ഒറ്റപ്പെടേണ്ടത് മര്ദകര്
കഴിഞ്ഞ നവംബര് 30-ന് തമിഴ്നാട്, ബീഹാര്, ദല്ഹി എന്നിവിടങ്ങളില് നിന്നായി 'ഇന്ത്യന് മുജാഹിദീന്റെ ആറ് കൊടും തീവ്രവാദികളെ' ദല്ഹി പോലീസ് പിടികൂടിയ ഉദ്വേഗജനകമായ വാര്ത്ത വന്നു. തുടര്ന്ന് സെന്സേഷനല് സ്റ്റോറികള്, അറസ്റ്റിലായവരുമായി ബന്ധപ്പെട്ട് പോലീസിന്റെ പുതിയ പുതിയ വെളിപ്പെടുത്തലുകള്, അന്വേഷണത്തിന്റെ പേരില് അവരുടെ കുടുംബങ്ങള്ക്കെതിരെയുള്ള പോലീസ് പീഡനം, അയല്ക്കാരെപ്പോലും ഭീതിയിലാഴ്ത്തല്, ചാനല് റിപ്പോര്ട്ടര്മാരുടെ വിശദാംശങ്ങള് വിളിച്ചുകൂവല് എല്ലാം പതിവിന്പടി അരങ്ങേറിക്കൊണ്ടിരുന്നു. ഭീകരന്മാര് രണ്ടു കേന്ദ്രങ്ങളില് നോട്ടമിട്ടിരുന്നതായി ചോദ്യം ചെയ്യലില് പോലീസ് മനസ്സിലാക്കി. ഡിസംബര് 6-ന് വന്തോതിലുള്ള ബോംബ് സ്ഫോടനങ്ങള് നടത്താനായിരുന്നു പദ്ധതി. പൂനെയിലെ ജര്മന് ബേക്കറിയിലുണ്ടായ സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്നത് വിദേശത്താണെന്നും 'വെളിപ്പെട്ടു'. വാര്ത്തകളില് റിപ്പോര്ട്ടര്മാരുടേതായി ഒന്നുമില്ല. ഉള്ളതെല്ലാം പോലീസ് ഭാഷ്യങ്ങള് മാത്രം. പിടിയിലായവരെക്കുറിച്ച് പോലീസ് വെളിപ്പെടുത്തിയ കഥകളിലോ ചുമത്തിയ കുറ്റങ്ങളിലോ പുതുതായൊന്നുമില്ല. പയറ്റുന്നതെല്ലാം പഴയ തന്ത്രങ്ങള് തന്നെ. മുസ്ലിംവിരുദ്ധ വാര്ത്തകള്ക്ക് കാതോര്ത്തിരിക്കുന്നവര്ക്ക് അണ്ണാക്ക് തൊടാതെ വിഴുങ്ങാന് അതുതന്നെ ധാരാളം.
ബുദ്ധിയും വിചാരശേഷിയും ഉപയോഗിച്ച് വാര്ത്തകളിലെ വാസ്തവം തേടുന്നവര്ക്ക് ഇതൊന്നും അത്ര പെട്ടെന്ന് ബോധ്യമാവുകയില്ല. പോലീസ് വെളിപ്പെടുത്തലുകളേറെയും അവരുടെ തൊണ്ടയില് സംശയത്തിന്റെ മുള്ളുകളായി തറഞ്ഞുകിടക്കുകയാണ്. തീവ്രവാദികളുടെ അറസ്റ്റിനു പിറ്റേന്ന് ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ പ്രസ്താവനയും പത്രങ്ങള് പ്രാധാന്യപൂര്വം റിപ്പോര്ട്ട് ചെയ്തിരുന്നു. ആറ് തീവ്രവാദികളെ പിടികൂടിയതിലൂടെ ഇന്ത്യന് മുജാഹിദീന്റെ നെറ്റ്വര്ക്ക് തകര്ക്കാന് പോലീസിനു കഴിഞ്ഞിരിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. ഇത് പ്രശ്നം കൂടുതല് സങ്കീര്ണമാക്കിയതായി തോന്നുന്നു. 2ജി സ്പെക്ട്രം, ലോക്പാല് ബില്, ചില്ലറ വ്യാപാരത്തിലെ വിദേശ നിക്ഷേപം തുടങ്ങി നിരവധി പ്രശ്നങ്ങളില് പെട്ട് വലയുകയാണ് യു.പി.എ സര്ക്കാര്. ഓരോ വിഷയത്തിലും സര്ക്കാര് പ്രതിപക്ഷത്തിന്റെ മുമ്പില് മുട്ടുകുത്തുന്ന അവസ്ഥയാണുള്ളത്. പക്ഷേ, മുജാഹിദീന് നെറ്റ്വര്ക്ക് തകര്ത്ത മഹാ വിജയമൊന്നും ബഹുജനങ്ങളോ പ്രതിപക്ഷമോ കണ്ട ഭാവമില്ല.
ഇന്ത്യന് മുജാഹിദീന് അല്ലെങ്കില് നിരോധിത സിമി പ്രവര്ത്തകര് എന്ന് മുദ്രകുത്തി ഇടക്കിടെ മുസ്ലിം യുവാക്കളെ ജയിലിലടക്കുക ഇന്ത്യന് പോലീസിന്റെ ഒരു ഹോബിയാണ്. രാജ്യത്ത് നടന്ന സകല ഭീകരാക്രമണങ്ങളുടെയും ഉത്തരവാദിത്വം അവരുടെ തലയില് കെട്ടിവെക്കുന്നു. അവരുടെ കുടുംബങ്ങളെയും അയല്ക്കാരെയും വരെ അതിന്റെ പേരില് കഠിനമായി പീഡിപ്പിക്കുന്നു. സംഭവലോകത്ത് ഇന്ത്യന് മുജാഹിദീന് എന്നൊരു സംഘടനയുണ്ടോ എന്നു പോലും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പോലീസ് പക്ഷേ ആ സംഘടനയുടെ 'ആയുധ ഫാക്ടറി' വരെ കണ്ടെത്തിയിരിക്കുന്നു. 2008-ലെ ജയ്പൂര് സ്ഫോടനകേസില് പിടികൂടി തടവിലിട്ട 14 മുസ്ലിം യുവാക്കള് നിരപരാധികളാണെന്ന് കണ്ട് ജയ്പൂര് ഫാസ്റ്റ് ട്രാക് കോടതി വിട്ടയച്ചത് ദല്ഹിയിലെ തീവ്രവാദി അറസ്റ്റിനു ശേഷമാണ്. അതിനു മുമ്പ് മാലേഗാവ്, മക്കാ മസ്ജിദ് സ്ഫോടനങ്ങളുടെ പേരില് തടവിലാക്കിയ മുസ്ലിംകളും നിരപരാധികളാണെന്ന് തെളിഞ്ഞു വിട്ടയക്കപ്പെടുകയുണ്ടായി. കോയമ്പത്തൂര് സ്ഫോടന കേസില് 9 കൊല്ലം ജയിലില് കിടന്ന ശേഷമാണ് അബ്ദുന്നാസിര് മഅ്ദനിയെ കോടതി നിരപരാധിയായി വിധിച്ചത്. ബംഗളുരു സ്ഫോടന കേസില് പ്രതിയാക്കി അദ്ദേഹത്തെ വീണ്ടും ജയിലിലടക്കാന് അതുകൊണ്ടൊന്നും പോലീസിന് ഒരു സങ്കോചവുമുണ്ടായില്ല. മഅ്ദനി ജയിലിലായിരുന്നപ്പോള് കോയമ്പത്തൂര് പ്രസ് ക്ലബ് പരിസരത്ത് ബോംബ് കണ്ടെത്തിയ കേസില് പോലും അദ്ദേഹത്തെ പ്രതിയാക്കാന് തമിഴ്നാട് പോലീസ് ധൃഷ്ടരാവുകയുണ്ടായി. ജയ്പൂര് സ്ഫോടന കേസില് കുറ്റവിമുക്തരായ മുസ്ലിംകള് ഇപ്പോള് മൂന്നു കൊല്ലക്കാലം തങ്ങള് തടവ് ശിക്ഷയനുഭവിച്ചതിന് ഉത്തരവാദികളായ അധികൃതര്ക്കെതിരെ നിയമയുദ്ധത്തിനൊരുങ്ങുകയാണ്. മക്കാ മസ്ജിദ് സ്ഫോടനത്തിന്റെ പേരില് ഏഴു വര്ഷത്തോളം തടവനുഭവിച്ച നിരപരാധികള്ക്ക് ആന്ധ്രാ സര്ക്കാര് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നു. ആന്ധ്ര സര്ക്കാറിന്റെ നീക്കം രാജസ്ഥാന് സര്ക്കാറും പിന്തുടരേണ്ടതാണ്. എന്തു നഷ്ട പരിഹാരം നല്കിയാലും യൗവനത്തിന്റെ സുവര്ണകാലം തടവറയിലിട്ട് പീഡിപ്പിച്ചു പാഴാക്കിയതിനു പകരമാവുകയില്ല. എന്നാല് അതെങ്കിലും ചെയ്യാതിരിക്കുന്നത് കൊടിയ ക്രൂരതയും മനുഷ്യാവകാശങ്ങളോടുള്ള നിന്ദയുമാകും.
ഇരുപതു വര്ഷം മുമ്പ് രാജ്യത്ത് ഇത്തരം അറസ്റ്റുകളേ നടക്കാറുണ്ടായിരുന്നില്ല. അഥവാ അറസ്റ്റുകള് നടന്നാല് തന്നെ സര്ക്കാറിന്റെയും പോലീസിന്റെയും ഉദ്ദേശ്യശുദ്ധിക്കു നേരെ ചോദ്യങ്ങളുയരുകയില്ലായിരുന്നു. അതിനു ശേഷമാണ് ഭീകരവിരുദ്ധ യുദ്ധമെന്ന പേരില് ഇസ്ലാമിനെയും സ്വതന്ത്ര മുസ്ലിം സമൂഹങ്ങളെയും ശിഥിലീകരിക്കുന്ന സംരംഭത്തിന് അമേരിക്ക തുടക്കം കുറിച്ചത്. ഭീകരവിരുദ്ധ യുദ്ധത്തില് ഭാരതവും പങ്കാളിയായതിനെത്തുടര്ന്ന് സി.ഐ.എയും മൊസാദും ഇന്ത്യയുടെ എല്ലാ തലങ്ങളിലും കൈകടത്തിത്തുടങ്ങി. അതോടെ രാജ്യത്ത് ഭീകരാക്രമണങ്ങള് പെരുകി. മാറിയ സാഹചര്യത്തില് ഭീകരത ആരോപിച്ച് മുസ്ലിം യുവാക്കളെ നിര്ബാധം അറസ്റ്റ് ചെയ്യുന്ന പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്സികളുടെയും നേരെ ചോദ്യങ്ങളുയരുന്നുവെങ്കില് അത് അവരുടെ പ്രവര്ത്തനങ്ങളില് ഇടപെടലാകുന്നില്ല. നിരപരാധികളായ യുവാക്കള് അറസ്റ്റ് ചെയ്യപ്പെടുകയും അവരുടെ കുടുംബങ്ങള് പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോള് 'അതെന്തെങ്കിലുമായിക്കൊള്ളട്ടെ, നമ്മള് സുരക്ഷിതരാണല്ലോ' എന്നു കരുതി മിണ്ടാതിരിക്കുന്ന നിലപാട് സമുദായം പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. അന്യായമായി തടവിലാകുന്നവരും അവരുടെ കുടുംബങ്ങളും ഒറ്റപ്പെട്ടുകൂടാ. അവരെ അനുകമ്പയോടെ വീക്ഷിക്കാനും സഹായിക്കാനും സമൂഹം തയാറാകണം. മര്ദിതരല്ല; മര്ദകരാണ് ഒറ്റപ്പെടേണ്ടത്. ഇല്ലെങ്കില് നാളെ ഈ ചങ്ങലകള് നമ്മുടെ കൈകള്ക്കു നേരെയും നീണ്ടുവരും.
Comments