സഫിയ മുഹമ്മദ്
ഗുണകാംക്ഷ, ക്ഷമാശീലം, ത്യാഗസന്നദ്ധത, പ്രസ്ഥാനപ്രതിബദ്ധത, അതിഥി സല്‍ക്കാര മാതൃക ഇവയെല്ലാം സമ്മേളിക്കുന്ന വ്യക്തിത്വമായിരുന്നു മാള ടി.എ മുഹമ്മദ് മൗലവിയുടെ സഹധര്‍മിണി സഫിയാത്തയുടേത്. മാള മൗലവിയെന്ന പ്രസ്ഥാന നേതാവിന്റെ വിജയശില്‍പിയായി സഫിയാത്ത അവരുടെ മരണംവരെ നിറഞ്ഞുനിന്നു. അരനൂറ്റാണ്ടുകാലത്തെ മൗലവിയുടെ തിളക്കമാര്‍ന്ന പ്രസ്ഥാന പ്രവര്‍ത്തനത്തിനു പിറകില്‍ അവരുടെ പങ്ക് ചെറുതല്ല. മാളയിലും പരിസര പ്രദേശങ്ങളിലും പ്രസ്ഥാനത്തെ നട്ടുപിടിപ്പിക്കാന്‍ അവര്‍ കഠിനാധ്വാനം ചെയ്തു.
മൗലവിയുടെ വീട്ടില്‍നിന്നും സഫിയാത്ത തയാറാക്കിയ ഭക്ഷണം കഴിക്കാത്തവര്‍ വിരളമാണ്. പ്രസ്ഥാനത്തിന്റെ ആദ്യകാലത്ത് തേയില വിപണനവുമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍നിന്നാണ് മൗലവി മാളയിലെത്തിയത്. സഫിയാത്തയും അമ്പലപ്പുഴക്കാരിയാണ്. മാളയിലെത്തിയ അവര്‍ വിശ്രമം എന്തെന്നറിയാത്ത ജീവിതത്തിലേക്കാണ് പ്രവേശിച്ചത്.
ഒരു പ്രസ്ഥാന പ്രവര്‍ത്തകന്റെ പങ്കാളി എന്താകണം എന്നതിന് അവര്‍ മാതൃകയായി. രാത്രി വൈകിയും വീട്ടിലെത്തുന്ന പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സഫിയാത്ത ഭക്ഷണമൊരുക്കി നല്‍കുന്നത് വലിയ ആവേശത്തോടെയായിരുന്നു. റമദാനിലെ മുപ്പത് ദിനങ്ങളിലും നാട്ടുകാര്‍ക്ക് നോമ്പുതുറ ഒരുക്കും. വര്‍ഷങ്ങളോളം മുടങ്ങാതെ ഇതൊരുക്കിയത് സഫിയാത്ത തനിച്ചാണ്. മിക്‌സിയും ഫ്രിഡ്ജും മോട്ടോര്‍ പമ്പും ഇല്ലാത്ത കാലമായിരുന്നുവെന്നോര്‍ക്കണം!
തന്നേക്കാള്‍ പ്രായമുള്ള രണ്ട് വനിതകളോടൊപ്പമാണ് അവര്‍ ആദ്യത്തെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനിറങ്ങുന്നത്. പൊതുസമൂഹത്തില്‍ വനിതകള്‍ പ്രത്യക്ഷപ്പെടാത്ത കാലത്തായിരുന്നു ഇത്. വനിതകളുടെ ഈ രംഗപ്രവേശത്തിനെതിരെ യാഥാസ്ഥിതിക വിഭാഗം വാളോങ്ങി. പുറത്തിറങ്ങിയാല്‍ ആക്രമിക്കുമെന്ന ഘട്ടം വരെയെത്തി. എന്നാല്‍ ധീരമായി രംഗത്തിറങ്ങി. കനകക്കുന്ന്, കൊമ്പിടിഞ്ഞാമക്കല്‍, മാരേക്കാട്, പുത്തന്‍ചിറ, മാള, മാള പള്ളിപ്പുറം, നെയ്തകുടി, വലിയപറമ്പ് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം നടത്തി. അതുവഴി കഴിവുറ്റ വനിതകള്‍ ഈ പ്രദേശങ്ങളില്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നു. 1970-ല്‍ മാള സി.എം.എസ് സ്‌കൂളില്‍ ഏരിയാ വനിതാ സമ്മേളനം നടത്തി. അക്കാലത്ത് വനിതകള്‍ക്കങ്ങനെയൊരു സമ്മേളനം നടത്തുന്നത് സാഹസം തന്നെയായിരുന്നു.
ഒരു നാട് മുഴുവന്‍ ബഹുമാനിക്കുന്ന മാതൃകാ വനിതയായി മാറാന്‍ സഫിയാത്തക്ക് കഴിഞ്ഞു. ഐ.ആര്‍.ഡബ്ലിയു മാള ഐ.എസ്.ടിയില്‍ നടത്തിയ ഡി-അഡിക്ഷന്‍ ക്യാമ്പില്‍നിന്നും റിലീസ് ചെയ്ത ഒരു മാനസിക രോഗിയെ സംരക്ഷണം നല്‍കി ഏറ്റെടുക്കാന്‍ ആരുമുണ്ടായിരുന്നില്ല. മൗലവി അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്തു തന്റെ വീട്ടിലേക്കു കൊണ്ടുപോയി. മറുത്തൊരു വാക്കു പോലും പറയാതെ വീട്ടമ്മയായ സഫിയാത്ത അദ്ദേഹത്തിന് വേണ്ട ഭക്ഷണം കൃത്യമായി നല്‍കി.
മക്കളെ ദീനീചിട്ടയില്‍ വാര്‍ത്തെടുക്കുന്നതിലും ഈ മാതാവ് വിജയിച്ചു. മര്‍ഹൂം കെ. അബ്ദുസ്സലാം മൗലവിയുടെ മകനാണ് മകളെ വിവാഹം ചെയ്തത്. മകന്‍ ഹല്‍ഖാനാസിമാണ്. ആരും ആവശ്യപ്പെടാതെ തന്നെ ഐ.എസ്.ടി. ജുമാ മസ്ജിദിലും, മാള വടമ പ്രദേശത്തും നാട്ടുകാരായ സഹോദരങ്ങള്‍ അവരുടെ അനുസ്മരണം സംഘടിപ്പിച്ചു. തന്റെ പ്രിയപ്പെട്ട പേരക്കുട്ടിയുടെ മടിയില്‍ തല ചായ്ച്ച് തന്റെ മക്കളെയും ഉറ്റവരെയും ഉടയവരെയും ചുറ്റിലും നിര്‍ത്തി പ്രിയങ്കരനായ ഭര്‍ത്താവിന്റെ പ്രാര്‍ഥന ശ്രവിച്ച് ശാന്തയായാണ് സഫിയാത്ത യാത്ര പറഞ്ഞത്.
ഫാത്വിമ
തൃശൂര്‍ ജില്ലയില്‍ കിഴുപ്പിള്ളിക്കര ഘടകത്തിലെ പ്രവര്‍ത്തകന്‍ പുതിയവീട്ടില്‍ ഇബ്‌റാഹീം സാഹിബിന്റെ ഭാര്യയായിരുന്നു ഫാത്വിമ സാഹിബ (75). കുറച്ചു വര്‍ഷങ്ങളായി രോഗാവസ്ഥയിലായിരുന്നെങ്കിലും ഹൃദയ സ്തംഭനമായിരുന്നു മരണകാരണം.
ഇസ്‌ലാമിക പ്രബോധനരംഗത്ത് വേറിട്ടതും കരുത്തുറ്റതുമായ നിശ്ശബ്ദ സാന്നിധ്യമായിരുന്നു അവര്‍. ജാതിമതഭേദമന്യേ ആളുകളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ തിളങ്ങുന്ന മാതൃകയായിരുന്നു. സ്വന്തം പ്രയാസങ്ങളില്‍ ആശങ്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ വിഷയങ്ങളില്‍ സ്ഥിരമായി ആകുലപ്പെടുകയും സഹായിക്കുകയും ചെയ്യുമായിരുന്നു.
അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തില്‍ അനേകം മാതൃകകള്‍ അവര്‍ കാഴ്ചവെച്ചു. വിശ്വാസപരമായ അജ്ഞതയും സാഹചര്യങ്ങളുടെ സമ്മര്‍ദവും കാരണം ആദര്‍ശ വ്യതിയാനം സംഭവിച്ചിരുന്ന പല സ്ത്രീകള്‍ക്കും മാന്യവും ഇസ്‌ലാമികപരവുമായ പുനരധിവാസത്തിന് സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊടുത്തതിനും ഇവരുടേതായ മാതൃകയുണ്ട്. ആദര്‍ശമാറ്റത്തിലൂടെ മാര്‍ഗദര്‍ശനം ലഭിച്ച യുവതികളുടെ സംരക്ഷണം ഏറ്റെടുത്ത് സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിലും അനുയോജ്യരായ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിലും അവര്‍ ശ്രദ്ധിച്ചു.
മേഖലയിലെ പ്രസ്ഥാന പ്രവര്‍ത്തകരിലും നേതാക്കളിലും അവരുടെ ആതിഥ്യം അനുഭവിക്കാത്തവര്‍ അപൂര്‍വമാണ്. പ്രസ്ഥാന പരി
പാടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ വീട്ടില്‍തന്നെ ഒരുക്കി നല്‍കുന്നതിലും അവര്‍ മുന്‍പന്തിയിലായിരുന്നു. കൃഷിയെയും പ്രകൃതിയെയും സ്‌നേഹിച്ചിരുന്ന അവര്‍ നല്ല ഒരു കര്‍ഷക കൂടിയായിരുന്നു.
ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ അക്കാദമിക പിന്‍ബലമോ, കുടുംബ പശ്ചാത്തലമോ ഇല്ലെങ്കിലും മാതൃകാപരവും പ്രായോഗികപരവുമായ പ്രബോധന പ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയാവാന്‍ അവര്‍ക്കു കഴിഞ്ഞു. വാടാനപ്പള്ളി യത്തീംഖാനയിലെ കുട്ടികള്‍ക്ക് സ്വന്തം മക്കള്‍ക്ക് തുല്യമായ വാത്സല്യവും പരിഗണനയും അവര്‍ നല്‍കുകയുണ്ടണ്ടായി. മക്കള്‍: റാഫി, രാജു, റസീന.
അബ്ദുല്‍കരീം കിഴുപ്പിള്ളിക്കര
Comments