Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

രാഷ്ട്രീയ നീക്കങ്ങളില്‍ വൈകാരികത കലരരുത്; സാമുദായികതയും

സയ്യിദ് സആദത്തുല്ല ഹുസൈനി

ലോക മുസ്‌ലിംകളുടെ, പ്രത്യേകിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ ഒരു പ്രധാന പോരായ്മ അവര്‍ പെട്ടെന്ന് വൈകാരികതക്ക് അടിപ്പെട്ടുപോകുന്നു എന്നതാണ്. വൈകാരികത എന്നാല്‍ തീവ്രവാദത്തിന്റെ മറുവാക്കൊന്നുമല്ല. പക്ഷേ, യാതൊരു വീണ്ടുവിചാരവുമില്ലാതെ എടുത്തുചാടി ചെയ്യുന്ന ചില പ്രവൃത്തികള്‍ വ്യക്തിപരമായും സാമൂഹികമായും വലിയ ക്ഷതങ്ങള്‍ മുസ്‌ലിം സമൂഹത്തിന് ഏല്‍പിക്കുന്നുണ്ട്. വൈകാരികത ചിലരെ തീവ്ര ചിന്താഗതിയിലേക്ക് നയിച്ചേക്കാം, ചിലരെ കടുത്ത നിരാശയിലേക്കും. വൈകാരികതക്ക് വശംവദനായ ഒരാള്‍ക്ക് താനുള്‍പ്പെട്ട സമൂഹത്തിന്റെ തിന്മകള്‍ കാണാനാകില്ല; ഇതര സമൂഹങ്ങളുടെ നന്മകളും അയാളുടെ കണ്ണില്‍ പെടുകയില്ല. മുഴുലോകത്തെയും അവര്‍ കറുപ്പും വെളുപ്പും മാത്രമായി കാണുന്നു. കറുപ്പും വെളുപ്പുമല്ലാത്ത ചാരനിറമുള്ള (Grey)  മേഖലകള്‍ അവര്‍ കാണാതെ പോവുകയും ചെയ്യുന്നു. ഇതു കാരണം പലപ്പോഴും ഭൂരിപക്ഷം വരുന്ന മറ്റു സമൂഹങ്ങളുടെ ചിന്തകളും വികാരങ്ങളും കണക്കിലെടുക്കാനോ അവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കാനോ കഴിയാതെ വരുന്നു. നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ വൈകാരിക പ്രകടനങ്ങളാണ് പൊതുവെ മുന്‍പന്തിയില്‍ കാണാറുള്ളത്. അവരുടെ നേതൃത്വമാകട്ടെ പിറകില്‍ നില്‍ക്കുകയുമാണ്. അവര്‍ നടത്തുന്ന പത്രങ്ങളിലും വൈകാരിക പ്രകടനങ്ങള്‍ക്കും നിലപാടുകള്‍ക്കുമാണ് മുന്‍തൂക്കം.

ഈയടുത്ത് നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക. ആ പ്രതികരണ മലവെള്ളപ്പാച്ചില്‍ ഈ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്. ചിലര്‍ യു.പി മുസ്‌ലിംകളെ പഴിക്കുന്നു. 'ബിഹാറിലെ മുസ്‌ലിംകളെപ്പോലെ അവര്‍ വിവേകം കാണിച്ചില്ല' എന്നാണ് ഇക്കൂട്ടരുടെ പരാതി. അവരില്‍ ചിലര്‍ ഈ നിഗമനത്തില്‍ എത്തുകയും ചെയ്യുന്നു: 'ഭിന്നിപ്പിലേ മുസ്‌ലിംകള്‍ക്ക് താല്‍പര്യമുള്ളൂ; ഒന്നിക്കുന്നതില്‍ അവര്‍ക്ക് ഒട്ടും താല്‍പര്യമില്ല.' ചിലര്‍ കുറേക്കൂടി കടന്ന് മുസ്‌ലിം സംഘടനകളെ ബി.ജെ.പിയുടെ ഏജന്റുമാരായി മുദ്ര കുത്തുന്നു. ചിലരുടെ ഭാവനയില്‍ യഥാര്‍ഥ പ്രശ്‌നം, മുസ്‌ലിംകള്‍ തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികളെ കൈയൊഴിച്ച് 'മറ്റുള്ളവര്‍ക്ക്' വോട്ട് ചെയ്തതാണ്. ചുരുക്കത്തില്‍ എത്ര നാക്കുണ്ടോ അത്രയും അഭിപ്രായങ്ങള്‍.

ഒരു കാര്യം മനസ്സിലാക്കണം. അതിവൈകാരികതക്ക് അല്‍പ്പായുസ്സേ ഉള്ളൂ. ദിവസങ്ങള്‍ക്കകം വൈകാരികതയുടെ കൊടുങ്കാറ്റടങ്ങും. എല്ലാം പഴയ പടിയാവും. ധ്രുവ നക്ഷത്രത്തോളം കുതിച്ചുയരുന്ന അതിവൈകാരികത ഭൂമിയുടെ പാതാളത്തിലേക്ക് പതിക്കാന്‍ മണിക്കൂറുകള്‍ മതി. യഥാര്‍ഥത്തില്‍ നമ്മുടെ ഒട്ടു മിക്ക പ്രശ്‌നങ്ങളുടെയും വേരുകള്‍ കിടക്കുന്നത് അതിവൈകാരികതയില്‍ ചാലിച്ച ഈ സാമൂഹിക പ്രതിഷേധ രൂപങ്ങളിലാണ്. വലിയ പ്രതീക്ഷകള്‍ അവര്‍ പുലര്‍ത്തും. അത് നിരാശയിലേക്ക് വഴിമാറാനും അധിക സമയം വേണ്ടിവരില്ല. അവര്‍ക്ക് കാത്തിരിക്കാന്‍ വയ്യ; ചെയ്യുന്നതിന്റെയൊക്കെ റിസല്‍ട്ട് ഉടനടി കിട്ടിക്കൊണ്ടിരിക്കണം. ഈ പ്രകൃതക്കാര്‍ക്ക് സഗൗരവം നടത്തേണ്ട സാമൂഹിക പരിഷ്‌കരണം, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രം ഫലം തരുന്ന മറ്റു യത്‌നങ്ങള്‍ ഇതൊന്നും സഹിക്കാനാവുകയില്ല.

യു.പി മുസ്‌ലിംകളുടെ കാര്യമെടുക്കാം. അവരെന്തോ അസാധാരണ കുറ്റം ചെയ്തു എന്ന മട്ടിലാണ് വികാരജീവികളുടെ പ്രതികരണം. യഥാര്‍ഥത്തില്‍ അത്ര വലിയ പാകപ്പിഴവൊന്നും അവര്‍ക്ക് പറ്റിയിട്ടില്ല. പറ്റിയ പാകപ്പിഴവാകട്ടെ അത്രയേറെ ആപത്കരവുമല്ല. സംഭവങ്ങളെ അവയുടെ നിജഃസ്ഥിതിയില്‍ അറിയാനും കാണാനുമാണ് നാം ശ്രമിക്കേണ്ടത്. അതാണ് വിവേകപൂര്‍ണമായ നിലപാട്. യു.പിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ഐക്യമുണ്ടാകുന്നതോ ഇല്ലാതിരിക്കുന്നതോ അവിടത്തെ മുസ്‌ലിംകളുടെ പരിധിയിലും നിയന്ത്രണത്തിലുമുള്ള കാര്യമല്ല. മുമ്പും മുസ്‌ലിംകള്‍ അവിടെ ഒറ്റക്കെട്ടായി വോട്ട് ചെയ്തിട്ടില്ല. കാരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ജാതീയവും മറ്റുമായ ചേരിതിരിവ് അത്രക്ക് ശക്തമായിരുന്നു മുമ്പു മുതല്‍ക്കേ. എന്നിട്ടും മുസ്‌ലിംകള്‍ പൊതുവില്‍ വളരെ വിവേകപൂര്‍വം വോട്ട് വിനിയോഗിക്കാനുള്ള എല്ലാവിധ ശ്രമങ്ങളും നടത്തുകയുണ്ടായി. സന്ദര്‍ഭത്തിന്റെ തേട്ടം മനസ്സിലാക്കി മുസ്‌ലിം സംഘടനകള്‍ പൊതുവെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്ന് തീരുമാനിച്ചു. ഇത് തീര്‍ത്തും അസാധാരണമായ ഒരു രാഷ്ട്രീയ നിലപാടാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഉണ്ടായിട്ടില്ല. സ്ഥാനാര്‍ഥികളെ നിര്‍ത്തിയ മുസ്‌ലിം സംഘടനകളെയാകട്ടെ മുസ്‌ലിം വോട്ടര്‍മാര്‍ തീരെ പരിഗണിച്ചുമില്ല. അവര്‍ക്ക് കിട്ടിയ വോട്ടുകളുടെ എണ്ണം നോക്കിയാല്‍ അതറിയാം.

യു.പിയില്‍ സംഭവിച്ചത് എന്താണ്? മുന്‍കാലങ്ങളില്‍ മുസ്‌ലിമേതര വോട്ടുകള്‍ അവിടെ ഭിന്നിച്ച നിലയിലായിരുന്നു; ഇത്തവണയത് ഒന്നിച്ചു. ഒന്നിക്കാനുള്ള കാരണം? പല കാരണങ്ങളുണ്ട്. വര്‍ഗീയശക്തികളുടെ ഒരു ഉറച്ച വോട്ട് ബാങ്ക് ഉണ്ട് എന്നത് ശരിയാണ്. ചില മുസ്‌ലിം നേതാക്കളുടെ വൈകാരിക പ്രസംഗങ്ങള്‍, നേരത്തേ പറഞ്ഞതു പോലുള്ള സോഷ്യല്‍ മീഡിയാ ആക്ടിവിസം, ചില മുസ്‌ലിം പ്രമുഖരുടെ അസ്ഥാനത്തുള്ള ഒട്ടും മയമില്ലാത്ത ആഹ്വാനങ്ങള്‍, ഉര്‍ദു മീഡിയയുടെ ബഹളം വെക്കല്‍ ഇതെല്ലാം വര്‍ഗീയ ശക്തികളുടെ മൂര്‍ച്ചയുള്ള ആയുധങ്ങളായി പരിണമിക്കുന്ന അനുഭവമാണ് നമുക്കുള്ളത്. ശുദ്ധാത്മാക്കളായ ചില മുസ്‌ലിംകളുടെ രീതികള്‍ ആ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. ഇതു കാരണം എങ്ങോട്ടും ചായാതെ ഇടക്ക് നില്‍ക്കുന്ന വോട്ടുകള്‍ വര്‍ഗീയശക്തികള്‍ക്ക് തങ്ങളുടെ പെട്ടിയിലാക്കാന്‍ സാധ്യമാവുന്നു. രാജ്യത്തെ വലിയൊരു വിഭാഗം വര്‍ഗീയമായി ചിന്തിക്കുന്നവരല്ല എന്നത് ശരിയായിരിക്കുന്നതോടൊപ്പം തന്നെ, വര്‍ഗീയതക്ക് അന്ത്യം കുറിക്കല്‍ അവരുടെ ഏറ്റവും വലിയ അജണ്ടയല്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് വേണ്ടിയിരുന്നത് ധീരനും കര്‍മകുശലതയുള്ളവനും താരതമ്യേന വിശ്വസ്തനുമായ ഒരു ഭരണാധികാരിയെയായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രിയില്‍ അങ്ങനെയൊരാള്‍ ഉണ്ടെന്ന് അവര്‍ കരുതി. മറ്റുള്ളവരേക്കാള്‍ മോദിക്ക് അവര്‍ മുന്‍ഗണന നല്‍കുകയും ചെയ്തു.

ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ടു കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന് ഒരു പൊതു ലക്ഷ്യവും സ്വപ്‌നവും പ്രതീക്ഷയുമൊക്കെ പകര്‍ന്നുനല്‍കാന്‍ ഏതെങ്കിലും ശക്തിക്ക് കഴിയുമെങ്കില്‍ അവര്‍ മാത്രമേ ഒരു പൊതു നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ വിജയിക്കുകയുള്ളൂ. അപ്പോള്‍ സ്വാഭാവികമായും ജാതീയതയുടെ കോട്ടകള്‍ തകര്‍ന്നുവീഴും. ഇതൊക്കെ മുസ്‌ലിംകള്‍ക്ക് സാധ്യമായാല്‍ അവര്‍ക്കും ഒന്നിക്കാന്‍ സാധ്യമാവും. ഐക്യത്തെക്കുറിച്ച് ഇങ്ങനെയൊരു വിഷന്‍ ഇല്ലാതെ, ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് ദിവ്യ വെളിപാടിറങ്ങുമെന്ന് കരുതി കാത്തിരിക്കുന്നത് മൗഢ്യമാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യ എതിരാളിയുടെ സ്ഥിതി എന്തായിത്തീരുമെന്ന് മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ക്കു പോലും മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നിരിക്കെ, മുസ്‌ലിംകള്‍ക്ക് മാത്രമായി ശരിയായ ഒരു തെരഞ്ഞെടുപ്പ് സ്ട്രാറ്റജി രൂപപ്പെടുത്താന്‍ എങ്ങനെ കഴിയാനാണ്!

ബി.ജെ.പിയുടെ മറവില്‍ ആര്‍.എസ്.എസ്സാണ് ജയിച്ചുകയറുന്നത് എന്നതൊക്കെ ശരിതന്നെ. ഇതൊരു പരാജയബോധമായി മുസ്‌ലിം സമൂഹത്തെ വേട്ടയാടിക്കൂടാത്തതാണ്. ബി.ജെ.പി ഇതാദ്യമായല്ല ഏതെങ്കിലും സംസ്ഥാനത്ത് വന്‍ വിജയം നേടുന്നത്. അവര്‍ക്ക് യു.പിയില്‍ ഇത്രയധികം സീറ്റുകള്‍ കിട്ടുന്നതും ആദ്യമായല്ല. ഇത് കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല എന്നും മനസ്സിലാക്കണം. അതിന് അതിന്റേതായ ചിന്തകളും കാഴ്ചപ്പാടുകളുമുണ്ട്. ഈ കാഴ്ചപ്പാടുകള്‍ കുറേക്കാലമായി നമ്മുടെ നാടിന്റെ സിരാകേന്ദ്രങ്ങളില്‍ പിടിമുറുക്കിക്കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും കോണ്‍ഗ്രസ്സില്‍ തന്നെയുള്ള വലിയൊരു വിഭാഗം ഇതേ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയവരായിരുന്നു. ഇവരുടെ കടുത്ത നിലപാടുകള്‍ കൂടി ഇന്ത്യാ വിഭാജനം പെട്ടെന്ന് സംഭവിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിന്റെ കൂടി പിന്‍ബലത്തിലാണ് കലാപങ്ങള്‍ സ്വതന്ത്ര ഇന്ത്യയുടെ അവിഭാജ്യ ഘടകമായി മാറിയത്. ഉര്‍ദുഭാഷയുടെ വേരറുക്കാനും അവര്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടത്തി. പലയിടങ്ങളിലും മസ്ജിദ്-മന്ദിര്‍ തര്‍ക്കങ്ങള്‍ കുത്തിപ്പൊക്കി. പോലീസിലും മറ്റു ഭരണസംവിധാനങ്ങളിലും വിഭാഗീയ ചിന്തയുടെ വിഷം കുത്തിവെച്ചു. വൈകാരിക പ്രശ്‌നങ്ങളില്‍ മുസ്‌ലിംകളെ തളച്ചിട്ടു; മുസ്‌ലിം സമുദായത്തിന്റെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്തി. യഥാര്‍ഥത്തില്‍, എത്രയോ മുമ്പേ ഇന്ത്യയുടെ അധികാരം ആ വിഭാഗത്തിന്റെ  നിയന്ത്രണത്തിലായിക്കഴിഞ്ഞിരുന്നു. അതിനാല്‍ ബി.ജെ.പി ജയിച്ചതുകൊണ്ടു മാത്രം വലിയ എന്തെങ്കിലും 'വിപ്ലവ'ത്തിന് സാധ്യത കാണുന്നില്ല. ഈ അട്ടിമറിയാകട്ടെ സ്വാതന്ത്ര്യലബ്ധി മുതല്‍ തുടര്‍ന്നുപോരുന്നതുമാണ്. സ്വാതന്ത്ര്യത്തിന് തൊട്ടുടനെ കോണ്‍ഗ്രസ് ഏതേത് സ്ഥാനങ്ങളില്‍ നിന്നിരുന്നുവോ ആ സ്ഥാനങ്ങളിലൊക്കെ ഇപ്പോള്‍ ബി.ജെ.പി കയറിനില്‍ക്കുന്നുവെന്നു മാത്രം. ബി.ജെ.പിക്കകത്ത് മുസ്‌ലിംവിരുദ്ധന്മാരുള്ളതുപോലെ കോണ്‍ഗ്രസ്സിനകത്തും മുസ്‌ലിം വിരുദ്ധന്മാര്‍ ഉണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ്സിനായിരുന്നു സ്വീകാര്യത; ഇന്ന് ബി.ജെ.പിക്കാണ്. അന്ന് ലിബറലുകള്‍ കോണ്‍ഗ്രസ്സിനകത്ത് ഉണ്ടായിരുന്നതുപോലെ, എണ്ണത്തില്‍ വളരെ കുറവാണെങ്കിലും ബി.ജെ.പിക്കത്തും ഉണ്ടാവാം ലിബറലുകള്‍. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പിക്കേണ്ടതില്ല എന്നല്ല പറഞ്ഞുവരുന്നത്. തോല്‍പ്പിക്കാന്‍ കഴിയാതിരുന്നാല്‍ മുസ്‌ലിംകള്‍ക്ക് എന്തോ പുതിയ ഖിയാമത്ത് നാള്‍ വരാന്‍ പോകുന്നു എന്ന മട്ടില്‍ ചിന്തിക്കേണ്ടതില്ല എന്നു മാത്രമാണ്.

നമ്മുടെ രാജ്യനിവാസികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നതാണ് മുസ്‌ലിംകള്‍ മുഖ്യ ശ്രദ്ധയൂന്നേണ്ട വിഷയം. പ്രത്യേകിച്ച് വിദ്യാസമ്പന്നരായ പുതുതലമുറ എങ്ങനെ ചിന്തിക്കുന്നു? ഇതാണ് അടിസ്ഥാന പ്രശ്‌നം. ഇന്ത്യന്‍ സമൂഹം പോസിറ്റീവായിട്ടാണ് ചിന്തിക്കുന്നതെങ്കില്‍ അസാധാരണമായ ഒരു പ്രവൃത്തിയും ബി.ജെ.പിക്ക് ഇവിടെ ചെയ്യാന്‍ കഴിയില്ല. ചെയ്താല്‍ തന്നെ അതിന് അല്‍പ്പായുസ്സുമായിരിക്കും. ഇനി പൊതുസമൂഹം നെഗറ്റീവായാണ് ചിന്തിക്കുന്നതെങ്കില്‍, ഇവിടത്തെ സെക്യുലര്‍ പാര്‍ട്ടികള്‍ വരെ മുസ്‌ലിംകള്‍ക്കൊപ്പം നിന്നു എന്ന കുറ്റം ഏറ്റെടുത്ത് 'ആത്മഹത്യ'യുടെ പാത തെരഞ്ഞെടുക്കുമെന്ന് കരുതേണ്ടതുമില്ല. അതേസമയം, ഇന്ത്യയിലെ മുസ്‌ലിമേതര സമൂഹങ്ങളില്‍ വിഭാഗീയ ചിന്തകള്‍ വല്ലാതെയൊന്നും വേരൂന്നിയിട്ടില്ല എന്നാണ് മനസ്സിലാവുന്നത്; അവരുടെ മനസ്സുകള്‍ വളരെ വേഗം വിഷലിപ്തമാക്കപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെങ്കിലും. ഇത് എങ്ങനെ തടയാം എന്നതാണ് മുഖ്യ വിഷയം. 

ഇവിടെയുള്ള ഭൂരിപക്ഷ ജനസമൂഹങ്ങളുമായി സുദൃഢബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക എന്നതാണ് മുസ്‌ലിം സമൂഹം നിര്‍വഹിക്കേണ്ട യഥാര്‍ഥ ദൗത്യം. അവരുടെ തെറ്റിദ്ധാരണകളും ആശങ്കകളും ദൂരീകരിക്കണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച യഥാര്‍ഥ ധാരണ അവരില്‍ സൃഷ്ടിക്കണം. അതിന് മുസ്‌ലിംകളുടെ ജീവിതം ഇസ്‌ലാമിക മൂല്യങ്ങളുടെ സാക്ഷ്യമായി മാറുക കൂടി വേണം. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ പ്രവാചകന്മാരുടെ മാതൃകയാണ് സ്വീകരിക്കേണ്ടത്. പ്രവാചകന്മാരെ അവരവരുടെ സമൂഹം അതികഠിനമായി എതിര്‍ത്തിരുന്നുവെങ്കിലും, ആ സമൂഹത്തെ അവര്‍ ഒരിക്കലും ശത്രുക്കളായി കണ്ടിരുന്നില്ല. പ്രബോധകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് അവരിലോരോരുത്തരെക്കുറിച്ചും സമൂഹത്തിലുള്ള പ്രതിഛായ, ആത്മാര്‍ഥതയുള്ള ഒരു ഗുണകാംക്ഷിയുടേതായിരുന്നു. മുസ്‌ലിംകളെക്കുറിച്ച് അങ്ങനെയൊരു ഇമേജ് ഇല്ല എന്നത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പല പ്രശ്‌നങ്ങളുടെയും വേരു കിടക്കുന്നതും അവിടെത്തന്നെ. എല്ലാ അര്‍ഥത്തിലും പ്രതിഛായ നന്നാക്കിയെടുക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ മുഖ്യ പരിഗണനയായി മാറണം.

രാഷ്ട്രീയ മേഖലയില്‍ അനിവാര്യമായിരിക്കുന്നത് ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടായിവരിക എന്നതാണ്. അതിനെക്കുറിച്ച് ആലോചിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും സമുദായ സംഘടനകളും ഒന്നിച്ചിരിക്കണം; പൊതുവേദി രൂപീകരിക്കണം. മുസ്‌ലിം വര്‍ഗീയതയേക്കാള്‍ പതിന്മടങ്ങ് ശക്തിയുണ്ടാവും ഹിന്ദുത്വ വര്‍ഗീയതക്ക് എന്ന കാര്യം മറക്കാതിരിക്കുക. സമുദായത്തിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ വര്‍ഗീയതയോ സാമുദായികതയോ കലര്‍ന്നുകൂടാത്തതാണ്. ഇസ്‌ലാമിക അധ്യാപനങ്ങളുടെ അടിസ്ഥാനത്തിലുള്ള ആദര്‍ശപരമായ നിലപാടാണ് ഈ നീക്കങ്ങളിലൊക്കെയും സ്വീകരിക്കേണ്ടത്. 

(ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനാണ് ലേഖകന്‍)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍