുവരി 8) മുഖപ്രസംഗം എഴുതിയതും ചരിത്രമാണ്. പക്ഷേ, നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ബാക്ക്ലോഗ് നികത്തല്‍, തെരഞ്ഞെടുപ്പ് രാഷ്ട്രീയം, സംഘടനകളുടെ പിളര്‍പ്പ് മുതലായ ഏടാകൂടങ്ങളില്‍ തട്ടി അതും നടക്കാതെ പോവുകയാണുണ്ടായത്.
എന്നാല്‍, മാറാട് കലാപത്തെ തുടര്‍ന്ന് രൂപപ്പെട്ട ഭീതിതമായ വര്‍ഗീയാന്തരീക്ഷം തണുപ്പിക്കുന്നതിനും സമുദായ മൈത്രി വീണ്ടെടുക്കുന്നതിനും സൌഹൃദവേദി വഹിച്ച പങ്ക് ശ്ളാഘനീയമായിരുന്നു. അന്നത്തെ മുസ്ലിംലീഗ് സെക്രട്ടറിയും, വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലികുട്ടി സാഹിബ് ശക്തമായ നേതൃത്വം നല്‍കിയപ്പോള്‍ സൌഹൃദവേദിയിലെ എല്ലാ മതസാംസ്കാരിക സംഘടനകളും നിര്‍ലോഭമായ പിന്തുണയും സഹകരണവും നല്‍കി. മതസമുദായങ്ങള്‍ക്കിടയില്‍ സൌഹൃദാന്തരീക്ഷം പുനസ്ഥാപിക്കുന്നതില്‍ വിജയിച്ചിരുന്നില്ലെങ്കില്‍ കേരളം വര്‍ഗീയ കലാപത്തിന്റെ ചുടലക്കളമായി മാറിയേനെ. അന്നത്തെ മുഖ്യമന്ത്രി എ.കെ ആന്റണി, ഏതാനും ഗാന്ധിയന്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സംഭാവനകളും അനുസ്മരിക്കേണ്ടതാണ്. പ്രശ്നത്തില്‍ ജമാഅത്തെ ഇസ്ലാമി വഹിച്ച ക്രിയാത്മകമായ പങ്കിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി സാഹിബിനും മറ്റും നല്ലപോലെ ബോധ്യമുള്ളതാണ്.
സൌഹൃദവേദിയെ ദുര്‍ബലമാക്കിയ ഘടകങ്ങളില്‍ രണ്ടെണ്ണം പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. ഒന്ന്, വേദിക്ക് ജില്ലാ, പ്രാദേശിക തലങ്ങളില്‍ ഘടകങ്ങളും സമിതികളും ഉണ്ടായിരുന്നില്ല. അങ്ങനെ ഉണ്ടാക്കുന്നതില്‍ പല സംഘടനകള്‍ക്കും താല്‍പര്യമില്ലായിരുന്നു. ഉപരിതലത്തില്‍ നേതാക്കന്മാര്‍ തമ്മിലുള്ള ദന്തഗോപുര ചര്‍ച്ചകളുടെ സ്പിരിറ്റ് താഴേ തലങ്ങളിലേക്ക് ഒഴുകി എത്തിയില്ല എന്നതായിരുന്നു ഇതിന്റെ മുഖ്യമായ ദോഷം. അതുണ്ടായിരുന്നുവെങ്കില്‍ കീഴ് ഘടകങ്ങളില്‍നിന്നുള്ള സമ്മര്‍ദശക്തി നേതൃത്വങ്ങള്‍ കണക്കിലെടുക്കേണ്ടി വരുമായിരുന്നു. മുകളില്‍ നേതാക്കന്മാര്‍ തമ്മില്‍ സൌഹൃദം വളര്‍ന്നപ്പോഴും താഴെ തട്ടില്‍ അതൊന്നും അറിയാതെ സംഘടനകള്‍ തമ്മിലുള്ള വൈരവും വൈരാഗ്യവും മാറ്റമില്ലാതെ നിലനില്‍ക്കുകയാണുണ്ടായത്. രണ്ട്, നേതാക്കന്മാരുടെ സൌഹൃദം പോലും അടച്ചിട്ട റൂമുകളിലും നോമ്പു തുറകളിലും ഒതുങ്ങിനിന്നു. സൌഹൃദവുമായി പൊതു രംഗത്തേക്ക് ഇറങ്ങിവരാനും, മുസ്ലിം ബഹുജനത്തിനു മുമ്പാകെ പൊതു സ്റേജില്‍ ഐക്യബോധം തെളിയിക്കാനും നേതാക്കള്‍ക്ക് സന്മനസ്സുണ്ടായില്ല. അഥവാ സംഘടനാ താല്‍പര്യങ്ങളും ഇടുങ്ങിയ മതവീക്ഷണങ്ങളും തടസമായി നിന്നു. സംഘടനകള്‍ക്കിടയില്‍ സംഭവിച്ച പിളര്‍പ്പുകളും ഇതിന് കാരണമായിട്ടുണ്ടാകാം.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഏറ്റവും നല്ല ബന്ധം നിലനിന്ന സന്ദര്‍ഭമായിരുന്നു 'സൌഹൃദവേദി' കാലഘട്ടം. തുടര്‍ച്ചയായ കൂടിക്കാഴ്ചകളും മറയില്ലാത്ത സംഭാഷണങ്ങളും പരസ്പരം അടുത്തറിയാന്‍ ഏറെ സഹായകമായി. വ്യക്തിബന്ധങ്ങളുടെ വളര്‍ച്ച പാര്‍ട്ടി ബന്ധങ്ങളിലേക്കും വളരുക സ്വാഭാവികം. പരസ്പരം ഇടഞ്ഞുനില്‍ക്കുമ്പോള്‍ ആരോപിക്കാറുള്ള 'സൈദ്ധാന്തിക ഭീകരത'യൊന്നും അക്കാലത്ത് ജമാഅത്തെ ഇസ്ലാമിയില്‍ ആരോപിച്ചിരുന്നില്ല. സൌഹൃദവേദിയില്‍ ഐക്യത്തിന് വേണ്ടി വളരെ ഉള്ളുതുറന്ന സമീപനമാണ് ജമാഅത്തിന്റേതെന്ന് ലീഗ് നേതൃത്വത്തിന് നന്നായി ബോധ്യപ്പെട്ടുകാണും.
ലീഗ്-ജമാഅത്ത് നേതാക്കള്‍ തമ്മില്‍ മാത്രമല്ല മറ്റു സംഘടനാ നേതാക്കളുമായും പ്രമുഖ വ്യക്തിത്വങ്ങളുമായും ബന്ധം വളര്‍ത്തുന്നതിന് സൌഹൃദവേദി ഏറെ സഹായകമായിട്ടുണ്ട്.
ഗള്‍ഫാര്‍ മുഹമ്മദലി സാഹിബിനെപ്പോലുള്ള വ്യവസായ പ്രമുഖരാണ് മുസ്ലിം സൌഹൃദവേദിക്ക് മുന്‍കൈയെടുത്തത് എന്ന കാര്യം വിമര്‍ശകര്‍ പരിഹാസപൂര്‍വം പറഞ്ഞുകൊണ്ടിരുന്നതാണ്. എന്നാല്‍ നിലവിലുള്ള മുസ്ലിം സമുദായത്തെ വിലയിരുത്തുന്ന ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്, പൂച്ചക്ക് മണികെട്ടാന്‍ ആരെങ്കിലും മുന്നോട്ടു വരേണ്ടതുണ്ട് എന്നത്. കോഴിക്കോട്ട് പെരുന്നാള്‍ നമസ്കാരം ഏകീകരിക്കാന്‍ നേതൃത്വം വഹിച്ചത് ജില്ലാ കലക്ടര്‍ പി.ബി സലീം ആയിരുന്നല്ലോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുന്‍കൈയെടുത്തതുകൊണ്ടുമാത്രം പെരുന്നാള്‍ കൂട്ടായ്മ പരിഹാസ്യമോ പ്രഹസനമോ ആകേണ്ടതില്ല. മറിച്ച്, ഒരുനല്ല കാര്യത്തിന് മുന്നിട്ടിറങ്ങിയ കലക്ടര്‍ അഭിനന്ദമാണര്‍ഹിക്കുന്നത്. ഇങ്ങനെയൊക്കെയേ നിലവിലുള്ള മുസ്ലിം സമൂഹത്തില്‍ കാര്യങ്ങള്‍ നടപ്പുള്ളൂ എന്ന് മനസിലാക്കുന്നതാണ് പ്രായോഗിക ബുദ്ധി. എന്നാല്‍, സൌഹൃദവേദിയുടെ ഘടനയില്‍ ന്യായീകരണമില്ലാത്ത ചില വിവേചനങ്ങള്‍ ഉണ്ടായിരുന്നതും ദൌര്‍ബല്യത്തിന്റെ ഭാഗമാണ്. ഐ.എന്‍.എല്‍ എന്ന രാഷ്ട്രീയ സംഘടനയുടെ ആദരണീയനായ നേതാവ് ഇബ്റാഹീം സുലൈമാന്‍ സേട്ട് സാഹിബിനെ സൌഹൃദവേദിയിലേക്ക് ക്ഷണിച്ചില്ല എന്നത് ന്യായീകരണമില്ലാത്ത വീഴ്ച തന്നെ. ഇതിന് പറഞ്ഞു കേട്ട കാരണമാകട്ടെ ബാലിശവുമായിരുന്നു. ഐ.എന്‍.എല്‍ ഒരു മുസ്ലിം സംഘടനയാണെന്ന് അവര്‍ തന്നെ അവകാശപ്പെടാത്ത സ്ഥിതിക്ക് എന്തിന് സേട്ട് സാഹിബിനെ ക്ഷണിക്കണം എന്നതായിരുന്നു ന്യായവാദം. ഇതുപക്ഷേ, ലീഗ് രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്ന് ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ.
എന്‍.ഡി.എഫിനെ ബോധപൂര്‍വം അകറ്റി നിര്‍ത്തിയെന്ന് അവര്‍ക്ക് ശക്തിയായ പരാതി ഉണ്ടായിരുന്നു. ഇത് സൌഹൃദവേദിയുടെ നേതൃതലത്തില്‍ ഗൌരവമായി ചര്‍ച്ചക്ക് വരികയും ചെയ്തു. എന്‍.ഡി.എഫിന്റെ നിലവിലുള്ള നയനിലപാടു വെച്ചുകൊണ്ട് അവരെ പങ്കെടുപ്പിക്കുന്നത് തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തുമെന്നായിരുന്നു വേദിയുടെ വിലയിരുത്തല്‍. ആകയാല്‍ എന്‍.ഡി.എഫ് നേതൃത്വവുമായി നേരില്‍ ബന്ധപ്പെട്ട്, അവരുടെ നയ നിലപാടുകളെക്കുറിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തീരുമാനിക്കുകയുണ്ടായി. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ സിദ്ദീഖ് ഹസനും ഞാനും ഉള്‍പ്പെടുന്ന മൂന്നംഗ സംഘം ഇതിനായി നിശ്ചയിക്കപ്പെടുകയുണ്ടായി. ഇപ്പോഴത്തെ ലീഗ് സെക്രട്ടറി കെ.പി.എ മജീദും സന്നിഹിതനായിരുന്നു. സിദ്ദീഖ് ഹസന്‍ സാഹിബും ഞാനും ധരിച്ചത് നയനിലപാട്പരമായി മൌലിക പ്രധാനമായ ചര്‍ച്ചയാണ് എന്‍.ഡി.എഫ് നേതാക്കളുമായി നടക്കുക എന്നായിരുന്നു. അതുകൊണ്ടുതന്നെ വേണ്ടവിധം ഗൃഹപാഠം ചെയ്താണ് ഞങ്ങള്‍ പോയിരുന്നത്. പി. കോയയും ഇ. അബൂബക്കറുമായിരുന്നു എന്‍.ഡി.എഫിനെ പ്രതിനിധീകരിച്ചത്. വര്‍ത്തമാനം ആരംഭിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. ചര്‍ച്ചയുടെ ട്യൂണ്‍ ഞങ്ങള്‍ പ്രതീക്ഷിച്ച വിധത്തിലൊന്നും ആയിരുന്നില്ല. ആകയാല്‍ പ്രത്യേകിച്ച് ഇടപെടേണ്ടിയും വന്നില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളില്‍ ഊന്നിയായിരുന്നു വര്‍ത്തമാനം. അടിസ്ഥാന വിഷയത്തിലായിരുന്നില്ല. ചര്‍ച്ച എന്തുകൊണ്ട് വിജയിച്ചില്ല എന്ന് ആധികാരിമായി പറയേണ്ടത് കുഞ്ഞാലികുട്ടി സാഹിബാണ്.
സൌഹൃദവേദിയെ കാര്യക്ഷമമായി കൊണ്ടുനടത്തുന്നതില്‍ സെക്രട്ടറിമാരായ തൃശൂരിലെ കെ.വി സകീര്‍ സാഹിബും എറണാകുളത്തെ സി.എച്ച് അബ്ദുര്‍റഹീം സാഹിബും വഹിച്ച ആത്മാര്‍ഥമായ സേവനം നന്ദിപൂര്‍വം ഓര്‍മിക്കേണ്ടതുണ്ട്. പലരുടെയും ഐക്യജാടയുടെ പുറംപൂച്ചുകള്‍ കണ്ട് മനം മടുക്കുമ്പോഴും കര്‍ത്തവ്യ നിര്‍വഹണത്തില്‍ നിതാന്ത ജാഗ്രതയും സൂക്ഷ്മതയുമാണ് അവര്‍ പുലര്‍ത്തിപ്പോന്നത്.
കേരള മുസ്ലിം സൌഹൃദവേദി ആ രംഗത്തുള്ള അവസാനത്തെ ശ്രമമാണെന്നോ പോയതിന്റെ പുനസ്ഥാപനം, അഥവാ പുതിയൊരു വേദി സാധ്യമല്ലെന്നോ നിരാശപ്പെടുന്നതിന് അര്‍ഥമില്ല. അവിചാരിതമായ തിരിച്ചടികള്‍ക്കൊപ്പം അപ്രതീക്ഷിതമായ നേട്ടങ്ങളും കണ്ടിട്ടുള്ളതാണ് ഇസ്ലാമിക സമൂഹം.
സൌഹൃദവേദിയില്‍ സുന്നി ഇ.കെ വിഭാഗത്തെ സ്ഥിരമായി പ്രതിനിധീകരിച്ചു വന്നത് നാട്ടിക മൂസാ മൌലവിയും കെ. മമ്മദ് ഫൈസി തിരൂര്‍ക്കാടും ആയിരുന്നു. ഒരിക്കല്‍ മൂസമൌലവിയുമായി വ്യക്തിസംഭാഷണത്തിന് സന്ദര്‍ഭമൊത്തുവന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ കുറ്റ്യാടിയിലെ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹം ഉടന്‍ ക്ഷണം സ്വീകരിക്കുകയാണുണ്ടായത്. ഇത്ര എളുപ്പം ഇത് ഞാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല. എനിക്ക് വലിയ മതിപ്പ് തോന്നി. കുറ്റ്യാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുമ്പോള്‍ അവിടത്തെ ജമാഅത്ത് സ്ഥാപനങ്ങളും ഇ.കെ വിഭാഗത്തിന്റെ സ്ഥാപനങ്ങളും കാണിക്കേണ്ടിവരും. അതിനെക്കുറിച്ചെല്ലാം ആലോചിച്ച് പരിപാടി കാണാന്‍ അല്‍പം സാവകാശം വേണമായിരുന്നു. അതിനിടെയാണ് മൂസാ മൌലവിയുടെ മരണവൃത്താന്തം അറിയുന്നത്.
വ്യക്തി ബന്ധങ്ങള്‍ക്കും സൌഹൃദ സമ്പര്‍ക്കങ്ങള്‍ക്കും ഐക്യബോധം വളര്‍ത്തുന്നതിലുള്ള പങ്ക് പ്രധാനമാണെന്ന് ഈ അനുഭവം ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുകയായിരുന്നു.
കേരള മുസ്ലിം സൌഹൃദവേദിയില്‍ സുന്നി എ.പി വിഭാഗം ഔദ്യോഗികമായി അംഗത്വം സ്വീകരിച്ചിരുന്നില്ല. എങ്കിലും നിരീക്ഷകരായി പ്രതിനിധികളെ അയക്കാറുണ്ടായിരുന്നു.
(തുടരും)
Comments