Prabodhanm Weekly

Pages

Search

2017 സെപ്റ്റംബര്‍ 15

3017

1438 ദുല്‍ഹജ്ജ് 24

നിരപരാധിയായ തടവുകാരന്‍

2006 മുംബൈ സ്‌ഫോടന കേസില്‍ അറസ്റ്റിലാവുകയും 9 വര്‍ഷം അന്യായ തടവില്‍ കഴിയുകയും ചെയ്ത മുംബൈ സ്വദേശി അബ്ദുല്‍ വാഹിദ് ശൈഖിന്റെ പുസ്തകമാണ് 'നിരപരാധിയായ തടവുകാരന്‍' (ബേഗുണാഹ് ഖൈദി). ഉര്‍ദുവിലും ഹിന്ദിയിലും പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട ്. വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നടന്നുവരുന്ന തീവ്രവാദ കേസുകളുടെ ഏകദേശ രൂപം വാഹിദ് ശൈഖിന്റെ ഈ പുസ്തകത്തില്‍നിന്ന് ലഭിക്കും. സംഘ് ശക്തികള്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നതിനു മുമ്പ് തന്നെ പോലീസും മറ്റ് സുരക്ഷാ ഏജന്‍സികളും എത്രത്തോളം മുസ്‌ലിം വിരുദ്ധമായിരുന്നു എന്നും പുസ്തകം വെളിപ്പെടുത്തുന്നു. 

ഇന്ത്യയില്‍ ഇതുവരെ വിവിധ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത തീവ്രവാദ കേസുകളില്‍ ബഹുഭൂരിപക്ഷവും കുറ്റപത്രം സമര്‍പ്പിക്കപ്പെടാതെയും തെളിയിക്കപ്പെടാതെയും തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ മുന്നോട്ടു പോയ മിക്ക കേസുകളിലും കുറ്റാരോപിതര്‍ നിരപരാധികളാണെന്നു കണ്ട് കോടതി വെറുതെ വിടുകയാണുണ്ടായത്. കുറ്റക്കാരാണെന്ന് വിധിക്കപ്പെട്ടവരുണ്ടെങ്കില്‍തന്നെ അവര്‍ക്കെതിരെയുള്ള തെളിവ് കുറ്റാരോപിതരെക്കൊണ്ട് ബലാല്‍ക്കാരം ഒപ്പിടുവിച്ച കുറ്റസമ്മത മൊഴികള്‍ മാത്രമാണ്. 

തീവ്രവാദ കേസുകളില്‍ മാധ്യമങ്ങളുടെ പങ്കും വ്യക്തമാണ്. വാഹിദ് ശൈഖ് അടക്കമുള്ള നിരപരാധികളായ തടവുകാരെ കേസിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കുറ്റക്കാരായും കൊടുംഭീകരരായും ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. എന്നാല്‍ നിരപരാധിത്വം തെളിയിച്ച് സ്വതന്ത്രരാക്കപ്പെടുമ്പോഴാകട്ടെ ഒരു കോളം വാര്‍ത്ത പോലും ആകുന്നില്ല. 

വാഹിദ് ശൈഖ് താന്‍ പുസ്തകം എഴുതാന്‍ തുടങ്ങിയതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. 2006-ല്‍ ജയിലിലായ ഉടന്‍ താന്‍ ഉള്‍പ്പെട്ട കേസുകളുമായി ബന്ധപ്പെട്ട് തന്റെയും കൂടെയുള്ളവരുടെയും അനുഭവങ്ങള്‍ എഴുതിവെക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ചോദ്യം ചെയ്യലുകള്‍, കസ്റ്റഡി പീഡനങ്ങള്‍, മാനസികവും ശാരീരികവുമായ സമ്മര്‍ദങ്ങള്‍ എല്ലാം വാഹിദ് ശൈഖ് രേഖപ്പെടുത്തിവെച്ചു. പക്ഷേ, അന്വേഷണ ഉദ്യോഗസ്ഥര്‍ അത് മണത്തറിയുകയും ആ പേപ്പറുകളെല്ലാം കത്തിച്ചുകളയുകയുമാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി പേനയും കടലാസും ലഭിച്ചപ്പോള്‍ വീണ്ടും അവ എഴുതിവെക്കുകയായിരുന്നു. 

1999-ല്‍ മുംബൈയിലെ അബ്ദുസ്സത്താര്‍ ശുഐബ് സ്‌കൂളില്‍ അധ്യാപകനായാണ് വാഹിദ് ശൈഖ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2001 മുതല്‍ തന്നെ പല കാരണങ്ങള്‍ പറഞ്ഞ് പോലീസ് അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. 2000-ത്തില്‍ സിമി നിരോധിക്കപ്പെട്ടതോടെ പോലീസ് കേസുകള്‍ അതിലേക്ക് ചേര്‍ക്കപ്പെട്ടു. തനിക്ക് ഒരു ബന്ധവുമില്ലാത്ത സിമിയുടെ രഹസ്യ മീറ്റിംഗില്‍നിന്ന് പുലര്‍ച്ചെ 3 മണിക്ക് അറസ്റ്റ് ചെയ്യപ്പെട്ടു എന്നായിരുന്നു ഒരു കേസ്. പകല്‍ സമയത്ത് പള്ളിയില്‍നിന്ന് വീട്ടിലേക്ക് തിരിക്കുമ്പോഴാണ് പോലീസ് വാഹിദ് ശൈഖിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത് എന്നതായിരുന്നു സത്യം. 

ആ കേസില്‍ ജാമ്യത്തിലിറങ്ങിയിരുന്നു. അതിനിടെയാണ് 2006-ല്‍ മുംബൈ സ്‌ഫോടന പരമ്പരകളുണ്ടാകുന്നത്. ഇതിന്റെ ഭാഗമായി വീണ്ടും വാഹിദ് ശൈഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നു കണ്ട് ലോക്കല്‍ പോലീസ് സ്വതന്ത്രനാക്കിയെങ്കിലും ഉടനെ എ.ടി.എസ് (ആന്റി ടെററിസം സ്‌ക്വാഡ്) വാഹിദിനെ പിടികൂടി. 2006 സെപ്റ്റംബര്‍ 29-ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി തടവിലാക്കി. മുംബൈ സ്‌ഫോടനത്തിലെ പ്രതികള്‍ക്ക് നഗരത്തില്‍ തങ്ങാന്‍ തന്റെ വീട്ടില്‍ സൗകര്യങ്ങള്‍ ചെയ്തു എന്നായിരുന്നു കുറ്റപത്രം. അതിന് കാര്യമായൊരു തെളിവും എ.ടി.എസ് ഹാജരാക്കിയിരുന്നില്ല.

തന്നോടൊപ്പം മുംബൈ സ്‌ഫോടന കേസില്‍ അറസ്റ്റിലായ 12 പേരുടെയും അനുഭവങ്ങള്‍ വാഹിദ് ശൈഖ് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. തന്നെപോലെ അവരും നിരപരാധികളായിരുന്നു. അതില്‍ മുഖ്യപ്രതികളായി ചിത്രീകരിക്കപ്പെട്ടവര്‍ക്കെതിരെ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ രസകരമായിരുന്നു. ഒരാളുടെ വീട്ടില്‍നിന്ന് ലഭിച്ച സിമന്റ് ചാക്കുകള്‍ ആര്‍.ഡി.എക്‌സിന്റേതാണെന്ന പോലീസ് വാദമായിരുന്നു ഒരു തെളിവ്. മറ്റൊരാളുടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്ത പഴയ ഇലക്‌ട്രോണിക് ഉപകരണങ്ങളായിരുന്നു മറ്റൊരു തെളിവ്. ചില ഭൂപടങ്ങളും ഹാജരാക്കപ്പെട്ടു. മുംബൈയുടെ ഭൂപടത്തില്‍ കുറേ ഭാഗങ്ങള്‍ അടയാളമിട്ടതായിരുന്നു ഒന്ന്. അത് സ്‌ഫോടനത്തിന്റെ സ്‌പോട്ടുകള്‍ നിര്‍ണയിച്ചതായിരുന്നെന്നാണ് വാദം. രണ്ടാമത്തേത് ഏഷ്യയുടെ ഭൂപടമായിരുന്നു. അതില്‍ മുബൈയില്‍നിന്ന് ഇറാനിലേക്കും അവിടെനിന്ന് പാകിസ്താനിലേക്കും രേഖകള്‍ വരച്ചിരുന്നു. കുറ്റാരോപിതര്‍ പരിശീലനത്തിനായി പോയ റൂട്ടുമാപ്പായിരുന്നുവത്രെ അത്!

എ.ടി.എസ്സിലെ എ.സി.പി ആയിരുന്ന വിനോദ് ഭട്ടുമായുള്ള സംഭാഷണം പുസ്തകത്തില്‍ വാഹിദ് ശൈഖ് ഉദ്ധരിക്കുന്നുണ്ട്. മേലുദ്യോഗസ്ഥരില്‍ നിന്നുള്ള സമ്മര്‍ദം കാരണമാണ് കേസെടുക്കേണ്ടിവന്നതെന്നും, ഇതിന് അനുകൂലമായി നിന്നില്ലെങ്കില്‍ തന്റെ ഭാര്യയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിനോദ് ഭട്ട് കേസിലെ മറ്റൊരു കുറ്റാരോപിതനായ ഇഅ്തിസാം സിദ്ദീഖിയോട് പറയുന്നുണ്ട്. ഇത് വാഹിദ് എ.ടി.എസ് ഓഫീസില്‍നിന്ന് നേരിട്ട് കേട്ടതാണ്. പോലീസ് കമീഷണര്‍ എ.എന്‍ റോയിയും എ.ടി.എസ് ചീഫ് കെ.പി രഗുവംശിയുമാണ് സമ്മര്‍ദം ചെലുത്തിയ മേലുദ്യോഗസ്ഥരെന്നും വിനോദ് ഭട്ട് പറയുന്നു. വിനോദ് ഭട്ടിനെ ഈ സംഭവം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കു ശേഷം റെയില്‍ പാളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. കേസുകളില്‍ നീതിക്കു വേി നിലകൊ പല ഉദ്യോഗസ്ഥര്‍ക്കും നേരിട്ട അതേ അനുഭവമായിരുന്നു വിനോദ് ഭട്ടിനും ഉണ്ടായത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (214 - 223)
എ.വൈ.ആര്‍

ഹദീസ്‌

ദൈവസാമീപ്യം
കെ.സി ജലീല്‍ പുളിക്കല്‍