ഹൃദയവും മനസ്സും ഖുര്‍ആനിലും ശാസ്ത്രത്തിലും
നാം ചിന്തിക്കുന്നു. ചിന്ത ചിലപ്പോള്‍ ആനന്ദദായകമാവും. മറ്റു ചിലപ്പോള്‍ അത് നമ്മെ അസ്വസ്ഥരാക്കും. നാമറിയാതെ ചില ചിന്തകള്‍ കയറിവരും. താല്‍പര്യമില്ലെങ്കിലും മനസ്സ് ആ ചിന്തയില്‍ വ്യാപൃതമായിരിക്കും. സുഖ ചിന്തയും ദുഃഖ ചിന്തയും ഇതില്‍ ഒരു പോലെയാണ്. ഏതാണീ ചിന്തകളുടെ കേന്ദ്രം? ചിന്ത രക്തസഞ്ചാരത്തിന്റെ വേഗത കൂട്ടുന്നത് എന്തു കൊാണ്? ചില ചിന്തകള്‍ ശരീരത്തെ പാടേ തളര്‍ത്തിക്കളയാന്‍ കാരണമെന്താണ്? ചിന്ത നമ്മുടെ ഹൃദയമിടിപ്പ് വര്‍ധിക്കാന്‍ കാരണമാകുന്നതെങ്ങനെ?
മസ്തിഷ്‌കമാണ് ചിന്തയുടെ ഉറവിടമെന്നാണ് ശാസ്ത്രജ്ഞന്മാര്‍ ഏറെക്കാലം ധരിച്ചിരുന്നത്. മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവത്തനം വിശദീകരിക്കുന്ന ശാസ്ത്രീയ പഠനങ്ങളില്‍ ചിന്തയും മനസ്സുമെല്ലാം തലച്ചോറില്‍ എവിടെ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് വിവരിക്കുന്നുണ്ട്. ശരീരത്തിലെ മറ്റൊരു പ്രധാന ഘടകമായ ഹൃദയം രക്തസഞ്ചാരത്തിന്റെ നിയന്ത്രണം നിര്‍വഹിക്കുന്നു. അക്ഷീണം പ്രവര്‍ത്തിക്കുന്ന ഒരു പമ്പിന്റെ സ്ഥാനമാണ് ഹൃദയത്തിനുള്ളത്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ മസ്തിഷ്‌കത്തിന്റെ നിര്‍ദേശമനുസരിച്ചാണ്.
ഈ ശാസ്ത്രീയ വിശദീകരണം പൗരാണിക കാലം മുതല്‍ മനുഷ്യര്‍ വെച്ചുപുലര്‍ത്തുന്ന ധാരണകള്‍ക്കെതിരാണ്. കവികളും സാഹിത്യകാരന്മാരും വികാരങ്ങളുടെ കേന്ദ്രമായി ഹൃദയത്തെയാണ് കാണുന്നത്. എല്ലാ ഭാഷകളിലും നമുക്കിത് കാണാം. വികാരം വ്രണപ്പെട്ടതിന്റെ പ്രതീകമായി അമ്പു കൊണ്ട ഹൃദയത്തിന്റെ ചിത്രം വരക്കുന്ന രീതി ഏതാണ്ടെല്ലാ ഭാഷകളിലുമുണ്ട്. എന്നാല്‍ ഹൃദയത്തെ പ്രണയ വികാരത്തിന്റെ മാത്രം കേന്ദ്രമായല്ല വേദഗ്രന്ഥങ്ങള്‍ കാണുന്നത്. ഹൈന്ദവ വേദങ്ങളിലും ബൈബിളിലും അന്തിമ വേദമായ വിശുദ്ധ ഖുര്‍ആനിലും മനുഷ്യ ചിന്തയുടെ കേന്ദ്രമായാണ് ഹൃദയത്തെ വിശദീകരിച്ചിട്ടുള്ളത്.
ഇതിന് ശാസ്ത്ര ചിന്തകര്‍ നല്‍കുന്ന വിശദീകരണമിങ്ങനെയാണ്: സൂര്യന്‍ ഉദിക്കുന്നു എന്നു പറയുന്നതുപോലെ ഒരു ഭാഷാ പ്രയോഗം മാത്രമാണത്. യഥാര്‍ഥത്തില്‍ സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല. ഭൂമി അതിന്റെ സാങ്കല്‍പിക അച്ചുതണ്ടില്‍ പടിഞ്ഞാറു നിന്നു കിഴക്കോട്ടു കറങ്ങുമ്പോള്‍ സൂര്യന്‍ എതിര്‍ ദിശയില്‍ കിഴക്കു നിന്നു പടിഞ്ഞാറോട്ട് നീങ്ങുന്ന പോലെ നമുക്കനുഭവപ്പെടുന്നു. ഇതാണ് എല്ലാ ഭാഷകളിലും സ്ഥലം പിടിച്ചിട്ടുള്ള സൂര്യോദയം. ഇതുപോലെ മസ്തിഷ്‌കത്തിലാണ് ചിന്ത ഉണ്ടാവുന്നതെങ്കിലും അതിന്റെ പ്രകടനത്തിന് അനിവാര്യമായ വികാരങ്ങള്‍ ഹൃദയത്തിലൂടെ പ്രതിഫലിക്കുന്നതിനാല്‍ ചിന്ത ഹൃദയത്തിലേക്ക് ചേര്‍ത്തു പറഞ്ഞതാണ്.
ഹൃദയമാറ്റ ശസ്ത്രക്രിയ വ്യാപകമായതോടെ ഹൃദയത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തുന്ന ധാരാളം കേന്ദ്രങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇന്നേവരെ വെച്ചുപുലര്‍ത്തിയിരുന്ന ശാസ്ത്രധാരണകള്‍ തിരുത്താന്‍ നിര്‍ബന്ധിക്കുന്നവയാണ് പുതിയ ഗവേഷണ ഫലങ്ങള്‍. ഇവയുടെ വെളിച്ചത്തില്‍ വിശുദ്ധ ഖുര്‍ആനിലെ വചനങ്ങള്‍ വിശദീകരിക്കാനും, അവ അമാനുഷവും കാലാതിവര്‍ത്തിയും അന്യൂനവും ശാശ്വതവുമാണെന്ന് സംസ്ഥാപിക്കാനും സമര്‍ഥിക്കാനും നമുക്ക് സാധിക്കും.
വിശുദ്ധ ഖുര്‍ആനില്‍ പലയിനം ഹൃദയങ്ങളെ പരിചയപ്പെടുത്തുന്നുണ്ട്.
ചിന്തിക്കുന്ന ഹൃദയം: ''അവര്‍ ഭൂമിയില്‍ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ചു മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ കേട്ടറിയാനുള്ള കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്''(22:46).
മനസ്സിലാക്കുന്ന ഹൃദയം: ''ജിന്നുകളിലും മനുഷ്യരിലും ധാരാളം പേരെ നാം നരകത്തിനു വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്, അതുപയോഗിച്ച് അവര്‍ കാര്യം മനസ്സിലാക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്, അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്, അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ നാല്‍ക്കാലികളെപ്പോലെയാണ്, അതിലേറെ വഴിപിഴച്ചവരാണവര്‍. അവരാണ് ഒട്ടും ശ്രദ്ധയില്ലാത്തവര്‍'' (7:179).
മാറാത്ത കഠിനഹൃദയം: ''അതിനു ശേഷം പിന്നെയും നിങ്ങളുടെ ഹൃദയങ്ങള്‍ കടുത്തു. അവ പാറപോലെ കഠിനമായി, അല്ല, അതിലും കടുത്തു'' (2:74).
അടഞ്ഞ ഹൃദയം: ''അല്ലാഹു അവരുടെ ഹൃദയങ്ങളും കേള്‍വിയും അടച്ച് മുദ്രവെച്ചിരിക്കുന്നു'' (2:7).
ഭയന്നു വിറക്കുന്ന ഹൃദയം: ''അല്ലാഹുവിന്റെ പേരു കേട്ടാല്‍ ഹൃദയം ഭയന്നു വിറക്കുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിശ്വാസികള്‍'' (8:2).
''അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടു കൊടുത്തു'' (59:2).
ശാന്തമാകുന്ന ഹൃദയം: ''വിശ്വസിക്കുകയും ദൈവസ്മരണയില്‍ ഹൃദയങ്ങള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരാണവര്‍. അറിയുക, ദൈവസ്മരണ കൊണ്ടാണ് ഹൃദയങ്ങള്‍ ശാന്തമാകുന്നത്'' (13:28).
ഈ വചനങ്ങളിലെല്ലാം ഹൃദയത്തിനു മഹത്തായ ധര്‍മം നിര്‍വഹിക്കാനുണ്ടെന്ന് പഠിപ്പിക്കുന്നു. മനുഷ്യചിന്തയെ നാനാവിധേന സ്വാധീനിക്കുന്ന ഒരു കേന്ദ്രമാണത്. അതോടൊപ്പം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ധര്‍മം നിര്‍വഹിക്കുന്ന ഘടകവുമാണത്. രോഗവും ആരോഗ്യവും നിയന്ത്രിക്കുന്ന പ്രധാന ഘടകവും അതുതന്നെ.
നബി(സ) അരുള്‍ ചെയ്യുന്നു: ''ശരീരത്തില്‍ ഒരവയവമുണ്ട്; അത് നന്നായാല്‍ ശരീരം മുഴവനും നന്നായി. അത് ദുഷിച്ചാല്‍ ശരീരം മുഴുവനും ദുഷിച്ചു. അറിയുക; അതാണ് ഹൃദയം.''
നമ്മുടെ ഹൃദയം
ശരീരത്തിലെ 37.2 ലക്ഷം കോടി കോശങ്ങള്‍ക്ക് ആവശ്യമായ പോഷകമെത്തിക്കുന്ന യന്ത്രമാണ് ഹൃദയം. 250 മുതല്‍ 300 ഗ്രാം വരെയാണതിന്റെ തൂക്കം. മുഷ്ടിയുടെ വലുപ്പമാണതിനുള്ളത്. ഗര്‍ഭധാരണം കഴിഞ്ഞ് മൂന്നാഴ്ച പൂര്‍ത്തിയാകുമ്പോള്‍ അത് മിടിച്ചു തുടങ്ങും. മരണം വരെ ഇത് തുടരും. പ്രായപൂര്‍ത്തിയായ ഒരാളുടെ ശരീരത്തില്‍ ദിനേന പമ്പുചെയ്യുന്ന രക്തത്തിന്റെ അളവ് എഴുപതിനായിരം ലിറ്റര്‍ വരും. ദിനേന ഒരു ലക്ഷം തവണ ഹൃദയം മിടിക്കുന്നു. എഴുപത് വയസ്സാകുമ്പോഴേക്ക് ഒരു ലക്ഷം കോടി ബാരല്‍ രക്തം ഹൃദയം പമ്പു ചെയ്തിട്ടുണ്ടാവും. ഒരു ബാരല്‍ 119 ലിറ്ററാണ്.
ഗര്‍ഭസ്ഥ ശിശുവിന് മൂന്നാഴ്ച പ്രായമാകുമ്പോള്‍ ഹൃദയം മിടിച്ചു തുടങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നു. എന്നാല്‍ അഞ്ചാം ആഴ്ചയിലാണ് തലച്ചോര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുമ്പോള്‍ പുതിയ ഹൃദയം രോഗിയുടെ ശരീരത്തില്‍ ഘടിപ്പിച്ച് രക്തം നിറയുന്നതോടെ അത് മിടിച്ചു തുടങ്ങുന്നു. തലച്ചോറിന്റെ കല്‍പന കാത്തിരിക്കുന്നില്ല. അതിന്റെ അര്‍ഥം ഹൃദയമാണ് ആദ്യം പ്രവര്‍ത്തിച്ചുതുടങ്ങുന്നത് എന്നാണല്ലോ. മസ്തിഷ്‌ക മരണം സംഭവിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചതിനു ശേഷവും ഹൃദയം പ്രവര്‍ത്തനം തുടരുന്നു. അവയവദാനം ചെയ്യാന്‍ ഇങ്ങനെ ഹൃദയം പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഹൃദയം മസ്തിഷ്‌കത്തെ ആശ്രയിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ ഹൃദയമാണ് തലച്ചോറിനെ നിയന്ത്രിക്കുന്നത് എന്നാണ് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ശാരീരിക ധര്‍മങ്ങള്‍ മാത്രമല്ല, പ്രധാനപ്പെട്ട പല മാനസിക ദൗത്യങ്ങളും ഹൃദയം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുവെന്ന് ഗഹനമായ ഗവേഷണപഠനങ്ങളിലൂടെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെ ഒരു സ്ഥാനം ഇതുവരെ ശാസ്ത്രം ഹൃദയത്തിനു നല്‍കിയിരുന്നില്ല.
അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റില്‍ സ്ഥാപിതമായ ഒരു ഗവേഷണ കേന്ദ്രമാണ് ഹൃദയ ഗണിത കേന്ദ്രം (Heart Math Institute‑). ഇവിടെ ഗവേഷണം നടത്തുന്നവരില്‍ പ്രധാനിയാണ് ഡോക്ടര്‍ റോളിന്‍ മെക്കാര്‍ട്ടി. ഹൃദയവുമായി ബന്ധപ്പെട്ട അനേകം ഗവേഷണ സംഘങ്ങളില്‍ ഇദ്ദേഹത്തിന് അംഗത്വമുണ്ട്. അടിസ്ഥാനപരമായി ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു അദ്ദേഹം. വാഹനങ്ങളുടെ പല ആധുനിക സങ്കീര്‍ണ ഉപകരണങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
1991-ല്‍ പ്രവര്‍ത്തനമേഖല മാറ്റി, ഹൃദയ ഗണിത കേന്ദ്രത്തില്‍ ചേര്‍ന്നു. മനുഷ്യന്റെ വൈകാരികാനുഭവങ്ങളില്‍ ഹൃദയം വഹിക്കുന്ന പങ്ക്, സഹജ ജ്ഞാനത്തിലേക്ക് പ്രവേശിക്കാന്‍ ഹൃദയത്തിനുള്ള കഴിവ് എന്നിവയായിരുന്നു ആദ്യമായി ഗവേഷണവിധേയമാക്കിയത്.
ഹൃദയമസ്തിഷ്‌കങ്ങള്‍ തമ്മില്‍ നിരന്തരം അങ്ങോട്ടുമിങ്ങോട്ടും സംവദിച്ചുകൊണ്ടിരിക്കുന്നു. മെക്കാര്‍ട്ടിയുടെ കണ്ടെത്തല്‍ മറ്റൊന്നാണ്. ഹൃദയവും സിരാവ്യൂഹവും ഉള്‍ക്കൊള്ളുന്ന ഘടകം തലച്ചോറില്‍നിന്ന് സ്വീകരിക്കുന്ന സിഗ്നലുകളുടെ എത്രയോ ഇരട്ടി തലച്ചോറിലേക്ക് അയച്ചുകൊണ്ടിരിക്കുന്നതായി അദ്ദേഹം പറയുന്നു. ഈ വസ്തുത നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മസ്തിഷ്‌കത്തിലേക്ക് ഹൃദയത്തില്‍നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന ഈ സിഗ്നലുകള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. പല ഗ്രന്ഥികളുടെയും ധര്‍മങ്ങള്‍ ക്രമീകരിക്കാന്‍ ഇത് സഹായകമാകുന്നു. ഈ ഹൃദയ സിരാ വ്യൂഹം മസ്തിഷകത്തിലെ പ്രധാന കേന്ദ്രമായ തലാമസ്, ഹൈപോതലാമസ്, അമിഗ്ഡാല (Thalamus, Hypothalamus, Amygdala) എന്നിവയുമായി സഹകരിച്ച് നമ്മുടെ ഗ്രാഹ്യശേഷി, ചിന്താഗതികള്‍, വൈകാരിക അനുഭവങ്ങള്‍ എന്നിവയെ നേരില്‍ നിയന്ത്രിക്കുന്നു.
ആധുനിക പഠനങ്ങള്‍ മുഖേന ശാസ്ത്രം സമര്‍ഥിക്കുന്നത് ഹൃദയം ഗ്രാഹ്യക്ഷമതയുള്ള ഒരവയവമാണെന്നാണ്. അത് സന്ദേശങ്ങള്‍ ക്രമപ്പെടുത്തുകയും അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്രമാണ്. ഇതിനായി അങ്ങേയറ്റം സങ്കീര്‍ണമായ നാഡീവ്യൂഹ സംവിധാനം ഹൃദയത്തിലുണ്ട്. ഇതിനെ 'ഹൃദയമസ്തിഷ്‌കം' എന്നു വിളിക്കാം. ഇതിനു ഗ്രഹിക്കാനും, ഓര്‍മിക്കാനും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും സാധിക്കും. ഹൃദയത്തിന്റെ ഈ നൈസര്‍ഗികമായ നാഡീവ്യൂഹം സങ്കീര്‍ണവും സ്വയം നിയന്ത്രിതവുമാണ്. പുതിയ ന്യൂറോ കണക്ഷനുകള്‍ ഉണ്ടാക്കാന്‍ ഇതിന് സ്വന്തമായ കഴിവുണ്ട്. ഹൃദയത്തിന്റെ എല്ലാ ഭാഗങ്ങളിലും നാഡീകേന്ദ്രങ്ങളും സ്പര്‍ശജ്ഞാന ശേഷിയുള്ള ന്യൂറൈഡുകളുമുണ്ട്. ബാഹ്യ നാഡീവ്യൂഹത്തില്‍നിന്ന് ലഭിക്കുന്ന സന്ദേശങ്ങള്‍ ഗ്രഹിച്ച് തദനുസാരം ആവശ്യമായ ചലനങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിവുള്ള ഒരു കേന്ദ്രമാണിത്. നെഞ്ചിനുള്ളിലെ ഹൃദയത്തിന്റെ ബാഹ്യ നാഡീവ്യൂഹത്തിന് ശ്വാസകോശം, ശ്വാസനാളം, അന്നനാളം മുതലായവയുമായി നേരില്‍ ബന്ധമുണ്ട്. സുഷുമ്‌ന നാഡി മുഖേന മറ്റവയവങ്ങളോടും ധമനികളോടും ശരീര ചര്‍മത്തോടുമെല്ലാം ഈ ബാഹ്യ നാഡീവ്യൂഹം ബന്ധപ്പെടുന്നു.
ഹൃദയ മസ്തിഷ്‌ക പാരസ്പര്യത്തെക്കുറിച്ചുള്ള പ്രധാന പഠനം 1970-1980 കാലഘട്ടത്തില്‍ ശരീര ശാസ്ത്രജ്ഞരായ ജോണും (John) ബീട്രിസ് ലേസി(Betarice Lacey)യും നടത്തിയതാണ്. ഗ്രാഹ്യശേഷിയിലും പഠന ശേഷിയിലും ഹൃദയ സിരാവ്യൂഹത്തിന്റെ പങ്ക് അവര്‍ എടുത്തുകാട്ടി. ഹൃദയത്തിലെ വിവരസംബന്ധിയായ സന്‍സറി നൂറോണ്‍, ഓര്‍ടിക് ആര്‍ക്, കാരോടിക് ധമനികള്‍ എന്നിവ ചേര്‍ന്നാണ് ഈ പ്രവര്‍ത്തനം.
മക്കാര്‍ട്ടിയും സംഘവും ഹൃദയ ഗണിത കേന്ദ്രത്തില്‍ ഈ ആശയം അടിസ്ഥാനമാക്കി ഗവേഷണം തുടര്‍ന്നു. ഹൃദയമിടിപ്പിന്റെ താളപ്പൊരുത്ത സങ്കല്‍പം (Rhythm Coherence Hypothesis)എന്ന പേരില്‍ ഒരു സിദ്ധാന്തം അവര്‍ കണ്ടെത്തി. ഹൃദയ മിടിപ്പിന്റെ സ്ഥിരതയും മിടിപ്പുകള്‍ തമ്മിലുള്ള മാറ്റങ്ങളും അവയുടെ വേഗതയിലുള്ള വ്യത്യാസവും ഗോചരമായ കാലയളവില്‍ വിവരങ്ങള്‍ കോഡുഭാഷയിലേക്ക് മാറ്റുന്നതായും ആ കോഡുഭാഷ കാര്യഗ്രഹണത്തെയും വൈകാരികാനുഭവങ്ങളെയും സ്വാധീനിക്കുന്നതായും അവര്‍ കണ്ടെത്തി. ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ തമ്മില്‍ സമയപ്പൊരുത്തമുണ്ടാക്കുന്ന നിസ്തുലമായ ധര്‍മമാണ് ഹൃദയം നിര്‍വഹിക്കുന്നത് എന്നതിനു വ്യക്തമായ തെളിവുകള്‍ അവര്‍ കണ്ടെത്തി. വിവിധ പഥങ്ങളിലൂടെ ഹൃദയം മസ്തിഷ്‌കവുമായും ശരീരാവയവങ്ങളുമായും നിരന്തരം ആശയസമ്പര്‍ക്കം പുലര്‍ത്തുന്നു. നാഡീകേന്ദ്രം, ഹോര്‍മോണുകള്‍, മര്‍ദം, ശബ്ദ തരംഗങ്ങള്‍, വൈദ്യുതകാന്ത പാരസ്പര്യം എന്നിവയെല്ലാം ഉപയോഗിച്ചുകൊണ്ടാണ് ഹൃദയം ഈ ധര്‍മം നിര്‍വഹിക്കുന്നത്. ഇതാണ് ശരീരത്തിന്റെ വിവിധ ദൗത്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ വേണ്ട താളവും കാലപ്പൊരുത്തവും ക്രമീകരിക്കാന്‍ ഹൃദയത്തെ പ്രാപ്തമാക്കുന്നത്.
ഹൃദയ ഗണിത ഗവേഷണ വിഭാഗം ഹൃദയത്തിന്റെ അനുരൂപമായ അവസ്ഥ (Coherent State) എന്നു വിശേഷിപ്പിച്ച പ്രത്യേകതയാണ് ഏറ്റവും പ്രധാനം. അതളന്നുനോക്കാനും കൃത്യമായി നിര്‍വചിക്കാനും പറ്റും. അത് വിശ്രമാവസ്ഥ പോലെയല്ല, ധ്യാനാവസ്ഥയുമല്ല. ഇവ രണ്ടിനും താണ ഹൃദയ മിടിപ്പ് മതി. അനുരൂപമായ താളം ആവശ്യമില്ല. ഇതൊരു ശാരീരിക താളപ്പൊരുത്തമാണ്. ഹൃദയ താളപ്പൊരുത്തം എന്നോ അനുരണനം എന്നോ ഇതിനെ വിളിക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതൊരു മനോ-ശാരീരിക മുറയാണ്. അത് ഹൃദയമിടിപ്പിന്റെ വ്യത്യാസം ഉപയോഗിച്ച് അളക്കാന്‍ സാധിക്കും. ഇതിലൂടെ വ്യക്തിയുടെ മനസ്സും ശരീരവും എങ്ങനെ ഹൃദയധര്‍മത്തില്‍ പ്രതിഫലിക്കുന്നുവെന്ന് കണ്ടെത്താം. ഹൃദയവിവേകം (Heart Intelligence) എന്നാണിതിന് പേരു നല്‍കിയത്.
തദനന്തരം മറ്റൊരു വസ്തുതകൂടി ഗവേഷകര്‍ കണ്ടെത്തി. ഹൃദയ മിടിപ്പിന്റെ താളത്തില്‍ നമ്മുടെ വികാരങ്ങള്‍ പ്രതിഫലിക്കുന്നതിന്റെ ശരീരശാസ്ത്ര വിശദീകരണമായിരുന്നു അത്. ഹൃദയം നമ്മുടെ വികാരങ്ങളില്‍ ഭാഗഭാക്കാകുന്നു എന്ന് ഇതില്‍നിന്ന് ഗ്രഹിക്കാം. സഹജ ജ്ഞാനത്തെ (Intuition) ക്കുറിച്ചുള്ള ഗവേഷണത്തിന്റെ അടിത്തറയായിരുന്നു ഈ ആശയം.
ഹൃദയം ചിന്തിക്കുന്നുണ്ടോ?
പൗരാണിക ചരിത്രത്തില്‍ മനുഷ്യന്‍ ചിന്തകളും വികാരങ്ങളും ഉത്ഭവിക്കുന്നത് മസ്തിഷ്‌കത്തില്‍നിന്നാണെന്നല്ല ധരിച്ചിരുന്നത്. അടുത്ത കാലത്താണ് മസ്തിഷ്‌കം നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും ആത്മാവിന്റെയും ഇരിപ്പിടമാണെന്ന് ധരിച്ചു തുടങ്ങിയത്. പൂര്‍വികര്‍ ഇവയുടെ ഇരിപ്പിടമായി കണക്കാക്കിയിരുന്നത് ഹൃദയമായിരുന്നു. ഇന്നീ ആശയം ഉള്‍ക്കൊള്ളാന്‍ നമുക്ക് പ്രയാസമാണ്. നാം വെറുമൊരു പമ്പായിക്കരുതിയ ഹൃദയം നമ്മുടെ ചിന്തകളുടെയും വികാരങ്ങളുടെയും ഉറവിടമാണെന്നംഗീകരിക്കാന്‍ പ്രയാസമല്ലേ?
യഥാര്‍ഥത്തില്‍ നമുക്കറിയുമെന്ന് നാം ധരിക്കുന്നതെല്ലാം ശരിക്കും നാം അറിയുന്നുണ്ടോ? പിരിമുറുക്കവും വൈകാരിക പ്രശ്‌നങ്ങളും ഹൃദയത്തെ അപകടപ്പെടുത്തുമെന്ന് നാം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഹൃദയം രക്തസഞ്ചാരം ക്രമീകരിക്കുന്നു. രക്തം ഹോര്‍മോണുകളും ന്യൂറോ പെപ്‌റ്റൈടുകളൂം വഹിക്കുന്നു. അവയാണ് വൈകാരിക അനുഭവങ്ങള്‍ പകര്‍ന്നുതരുന്നത്. ഇതിനേക്കാള്‍ ശക്തമായ ഒരു ബന്ധം ഹൃദയവും ചിന്തയുമായുണ്ടോ?
ഡോ. ആന്‍ഡ്രൂ ആര്‍മര്‍ എന്ന ശാസ്ത്രജ്ഞന്‍, ചെറുതെങ്കിലും വളരെ സങ്കീര്‍ണമായ ന്യൂറോണ്‍ നെറ്റ്‌വര്‍ക്ക് ഹൃദയത്തില്‍ കണ്ടെത്തി. ഹൃദയത്തിലെ കൊച്ചു മസ്തിഷ്‌കം എന്നാണദ്ദേഹം അതിനെ വിളിച്ചത്. ഈ ന്യൂറോണുകള്‍ക്ക് ഹ്രസ്വവും ദീര്‍ഘവുമായ സ്മൃതിപഥങ്ങളുണ്ട്. എന്തിനാണ് ഹൃദയത്തിന് ന്യൂറോണുകളും ഓര്‍മിക്കാനുള്ള കഴിവും ഉണ്ടായത്?
ഒരു വസ്തുത വ്യക്തമാണ്. ഹൃദയം മാറ്റി സ്ഥാപിക്കാന്‍ കഴിയുന്നുവെന്നതിന്റെ അര്‍ഥം ഹൃദയമിടിപ്പിന്റെ താളങ്ങള്‍ ഓര്‍മിച്ചുവെക്കാന്‍ അതില്‍ സംവിധാനമുണ്ട് എന്നാണ്. ഹൃദയം വേര്‍പ്പെടുത്തി ശീതീകരിച്ചാല്‍ നാലു മണിക്കൂര്‍ വരെ കേടുവരാതെ വെക്കാം. പുതിയ സ്വീകര്‍ത്താവിന്റെ ശരീരത്തില്‍ ഘടിപ്പിച്ച് രക്തം അതിലേക്ക് പ്രവേശിക്കുന്ന മാത്രയില്‍ അത് വീണ്ടും മിടിച്ചു തുടങ്ങുന്നു. ഹൃദയത്തിലെ കൊച്ചു മസ്തിഷ്‌കമാണ് അതിനെ എങ്ങനെ മിടിക്കണമെന്ന് ഓര്‍ക്കാന്‍ സഹായിച്ചത്.
കൂടാതെ ഹൃദയവും തലച്ചോറും തമ്മില്‍ ധാരാളം ആശയവിനിമയം നടക്കുന്നു. തലച്ചോറൂമായി ആശയവിനിമയം നടത്തുന്ന നാല്‍പതിനായിരം ന്യൂറോണുകള്‍ ഹൃദയത്തിലുണ്ട്. നമ്മുടെ രക്തക്കുഴലുകളിലൂടെ ഹൃദയത്തില്‍നിന്നുള്ള ഹോര്‍മോണുകള്‍ സഞ്ചരിക്കുന്നു. ഹൃദയം മിടിക്കുമ്പോഴെല്ലാം പള്‍സ് തരംഗങ്ങളും വൈദ്യുതകാന്ത ഊര്‍ജവും ഉല്‍പാദിപ്പിക്കുന്നു. അത് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. അത്ഭുതകരമായിത്തോന്നാം; മസ്തിഷ്‌കത്തിന്റെ കാന്തിക വലയത്തേക്കാള്‍ അയ്യായിരം മടങ്ങ് ശക്തിയുള്ള കാന്തിക വലയമാണ് ഹൃദയം ഉല്‍പാദിപ്പിക്കുന്നത്. ശരീരത്തില്‍നിന്ന് ആറടി അകലെ നിന്നാല്‍ അതളക്കാന്‍ കഴിയും. നമ്മുടെ ശരീരത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന നാഡീവ്യൂഹത്തിന്റെ അതിസങ്കീര്‍ണമായ അറ്റമാണല്ലോ മസ്തിഷ്‌കം. എല്ലാ ശരീര ഭാഗങ്ങളും തലച്ചോറുമായി ആശയവിനിമയം നടത്തുന്നത് നാഡീവ്യൂഹത്തിലൂടെയാണ്. ഹൃദയത്തില്‍ നിന്ന് മസ്തിഷ്‌കത്തിലേക്കും സന്ദേശങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു.
പ്രഗത്ഭ മനശ്ശാസ്ത്ര വിദഗ്ധനായ ഗാരി ഷാര്‍ട്‌സ് ഹൃദയം എങ്ങനെ പഠിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്നുവെന്ന് വിശദീകരിക്കുന്ന ഒരു പരികല്‍പ്പന വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഷാര്‍ട്‌സ് മറ്റൊരു ഹൃദ്രോഗ വിദഗ്ധനായ പോള്‍ പിയര്‍സെല്ലുമായി സഹകരിച്ച് നടത്തിയ പ്രധാന പഠനത്തില്‍ ഹൃദയ ശസ്ത്രക്രിയയിലൂടെ പുതിയ ഹൃദയം സ്വീകരിച്ച ആളുകളില്‍ അസാധാരണ അനുഭവങ്ങളുള്ളവരെ കണ്ട് അവരുടെ അനുഭവങ്ങളില്‍ ഗവേഷണം നടത്തുകയായിരുന്നു. ഹൃദയം ഓര്‍മകള്‍ സൂക്ഷിക്കുന്നുെന്നും ചിന്തയിലും സംസ്‌കാരത്തിലും സ്വഭാവ ഗുണങ്ങളിലും സ്വാധീനം ചെലുത്തുന്നുണ്ടെന്നും ഈ ഗവേഷണങ്ങളില്‍നിന്ന് ഗ്രഹിക്കാന്‍ കഴിഞ്ഞു.
താഴെ വരുന്ന ചില അനുഭവങ്ങള്‍ നമുക്ക് പഠന വിധേയമാക്കാം:
1. ബോസ്റ്റണില്‍ ഹൃദയമാറ്റം നടത്തിയ ഒരു വനിതയാണ് ക്ലെയര്‍ സില്‍വ. അവള്‍ക്ക് അസാധാരണമായ അനേകം അനുഭവങ്ങളുണ്ടായി. പത്രക്കാരന്‍ ചോദിച്ചു. ഇപ്പോള്‍ നിങ്ങളേറ്റവും ആഗ്രഹിക്കുന്നതെന്താണ്? ഒരു ഗ്ലാസ് ബിയര്‍. അവള്‍ പെട്ടെന്ന് പ്രതികരിച്ചു. അവള്‍ അത്ഭുതപ്പെട്ടു. എന്താണിങ്ങനെ പ്രതികരിച്ചുപോയത്? ബിയര്‍ അവള്‍ക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.
കുറേശ്ശെയായി വേറെ ചില കാര്യങ്ങളും പുറത്തുവന്നു. അവള്‍ പറഞ്ഞു: എന്റെ ഉള്ളില്‍ മറ്റൊരാള്‍ കുടിയിരിക്കുന്നുവെന്ന് എനിക്ക് ബോധ്യമായി. അഭിരുചികള്‍ പലതും മാറി. കൈയെഴുത്ത് പോലും മാറി. ഒരു രാത്രി അവള്‍ ഹൃദയദാതാവിനെ സ്വപ്‌നം കണ്ടു. അയാളുടെ പേര്‍ അവളുടെ മനസ്സില്‍ തെളിഞ്ഞു. അത് ശരിയാണെന്ന് പിന്നീടവള്‍ മനസ്സിലാക്കി.
2. 47 കാരനായ ഒരു വെള്ളക്കാരന് ഒരു കറുത്ത യുവാവിന്റെ ഹൃദയം മാറ്റിവെച്ചു. കറുത്തവരുടെ അഭിരുചികള്‍ നന്നായി അറിയുന്ന ആളായിരുന്നു പ്രസ്തുത വെള്ളക്കാരന്‍. അദ്ദേഹം തമാശയായി പറഞ്ഞു: എനിക്കിനി കറുത്തവരുടെ റാപ് സംഗീതമായിരിക്കും പഥ്യം. എന്നാല്‍ പരമ്പരാഗത സംഗീതത്തോട് അദ്ദേഹത്തിന് അസാധാരണമായ താല്‍പര്യം കണ്ടുതുടങ്ങി. ഹൃദയദാതാവായ കറുത്ത യുവാവ് ക്ലാസിക്കല്‍ വയലിന്‍ വായനക്കാരനായിരുന്നതായി പിന്നീട് മനസ്സിലായി.
3. ഹൃദയ സ്വീകര്‍ത്താവ് സൈക്കിള്‍ മത്സരത്തിലും നീന്തല്‍ മത്സരത്തിലും അതീവ തല്‍പരനായി മാറി. തീവ്രപരിശീലനം നടത്തി മത്സരങ്ങളില്‍ പങ്കെടുത്തു. ഒരു വര്‍ഷം കഴിഞ്ഞാണ് തന്റെ നെഞ്ചകത്തുള്ളത് ഹോളിവുഡില്‍ കായികാഭ്യാസിയുടെ ഭാഗം അഭിനയിച്ചിരുന്ന സ്റ്റണ്ട് മാസ്റ്ററുടെ ഹൃദയമാണെന്ന് മനസ്സിലായത്.
4. എട്ടു വയസ്സുകാരിയായ ഒരു കുട്ടിക്ക് കൊല്ലപ്പെട്ട ഒരു പത്തു വയസ്സുകാരിയുടെ ഹൃദയം മാറ്റിവെച്ചു. അധികം താമസിയാതെ കുട്ടി തുടരെത്തുടരെ ഒരേ ദുഃസ്വപ്‌നം കാണുക പതിവായി. ഹൃദയദാതാവിന്റെ ഘാതകനെ കുറിച്ചുള്ള സ്വപ്‌നങ്ങളായിരുന്നു അവ. ആരാണ് കൊന്നതെന്ന് തനിക്കറിയാമെന്ന് അവള്‍ വിശ്വസിച്ചു. മാതാവ് അവളെ ഒരു മനോരോഗ വിദഗ്ധയെ കാണിച്ചു. പല തവണ പരിശോധിച്ച ശേഷം പെണ്‍കുട്ടി പറയുന്ന കാര്യങ്ങള്‍ നിഷേധിക്കാന്‍ ന്യായമില്ലെന്ന് അവര്‍ക്ക് മനസ്സിലായി. അവര്‍ പോലീസിനെ വിവരമറിയിച്ചു. ആ കൊച്ചുകുട്ടി നല്‍കിയ വിവരണങ്ങള്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തി കൊലയാളിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കൊല നടന്ന സ്ഥലം, സമയം, കൊലയാളി ധരിച്ചിരുന്ന വസ്ത്രം, കൊല്ലപ്പെട്ട കുട്ടിയുടെ വാക്കുകള്‍ എന്നിവയെല്ലാം കുട്ടി സാക്ഷ്യപ്പെടുത്തിയിരുന്നു. അവയെല്ലാം കൃത്യമായിരുന്നു.
മരിച്ച കുട്ടിയുടെ ഹൃദയത്തില്‍നിന്നാണല്ലോ ഈ വിവരണം പെണ്‍കുട്ടിക്ക് കിട്ടിയത്. അതിനാല്‍ ഹൃദയത്തിന് ഓര്‍ക്കാനും ചിന്തിക്കാനും ആവശ്യമായ വ്യക്തമായ കഴിവുകളുണ്ട് എന്നതാണ് ഈ അനുഭവം നല്‍കുന്ന പാഠം.
5. ഹൃദയദാതാവ് പതിനാറ് മാസം പ്രായമായ ഒരാണ്‍കുട്ടി. ബാത്ത് ടബില്‍ മുങ്ങിമരിച്ച ശേഷം ഹൃദയം ഏഴു മാസം പ്രായമുള്ള ഒരാണ്‍കുട്ടിക്ക് മാറ്റിവെച്ചു. ദാതാവിന്റെ മാതാവ് ഒരു ഡോക്ടറാണ്. അവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു: ''എനിക്ക് ജെറിയുടെ ഹൃദയം അടുത്തറിയാന്‍ കഴിയുന്നു. കാര്‍ട്ടര്‍ (സ്വീകര്‍ത്താവ്) ആദ്യമായി എന്നെ കണ്ടപ്പോള്‍ എന്റെ അടുത്തേക്ക് ഓടിവന്നു. അവന്റെ നാസിക എന്റെ നാസികയില്‍ ചേര്‍ത്ത് വീണ്ടും വീണ്ടും ഉരസാന്‍ തുടങ്ങി. ജെറി അങ്ങനെത്തന്നെയായിരുന്നു ചെയ്തിരുന്നത്. സര്‍ജറി കഴിഞ്ഞ് അഞ്ചാമത്തെ വര്‍ഷമാണിത്. എന്നാല്‍ കാര്‍ട്ടറുടെ കണ്ണില്‍ ജെറിയുടെ അതേ നോട്ടം. അവന്‍ ആലിംഗനം ചെയ്യുമ്പോര്‍ എനിക്ക് ശരിക്കും എന്റെ മകനെ അനുഭവപ്പെടുകയാണ്.
ഞാനൊരു ഡോക്ടറാണ്. സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഉള്ള പരിശീലനം എനിക്ക് ലഭിച്ചിട്ടുണ്ട്. ഇത് യഥാര്‍ഥ അനുഭവമാണ്. ആളുകള്‍ പറയും; മരിച്ച മകന്റെ ആത്മാവ് ജീവിച്ചിരിക്കുന്നു. ഞാന്‍ അത് വിശ്വസിക്കുന്നു. അതോടൊപ്പം ഭൗതികമായി എനിക്കവനെ അനുഭവപ്പെടുന്നു. എന്റെ ഭര്‍ത്താവിനും പിതാവിനും അമ്മക്കുമെല്ലാം ഇതനുഭവപ്പെട്ടിട്ടുണ്ട്. ജെറിയുടെ ബാല ഭാഷ തന്നെയാണ് കാര്‍ട്ടര്‍ ആറുവയസ്സായിട്ടും സംസാരിക്കുന്നത്.
ഒരു ദിവസം ഞങ്ങള്‍ അവരുടെ വീട്ടില്‍ വിരുന്നു കൂടി. പാതിരാവായപ്പോള്‍ കാര്‍ട്ടര്‍ എണീറ്റു വന്നു. എന്റെയും ഭര്‍ത്താവിന്റെയും ഇടയില്‍ ഉറങ്ങാന്‍ സമ്മതം ചോദിച്ചു. ജെറി കിടന്നിരുന്ന പോലെ കെട്ടിപ്പിടിച്ച് കിടന്നു. ഞങ്ങള്‍ക്ക് കരച്ചില്‍ വന്നു. കാര്‍ട്ടര്‍ പറഞ്ഞു: കരയണ്ട. ജെറി പറഞ്ഞിട്ടുണ്ട്; എല്ലാം, സുഖകരമാണെന്ന്.
ഭര്‍ത്താവിനും എനിക്കും ഞങ്ങളുടെ അഛനമ്മമാര്‍ക്കും ഉറപ്പാണ്; ഞങ്ങളുടെ മകന്റെ ഹൃദയത്തില്‍ അവന്റെ സാന്നിധ്യമുണ്ട്. അത് കാര്‍ട്ടറുടെ നെഞ്ചകത്താണ് മിടിച്ചുകൊണ്ടിരിക്കുന്നത്. ഒരര്‍ഥത്തില്‍ ഞങ്ങളുടെ മകന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തു പറയേണ്ടതായുണ്ട്. ജെറിക്ക് മരിക്കുന്നതിനു മുമ്പ് ശരീരത്തിന്റെ ഇടതു ഭാഗത്ത് ചെറിയ ബലക്കുറവ് അനുഭവപ്പെട്ടിരുന്നു. തലച്ചോറിലെ ഒരു ഭാഗത്തുള്ള ചെറിയ തകരാറായിരുന്നു ഇതിനു കാരണം. അവന്റെ ഹൃദയം സ്വീകരിച്ച് വളര്‍ന്നുവന്നപ്പോള്‍ കാര്‍ട്ടര്‍ക്കും അതേ ദൗര്‍ബല്യം ബാധിച്ചു.''
6. വാഹനാപകടത്തില്‍ മരിച്ച പത്തൊമ്പതുകാരിയാണ് ദാതാവ്. ഹൃദ്‌രോഗം ബാധിച്ച ഇരുപത്തൊമ്പതുകാരിയാണ് സ്വീകര്‍ത്താവ്.
ദാതാവിന്റെ മാതാവ് പറയുന്നു: എന്റെ സാറ സ്‌നേഹനിധിയായിരുന്നു. സ്വന്തമായി ആരോഗ്യാഹാര പാചകശാല നടത്തിവരികയായിരുന്ന. ഞാന്‍ സസ്യഭുക്കാകാത്തതില്‍ എപ്പോഴും പരാതിയാണ്. ഇടക്കിടെ കാമുകന്മാര്‍ മാറും. സ്വതന്ത്ര പ്രണയം! പുരുഷന്മാരെ ചെറുപ്പത്തിലേ ഇഷ്ടമാണ്. മരിക്കും മുമ്പ് എനിക്കൊരു കുറിപ്പെഴുതി. കാറിടിക്കുമ്പോഴുണ്ടായ ആഘാതം ശരീരത്തിലൂടെ സഞ്ചരിക്കുന്നത് അനുഭവപ്പെടുന്നുവെന്ന് അതില്‍ കുറിച്ചിരുന്നു.
സ്വീകര്‍ത്താവിന്റെ പ്രതികരണം:
ഞാന്‍ പറയുന്ന കാര്യങ്ങള്‍ വേണമെങ്കില്‍ മറ്റുള്ളവരോട് പറയാം. അതവര്‍ക്ക് ബോധ്യമാവില്ല. പുതിയ ഹൃദയം കിട്ടിയപ്പോള്‍ എനിക്ക് രണ്ടു കാര്യങ്ങള്‍ അനുഭവപ്പെട്ടു. മിക്കവാറും എല്ലാ രാത്രികളിലും ദാതാവിന് സംഭവിച്ച അപകടത്തിന്റെ ആഘാതം ഞാന്‍ അനുഭവിക്കുന്നു. എന്റെ ഡോക്ടര്‍ പറയുന്നത് എന്റെ ആരോഗ്യം നല്ല നിലയിലാണെന്നാണ്. മറ്റൊന്ന് എനിക്കിപ്പോള്‍ മാംസം തീരെ ഇഷ്ടമില്ല. കണ്ടാല്‍ ഛര്‍ദിക്കാന്‍ തോന്നും. മുമ്പ് മെക്‌ഡൊണാള്‍ഡിന്റെ വലിയ കമ്പക്കാരിയായിരുന്നു. ഡോക്ടര്‍ പറയുന്നത് കഴിക്കുന്ന മരുന്നുകളുടെ പാര്‍ശ്വഫലമാണിതെന്നാണ്.
പ്രധാന വിഷയം അതല്ല. എന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നു. ഞാന്‍ സ്വവര്‍ഗസ്‌നേഹിയായിരുന്നു. ഹൃദയമാറ്റത്തിനു ശേഷം അങ്ങനെയല്ലാതായി. ഇപ്പോള്‍ കാമുകന്റെ സഹവാസമാണ് എനിക്കാനന്ദകരം.
എനിക്കൊരു ലിംഗമാറ്റ ശസ്ത്രക്രിയയാണ് നടന്നതെന്ന് ഇപ്പോള്‍ തോന്നുന്നു.
ഹൃദയദാതാവിന്റെ സ്വഭാവവും സംസ്‌കാരവും വികാരവും ചിന്തയുമെല്ലാം ഇവിടെ സ്വീകര്‍ത്താവില്‍ പ്രതിഫലിക്കുന്നത് കാണാം.
7. വീട്ടിലെ നീന്തല്‍ കുളത്തില്‍ മുങ്ങിമരിച്ച മൂന്നു വയസ്സുകാരിയാണ് ദാതാവ്. ഒമ്പതു വയസ്സുകാരനായ ഹൃദ്രോഗിയാണ് സ്വീകര്‍ത്താവ്.
ആരാണ് ദാതാവെന്നോ എങ്ങനെ മരിച്ചുവെന്നോ അവനറിയില്ല. സര്‍ജറിക്കു ശേഷമുള്ള അനുഭവം:
എനിക്കവളെ അനുഭവപ്പെടുന്നു. അവള്‍ വളരെ ദുഃഖിതയാണ്. വലിയ പേടിയാണവള്‍ക്ക്. മാതാപിതാക്കള്‍ കുട്ടികളെ വലിച്ചെറിയരുതെന്ന് അവള്‍ പറഞ്ഞു. എന്തിനാളവള്‍ അത് പറഞ്ഞത്?
അവന്റെ അമ്മ പറയുന്നത് അവനിപ്പോള്‍ വെള്ളം വലിയ പേടിയാണ്. വെള്ളമവനു വളരെ ഇഷ്ടമായിരുന്നു. വീട്ടിന്റെ പിന്നില്‍ ഒരു തടാകമാണ്. അവനിപ്പോള്‍ പിന്നിലെ വാതിലുകള്‍ കൊട്ടിയടക്കും. എന്തു കൊണ്ടെന്നറിയില്ല. അതിനെപ്പറ്റി അവന്‍ കൂടുതല്‍ സംസാരിക്കില്ല.
ഈ അനുഭവങ്ങള്‍ മനുഷ്യന്റെ വികാരവിചാരങ്ങള്‍ രൂപപ്പെടുന്നതും സൂക്ഷിക്കുന്നതും ഹൃദയത്തിലാണെന്നും ഹൃദയം സ്വീകരിക്കുന്നവരുടെ മനസ്സില്‍ തെളിയുന്നത് പുതിയ ഹൃദയത്തിന്റെ സ്മൃതിപഥത്തില്‍ സൂക്ഷിച്ച ചിന്തകളും വികാരങ്ങളും അഭിരുചികളുമാണെന്നാണല്ലോ.
8. 11.08.2007-ലെ വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഒരു വാര്‍ത്ത വന്നു. പീറ്റര്‍ ഹൂട്ടണ്‍ എന്ന വ്യക്തിക്ക് കൃത്രിമ ഹൃദയം ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി നടന്ന വാര്‍ത്ത. അദ്ദേഹം തന്റെ അനുഭവങ്ങള്‍ ഇങ്ങനെ വിവരിക്കുന്നു: എന്റെ വികാരങ്ങള്‍ അടിമുടി മാറി. അനുഭൂതിയോ സ്‌നേഹമോ എനിക്കനുഭവപ്പെടുന്നില്ല. പേരക്കുട്ടികളെ എനിക്ക് മനസ്സിലാകുന്നില്ല. അവരെന്റെ അടുത്ത് വരുമ്പോള്‍ എനിക്കൊന്നും തോന്നുന്നില്ല.
പിന്നീട് അയാള്‍ക്ക് ഒന്നിനും താല്‍പര്യമില്ലാതായി. പണമോ സുഖമോ ഒന്നും അയാള്‍ക്ക് പ്രശ്‌നമല്ല. എന്തിനാണ് ജീവിക്കുന്നതെന്നയാള്‍ക്കറിയില്ല. ചിലപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നും. ചുറ്റുപാടും നടക്കുന്നതൊന്നും അയാള്‍ക്ക് മനസ്സിലാകാതായി. ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അയാള്‍ക്കാവുന്നില്ല. അനുമാനിക്കാനോ സങ്കല്‍പിക്കാനോ സാധിക്കുന്നില്ല. അയാളൊരു നല്ല വിശ്വാസിയായിരുന്നു. ഇന്നിപ്പോള്‍ ദൈവത്തിലുള്ള വിശ്വാസം അയാള്‍ക്ക് നഷ്ടപ്പെട്ടു. പരലോകവും സ്വര്‍ഗനരകങ്ങളും അയാള്‍ക്ക് വിഷയമല്ലാതായി.
ഇതിനു വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്കായില്ല. എങ്ങനെയാണ് ഇത്ര വലിയ മാനസിക പരിവര്‍ത്തനം സംഭവിച്ചത്? ഹൃദയവും മനസ്സും തമ്മിലെന്തു ബന്ധം?
പെന്‍സില്‍വാനിയ യൂനിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ എത്തിക്‌സിന്റെ തലവനായ ആര്‍തര്‍ കേപ്ലന്‍ സങ്കടപ്പെടുന്നു: ''ഈ പ്രതിഭാസം ശാസ്ത്രജ്ഞര്‍ കാര്യമായെടുത്തില്ല. വികാരവും ചിന്തയും ശരീരാവയവങ്ങളുമായുള്ള ബന്ധം നാം പഠനവിധേയമാക്കിയില്ല. ശരീരത്തെ വെറും യന്ത്രമെന്ന പോലെയാണ് നാം കൈകാര്യം ചെയ്യുന്നത്.''
ഈ അനുഭവ കഥകളെ രണ്ടു രൂപത്തിലാണ് ശാസ്ത്രലോകം സമീപിച്ചത്. ഒരു വിഭാഗം ധാരണകള്‍ തിരുത്താനും പുതിയ ഗവേഷണങ്ങള്‍ നടത്തി വിഷയത്തില്‍ അവഗാഹം നേടാനും ഈ അനുഭവങ്ങളെ പ്രയോജനപ്പെടുത്തി. മനുഷ്യഹൃദയം ചിന്തയെയും അഭിരുചിയെയും വികാരങ്ങളെയും നിയന്ത്രിക്കുകയും വിശ്വാസം, സദാചാര ചിന്ത, ധര്‍മബോധം എന്നിവ ഉണ്ടാക്കുകയും ചെയ്യുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുന്നത് ഹൃദയമാണ് എന്നിത്യാദി കാര്യങ്ങളെല്ലാം അവര്‍ ഗവേഷണങ്ങളിലൂടെ കണ്ടുപിടിച്ചു. ഈ ശാസ്ത്രജ്ഞരുടെ കാഴ്ചപ്പാടുകളാണ് നാം അവലംബമാക്കിയത്.
മറ്റൊരു വിഭാഗം പഴയ ധാരണയില്‍ ഉറച്ചുനിന്നു. അപരനില്‍നിന്ന് ഹൃദയം സ്വീകരിച്ചവരില്‍ വന്ന സ്വഭാവ പെരുമാറ്റങ്ങളില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ വ്യാഖ്യാനിക്കാനാണ് അവര്‍ ശ്രമിച്ചത്.
ഒരു വിശദീകരണം ഇതാണ്: ഹൃദയമാറ്റത്തിനു ശേഷം ശരീരം പുതിയ ഹൃദയം നിരാകരിക്കാതിരിക്കാന്‍ ശരീരത്തിന്റെ രോഗ പ്രതിരോധ പ്രവര്‍ത്തനത്തെ നിയന്ത്രിക്കണം. ഇതിനായി ധാരാളം മരുന്നുകള്‍ കഴിക്കേണ്ടിവരും. ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങളാണ് രോഗിയെ പല മിഥ്യകളിലേക്കും കൊണ്ടുപോകുന്നത്.
പുതിയ ഹൃദയത്തിലൂടെ സ്മൃതിപഥത്തിലേക്ക് പ്രവേശിക്കുന്നുവെന്നതെല്ലാം തോന്നലുകളാണ്. മരിച്ച ഒരാളുടെ ഹൃദയമാണ് തന്റെ ശരീരത്തിലെന്നറിയുമ്പോള്‍ ഭാവന ചിറകു വിടര്‍ത്തിപ്പറക്കും.
സ്വീകര്‍ത്താവിന്റെ മാനസിക പരിവര്‍ത്തനങ്ങള്‍ക്ക് ഈ വിശദീകരണം യോജിച്ചേക്കാം. എന്നാല്‍ പല സ്വീകര്‍ത്താക്കളിലും നാം കണ്ട മാറ്റങ്ങള്‍ക്ക് ഈ വിശദീകരണം അനുയോജ്യമല്ല. ഈ അഭിരുചിമാറ്റങ്ങളെല്ലാം ദാതാക്കളുമായി അനിഷേധ്യമായ ബന്ധം പുലര്‍ത്തുന്നതിനാല്‍ ധാരണകള്‍ തിരുത്തി ഹൃദയത്തെ പുതിയ കാഴ്ചപ്പാടില്‍ മനസ്സിലാക്കുന്നതാണ് ബുദ്ധിപരം.
മറ്റൊരു വിശദീകരണം: ആശുപത്രി ജീവനക്കാരില്‍നിന്ന് രോഗി ഹൃദയദാതാവിനെക്കുറിച്ച് ലഭ്യമാകുന്നത്ര വിവരങ്ങള്‍ ശേഖരിക്കും. എന്നിട്ടവ തമ്മില്‍ ചേര്‍ക്കും. അബോധാവസ്ഥയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും തമ്മില്‍ പറയുന്ന കാര്യങ്ങള്‍ ഉപബോധ മനസ്സില്‍ തങ്ങിനില്‍ക്കാം. ഈ വിശദീകരണങ്ങള്‍ ശരിയാണെന്നു തോന്നാം. എന്നാല്‍ ഗവേഷകര്‍ രേഖപ്പെടുത്തിയ സംഭവങ്ങളില്‍ ഒന്നിലും ശസ്ത്രക്രിയാ സംഘം തിയേറ്ററില്‍ വെച്ച് രോഗികളൂടെ ഒരു വിവരവും ചര്‍ച്ച ചെയ്തിട്ടില്ല. മാത്രമല്ല ഇത്തരം ശസ്ത്രക്രിയക്കിടയില്‍ ഇങ്ങനെയുള്ള സംഭാഷണം നടക്കുകയെന്നത് അസ്വാഭാവികമാണുതാനും.
മറ്റൊരു വിഷയം കോടിക്കണക്കിന് ന്യൂറോണുകളുണ്ട് മസ്തിഷ്‌കത്തില്‍. ഹൃദയത്തില്‍ ആപേക്ഷികമായി കുറഞ്ഞ ന്യൂറോണുകള്‍ മാത്രമാണുള്ളത്. അതിനാല്‍ ഹൃദയത്തിന് ചിന്തയെയും പഠന പ്രക്രിയയെയും വികാര വിക്ഷോഭങ്ങളെയും എങ്ങനെ നിയന്ത്രിക്കാനാവും?
പല ചെറിയ പ്രാണികള്‍ക്കും വളരെക്കുറച്ച് ന്യൂറോണുകള്‍ മാത്രമേ ഉള്ളു. എന്നിട്ടും അവക്ക് സങ്കീര്‍ണമായ ഓര്‍മശക്തിയും ബുദ്ധിയും പെരുമാറ്റവും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
ഡോക്ടര്‍ ആന്‍ഡ്രൂ ആര്‍മര്‍ രചിച്ച ഒരു ലഘു കൃതിയുണ്ട്; Anotomical and Functional Principlesഇതിന്റെ പ്രസാധകക്കുറിപ്പില്‍ ഇങ്ങനെ കാണാം:
''പുതുമയേറിയ ന്യൂറോ കാര്‍ഡിയോളജി ഗവേഷണ പഠനം ഇനി പറയുന്നതെല്ലാം സ്ഥാപിച്ചുകഴിഞ്ഞു: ഹൃദയം ഇന്ദ്രിയജ്ഞാനമുള്ള അവയവമാണ്. സങ്കീര്‍ണ വിവരങ്ങള്‍ കോഡുഭാഷയിലാക്കി പ്രത്യേക നടപടി സ്വീകരിക്കാന്‍ കഴിവുള്ള ഒരു കേന്ദ്രമാണത്. ഹൃദയ മസ്തിഷ്‌കം (Herat Brain) എന്നു വിളിക്കാവുന്നത്രയും സങ്കീര്‍ണമായ ഒരാന്തരിക നാഡീവ്യൂഹ സംവിധാനമുണ്ടതില്‍. ഈ കൃതിയില്‍ ഡോക്ടര്‍ ആര്‍മര്‍ വിശദീകരിക്കുന്നു: വിവരങ്ങള്‍ ശേഖരിച്ച് ക്രമീകരിക്കാന്‍ കഴിയുന്ന അതീവ നിഗൂഢമായ ഘടകമാണ് ഹൃദയ നാഡീവ്യവസ്ഥ. ഹൃദയ മസ്തിഷ്‌കത്തിന് വിവരങ്ങള്‍ അപഗ്രഥിച്ച് തീരുമാനങ്ങളെടുക്കാന്‍ കഴിയും. കേന്ദ്ര നാഡീവ്യൂഹത്തിന്റെ നിയന്ത്രണത്തില്‍നിന്ന് സ്വതന്ത്രമാണീ ഹൃദയനാഡീവ്യവസ്ഥ. ഇതിന്റെ വിശദമായ ജീവശാസ്ത്രവും ശരീരശാസ്ത്ര ധര്‍മങ്ങളും ആഴത്തില്‍ പഠിക്കാന്‍ ഉതകുന്ന ഈ പ്രബന്ധം ഭാവിയില്‍ വരാനിരിക്കുന്ന പുതിയ ചിന്തകള്‍ക്ക് വഴിതുറന്നുകൊടുക്കും. ഹൃദയം സങ്കീര്‍ണവും സ്വയം നിയന്ത്രിതവുമായ വ്യവസ്ഥയാണ്. അത് തലച്ചോറിലേക്കും ശരീരാവയവങ്ങളിലേക്കും സന്ദേശങ്ങള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.
പരിശുദ്ധ ഖുര്‍ആന്‍ ഹൃദയത്തെ വിവരിച്ച അതേ സങ്കല്‍പത്തിലേക്കും രൂപത്തിലേക്കും ഭാവനയിലേക്കും ആധുനിക ശാസ്ത്രം പൂര്‍ണമായും എത്തിക്കഴിഞ്ഞു. ഖുര്‍ആനിലുള്ളത് ആലങ്കാരിക പ്രയോഗമല്ല, യഥാര്‍ഥത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ്. ചിന്തിക്കുന്നതും വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതുമെല്ലാം ഹൃദയത്തിലൂടെയാണ്. അടഞ്ഞ ഹൃദയം വിശ്വാസത്തിനു പ്രതിബന്ധമാണ്.
നമ്മുടെ ചിന്ത, വിശ്വാസം, ഭക്തി, ധര്‍മബോധം, അഭിരുചി, വികാരങ്ങള്‍, കോപം, അസൂയ, വിദ്വേഷം, പക എന്നിവയെല്ലാം ഹൃദയത്തിലാണ് നാമ്പെടുക്കുന്നത്. ''ഹൃദയം നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി.'' ഈ നന്മ ആത്മീയമായും ആരോഗ്യപരമായും ശരിയാണ്. നിഷ്‌കളങ്ക ഹൃദയം, പിരിമുറുക്കമില്ലാത്ത മനസ്സും അരോഗ ശരീരവും പ്രദാനം ചെയ്യും. ആത്മീയ ഉന്നതിക്ക് അത് അനിവാര്യമാണുതാനും.
Source: HeartMath.org
Comments