Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

ഒരു നിയമയുദ്ധത്തിന്റെ വിധി

ബന്ന

കോളിളക്കം സൃഷ്ടിച്ച ഗുജറാത്ത് വംശഹത്യയില്‍ തകര്‍ക്കപ്പെട്ട 567 ആരാധനാലയങ്ങളുടെ പുനര്‍ നിര്‍മാണത്തിന് ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഘടകം മുന്‍കൈ എടുത്ത് സ്ഥാപിച്ച 'ഇസ്‌ലാമിക് റിലീഫ് കമ്മിറ്റി' നടത്തിയ നിയമയുദ്ധത്തിനാണ് ചുമതലയേറ്റതിന്റെ പിറ്റേന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധി പ്രസ്താവത്തിലൂടെ അന്ത്യമായത്. വാദം പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം വിധി പറയാന്‍ കാത്തിരുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യപ്രതിജഞ ചെയ്തതിന്റെ തൊട്ടുപിറ്റേന്ന് ആണ് മോദി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഈ കേസിന്റെ വിധി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടങ്ങുന്ന സദസ്സിന് മുമ്പില്‍ സത്യപ്രതിജഞ ചെയ്തു വന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അന്ന് തന്നെ തന്റെ ബെഞ്ചില്‍ പരിഗണിച്ചത് സിമി നിരോധനവുമായി ബന്ധപ്പെട്ട കേസായിരുന്നുവെങ്കിലും ആ കേസ് പഠിച്ചുവരാനുള്ള സാവകാശം ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ ആഘോഷപൂര്‍വം കാത്തിരുന്നത് പോലുള്ള ഒരു വിധിയോ നിരീക്ഷണമോ ഒന്നും ഉണ്ടായില്ല. വിധിയില്ലെങ്കില്‍ പോലും നിരീക്ഷണങ്ങള്‍ക്ക് ഒരു പിശുക്കും കാണിക്കാത്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നിരാശപ്പെടുത്തിയ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് തൊട്ടുപിറ്റേന്ന് കിട്ടിയ കോളായിരുന്നു മോദി കാലത്തെ ഗുജറാത്ത് വംശഹത്യയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ക്ക് മുഴുവന്‍ നഷ്ടപരിഹാരവും നല്‍കേണ്ടെന്ന വിധി. മോദി സര്‍ക്കാറിന്റെ അക്ഷന്തവ്യമായ കൃത്യവിലോപമാണ് ഇത്രയും വലിയ തോതില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടാന്‍ ഇടയാക്കിയതെന്ന് വ്യക്തമാക്കിയാണ് എല്ലാ ആരാധനാലയങ്ങള്‍ക്കും മുഴുവന്‍ നഷ്ടപരിഹാരവും വകവെച്ചുകൊടുക്കാന്‍ ഗുജറാത്ത് ഹൈകോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചക്ക് അവര്‍ തന്നെ വിലയൊടുക്കണമെന്നതായിരുന്നു ഗുജറാത്ത് ഹൈകോടതിയുടെ നിലപാട്. 

എന്നാല്‍ ഹൈകോടതി നിലപാട് തള്ളിക്കളഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വന്തമായെഴുതിയ വിധി പ്രസ്താവം, വേണമെങ്കില്‍ ഈ ആരാധനാലയങ്ങളുടെ നടത്തിപ്പുകാര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പദ്ധതിക്കായി വേണമെങ്കില്‍ അപേക്ഷിക്കാം എന്നാണ് വിധിച്ചത്. ഹൈകോടതി വിധിക്കെതിരായി സുപ്രീംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്ന വേളയിലാണ് അത്യന്തം നാടകീയമായി ഇത്തരമൊരു പദ്ധതിയുമായി അവര്‍ രംഗത്തുവരുന്നത്. പത്ത് വര്‍ഷത്തിലേറെ തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ തങ്ങള്‍ പണിത് കൊടുക്കില്ലെന്ന് വാദിച്ച ഗുജറാത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ 2013 ഒക്‌ടോബര്‍ 18-നാണ് ഇത്തരമൊരു പദ്ധതി തിരക്കിട്ടുണ്ടാക്കിയത്. തകര്‍ന്ന ആരാധനലയങ്ങള്‍ക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കുന്ന ആ പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ ആരാധനാലയങ്ങള്‍ നിയമവിധേയമാകണമെന്നും പൊതുനിരത്തിലും കൈയേറ്റ ഭൂമിയിലും ഉള്ള ആരാധനാലയങ്ങള്‍ ആകരുതെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥകള്‍ തന്നെ തകര്‍ക്കപ്പെട്ട നിരവധി ആരാധനാലയങ്ങളെ പദ്ധതിയില്‍ നിന്നൊഴിവാക്കാനായിരുന്നു. ഈ പദ്ധതി അപര്യാപ്തമാണെന്ന് ഹരജിക്കാരായ ഇസ്‌ലാമിക് റിലീഫ് സെന്റര്‍ വാദിക്കുകയും ചെയ്തിരുന്നു. അതില്‍ വാദവും മറുവാദവും പൂര്‍ത്തിയാക്കി 2016 ഏപ്രില്‍ മാസം വിധി പറയാനായി മാറ്റിവെച്ച കേസാണ് ഒരു വര്‍ഷവും നാലു മാസവും കഴിഞ്ഞ് വിധി പുറപ്പെടുവിച്ചത്.  

തകര്‍ക്കപ്പെട്ട ഓരോ ആരാധനാലയത്തിനും 50,000 രൂപ വരെ പരമാവധി കിട്ടുന്ന പദ്ധതി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അതിന് മാനദണ്ഡങ്ങള്‍ അനുസരിച്ച് അപേക്ഷിക്കാമെന്നുമാണ് ചീഫ് ജസ്റ്റിസ് എഴുതിയ വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജനാധിപത്യ സമൂഹത്തില്‍ ഒരു മതവിഭാഗത്തിന് മാത്രം ആരാധനാലയങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കരുതെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഒരു മതവിഭാഗത്തിന്റെ മാത്രം തെരഞ്ഞുപിടിച്ച് തകര്‍ക്കാന്‍ ഭരണകൂടം കാഴ്ചക്കാരായി നോക്കിനിന്നത് ജനാധിപത്യ രാജ്യത്ത് ഭൂഷണമാണോ എന്ന് പറഞ്ഞില്ല. 

ഭരണഘടനയുടെ 27-ാം അനുഛേദം അനുസരിച്ച് ഏതെങ്കിലും മതത്തെയോ മതവിഭാഗത്തെയോ പരിപാലിക്കാനോ പ്രോത്സാഹിപ്പിക്കാനോ വേണ്ടി മാത്രം ഒരു പൗരനെയും ഏതെങ്കിലും നികുതി അടക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് പറഞ്ഞാണ് ഇത്രയും ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞത്. അതേസമയം ഭരണഘടനയുടെ 27-ാം അനുഛേദമനുസരിച്ച് പിരിച്ചെടുത്ത നികുതിയുടെ ഒരു ഭാഗം ഉപയോഗിച്ച് ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് വേണ്ട ചില സൗകര്യങ്ങളും ഇളവുകളും നല്‍കുന്നതില്‍ തെറ്റില്ലെന്ന് വിധിയില്‍ ദീപക് മിശ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ പിരിച്ച നികുതിയുടെ ഗണ്യമായ ഭാഗം ഏതെങ്കിലും മതത്തിന് ഉപയോഗിക്കുമ്പോഴാണ് ഭരണഘടനയുടെ 27-ാം അനുഛേദം ലംഘിക്കപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ക്കുന്നു.  

ഇതാണ് ഈ കേസ് കൊണ്ട് ജമാഅത്ത് രാജ്യത്തിന് നേടിക്കൊടുത്തതും. രാജ്യത്ത് ഏതുതരം അക്രമങ്ങളും കലാപങ്ങളും നടന്നാലും തകര്‍ക്കപ്പെടുന്ന വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ വ്യവസ്ഥയുണ്ടെങ്കിലും ആരാധനാലയങ്ങളുടെ കാര്യത്തില്‍ അത്തരമൊരു വ്യവസ്ഥയും കീഴ്‌വഴക്കവുമില്ലായിരുന്നു. രാജ്യത്ത് ആരാധനാലയങ്ങള്‍ക്കായി ഇത്തരമൊരു നിയമ നടപടിക്ക് തുടക്കമിട്ടതിലൂടെ പുതിയ ഒരു കീഴ്‌വഴക്കത്തിനാണ് ജമാഅത്തും ഇസ്‌ലാമിക് റിലീഫ് കമ്മിറ്റിയും അസ്ഥിവാരമിട്ടത്. ഈ പോരാട്ടത്തിനിടയിലാണ് തകര്‍ത്ത ഓരോ ആരാധനാലയത്തിനും കേന്ദ്ര സര്‍ക്കാറില്‍നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങിക്കൊടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞത്. തുകയുടെ കാര്യത്തില്‍ ചീഫ് ജസ്റ്റിസിന്റെ വിധി കീഴ്‌വഴക്കമാകാമെങ്കിലും ഇതിലും വലിയൊരു മികച്ച ബെഞ്ചിന് പിന്നീട് അത് പുനഃപരിശോധിക്കാന്‍ ഭാവിയിലും അവസരമുണ്ടാകും.  എന്നാല്‍ ആരാധനാലയങ്ങളുടെ നഷ്ടപരിഹാരത്തിന് തുക കൊടുക്കുന്നത് ഭരണഘടനയുടെ 27-ാം അനുഛേദത്തിന്റെ ലംഘനമാവില്ലെന്ന് അതേ വിധിയില്‍ പറയിപ്പിക്കാന്‍ കഴിഞ്ഞത് ജമാഅത്തിന്റെയും ഇസ്‌ലാമിക് റിലീഫ് കമ്മിറ്റിയുടെയും നേട്ടം തന്നെയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍