Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

എന്‍.എ മൗലവി എന്റെ ഗുരുനാഥന്‍

കെ.ടി അന്ത്രു മൗലവി

(ഭാഗം-2)

1969-ലാണ് ഞാന്‍ അഫ്ദലുല്‍ ഉലമയുടെയും പ്രിലിമിനറിയുടെയും മുമ്പുള്ള പ്രവേശന പരീക്ഷ എഴുതുന്നത്. അറബി മുന്‍ഷിയാവാനുള്ള ഈ പരീക്ഷയെ 'എന്‍ട്രന്‍സുല്‍ ഉലമ'  എന്നാണ് അന്ന് തമാശയായി വിളിച്ചിരുന്നത്. യൂനിവേഴ്‌സിറ്റിയാണ് ആ പരീക്ഷ നടത്തിയിരുന്നത്. പരീക്ഷ പാസായാല്‍ എല്‍.പി സ്‌കൂളില്‍ അറബിക് ടീച്ചറാവാം. അതുപോലെ ഓറിയന്റല്‍ എസ്.എസ്.എല്‍.സി അറബിക് ലോവര്‍ പരീക്ഷയും പ്രൈമറി ടീച്ചറാവാനുള്ളതായിരുന്നു.

ധാരാളം പേര്‍ പാസായി, കുറച്ചു പേര്‍ പരാജയപ്പെട്ടു. ഞങ്ങളുടെ കൂടെ പരീക്ഷ എഴുതിയ ഒരാള്‍ പാസായി ജോലിയില്‍ കയറിയിരുന്നു. നമ്മുടെ കവി അലി കണ്ണോത്ത്, ജയിച്ച ആളേക്കാള്‍ ഭാഷയില്‍ കഴിവുണ്ടായിട്ടും തോറ്റുപോയി. അങ്ങനെ രണ്ടാമതും പരീക്ഷക്കിരിക്കുമ്പോള്‍ ആലി പ്രാര്‍ഥിച്ചു. ''പടച്ചോനേ, അവനെ പാസാക്കിയ നീ എന്നെയും പാസാക്കണേ....!''

അഫ്ദലുല്‍ ഉലമ ഉണ്ടായ കാലത്തേ അറബിക് എന്‍ട്രന്‍സ് നടത്തിവരുന്നുണ്ട്. 'അഫ്ദലുല്‍ ഉലമാഅ്' എന്നാല്‍ ആലിമീങ്ങളില്‍ ഏറ്റവും ശ്രേഷ്ഠനായവന്‍ എന്നാണര്‍ഥം. അതേ പ്രയോഗം തന്നെയാണ് സംസ്‌കൃത പണ്ഡിതന്മാര്‍ക്കും കൊടുക്കുന്നത്; 'പണ്ഡിത ശിരോമണി.'

ചൊക്ലിയില്‍ വി.സി കുഞ്ഞിരാമന്‍ വൈദ്യരുടെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍ പ്രദാന്‍ ഓറിയന്റല്‍ ഹൈസ്‌കൂളിന്റെ(VPOHS) എല്‍.പി വിഭാഗത്തില്‍ എനിക്ക് അധ്യാപകനായി ജോലി കിട്ടി. ടി.എ അടക്കം മൊത്തം 180 രൂപ ശമ്പളം. അതോടുകൂടിയാണ് ജീവിതം സാമ്പത്തികമായി കരക്കടുത്തു തുടങ്ങിയത്. ഓരോ സ്റ്റാന്റേര്‍ഡും ഈരണ്ടു ഡിവിഷനായി തിരിച്ച് എട്ട് ക്ലാസുകളിലായി 260-ഓളം കുട്ടികളും പത്ത് അധ്യാപകരുമാണ് ഉണ്ടായിരുന്നത്. നല്ല നിലവാരം പുലര്‍ത്തിയിരുന്ന സ്‌കൂള്‍ ഇന്ന് 4 ക്ലാസുകളിലായി അറുപത് കുട്ടികളും 5 അധ്യാപകരുമായി ശോചനീയാവസ്ഥയിലാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാത്രം ആറോളം അറബിക് അധ്യാപകരുണ്ടായിരുന്നു അന്ന്. എന്‍.കെ അഹ്മദ് മൗലവി, മത്തത്ത് അബ്ദുല്ല മൗലവി, കൊട്ടാരത്ത് അബ്ദുല്ല മൗലവി, കുറ്റിയാടി വേളം ശാന്തിനഗറിലെ അബ്ദുര്‍റഹ്മാന്‍, സി. കുഞ്ഞബ്ദുല്ല കുറ്റിയാടി എന്നിവര്‍ ഹൈസ്‌കൂളില്‍ സേവനമനുഷ്ഠിച്ചവരാണ്.

എന്‍.കെ അറബിയില്‍ പ്രാവീണ്യമുള്ളതോടൊപ്പം തന്നെ ഒരു കവി കൂടിയായിരുന്നു. എടപ്പാറ എന്‍.കെയെക്കുറിച്ച് പറഞ്ഞത് 'എന്‍.കെ നാളിമാണ്, ശാഇറല്ല' എന്നാണ്. കവിതയുടെ രണ്ട് പ്രയോഗങ്ങളാണ് നള്മും ശിഅ്‌റും. 'ശിഅ്‌റി'ല്‍ ഭാവനയും അതിന്റെ കെട്ടുംമട്ടുമൊക്കെ വേണം. വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വലിയ ഉള്‍ക്കനമൊന്നുമില്ലാതെ ലളിതമായി അവതരിപ്പിച്ചാല്‍ അത് 'നള്മ്' ആകും.

ഓറിയന്റല്‍ സ്‌കൂളുകളുടെ പ്രത്യേകത, അന്ന് അറബിയും സംസ്‌കൃതവും മാത്രമായിരുന്നു ഭാഷാപഠനം എന്നതാണ്. മലയാളമില്ല. ഓറിയന്റല്‍ എന്നാല്‍ ശര്‍ഖിയ്യ എന്നാണ്. കിഴക്കന്‍ ഭാഷ എന്ന അര്‍ഥത്തിലാണ് അത് ഉപയോഗിച്ചത്. തിരൂരങ്ങാടിയിലെയും അരീക്കോട്ടെയും ഓറിയന്റല്‍ സ്‌കൂളുകളില്‍ അന്ന് അറബിഭാഷാ പഠനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പട്ടാമ്പി ഓറിയന്റല്‍ സ്‌കൂളിലാണെങ്കില്‍ സംസ്‌കൃതം മാത്രവും. പരിശുദ്ധ ഖുര്‍ആനിന്റെയും ഭഗവത്ഗീതയുടെയും ഭാഷ തളംകുത്തിനില്‍ക്കുന്ന സ്ഥലമെന്നാണ് ചൊക്ലി ഓറിയന്റല്‍ സ്‌കൂളിനെ വിശേഷിപ്പിച്ചിരുന്നത്.

ഓറിയന്റല്‍ എസ്.എസ്.എല്‍.സി അധ്യാപകരാകാനുള്ള യോഗ്യതയായി നിശ്ചയിച്ചത് സി.എച്ച് മുഹമ്മദ് കോയയാണ്. സി.എച്ച് അന്ന് ഇ.എം.എസ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ഞാന്‍ അക്കാലത്ത് ലീഗുകാരോടൊക്കെ പറയാറുണ്ടായിരുന്നു; ഇ.എം.എസിന്റെ കൂടെക്കൂടി മുസ്‌ലിം ലീഗ് ഭരണം നടത്തിയപ്പോള്‍ മൂന്ന് പ്രധാന നേട്ടങ്ങളാണ് കൈവരിച്ചത്. അതിലൊന്ന് മലപ്പുറം ജില്ലയാണ്. രണ്ട് മലപ്പുറം ജില്ലയില്‍ തന്നെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി. മൂന്ന് അറബിക് മുന്‍ഷിയുടെ തസ്തിക വികസിപ്പിച്ചെടുത്തത്. കോണ്‍ഗ്രസിന്റെ കൂടെ കൂടിയപ്പോള്‍ നിങ്ങള്‍ക്കിങ്ങനെ പറയാന്‍ വല്ല നേട്ടവുമുണ്ടായിട്ടുണ്ടോ? മുസ്‌ലിം ലീഗുകാര്‍ക്ക് ഒരിക്കലും അതിന് മറുപടിയുണ്ടായിട്ടില്ല.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ താല്‍പര്യത്തില്‍ കൂടിയാണെങ്കിലും അവരോടൊപ്പം മുന്നണിയില്‍ നിന്നപ്പോള്‍ ലീഗിന് കൈവന്നതൊക്കെ നേട്ടങ്ങളാണ്. യഥാര്‍ഥത്തില്‍ അന്ന് അറബിക് അധ്യാപകരുടെ തസ്തികവികസന കരാറില്‍ ഒപ്പുവെച്ചത് സി.എച്ച് ആയിരുന്നില്ല. സി.എച്ച് അന്ന് ലോകപര്യടനത്തിലാണ്. അന്ന് അധികാരത്തിലിരുന്ന അഹമ്മദ് കുരിക്കളാണ് വേഗത്തില്‍ ബില്‍ പാസാക്കിയതും ഒപ്പുവെച്ചതും. അന്ന് ലീഗ് എന്തുചോദിച്ചാലും ഇ.എം.എസ് അനുകൂലിക്കുമായിരുന്നു. പിന്നീട് ഇ.എം.എസും ലീഗും തമ്മില്‍ തെറ്റിയതില്‍ പിന്നെ അതുവരെ പുകഞ്ഞുകൊണ്ടിരുന്ന ശരീഅത്ത് പ്രശ്‌നം  രൂക്ഷമാവുകയായിരുന്നു. അതില്‍ ലീഗ് ഒരു പ്രത്യേക നിലപാട് സ്വീകരിച്ചതോടെയാണ് മുന്നണിയില്‍നിന്ന് രാജിവെച്ചതും മറ്റും എന്നാണ് എന്റെ ധാരണ.

കോണ്‍ഗ്രസ് വന്നപ്പോള്‍ നേരെ മറിച്ചാണ് സംഭവിച്ചത്. ഇതിനും മുമ്പ് കോണ്‍ഗ്രസുകാരുടെ കൂടെ ചേര്‍ന്നപ്പോള്‍ സി.എച്ച് മുഹമ്മദ് കോയക്ക് സ്പീക്കര്‍ സ്ഥാനം കൊടുക്കാന്‍ ധാരണയുണ്ടായിരുന്നു. പക്ഷേ, അസംബ്ലിയില്‍ തൊപ്പി ഊരിവെക്കണം എന്നായപ്പോള്‍, ബാഫഖി തങ്ങളാണ് അധികാരത്തില്‍നിന്ന് ഇറങ്ങിപ്പോരൂ എന്ന് പറഞ്ഞത്. സി.എച്ചിന് വലിയ പ്രതികരണമൊന്നുമുണ്ടായില്ല. പക്ഷേ പിന്നീട് സി.എച്ച് മുഖ്യമന്ത്രിയാകുന്നത് തൊപ്പി ഊരിവെച്ചാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് ഭാഷാധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ ആകാന്‍ അവസരം കൊടുക്കുന്ന ഉത്തരവ് തയാറാക്കിയിരുന്നു. ഉമ്മന്‍ചാണ്ടി അത് തള്ളിക്കളയുകയായിരുന്നില്ലേ! അതാണ് ഇരുപക്ഷവും തമ്മിലുള്ള അന്തരം. ബാഫഖി തങ്ങളായിരുന്നെങ്കില്‍ ഇറങ്ങിപ്പോരെടാ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ടാകും!

വലിയ രാഷ്ട്രീയ ബോധമൊന്നുമില്ലാത്ത ലീഗുകാരനായ എന്‍.എ മൗലവി 1962-കാലത്ത് എഴുതിയ ഒരു കവിത ഇങ്ങനെയാണ്:

കൂട്ടുപൊളിച്ചൊരു കോണ്‍ഗ്രസേ

കുലുമാല് തെണ്ടിയ കോണ്‍ഗ്രസേ

കെട്ടണിവിട്ടൊരു കോണ്‍ഗ്രസേ

കെണിയില്‍ കുടുങ്ങിയ കോണ്‍ഗ്രസേ

ഗതികേടാണ് കളിക്കേണ്ട

ഗര്‍വോടെ നാടുഭരിക്കേണ്ട

ചതിചെയ്യാനിനി നോക്കേണ്ട

ചാക്കിട്ട് കൈവശമാക്കേണ്ട

അമ്പത്തേഴ് മറന്നില്ലേ

അന്നാളടുത്ത് വരുന്നില്ലേ

മുമ്പൊരു കുണ്ടില്‍ വീണില്ലേ

മുറിവേറ്റ് നൊന്ത് നനഞ്ഞില്ലേ

ഭരണം നിങ്ങളിലേല്‍പ്പിച്ചു

ഭാഗീയ ചിന്ത മുളപ്പിച്ചു

കരുതിയതെല്ലാം കാണിച്ചു.

അരിവാള് നിങ്ങളെ തോല്‍പ്പിച്ചു.

 

എന്‍.എ മൗലവിയെന്ന ഗുരു

മദ്‌റസാ ഉപരിപഠനത്തിനായി ഞാന്‍ കരിയാട് എത്തിയതോടെയാണ് ഒരു മദ്ഹബ് പക്ഷപാതിത്വവും ഇല്ലാത്ത എന്‍.എ മൗലവിയെന്ന ഗുരുവിനെ കണ്ടുമുട്ടിയത്. ശിഷ്യന്മാരെ എല്ലാ ചിന്താധാരകളിലേക്കും യാത്രചെയ്യാനനുവദിച്ച വിശാലനായിരുന്നു എന്‍.എ മൗലവി. അദ്ദേഹം കാരണമാണ് ഞങ്ങളെല്ലാവരും സ്വതന്ത്രമായി പലതും ചിന്തിച്ചു തുടങ്ങുന്നത്. പ്രഗത്ഭനായ അറബി സാഹിത്യകാരനും മാപ്പിളകവിയും അറബികവിയുമായിരുന്നു അദ്ദേഹം. പക്ഷേ, ഒരു സംഘടനയിലും അദ്ദേഹം ചേര്‍ന്നില്ല. ആ നിലപാട് അദ്ദേഹത്തിന് ഭൗതികമായി കൂടുതല്‍ പ്രയാസം ഉണ്ടാക്കുകയാണ് ചെയ്തത്. സംഘടനാവല്‍ക്കരിക്കപ്പെട്ട നമ്മുടെ മതപരിസരത്ത് ഏതെങ്കിലുമൊരു സംഘടനക്കാരനാകാതെ മുന്നോട്ടു പോവുക പ്രയാസമാണ്. അറബിവ്യാകരണം പഠിപ്പിക്കുന്ന അന്നഹ്‌വുല്‍ വാളിഹിന് തുല്യമായി ഒരു കിതാബ് എഴുതിയിരുന്നു അദ്ദേഹം. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡാണ് അത് പ്രസിദ്ധീകരിച്ചത്. ഗ്രന്ഥകര്‍ത്താവിന്റെ പേര് പോലും പുസ്തകത്തിലില്ല. കിതാബ് സമസ്തയുടെ പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തായിരുന്നു ആ പുസ്തകം. അതിന് ചെറിയൊരു സാമ്പത്തിക പ്രതിഫലം കിട്ടി എന്നല്ലാതെ, അദ്ദേഹത്തിന്റെ പേരില്‍ അത് അറിയപ്പെട്ടതേ ഇല്ല. അദ്ദേഹം സ്വതന്ത്ര വ്യക്തിയായിരുന്നു. സുന്നികളുടെ ധാരണ ഇദ്ദേഹം മുജാഹിദാണെന്നും മുജാഹിദുകളുടെ ധാരണ ഇദ്ദേഹം സുന്നിയാണെന്നുമാണ്. ഇങ്ങനെ സംഘടനാപരമായി എവിടെയും തൊടാതെ പോയത് അദ്ദേഹത്തിന് ഭൗതികമായി വമ്പിച്ച നഷ്ടമാണുണ്ടാക്കിയത്. മിടുക്കന്മാരായ ശിഷ്യസമ്പത്തുണ്ടായി എന്നതാണ് അദ്ദേഹത്തിന്റെ വലിയ നേട്ടം.

കരിയാട്, പാനൂര്‍, അഴിയൂര്‍, വളപട്ടണം, അഴീക്കോട് എന്നിവിടങ്ങളില്‍ മൗലവിക്ക് ദര്‍സുകള്‍ ഉണ്ടായിരുന്നു. കക്കിടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാരുടെ ദര്‍സില്‍നിന്ന് ഓത്തു പഠിച്ചയാളാണ് എന്‍.എ മൗലവി. ഓതിപ്പഠിക്കുന്ന കാലം തൊട്ടേ നഹ്‌വിലും സ്വര്‍ഫിലും നല്ല പിടിപാടാണ് അദ്ദേഹത്തിന്. അന്ന് പള്ളി ദര്‍സുകളില്‍ മുസ്‌ലിയാക്കന്മാര്‍ക്കിടയിലും പല ബൈത്തുകളും ഉണ്ടായിരുന്നു. സംഘം തിരിഞ്ഞ് പരസ്പരം ബൈത്തുകള്‍ ചൊല്ലും. ഒരു സംഘം പാടിയത് ഇങ്ങനെയായിരുന്നു;

''വലായെലീന്റെ ഫാഇദാ എന്താണെടോ

മാബഅദ് മാഖബ്‌ലോടടുക്കലാണെടോ''

എന്‍.എ മൗലവി അതിന് മറുപടി കൊടുത്തത് ഇങ്ങനെയാണ്:

''വലായെലീ എന്നൊരു ഫിഅ്‌ലില്ലെടോ

വലീയേലി എന്നല്ലാതെ കാണ്‍മാനില്ലെടോ...''

അദ്ദേഹത്തിന്റെ ലേഖനങ്ങളും മറ്റും അഴീക്കോട്ടെ അല്‍ ഇര്‍ശാദ് മാസികയില്‍ പ്രസിദ്ധീകരിക്കാറുണ്ടായിരുന്നു.

1960-ല്‍ മസ്ജിദുല്‍ അഖ്‌സ്വാ അഗ്നിക്കിരയാക്കിയ അവസരത്തില്‍ അറബിയില്‍ അദ്ദേഹം ഒരു കവിത എഴുതി പ്രസിദ്ധീകരിക്കുകയുണ്ടായി.

സ്വബ്‌റന്‍ അയാ മസ്ജിദല്‍ അഖ്‌സ്വാഹുനയ്യാത്തീ

ലായഖ്ദുലന്നക്ക അല്ലാമുല്‍ ഖഫിയ്യാത്തി

മാസില്‍ത ഖിബ്‌ലതനാ മിന്‍ ബഅ്ദി കഅ്ബതിനാ

ഹത്താഅഅസക്ക അന്‍വാഉല്‍ മസിയ്യാത്തി

എന്നായിരുന്നു കവിതയുടെ തുടക്കം.

അന്ന് അദ്ദേഹത്തില്‍നിന്ന് കേട്ടുപഠിച്ച ഈ കവിത ഹജ്ജിന് പോയപ്പോള്‍, മിനായിലെ തമ്പില്‍വെച്ച് ഞാന്‍ ഒരു സുഡാനിയെ ചൊല്ലിക്കേള്‍പ്പിച്ചു. അല്ലാഹു അക്ബര്‍ എന്ന് വിളിച്ചു അയാള്‍ എന്റെയടുത്തു നിന്ന് ആ കവിത മുഴുവന്‍ എഴുതിയെടുത്ത് കൊണ്ടുപോയി.

'ഹസ്‌റത്ത് ബിലാലിന്റെ ത്യാഗം' എന്ന പേരില്‍ മൗലവി ഒരു നീണ്ട കവിത എഴുതിയിട്ടുണ്ട്. അതില്‍ ഉമയ്യത്ത് ബിലാലിനെ ശിക്ഷിക്കുന്ന ഒരു ഭാഗമുണ്ട്.

ബിലാലിന്‍ വാക്കിനാലെ വന്നു ഹാലിളക്ക പീഡനം

പാതകന്നുമയ്യത്തപ്പടി തുടങ്ങി ഗര്‍ജനം

തലയ്ക്കുമേല്‍ പറക്കയോ പുലമ്പിടുന്നതെന്തെടാ

തടിയടക്കമടിമുടിക്കുമുടമയാണ് ഞാനെടാ

അത്തരം പറഞ്ഞു പാഞ്ഞടുത്തു ദുഷ്ടനപ്പടി

അടിച്ചിടുന്നിടിച്ചിടുന്നുടച്ചിടുന്നടിക്കടി

കുത്തിയും ചവിട്ടിയും മറിച്ചിടുന്ന കാഴ്ചകള്‍

കുണ്ഠിതപ്പെടുന്ന ചെയ്തി കണ്ടിടുന്ന ജീവികള്‍

ഉത്തമക്കഴുത്തില്‍ ചേര്‍ത്തുകെട്ടിടുന്നു ബാഹുകള്‍

ഊക്കില്‍ ചങ്ങലക്കുടുക്കിലാക്കിടുന്നു കാലുകള്‍

ഇത്തികഞ്ഞ മര്‍ദനങ്ങളും കവിഞ്ഞ ശിക്ഷയും

ഇത്രകൊണ്ട് നിര്‍ത്തിടാതെയെത്രയാണ് വേറെയും

മരം കരിഞ്ഞിടുന്ന വെയിലില്‍ ചുട്ടെരിഞ്ഞിടും മഹാ-

മണല്‍പ്പരപ്പിലാ വിശുദ്ധനെ വലിച്ചിടുന്നഹോ...

 

ഈ പീഡനങ്ങളോടുള്ള ബിലാലിന്റെ പ്രതികരണമാണ് കവിതയിലെ അടുത്ത ഭാഗം;

ചിറ്റതൗഹീദില്‍ പടുത്ത ബിലാലിന്

കുത്തക പൂജകള്‍ വേണ്ടേ വേണ്ട

ചീത്തപിശാചും ത്വാഗൂത്തും ബിംബങ്ങളും

ലാത്ത ഉസ്സകളും വേണ്ടേ വേണ്ട.

സത്തായ ജീവന്‍ കെടുത്തിയാലും

വിശ്വാസത്തില്‍ ബഹുദൈവം വേണ്ടേ വേണ്ട.

സാക്ഷാല്‍ ഇലാഹില്‍ താനേകത്വം സ്ഥാപിക്കേ

ക്ഷേമത്തിന്നിങ്ങാരും വേണ്ടേ വേണ്ട.

കുത്തിച്ചവിട്ടി നിലത്തിട്ടിഴച്ച്

വലിക്കപ്പെടുമ്പോഴും ഏകന്‍ ഏകന്‍

കല്ലിട്ടമര്‍ത്തിയിട്ടെല്ല് പൊട്ടുന്തോറും

തല്ല് കിട്ടുംതോറും ഏകന്‍ ഏകന്‍

കത്തുന്ന വെയിലില്‍ പഴുത്ത മണലില്‍

കിടത്തിയ നേരത്തും ഏകന്‍ ഏകന്‍

കണ്ണിലും മൂക്കിലുമണ്ണാക്കിലും പൂഴി

മണ്ണുനിറഞ്ഞിട്ടും ഏകന്‍ ഏകന്‍

മുട്ടോളം ചങ്ങലക്കിട്ടുവരിയുന്ന

ഘട്ടം വന്നപ്പോഴും ഏകന്‍ ഏകന്‍

മേല്‍ക്കുമേല്‍ ശിക്ഷകളേറ്റു പിടയുമ്പോള്‍

ഏറ്റം ജപിക്കുന്നു ഏകന്‍ ഏകന്‍

ഓരോരോ വീര്‍പ്പിലും ധീരന്‍ ബിലാലിന്

ആരാധ്യന്‍ അല്ലാഹു ഏകന്‍ ഏകന്‍

കഷ്ടമീരംഗം ഭയങ്കരമോര്‍ക്കുമ്പോള്‍

ഞെട്ടിപ്പോകുന്നെന്റെ സോദരരേ.

കണ്ടില്ലേ ഈ മട്ടം ഗുണ്ടായിസം ബഹു

പണ്ടുമുതല്‍ക്കെങ്ങും സോദരരേ

ദുഷ്ടനുമയ്യത്തൊരിറ്റു വെള്ളം നല്‍കാന്‍

കൂട്ടാക്കുന്നില്ലല്ലോ സോദരരേ

തൊണ്ടവരണ്ടു ദാഹിച്ചു ബിലാലങ്ങുരുണ്ടു പിടക്കുന്നു സോദരരേ...

ബിലാല്‍ പീഡനം സഹിക്കുന്ന വിവരമറിഞ്ഞ് അബൂബക്ര്‍ സിദ്ദീഖ് അദ്ദേഹത്തെ മോചിപ്പിക്കുന്ന രംഗം കവിഭാവനയില്‍ ഇങ്ങനെ തുടരുന്നു;

ഇക്കഥകളൊക്കെയും സിദ്ദീഖറിഞ്ഞു

അപ്പോളീണ്ടലേറ്റു തന്റെ മാനസം കരിഞ്ഞു

തക്കനേരത്താ ഉമയ്യത്തിന്‍ സമീപം ചെന്ന്

തല്‍ക്ഷണം ചൊല്ലി ബിലാലിന്നേറ്റ താപം

ശക്തിയില്‍ ചൊന്നിപ്പകാ നിര്‍ത്തേണമെന്നും

വേഗം, ശിക്ഷവിട്ടു മോചനം നല്‍കേണമെന്നും

 

അപ്പോള്‍ ഉമയ്യത്ത് ഇങ്ങനെ പ്രതികരിക്കുന്നു:

ഓര്‍ക്കണം അബൂബക്കര്‍ താനാബിലാലേ-

പ്പറ്റിയെന്റെ ദാസനെന്ന കാര്യം നല്ലപോലെ...

 

നേര്‍ക്കുനേരെയാണു സിദ്ദീഖിന്റെ ഭാഷ്യം:

പക്ഷേ നീതികെട്ടതാണുമയ്യത്തിന്റെ രോഷം

ശത്രുവിന്റെ മുമ്പിലൊന്നും ഗണ്യമല്ല ഇനിയും

ശിക്ഷ നിര്‍ത്തിടാനാവന്ന് ഭാവമില്ല.

എത്രയോ സ്വര്‍ണം കൊടുപ്പാനായൊരുങ്ങി

ഒടുവില്‍ ഏകമാം ബിലാലിനെ വിലയ്ക്കുവാങ്ങി

തത്രവെച്ചാ ശുദ്ധനെ സ്വതന്ത്രനാക്കി

പര്യന്‍ തദ്ഫലം ആ ജീവിതം സുഖത്തിലാക്കി....

 

ഇത്ര സര്‍ഗസമ്പന്നനായ കവിയായിരുന്നു എന്‍.എ മൗലവി. എന്റെ സതീര്‍ഥ്യനായ ആലി കണ്ണോത്ത് തന്റെ കവിത സമാഹരിച്ച് പുസ്തകമാക്കാന്‍ ആലോചിച്ചപ്പോള്‍ ഗുരുനാഥനായ എന്‍.എ മൗലവിക്ക് കവിതയില്‍ തുടങ്ങുന്ന ഒരു കത്തയച്ചു. അദ്ദേഹം അന്നതിന് മറുപടി അയച്ചതും ഒരു കവിതയായിരുന്നു:

അലിയേ നിന്‍ കത്തുകണ്ടു

അതിയായ നന്ദിയുണ്ട്

ആഹ്ലാദത്തിന്റെ താരം മിന്നിടുന്നുണ്ട്

ഖല്‍ബില്‍ അങ്ങുമിങ്ങുമേ

മങ്ങലുള്ളതടങ്ങിടുന്നുണ്ട്

കലയില്‍ തൂമിച്ച പാട്ട്

കാര്യം നിറഞ്ഞ ശീട്ട്

കമനീയ വാക്കുകള്‍കൊണ്ടുള്ള താരാട്ട്

ആകെ കമ്പിതരുതരെ കുമ്പിലാക്കിയ വമ്പനാറാട്ട്

പുലവര്‍ ജനിച്ചുവെന്നോ, പുനരുത്ഥാനം നടന്നോ

പുറകില്‍ നില്‍പ്പുണ്ട് കുഞ്ചന്‍ നമ്പിയാരെന്നോ

മരണപ്പെട്ട മോയിന്‍കുട്ടി വൈദ്യര്‍ക്കിട്ട് ജീവെന്നോ...?

 

അതിന്റെ അവസാനം ഇങ്ങനെ:

കൊക്കാ കോളൊത്തു വേറ

കോര്‍ത്തിട്ടിണിക്കി ജോറായ്

കോലം നന്നായി പക്ഷേ,

ഉള്‍ക്കനം പോരാ

എന്നാല്‍ കോട്ട മറ്റൊരു

പാട്ടുകെട്ടുവാന്‍ നാട്ടിലിന്നാരാ...

എന്‍.എ മൗലവി മരണപ്പെട്ടിട്ട് 15 വര്‍ഷമാകുന്നു ഇപ്പോള്‍. നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുമ്പാണ് ടി.കെ അബ്ദുല്ല സാഹിബും ടി.കെ ഹംസയും ചേര്‍ന്ന് അലി കണ്ണോത്തിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തത്.  

(തുടരും)

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍