Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി വിജ്ഞാനത്തെ ഉപാസിച്ച പണ്ഡിതന്‍

സഈദ് ഉമരി, മുത്തനൂര്‍

അര നൂറ്റാണ്ടിലേറെ കാലം ഉമറാബാദ് ജാമിഅ ദാറുസ്സലാമില്‍ വൈജ്ഞാനിക പ്രഭ ചൊരിഞ്ഞ് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ശിഷ്യഗണങ്ങളെ സംഭാവന ചെയ്ത വിശ്രുത പണ്ഡിതന്‍ മൗലാനാ സഹീറുദ്ദീന്‍ അസ്ഹരി റഹ്മാനി 2017 ആഗസ്റ്റ് 14-ന് ഈ ലോകത്തോട് വിടപറഞ്ഞു. ഉത്തര്‍പ്രദേശിലെ മുബാറക്പൂരിനടുത്ത ഹുസൈനാബാദില്‍ അബ്ദുസ്സുബ്ഹാന്‍ ബഹാദൂറിന്റെയും ഖദീജ ബീഗത്തിന്റെയും പുത്രനായി 1920-ല്‍ (ഹിജ്‌റ 1338) ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. സെക്കന്ററി തലം വരെ നാട്ടില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം തുടര്‍ പഠനത്തിനായി ദാറുല്‍ ഉലൂം ദയൂബന്ദില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും പിതാവിന്റെ സുഹൃത്തുക്കളായ രണ്ട് പണ്ഡിതന്മാര്‍ അദ്ദേഹത്തെ ദല്‍ഹിയിലെ റഹ്മാനിയാ കോളേജില്‍ അയക്കാന്‍ നിര്‍ദേശിച്ചു. 1940-ല്‍ മൂന്ന് വര്‍ഷത്തെ 'റഹ്മാനി' ബിരുദം പൂര്‍ത്തിയാക്കി. സ്വഹീഹുല്‍ ബുഖാരി, മുവത്വ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍ 'ദര്‍സ്' നടത്താനുള്ള യോഗ്യത അദ്ദേഹം അവിടെനിന്ന് നേടി. ശൈഖ് ഉബൈദുല്ല മൂബാറക്പൂരിയായിരുന്നു അവിടത്തെ അദ്ദേഹത്തിന്റെ പ്രധാന ഗുരു. എസ്.വി കോളേജില്‍നിന്ന് 'മുന്‍ഷി ഫാളില്‍' ബിരുദം നേടിയതും ഇതേ സമയത്തു തന്നെയായിരുന്നു. അറബി, ഇംഗ്ലീഷ്, ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ മൗലാനക്ക് നല്ല പരിജ്ഞാനമുണ്ടായിരുന്നു. ഖാരിഅ് അബ്ദുല്‍ ഖാലിഖ് കാന്തലവി മൗലാനയുടെ സതീര്‍ഥ്യനായിരുന്നു. 1945-ലാണ് മൗലാനാ സഹീറുദ്ദീന്‍ അധ്യാപന രംഗത്തേക്ക് തിരിഞ്ഞത്. ആദ്യകാലത്ത് പത്തു വര്‍ഷത്തോളം ഉത്തര്‍പ്രദേശിലെ മുഹമ്മദിയ്യ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തു. തുടര്‍ന്ന് അവിടെനിന്ന് രാജിവെച്ചു. അദ്ദേഹം 'മുഹമ്മദിയ്യ' വിട്ട വിവരം അറിഞ്ഞ തമിഴ്‌നാട്ടിലെ ഉമറാബാദ് ജാമിഅ ദാറുസ്സലാം അധികൃതര്‍ അദ്ദേഹത്തിനായി ജാമിഅയുടെ കവാടം തുറന്നിട്ടതായി അറിയിച്ചു. അന്നത്തെ ജാമിഅ പ്രിന്‍സിപ്പല്‍ ശൈഖുല്‍ ഹദീസ് അബ്ദുല്‍ വാജിദ് സാഹിബിന്റെ നിര്‍ദേശ പ്രകാരം ആത്മസുഹൃത്തും പിന്നീട് സഹപ്രവര്‍ത്തകനുമായ മൗലാനാ അബ്ദുസ്സുബ്ഹാന്‍ അഅ്‌സമി ഉമരിയാണ് കത്തെഴുതിയത്. അതനുസരിച്ച് അദ്ദേഹം ദല്‍ഹിയില്‍നിന്ന് ഉമറാബാദിലെത്തി. 1958-ലായിരുന്നു ഇത്.

ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമ, സുനനു അബൂദാവൂദ്, നൂറുല്‍ അന്‍വാര്‍, മുന്‍തഖല്‍ അഖ്ബാര്‍ തുടങ്ങിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഉമറാബാദില്‍ അദ്ദേഹത്തിന് പഠിപ്പിക്കാനുണ്ടായിരുന്നത്. മൗലാനാ സഹീറുദ്ദീന്‍ റഹ്മാനിയെ പോലെ 'മുഖദ്ദിമ'യെ ഉപാസിച്ച മറ്റൊരു പണ്ഡിതനില്ലെന്ന് സഹപ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ വാജിദ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഖല്‍ദൂന്റെ മുഖദ്ദിമയോട് കിടപിടിക്കുന്ന വേറൊരു ഗ്രന്ഥം മറ്റൊരു ഭാഷയിലും ഇല്ലെന്നാണ് മൗലാനാ സഹീറുദ്ദീന്‍ പറഞ്ഞിരുന്നത്.

മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി 40 വര്‍ഷം മുഖദ്ദിമയും 50 വര്‍ഷം സുനനു അബീദാവൂദും പത്തു വര്‍ഷം സ്വഹീഹുല്‍ ബുഖാരിയും അത്രതന്നെ കാലം സ്വഹീഹു മുസ്‌ലിമും വിവിധയിടങ്ങളിലായി അധ്യാപനം നടത്തിയിട്ടുണ്ട്. അതില്‍ അധികകാലവും ഉമറാബാദില്‍ തന്നെയായിരുന്നു. സ്വഹീഹു മുസ്‌ലിമിന് സനദ് നല്‍കാന്‍ യോഗ്യതയുള്ള പണ്ഡിതനായിരുന്നു അദ്ദേഹം. ഇന്ത്യയിലും പുറത്തുമായി അദ്ദേഹത്തില്‍നിന്ന് സനദ് സ്വീകരിച്ച നിരവധി പണ്ഡിതന്മാരുണ്ട്. നിവേദക പരമ്പരയില്‍ ഇമാം മുസ്‌ലിമില്‍നിന്ന് 21-ാമത്തെ കണ്ണിയാണ് സഹീറുദ്ദീന്‍ റഹ്മാനി. ഫലിതങ്ങള്‍ കോര്‍ത്തിണക്കി  ക്ലാസെടുക്കാന്‍ അദ്ദേഹത്തിന് പ്രത്യേക മികവുണ്ടായിരുന്നു. സഹീറുദ്ദീന്‍ സാഹിബിന്റെ ലളിത ജീവിതവും ഉത്തമ സ്വഭാവവും മാതൃകായോഗ്യമായിരുന്നു. പുഞ്ചിരിച്ചും സലാം പറഞ്ഞും ജാമിഅ കാമ്പസിലൂടെ അല്‍പം മുന്നോട്ടു കൂനി നടന്നു നീങ്ങുന്ന സഹീറുദ്ദീന്‍ സാഹിബ് ശിഷ്യരെ 'മൗലാനാ' എന്നാണ് വിളിച്ചിരുന്നത്. പിതാവ് കോണ്‍ഗ്രസ്സുകാരനായതിനാല്‍ ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള നേതാക്കള്‍ സഹാറന്‍പൂരിലെ തന്റെ വീട്ടില്‍ വന്ന ബാല്യകാല ഓര്‍മകള്‍ അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങളോടും മറ്റും ചില തെറ്റുകള്‍ കോണ്‍ഗ്രസ് പില്‍ക്കാലത്ത് ചെയ്തിട്ടുണ്ടെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇപ്പോഴും ആശ്രയിക്കാനുള്ളത് കോണ്‍ഗ്രസ്സാണെന്ന് മൗലാനാ റഹ്മാനി ഉറച്ചു വിശ്വസിച്ചിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല സ്മരണകള്‍ അദ്ദേഹം അയവിറക്കാറുണ്ടായിരുന്നു.

അധ്യാപനത്തെ പറ്റി പറയുമ്പോള്‍ ഇന്ത്യയില്‍ പൊതുവെ ഗുരുനാഥന്മാര്‍ വടികൊണ്ടാണ് കുട്ടികളെ പഠിപ്പിക്കാറുള്ളതെന്നു കാണാം. എന്നാല്‍ അധ്യാപകരുടെ അധ്യാപകനായ ഈ പണ്ഡിത കേസരി തന്റെ 60 വര്‍ഷത്തെ അധ്യാപന ജീവിതത്തിലൊരിക്കലും വടി എടുക്കുകയോ ഒരു വിദ്യാര്‍ഥിയെ പോലും അടിക്കുകയോ ചെയ്തിട്ടില്ലെന്ന് സാഭിമാനം പറയുന്നു. അത് അദ്ദേഹം സ്വയം വരിച്ച ഒരു അവാര്‍ഡ് തന്നെയെന്ന് കരുതാം.

സുഊദി അറേബ്യയില്‍ താമസിച്ച് സ്വഹീഹു മുസ്‌ലിം ക്ലാസെടുത്തപ്പോഴുണ്ടായ ഒരു സംഭവം. രാജകുടുംബത്തില്‍പെട്ട ഒരു വിദ്യാര്‍ഥി ക്ലാസിനെത്തിയിരുന്നു. പത്ത് ദിവസത്തെ നിരന്തര ക്ലാസിനിടക്ക് ഈ വിദ്യാര്‍ഥിയോട് വീട്ടുകാര്‍ രാജകുടുംബത്തിലെ ഒരു പ്രധാനിക്ക് സ്വീകരണം നല്‍കുന്നുണ്ടെന്നും വീട്ടില്‍ നടക്കുന്ന ചടങ്ങിലേക്ക് വരണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ 'ഞാന്‍ വിജ്ഞാനത്തിന്റെ ചക്രവര്‍ത്തിക്ക് മുമ്പിലിരിക്കുകയാണ്; അവിടെ ഏതു രാജാവ് വന്നിട്ടും കാര്യമില്ല' എന്നു പറഞ്ഞ് ആ വിദ്യാര്‍ഥി ക്ഷണം നിരസിക്കുകയായിരുന്നു. ഈ സംഭവം സഹീറുദ്ദീന്‍ സാഹിബിന് ആവേശം പകര്‍ന്ന അനുഭവമായിരുന്നു അത്.

ഇന്ത്യയിലെ അഹ്‌ലെ ഹദീസ് പണ്ഡിതന്മാരില്‍ പ്രമുഖനായിരുന്നു മൗലാനാ സഹീറുദ്ദീന്‍ റഹ്മാനി. അദ്ദേഹം തന്റെ ജീവിതം ഹദീസ് പ്രചാരണത്തിനും അധ്യാപനത്തിനുമായി നീക്കിവെച്ചു. വ്യത്യസ്ത നാടുകളിലുള്ള അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഒറ്റക്കും കൂട്ടായും അദ്ദേഹത്തെ സമീപിച്ച് ഹദീസ് വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തുക പതിവായിരുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ലഭിക്കുന്ന സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിക്കൊിരുന്നു.

സുഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഹദീസ് വിജ്ഞാനീയങ്ങളില്‍ ക്ലാസെടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരുന്നു. മസ്ജിദുന്നബവിയിലെ അധ്യാപകനായ ശൈഖ് മുഹമ്മദ് അഅ്‌സമി, ഇരുഹറമുകളിലെയും അധ്യാപകനും പണ്ഡിത സഭയിലെ അംഗവുമായ ശൈഖ് സ്വാലിഹുല്‍ അസ്വീമി, മസ്ജിദുന്നബവിയിലെ ഇമാമും ഖത്വീബുമായ ശൈഖ് മുഹ്‌സിന്‍ അല്‍ഖാസിം, ഹറമിലെ ഇമാമും ഖത്വീബുമായി അറിയപ്പെട്ട ശൈഖ് അബ്ദുര്‍റഹ്മാന്‍ സുദൈസ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ പെടുന്നു.

മൗലാനാ ആസാദിനോടും അദ്ദേഹത്തിന്റെ തര്‍ജുമാനുല്‍ ഖുര്‍ആനിനോടും ശൈഖ് സഹീറുദ്ദീന്‍ സാഹിബിന് വലിയ ആദരവായിരുന്നു. ഉമറാബാദിനടുത്ത ഗാഡമ്പൂരില്‍(ഏമറമായൗൃ) തന്റെ സഹപ്രവര്‍ത്തകനും മുന്‍പ്രിന്‍സിപ്പലുമായ മര്‍ഹൂം അബ്ദുല്‍ കബീര്‍ ഉമരിയുടെ തൊട്ടടുത്ത് മറമാടിയ സഹീറുദ്ദീന്‍ സാഹിബിന്റെ മയ്യിത്ത് നമസ്‌കാരത്തിന് ഡോ. അബ്ദുല്ല ജൂലം ഉമരി മദീനി(നേപ്പാള്‍) നേതൃത്വം നല്‍കി. ലോക ഇസ്‌ലാമിക പണ്ഡിതസഭയുടെ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ഇന്ത്യയിലെ മഹാപണ്ഡിതനും ഹദീസ് നിവേദക പരമ്പരയിലെ കണ്ണിയുമായ ശൈഖുല്‍ ഹദീസ് മൗലാനാ സഹീറുദ്ദീന്‍ അസ്ഹരി റഹ്മാനിയുടെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ആയിരങ്ങള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കിയും അധ്യാപനത്തെ ഉപാസിച്ചും ഉമറാബാദിനെ പ്രണയിച്ചും മരണം വരെ സേവനനിരതനായ ആ വിജ്ഞാന ചക്രവര്‍ത്തി ആരോടും ഒരു പരിഭവവുമില്ലാതെ വിടവാങ്ങുമ്പോള്‍ സ്വര്‍ഗീയാരാമങ്ങളില്‍ മാലാഖമാര്‍ മൗലാനയുടെ ആത്മാവിനെ ശാന്തിയുടെ നിത്യഗേഹത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യാതിരിക്കില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍