Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

മുസ്‌ലിം ചിന്തയുടെ സ്വാധീനം കിഴക്കും പടിഞ്ഞാറും

എ.കെ അബ്ദുല്‍ മജീദ്

ക്രിസ്ത്വബ്ദം ഏഴാം നൂറ്റാണ്ടില്‍ അറേബ്യന്‍ ഉപദ്വീപിലെ മക്കയില്‍ വിരലിലെണ്ണാവുന്ന ആളുകളുമായി തുടക്കം കുറിച്ച മുഹമ്മദ് നബിയുടെ പ്രബോധനം ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ റോം, പേര്‍ഷ്യ എന്നീ രണ്ട് മഹാ സാമ്രാജ്യങ്ങളെ മുട്ടുകുത്തിക്കുകയും വിശ്വ നാഗരികതകളുടെ മുന്‍നിരയില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തത് ചരിത്രകുതുകികളെ എന്നും വിസ്മയിപ്പിക്കുന്ന പ്രതിഭാസമാണ്. മുസ്‌ലിം വണിക്കുകളും പ്രബോധകരും ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് ഇസ്‌ലാമിന്റെ സന്ദേശവുമായി എത്തുകയുണ്ടായി. സമുദ്രങ്ങള്‍ താണ്ടി അവര്‍ ഏഷ്യയിലും ആഫ്രിക്കയിലും സ്വന്തം ഭരണവംശങ്ങള്‍ സ്ഥാപിച്ചു. യൂറോപ്പിന്റെ പടിവാതില്‍ക്കല്‍ വരെ അവര്‍ എത്തി. ഇന്ത്യയിലും മലേഷ്യയിലും ചൈനയിലും ഉത്തരാഫ്രിക്കയിലും സ്‌പെയിനിലും ഇസ്‌ലാമിക സംസ്‌കാരം തഴച്ചുവളര്‍ന്നു. യൂറോപ്പിലും അമേരിക്കയിലും ഏറെ സ്വീകാര്യതയുള്ള മതമാണിന്ന് ഇസ്‌ലാം. ലോകത്തിലെ അഞ്ചു പേരില്‍ ഒരാള്‍ മുസ്‌ലിമാണ് എന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നൂറ്റാണ്ടുകള്‍ പ്രഭാവത്തോടെ നിലനിന്ന നാഗരികത എന്ന നിലയില്‍ ലോകത്തെ സാംസ്‌കാരികമായും ധൈഷണികമായും വന്‍തോതില്‍ സ്വാധീനിക്കാന്‍ ഇസ്‌ലാമിനു സാധിച്ചു. മതം, തത്ത്വചിന്ത, ശാസ്ത്രം, കല, സാഹിത്യം എന്നിവയിലെല്ലാം അളവറ്റ സ്വാധീനമാണ് കിഴക്കും പടിഞ്ഞാറും ഇസ്‌ലാം ചെലുത്തിയത്.

ഓരോ രാജ്യത്തിന്റെയും വൈജ്ഞാനിക, സാംസ്‌കാരിക, ശാസ്ത്ര, തത്ത്വചിന്താ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അവയുടെ രൂപപ്പെടലിലും വികാസത്തിലും ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന മുസ്‌ലിം മുദ്രകള്‍ എളുപ്പം കണ്ണില്‍ പെടും. ലോകത്തിന്റെ ഗതി നിയന്ത്രിച്ച ആധുനിക ശാസ്ത്ര നാഗരികതക്ക് അടിക്കല്ല് പാകിയത് മുസ്‌ലിം നാഗരികതയാണ്. ചെന്നു ചേര്‍ന്ന ദേശങ്ങളിലെല്ലാം വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും അന്വേഷണ ത്വരയുടെയും സമര്‍പ്പണത്തിന്റെയും തിരിതാഴാത്ത വിളക്കുകള്‍ അവര്‍ എണ്ണ നിറച്ചു കൊളുത്തിവെച്ചു.

 

കിഴക്ക്: ആര്യ മെഹര്‍ മുതല്‍ മലബാര്‍ വരെ

പ്രവാചകന്‍ ഹിജ്‌റ ഏഴാം വര്‍ഷം പേര്‍ഷ്യന്‍ ചക്രവര്‍ത്തി ഖുസ്‌റോ പര്‍വേശിനു കത്തയക്കുന്നതു മുതല്‍ ആരംഭിക്കുന്നു പേര്‍ഷ്യയുമായുള്ള ഇസ്‌ലാമിന്റെ ബന്ധം. കത്ത് ഖുസ്‌റോ പര്‍വേശ് പിച്ചിച്ചീന്തുകയും ദൂതനെ അപമാനിക്കുകയും ചെയ്തു. പര്‍വേശിന്റെ സാമ്രാജ്യത്തിന്റെ പതനം പ്രവാചകന്‍ പ്രവചിച്ചു. പ്രഥമ ഖലീഫ അബൂബക്ര്‍ സിദ്ദീഖിന്റെ കാലത്ത് ഖാദിസിയ്യയില്‍ വെച്ച് ഇസ്‌ലാമിക സൈന്യം പേര്‍ഷ്യന്‍ പടയെ മുട്ടുകുത്തിച്ചു. പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ തുടക്കമായിരുന്നു അത്. ഖുസ്‌റോ പര്‍വേശിന്റെ കീഴില്‍ പീഡനമനുഭവിക്കുകയായിരുന്ന യഹൂദ, ക്രൈസ്തവ മതസ്ഥര്‍ക്ക് ഇസ്‌ലാമിന്റെ ആഗമനം ആശ്വാസം പകര്‍ന്നു. സൊരാസ്ട്രിയന്‍ പൗരോഹിത്യം സമൂഹത്തിന്റെ കീഴ്ത്തട്ടിലുള്ള ജനങ്ങളെ ചൂഷണം ചെയ്തുവരികയായിരുന്നു. ഇസ്‌ലാം അതിനും അന്ത്യംകുറിച്ചു. സാമൂഹിക അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരായ ഉജ്ജ്വലമായ സമരമുഖമാണ് മുസ്‌ലിം വിമോചനപ്പോരാളികള്‍ തുറന്നത്.

ദ്വിദൈവ വിശ്വാസികളായിരുന്ന സൊരാസ്ട്രിയന്മാര്‍ തങ്ങളുടെ ദൈവസങ്കല്‍പത്തിലെ നന്മയുടെ ദൈവമായ അഹുറ മസ്ദയുടെ സ്ഥാനത്ത് 'അല്ലാഹു'വിനെയും ദുഷ്ട ദേവനായ അഹ്‌റിമാന്റെ സ്ഥാനത്ത് പിശാചായ 'ഇബ്‌ലീസി'നെയും കണ്ടു. ഇസ്‌ലാമിലെ ഇതര വിശ്വാസ പ്രമാണങ്ങളെയും സദാചാര തത്ത്വങ്ങളെയും തങ്ങളുടെ മത വിശ്വാസങ്ങളുമായും ആചാരങ്ങളുമായും അവര്‍ സമീകരിച്ചു. വലിയ സാമ്യങ്ങള്‍ അവക്കിടയില്‍ അവര്‍ക്കു കാണാന്‍ സാധിച്ചിരുന്നു. മുസ്‌ലിം ഭരണാധികാരികള്‍ അവരെ വേദക്കാര്‍ (ജൂത, ക്രൈസ്തവ മതവിഭാഗങ്ങള്‍)ക്ക് തുല്യരായി പരിഗണിക്കുകയും വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു. സാസാനി രാജാക്കന്മാര്‍ വിവാഹ ബന്ധത്തിലൂടെയും മറ്റും തദ്ദേശീയ ജനവിഭാഗങ്ങളുമായി അടുത്ത ബന്ധം സ്ഥാപിച്ചു. നേരത്തേ തന്നെ സമ്പന്നമായ സംസ്‌കാരത്തിന്റെ അനന്തരാവകാശികളായിരുന്നു പേര്‍ഷ്യക്കാര്‍. വ്യത്യസ്ത മതധാരകളും (സൊരാഷ്ട്ര, മാനി, മസ്ദക്) തത്ത്വചിന്താ പദ്ധതികളും വീരേതിഹാസങ്ങളും (ഷാനാമ) പേര്‍ഷ്യന്‍ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു.

ഇസ്‌ലാമിക തത്ത്വചിന്തയെ ഉള്‍ക്കൊള്ളാന്‍ മാത്രം സമ്പന്നമായിരുന്നു പേര്‍ഷ്യന്‍ ഭാഷ. ഏറ്റവും സമ്പന്നമായ മുസ്‌ലിം ആവിഷ്‌കാര മാധ്യമമായി ഹ്രസ്വകാലയളവിനുള്ളില്‍ വികസിക്കാന്‍ പേര്‍ഷ്യനു സാധിച്ചു. മിസ്‌കവൈഹി, ഗസാലി, റാസി, തൂസി, മുല്ലാ സദ്‌റ തുടങ്ങിയ ദാര്‍ശനികരും അത്താര്‍, റൂമി, ഹാഫിസ്, ജീലി, ജാമി, സഅ്ദി, ഇഖ്ബാല്‍ തുടങ്ങിയ കവികളും പേര്‍ഷ്യന്‍-ഇസ്‌ലാമിക സങ്കലനത്തിന്റെ ഉത്തമ നീക്കിയിരിപ്പുകളാണ്.

ഇന്ത്യയില്‍ ഇസ്‌ലാം ഉണ്ടാക്കിയ പ്രഭാവത്തിന്റെ അനശ്വര പ്രതീകങ്ങള്‍ ഖുത്വ്ബ് മിനാറിന്റെയും താജ്മഹലിന്റെയും ചെങ്കോട്ടയുടെയും ചാര്‍മിനാറിന്റെയും ഗോല്‍കുംബസിന്റെയും രൂപത്തില്‍ രാജ്യത്തുടനീളം തലയുയര്‍ത്തി നില്‍ക്കുന്നു. വിശ്വാസ, ആധ്യാത്മിക, സാംസ്‌കാരിക മേഖലകളിലും നിസ്തുലമായ സ്വാധീനമാണ് ഇന്ത്യയില്‍ ഇസ്‌ലാം ഉണ്ടാക്കിയത്. താരാചന്ദ്, എം.എന്‍ റോയ്, ബി.എന്‍ പാണ്ഡെ തുടങ്ങിയ ചരിത്രകാരന്മാര്‍ അവ സവിസ്തരം തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ഏകദൈവവിശ്വാസവും സമത്വ ദര്‍ശനത്തില്‍ അധിഷ്ഠിതമായ സാഹോദര്യവും ഉദാര സമീപനവുമാണ് ഹിന്ദു ബഹുജനങ്ങളെ സമാകര്‍ഷിച്ചത്. ദുസ്സഹമായ ജാതി വ്യവസ്ഥയില്‍നിന്ന് രക്ഷപ്പെടാന്‍ അവര്‍ണര്‍ കൂട്ടത്തോടെ ഇസ്‌ലാം ആശ്ലേഷിച്ചു. ആഫ്രിക്കയിലേതു പോലെ ഇന്ത്യയിലും ഗ്രാമങ്ങള്‍ ഒന്നടങ്കം ഇസ്‌ലാം സ്വീകരിക്കുന്ന അനുഭവങ്ങളുണ്ടായി. സൂഫി പ്രബോധകര്‍ വഴിയാണ് ഇന്ത്യയില്‍ ഇസ്‌ലാം ഏറ്റവും അധികം പ്രചരിച്ചത് എന്ന് സര്‍ തോമസ് ആര്‍നള്‍ഡ് തന്റെ പ്രസിദ്ധമായ ' ദ പ്രീച്ചിംഗ് ഓഫ് ഇസ്‌ലാം' എന്ന കൃതിയില്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യന്‍ സമൂഹത്തില്‍നിന്ന് ഇസ്‌ലാം മതത്തിലേക്കുള്ള അധഃസ്ഥിത വിഭാഗങ്ങളുടെ ഒഴുക്ക് തങ്ങളുടെ മതാധ്യാപനങ്ങളെക്കുറിച്ച് പുനരാലോചന നടത്താന്‍ ഹൈന്ദവ മതാചാര്യന്മാരെ പ്രേരിപ്പിച്ചു. ശ്രീശങ്കരാചാര്യരെയും ശ്രീരാമാനുജനെയും രാജാറാം മോഹന്‍ റോയിയെയും പോലെയുള്ള ഹിന്ദു മതപരിഷ്‌കര്‍ത്താക്കള്‍ക്ക് പ്രചോദനമരുളിയത് ഇസ്‌ലാമിന്റെ അധ്യാപനങ്ങളാണ്.

ഇന്ത്യയില്‍ ഇസ്‌ലാം ആദ്യം എത്തിച്ചേരുന്നത് മലബാര്‍ തീരത്താണ്. ഹിജ്‌റ രണ്ട്/ ക്രി. എട്ടാം നൂറ്റാണ്ടില്‍ തന്നെ ഈ ബന്ധം ആരംഭിച്ചതായാണ് ചരിത്രപക്ഷം. അതിന് മുമ്പുതന്നെ മലബാറിന് അറബികളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം സ്വീകരിച്ചു മക്കത്തുപോയി പ്രവാചകനെ സന്ധിച്ചു എന്ന കഥ പ്രസിദ്ധമാണ്. പ്രവാചക ശിഷ്യന്മാരുടേതെന്നു വിശ്വസിക്കപ്പെടുന്ന ഖബ്‌റുകള്‍ മലബാറില്‍ പലേടങ്ങളിലായി ഉണ്ട്. ഇന്തോ-മുസ്‌ലിം ബന്ധത്തിന്റെ പ്രാചീനതയിലേക്ക് ഈ വസ്തുതകള്‍ വിരല്‍ചൂണ്ടുന്നു. തമിഴ്‌നാട്ടിലെ കായല്‍പട്ടണത്തിന് ആദ്യകാല അറബി വ്യാപാരികളും മുസ്‌ലിം പ്രബോധകരുമായുള്ള ബന്ധം സുവിദിതമാണ്. മലബാറിന്റെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലെ മഖ്ദൂമുമാര്‍ കായല്‍പട്ടണത്തു നിന്ന് വന്നവരായിരുന്നു. കായല്‍പട്ടണവും കീളക്കരയും ബീജാപ്പൂരും മലബാറും തെന്നിന്ത്യയിലെ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങളായി പരിലസിച്ചു. കോഴിക്കോടിനും കണ്ണൂരിനുമുണ്ട് മുസ്‌ലിം പൈതൃകത്തിന്റെ സഹസ്രാബ്ദ കഥകള്‍ പങ്കുവെക്കാന്‍. കണ്ണൂരില്‍ ഒരു രാജവംശം തന്നെയുണ്ടായിരുന്നു; അറക്കല്‍ രാജവംശം.

ഹി. 94/ക്രി. 712-ല്‍ മുഹമ്മദുബ്‌നു ഖാസിമിന്റെ പടയോട്ട വേളയിലാണ് ഉത്തേരന്ത്യയിലേക്കുള്ള ഇസ്‌ലാമിന്റെ പ്രവേശം. ഉമവീ ഖിലാഫത്തിന്റെ ഏറ്റവും കിഴക്കേ അറ്റത്തെ പ്രവിശ്യയായി സിന്ധ്. അവസാനത്തെ മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ഷാ സഫര്‍ വരെ നീണ്ടു ആ വിജയകഥ. ഇതിനിടക്ക് വൈജ്ഞാനികമായ അസംഖ്യം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നു. അല്‍ ബിറൂനിയും ഇദ്‌രീസിയും ഇബ്‌നു ബത്തൂത്തയും സുലൈമാനും ഇന്നാടിന്റെ വിശേഷങ്ങള്‍ അറബികള്‍ക്കും ലോകത്തിനും പറഞ്ഞുകൊടുത്തു. ഗണിതവും വൈദ്യവും തത്ത്വചിന്തയും മനീഷികള്‍ പരസ്പരം പങ്കുവെച്ചു. സംസ്‌കൃത ഗ്രന്ഥങ്ങള്‍ക്ക് അറബി തര്‍ജമകള്‍ ഉണ്ടായി. ബഗ്ദാദിലെ ഹാറൂന്‍ റശീദിന്റെ കൊട്ടാരത്തില്‍ സംസ്‌കൃത പണ്ഡിതന്മാര്‍ക്ക് പീഠങ്ങളൊരുങ്ങി. അറബി പണ്ഡിതന്മാര്‍ ഇന്ത്യയിലെത്തി വിപുലമായ പഠന ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടു. കപിലനും കണാദനും പതജ്ഞലിയും ബ്രഹ്മഗുപുതനും ആര്യഭടനും അറബികള്‍ക്ക് സുപരിചിതരായി.

ഇന്ത്യന്‍ രാജാക്കന്മാര്‍ അറബികളുടെ വിശ്വാസാചാരങ്ങളും ദര്‍ശനവും പഠിക്കാന്‍ ഔത്സുക്യം കാണിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നു. ഒരു ഹിന്ദു രാജാവ് ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നതിന് അറബി പണ്ഡിതനെ അയച്ചുകൊടുക്കാന്‍ ഹാറൂന്‍ റശീദിനോട് അഭ്യര്‍ഥിച്ചതായി ബലാദുരി 'ഫുതൂഹുല്‍ ബുല്‍ദാനി'ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹിന്ദു രാജസദസ്സുകളില്‍ ഇസ്‌ലാം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതായി ഇന്ത്യ സന്ദര്‍ശിച്ച അറബി ചരിത്രകാരനായ മസ്ഊദി പറയുന്നു.

ദൈവമല്ലാത്തതെല്ലാം മായയാണ് എന്ന ശങ്കര ദര്‍ശനം മുഅ്തസിലീ ദൈവസങ്കല്‍പത്തോട് കടപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിനു ഗുണങ്ങള്‍ (സ്വിഫാത്ത്) ഇല്ല എന്ന മുഅ്തസിലീ വാദമാണ് ശങ്കരനെ സ്വാധീനിച്ചത്. ഉപനിഷത് ദര്‍ശനമാണ് ശങ്കരനില്‍ കാണുന്നതെന്നും അതില്‍ സെമിറ്റിക് മതദര്‍ശനത്തിന്റെ സ്വാധീനം പ്രകടമാണെന്നും ഓറിയന്റലിസ്റ്റ് പണ്ഡിതന്മാര്‍ നിരീക്ഷിച്ചതായി താരാചന്ദ് വ്യക്തമാക്കുന്നു. ദൈവത്തെ നിഷേധ വാക്യങ്ങളിലൂടെ ('അതല്ല', 'അതല്ല' എന്നിങ്ങനെ) മാത്രമേ വര്‍ണിക്കാനാവൂ എന്ന് ആദ്യം പ്രസ്താവിച്ചത് അബുല്‍ ഹുദൈല്‍ എന്ന മുഅ്തസിലീ പണ്ഡിതനാണ്. എന്നാല്‍, താന്‍ പറഞ്ഞതിനു വിപരീതമായി 'ദൈവം സര്‍വജ്ഞനാണ്', 'സര്‍വശക്തനാണ്' തുടങ്ങിയ നിഷേധപരമല്ലാത്ത പ്രസ്താവനകളും അബുല്‍ ഹുദൈലില്‍ നിന്നുണ്ടായി. ഈ വൈരുധ്യം മനസ്സിലാക്കിയ മറ്റു മുഅ്തസിലീ പണ്ഡിതന്മാര്‍ ദൈവത്തിന്റെ ഗുണങ്ങള്‍ പാടേ നിഷേധിച്ചു. അപരിമേയവും അജ്ഞാതവും മനസ്സിലാക്കാന്‍ കഴിയാത്തതും നിര്‍ഗുണവുമായ ഒരു കേവല യാഥാര്‍ഥ്യമായി ദൈവത്തെ അവര്‍ വിവരിച്ചു. മുഅ്തസിലികള്‍ ഭൂരിപക്ഷവും അണുവാദികളായിരുന്നു. അബ്ബാസീ ഭരണാധികാരികളുടെ പിന്തുണ മുഅ്തസിലികള്‍ക്കുണ്ടായിരുന്നു. ബഗ്ദാദിലെ കൊട്ടാര സദസ്സുകളില്‍ പങ്കെടുത്തിരുന്ന ഹിന്ദു പണ്ഡിതന്മാര്‍ വഴിയാണ് മുഅ്തസിലീ ദൈവസങ്കല്‍പം ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യന്‍ വേദാന്ത ദര്‍ശനം ഇതേ വഴിയിലൂടെ തിരിച്ചും സ്വാധീനിച്ചതായി മനസ്സിലാക്കണം. സൂഫി ചിന്തകളിലാണ് വേദാന്ത ദര്‍ശനത്തിന്റെ സ്വാധീനം കൂടുതല്‍ പ്രകടമാവുന്നത്. സൂഫികള്‍ വഴി ഇസ്‌ലാമിക ദൈവ, സാമൂഹിക സമത്വ സിദ്ധാന്തങ്ങള്‍ ഇന്ത്യന്‍ സന്യാസികളെയും സ്വാധീനിച്ചു. ദൈവനിഷേധപരമായിരുന്ന ന്യായ, വൈശേഷിക ദര്‍ശനങ്ങള്‍ ആസ്തിക്യവാദപരമായി മാറിയത് മുസ്‌ലിം സ്വാധീനത്തിന്റെ ഫലമായാണെന്ന് വൈജ്ഞാനിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

രാമാനുജന്‍ (ജനനം ക്രി.വ. 1016) മുസ്‌ലിം ചിന്തകളാല്‍ ഏറെ സ്വാധീനിക്കപ്പെട്ട ഹിന്ദു പരിഷ്‌കര്‍ത്താവാണ്്. ഈശ്വര സമര്‍പ്പണം, ഭക്തി, നിത്യാരാധന, സമത്വ ദര്‍ശനം എന്നിവക്ക് പ്രാധാന്യം നല്‍കിയ രാമാനുജന് സൂഫികളുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഭക്തിയുടെ ലക്ഷ്യമായി രാമാനുജന്‍ പറഞ്ഞത് നിര്‍വാണമല്ല, മറിച്ച് സൂഫികള്‍ പറയാറുള്ളതുപോലെ അനന്തമായ ഈശ്വരസാമീപ്യത്തിന്റെ ആഹ്ലാദമാണ്. ക്ഷേത്ര കവാടങ്ങള്‍ അവര്‍ണര്‍ക്ക് മുന്നില്‍ അടച്ചിടരുത് എന്ന രാമാനുജന്റെ വാദത്തിലും മുസ്‌ലിം സമ്പ്രദായങ്ങളുടെ സ്വാധീനം പ്രകടമാണ്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയില്‍ ഉടലെടുത്ത ലിംഗായത്ത്, സിദ്ധാരി വിഭാഗങ്ങളെയും സൂഫി ആശയങ്ങള്‍ ഗണ്യമായി സ്വാധീനിച്ചിരുന്നു. ഭക്തിമാര്‍ഗത്തിന് പ്രാധാന്യം നല്‍കിയവരായിരുന്നു ഇവര്‍. ലിംഗായത്തുകളേക്കാള്‍ തീവ്രമായിരുന്നു സിദ്ധാരികളുടെ ഏകദൈവവിശ്വാസം. ദൈവം പ്രകാശമാണെന്നു പറഞ്ഞ സിദ്ധാരികള്‍ സൂഫി ആചാര്യനായ ദുന്നൂനുല്‍ മിസ്‌രിയുടെ ആശയങ്ങളാണ് പിന്തുടര്‍ന്നത്. വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ആധികാരികതയെ അവര്‍ ചോദ്യം ചെയ്തിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ ഏറെ സ്വാധീനം ചെലുത്തിയ പരിഷ്‌കര്‍ത്താവാണ് രാമാനന്ദന്‍. ധാരാളം യാത്ര ചെയ്തിരുന്ന ഇദ്ദേഹം സൂഫികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. രാമാനുജന്റെ പിന്‍ഗാമികളാണ് തുളസീദാസും കബീറും.

ഇസ്‌ലാം ഹൈന്ദവ ചിന്തയില്‍ ചെലുത്തിയ ശക്തമായ സ്വാധീനത്തിന്റെ പ്രത്യക്ഷ ഫലമാണ് പതിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവില്‍ ഗുരുനാനാക്ക് പഞ്ചാബില്‍ സ്ഥാപിച്ച സിക്ക് മതം. ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങളും ആചാര സമ്പ്രദായങ്ങളുമാണ് ഗുരുനാനാക്കിനെ സ്വാധീനിച്ചത്. ഏകദൈവ വിശ്വാസവും നേര്‍വഴിയിലുള്ള ജീവിതവും ജനങ്ങളെ പഠിപ്പിക്കാന്‍ ദൈവത്താല്‍ നിയുക്തനായ വ്യക്തിയാണ് താന്‍ എന്നായിരുന്നു ഗുരുനാനാക്ക് സ്വയം വിശ്വസിച്ചിരുന്നത്. ജാതി സമ്പ്രദായത്തെ അദ്ദേഹം നിരാകരിച്ചു. ബഹുദൈവ വിശ്വാസത്തെയും വിഗ്രഹാരാധനയെയും എതിര്‍ത്തു. നരകശിക്ഷയെ സംബന്ധിച്ച് ഖുര്‍ആനിലേതു പോലെയുള്ള മുന്നറിയിപ്പുകളാണ് തന്റെ അനുയായികള്‍ക്ക് അദ്ദേഹം നല്‍കിയത്.

തുളസീദാസ്, കബീര്‍, ഗുരുനാനാക്ക് എന്നിവരെ തുടര്‍ന്ന് നിരവധി ഹൈന്ദവ സന്യാസികള്‍ ഹിന്ദു ദര്‍ശനത്തെ ഇസ്‌ലാമികാധ്യാപനങ്ങളുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചു. പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഈ വഴിക്ക് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചവരാണ് തുക്കാറാം, ചൈതന്യ എന്നിവര്‍. ഇരുവരുടെയും പ്രബോധനങ്ങള്‍ ഹിന്ദുമതത്തിലെ ജാതി സമ്പ്രദായത്തിനും ബഹുദൈവ സങ്കല്‍പത്തിനും എതിരായിരുന്നു. സൂഫിസമാണ് ഇരുവരെയും സ്വാധീനിച്ചത്. ഇങ്ങ് തെക്കേയറ്റത്ത് ശ്രീനാരായണ ഗുരുവും സമാനമായ ചിന്താവിപ്ലവത്തിന് ചുക്കാന്‍ പിടിക്കുകയുണ്ടായി. നാരായണ ഗുരുവിനെയും പ്രചോദിപ്പിച്ചത് ഇസ്‌ലാമികാധ്യാപനങ്ങളാണെന്ന് പ്രസിദ്ധം.

ഇന്ത്യയില്‍ ഇസ്‌ലാമിന്റെ വ്യാപകമായിക്കൊണ്ടിരുന്ന സ്വാധീനത്തെ പ്രതിരോധിക്കുന്നതിനു വേണ്ടി നിലവില്‍വന്ന ആര്യസമാജം ഫലത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങളെ കടം കൊള്ളുകയാണ് ചെയ്തത്. ആര്യ സമാജ സ്ഥാപകനായ ദയാനന്ദ സരസ്വതി തന്റെ 'സത്യാര്‍ഥ പ്രകാശം' എന്ന ഗ്രന്ഥത്തില്‍ വിഗ്രഹാരാധനയെയും അനുഷ്ഠാനപരതയെയും യഥാര്‍ഥ ഹിന്ദുമതത്തില്‍നിന്നുള്ള വ്യതിയാനമായാണ് അവതരിപ്പിച്ചത്. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥയെയും ദയാനന്ദ സരസ്വതി എതിര്‍ത്തു. വേദങ്ങള്‍ മുന്നോട്ടുവെക്കുന്നത് ഏകദൈവത്വമാണെന്നും അദ്ദേഹം ഉദ്‌ഘോഷിച്ചു. ഇസ്‌ലാമിനെ എതിര്‍ക്കുന്നതിനു പകരം ശരി വെക്കുകയാണ് ബോധപൂര്‍വമല്ലെങ്കിലും ദയാനന്ദ സരസ്വതി ചെയ്തത്. അധഃസ്ഥിത ജനവിഭാഗങ്ങള്‍ ഇസ്‌ലാം സ്വീകരിക്കുന്നത് തടയുകയായിരുന്നു ഏകദൈവത്വവും മനുഷ്യസമത്വവും ഹിന്ദു ധര്‍മത്തിനു അന്യമല്ല എന്ന് സമര്‍ഥിക്കുക വഴി ദയാനന്ദ സരസ്വതിയുടെ ഉദ്ദേശ്യം. അങ്ങനെയും മുസ്‌ലിം ചിന്ത ഹൈന്ദവ മതപരിഷ്‌കരണത്തെ സ്വാധീനിച്ചു.

മുസ്‌ലിം തത്ത്വചിന്ത ഹൈന്ദവതയില്‍ ചെലുത്തിയ സ്വാധീനത്തിന്റെ മറ്റൊരു പ്രത്യക്ഷ ദൃഷ്ടാന്തമാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ഹിന്ദു മത പരിഷ്‌കരണ സംരംഭമായ ബ്രഹ്മ സമാജം. മുസ്‌ലിം വേഷ വിധാനം ബോധപൂര്‍വം തെരഞ്ഞെടുത്ത രാജാറാം മോഹന്‍ റോയ് ആണ് ബ്രഹ്മസമാജത്തിന്റെ സ്ഥാപകന്‍. 1828-ലാണ് ബ്രഹ്മസമാജം നിലവില്‍വന്നത്. വിഗ്രഹാരാധനക്കും തൊട്ടുകൂടായ്മക്കും എതിരെ ശക്തമായ നിലപാടെടുത്ത ബ്രഹ്മസമാജം സതി സമ്പ്രദായത്തെ നിയമം മൂലം നിരോധിക്കുന്നതിന് മുന്‍കൈയെടുക്കുകയും വിധവാ വിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. 1870 -ല്‍ മഹാദേവ ഗോവിന്ദ റാനഡെ ബോംബെയില്‍ രൂപം നല്‍കിയ പ്രാര്‍ഥനാ സമാജം, 1882-ല്‍ മദിരാശിയില്‍ സ്ഥാപിതമായ ബ്രഹ്മവിദ്യാ സംഘം (തിയോസഫിക്കല്‍ സൊസൈറ്റി) എന്നിവയും ഇസ്‌ലാമികാദര്‍ശങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ഹിന്ദുമത പരിഷ്‌കരണ സംരംഭങ്ങളാണ്.

വിശ്വാസാദര്‍ശങ്ങള്‍ക്കു പുറമെ സംഗീതം, ചിത്രകല, വാസ്തുശില്‍പം, വേഷം, ഭക്ഷണം എന്നിവയിലും ഗണ്യമായ സ്വാധീനമാണ് ഇസ്‌ലാം ചെലുത്തിയത്. ഇവയെല്ലാം വിസ്തരിക്കേണ്ടതില്ലാത്ത വിധം സുവിദിതമാണ്. യൂറോപ്യരെപ്പോലെ ഇസ്‌ലാമിനെ പൂര്‍ണമായ തോതില്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യക്കാര്‍ക്ക് സാധിച്ചില്ല എന്ന് എം.എന്‍ റോയ് ഖേദപൂര്‍വം പ്രസ്താവിക്കുന്നത് ഇവിടെ ഓര്‍ക്കാം.

 

ചൈന, മധ്യേഷ്യ, ഇന്തോനേഷ്യ

വണിക്കുകള്‍ വഴിയാണ് ചൈനയിലും ഇസ്‌ലാം എത്തുന്നത്. 2010-ലെ കണക്കനുസരിച്ച് ഇരുപത്തിമൂന്ന് ദശലക്ഷമാണ് ചൈനയിലെ മുസ്‌ലിം ജനസംഖ്യ. ആയിരത്തി നാനൂറ് വര്‍ഷത്തെ ചരിത്രം ചൈനീസ് മുസ്‌ലിംകള്‍ക്ക് അവകാശപ്പെടാനുണ്ട്. മതപരിവര്‍ത്തനം വഴിയല്ല; കുടിയേറ്റം വഴിയാണ് ചൈനയില്‍ മുസ്‌ലിംകള്‍ വര്‍ധിച്ചതെന്ന് സര്‍ തോമസ് ആര്‍നള്‍ഡ് വ്യക്തമാക്കുന്നു. സോങ് രാജവംശത്തിന്റെ ഭരണകാലത്ത് ചൈനയുടെ വാണിജ്യരംഗത്ത് അറബികളായ മുസ്‌ലിംകള്‍ ആധിപത്യം പുലര്‍ത്തി. ഷെന്‍സോന്‍ഗ് എന്ന ചൈനീസ് ചക്രവര്‍ത്തി ക്രി. 1070-ല്‍ ബുഖാറയില്‍നിന്ന് 5,300 മുസ്‌ലിം വ്യാപാരികളെ ക്ഷണിച്ചുവരുത്തി ചൈനയില്‍ സ്ഥിരമായി പാര്‍പ്പിച്ചു. യുവാന്‍ രാജവംശ(1271-1368)ത്തിന്റെ കാലത്തും ധാരാളം മുസ്‌ലിം വ്യാപാരികള്‍ ചൈനയില്‍ സ്ഥിരതാമസമാക്കുകയുണ്ടായി. ഭരണകൂടത്തില്‍ ഇവര്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. മുസ്‌ലിം വാസ്തുശില്‍പികളും ജ്യോതിശാസ്ത്രജ്ഞരും ചൈനയിലേക്ക് ക്ഷണിച്ചുവരുത്തപ്പെട്ടു. മിംഗ് വംശത്തിന്റെ ഭരണകാലത്ത് മുസ്‌ലിംകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ സ്വാധീനം കൈവന്നു. ഉന്നത കുലജാതരായ ചൈനക്കാര്‍ ഇസ്‌ലാം ആശ്ലേഷിച്ചു. ചൈനീസ് വംശജരായ ഹൂയികളില്‍ ഭൂരിപക്ഷം മുസ്‌ലിംകളാണ്. ഉത്തര പടിഞ്ഞാറന്‍ ചൈനയിലാണ് മുഖ്യമായും ഇവര്‍ അധിവസിക്കുന്നത്. വിവിധ കുടിയേറ്റ വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപപ്പെട്ടതാണ് ഹൂയ് വംശം. ഉയിഗൂര്‍, കസാഖ്, ഡോന്‍ഗ്, ഉസ്‌ബെക് തുടങ്ങി വേറെയും വംശങ്ങള്‍ ചൈനീസ് മുസ്‌ലിംകളുടെ ഭാഗമാണ്. സൂഫി സരണികളും മറ്റു സംഘടനകളും ചൈനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

വാസ്തുവിദ്യ, കൈയെഴുത്തു കല, ശാസ്ത്രം, ദര്‍ശനം എന്നീ മേഖലകളിലെല്ലാം ചൈനയില്‍ ഇസ്‌ലാം സ്വാധീനം ചെലുത്തുകയുണ്ടായി. ശില്‍പ ഘടനയില്‍ വ്യതിരിക്തത പുലര്‍ത്തുന്നവയാണ് ചൈനയിലെ മസ്ജിദുകള്‍. ചൈനീസ് മുസ്‌ലിംകളുടെ സവിശേഷ കൈയെഴുത്തു രീതിയാണ് സിനി. ചൈനീസ് മുസ്‌ലിംകളുടെ ആയോധന കലയാണ് വുഷു. ചൈനീസ് ഭാഷക്ക് തങ്ങളുടേതായ സംജ്ഞകള്‍ സംഭാവന ചെയ്യാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചു. ചൈനീസ് വൈദ്യത്തിലും മുസ്‌ലിം സംഭാവനകള്‍ ഉണ്ട്.

ഇസ്‌ലാമിക നാഗരികതക്കു മേല്‍ പതിച്ച അശനിപാതമായിരുന്നു ചെങ്കിസ് ഖാന്റെ നേതൃത്വത്തില്‍ നടന്ന മംഗോളിയന്‍ ആക്രമണം. മുസ്‌ലിം സംസ്‌കാരത്തിന്റെ മധ്യേഷ്യന്‍ ഈറ്റില്ലങ്ങളെ കടപുഴക്കിയാണ് ആ കൊടുങ്കാറ്റ് കടന്നുപോയത്. എന്നാല്‍ അക്രമികള്‍ ഇസ്‌ലാമിന്റെ പതാകവാഹകരാവുന്ന അത്ഭുത പ്രതിഭാസത്തിന് ചരിത്രം സാക്ഷിയായി. മംഗോളികള്‍ മുഖേനെ ഇസ്‌ലാമിന്റെ സന്ദേശം തുര്‍ക്കിസ്താന്‍ വഴി സൈബീരിയ കടന്ന് റഷ്യയില്‍ എത്തി. സൂര്യ ചന്ദ്രാദികളെ ആരാധിച്ചിരുന്നവര്‍ ഏകദൈവവിശ്വാസം സ്വീകരിച്ചു. ഇസ്‌ലാം മധ്യേഷ്യക്ക് പകരം നല്‍കിയത് ഭദ്രമായ അടിത്തറകളുള്ള വൈജ്ഞാനിക നാഗരികതയാണ്. തുര്‍ക്കി ഭാഷക്കും സാഹിത്യത്തിനും ഇസ്‌ലാം വസന്തകാലമൊരുക്കി. കലയിലും വാസ്തുവിദ്യയിലും അതിന്റെ അനുരണനങ്ങളുണ്ടായി.

ഇന്ത്യയില്‍നിന്ന് കുടിയേറിയ ബുദ്ധ, ജൈന, ഹിന്ദു മതാനുയായികള്‍ പ്രതാപത്തോടെ വാഴുന്ന കാലത്താണ് ഇന്തോനേഷ്യയില്‍ ഇസ്‌ലാം എത്തുന്നത്. ഹിന്ദു മതത്തിന്റെ സ്വാധീനഫലമായി കടുത്ത ജാതിവ്യവസ്ഥ അവിടെ നിലനിന്നിരുന്നു. ജാതിയനുസരിച്ചല്ലാതെ ജോലി ചെയ്യുന്നത് വിലക്കപ്പെട്ടു. സമൂഹത്തിന്റെ താഴേതട്ടിലുള്ളവരാണ് ഇതിന്റെ ദുരിതം മുഴുവന്‍ അനുഭവിക്കേണ്ടിവന്നത്. ഇസ്‌ലാമില്‍ അവര്‍ രക്ഷാമാര്‍ഗം കണ്ടെത്തി. ഉച്ചനീചത്വങ്ങളില്ലാത്ത സാമൂഹിക ജീവിതം എന്ന വാഗ്ദാനമാണ് ഇന്തോനേഷ്യയിലെ അധഃസ്ഥിതരെ ഇസ്‌ലാമിലേക്കടുപ്പിച്ചത്. ജാതിവ്യവസ്ഥ കര്‍ക്കശമായിരുന്ന പ്രദേശങ്ങളിലെല്ലാം ഇസ്‌ലാം അതിവേഗം പ്രചരിച്ചു. വിശ്വാസ-കര്‍മ വ്യവസ്ഥകളുടെ ലാളിത്യമാണ് ഇന്തോനേഷ്യക്കാരെ ഇസ്‌ലാമിലേക്കാകര്‍ഷിച്ച മറ്റൊരു ഘടകം. സാര്‍വ ലൗകിക സാഹോദര്യം എന്ന ഇസ്‌ലാമിന്റെ ആശയവും മുസ്‌ലിം ആത്മജ്ഞാനികളുടെ നിര്‍മലവും സുതാര്യവുമായ ജീവിത മാതൃകയും ഇന്തോനേഷ്യയിലെന്ന പോലെ ഇന്തോ-ചീന, മലേഷ്യ, ഫിലിപ്പൈന്‍സ്, മലായ് ദ്വീപുകളില്‍ ഇസ്‌ലാമിന് സ്വീകാര്യത നേടിക്കൊടുത്തു. ഈ നാടുകളിലെല്ലാം പ്രാദേശിക ഭാഷകളെ ഇസ്‌ലാം സമ്പന്നമാക്കി. അറബി, പേര്‍ഷ്യന്‍ സൂഫി ഗ്രന്ഥങ്ങള്‍ ഈ ദ്വീപു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. പക്ഷികളും മൃഗങ്ങളും മരങ്ങളും കഥാപാത്രങ്ങളായി വരുന്ന സന്മാര്‍ഗ കഥകള്‍ ഈ ഭാഷകളില്‍ ധാരാളമായി രചിക്കപ്പെട്ടു. അത്താറിന്റെ മന്‍ത്വിഖു തൈ്വര്‍, റൂമിയുടെ മസ്‌നവി തുടങ്ങിയ സൂഫി ഗ്രന്ഥങ്ങളായിരുന്നു അവയുടെ മാതൃക. ഖാദിരിയ്യാ സൂഫി ത്വരീഖത്തിന്റെ പ്രചാരകനായ മൗലാനാ ബുര്‍ഹാനുദ്ദീന്‍ ഇന്തോനേഷ്യയുടെ ആത്മീയ പരിവര്‍ത്തനത്തില്‍ പ്രധാന പങ്കുവഹിച്ച സൂഫിയാണ്. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍