മതം-ശാസ്ത്രം സമന്വയത്തിലെ സങ്കീര്‍ണതകള്‍
'നാം ജീവിക്കുന്നത് ശാസ്ത്രയുഗത്തിലാണ്'- വളരെ സാധാരണമായി വ്യവഹരിക്കപ്പെടുന്ന ഒരു പ്രയോഗമാണിത്. നമ്മുടെയൊന്നും ബോധപൂര്‍വമായ ആവശ്യപ്പെടലോ അനുമതിയോ ഇല്ലാതെത്തന്നെ അത്തരമൊരു യുഗത്തിന്റെ പ്രണേതാക്കളും വക്താക്കളുമായി നാം മാറിയിരിക്കുന്നു. ജീവിതത്തിന്റെ നിഖില മേഖലകള്‍ക്കും ശാസ്ത്രീയമായ അടിത്തറ വേണമെന്ന രൂഢധാരണ വ്യാപകമായി വളര്‍ന്നിരിക്കുന്നു. ദൈവബന്ധിത ചിന്തകള്‍ക്കുപോലും ശാസ്ത്രത്തിന്റെ താങ്ങ് വേണമെന്നായിരിക്കുന്നു. ഫലമോ? പ്രപഞ്ചനാഥനേക്കാള്‍ ഭൗതികശാസ്ത്രം ഒരുപടി ഉയര്‍ന്നുനില്‍ക്കുന്നുവോ എന്ന മതിഭ്രമമാണ് മത-ശാസ്ത്ര എഴുത്തുകള്‍ വായനക്കാരനില്‍ രൂപപ്പെടുത്തുന്നത്.
സത്യത്തില്‍ മതവും ശാസ്ത്രവും ഏതെങ്കിലും തരത്തില്‍ സമന്വയിപ്പിക്കാന്‍ സാധിക്കുമോ? മതത്തിന്റെ ദാര്‍ശനികവും അനുഷ്ഠാനപരവുമായ വിശ്വാസലോകത്ത് തികച്ചും ഭൗതിക സംജ്ഞകളാല്‍ നിര്‍ണയിക്കപ്പെട്ട യാന്ത്രിക നിശ്ചിതത്വ വാദത്തിനു നിലനില്‍പുണ്ടോ?
ഇസ്‌ലാമിന്റെ കാര്യം തന്നെ എടുക്കുക. അതിന്റെ അടിസ്ഥാന പ്രമാണ ത്രയമായി ഗണിക്കപ്പെടുന്നത് തൗഹീദ്, ആഖിറത്ത്, രിസാലത്ത് എന്നിവയാണല്ലോ. ഒരു മനുഷ്യന്‍ മുസ്‌ലിമായിത്തീരാന്‍ പ്രാഥമികമായി ചെയ്യേണ്ടത് ഈ ആശയത്രയത്തെ മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മം കൊണ്ടും സാക്ഷാത്കരിക്കുകയാണ്. ഈ സാക്ഷാത്കാരത്തിലൂടെയാണ് ഒരു മുസ്‌ലിം വിശ്വാസ സാഫല്യം തേടേണ്ടത്. നിരുപാധികവും സംശയരഹിതവുമായ വിശ്വാസമാണ് ഇവിടെ ആവശ്യം. ശാസ്ത്രരീതികള്‍ക്കോ ഭൗതിക സംജ്ഞകള്‍ വഴി നേടുന്ന യുക്തിചിന്തകള്‍ക്കോ ഈ വിശ്വാസം വഴിപ്പെടുന്നില്ല.
തൗഹീദിനെ വിശകലനം ചെയ്തു നോക്കുക. അല്ലാഹു ഏകനാണ്. അവന് തുല്യനില്ല. അവനാണ് ഈ പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാരത്തിനു കാരണമായി വര്‍ത്തിക്കുന്നത്. തൗഹീദിന്റെ ഏറ്റവും ലളിതമായ പൊരുളിതാണ്. ഇതില്‍ ഏതെങ്കിലും ഒന്നിനെ ഭൗതിക ശാസ്ത്ര സംജ്ഞകള്‍ കൊണ്ട് വ്യാഖ്യാനിക്കാനോ തെളിയിക്കാനോ കഴിയുമോ? അഥവാ തൗഹീദ് എന്ന പരംപൊരുളിനെ ശാസ്ത്രീയമായി സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ അര്‍ഥമെന്താണ്? അല്ലാഹുവിന്റെ പരമമായ അസ്തിത്വത്തില്‍ സംശയാലുവാകുന്നു എന്നല്ലേ? അനന്തമായ അണ്ഡകടാഹത്തെ അപേക്ഷിച്ച് കടുകുമണി പോലുമല്ലാത്ത മനുഷ്യബുദ്ധിയാണ് ദൈവാസ്തിത്വത്തിനു തെളിവു തേടേണ്ടത് എന്ന സമീപനം ശരിയാണോ?
ഭൗതിക ശാസ്ത്രത്തിന്റെ ഘടനാപരമായ പരിമിതിയാണ് ഈ സന്ദിഗ്ധാവസ്ഥക്കു കാരണം. ദൃശ്യപ്രപഞ്ചത്തെ അറിഞ്ഞ് ആ ശക്തികളെ മനുഷ്യോപയോഗത്തിനായി നിയന്ത്രിക്കാനുള്ള കഴിവു മാത്രമേ ഭൗതിക ശാസ്ത്രത്തിനുള്ളൂ. ദൃഷ്ടിക്ക് അഗോചരമായ ആന്തരിക പ്രപഞ്ചം വിലയിരുത്താനുള്ള ക്ഷമതയോ പ്രവേശ്യതയോ ഇതിനില്ല. പ്രവിശാലമായ ആന്തരിക മണ്ഡലത്തെ ഒഴിച്ചുനിര്‍ത്തിയുള്ള ഇത്തരം നിര്‍വചനങ്ങള്‍ ഒരിക്കലും പൂര്‍ണമാകുന്നില്ല.
പ്രപഞ്ച വസ്തുക്കളെയും പ്രതിഭാസങ്ങളെയും പറ്റിയുള്ള മനുഷ്യന്റെ അറിവ് അവ്യക്തവും തുലോം പരിമിതവുമാണ്. ആധുനിക ശാസ്ത്രത്തില്‍ തര്‍ക്കരഹിതമായ ഒരു നിയമം പോലുമില്ല. പ്രപഞ്ചോല്‍പത്തി, പ്രകാശത്തിന്റെയും ആറ്റത്തിന്റെയും ഘടന, ജീവപരിണാമം, മഴ, കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രതിഭാസങ്ങള്‍- ഇവയെപ്പറ്റിയെല്ലാം വിവിധങ്ങളായ അഭിപ്രായങ്ങളാണ് പ്രമുഖ ശാസ്ത്രജ്ഞര്‍ തന്നെ പറഞ്ഞിട്ടുള്ളത്. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ന്യൂട്ടോണിയന്‍ ഭൗതിക ശാസ്ത്രത്തിനുമേല്‍ ക്വാണ്ടം സിദ്ധാന്തവും ആപേക്ഷികതാ സിദ്ധാന്തവും നേടിയ മേല്‍ക്കോയ്മ ഇത്തരുണത്തില്‍ ചേര്‍ത്തു വായിക്കേണ്ടതാണ്. ഐന്‍സ്റ്റീനും നില്‍സ്‌ബോറും ജോണ്‍ബെല്ലും ഒക്കെ നടത്തിയ ശാസ്ത്ര സംവാദങ്ങള്‍ ഇന്നും തര്‍ക്കങ്ങളായി തന്നെ തുടരുകയും ചെയ്യുന്നു. ഇങ്ങനെ അവ്യക്തവും അസ്ഥിരവുമായ ശാസ്ത്രകല്‍പനകള്‍ കൊണ്ട് അല്ലാഹുവിനെ അറിയാന്‍ ശ്രമിക്കുന്നതിലെ അയുക്തി വിശ്വാസികള്‍ക്കെങ്കിലും ബോധ്യപ്പെടേണ്ടതാണ്.
ഇതിനു കൗതുകകരമായൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ ശാസ്ത്രം യശസ്സും ബഹുമാനവും ആര്‍ജിച്ചപ്പോള്‍ മതം അപകടകരമായ തെറ്റായും മിഥ്യയായും നിന്ദിക്കപ്പെട്ടു. ശാസ്ത്രത്തിന്റെ ജീവശ്വാസമായ യുക്തിചിന്തയെ മതത്തിന്റെ മരണമണിയായിക്കണ്ട് ക്രൈസ്തവ പൗരോഹിത്യം തുറന്ന യുദ്ധത്തിന് പുറപ്പെട്ട ചരിത്രവും യൂറോപ്പിനുണ്ട്. ദൈവദത്തമെന്ന് കരുതപ്പെട്ട രാജവാഴ്ചകളുടെ പതനവും ജനായത്ത മൂല്യങ്ങള്‍ക്ക് പ്രാമുഖ്യമുള്ള പ്രത്യയശാസ്ത്രങ്ങളുടെ രാഷ്ട്രനവീകരണങ്ങളും എല്ലാം കൂടിയായപ്പോള്‍ മതത്തിന് ശരിക്കും ഗ്രഹണം ബാധിച്ച പോലെയായി. മതം പുരോഗതിയുടെ വഴിമടുക്കിയായും ദൈവിക ചിന്തകള്‍ കാലഹരണപ്പെട്ടതായും കരുതപ്പെട്ടു. ശാസ്ത്രം എല്ലാറ്റിനും മീതെ അവരോധിക്കപ്പെടുകയും ചെയ്തു.
ഇവിടെ മനസ്സിരുത്തേണ്ട മറ്റൊരു വസ്തുതയുണ്ട്. യൂറോപ്പിലെ സംഘടിത പൗരോഹിത്യത്തിന് നേരിടേണ്ടിവന്ന പ്രതിസന്ധി പ്രത്യയശാസ്ത്രപരമായി ഇസ്‌ലാമിനു വന്നുഭവിച്ചിട്ടേയില്ല എന്നതാണത്. എന്നിട്ടും യൂറോപ്യന്‍ അപകര്‍ഷബോധം അബോധപൂര്‍വമായെങ്കിലും ഏറ്റെടുക്കാന്‍ മുസ്‌ലിംകളും വിധിക്കപ്പെട്ടോ എന്നതാണ് സംശയം. ശാസ്ത്ര, മതതത്ത്വങ്ങളെ സമന്വയിപ്പിക്കാനുള്ള തിടുക്കം കാണിക്കുന്നത് ഇതുതന്നെയല്ലേ?
The Universe and Einstein എന്ന ഗ്രന്ഥത്തിലെ ഒരു വാക്യം ഉദ്ധരിക്കാം:
''ഭൗതിക പ്രപഞ്ചത്തിലെ ഒരു രഹസ്യവും അപ്പുറത്ത് മറ്റൊരു രഹസ്യം ചൂണ്ടിക്കാണിക്കാത്തതായി ഇല്ല. ബുദ്ധിയുടെ രാജവീഥികളും സിദ്ധാന്തങ്ങളുടെയും നിഗമനങ്ങളുടെയും ഊടുവഴികളും അന്ത്യത്തിലെത്തിച്ചേരുന്നത് ഒരു മഹാഗര്‍ത്തത്തിലാണ്. നീല്‍സ്‌ബോര്‍ പറഞ്ഞതുപോലെ നാം ഈ അസ്തിത്വ രംഗകേളിയിലെ നടന്മാരും പ്രേക്ഷകരുമാണ്'' (ലിങ്കന്‍ ബര്‍നറ്റ് പേ. 128).
Comments