മദീനയിലെ ആദ്യ ചുവടുവെപ്പുകള്‍
മുഹമ്മദുന്‍ റസൂലുല്ലാഹ്-25
ഖുബ ഗ്രാമത്തിലെത്തിയ പ്രവാചകന്‍ അവിടത്തെ ഗ്രാമമുഖ്യനായ കുല്‍സൂമുബ്‌നു ഹിദ്മിന്റെ ആതിഥ്യം സ്വീകരിച്ചു. സംഹൂദിയുടെ വിവരണ പ്രകാരം(പേ. 244, രണ്ടാം എഡിഷന്‍), തന്റെ ഗോത്രത്തില്‍ പെട്ടവരുടെ ഇസ്‌ലാം ആശ്ലേഷത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ആ സമയത്ത് തന്റെ ഇസ്‌ലാം ആശ്ലേഷം അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു ഗോത്രമുഖ്യനായ സഅ്ദുബ്‌നു ഖൈസമ (അദ്ദേഹം വിവാഹം കഴിച്ചിരുന്നില്ല)യുടെ വീട്ടില്‍ വെച്ചായിരുന്നു നബി അതിഥികളെ സ്വീകരിച്ചിരുന്നത്. ഖുബായിലെത്തിയ ആദ്യ ദിവസം നബി അതിഥികളെ സ്വീകരിക്കാനായി ഒരു ഈത്തപ്പനയുടെ ചുവട്ടിലാണ് ഇരുന്നത്. വളരെ ചുരുക്കം പേര്‍ക്കേ ഒറ്റനോട്ടത്തില്‍ പ്രവാചകനെ തിരിച്ചറിയാന്‍ കഴിഞ്ഞുള്ളൂ. അബൂബക്ര്‍ സിദ്ദീഖിനെ പ്രവാചകനെന്ന് തെറ്റിദ്ധരിച്ചവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. ഈത്തപ്പനച്ചുവട്ടിലേക്ക് വെയിലേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവാചകന് ചൂടേല്‍ക്കാതിരിക്കുന്നതിന് അബൂബക്ര്‍ തന്റെ മേല്‍പ്പുതപ്പെടുത്ത് മരത്തില്‍ വലിച്ചുകെട്ടുന്നത് കണ്ടപ്പോഴാണ് വളരെ ലളിതമായി വസ്ത്രധാരണം ചെയ്തിരുന്ന പ്രവാചകനെ തിരിച്ചറിയാനായത്.1
നബി ആദ്യം ചെയ്തത് ഖുബായില്‍ ഒരു പള്ളി നിര്‍മിക്കുകയായിരുന്നു. ഇന്നും ചരിത്രസ്മരണ പുതുക്കി അത് നിലനില്‍ക്കുന്നുണ്ട്. പള്ളി നിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളായി. നബിയും അബൂബക്‌റും ഉമറുമെല്ലാം നിര്‍മാണത്തിന് വേണ്ട കല്ലുകള്‍ ചുമന്ന് കൊണ്ടുവന്നു.2 മക്കയിലുള്ളവര്‍ തന്നെ സൂക്ഷിക്കാനേല്‍പ്പിച്ച മുതലുകള്‍ ഉടമകള്‍ക്ക് തിരിച്ചുകൊടുക്കുന്നതിനുവേണ്ടി പ്രവാചകന്‍ അലിയെ മക്കയില്‍ തന്നെ നിര്‍ത്തിയിരുന്നല്ലോ. ആ ചുമതല നിര്‍വഹിച്ച് അലി പ്രവാചകനുമായി സന്ധിക്കുന്നത് ഖുബാ വാസക്കാലത്താണ്.3
ഹിജ്‌റക്കു മുമ്പ് നബി മദീനാ വാസികള്‍ക്ക് അയച്ച ഒരു കത്ത് നമുക്ക് ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ളുഹ്ര്‍ നമസ്‌കാരത്തിന്റെ സമയത്ത് പള്ളിയില്‍ വിശ്വാസികള്‍ ഒത്തുചേരാനും ഒരു ഉദ്‌ബോധന പ്രസംഗം നടത്താനും നാല് റക്അത്തുള്ള ആ നേരത്തെ നമസ്‌കാരം രണ്ടാക്കി ചുരുക്കാനും അതില്‍ നിര്‍ദേശിക്കുന്നുണ്ട്.4 ഖുബായിലെത്തി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍5 വെള്ളിയാഴ്ചയായി. ഖുബായില്‍ വെച്ചോ അല്ലെങ്കില്‍ ബനൂ സാലിം ഗ്രാമത്തില്‍ വെച്ചോ നബിതന്നെ ജുമുഅ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. നബിയുടെ ആദ്യ ജുമുഅ ഖുത്വ്ബയിലെ ഉദ്‌ബോധനം ഇപ്രകാരമായിരുന്നു: ''(അല്ലാഹുവിനെ സ്തുതിച്ച ശേഷം) ജനങ്ങളേ! നിങ്ങള്‍ ആദ്യമായി സംരക്ഷിക്കേണ്ടത് നിങ്ങളെത്തന്നെയാണ്. നിങ്ങളിലൊരാള്‍ മരിച്ചുചെന്നാല്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുകയാണ്. ഒരു ഇടനിലക്കാരനെയോ മൊഴിമാറ്റക്കാരനെയോ അവിടെ ആവശ്യമായി വരുന്നില്ല. രക്ഷിതാവ് ചോദിക്കും: 'എന്റെ ദൂതന്‍ നിന്റെയടുക്കല്‍ വന്നില്ലായിരുന്നോ? ഞാന്‍ നിനക്ക് ധനം നല്‍കിയിട്ടില്ലായിരുന്നോ, വളരെ കൂടുതലായിട്ടു തന്നെ? പകരം എന്തുമായാണ് നീ എന്റെ അടുത്ത് വന്നിരിക്കുന്നത്?' ആ മനുഷ്യന്‍ വലത്തോട്ട് തിരിയും, പിന്നെ ഇടത്തോട്ട് തിരിയും. സഹായിയായി ഒരാളെയും അവനവിടെ കാണുകയില്ല. തൊട്ടുമുമ്പില്‍ അവന്‍ കാണുന്നത് നരകമാണ്. ആ നരകത്തില്‍നിന്ന് ആര്‍ക്കെങ്കിലും രക്ഷ തേടണമെന്നുണ്ടെങ്കില്‍ അവന്‍ സ്വയമത് ചെയ്യട്ടെ; ഒരു കാരക്കച്ചുളയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും. ഇനി ദാനം നല്‍കാനായി ഒരാളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ അയാള്‍ നല്ല വാക്കുകള്‍ പറയട്ടെ. കാരണം ഓരോ സദ്പ്രവൃത്തിക്കും അത് അര്‍ഹിക്കുന്നതിലും എത്രയോ അധികമായി പത്ത് മുതല്‍ എഴുനൂറ് ഇരട്ടി പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്.''6
ഖുബായില്‍ ഏതാനും ദിനങ്ങള്‍ താമസിച്ച ശേഷം മദീനയുടെ വടക്കുള്ള താഴ്‌വാര(ജൗഫ്)ത്തേക്ക് പോകാന്‍ നബി തീരുമാനിക്കുന്നു. എന്തായിരിക്കാം അതിനു കാരണം? തന്റെ പിതാമഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മാതാവിന്റെ കുടുംബക്കാര്‍ താമസിക്കുന്ന ഇടം കണ്ടെത്തി അവരോടൊപ്പം കഴിയാനായിരുന്നുവോ? 'ആദ്യം അദ്ദേഹം താമസിച്ചത് തന്റെ അമ്മാവന്മാരുടെ ബന്ധുക്കള്‍ താമസിക്കുന്നേടത്തായിരുന്നു' എന്ന് ബുഖാരി (2/30) എഴുതിയിട്ടുണ്ട്. ഇത്രകൂടി അദ്ദേഹം (63/46/9) കൂട്ടിച്ചേര്‍ക്കുന്നു: ''ഖുബായിലെ ബനൂ അംരിബ്‌നി ഔഫിന്റെ വീട്ടില്‍ 14 രാത്രി കഴിച്ചുകൂട്ടിയ ശേഷം ബനുന്നജ്ജാര്‍ കുടുംബക്കാരുടെ അടുത്തേക്ക് നബി ആളെ വിട്ടു. ആയുധസജ്ജരായാണ് അവര്‍ ഹാജരായത്.'' ഒട്ടകം മുട്ടുകുത്തിയേടത്ത് നബി താമസിച്ചു എന്ന പരാമര്‍ശം മുഖവിലക്കെടുക്കുകയാണെങ്കില്‍, ബന്ധുക്കളുടെ അടുത്ത് താമസിക്കാന്‍ നബി താല്‍പര്യപ്പെട്ടു എന്ന പരാമര്‍ശവുമായി അത് ഒത്തുപോവുകയില്ല. അല്ലെങ്കില്‍ ഒട്ടകം മുട്ടുകുത്തിയത് ബന്ധുജനങ്ങള്‍ക്കിടയിലാണ് എന്ന യാദൃഛികത സംഭവിക്കണം. തനിക്ക് സ്വന്തമായി, തീര്‍ത്തും സ്വതന്ത്രമായി ഒരു വീട് ഉണ്ടാക്കാനുള്ള ഇടമാണോ അദ്ദേഹം തേടിക്കൊണ്ടിരുന്നത്? അല്ലെങ്കില്‍ സാമൂഹികവും തന്ത്രപരവുമായ കാരണങ്ങളാല്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിയാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നോ? (മതപരമായ കാരണങ്ങളാല്‍ പ്രധാന പള്ളി നഗരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ കേന്ദ്രത്തില്‍ തന്നെ വേണം).
മറ്റൊരു കാരണവും അനുമാനിക്കാവുന്നതാണ്. ഇസ്‌ലാം മദീനയിലേക്ക് കടന്നുവരുന്നതിനു മുമ്പ്, അഥവാ ആഭ്യന്തരയുദ്ധങ്ങള്‍ നാടിനെ കീറിമുറിക്കുകയും ജനം തമ്മില്‍പ്പോരിനെ അങ്ങേയറ്റം വെറുക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ ഒരു ധാരണയില്‍ എത്തിയിരുന്നു. മദീനയിലെ രാജാവായി ഖസ്‌റജിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിനെ നിശ്ചയിക്കാനായിരുന്നു ധാരണ. ആ രാജാവിന് ചേരുന്ന ഒരു കിരീടം പണിയാന്‍ സ്വര്‍ണപ്പണിക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇസ്‌ലാം മദീനയില്‍ ആഴത്തില്‍ വേരു പിടിക്കുകയും പ്രവാചകന്‍ മദീനയില്‍ പലായനം ചെയ്‌തെത്തുകയും ചെയ്തതോടെ രാജാവിനെ നിശ്ചയിക്കുക എന്ന പദ്ധതി ഉപേക്ഷിക്കപ്പെട്ടു. രാജാവായി കണ്ടു വെച്ചിരുന്ന ആളെ ഇത് നിരാശപ്പെടുത്തുമെന്ന് പ്രവാചകന് നന്നായി ബോധ്യമുണ്ടായിരുന്നു. അദ്ദേഹത്തെ സമാധാനിപ്പിക്കാനും ജീവിതത്തിലുടനീളം പലവിധ പരിഗണനകള്‍ അദ്ദേഹത്തി
ന് നല്‍കാനും പ്രവാചകന്‍ ശ്രദ്ധിക്കുകയുണ്ടായി. നമുക്ക് സംഹൂദിയുടെ ഈ വിവരണം നോക്കാം (പേ: 258, രണ്ടാം എഡിഷന്‍): ''മക്കയില്‍ നിന്നെത്തിയ മുഹാജിറുകളുടെയും ആയുധധാരികളായ ഏതാനും അന്‍സാറുകളുടെയും അകമ്പടിയോടെ ഖുബായില്‍നിന്ന് യാത്രതിരിച്ച പ്രവാചകന്‍ ഖസ്‌റജ് ഗോത്രക്കാരനായ ബനൂഹുബ്‌ലയുടെ വാസസ്ഥലത്തിലൂടെ കടന്നുപോയി. ഇവിടെയാണ് അബ്ദുല്ലാഹിബ്‌നു ഉബയ്യ് താമസിക്കുന്നത്. അദ്ദേഹത്തോടൊപ്പം താമസിക്കാന്‍ നബി ആഗ്രഹം പ്രകടിപ്പിച്ചു. തന്റെ സംരക്ഷിത കോട്ടയില്‍ കാലുകള്‍ മടക്കിവെച്ച്, മുതുകും കാല്‍മുട്ടുകളും മറയ്ക്കുന്ന ഒരു ഷാള്‍ പുതച്ച് ഇരിക്കുകയായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യ് പ്രവാചകനെ അതിഥിയായി സ്വീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് പറഞ്ഞു: നിങ്ങളെ അതിഥിയായി ക്ഷണിച്ചുകൊണ്ട് വന്നവരുടെ അടുത്ത് പോയി താമസിക്കൂ...'' ഔസ് ഗോത്രക്കാരനായ ബനൂ അംരിബ്‌നു ഔഫിന്റെ അടുത്തുനിന്ന് നബി ഖസ്‌റജ് ഗോത്രക്കാരുടെ അടുത്ത് പോകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കൊന്നുമുള്ള വ്യക്തമായ ഉത്തരങ്ങള്‍ നമ്മുടെ ചരിത്ര സ്രോതസ്സുകളില്‍ കാണുന്നില്ല. ബുഖാരി (2/30) പറയുന്നത്, 'അദ്ദേഹം ആദ്യം തന്റെ അന്‍സാറുകളായ ബന്ധുക്കളുടെ അടുത്ത് താമസിച്ചു' (നബിയുടെ പിതാ മഹന്‍ അബ്ദുല്‍ മുത്ത്വലിബിന്റെ മാതാവ് ഖസ്‌റജ് ഗോത്രക്കാരിയായിരുന്നു) എന്നാണ്. ഇബ്‌നു സബാലയുടെ വിവരണത്തില്‍(സംഹൂദി- പേ: 262 ഉദ്ധരിച്ചത്), 'മൊത്തം അന്‍സാറുകളുടെ ഇടയില്‍ കഴിയാനാണ് അദ്ദേഹം ആഗ്രഹിച്ചത്' എന്നാണുള്ളത്.
അതെന്തുമാകട്ടെ, ബുഖാരിയുടെയും (8/48/2, 63/46/5) മുസ്‌ലിമിന്റെയും (5/9) വിവരണത്തില്‍ വ്യക്തമായി പറയുന്നു കാര്യം, തന്റെ കുടുംബക്കാരായ ബനുന്നജ്ജാറിലേക്ക് നബി ആളെ വിട്ടുവെന്നും ആയുധമണിഞ്ഞ് വന്നെത്തിയ ആ ബന്ധുക്കളുടെ അകമ്പടിയോടെയാണ് നബി ഖുബാ
യില്‍നിന്ന് മദീനയിലേക്കുള്ള യാത്ര പുനരാരംഭിച്ചത് എന്നുമാണ്. തന്റെ പെണ്ണൊട്ടകത്തിന്റെ പുറത്തായിരുന്നു നബിയുടെ യാത്ര. അതിന്റെ മൂക്കുകയര്‍ അതിന്റെ കഴുത്തില്‍ തന്നെ കെട്ടിവെച്ചിരുന്നു. ഓരോ ഗോത്രത്തിന്റെയും ആവാസ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍, തങ്ങളുടെ കൂടെ താമസിക്കണം എന്ന് അവര്‍ നബിയോട് അഭ്യര്‍ഥിക്കും. നബി അവരോട് പറഞ്ഞുകൊണ്ടിരുന്നു: ''ഒട്ടകം നടക്കട്ടെ. ദൈവം ഉദ്ദേശിക്കുന്നിടത്ത് അത് നമ്മെ കൊണ്ടെത്തിക്കാതിരിക്കില്ല.'' കുറച്ച് സഞ്ചരിച്ച ശേഷം ഒട്ടകം മുട്ടുകുത്തി. നബി അതിനൊരു തള്ള് കൊടുത്തപ്പോള്‍ അത് എണീറ്റ് ഏതാനും അടികള്‍ കൂടി നടന്ന് വീണ്ടും മുട്ടുകുത്തുകയാണുണ്ടായത്. അത് ഒഴിഞ്ഞ, ആള്‍പ്പാര്‍പ്പില്ലാത്ത ഒരു സ്ഥലമായിരുന്നു. നബിയുടെ മാതാവിന്റെ ബന്ധുക്കളായ ബനുന്നജ്ജാറിന്റെ ആവാസ പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടത്. ഇതിനോട് ഏറ്റവും അടുത്ത് കിടന്നിരുന്നത് അബൂ അയ്യൂബിന്റെ വീടായിരുന്നു(അദ്ദേഹം പിന്നീട് കോണ്‍സ്റ്റാന്റിനോപ്പ്ള്‍ ഉപരോധകാലത്താണ് മരിക്കുന്നത്. അദ്ദേഹത്തിന്റെ ഖബ്ര്‍ ഇസ്തംബൂളിലാണുള്ളത്). ഭാഗ്യവാനായ അബൂ അയ്യൂബ് ഉടനടി പ്രവാചകന്റെ യാത്രാ ഉരുപ്പടികള്‍ ഇറക്കിവെക്കുകയും തന്റെ വീട്ടിലേക്ക് ഹാര്‍ദമായി അദ്ദേഹത്തിന് സ്വാഗതമരുളുകയും ചെയ്തു. പെണ്ണൊട്ടകം മുട്ടുകുത്തിയ സ്ഥലം രണ്ട് അനാഥകളുടേതായിരുന്നു. കൊയ്ത്തുകാലങ്ങളില്‍ ധാന്യങ്ങളും മറ്റും ഉണക്കാനിട്ടിരുന്നത് ഇവിടെയായിരുന്നു. പത്ത് ദീനാറിന് ആ സ്ഥലം നബി വിലയ്ക്കു വാങ്ങി. സംഖ്യ കൊടുത്തത് അബൂബക്‌റാണ് (സംഹൂദി, പേ: 324). ഉടന്‍ തന്നെ അവിടെ പള്ളി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. അതാണ് മദീനയിലെ ഇന്നത്തെ മസ്ജിദുന്നബവി.7 ശ്രമദാനമായിട്ടാണ് പള്ളിപ്പണി പുരോഗമിച്ചത്. മുഹാജിറുകളും അന്‍സാറുകളും മാത്രമല്ല മദീനക്കാരല്ലാത്ത വിദേശികളും നിര്‍മാണത്തില്‍ പങ്കാളികളായി. അതിലൊരാളായിരുന്നു ത്വല്‍ഖ്. പ്രവാചകന്‍ അദ്ദേഹത്തെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. കാരണം കുമ്മായക്കൂട്ട് ഉണ്ടാക്കുന്നതില്‍ വിദഗ്ധനായിരുന്നു അദ്ദേഹം. (സംഹൂദി, പേ: 333-4). ഖിബ്‌ലക്ക് അഭിമുഖമാവാന്‍ ചുമരുകള്‍ എങ്ങനെ വേണം തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ തന്നെ, മറ്റുള്ള സാധാരണ ജോലിക്കാരെപ്പോലെ കല്ലും ഇഷ്ടികയുമൊക്കെ ചുമക്കാനും പ്രവാചകന്‍ അവരുടെ കൂടെയുണ്ടായിരുന്നു. പള്ളിയില്‍ നമസ്‌കാര സ്ഥലത്തിനൊപ്പം വിശാലമായ ഒരു പ്ലാറ്റ്‌ഫോമും ഉണ്ടാക്കിയിരുന്നു. തിണ്ട് പോലെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു ഭാഗം. സ്വുഫ്ഫ എന്നാണ് അതിന് പറഞ്ഞിരുന്നത്. പകല്‍ ക്ലാസ്‌റൂം ആയും രാത്രി ഉറങ്ങാനുള്ള ഡോര്‍മിറ്ററിയായും അത് ഉപയോഗിച്ചിരുന്നു (അതാണ് ഇസ്‌ലാമിലെ ആദ്യ 'യൂനിവേഴ്‌സിറ്റി', 'റസിഡന്‍ഷ്യല്‍ യൂനിവേഴ്‌സിറ്റി' എന്നുപോലും പറയാം). പള്ളിയുടെ ഒരു ഭാഗത്ത് പ്രവാചകന്നും കുടുംബത്തിനും വേണ്ടി ഏതാനും മുറികളും പണികഴിപ്പിച്ചു.8 ഇതിന് ശേഷമാണ് മക്കയിലുള്ള തന്റെ കുടുംബത്തെ കൊണ്ടുവരാനായി നബി തന്റെ രണ്ട് വിമോചിത അടിമകളായ സൈദിനെയും അബൂറാഫിഇനെയും മക്കയിലേക്ക് അയക്കുന്നത്. പ്രവാചകന്റെയും അബൂബക്‌റിന്റെയും രണ്ട് പെണ്ണൊട്ടകങ്ങളുമായും ഖുദൈദ് അങ്ങാടിയില്‍നിന്ന് മേടിച്ച മറ്റു മൂന്ന് ഒട്ടകങ്ങളുമായാണ് ഇരുവരും മക്കയിലേക്ക് പുറപ്പെട്ടത്.9 തിരിച്ചുള്ള യാത്രയില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രവാചകന്റെ ഭാര്യ സൗദ, പെണ്‍മക്കളായ ഫാത്വിമ, ഉമ്മുകുല്‍സൂം, അബൂബക്‌റിന്റെ ഭാര്യ, അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ എന്നിവര്‍. മക്കക്കാര്‍ സ്ത്രീകളെ ആദരിച്ചിരുന്നതുകൊണ്ടും മുസ്‌ലിംകളുമായി അവര്‍ പ്രത്യക്ഷയുദ്ധം തുടങ്ങിക്കഴിഞ്ഞിട്ടില്ലാത്തതിനാലും ഈ യാത്രാ സംഘത്തെ അവര്‍ തടസ്സപ്പെടുത്തുകയുണ്ടായില്ല. ഈ സംഘത്തില്‍ ഉമ്മു അയ്മനും ഉണ്ടായിരുന്നു എന്ന് മഖ്‌രീസി പറയുന്നുണ്ട്. പക്ഷേ, സുഹൈലി10 പറയുന്നത്, ഉമ്മു അയ്മന്‍ ഒരുപാട് പ്രയാസങ്ങള്‍ തരണം ചെയ്ത് ഒറ്റക്ക്, കാല്‍നടയായാണ് മക്കയില്‍നിന്ന് മദീനയിലെത്തിയത് എന്നാണ്. ഏതായാലും അബൂഅയ്യൂബിന്റെ വീട്ടില്‍ ഏഴ് മാസം തങ്ങിയ ശേഷമാണ് നബി പള്ളിയോടനുബന്ധിച്ച് തനിക്കായി പണി കഴിപ്പിച്ച മുറികളിലേക്ക് മാറിയത് (ഇതേക്കുറിച്ച് നാം പിന്നീട് വിശദമായി പറയുന്നുണ്ട്). പക്ഷേ, ഭാഗ്യം കടാക്ഷിക്കാത്ത മറ്റു ചിലരും ഉണ്ടായിരുന്നു. അവിശ്വാസികളായ ഭര്‍ത്താക്കന്മാരാലോ മാതാപിതാക്കളാലോ തടഞ്ഞുവെക്കപ്പെട്ട മുസ്‌ലിം സ്ത്രീകളുണ്ടായിരുന്നു മക്കയില്‍. ഉദാഹരണത്തിന്, പ്രവാചകന്റെ പെണ്‍മക്കളില്‍ ഒരാള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാത്ത തന്റെ ഭര്‍ത്താവിനൊപ്പം മക്കയില്‍ തങ്ങേണ്ടി വന്നു.11 ഉമ്മുസലമയുടെ ഭര്‍ത്താവ് നേരത്തേ മദീനയിലേക്ക് പലായനം ചെയ്തിരുന്നെങ്കിലും ആ മഹതിക്ക് മക്ക വിട്ടുപോരാന്‍ കഴിഞ്ഞില്ല; അവരുടെ മാതാപിതാക്കളുടെ കടുംപിടിത്തം കാരണം.
അഭയാര്‍ഥികളുടെ പുനരധിവാസം
മദീനയിലെത്തിയ അഭയാര്‍ഥികളില്‍ ചിലര്‍ക്ക് അവരുടെ പരിചയക്കാരില്‍നിന്ന് ഉടന്‍തന്നെ നല്ല ആതിഥ്യവും സ്വീകരണവും ലഭിച്ചു. പക്ഷേ, മറ്റുളളവരുടെ സ്ഥിതി അങ്ങനെയായിരുന്നില്ല. വിവാഹം കഴിച്ചിട്ടില്ലാത്ത സഅ്ദുബ്‌നു ഖൈസമ തന്റെ വീട് മലര്‍ക്കെ തുറന്നിട്ടുകൊടുത്തു. ഒപ്പം കുടുംബമില്ലാത്ത ഒരുപാട് അഭയാര്‍ഥികള്‍ അവിടെ കൂടി. ചില അഭയാര്‍ഥി കുടുംബങ്ങള്‍ പരിചയക്കാരുടെ വീട്ടിലാണ് തങ്ങിയത്. ചിലപ്പോള്‍ മദീനക്കാര്‍ വീടു നിര്‍മിക്കാനായി അഭയാര്‍ഥികള്‍ക്ക് ഭൂമിയും നല്‍കിയിരുന്നു. പക്ഷേ, വന്നെത്തിയ എല്ലാ മക്കക്കാരുടെയും പുനരധിവാസം അത്ര എളുപ്പമായിരുന്നില്ല.
മരുഭൂ കാലാവസ്ഥയില്‍ ജീവിച്ചിരുന്ന മക്കക്കാര്‍ക്ക് മദീനയെന്ന പച്ചത്തുരുത്തിലെ കാലാവസ്ഥ പിടിക്കുന്നുണ്ടായിരുന്നില്ല. മദീനക്കാര്‍ക്ക് മലേറിയപ്പനി ബാധിക്കുന്നില്ലല്ലോ, എന്താണതിനു കാരണം എന്നു ചോദിച്ചപ്പോള്‍ ജൂതന്മാര്‍ അഭയാര്‍ഥികളോട് പറഞ്ഞുവത്രെ: ''നഗരത്തില്‍ കടക്കുമ്പോള്‍ ഏഴു തവണ കഴുത കരയുന്നപോലെ ഓരിയിടണം. മദീനക്കാര്‍ അങ്ങനെ ചെയ്യുന്നതാണ് അവരുടെ ആരോഗ്യരഹസ്യം!''13 മദീനയില്‍ എത്തിയ ഉടന്‍തന്നെ തന്റെ മക്കക്കാരായ സഹപ്രവര്‍ത്തകരുടെ ആരോഗ്യവിവരങ്ങള്‍ പ്രവാചകന്‍ തിരക്കുന്നുണ്ടായിരുന്നു. അബൂബക്ര്‍ പനി പിടിച്ച് കിടപ്പിലായിക്കഴിഞ്ഞു. പ്രവാചകന്റെ അന്വേഷണം വന്നപ്പോള്‍ രണ്ട് വരി കവിതയിലാണ് അബൂബക്ര്‍ അതിന് മറുപടി കൊടുത്തയച്ചത്. 'ഞാന്‍ എന്റെ മരണത്തോട് എന്റെ ചെരുപ്പിനേക്കാള്‍ കൂടുതല്‍ അടുത്തിരിക്കുന്നു' എന്നതില്‍ എഴുതിയിരുന്നു. അബൂബക്‌റിന്റെ പരിചാരകന്‍ ആമിറുബ്‌നു ഫുഹൈറയും ഒരു കാവ്യശകലത്തിലൂടെയാണ് മറുപടി അയച്ചത്; 'മരണത്തിനു മുമ്പ് ഞാന്‍ മരണം രുചിച്ചുകഴിഞ്ഞു.' ബിലാലിന്റെ മറുപടിയില്‍ ഗൃഹാതുരത്വം നിറഞ്ഞുനിന്നു.14 ആയിടക്ക് പ്രവാചകന്റെ കുടുംബ സുഹൃത്തായിരുന്ന ഒരു ഖുസാഅക്കാരന്‍ മക്കയില്‍നിന്ന് മദീനയില്‍ വന്നു. അദ്ദേഹം മക്കയുടെ സൗന്ദര്യം വര്‍ണിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവാചക ഹൃദയവും വേദനിച്ചു.15
പ്രതിസന്ധി മറികടക്കാന്‍ എന്തെങ്കിലുമൊന്ന് ചെയ്‌തേ മതിയാവൂ; അധികം കഴിയുന്നതിനു മുമ്പ് പ്രവാചകനത് ചെയ്യുകയും ചെയ്തു. മദീനയിലെത്തി അഞ്ച് മാസം കഴിഞ്ഞപ്പോള്‍16 മക്കക്കാരും മദീനക്കാരുമായ എല്ലാ കുടുംബങ്ങളുടെയും തലവന്മാരെ പ്രവാചകന്‍ വിളിച്ചു ചേര്‍ത്തു. അത് വലിയൊരു സംഗമമായിരുന്നു. അഭയാര്‍ഥികളെ മദീനാ സമൂഹത്തിലേക്ക് സമന്വയിപ്പിക്കാന്‍ എല്ലാവരുടെയും ആത്മാര്‍ഥ സഹകരണം ഉണ്ടായേ പറ്റൂ എന്ന് പ്രവാചകന്‍ സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. എന്നിട്ട് ഉദ്ദിഷ്ട ലക്ഷ്യം സാധിക്കുന്നതിന് ലളിതവും പ്രായോഗികവുമായ ഒരു പദ്ധതി അവരുടെ മുമ്പില്‍ വെച്ചു. മദീനക്കാരായ ഓരോ കുടുംബവും- ചുരുങ്ങിയത് അവരില്‍ സാമ്പത്തിക ശേഷി ഉള്ളവരെങ്കിലും- ഒരു മക്കന്‍ കുടുംബത്തിന്റെയെങ്കിലും സംരക്ഷണം ഏറ്റെടുക്കണം. കരാറടിസ്ഥാനത്തിലുള്ള ഒരു സാഹോദര്യബന്ധം ഉണ്ടാക്കിയെടുക്കലാണത്. ഇരു കുടുംബവും ഒന്നിച്ച് ജോലി ചെയ്യുകയും വരുമാനം പങ്കുവെക്കുകയും വേണം. പരസ്പരം അനന്തരസ്വത്ത് കൈമാറുന്ന നിലവരെ അത് ചെന്നെത്തിയേക്കാം. എല്ലാവര്‍ക്കും ഈ നിര്‍ദേശം സ്വീകാര്യമായിരുന്നു. ഉടനടി പ്രവാചകന്‍ നിരവധി മക്കക്കാരെ -മഖ്‌രീസി17 പറയുന്നത് അവരുടെ എണ്ണം 186- അതേ എണ്ണം മദീനക്കാരുമായി ബന്ധിപ്പിച്ചു. ചില സന്ദര്‍ഭങ്ങളിലെങ്കിലും കരാറടിസ്ഥാനത്തിലുള്ള ആദര്‍ശ സഹോദരന്‍ ആരെന്ന് തീരുമാനിക്കുന്നതിന് നറുക്കും-ഖുര്‍അ- എടുക്കേണ്ടി വന്നിട്ടുണ്ട് (ബുഖാരി, 23/3/2, 63/46/6, 91/27. ഉസ്മാനുബ്‌നു മദ്ഊന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്). അന്‍സാറുകള്‍ പ്രവാചകന്റെ ഈ നിര്‍ദേശം അതര്‍ഹിക്കുന്ന ഗൗരവത്തോടെയും ആര്‍ജവത്തോടെയും തന്നെയാണ് നെഞ്ചേറ്റിയത്. തങ്ങളുടെ പകുതി ഭൂമി മക്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് പതിച്ചുകൊടുക്കാന്‍ വരെ അവര്‍ പ്രവാചകനോട് അഭ്യര്‍ഥിക്കുകയുണ്ടായി (ബുഖാരി 63/3/3). ആത്മാഭിമാനികളായ മക്കന്‍ അഭയാര്‍ഥികളാവട്ടെ ആ ഓഫര്‍ സ്‌നേഹപൂര്‍വം നിരാകരിക്കുകയാണ് ചെയ്തത്. മക്കക്കാര്‍ പറഞ്ഞു: 'നിങ്ങളുടെ ഭൂമി നിശ്ചിത തുകക്ക് ഞങ്ങള്‍ക്ക് തരിക.' അതുപോലെ, ബഹ്‌റൈന്‍ മേഖല (ഇന്നത്തെ അല്‍അഹ്‌സയാണ് ഉദ്ദേശ്യം)യില്‍നിന്നുള്ള വരുമാനം അന്‍സാറുകള്‍ക്ക് മാത്രമായി നല്‍കാന്‍ നബി മുതിര്‍ന്നപ്പോള്‍ അവര്‍ ശഠിച്ചുകൊണ്ട് പറഞ്ഞു: 'ഞങ്ങള്‍ക്ക് എന്ത് നല്‍കുന്നുവോ അത് മുഹാജിറുകള്‍ക്കും നല്‍കണം' (ബുഖാരി 63/3/3).
ആദര്‍ശ സാഹോദര്യബന്ധം സ്ഥാപിച്ചതിനു ശേഷം കുടുംബങ്ങള്‍ വളരെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. ഉദാഹരണത്തിന്, തന്റെ ആദര്‍ശ സഹോദരനെക്കുറിച്ച് ഉമറു ബ്‌നുല്‍ ഖത്ത്വാബ് പറയുന്നത് നോക്കൂ: 'ഞാനും എന്റെ സഹോദരനും ഞങ്ങളുടെ സമയം പങ്കുവെക്കുക ഒരു പ്രത്യേക രൂപത്തിലാണ്. ഒരാള്‍ ഒരു ദിവസം ഈത്തപ്പനത്തോട്ടത്തില്‍ പണിയെടുക്കാന്‍ പോവുകയാണെങ്കില്‍ മറ്റേയാള്‍ പ്രവാചകസന്നിധിയിലെത്തി ഇസ്‌ലാം പഠിക്കും. പിറ്റേദിവസം ഞങ്ങള്‍ ഊഴങ്ങള്‍ വെച്ചുമാറും. രാത്രി ഞങ്ങള്‍ ഒത്തുചേര്‍ന്ന് ഈത്തപ്പനത്തോട്ടത്തിലെ പണിയും നബിയില്‍നിന്ന് കേട്ടതും ചര്‍ച്ച ചെയ്യും.'18 അബ്ദുര്‍റഹ്മാനുബ്‌നു ഔഫിന്റെ കഥ കുറേക്കൂടി രസകരമാണ്. അദ്ദേഹത്തോട് അദ്ദേഹത്തിന്റെ ആദര്‍ശസഹോദരന്‍ പറഞ്ഞു: ''ഇതാ എന്റെ സ്വത്തുക്കള്‍. അതില്‍ പാതി ഞാന്‍ താങ്കള്‍ക്ക് തരാം. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരിലൊരാളെ താങ്കള്‍ തെരഞ്ഞെടുക്കുക. അവളെ ഞാന്‍ വിവാഹമോചനം ചെയ്യാം. എന്നാല്‍ താങ്കള്‍ക്ക് അവളെ വേള്‍ക്കാമല്ലോ.'' ഇബ്‌നു ഔഫിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''താങ്കളുടെ സ്വത്തിലും കുടുംബത്തിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. താങ്കളെനിക്ക് അങ്ങാടിയിലെ കമ്പോളത്തിലേക്കുള്ള വഴി കാണിച്ചു തന്നാല്‍ മാത്രം മതി.'' ഇബ്‌നു ഔഫ് നേരെ കമ്പോളത്തില്‍ ചെന്ന് കുറച്ച് ചരക്കുകള്‍ കടമായി വാങ്ങി. അവ ഉടന്‍ തന്നെ വിറ്റ് ചെറിയൊരു ലാഭമുണ്ടാക്കി. ആ ദിവസം പല തവണ ഈ വാങ്ങലും വില്‍ക്കലും നടന്നു. വൈകുന്നേരമായപ്പോഴേക്കും അന്നേക്ക് ഭക്ഷിക്കാനുള്ള വക അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞിരുന്നു. കുറച്ചു കാലത്തിനു ശേഷം അദ്ദേഹം പ്രവാചകനെ സന്ദര്‍ശിച്ച് പറഞ്ഞു; ഞാനൊരു മദീനക്കാരി പെണ്‍കുട്ടിയെ വിവാഹം ചെയ്തിട്ടുണ്ട്. മഹ്ര്‍ കൊടുക്കാന്‍ മാത്രമല്ല വിവാഹസദ്യ ഒരുക്കാനുമുള്ള പണം അപ്പോള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു.19 പ്രവാചകന്റെ അനുചരന്മാരിലെ ഏറ്റവും വലിയ പണക്കാരിലൊരാളായി അദ്ദേഹം മാറി; എല്ലാം കച്ചവടം ചെയ്തുണ്ടാക്കിയ സമ്പാദ്യം.
മക്കന്‍ അഭയാര്‍ഥികള്‍ക്ക് മദീനയിലെ തങ്ങളുടെ ആദര്‍ശ സഹോദരന്മാരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയും കടപ്പാടുമുണ്ടായിരുന്നു. സാമ്പത്തിക ശേഷി ആര്‍ജിക്കുന്ന മുറക്ക് സാഹോദര്യ ബന്ധം സ്ഥാപിച്ചതിലൂടെ (മുവാഖാത്ത്) തങ്ങള്‍ക്ക് ലഭിച്ചതെല്ലാം മക്കയില്‍ നിന്നെത്തിയവര്‍ തിരിച്ചുകൊടുക്കാനും തുടങ്ങി. തങ്ങള്‍ തിരിച്ചടക്കേണ്ട കടബാധ്യതയായിട്ടാണ് അവരതിനെ കണ്ടത്. ഇങ്ങനെ മക്കക്കാര്‍ പൂര്‍ണമായി മദീനയിലെ സമ്പദ് ഘടനയിലേക്ക് ഇഴുകിച്ചേര്‍ന്നപ്പോള്‍, കരാറടിസ്ഥാനത്തില്‍ നിലവില്‍ വന്ന ഈ സാഹോദര്യ ബന്ധത്തില്‍നിന്ന് അനന്തരാവകാശം നല്‍കുന്ന രീതി നബി എടുത്തുകളഞ്ഞു. ബന്ധുത്വമുണ്ടെങ്കിലേ അനന്തരമെടുക്കൂ എന്ന വ്യവസ്ഥ തിരിച്ചുകൊണ്ടുവന്നു. അങ്ങനെ ഓരോരുത്തരും അവനവന്റെ വീടിന്റെയും കുടുംബത്തിന്റെയും നാഥനായി.20 ബന്ധുത്വമില്ലാത്തവര്‍ തമ്മിലുള്ള ഈ സാഹോദര്യബന്ധ സ്ഥാപനം പില്‍ക്കാലത്ത് അപ്രതീക്ഷിതമായ വിധത്തില്‍ വേറെ നിലക്കും പ്രയോജനപ്പെട്ടിട്ടുണ്ട്. യുദ്ധത്തിനും മറ്റും ആളെ തെരഞ്ഞെടുക്കുമ്പോള്‍ രണ്ട് ആദര്‍ശ സഹോദരന്മാരില്‍നിന്ന് ഒരാളെയാണ് നബി റിക്രൂട്ട് ചെയ്യുക; മറ്റെയാള്‍ രണ്ട് കുടുംബത്തിന്റെയും കാര്യങ്ങള്‍ നോക്കിക്കൊള്ളണം.
ഒരു കൊച്ചുകാര്യം കൂടി. പ്രവാചകന്റെ പെണ്ണൊട്ടകത്തിന് മദീനക്കാര്‍ക്കിടയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. അതിന് എല്ലാവരും ഭക്ഷണവും വെള്ളവും നല്‍കും. കാരണം 'അദ്ബാഅ്' പ്രവാചകന്റേതാണല്ലോ.21
(തുടരും)
Comments