Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

റോഹിങ്ക്യന്‍ അഭയാര്‍ഥി പ്രശ്‌നത്തിലെ ഇരട്ടത്താപ്പ്

1991-ല്‍ ഓങ് സാങ് സൂചിക്ക് നല്‍കിയ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന കാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതിനു വേണ്ടി ലക്ഷക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ചുകഴിഞ്ഞു. ഹോളിവുഡ് നടന്മാര്‍ വരെ ആ കാമ്പയിനില്‍ പങ്കാളികളാണ്. ഒരുകാലത്ത് പീഡിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊണ്ട വനിതയാണ് മ്യാന്മറിലെ ഓങ് സാങ് സൂചി. ഇന്നവര്‍ മറുകണ്ടം ചാടിയിരിക്കുന്നു. സൂചി ഇപ്പോള്‍ മ്യാന്മറിന്റെ സ്റ്റേറ്റ് കൗണ്‍സിലറാണ്; ഫലത്തില്‍ പ്രധാനമന്ത്രി തന്നെ. മ്യാന്മറിലെ പടിഞ്ഞാറന്‍ തീരദേശ സംസ്ഥാനമായ റാഖിനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്നുവരുന്ന വംശഹത്യ സൂചി അധികാരമേറ്റെടുത്ത ശേഷം കൂടുതല്‍ വ്യവസ്ഥാപിതമായി എന്നു പോലും പറയാവുന്ന നിലയിലാണ്. കഴിഞ്ഞ ആഗസ്റ്റ് ആദ്യ വാരത്തിലായിരുന്നു വംശഹത്യാ പരമ്പരയിലെ ഏറ്റവുമൊടുവിലത്തെ എപ്പിസോഡ്. ഇത്തവണയും 'റോഹിങ്ക്യന്‍ ഭീകരവാദികള്‍' പട്ടാളത്തെ ആക്രമിച്ചു എന്ന് ആരോപിച്ചാണ്, പൗരത്വം പോലും നിഷേധിക്കപ്പെട്ട റോഹിങ്ക്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാനും അവരുടെ ആവാസ സ്ഥലങ്ങള്‍ അഗ്നിക്കിരയാക്കാനും തുടങ്ങിയത്. ഈയൊരൊറ്റ മാസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം റോഹിങ്ക്യകളാണ് ജീവനും കൊണ്ടോടി ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. ലോകവും ലോക വേദികളുമൊക്കെ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ വംശഹത്യ നിസ്സംഗമായി കണ്ടുനില്‍ക്കുക മാത്രം ചെയ്യുന്നു. അത്യന്തം ദുര്‍ബലമായിക്കഴിഞ്ഞ ഐക്യരാഷ്ട്രസഭക്ക് പതിവുപോലെ പ്രസ്താവനകളിറക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. വന്‍ശക്തികളുടെ അജണ്ടകളിലൊന്നും ഇങ്ങനെയൊരു പ്രശ്‌നം കടന്നുവരുന്നേയില്ല. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെപ്പോലുള്ള ചില നേതാക്കള്‍ മാത്രമാണ് റോഹിങ്ക്യന്‍ പീഡിത ജനതക്ക് ആശ്വാസമാകുന്ന ചില നടപടികളെങ്കിലും സ്വീകരിച്ചത്.

ഈയൊരു പശ്ചാത്തലത്തിലാണ് സൂചിക്ക് നല്‍കിയ നോബല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാകുന്നത്. സമാധാനത്തിന് നല്‍കപ്പെട്ട ഒരു പുരസ്‌കാരവും നോബല്‍ സമിതി ഇന്നേവരെ തിരിച്ചെടുത്തിട്ടില്ല. സൂചിക്ക് നല്‍കിയ സമ്മാനവും തിരിച്ചെടുക്കുകയില്ല എന്നവര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. കാമ്പയിന്‍ നടത്തുന്നവര്‍ക്ക് അതറിയുകയും ചെയ്യാം. അത്തരമൊരു പുരസ്‌കാരം കൈയില്‍ വെച്ചുകൊണ്ടിരിക്കാന്‍, വംശഹത്യ തടയാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സൂചിക്ക് ധാര്‍മികമായി അവകാശമില്ല എന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് കാമ്പയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. മനുഷ്യാവകാശങ്ങളെയോ അന്താരാഷ്ട്ര നിയമങ്ങളെയോ തെല്ലുപോലും മാനിക്കാത്ത സൂചിയുടെ തനിനിറം വെളിച്ചത്തു കൊണ്ടുവരാന്‍ അതിലൂടെ സാധിച്ചിട്ടുമുണ്ട്.

മുഖം രക്ഷിക്കാന്‍ കള്ളപ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് സൂചി ഗവണ്‍മെന്റ്. 'റോഹിങ്ക്യന്‍ ഭീകരവാദികള്‍'’ആണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണക്കാര്‍ എന്ന് വരുത്തിത്തീര്‍ക്കുന്നു. കലാപ ബാധിത പ്രദേശങ്ങളിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല, ഐക്യരാഷ്ട്രസഭാ പ്രതിനിധികള്‍ക്കു വരെ പ്രവേശനമില്ലാത്തതുകൊണ്ട് ഔദ്യോഗിക ഏജന്‍സികള്‍ പുറത്തുവിടുന്ന വ്യാജവാര്‍ത്തകള്‍ക്ക് എളുപ്പം സ്വീകാര്യത ലഭിക്കുന്നു. നേരത്തേ അല്‍ യഖീന്‍ ഫെയ്ത്ത് മൂവ്‌മെന്റ് എന്നറിയപ്പെട്ടിരുന്ന അറാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മിയെ പറ്റിയാണ് ഔദ്യോഗിക ഏജന്‍സികള്‍ വാര്‍ത്തകള്‍ പടച്ചുവിടുന്നത്. ഒരുതരത്തിലുള്ള ഭീകര പ്രവര്‍ത്തനവും തങ്ങളുടെ അജണ്ടയിലില്ലെന്നും തങ്ങളുടെ ജനതക്ക് ലഭിക്കേണ്ട നിയമാനുസൃത അവകാശങ്ങള്‍ക്കു വേണ്ടി പോരാടുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അത്തരം ചെറുത്തുനില്‍പുകള്‍ അന്താരാഷ്ട്ര നിയമത്തില്‍ അംഗീകരിക്കപ്പെട്ടതുമാണ്.

നമ്മുടെ രാജ്യത്തും റോഹിങ്ക്യന്‍ അഭയാര്‍ഥികളുണ്ട്. മുന്‍ ഭരണകൂടങ്ങള്‍ ഏറക്കുറെ അനുഭാവപൂര്‍ണമായ നിലപാടാണ് അവരുടെ കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. ഭരണത്തില്‍ ഫാഷിസ്റ്റ് ശക്തികള്‍ പിടിമുറുക്കിയതോടെ ആ നിലപാടിലും കാര്യമായ മാറ്റം വന്നിരിക്കുകയാണ്. ഇന്ത്യയിലെ നഗരപ്രാന്തങ്ങളില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെ ടെന്റുകള്‍ക്കത്ത് കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ നാടുകടത്തുമെന്ന് കേന്ദ്രമന്ത്രി വരെ പ്രസ്താവനയിറക്കിക്കഴിഞ്ഞു.

ഈ നീക്കത്തിനെതിരെ റോഹിങ്ക്യകള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ നീതിപീഠം വിധി പറയാനിരിക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ മാത്രമല്ല, ദേശീയതലത്തിലും റോഹിങ്ക്യന്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അഭയാര്‍ഥികളില്‍ മിക്കവരും നിയമാനുസൃതമായല്ല ഇന്ത്യയില്‍ തങ്ങുന്നതെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മുസ്‌ലിംകളല്ലാത്ത അഭയാര്‍ഥികളുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് നയം മറ്റൊന്നാണെന്നും ഇതിനകം വ്യക്തമായതാണ്. ഈ ഇരട്ടത്താപ്പും തിരിച്ചറിയപ്പെടേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍