ചിഹ്നം
(കവിത)
ഇന്ന്
അല്‍പം വൈകിയാണ്
ട്രെയ്ന്‍ വന്നത്
തിക്കാതെ, തിരക്കാതെ
നമ്മള്‍
ഓരോരുത്തരായി
വണ്ടിയില്‍ കയറി
നമ്മള്‍ ഒരേ നാട്ടുകാരല്ല,
ഭാഷക്കാരല്ല,
ജാതിക്കാരും മതക്കാരുമല്ല.
പല ദിക്കില്‍ നിന്നും
പല വിധത്തില്‍
സ്റ്റേഷനിലെത്തിയവര്‍.
പിന്നെ,
നമ്മള്‍ എന്ന് പറഞ്ഞതിന്റെ സാരം
ഒരേ കമ്പാര്‍ട്ടുമെന്റില്‍
റിസര്‍വേഷനുള്ളവര്‍,
ഒരേ ദിശയിലേക്ക്
യാത്ര ചെയ്യുന്നവര്‍ എന്നു മാത്രം.
കയറിയവര്‍ കയറിയവര്‍
അവരവരുടെ സീറ്റില്‍
ഇരിപ്പുറപ്പിച്ചു.
ചായച്ചൂടിനേക്കാള്‍
കടുപ്പമുണ്ടായിരുന്നു ചര്‍ച്ചയ്ക്ക്,
രാഷ്ട്രീയവും കലയും സാഹിത്യവും
വിശപ്പും പട്ടിണിയും ധൂര്‍ത്തും
എല്ലാം എളുപ്പമെളുപ്പം
വെന്തു കൊണ്ടിരുന്നു
ഇപ്പോള്‍
സീറ്റുകള്‍ക്ക് നമ്പറുകളില്ല,
അല്ല
നമ്പറുകളില്‍ ആളുകളില്ല,
എല്ലാവര്‍ക്കും ഒറ്റ നമ്പര്‍
ഒരു കൂണ്‍ കൂട്ടം പോലെ
ഒരിടത്ത് ഒരു പാട് പേര്‍
ഇതിനിടെയാണ്
അയാള്‍ വന്ന്
പലതരം കീ ചെയ്‌നുകളുമായി
അതില്‍
ചന്ദ്രക്കലയുണ്ട്, കുരിശുണ്ട്
ഓംകാരമുണ്ട്
അമ്പലവും പള്ളിയും
ചര്‍ച്ചുമുണ്ട്
ചെഗുവേരയും സവര്‍ക്കറുമുണ്ട്
ഓരോരുത്തരും
തങ്ങള്‍ക്ക് വേണ്ടതെടുത്ത്
അവരവരുടെ
നമ്പറുകളിലേക്ക് മടങ്ങി.
ഇപ്പോള്‍ നമ്മള്‍
പലദേശക്കാരാണ്
ജാതിക്കാരാണ്
മതക്കാരാണ്
ഭാഷക്കാരാണ്
ഇപ്പോള്‍ തെളിഞ്ഞു കാണുന്നത്
ഓരോരുത്തരുടേയും
പേരും കുറിയും
നമ്പറുമാണ്
ഇറങ്ങാന്‍ നേരമവള്‍ വന്നു
ഒരു പാട്ടുകാരി....
അവള്‍ മൃദുലതാളത്തില്‍
പാടിത്തുടങ്ങി...
ഹേ മെരേ
ഹം സഫര്‍....
അവളുടെ മുഖത്ത്
കഷ്ടപ്പാടിന്റെ ദൈന്യതയുണ്ട്
വറുതിയുടെ വിളര്‍ച്ചയുണ്ട്
എങ്കിലും
അവളുടെ പാട്ടിന്
ഒരു ശക്തിയുണ്ടായിരുന്നു
നമ്മെ കൂണ്‍ കൂട്ടം പോലെ
ഒരുമിപ്പിക്കാനുള്ള മഹാശക്തി.
Comments