Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ഫലസ്ത്വീന്‍ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല

പി.കെ. നിയാസ്

ഫലസ്ത്വീനികളെ പിറന്ന മണ്ണില്‍നിന്ന് ആട്ടിപ്പുറത്താക്കി 1948-ല്‍ ജന്‍മം കൊണ്ട ഇസ്രയേല്‍ രാഷ്ട്രം അതിന്റെ അതിരുകള്‍ വികസിപ്പിക്കാനും അറബികളെ പൂര്‍ണമായും ഒഴിവാക്കി സമ്പൂര്‍ണ ജൂതരാഷ്ട്രം സ്ഥാപിക്കാനുമുള്ള ഗൂഢപദ്ധതികള്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്നു. 1967-ലെ യുദ്ധത്തില്‍ പിടിച്ചെടുത്ത മസ്ജിദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലം ഇസ്രയേലിനോട് കൂട്ടിച്ചേര്‍ത്ത് തെല്‍അവീവില്‍നിന്ന് തലസ്ഥാനം അവിടേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ഇതില്‍ പ്രധാനമാണ്. അതോടെ ലോക മുസ്‌ലിംകളുടെ വിശുദ്ധ ഗേഹങ്ങളിലൊന്നായ അല്‍ അഖ്‌സ്വാ പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനും മുസ്‌ലിംകളെ അവിടെ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കാനുമാണ് പദ്ധതി. അഖ്‌സ്വാക്കെതിരെ പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടര്‍ന്നുവരുന്ന നീക്കങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈയിടെ കണ്ടത്. പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായി പള്ളിയില്‍ നമസ്‌കാരം മുടങ്ങി. രണ്ടാഴ്ചയോളം നടന്ന പ്രക്ഷോഭ സമരങ്ങളിലൂടെ ഇസ്രയേലിന്റെ ഗൂഢപദ്ധതികള്‍ ഫലസ്ത്വീനികള്‍ തകര്‍ക്കുകയായിരുന്നു. പള്ളിക്കകത്ത് സ്ഥാപിച്ച നിരീക്ഷണ ഉപകരണങ്ങള്‍ നീക്കം ചെയ്ത ശേഷമാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്.

ഇസ്രയേല്‍ എന്ന രാഷ്ട്രത്തിന് ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയെങ്കിലും 1967 മുതല്‍ സയണിസ്റ്റ് ഭരണകൂടം നടത്തിവന്ന അധിനിവേശങ്ങളെ യു.എന്‍ അംഗീകരിച്ചിട്ടില്ല. അധിനിവേശ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി വെസ്റ്റ് ബാങ്കും ഗസ്സയും ഉള്‍പ്പെടുത്തി സ്വതന്ത്ര ഫലസ്ത്വീന്‍ രാജ്യം സ്ഥാപിക്കുകയെന്ന ഫലസ്ത്വീനികളുടെ ചിരകാല സ്വപ്‌നം അതിനാല്‍തന്നെ നിയമപരവും യു.എന്‍ പാസ്സാക്കിയ അനവധി പ്രമേയങ്ങളോട് പൂര്‍ണമായും പൊരുത്തപ്പെടുന്നതുമാണ്. ഫലസ്ത്വീനിലെ മുഖ്യ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ്, ഇസ്രയേലിന്റെ നിലനില്‍പ് തന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും ഈയിടെ അതിന്റെ ചാര്‍ട്ടറില്‍ ഭേദഗതി വരുത്തി കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്ത്വീന്‍ രാജ്യത്തിന്റെ സ്ഥാപനത്തെ തത്ത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രമുഖ സംഘടനയായ ഫത്ഹിനും തുടക്കത്തില്‍ ഇതേ നിലപാടായിരുന്നെങ്കിലും 1993-ല്‍ അമേരിക്കയുടെ കാര്‍മികത്വത്തില്‍ യാസിര്‍ അറഫാത്തും ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന യിഷാക് റബിനും ഒപ്പുവെച്ച ഓസ്‌ലോ കരാറിനെ തുടര്‍ന്ന് സയണിസ്റ്റ് അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടങ്ങളില്‍നിന്ന് അവര്‍ പൂര്‍ണമായും പിന്‍മാറി. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നല്‍കിയ സ്വയം ഭരണമെന്ന പരിമിതമായ അധികാരമാണ് ഫത്ഹ് നേതൃത്വം നല്‍കുന്ന പി.എല്‍.ഒയെ പോരാട്ട സംഘടനയില്‍നിന്ന് 'അടിയറവ് പ്രസ്ഥാന'മാക്കി മാറ്റിയത്. 

1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തെ തുടര്‍ന്നാണ് ജറൂസലം വിഭജിക്കപ്പെടുന്നത്. ജൂതന്‍മാര്‍ കൂടുതലായി അധിവസിക്കുന്ന പടിഞ്ഞാറന്‍ ജറൂസലം ഇസ്രയേലിന്റെയും അറബികള്‍ ഭൂരിപക്ഷമുള്ള കിഴക്കന്‍ ജറൂസലം ജോര്‍ദാന്റെയും നിയന്ത്രണത്തിലായി. പടിഞ്ഞാറന്‍ ജറൂസലമിലെ അറബ് നിവാസികളെ ബലം പ്രയോഗിച്ച് പുറത്താക്കിയ സയണിസ്റ്റുകള്‍ മസ്ജിദുല്‍ അഖ്‌സ്വാ ഉള്‍പ്പെടുന്ന കിഴക്കന്‍ ജറൂസലമും കൈവശപ്പെടുത്താന്‍ കാത്തിരിക്കുകയായിരുന്നു. 1967-ലെ ആറു ദിവസം നീണ്ട യുദ്ധത്തില്‍ പുണ്യ നഗരം പൂര്‍ണമായി അവരുടെ അധീനതയിലായി. കിഴക്കന്‍ ജറൂസലം കൈയടക്കിയതോടെ സയണിസ്റ്റുകളുടെ ഗൂഢതന്ത്രങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. പ്രവാചകന്‍ സുലൈമാന്റെ ദേവാലയം (ഹൈക്കല്‍) കണ്ടെത്താനെന്ന പേരില്‍ മസ്ജിദുല്‍ അഖ്‌സ്വായുടെ ചുവട്ടില്‍ ഉത്ഖനനം നടത്തിയായിരുന്നു തുടക്കം. 1969 ആഗസ്റ്റ് 21-ന് വെയ്ന്‍സ് മൈക്കല്‍ എന്ന ആസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ സയണിസ്റ്റ് മസ്ജിദുല്‍ അഖ്‌സ്വാക്ക് തീയിട്ടത് ലോക മുസ്‌ലിംകളുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സംഭവമാണ്. മസ്ജിദുല്‍ അഖ്‌സ്വാ തകര്‍ക്കാന്‍ ഇസ്രയേല്‍ ഭരണകൂടം നടത്തുന്ന നീക്കങ്ങള്‍ മുസ്‌ലിം ലോകം ഗൗരവത്തോടെ വീക്ഷിക്കാന്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണ്. അഖ്‌സ്വായുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചേര്‍ന്ന മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടിയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ (ഒ.ഐ.സി) പിറവിക്കു പോലും വഴിവെച്ചത്.

ഫലസ്ത്വീന്‍ രാഷ്ട്ര പ്രഖ്യാപനത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്യുകയായിരുന്നു. തെല്‍ അവീവില്‍നിന്ന് എംബസി ജറൂസലമിലേക്ക് മാറ്റുമെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ഇതിന്റെ വ്യക്തമായ സൂചനയാണ്. മേയില്‍ രിയാദില്‍ നടന്ന അറബ്-ജി.സി.സി ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചുവെന്നു മാത്രം. ഫലസ്ത്വീന്‍ വിഷയത്തില്‍ അറബ് രാജ്യങ്ങളുടെ നിലപാട് മയപ്പെടുന്നതോടെ അമേരിക്കയുടെ പ്രഖ്യാപനം ഉണ്ടാകും. ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ചില അറബ് രാജ്യങ്ങള്‍ നീക്കം തുടങ്ങിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

അതേസമയം, ഗസ്സയും ഈജിപ്തിന്റെ ഭാഗമായ സീനായിയും ചേര്‍ത്ത് ഒരു ഫലസ്ത്വീന്‍ രാഷ്ട്രം രൂപീകരിക്കാനുള്ള ഗൂഢനീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പേ ഇസ്രയേല്‍ കൈയൊഴിഞ്ഞതാണ് ഗസ്സ. അവിടെ ഹമാസിന്റെ ചെറുത്തുനില്‍പ് സയണിസ്റ്റ് രാഷ്ട്രത്തിന് വലിയ തലവേദനയാണ്. ഗസ്സക്കുമേല്‍ നടത്തിയ മൂന്നു യുദ്ധങ്ങള്‍ സയണിസ്റ്റ് ഭരണകൂടത്തിന് അപരിഹാര്യമായ നഷ്ടങ്ങളാണ് വരുത്തിവെച്ചത്. അറബികള്‍ ഭൂരിപക്ഷമുള്ള ഗ്രാമങ്ങള്‍ ഫലസ്ത്വീന്‍ അതോറിറ്റിക്ക് വിട്ടുകൊടുക്കുകയും പകരം വെസ്റ്റ് ബാങ്കിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഇസ്രയേലിനു കൈമാറുകയും ചെയ്യുകയെന്ന അത്യന്തം അപകടകരമായ ഒരു നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മുന്നോട്ടുവെക്കുകയുണ്ടായി. ഇതിലൂടെ രണ്ട് കാര്യങ്ങളാണ് സയണിസ്റ്റുകള്‍ ഉന്നം വെക്കുന്നത്. ഒന്ന്, അറബികളെ രാജ്യത്തുനിന്ന് ഒഴിവാക്കുക. ഇസ്രയേല്‍ പൗരത്വമുള്ള അറബികളെ പിന്തള്ളുന്നതിലൂടെ സമ്പൂര്‍ണ ജൂത രാഷ്ട്രമെന്ന ആത്യന്തിക ലക്ഷ്യം കൈവരിക്കാനാവും. രണ്ടാമതായി, ഇപ്പോള്‍ ഫലസ്ത്വീന്‍ സ്വയംഭരണ പ്രദേശമായ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമപരമായി ഇസ്രയേലിന്റെ ഭാഗമാക്കാം. അതോടെ അവിടെ നടക്കുന്ന ഫലസ്ത്വീനികളുടെ ചെറുത്തുനില്‍പ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം. പതിനേഴ് ലക്ഷത്തോളം അറബികള്‍ ഇസ്രയേലീ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവര്‍ നിയമപരമായി ഇസ്രയേല്‍ പൗരന്‍മാരാണെങ്കിലും ജൂതന്‍മാര്‍ക്ക് ലഭിക്കുന്ന എല്ലാ പൗരാവകാശങ്ങളും ഇവര്‍ക്ക് ലഭിക്കാറില്ല. വെസ്റ്റ് ബാങ്കില്‍ ഫലസ്ത്വീനികളുടെ ഭൂമി അന്യായമായി പിടിച്ചടക്കി അവിടെ ഇസ്രയേല്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ കുടിയേറ്റ കേന്ദ്രങ്ങള്‍ പണിത ജൂത തീവ്രവാദികളില്‍നിന്ന് എന്തുകൊണ്ടും വ്യത്യസ്തരാണിവര്‍. അറബ് മുസ്‌ലിംകളെ പുറന്തള്ളിയാല്‍ ആത്യന്തികമായി ജറൂസലം പൂര്‍ണമായും നിയന്ത്രണത്തില്‍ വരുത്താമെന്നും ഇസ്രയേല്‍ കണക്കുകൂട്ടുന്നു. ഇസ്രയേലീ പൗരന്‍മാരായ അറബികളുടെ എണ്ണം കുറച്ചുകൊണ്ടുവന്ന് ക്രമേണ ജറൂസലമിനു മേലുള്ള നിയന്ത്രണം പൂര്‍ണമാക്കാനാണ് പദ്ധതി.

 

ഫലസ്ത്വീനും മുസ്‌ലിംകളും

ഫലസ്ത്വീനിനു മേല്‍ സയണിസ്റ്റുകള്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്ക് ചരിത്രപരമായി യാതൊരു സാധൂകരണവുമില്ലെന്ന് പ്രമുഖ യഹൂദ പണ്ഡിതന്‍മാര്‍ പോലും സമ്മതിക്കുന്നു. യേശു ജനിക്കുന്നതിന് 6,000 കൊല്ലം മുമ്പ് അറേബ്യന്‍ ഉപദ്വീപില്‍നിന്നെത്തിയ കനാനുകാരാണ് ഫലസ്ത്വീനിലെ ആദിമവാസികളെന്നും ഇവരാണ് ഫലസ്ത്വീനികള്‍ എന്നറിയപ്പെടുന്നതെന്നും ചരിത്രം പറയുന്നു. പിന്നെയും 4,600 വര്‍ഷങ്ങള്‍ക്കുശേഷമാണ് ജൂതന്‍മാര്‍ ഈ പ്രദേശത്ത് കുടിയേറുന്നത്. ഇബ്‌റാഹീം നബിയുടെ കാലം മുതല്‍ക്കു തന്നെ ഫലസ്ത്വീനില്‍ മുസ്‌ലിംകള്‍ അധിവസിച്ചിരുന്നു.  മക്കയില്‍ കഅ്ബ നിര്‍മിച്ച് 40 വര്‍ഷത്തിനുശേഷമാണ് പ്രവാചകന്‍ ഇബ്‌റാഹീമിന്റെ കരങ്ങളാല്‍ ജറൂസലമിലെ ബൈത്തുല്‍ മഖ്ദിസ് (അല്‍ അഖ്‌സ്വാ) സ്ഥാപിക്കപ്പെടുന്നത്. ഇബ്‌റാഹീം നബിയുടെ കാലശേഷം അദ്ദേഹത്തിന്റെ പുത്രന്‍ ഇസ്ഹാഖും തുടര്‍ന്ന് പൗത്രന്‍ യഅ്ഖൂബും അഖ്‌സ്വാ പള്ളി സംരക്ഷിച്ചുപോന്നു. ഇക്കാലത്തിനിടയില്‍ നിരവധി തവണ പള്ളിക്ക് അറ്റകുറ്റ പണികള്‍ നടത്തുകയുണ്ടായി. യഅ്ഖൂബ് നബിയുടെ മകന്‍ യൂസുഫ് നബി ഈജിപ്തിലെ ഭരണാധികാരിയായപ്പോള്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും തന്റെ രാജ്യത്തേക്ക് ക്ഷണിക്കുകയുണ്ടായി. ഇക്കാലത്താണ് ജറൂസലമും അല്‍ അഖ്‌സ്വായും ഉള്‍പ്പെട്ട ഫലസ്ത്വീന്‍ പ്രദേശത്തിന്റെ ചുമതല തദ്ദേശീയര്‍ ഏറ്റെടുത്തത്. ഏതാണ്ട് നാലു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ്  പ്രവാചകന്‍ ദാവൂദ് (അ) ഫലസ്ത്വീന്റെ ഒരു ഭാഗത്ത് ഭരണം സ്ഥാപിക്കുകയും ജറൂസലമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്. അദ്ദേഹത്തിന്റെ മകനും പ്രവാചകനുമായ സുലൈമാന്‍ (അ) തദ്ദേശീയരുടെ സഹായത്തോടെ അല്‍ അഖ്‌സ്വാ പുനര്‍നിര്‍മിച്ചു. സുലൈമാന്‍ നബിയുടെ മരണശേഷം അദ്ദേഹത്തിന്റെ രണ്ടു മക്കള്‍ ഫലസ്ത്വീന്‍ പ്രദേശം വീതംവെച്ച് രണ്ട് ഭരണകൂടങ്ങള്‍ സ്ഥാപിച്ചു. ഈസാ നബിയുടെ മാതാവ് മര്‍യം ബീവിയുടെ ജന്‍മദേശം ജറൂസലമാണ്. ഈസാ നബിക്ക് ജന്‍മം നല്‍കിയ ശേഷം മര്‍യം ബീവി ശിഷ്ടകാലം കഴിച്ചുകൂട്ടിയതും ജറൂസലമില്‍തന്നെ. എന്നാല്‍ പിന്നീടങ്ങോട്ട് ഫലസ്ത്വീന്‍ പ്രദേശം ക്രിസ്ത്യാനികളുടെ നിയന്ത്രണത്തിലായി. 

റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റയിന്റെ കാലത്ത് ജറൂസലമിനോ അല്‍ അഖ്‌സ്വാ പള്ളിക്കോ യാതൊരു പരിപാവനതയും കല്‍പിച്ചിരുന്നില്ല.  അഖ്‌സ്വായുടെ പരിസരം പാഴ്‌വസ്തുക്കള്‍ നിക്ഷേപിക്കാനുള്ള കേന്ദ്രമായി അവര്‍ മാറ്റി. പിന്നെയും നൂറ്റാണ്ടുകള്‍ പിന്നിട്ട് മുഹമ്മദ് നബി(സ)യുടെ വരവോടെയാണ് അല്‍ അഖ്‌സ്വാക്കും ജറൂസലം നഗരം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കും അതിന്റെ പവിത്രത തിരിച്ചുകിട്ടിയത്. പ്രവാചകന്റെ മരണശേഷം രണ്ടാം ഖലീഫ ഉമര്‍ (റ) ജറൂസലം നഗരം പൂര്‍ണമായും വിമോചിപ്പിച്ചു. ഖലീഫയുടെ പടയോട്ടം സമാധാനപൂര്‍ണമായിരുന്നു. ജറൂസലമിന്റെ പവിത്രത സംരക്ഷിക്കാന്‍ അതിന്റെ നിയന്ത്രണാധികാരം മുസ്‌ലിംകള്‍ക്ക് മാത്രമേ നല്‍കൂവെന്ന് അവിടത്തെ ക്രിസ്ത്യന്‍ പാത്രിയാര്‍ക്കീസ് സോഫ്രോനിയസ് പ്രഖ്യാപിക്കുകയുണ്ടായി. ആ സമയത്ത് ജൂലാന്‍ കുന്നുകളിലുണ്ടായിരുന്ന (1967-ല്‍ അറബികളുമായുള്ള ആറു ദിന യുദ്ധത്തില്‍ സിറിയയില്‍നിന്ന് ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശം) ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം സംഘത്തിന് സോഫ്രോനിയസ് ജറൂസലം നഗരം കൈമാറിയെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ഫലസ്ത്വീനില്‍ ജീവിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ജീവനും സ്വത്തിനും പരിപൂര്‍ണ സംരക്ഷണം ഉറപ്പാക്കിയ ഉമര്‍ അവരുടെ ആരാധനാലയങ്ങള്‍ക്കും പവിത്രത കല്‍പിച്ചു. ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശനത്തിനുശേഷം സമീപത്തെ ചര്‍ച്ച് (ഉയിര്‍ത്തെഴുന്നേല്‍പു പള്ളി) സന്ദര്‍ശിക്കാന്‍ ഉമര്‍ എത്തിയപ്പോഴാണ് നമസ്‌കാരത്തിനു സമയമായത്. തനിക്ക് പ്രാര്‍ഥിക്കണമെന്ന് ഉമര്‍ പറഞ്ഞപ്പോള്‍ പാത്രിയാര്‍ക്കീസ് അദ്ദേഹത്തോട് അവിടെവെച്ച് നമസ്‌കരിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഉമര്‍ അത് നിരസിക്കുകയും ചര്‍ച്ചിന്റെ കോവണിപ്പടിക്കു പുറത്ത് നമസ്‌കരിക്കുകയുമായിരുന്നു. താന്‍ ചര്‍ച്ചില്‍ നമസ്‌കരിച്ചാല്‍ പില്‍ക്കാലത്ത് മുസ്‌ലിംകള്‍ അതൊരു അവകാശവാദമായി ഉന്നയിക്കുമോ എന്ന് ആശങ്കയുള്ളതിനാലാണ് അങ്ങനെ ചെയ്യാതിരുന്നത് എന്നായിരുന്നു ഉമറിന്റെ വിശദീകരണം. വര്‍ഷങ്ങള്‍ക്കുശേഷം ഉമവീ ഖലീഫ അബ്ദുല്‍മലികുബ്‌നു മര്‍വാന്റെ കാലത്താണ് പ്രവാചകന്‍ നിശാ പ്രയാണത്തിനു പുറപ്പെട്ട സ്ഥലത്ത് പള്ളി നിര്‍മിച്ചത്. 

ക്രി. 1090-ല്‍ കുരിശു യുദ്ധക്കാരുടെ പടയോട്ടത്തില്‍ ജറൂസലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമെന്ന് വിശേഷിപ്പിക്കാവുന്ന കൂട്ടക്കൊലക്കാണ് വിശുദ്ധ ഖുദ്‌സ് അന്ന് സാക്ഷ്യം വഹിച്ചത്. അഖ്‌സ്വാ പള്ളിയില്‍ അഭയം തേടിയ നൂറുകണക്കിന് മുസ്‌ലിംകളെ കുരിശുസൈനികര്‍ നിഷ്ഠുരം കൊന്നൊടുക്കി. അഖ്‌സ്വാ പള്ളി ക്രിസ്ത്യാനികള്‍ കൊട്ടാരമാക്കി മാറ്റുകയുണ്ടായി. നീണ്ട 88 വര്‍ഷത്തിനുശേഷം ധീര പോരാളിയായ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ 1187-ലെ ഹിത്വീന്‍ യുദ്ധത്തില്‍ കുരിശു സൈന്യത്തെ തോല്‍പിച്ച് അഖ്‌സ്വാ പള്ളിയും ഫലസ്ത്വീനും മുസ്‌ലിംകള്‍ വീണ്ടെടുത്തു. അധികാരം കൈയിലുണ്ടായിട്ടും സ്വലാഹുദ്ദീന്‍ അയ്യൂബി പ്രതികാരം ചെയ്തില്ല. മുഴുവന്‍ ജനങ്ങള്‍ക്കും പൂര്‍ണ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തു. 

ജറൂസലം ഉള്‍പ്പെട്ട ഫലസ്ത്വീന്റെ നിയന്ത്രണം തുടര്‍ന്ന് എട്ടു നൂറ്റാണ്ടോളം മുസ്‌ലിംകള്‍ക്കായിരുന്നു. ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും ആരാധനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തിയ മുസ്‌ലിം ഭരണം ഒന്നാം ലോക യുദ്ധം വരെ തുടര്‍ന്നു. 1897-ല്‍ സ്വിറ്റ്‌സര്‍ലന്റിലെ ബാല്‍ നഗരത്തില്‍ തിയോഡോര്‍ ഹെര്‍സലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക സയണിസ്റ്റ് സമ്മേളനത്തില്‍ ജൂതന്‍മാര്‍ക്ക് മാത്രമായി ഒരു രാഷ്ട്രമെന്ന ആശയം പ്രഖ്യാപിക്കപ്പെടുകയും ഇതു സംബന്ധിച്ച ഗൂഢാലോചനകള്‍ യൂറോപ്യന്‍ നഗരങ്ങളില്‍ അരങ്ങേറുകയും ചെയ്യുന്നതോടെയാണ് ഫലസ്ത്വീന്‍ മണ്ണ് വീണ്ടും രക്തച്ചൊരിച്ചിലുകള്‍ക്ക് വേദിയാകുന്നത്. ഒന്നാം ലോക യുദ്ധ വേളയില്‍ ബ്രിട്ടന്‍ തുര്‍ക്കിയില്‍നിന്ന് ജറൂസലം പിടിച്ചടക്കിയതോടെ എട്ടു നൂറ്റാണ്ട് നീണ്ട  മുസ്‌ലിം ഭരണത്തിന് അന്ത്യമായി. ജൂതന്‍മാര്‍ക്ക് ഫലസ്ത്വീന്‍ മണ്ണില്‍ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം സമ്മതം നല്‍കി. 1917-ല്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ആല്‍ഫ്രഡ് ബാല്‍ഫര്‍ ജൂത രാഷ്ട്ര പ്രഖ്യാപനം നടത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വസിക്കുന്ന ജൂതന്‍മാരെ നിര്‍ദിഷ്ട രാജ്യത്തിലേക്ക് തെളിച്ചുകൊുവരാന്‍ തുടങ്ങി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പീഡിത സമൂഹമായി കഴിഞ്ഞിരുന്ന ജൂതന്‍മാരുടെ നിസ്സഹായത മുതലെടുക്കുകയായിരുന്നു സയണിസ്റ്റ് പ്രസ്ഥാനം. പീഡിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുന്നിട്ടിറങ്ങിയ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍  ജൂതന്‍മാരെ സ്വയം ഉള്‍ക്കൊള്ളുന്നതിനു പകരം ഫലസ്ത്വീനിലേക്ക് അവരെ കുടിയിരുത്താന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. 

1880-ല്‍ ഫലസ്ത്വീന്‍ ഭൂപ്രദേശത്ത് അഞ്ചു ലക്ഷം ഫലസ്ത്വീനികളും 25,000 ജൂതന്‍മാരുമാണ് വസിച്ചിരുന്നത്. 1919-ല്‍ ഫലസ്ത്വീന്‍, ഇറാഖ്, സിറിയ, ട്രാന്‍സ് ജോര്‍ദാന്‍, ലബനാന്‍ എന്നിവയെ സ്വതന്ത്ര രാഷ്ട്രങ്ങളായി വാഴ്‌സ കോണ്‍ഫറന്‍സ് അംഗീകരിച്ചിരുന്നു. ഈ രാജ്യങ്ങളെ ലീഗ് ഓഫ് നാഷന്‍സിനു കീഴിലാക്കുകയും മേല്‍നോട്ടാധികാരം ബ്രിട്ടന് നല്‍കുകയും ചെയ്തു. അന്ന് ഫലസ്ത്വീനിലെ ജനസംഖ്യയില്‍ 95 ശതമാനവും മുസ്‌ലിംകളും ക്രിസ്ത്യാനികളുമായിരുന്നു. ജൂതന്‍മാര്‍ അഞ്ചു ശതമാനമേ ഉണ്ടായിരുന്നുള്ളൂ. ലീഗ് ഓഫ് നാഷന്‍സിന്റെ പരമാധികാരം അംഗീകരിച്ച രാജ്യങ്ങളെല്ലാം ഇതേ വര്‍ഷം സ്വതന്ത്രമായപ്പോള്‍ ഫലസ്ത്വീന്‍ മാത്രം അതില്‍ ഉള്‍പ്പെട്ടില്ല. ഇസ്രയേല്‍ രാഷ്ട്രം ഔദ്യോഗികമായി നിലവില്‍ വരുന്നതു വരെ ഫലസ്ത്വീന് സ്വാതന്ത്ര്യം നല്‍കാതിരിക്കാന്‍ ബ്രിട്ടന്‍ കുതന്ത്രങ്ങള്‍ തുടര്‍ന്നു. ഇതിനകം രണ്ടു ലക്ഷം ജൂതന്‍മാര്‍ക്ക് ഫലസ്ത്വീന്‍ പൗരത്വം നല്‍കപ്പെട്ടിരുന്നു. കുടിയേറിയ നാലു ലക്ഷം ജൂതന്‍മാര്‍ വേറെയും. അറബികളുടെ എതിര്‍പ്പ് വകവെക്കാതെ ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയതോടെ 1948 മേയില്‍ ഫലസ്ത്വീനിന്റെ നെഞ്ചില്‍  ജൂത രാഷ്ട്രത്തിന്റെ വിത്തിറക്കപ്പെട്ടു.

മനുഷ്യത്വത്തിന്റെ  സകല മൂല്യങ്ങളും ചവിട്ടിയരക്കപ്പെട്ട സംഭവ പരമ്പരകളാണ് തുടര്‍ന്നങ്ങോട്ട് ഉണ്ടായത്. ജൂത കുടിയേറ്റം ഫലസ്ത്വീന്‍ ജനസംഖ്യയുടെ താളം തെറ്റിച്ചു. ജനസംഖ്യയില്‍ മൂന്നിലൊന്നായി ജൂതന്‍മാര്‍ മാറി. ഫലഭൂയിഷ്ഠ മേഖലകള്‍ ഉള്‍പ്പെടെ യു.എന്‍ വിഭജിച്ചുകൊടുത്ത ഫലസ്ത്വീന്‍ ഭൂമിയുടെ 55 ശതമാനത്തില്‍ ആരംഭിച്ച ഇസ്രയേല്‍ ഒരു കൊല്ലം തികയും മുമ്പ് 78 ശതമാനമായി വര്‍ധിച്ചു.1948-ലെ അറബ്-ഇസ്രയേല്‍ യുദ്ധം വന്‍ ദുരന്തമാണ് ഫലസ്ത്വീനികള്‍ക്ക് സമ്മാനിച്ചത്. തദ്ദേശീയരായ ഫലസ്ത്വീനികള്‍ സ്വന്തം ഭൂമിയില്‍നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടു. 530-ലേറെ അറബ് ഗ്രാമങ്ങളാണ് സയണിസത്തിന്റെ തേരോട്ടത്തില്‍ ഇല്ലാതായത്. ദെര്‍ യാസിന്‍, ഖിസാസ്, അബൂ ശൂഷ, ഖസാസ, ബൈത്ത് ദറാസ്  തുടങ്ങിയ നിരവധി ഗ്രാമങ്ങളില്‍ കൂട്ടക്കൊലകള്‍ അരങ്ങേറി. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. ഒമ്പതു ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി അയല്‍ രാജ്യങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. ലബനാനിലെ  പ്രസിദ്ധമായ ഐനുല്‍ ഹില്‍വ ഉള്‍പ്പെടെ 59 അഭയാര്‍ഥി ക്യാമ്പുകളിലാണ് ലക്ഷക്കണക്കിന് ഫലസ്ത്വീനികള്‍ അധിവസിക്കുന്നത്. ലബനാനു പുറമെ സിറിയ, ജോര്‍ദാന്‍, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവിടങ്ങളിലുമുണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍. യു.എന്നില്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികള്‍ മാത്രം 70 ലക്ഷമാണ്.

ഫത്ഹും ഹമാസും

സായുധ പോരാട്ടത്തിലൂടെ ഫലസ്ത്വീനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പോരാട്ട സംഘടനകളുടെ പൊതുവേദിയായി 1964 മേയില്‍ വെസ്റ്റ് ബാങ്കിലാണ് ഫലസ്ത്വീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) രൂപംകൊള്ളുന്നത്. ഇടതുപക്ഷ-ദേശീയവാദികളായ ഫത്ഹ്, സായുധ കമ്യൂണിസ്റ്റ് വിഭാഗക്കാരായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്ത്വീന്‍ (പി.എഫ്.എല്‍.പി), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്ത്വീന്‍ (ഡി.എഫ്.എല്‍.പി) തുടങ്ങിയവയാണ് രൂപീകരണവേളയിലുണ്ടായിരുന്ന മുഖ്യ സംഘടനകള്‍. ബ്രിട്ടീഷ് മാന്‍ഡേറ്റിനു കീഴില്‍ നിലനിന്ന ഫലസ്ത്വീന്റെ അഖണ്ഡത നിലനിര്‍ത്താനും സയണിസത്തിന്റെ ഗൂഢനീക്കങ്ങള്‍ തകര്‍ക്കാനും സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഫലസ്ത്വീനികള്‍ക്ക് പിറന്ന ഭൂമിയിലേക്ക് മടങ്ങിവരാന്‍ അവകാശമുണ്ടെന്നും 1964 മേയ് 28-ന് പുറത്തിറക്കിയ പി.എല്‍.ഒ ചാര്‍ട്ടറില്‍ പറയുന്നു. എന്നാല്‍, പത്തു വര്‍ഷത്തിനുശേഷം മാത്രമാണ് സ്വതന്ത്ര ഫലസ്ത്വീന്‍ എന്ന ആശയം പി.എല്‍.ഒ ഔദ്യാഗികമായി അംഗീകരിക്കുന്നത്. 1969 മുതല്‍ 2004 നവംബറില്‍ മരിക്കുന്നതുവരെ ചെയര്‍മാനായിരുന്ന യാസിര്‍ അറഫാത്തിനു കീഴിലാണ് പി.എല്‍.ഒ സംഭവബഹുലമായ ഘട്ടങ്ങള്‍ പിന്നിട്ടത്. 1958-ല്‍ ഫത്ഹ് പ്രസ്ഥാനം സ്ഥാപിച്ച് രംഗത്തുവന്നയാളാണ് അറഫാത്ത്. ഫലസ്ത്വീന്റെ സമ്പൂര്‍ണ വിമോചനവും സയണിസത്തിന്റെ പൂര്‍ണാര്‍ഥത്തിലുള്ള വിപാടനവുമാണ് ഫത്ഹ് അതിന്റെ മുഖ്യ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നത്.

അമേരിക്കയും ഇസ്രയേലും പി.എല്‍.ഒയെ ഭീകര സംഘടനയായാണ് മുദ്രകുത്തിയിരുന്നത്. ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന നിലപാട് മാറ്റാന്‍ തയാറാവാത്തതായിരുന്നു കാരണം. എന്നാല്‍, ഫലസ്ത്വീന് സ്വയംഭരണാവകാശവും അതിനുവേണ്ടി രൂപീകരിക്കുന്ന അതോറിറ്റിയുടെ അധികാരവും നല്‍കാമെന്ന അമേരിക്കന്‍ പ്രലോഭനത്തില്‍ യാസിര്‍ അറഫാത്ത് തന്റെ വിപ്ലവവീര്യവും പോരാട്ടവും ഉപേക്ഷിക്കാന്‍ തയാറായതോടെ സ്ഥിതി മാറി. 1991-ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ നേതൃത്വത്തില്‍ നടന്ന മാഡ്രിഡ് ഉച്ചകോടിയോടെ പി.എല്‍.ഒയുടെ കീഴടങ്ങലിന് തുടക്കമായി. ഇസ്രയേലിന്റെ നിലനില്‍പ് ചോദ്യം ചെയ്യുന്ന ചാര്‍ട്ടര്‍ 1993-ല്‍ പി.എല്‍.ഒ മാറ്റിയെഴുതി. ഇസ്രയേലുമായി സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ 242, 338 പ്രമേയങ്ങള്‍ അംഗീകരിക്കുകയും സായുധപോരാട്ടം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കത്ത് യാസിര്‍ അറഫാത്ത് ഇസ്രയേലീ പ്രധാനമന്ത്രി യിഷാക് റബീന് നല്‍കിയതോടെ പി.എല്‍.ഒ ഇസ്രയേലിനും സ്വീകാര്യമായി. ഫലസ്ത്വീന്‍ ജനതയുടെ നേതാവായി സയണിസ്റ്റുകള്‍ അറഫാത്തിനെ അംഗീകരിച്ചു. ഇസ്രയേലിന്റെ നിലനില്‍പ് അംഗീകരിക്കാന്‍ പി.എല്‍.ഒ തയാറായതോടെ സംഘടനയുടെ കളിപ്പാവയായ ഫലസ്ത്വീന്‍ നാഷ്‌നല്‍ കൗണ്‍സിലും  (പി.എന്‍.സി) ഇതേ നിലപാട് സ്വീകരിച്ചു. 1996 ഏപ്രിലില്‍ ഗസ്സയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ 54-നെതിരെ 504 വോട്ടുകള്‍ക്ക് ഇസ്രയേലിനെ അംഗീകരിക്കുന്ന പ്രമേയം പാസ്സാക്കി. അറഫാത്തിനുശേഷം സംഘടനയെയും ഫലസ്ത്വീന്‍ അതോറിറ്റിയെയും നയിക്കുന്ന മഹ്മൂദ് അബ്ബാസിലെത്തിയതോടെ പതനം പൂര്‍ണമായെന്നു തന്നെ പറയാം. സുഖലോലുപനായ അബ്ബാസ് ഫലസ്ത്വീന്‍ പ്രസിഡന്റിന്റെ കസേരയില്‍ നിയമവിരുദ്ധമായി ഇരിക്കുന്നുവെന്ന് മാത്രമല്ല, ഗസ്സയിലെ ജനങ്ങള്‍ക്ക് അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിച്ചുകൊണ്ടുള്ള തിട്ടൂരങ്ങള്‍ ദിനേനയെന്നോണം പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.  

ഇസ്രയേലിന് ശക്തമായ താക്കീതായാണ് ഫലസ്ത്വീനില്‍ 1987-ല്‍ ഇന്‍തിഫാദ (ഉയിര്‍ത്തെഴുന്നേല്‍പ്) തുടക്കം കുറിക്കപ്പെടുന്നത്. സയണിസ്റ്റ് ഉരുക്കുമുഷ്ടിയെ കല്ലുകള്‍ കൊണ്ട് നേരിടുന്ന പുതിയ സമരമുറയുടെ പ്രേരണ ചെറുത്തുനില്‍പ് പ്രസ്ഥാനങ്ങള്‍ തന്നെയായിരുന്നു. 1987 ഡിസംബറില്‍ ഇന്‍തിഫാദ ശക്തിപ്പെട്ട കാലത്താണ് ശൈഖ് അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ ഹമാസ് ഗസ്സയില്‍ രൂപം കൊള്ളുന്നത്. ഫലസ്ത്വീനിലെ വിമോചന സമരത്തില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് നേരിട്ട് പങ്കാളിയാവണമെന്ന ആവശ്യം എണ്‍പതുകളുടെ തുടക്കത്തില്‍ ഉയര്‍ന്നുവന്നിരുന്നു. 1983-ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ഫലസ്ത്വീനിലെ ബ്രദര്‍ഹുഡ് നേതൃത്വം വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത അറബ് മേഖലയിലെ ഇഖ്‌വാന്‍ നേതാക്കള്‍ ഫലസ്ത്വീനില്‍ ഇസ്രയേലീ അധിനിവേശത്തിന് എതിരായ പോരാട്ടത്തിന് മുഴുവന്‍ സഹായവും ലഭ്യമാക്കുന്ന പദ്ധതി അംഗീകരിക്കുകയുണ്ടായി. അറബ് ലോകത്ത് ശക്തമായ വേരുകളുള്ള മുസ്‌ലിം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ ഭൂമികയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സ്വതന്ത്ര സംഘടനയായി ഗസ്സയില്‍ തുടക്കം കുറിച്ച ഹമാസിന്റെ വളര്‍ച്ച പൊടുന്നനെയായിരുന്നു. ഹമാസിനെ ഉന്‍മൂലനം ചെയ്യാന്‍ വ്രതമെടുത്ത ഇസ്രയേല്‍ ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് റന്‍തീസി, സ്വലാഹ് ശഹാദ തുടങ്ങി പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാക്കളെ നിഷ്ഠുരമായി വധിച്ചു. ഖാലിദ് മിശ്അലും ഇസ്മാഈല്‍ ഹനിയ്യയും വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു. 

ഹമാസും ഇസ്‌ലാമിക് ജിഹാദും മറ്റു പോരാളി സംഘടനകളുമാണ് 2000-ത്തിലെ അല്‍ അഖ്‌സ്വാ ഇന്‍തിഫാദ എന്നറിയപ്പെടുന്ന രണ്ടാം ഇന്‍തിഫാദയില്‍ മുഖ്യ പങ്കു വഹിച്ചത്. ഇസ്രയേലീ ഭീകരതയോട് അതേ നാണയത്തില്‍ പ്രതികരിച്ച ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും ചാവേര്‍ ബോംബാക്രമണങ്ങളോട് ഫലസ്ത്വീനികളില്‍ വലിയൊരു വിഭാഗത്തിന് ആഭിമുഖ്യമുണ്ടായി എന്നതാണ് വസ്തുത. വൈദേശിക സൈനിക ഭരണത്തില്‍ രാജ്യമില്ലാത്തവരായി ജീവിക്കേണ്ടവരല്ല, മറിച്ച് ഒരു ഫലസ്ത്വീന്‍ രാഷ്ട്രത്തില്‍ അന്തസ്സായി ജീവിക്കേണ്ടവരാണ് തങ്ങളെന്ന അഭിമാന ബോധമാണ് ഇന്‍തിഫാദയിലേക്ക് അവരെ നയിച്ചത്. അല്‍ അഖ്‌സ്വാ ഇന്‍തിഫാദക്ക് വിവിധ കാരണങ്ങള്‍ ഉണ്ടെങ്കിലും ഫലസ്ത്വീനികളെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് എക്കാലവും വാദിക്കുകയും നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് ഏരിയല്‍ ഷാരോണ്‍ 2000 സെപ്റ്റംബര്‍ 28-ന് മസ്ജിദുല്‍ അഖ്‌സ്വായില്‍ പ്രവേശിച്ചതാണ് ഇവയില്‍ പ്രധാനം. മൂവായിരത്തോളം പട്ടാളക്കാരുടെ അകമ്പടിയോടെ വിശുദ്ധ ഭവനത്തില്‍ ഷാരോണ്‍ കടന്നത് പ്രകോപനമുണ്ടാക്കാന്‍ തന്നെയായിരുന്നു. എന്നാല്‍ ഇസ്രയേല്‍ പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് വഴിവെച്ചത്. നിഷ്‌കളങ്കനായ പന്ത്രണ്ടു വയസ്സുകാരന്‍ മുഹമ്മദ് ദുര്‍റയെ പിതാവ് ജമാല്‍ അല്‍ ദുര്‍റയുടെ മുന്നില്‍വെച്ച് ഹീനമായി വെടിവെച്ചുകൊന്ന ഇസ്രയേല്‍ പട്ടാളത്തിന്റെ കാടത്തം ലോകത്തിനു മുന്നില്‍ വെളിവാക്കുന്നതായിരുന്നു അഖ്‌സ്വാ ഇന്‍തിഫാദയുടെ ആദ്യ നാളുകള്‍. ഷാരോണിന്റെ സന്ദര്‍ശനം രണ്ടാം ഇന്‍തിഫാദക്ക് ഒരു നിമിത്തമായി എന്നു മാത്രം. 

70 വര്‍ഷമായി അധിനിവേശത്തിനെതിരെ ഫലസ്ത്വീനികള്‍ പോരാട്ടം തുടരുന്നു. പിറന്ന മണ്ണില്‍ അധിനിവേശ ശക്തികള്‍ക്കെതിരെ ഇത്രയും ദീര്‍ഘിച്ച പോരാട്ടം നടത്തിയ മറ്റൊരു സമൂഹം ആധുനിക ചരിത്രത്തില്‍ ഇല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും സ്വാതന്ത്ര്യപോരാട്ടം നടത്തിയ പല സമൂഹങ്ങള്‍ക്കും സ്വന്തമായി രാജ്യവും സ്വയംഭരണവും കിട്ടിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഈസ്റ്റ് തൈമൂറും ദക്ഷിണ സുഡാനും കൊസോവോയും ഉദാഹരണങ്ങള്‍. രാജ്യങ്ങള്‍ പോലും പിളര്‍ന്ന് വ്യത്യസ്ത റിപ്പബ്ലിക്കുകളായി മാറിയതിന് സോവിയറ്റ് യൂനിയന്‍ മുതല്‍ യൂഗോസ്ലാവ്യ വരെയുള്ള സമീപ കാല സംഭവങ്ങളും സാക്ഷി. എന്നാല്‍ ഫലസ്ത്വീനികള്‍ക്ക് സ്വതന്ത്ര രാഷ്ട്രമെന്നത് ഇന്നും സ്വപ്‌നമായി അവശേഷിക്കുന്നു.

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍