Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

ദേരകളും സിഖ്മതത്തിന്റെ ഹിന്ദുത്വവല്‍ക്കരണവും

എ. റശീദുദ്ദീന്‍

നീതിപീഠങ്ങള്‍ക്കു പോലും ഇത്രയും കാലം മുറിച്ചുമാറ്റാന്‍ ധൈര്യമില്ലാത്ത വന്മരമായി ദേരാ സച്ചാ സൗദാ അധിപന്‍ ഗുര്‍മീത് റാം റഹീം സിംഗ് പഞ്ചാബ്-ഹരിയാന സംസ്ഥാനങ്ങളില്‍ പടര്‍ന്നു പന്തലിച്ച സാഹചര്യം എന്തായിരുന്നു? 800-ലേറെ ഗ്രാമങ്ങളില്‍ പരന്നു കിടക്കുന്ന, ഇന്ത്യക്കകത്തും പുറത്തുമായി നാലരക്കോടിയിലേറെ അനുയായികളുള്ള ഒരു വമ്പന്‍ പ്രസ്ഥാനമായിരുന്നല്ലോ ഗുര്‍മീതിന്റേത്. സിഖ്മതത്തിന്റെ സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ചോദ്യം. പ്രത്യേകിച്ചും ഈ സംസ്ഥാനങ്ങളില്‍ ഇന്നുള്ള 9000-ത്തില്‍പരം സിഖ് ദേരകളും അവ കൈയടക്കിവെക്കുന്ന ആള്‍ദൈവങ്ങളും സിഖ്മതത്തിലെ ജാതീയതയെ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്ന ചോദ്യം. എക്കാലത്തും ജീവിച്ചിരിക്കുന്നത് ഗുരു ഗ്രന്ഥ് സാഹിബ് മാത്രമാണെന്നും തനിക്കു ശേഷം പതിനൊന്നാമത്തെ ഗുരുവായി സിഖ് സമുദായത്തെ നയിക്കേണ്ടത് ഗ്രന്ഥമാണെന്നും പറഞ്ഞുവെച്ച ഗോബിന്ദ് സിംഗിനെയാണ് ഈ ദേരകള്‍ തത്ത്വത്തില്‍ ചോദ്യം ചെയ്യുന്നത്. ഇവരുയര്‍ത്തുന്ന സാമൂഹിക പ്രശ്നങ്ങളെ നേരിടാനുള്ള ശേഷി സിഖ്മതത്തിന് നഷ്ടപ്പെടുകയും രാഷ്ട്രീയ നേതാക്കള്‍ വോട്ട്ബാങ്കിനുള്ള കുറുക്കുവഴിയായി ഈ ദേരകളെ മാറ്റിയെടുക്കുകയും ചെയ്തതോടെയാണ് ഗുര്‍മീതുകളെ പോലുള്ള ആള്‍ദൈവങ്ങള്‍ കൊമേഴ്സ്യല്‍ ഗുരുക്കന്മാരായി മാനം മുട്ടെ വളര്‍ന്നത്. ഗുര്‍മീതിനോളം പോരില്ലെങ്കിലും കോടികളുടെ ബാങ്ക് ബാലന്‍സും ലാന്റ്‌റോവര്‍ കാറുകളും ഹാലി ഡേവിഡ്സണ്‍ ബൈക്കുകളും യന്ത്രത്തോക്കേന്തിയ ഗുണ്ടകളുമൊക്കെ എല്ലാ ദേരകളിലും ചില്ലറ രൂപഭാവവ്യത്യാസങ്ങളോടെയാണെങ്കിലും  കാണാനാവും. അവരുടെയെല്ലാം ഉമ്മറപ്പടിയില്‍ അവിടെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങിക്കൊണ്ടിരിക്കുന്ന നേതാക്കന്മാരുടെ മുഴുനീള ചിത്രങ്ങളുമുണ്ടാകും.  

അനുദിനം ക്ഷയിക്കുന്ന സിഖ്മതത്തെ അകത്തുനിന്നും ശക്തിപ്പെടുത്താനാവാതെ വിയര്‍ത്ത ഗുര്‍ചരണ്‍ സിംഗ് തോറയെ പോലുള്ള ശിരോമണി ഗുരുദ്വാരാ പ്രബന്ധക് കമ്മിറ്റി അധ്യക്ഷന്മാരായിരുന്നു ഈ ദുരന്തത്തിന്റെ മുഖ്യ കാരണക്കാര്‍. ഖലിസ്ഥാന്‍ തീവ്രവാദികള്‍ പറഞ്ഞവസാനിപ്പിച്ച കാര്യങ്ങള്‍ പേശീബലം ഉപയോഗിച്ചും അല്ലാതെയും പറയുന്ന ദേരകളെ ബുദ്ധിപരമായി നേരിടുന്നതില്‍ അകാല്‍ തഖ്തും എസ്.ജി.പി.സിയും സമ്പൂര്‍ണ പരാജയമായി മാറി. കാണാമറയത്തെ അരൂപിയായ ദൈവം എന്നതിലുപരി ജനത്തിന്റെ കണ്‍കണ്ട വിമോചകരായി ഈ ആള്‍ദൈവങ്ങള്‍ മാറുന്നത്, ഒരേസമയം പഞ്ചാബില്‍ സിഖ്മതത്തിനും ഒപ്പം സംസ്ഥാനത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയില്‍നിന്ന് വളം വലിച്ചെടുത്തായിരുന്നു. സിഖ്മതത്തിലേക്ക് ഹിന്ദുമതം നുഴഞ്ഞുകയറാന്‍ തുടങ്ങിയപ്പോഴായിരുന്നല്ലോ 1980-കളില്‍ ഇന്ത്യയെ തന്നെ പിടിച്ചു കുലുക്കിയ പഞ്ചാബ് തീവ്രവാദത്തിന്റെ തുടക്കം. ഇപ്പോഴും ആര്‍.എസ്.എസിന്റെ ഒത്താശയാടെ സിഖ്മതത്തിന്റെ ഹൈന്ദവവല്‍ക്കരണം നടന്നുവരുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലുമായി ബാഹ്യമായ സിഖ്മത ചിഹ്നങ്ങളുള്ള രണ്ടായിരത്തില്‍പരം ദേരകള്‍ ഹിന്ദുമതത്തിന്റേതായുണ്ട്. ഗുര്‍മീതിനെയും നിരങ്കാരികളെയും പോലുള്ളവര്‍ സിഖ്മതത്തെ തകര്‍ക്കാനിറങ്ങിയ ദേരകളാണെന്നാണ് എസ്.ജി.പി.സിയുടെ സ്വകാര്യ നിലപാട്. പക്ഷേ 2009-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും അകാലിദളും സഖ്യമുണ്ടാക്കിയതോടെ ദേരാ സച്ചാ സൗദ അധ്യക്ഷന്‍ ഗുര്‍മീത് റാം റഹീമിന് എസ്.ജി.പി.സി പരസ്യമായി പൊറുത്തുകൊടുക്കേണ്ടിവന്നു.  ജാതി നിര്‍മാര്‍ജനത്തിന്റെ പേരില്‍ ഗുര്‍മീത് സിംഗ് സിര്‍സയിലെ സച്ചാ സൗദാ ആശ്രമത്തില്‍ 'ജാമെ ഖല്‍സ' നടത്തിയതായിരുന്നു ഇരു കൂട്ടര്‍ക്കുമിടയിലെ പ്രധാന ഏറ്റുമുട്ടല്‍. ഗുരു ഗോബിന്ദ് സിംഗ് അനുയായികളില്‍ ചിലരെ പ്രത്യേക പോരാളികളായി തെരഞ്ഞെടുത്ത ചടങ്ങിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഗുരുവിന്റെ അതേ വേഷം കെട്ടിയാണ് ഈ ചടങ്ങ് നടത്തിയത്. അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് 2011-ല്‍ പഞ്ചാബ് കത്തിയെരിയാനുണ്ടായ കാരണം. ഗുരുവിന്റെ ഖല്‍സയെ അപമാനിച്ച ഗുര്‍മീതിനെ കൊല്ലുമെന്ന് സിഖ് തീവ്രവാദികള്‍ ഭീഷണി മുഴക്കിയെങ്കിലും എസ്.ജി.പി.സി ഇടപെട്ട് അവരെ തണുപ്പിച്ചു. ഈ വേഷംകെട്ടലായിരുന്നു ഗുര്‍മീതിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിക്കാനുണ്ടായ കാരണം തന്നെ.  

സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ എന്തായിരുന്നാലും ഗുര്‍മീതിന്റെ ചൂഷണം ക്രൂരതയുടെ ഒരു അളവുകോലുകള്‍ക്കും വഴങ്ങുന്നതായിരുന്നില്ല. ഏറ്റവുമൊടുവില്‍ ടൈംസ് നൗ പുറത്തുവിട്ട ബിയാന്ത് സിംഗ് എന്ന ഗുര്‍മീതിന്റെ മുന്‍ സുരക്ഷാ ഭടന്റെ  മൊഴിയില്‍ ബലാത്സംഗങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമപ്പുറം ദേരാ സച്ചാ സൗദയിലെ ഷണ്ഡീകരിക്കപ്പെട്ട പുരുഷന്മാരെ കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളുമുണ്ട്. ജീവിതത്തില്‍ ഒരിക്കലും ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടാനാവാത്ത വിധം അവിടത്തെ സ്ഥിരം അന്തേവാസികളുടെയെല്ലാം വൃഷണം ഡോക്ടര്‍മാരെ ഉപയോഗിച്ച് നീക്കം ചെയ്തിട്ടുണ്ടത്രെ. ഗുര്‍മീതിന്റെ രക്തത്തുള്ളി റൂഹ് ഹഫ്സയില്‍ മയക്കുമരുന്നിനൊപ്പം കലക്കിയാണ് ഈ കൃത്യത്തിനായി അന്തേവാസികളെ പിടികൂടിയിരുന്നതത്രെ. ഇതേ 'ഗുരു' ആശ്രമവാസികളായ സ്ത്രീകളില്‍ 90 ശതമാനത്തെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായും ബിയാന്ത് പറയുന്നു. ദൈവമാണ് തങ്ങളെ ഉപയോഗിക്കുന്നതെന്നും അവിഹിത വേഴ്ചയിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ദൈവത്തിന്റേതാണെന്നും വിശ്വസിച്ചാണ് ഈ സ്ത്രീകള്‍ വഴങ്ങിക്കൊടുക്കുന്നത്. ദേരയുടെ പിന്തുടര്‍ച്ചക്കാരിയാവുമെന്ന് പറയപ്പെടുന്ന ഹണിപ്രീത് ഇന്‍സാന്‍ ധനാഢ്യനായ ഒരു ഭക്തന്റെ ഭാര്യയും രണ്ടു മക്കളുടെ അമ്മയുമാണെന്നും ഇവരെ ഭീഷണിപ്പെടുത്തിയാണ് ഗുര്‍മീത് സ്വന്തമാക്കിയതെന്നും ബിയാന്ത് പറയുന്നു. ഹണിയെ ദത്തുമകളായല്ല ഗുര്‍മീത് ഉപയോഗിക്കുന്നതെന്നും ഈ സുരക്ഷാ ഭടന്റെ വെളിപ്പെടുത്തലിലുണ്ട്. 1995-ല്‍ മൗണ്ട് ആബുവില്‍ വെച്ച് പതിനാറുകാരിയായ ഒരു പെണ്‍കുട്ടിയെ മണിക്കൂറുകള്‍ ബലാത്സംഗം ചെയ്ത വിവരവും ഇക്കൂട്ടത്തിലുണ്ട്. ആ പെണ്‍കുട്ടി ഇപ്പോഴും ദേരയിലെ തടവുകാരിയാണത്രെ. ആരും മൊഴി നല്‍കാനില്ലാത്തതുകൊണ്ട് ഈ കടുംകൈകള്‍ നിയമത്തിന്റെ മുമ്പില്‍ ഇന്നേവരെ എത്തിയിട്ടില്ല എന്നു മാത്രം. എന്തെങ്കിലും കണ്ടെത്തിയവരെയും ഗുര്‍മീതിനെ കുറിച്ച യാഥാര്‍ഥ്യം പുറത്തു പറഞ്ഞവരെയും ദേരക്കകത്ത് കൊന്നു കുഴിച്ചുമൂടിയതിന്റെ വിശദാംശങ്ങളും ഈ മൊഴിയിലുണ്ട്. 

യഥാര്‍ഥ ദൈവം കരുണാമയനാണെങ്കില്‍ ദേരാ സച്ചാ സൗദയിലെ ദൈവം കാമഭ്രാന്തനും കൊലയാളിയുമായിരുന്നു. തിന്മയെ പല അവതാരങ്ങളായി രൂപം പൂണ്ട് തച്ചു തകര്‍ക്കുന്നവനും പാവങ്ങളെ രക്ഷിക്കുന്നവനുമൊക്കെയായി തന്നെ കുറിച്ച നാലാംകിട സിനിമകള്‍ പുറത്തിറക്കി അതിലൂടെ പോലും കോടികള്‍ സമ്പാദിക്കുന്ന ഗുര്‍മീതായിരുന്നു എന്നിട്ടും ഇത്രയും കാലം വിജയിച്ചത്. എഴുത്തും വായനയും ചിന്താശേഷിയുമില്ലാത്ത ഒരു ജനക്കൂട്ടത്തെ അവരനുഭവിക്കുന്ന കഷ്ടപ്പാടുകളുടെ പേരില്‍ ചൂഷണം ചെയ്യുകയും ഒപ്പം സിഖ്മതത്തെ തകര്‍ക്കാന്‍ ആരുടെയോ ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ചെയ്ത രാക്ഷസജന്മമായിരുന്നു ഗുര്‍മീതിന്റേത്. തന്നോടൊപ്പം നിന്നവരുടെ സാമൂഹിക സാഹചര്യങ്ങള്‍ അവരുടെ പേരിന്റെ അറ്റത്തെ ജാതി സൂചിപ്പിക്കുന്ന വാല്‍ മാറ്റി  ഇന്‍സാന്‍ എന്നു തിരുത്തിയിട്ടാല്‍ തീരുമെന്നായിരുന്നു ഗുര്‍മീതിന്റെ സിദ്ധാന്തം. സാമൂഹികമായി പഞ്ചാബിലെയും ഹരിയാനയിലെയും ദലിതര്‍ക്ക് ഒരു മാറ്റവും ഇതിലൂടെ ഉണ്ടായിട്ടില്ല. ലാലു പ്രസാദ് യാദവിന് ബിഹാറിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സാധിച്ച സാമൂഹിക വിപ്ലവത്തിന്റെ പതിനേഴയലത്തു പോലും ഇയാളില്ല. പക്ഷേ ദൈവമാണെന്ന് അതിസമര്‍ഥമായി ഒപ്പമുള്ളവരെ വിശ്വസിപ്പിക്കാന്‍ ഗുര്‍മീതിനു കഴിഞ്ഞു. സിഖ്മതത്തില്‍ ഇത്തരമൊരു സങ്കല്‍പ്പം തന്നെ അസ്വീകാര്യമായിരുന്നു. 

ദേര സച്ചാ സൗദയെയോ അതുപോലുള്ള മറ്റേതെങ്കിലും ദേരയെയോ മതപരമായോ രാഷ്ട്രീയമായോ ചെറുക്കാന്‍ എന്നിട്ടും സിഖ്മതത്തിനായില്ല. ഗുരുദ്വാരകളില്‍ ഗ്രന്ഥ് സാഹിബ് കാലത്തും വൈകീട്ടും പാരായണം ചെയ്യുന്നുണ്ടെങ്കിലും അതല്ല ഇന്ന് സിഖ് മതത്തിന് വഴികാട്ടുന്നത്. ജത്തേദാര്‍മാരും പ്രബന്ധക് കമ്മിറ്റികളുമൊക്കെ ചേര്‍ന്ന് ജാതീയതയെ ശക്തിപ്പെടുത്തുകയും താഴെത്തട്ടിലുള്ള സമൂഹങ്ങള്‍ക്കു മേല്‍ ജാത്യാധിഷ്ഠിതമായി തൊഴിലുകള്‍ അടിച്ചേല്‍പ്പിക്കുകയുമാണ് നടപ്പു യാഥാര്‍ഥ്യം. ഗുരുദ്വാരകളിലെ തൊഴില്‍ വിഭജനങ്ങളില്‍ പോലും ഇതുണ്ട്.  എന്നാല്‍ ആണും പെണ്ണുമായി രണ്ടേ രണ്ട് ജാതികളെ മാത്രമാണ് സ്ഥാപകാചാര്യനായ ഗുരു നാനാക് സിഖ് മതത്തിന് കല്‍പ്പിച്ചു നല്‍കിയിരുന്നത്. എല്ലാ മതങ്ങളിലെയും തനിക്ക് നല്ലതെന്ന് തോന്നിയ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മതമുണ്ടാക്കിയ ഗുരു ഇസ്ലാമില്‍നിന്നായിരുന്നു കൂടുതലും കടംകൊണ്ടത്. ഗ്രന്ഥത്തിലുള്ള വിശ്വാസവും എല്ലാ മനുഷ്യരും തുല്യരാണെന്ന സിദ്ധാന്തവും ദൈവം അരൂപിയാണെന്ന സങ്കല്‍പ്പവുമൊക്കെ അങ്ങനെ സിഖ്മതത്തിന്റേതു കൂടിയായി മാറി. പുരുഷന്മാരെ സിംഗ് എന്നും സ്ത്രീകളെ കൗര്‍ എന്നും വിളിക്കാന്‍ ഉപദേശിച്ച ഗുരു നാനാക്കിന്റെ മതത്തില്‍ കൃപാണും തലപ്പാവും താടിയും തലമുടിയുമൊഴികെ ബാക്കിയുള്ള സിഖു തനിമകള്‍ നഷ്ടപ്പെടുന്നതും പകരം ഹിന്ദു മതാചാരങ്ങള്‍ കടന്നുകയറുന്നതുമാണ് പിന്നീട് കാണാനുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആള്‍ദൈവ സങ്കല്‍പ്പം. ശരീരമുള്ള ഒരു ഗുരുവും ഇനി വരാനില്ലെന്ന അവസാനത്തെ ഗുരു ഗോബിന്ദ് സിംഗിന്റെ പ്രവചനത്തെയാണ് ദേരകള്‍ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നത്.   

മഹാരാജാ രഞ്ജിത് സിംഗിന്റെ മരണശേഷം ഹിന്ദു ആചാരങ്ങളിലേക്ക് വഴിതെറ്റാന്‍ തുടങ്ങിയ സിഖ് മതത്തെ നിരവധി ആചാര്യന്മാര്‍ പരിഷ്‌കരണ സംരംഭങ്ങളിലൂടെ മുന്നോട്ടു നയിച്ചതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ മിക്ക ദേരകളും. പക്ഷേ അവക്കകത്തേക്ക് അതിസമര്‍ഥമായി ഹിന്ദുമതം വീണ്ടും നുഴഞ്ഞുകയറി. രൂപങ്ങളില്ലാത്ത ദൈവത്തെ ആരാധിക്കാനായി ബാബാ ദയാല്‍ദാസ് ആണ് നിരങ്കാരി പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. എന്നിട്ടും സിഖ്മത സങ്കല്‍പ്പങ്ങളിലില്ലാത്ത രീതിയില്‍ അഗ്നി പൂജയും പ്രതീക പൂജയുമൊക്കെ നിരങ്കാരികളിലേക്ക് കാലക്രമത്തില്‍ കുടിയേറി. വ്യാജന്മാര്‍ എന്ന അര്‍ഥത്തിലാണ് സിഖ്കാര്‍ പുതിയ കാലത്തെ നിരങ്കാരികളെ നഖ്ലി എന്നു വിശേഷിപ്പിക്കുന്നത്. സവിശേഷമായി പൂജിച്ച താവീസുകള്‍ ധരിക്കുന്ന രാധാസ്വാമി സത്സംഘ് ഹൈന്ദവ സങ്കല്‍പ്പങ്ങള്‍ നേര്‍ക്കുനേരെ കടംകൊണ്ട മറ്റൊരു കൂട്ടരാണ്. പൂണൂല്‍ ധരിക്കരുതെന്ന് കര്‍ശനമായി നാനാക്ക് എടുത്തു പറഞ്ഞു വിലക്കിയില്ലെങ്കില്‍ ഇപ്പോഴത്തെ സിഖ് 'ബ്രാഹ്മണര്‍' അതു പോലും ചെയ്യുമായിരുന്നു. എന്നാല്‍ കോഹ്ലിയും ബ്രാറും ഗില്ലും ഭക്ഷിയും ചൗളയും സന്ധുവുമൊക്കെയായി ഹിന്ദുമതത്തെ വെല്ലുന്ന രീതിയില്‍ പലതരം ജാതികളും ഉപജാതികളും പില്‍ക്കാല സിഖ്മതത്തില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ ഇന്ന് കാനേഷുമാരി കണക്കുകള്‍ പ്രകാരം ഏറ്റവുമധികം ദലിതരുള്ള സംസ്ഥാനമായി പഞ്ചാബ് മാറി. എന്നാല്‍ അവരുടെ മതത്തിന്റെ തത്ത്വമനുസരിച്ച് അവിടെ അങ്ങനെയൊരു ഏര്‍പ്പാടേ ഉണ്ടാവരുതായിരുന്നു. ഓരോ ജാതിക്കും അവരുടേതായ ഗുരുദ്വാരകള്‍ മാത്രമല്ല ഖല്‍സാ കമ്മിറ്റികള്‍ പോലും ഇന്നത്തെ പഞ്ചാബിലുണ്ട്. 

ദേരാ സന്ത് നിരങ്കാരി, ദേരാ കുക്കാസ് എന്ന നാംധാരി സമൂഹം, ദേരാ നൂര്‍മഹല്‍, ദേരാ ബിയാസ് എന്ന രാധാസ്വാമി സത്സംഘ്, ദേരാ സച്ച്ഘണ്ട് ബല്ലന്‍, ദേരാ ബൈനിയാവാല, ദേരാ ബാബാ ജതാനാ തുടങ്ങി എണ്ണമറ്റ ദേരകളാണ് ഇന്ന് പഞ്ചാബിലുള്ളത്. മുസ്ലിം സിദ്ധനായ ബാബാ മുറാദിന്റെ പേരില്‍ പോലും ജലന്ധറിനു സമീപം ഒരു ദേരയുണ്ട്. അറിയപ്പെടാത്ത ആയിരക്കണക്കിന് ചെറു സംഘങ്ങള്‍ വേറെയും. സിഖ്മതത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെങ്കിലും ദല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നിരങ്കാരി സമൂഹം തന്നെയാണ് ഇപ്പോഴും പഞ്ചാബിലെ പ്രധാനപ്പെട്ട ദേര. ഇവര്‍ക്കിടയിലെ കുടിപ്പകയും പരമ്പരാഗത സിഖ്മതത്തിന് ഇക്കൂട്ടരോടുള്ള എതിര്‍പ്പുമൊക്കെ ഇന്ത്യക്കു പുറത്തു പോലും ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ചിട്ടുണ്ട്. നിരങ്കാരികള്‍ക്കു പുറമെ സിഖ്മതം ശത്രുക്കളായി പ്രഖ്യാപിച്ച ശാഖകളിലൊന്നാണ് ദേരാ സച്ച്ഖണ്ട് ബല്ലന്‍. 2009 മെയ് മാസത്തില്‍ ആസ്ത്രിയയിലെ വിയന്നയില്‍ സച്ച്ഖണ്ട് ഉപാധ്യക്ഷന്‍ സന്ത് രമാനന്ദിനെ കൊലപ്പെടുത്തിയത് ഖലിസ്ഥാന്‍ തീവ്രവാദികള്‍ പറഞ്ഞയച്ച വാടകക്കൊലയാളികളായിരുന്നു. സിഖ്മതത്തിന്റെ ആവിര്‍ഭാവകാലത്തോളം പഴക്കമുള്ള രവിദാസീയ മതത്തിന്റെ തുടര്‍ച്ചയായിരുന്നു സന്ത് നിരഞ്ജന്‍ ദാസ് അധ്യക്ഷനായ സച്ച്ഘണ്ട് ബല്ലന്‍.  ഗുര്‍മീത് റാം റഹീം സിംഗിന്റെ അറസ്റ്റിനെ തുടര്‍ന്ന് പഞ്ചാബില്‍ 52 അക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തിയതെങ്കില്‍ രമാനന്ദിന്റെ വധത്തെ തുടര്‍ന്ന് 75 കേസുകളാണ് പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ജലന്ധറായിരുന്നു കലാപങ്ങളുടെ പ്രഭവ കേന്ദ്രം.  ഈ കൊലപാതകത്തെ തുടര്‍ന്ന് ദേരാ സച്ചഖണ്ട് ബല്ലന്റെ അനുയായികള്‍ അകാല്‍ തഖ്തിലെത്തി ഗുരു ഗ്രന്ഥ്‌സാഹിബ് തിരിച്ചേല്‍പ്പിക്കുകയും സിഖ്മതത്തെ തള്ളിപ്പറഞ്ഞ് പുതിയ മതം പ്രഖ്യാപിക്കുകയും ചെയ്തു. ആ ഒറ്റ വര്‍ഷം മാത്രം നാലര ലക്ഷം ദലിത് സിഖ്കാരാണ് പരമ്പരാഗത മതത്തെ പരിത്യജിച്ച് പുതിയ മതത്തില്‍ ചേര്‍ന്നത്. സിഖ് ബ്രാഹ്മണരില്‍നിന്നും മതത്തെ രക്ഷിച്ചെടുക്കാനുള്ള അവതാര പുരുഷനായിട്ടാണ് രവി ദാസ് വിലയിരുത്തപ്പെടുന്നത്. ഇന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ആദ് ധര്‍മ മതം ദലിതരുടെ മഹാ പ്രസ്ഥാനമായി മാറുന്ന കാഴ്ചയാണ് പഞ്ചാബില്‍. 

നിരങ്കാരിയെയും രവിദാസിനെയും നിര്‍മലയെയും തക്സാലയെയും പോലുള്ള ദേരകള്‍ സിഖ്മതത്തിന്റെ സ്ഥാപക കാലഘട്ടത്തോളം പഴക്കമുള്ളവയാണെങ്കിലും പഞ്ചാബ് സര്‍ക്കാറില്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാരനായിരുന്ന പ്യാരാ സിംഗ് 1990-ല്‍ സ്ഥാപിച്ച ദേരാ ബൈനിയാവാല സിഖ്മതത്തിലെ ജാതീയതക്കെതിരെ സമീപകാലത്ത് തുടക്കം കുറിച്ച പ്രസ്ഥാനങ്ങളിലൊന്നാണ്. ഗുരു ഗ്രന്ഥ് സാഹിബിനു പകരം താന്‍ എഴുതിയ ഭാവ്സാഗര്‍ ഗ്രന്ഥ് പാരായണം ചെയ്യാനുള്ള പ്യാരാ സിംഗിന്റെ ആഹ്വാനം റോപാര്‍ ജില്ലയില്‍ 2001-ല്‍ കനത്ത ഏറ്റുമുട്ടലിന് വഴിയൊരുക്കിയിരുന്നു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ മൃദുല സമീപനമാണ് സ്വീകരിച്ചത്. ഇത്തരം ദേരകളില്‍ പലതിനുമുളള ദുരൂഹമായ പശ്ചാത്തലം എന്തായാലും, സമാനത അവയെല്ലാം ഒരേപോലെ സിഖ്മതത്തെ ദുര്‍ബലമാക്കുന്നുണ്ട് എന്നതു മാത്രമാണ്. അതിലേറെ ശ്രദ്ധേയമാണ് ഇത്തരം ദേരകള്‍ക്ക് പഞ്ചാബിലും ഹരിയാനയിലും ലഭിച്ച അസാധാരണമായ ഭരണപിന്തുണ. ദേരാ നൂര്‍ മഹല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ദേരാ ദിവ്യ ജ്യോതി ജാഗൃതി സംസ്ഥാന്റെ തലവന്‍ അശുതോഷ് മഹാരാജ് മരിച്ച് മാസങ്ങള്‍ പിന്നിട്ടതിനു ശേഷവും അനുയായികളുടെ കലാപം ഭയന്ന് മൃതദേഹം 'അഗാധ ധ്യാനത്തില്‍' ആണെന്ന വിശ്വാസത്തെ വരവു വെക്കുകയാണ് പഞ്ചാബ് സര്‍ക്കാര്‍. ഈ മൃതദേഹം ഡീപ് ഫ്രീസറില്‍ സമാധി ഇരുത്തുന്നതിനും ജലന്ധറില്‍ നൂര്‍ മഹലിലെ ദേരക്കു ചുറ്റും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും കോടികളാണ് ഇതിനകം സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടു കഴിഞ്ഞത്. 15-ാം നൂറ്റാണ്ടിലെ ഭക്തകവി കബീറിന്റെ പുനരവതാരമാണെന്ന് അവകാശപ്പെടുന്ന ഹിസാറിലെ രാംപാല്‍ സിംഗിനെ കൊലപാതക കേസില്‍ കോടതി തടവിലെടുത്തപ്പോഴും മുട്ടിലിഴയുന്ന നിലപാടായിരുന്നു ഹരിയാനയിലെ ഖട്ടര്‍ സര്‍ക്കാറിന്റേത്. സത്ലോക് ആശ്രമത്തിന്റെ അധിപനായിരിക്കവെ ഇദ്ദേഹം കൊലപാതക കേസില്‍ കുടുങ്ങുകയും തുടര്‍ന്ന് 22 മാസം ജയിലില്‍ കിടന്ന് ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തെങ്കിലും പിന്നീട് കോടതിയില്‍ ചെന്നില്ല. എന്നിട്ടും ഇദ്ദേഹത്തിന്റെ അനുയായികള്‍ അഴിഞ്ഞാടി അഞ്ചു കൊലപാതകങ്ങള്‍ കൂടി നടത്തിയിട്ടാണ് പട്ടാളത്തെ വിളിച്ച് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. 

എന്തുകൊണ്ട് ഈ ആള്‍ദൈവങ്ങള്‍ക്ക് ഇത്രയും സ്വാധീനം? കോണ്‍ഗ്രസെന്നോ ബി.ജെ.പിയെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പു കാലത്ത് ഈ ദേരകളില്‍ പോയി വോട്ടും പിന്തുണയും തേടിയവരാണ്. രണ്ട് ബലാത്സംഗ കേസും രണ്ട് കൊലപാതക കേസും കോടതിയില്‍ വിചാരണ നടക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ്  കാലത്ത് സിര്‍സാ റാലിയില്‍ നരേന്ദ്ര മോദി ഗുര്‍മീത് സിംഗിനെ പരസ്യമായി ശ്ലാഘിച്ചത്. ബി.ജെ.പി രംഗത്തിറക്കിയ 44 സ്ഥാനാര്‍ഥികളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദേരാ സച്ചാ സൗദയുടെ സിര്‍സ ആസ്ഥാനത്തു ചെന്ന് അനുഗ്രഹം വാങ്ങിയവരാണ്. അതുകൊണ്ടാണ് രാംവിലാസ് ശര്‍മ, അനില്‍ വിജ്, ഗ്രോവര്‍ എന്നീ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ക്ക് 1.12 കോടി രൂപ ഗുര്‍മീതിന് നല്‍കേണ്ടിവന്നത്. ഹിസാറില്‍ രാംപാല്‍ സിംഗിന്റെ കാര്യത്തില്‍ അനുഭവമുണ്ടായിട്ടും സിര്‍സയില്‍ ലക്ഷക്കണക്കിന് സച്ചാ സൗദ അനുയായികളെ ഒത്തുചേരാനും പിന്നീട് അഴിഞ്ഞാടാനും ഹരിയാനാ സര്‍ക്കാറിന് അനുവദിക്കേണ്ടിവന്നതും അതുകൊണ്ടാണ്. സിര്‍സയിലെ ആസ്ഥാനത്തു നിന്നും കണ്ടെടുത്തതായി പറയപ്പെടുന്ന 34 കോടി രൂപ കലാപമുണ്ടാക്കാനുള്ള ഫണ്ട് ആയിരുന്നുവെന്നാണ് പോലീസ് ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതിനകം 32 പേരുടെ ജീവനെടുത്തും കോടികളുടെ പൊതുമുതല്‍ നശിപ്പിച്ചും നടന്നുകഴിഞ്ഞ കലാപത്തിന്റെ ചോരപ്പണം ആരൊക്കെയോ വാങ്ങിയിട്ടുമുണ്ടാവുമല്ലോ. അതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പോലീസിനുമൊന്നും വിഹിതം കിട്ടിയിട്ടില്ല എന്നാണോ പൊതുജനം വിശ്വസിക്കേണ്ടത്? 

ഓരോ തെരഞ്ഞെടുപ്പിലും കാറ്ററിഞ്ഞ് തൂറ്റുന്ന ശീലവും ഈ ദേരകള്‍ കാണിക്കാറുണ്ടായിരുന്നു. രാധാ സ്വാമി സത്സംഘിന്റെ തലവന്‍ ചരണ്‍ സിംഗിന്റെ കുടുംബത്തില്‍നിന്നും മുന്‍ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഭാര്യാ സഹോദരന്‍ വിവാഹം കഴിച്ചതോടെയാണ് വര്‍ഷങ്ങളായി കോണ്‍ഗ്രസിനൊപ്പം നിന്ന സത്സംഘ് ബി.ജെ.പി-അകാലിദള്‍ സഖ്യത്തെ പിന്തുണക്കാന്‍ തുടങ്ങിയത്. ഹരിയാനയിലും ഹിമാചലിലും പഞ്ചാബിനു പുറമെ വന്‍ ഭൂസ്വത്തുള്ള രാധാ സ്വാമി സംഘ് ഇന്ത്യയില്‍ ഏറ്റവും വ്യാപകമായി പ്രേക്ഷകരുള്ള ഒരു ടെലിവിഷന്‍ ചാനലും നടത്തുന്നുണ്ട്. ഗുര്‍മീത് സിംഗും കോണ്‍ഗ്രസ് ഭരണകാലത്ത് യു.പി.എയെയും നേരത്തേ അമരീന്ദര്‍ സിംഗിനെയും ആയിരുന്നു പിന്തുണച്ചത്. ഇപ്പോഴത്തെ ബലാത്സംഗ കേസില്‍ പ്രതിയായിരിക്കവെ തന്നെയാണ് യു.പി.എ സര്‍ക്കാര്‍ ഗുര്‍മീതിന് ഇസഡ് പ്ലസ് സുരക്ഷ പ്രഖ്യാപിച്ചതും. അകാലിദള്‍-ബി.ജെ.പി സഖ്യത്തിനുള്ള പിന്തുണ പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമുള്ള കാലത്താണ് പക്ഷേ ഗുര്‍മീത് സിംഗ് പഞ്ചാബിനകത്തും പുറത്തും പന പോലെ വളര്‍ന്നതെന്നു മാത്രം. സിഖ്മതത്തെ തകര്‍ക്കുന്ന ഏര്‍പ്പാടുകളായിട്ടും ഈ ദേരകളെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ പിന്തുണച്ചു. ബലാത്സംഗ കേസിലെ വിധി നീണ്ടുപോകുമായിരുന്നെങ്കില്‍ മോദി സര്‍ക്കാര്‍ ഒരുവേള ഗുര്‍മീത് റാം റഹീം സിംഗിന് പത്മഭൂഷണ്‍ പോലും നല്‍കുമായിരുന്നു. ഇദ്ദേഹത്തെ പത്മ അവാര്‍ഡിന് പരിഗണിക്കണമെന്ന 1500-ലേറെ ശിപാര്‍ശകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കിടക്കുന്നത്. ശിപാര്‍ശകള്‍ നല്‍കിയവരെ കുറിച്ച അന്വേഷണം നടത്തിയാലറിയാം ഇങ്ങോരുടെ രാഷ്ട്രീയ ബാന്ധവത്തിന്റെ ആഴം. യോഗാഭ്യാസത്തിന് ഗുര്‍മീതിന് ദ്രോണാചാര്യ അവാര്‍ഡ് നല്‍കണമെന്ന് ഹരിയാന കായിക വകുപ്പും കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു. 

ഗുര്‍മീത് റാം റഹീമിനെതിരെ ഇനിയും കോടതിവിധികള്‍ വരാനിരിക്കെ അങ്ങോരുടെ അവസാനത്തെ ശ്വാസം ജയില്‍വളപ്പിലാവുമെന്നു തന്നെ ആശ്വസിക്കാനാവും. പക്ഷേ ഈ ദേരകളെ ഇയാളല്ലെങ്കില്‍ വേറെയാരെങ്കിലുമൊന്ന് അപ്പോഴും നയിക്കുന്നുണ്ടാവും. അവയെ സംരക്ഷിക്കാനും അവിടങ്ങളില്‍ പോയി 'ബാബ'മാരെ തൊഴുതു നില്‍ക്കാനും മനോഹര്‍ലാല്‍ ഖട്ടറിനെ പോലുള്ള ഭരണാധികാരികളുമുണ്ടാവും. അവരെ ആര് തിരുത്തും?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍