Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

സ്വന്തം ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ല

ഇല്‍യാസ് മൗലവി

ചോദ്യം: ദുരിതങ്ങളും പ്രയാസങ്ങളും വന്ന് വീര്‍പ്പുമുട്ടുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നവര്‍ക്ക് പരലോകത്ത് ശിക്ഷയുണ്ടാവുമോ?

 

തനിക്കും കുടുംബത്തിനും വന്നുഭവിക്കുന്ന പ്രയാസങ്ങളും ദുരിതങ്ങളും ക്ഷമാപൂര്‍വം തരണം ചെയ്യാനും, അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് സ്ഥൈര്യത്തോടെ മുന്നോട്ടു നീങ്ങാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്. യഥാര്‍ഥ ജീവിതം പരലോകജീവിതമാണെന്നും ഈ ലോക ജീവിതം പരീക്ഷണ ലോകമാണെന്നും വിശ്വസിക്കുന്ന മുസ്ലിം അങ്ങനെയേ ചെയ്യൂ. ആത്മഹത്യ വഴി മറ്റൊരു ദുഃഖവും ദുരിതവും കൂടി തന്റെ കുടുംബത്തിനുമേല്‍ കെട്ടിയേല്‍പ്പിച്ച് ജീവിതത്തില്‍നിന്ന് ഒളിച്ചോടുന്നവര്‍, തങ്ങള്‍ എന്തു മാത്രം വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

തന്നെ നൊന്തുപെറ്റ മാതാവിനും തനിക്കു വേണ്ടി പെടാപ്പാട് പെട്ട പിതാവിനും തീരാ ദുഃഖം നല്‍കി അവര്‍ കരയുന്നത് കാണാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും മക്കളുണ്ടാവുമോ? ഉപ്പാ എന്നു വിളിക്കാന്‍ ഈ ലോകത്ത് ആകെക്കൂടി ഉണ്ടായിരുന്ന ഒരുത്തന്‍ തന്റെ മക്കളെ കണ്ണീര്‍കയത്തില്‍ വിട്ടുപോകുന്നത് എന്തുമാത്രം ക്രൂരതയാണ്!

വലിയ പാപവും വന്‍കുറ്റവുമായിട്ടാണ് ഇസ്ലാം  ആത്മഹത്യയെ കാണുന്നത്. കൊലക്കുറ്റത്തെ കുറിച്ച പരാമര്‍ശങ്ങളിലെല്ലാം മറ്റുള്ളവരെ കൊല്ലുന്നതുപോലെ തന്നെ സ്വയം കൊല്ലുന്നതും ഉള്‍പ്പെട്ടിട്ടുണ്ട്. ഏതു മാര്‍ഗത്തിലൂടെയായാലും ആത്മഹത്യ ചെയ്യുന്നവര്‍ അല്ലാഹു നിഷിദ്ധമാക്കിയ ജീവനെ അന്യായമായി ഹനിക്കുകയാണ്. 

ഒരു മനുഷ്യനും തന്റെ ജീവന്‍ എടുക്കാനുള്ള അവകാശമില്ല. കാരണം അവനല്ല അത് സൃഷ്ടിച്ചത്. അവന്റെ ശരീരത്തിലെ ഏതെങ്കിലും അവയവമോ കോശമോ അവനുണ്ടാക്കിയതല്ല. അല്ലാഹു അവനെ വിശ്വസിച്ചേല്‍പ്പിച്ചതാണ് അവയെല്ലാം തന്നെ. അതിനാല്‍ അത് നശിപ്പിക്കാന്‍ അവന് അവകാശമില്ല. പിന്നെ എങ്ങനെയാണവന് ശരീരത്തെ കടന്നാക്രമിക്കാനും ജീവിതത്തില്‍നിന്ന് സ്വയം ഒഴിവാകാനും അധികാരമുണ്ടാവുക? പരാജിതന്റെ വഴിയാണ് സ്വയംഹത്യ. സ്വപ്നങ്ങള്‍ വീണടിയുന്നവന്റെ സ്വപ്‌നമാണത്. വിശ്വാസത്തകര്‍ച്ചയും ആദര്‍ശരാഹിത്യവും സൃഷ്ടിച്ച അപകടകരമായ പരിണാമങ്ങളിലൊന്ന്. 

ആത്മഹത്യയെ കണിശമായി നിരോധിക്കുന്നുണ്ട് ഇസ്ലാം. ''വിശ്വസിച്ചവരേ, നിങ്ങളുടെ മുതലുകള്‍ നിഷിദ്ധമാര്‍ഗത്തിലൂടെ പരസ്പരം ഭക്ഷിക്കരുത്. ഉഭയസമ്മതത്തോടെയുള്ള വിനിമയമായിരിക്കണം. നിങ്ങള്‍ നിങ്ങളെത്തന്നെ വധിക്കരുത്. അല്ലാഹു നിങ്ങളോട് കരുണയുള്ളവനാണെന്ന് ഗാഢമായി അറിയുക'' (അന്നിസാഅ് 29). മരണം ആഗ്രഹിക്കാന്‍ പാടില്ലെന്ന് നബി (സ)യും പറയുന്നു: ''നിങ്ങളാരും മരണം ആഗ്രഹിക്കുകയോ അതിനുവേണ്ടി പ്രാര്‍ഥിക്കുകയോ ചെയ്യരുത്. മരണത്തോടെ കര്‍മങ്ങള്‍ നിലച്ചുപോകും. ദീര്‍ഘായുസ്സ് കൊണ്ട് സത്യവിശ്വാസിയുടെ നന്മ വര്‍ധിക്കുകയേ ഉള്ളൂ.''

പ്രയാസങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഒരാള്‍ക്ക് നല്ല മനക്കരുത്ത് ഉണ്ടാവണമെന്നാണ് ഇസ്ലാം അഭിലഷിക്കുന്നത്. ഒരവസ്ഥയിലും അതവനെ ജീവിതത്തില്‍നിന്ന് ഒളിച്ചോടാന്‍ അനുവദിക്കുന്നില്ല. പരീക്ഷണങ്ങള്‍ നേരിടുകയോ മോഹങ്ങള്‍ തകരുകയോ ചെയ്യുമ്പോള്‍ ജീവിതത്തിന്റെ പുടവ അഴിച്ചുമാറ്റാന്‍ ആര്‍ക്കും അധികാരമില്ല. 

നബി (സ) പറഞ്ഞു: ''ആരെങ്കിലും വല്ല വസ്തുവും പ്രയോഗിച്ച് ഇഹലോകത്തു വെച്ച് സ്വയംഹത്യ ചെയ്തുവോ, അതേ വസ്തുവാല്‍ തന്നെ അന്ത്യദിനത്തില്‍ അവന്‍ ശിക്ഷിക്കപ്പെടുന്നതാകുന്നു'' (ബുഖാരി: 5700, മുസ്‌ലിം: 110).

മറ്റൊരു നബിവചനം ഇങ്ങനെ: ''നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന സമുദായത്തില്‍പെട്ട ഒരാള്‍. അയാള്‍ക്ക് മുറിവു പറ്റിയപ്പോള്‍ അത് സഹിക്കവയ്യാതെ അയാള്‍ ഒരു കഠാര എടുക്കുകയും എന്നിട്ട് തന്റെ കൈ മുറിക്കുകയും ചെയ്തു. അങ്ങനെ രക്തം വാര്‍ന്നു അയാള്‍ മരണപ്പെട്ടു. അപ്പോള്‍ അല്ലാഹു പറഞ്ഞു: എന്റെ അടിമ എന്നിലേക്ക് തിരക്കുകൂട്ടിക്കളഞ്ഞു,  അവനു ഞാന്‍ സ്വര്‍ഗം വിലക്കിയിരിക്കുന്നു'' (ബുഖാരി: 3276).

മുറിവിന്റെ വേദന സഹിക്കാനാവാതെ സ്വയം വധിച്ച മനുഷ്യന് അക്കാരണത്താല്‍ സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടുവെങ്കില്‍, പ്രേമനൈരാശ്യവും പരീക്ഷയിലെ പരാജയവും ഇടപാടിലെ ചെറിയതോ വലിയതോ ആയ നഷ്ടവും കാരണമായി ആത്മഹത്യ ചെയ്യുന്നവന്റെ അവസ്ഥ എന്തായിരിക്കും! 

മനക്കരുത്തില്ലാത്ത ദുര്‍ബലന്‍ നബി(സ)യുടെ ഈ വാക്കുകള്‍ കേള്‍ക്കേണ്ടതാണ്: ''മലയില്‍നിന്ന് കീഴ്‌പോട്ട് ചാടി മരിച്ചവന്‍ നരകത്തില്‍ നിരന്തരം വീണുകൊണ്ടിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്തവന്‍ തന്റെ കൈയില്‍ വിഷവുമായി നരകത്തില്‍ എക്കാലവും അത് കഴിച്ചുകൊണ്ടിരിക്കും. ഇരുമ്പു കൊണ്ട് സ്വയം കൊന്നവന്‍ തന്റെ കത്തി കൈയില്‍ പിടിച്ച് നരകത്തില്‍ എന്നെന്നും സ്വശരീരത്തെ കുത്തിക്കൊണ്ടിരിക്കും.''

അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത് പരീക്ഷിക്കാന്‍ വേണ്ടിയാകുന്നു. ധാരാളം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞും, ഒട്ടനവധി പ്രതിസന്ധികളിലും പ്രയാസങ്ങളിലും അകപ്പെടുത്തിയും പരീക്ഷണങ്ങള്‍ വരാം.  അല്ലാഹുവിന് വേണമെങ്കില്‍ മനുഷ്യരെയും മലക്കുകളെ സൃഷ്ടിച്ചതുപോലെ സൃഷ്ടിക്കാമായിരുന്നു. മലക്കുകള്‍ക്ക് അല്ലാഹുവിന്റെ കല്‍പനയെ ധിക്കരിക്കാനോ അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കാനോ സാധിക്കുകയില്ല. അതുപോലെ ബുദ്ധി ഉപയോഗിച്ച് നന്മ-തിന്മ വേര്‍തിരിച്ചറിയാനോ നല്ലതും ചീത്തയും തിരിച്ചറിയാനോ കഴിയാത്ത മൃഗങ്ങളെപ്പോലെയുമല്ല സൃഷ്ടിച്ചിട്ടുള്ളത്. 

അതിനാല്‍ എല്ലാം അല്ലാഹു നല്‍കുന്ന പരീക്ഷണമാണ് എന്ന തിരിച്ചറിവോടെ ക്ഷമാപൂര്‍വം അവയെ നേരിടുക എന്നല്ലാതെ, ഒളിച്ചോട്ടം അനുവദിക്കുകയില്ല. ഒളിച്ചോട്ടം പരാജയമായി കണക്കാക്കും.                        

പ്രയാസങ്ങളും ദുരിതങ്ങളും ആപത്തുകളും ഉണ്ടാകുമ്പോള്‍ അതിനെ ക്ഷമാപൂര്‍വം നേരിടുന്നവര്‍ക്ക് മഹത്തായ പ്രതിഫലമാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. ഇത്തരം പരീക്ഷണങ്ങള്‍ വിജയപൂര്‍വം തരണം ചെയ്യുന്നവര്‍ക്ക് അല്ലാഹു അവരുടെ പദവി ഉയര്‍ത്തിക്കൊടുക്കും. അവരുടെ തെറ്റുകള്‍ അതുവഴി മായ്ച്ചുകളയുകയും പൊറുത്തുകൊടുക്കുകയും ചെയ്യും. ഇതാണ് പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ളത്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അവന്റെ എല്ലാ കാര്യങ്ങളും നന്മയായിത്തീരുന്നു. നബി (സ) പറഞ്ഞു: ''സത്യവിശ്വാസിയുടെ കാര്യം അത്ഭുതകരം തന്നെ. അവന്റെ എല്ലാ കാര്യങ്ങളും അവനു നന്മയായി ഭവിക്കും. സത്യവിശ്വാസിക്ക് അല്ലാതെ അങ്ങനെ ഒരു സൗഭാഗ്യം ഇല്ല. അവന് സന്തോഷകരമായ വല്ലതും വന്നുകിട്ടിയാല്‍ അതിലവന്‍ നന്ദി പ്രകടിപ്പിക്കും, അപ്പോള്‍  അവനതൊരു നന്മയായിത്തീരും. ഇനി അവനെ വല്ല പ്രയാസവുമാണ് ബാധിക്കുന്നതെങ്കിലോ, അവനതില്‍ ക്ഷമ കൈക്കൊള്ളും. അപ്പോള്‍ അതും അവന് നന്മയായിത്തീരുന്നു'' (മുസ്‌ലിം: 7692).

അല്ലാഹു പറയുന്നു: ''ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുകയും ഏത് ആപത്തു ബാധിക്കുമ്പോഴും 'ഞങ്ങള്‍ അല്ലാഹുവിന്റേതല്ലോ, അവനിലേക്കല്ലോ ഞങ്ങള്‍ മടങ്ങേണ്ടതും' എന്ന് പറയുകയും ചെയ്യുന്നവരെ സുവാര്‍ത്തയറിയിച്ചുകൊള്ളുക. അവര്‍ക്ക് തങ്ങളുടെ റബ്ബിങ്കല്‍നിന്ന് വലുതായ അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കും. അവന്റെ കാരുണ്യം അവര്‍ക്ക് തണലേകുകയും ചെയ്യും. ഇത്തരം ആളുകള്‍തന്നെയാകുന്നു സന്മാര്‍ഗം പ്രാപിച്ചവര്‍'' (അല്‍ബഖറ 155-157).

ആത്മാഹുതി ചെയ്തവന്റെ മേല്‍ പ്രവാചകന്‍ നമസ്‌കരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ അത്തരക്കാര്‍ക്കു വേണ്ടി നമസ്‌കരിക്കാന്‍ അനുയായികള്‍ക്ക് നബി (സ) അനുവാദം നല്‍കുകയും ചെയ്തിരുന്നു.

ജാബിറുബ്‌നു സമുറയില്‍നിന്ന് നിവേദനം: ''അമ്പ് കൊണ്ട് സ്വയം മുറിവേല്‍പിച്ച് മരിച്ച ഒരാളുടെ മൃതദേഹം പ്രവാചകന്റെ അടുത്ത് ഹാജരാക്കപ്പെട്ടു. അദ്ദേഹം ആ ജനാസക്കു വേണ്ടി നമസ്‌കരിച്ചില്ല'' (മുസ്ലിം 978).

ജീവിതം ദുര്‍ഘടമാകുമ്പോള്‍ അത് അവസാനിപ്പിച്ചാല്‍ രക്ഷപ്പെടാമെന്ന ചിന്തയാണ് ആത്മഹത്യയിലേക്ക് നയിക്കുന്നത്. ജീവിതത്തിന്റെ അവസാനം മരണമാണെന്ന വിശ്വാസമാണ് ഇതിന്റെ കാരണം. എന്നാല്‍ മരണത്തോടെ ജീവിതം അവസാനിക്കുന്നില്ലെന്ന വിശ്വാസം ഒരു പരിധിവരെ ആത്മഹത്യയെ തടയുന്നു. 

'മരണമാണ് നല്ലതെങ്കില്‍ എനിക്ക് മരണം, ജീവിതമാണ് ഗുണമെങ്കില്‍ ജീവിതം' എന്ന് പ്രാര്‍ഥിക്കാനാണ് നബി(സ)യുടെ നിര്‍ദേശം. കടുത്ത മനോവേദനകള്‍ തളര്‍ത്തുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കാനേ അനുവാദമുള്ളൂ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍