സെമിറ്റിക് വിരുദ്ധതയും ഇസ്‌ലാമോഫോബിയയും കൈകോര്‍ക്കുമ്പോള്‍
ഇസ്‌ലാമിനെക്കുറിച്ച് ഭീതി ജനിപ്പിക്കലാണ് ഇസ്‌ലാമോഫോബിയ. ജൂതവിരുദ്ധ നീക്കങ്ങളാണ് ആന്റിസെമിറ്റിസം. മുസ്‌ലിംകളെയും ജൂതന്മാരെയും ഒരേസമയം പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആരും പ്രതീക്ഷിക്കില്ല. കാരണം ഇസ്‌ലാമോഫോബിയ പരത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് സയണിസ്റ്റുകളാണല്ലോ. സെമിറ്റിക്‌വിരുദ്ധത ഉല്‍പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമായി അവര്‍ ഇസ്‌ലാമിനെ കാണുന്നുമുണ്ട്. പക്ഷേ, യൂറോപ്പില്‍ സ്ഥിതി മാറിവരികയാണെന്ന് ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഫരീദ് ഹാഫിസ് പറയുന്നു. അദ്ദേഹം നല്‍കുന്ന ഉദാഹരണം ഹങ്കറിയില്‍നിന്നാണ്. അവിടെ ഭരണം നടത്തുന്നത് യാഥാസ്ഥിതിക കക്ഷിയായ ഫിഡേസ് ആണ്. അതിന്റെ നേതാവ് വിക്ടര്‍ ഓര്‍ബന്‍. അവിടത്തെ ഒരു കോടീശ്വരനാണ് ജൂതനായ ജോര്‍ജ് സൊറോസ്. ഇദ്ദേഹത്തിന്റെ സൊറോസ് ഫൗണ്ടേഷന്‍ നല്‍കിയ സ്‌കോളര്‍ഷിപ്പ് ഉപയോഗിച്ചാണ് ഓര്‍ബന്‍ തൊള്ളായിരത്തി എണ്‍പതുകളില്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പോയി പഠിച്ചത്. മാത്രമല്ല, ഈയടുത്ത കാലത്ത് സൊറോസ് പരിസ്ഥിതി സംരക്ഷണത്തിന് ഓര്‍ബന്‍ ഗവണ്‍മെന്റിന് ഒരു മില്യന്‍ ഡോളര്‍ നല്‍കുകയും ചെയ്തിരുന്നു.
ഇന്ന് സൊറോസിന്റെ ഏറ്റവും കടുത്ത വിമര്‍ശകനാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി ഓര്‍ബന്‍. തന്റെ ഭരണപരാജയം മറച്ചുവെക്കാന്‍ സൊറോസിനെ ബലിയാടാക്കുകയാണ് ഓര്‍ബന്‍ എന്ന ആക്ഷേപം ശക്തമാണ്. വെള്ളവംശീയവാദികളെ തൃപ്തിപ്പെടുത്താന്‍ 'ജൂതഗൂഢാലോചനകളെ'ക്കുറിച്ച് വാചാലനാവുകയാണ് ഓര്‍ബന്‍. തന്റെ പണവും അധികാരവും സ്വാധീനവും ഉപയോഗിച്ച് അഭയാര്‍ഥികളെ യൂറോപ്പിലേക്ക് കടത്താനും അങ്ങനെ യൂറോപ്പിനെ ഇസ്‌ലാമികവത്കരിക്കാനും സൊറോസ് കൂട്ടുനില്‍ക്കുകയാണെന്നാണ് ഓര്‍ബനെ പോലുള്ള വെള്ളവംശീയവാദികളുടെ പ്രചാരണം. യൂറോപ്പിലെ മറ്റു തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും ഇത് ഏറ്റുപിടിച്ചിട്ടുണ്ട്. അല്‍ബേനിയയിലും മാസിഡോണിയയിലും സൊറോസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആറ് സെനറ്റര്‍മാര്‍ വരെ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണിന് കത്ത് നല്‍കിയിരുന്നു.
യൂറോപ്പിന്റെ വംശവെറിയന്‍ പാരമ്പര്യത്തില്‍ മുസ്‌ലിംകള്‍ മാത്രമല്ല ജൂതന്മാരും അപരന്മാരുടെ റോളിലാണ്. ഇടക്കാലത്ത് സെമിറ്റിക്‌വിരുദ്ധത അത്രക്ക് പ്രത്യക്ഷമായിരുന്നില്ല എന്നേയുള്ളൂ. തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ശക്തിപ്പെട്ടതോടെ ജൂതവിരുദ്ധതയും വ്യാപകമാവുകയാണ്. ജൂതന്മാര്‍ കിണറുകളില്‍ വിഷം കലക്കിയതുകൊണ്ടാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതെന്ന കുപ്രചാരണം മധ്യകാല യൂറോപ്പില്‍ വളരെ ശക്തമായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം 'ആഗോള ജൂത ഗൂഢാലോചന'യും 'ഇസ്‌ലാമികവത്കരണ ഗൂഢാലോചന'യും വംശീയവാദികള്‍ ചേര്‍ത്തുവെക്കാന്‍ തുടങ്ങിയിരിക്കുന്നു. കൂട്ടക്കൊല നടത്തിയ വംശീയവാദി ആന്‍ഡേഴ്‌സ് ബ്രവികിന്റെ '2083, ഒരു യൂറോപ്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം' എന്ന നയരേഖയിലും രണ്ട് ഭീഷണികളെയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ഇസ്‌ലാംഭീതിയും സെമിറ്റിക്‌വിരുദ്ധതയും ചേര്‍ത്തു പഠിക്കേണ്ടതാണെന്ന സൂചന എഡ്വേര്‍ഡ് സൈദിന്റെ 'ഓറിയന്റലിസം' എന്ന കൃതിയും നല്‍കുന്നുണ്ട്.
'പാവങ്ങളുടെ പിതാവ്'
അന്‍സി എന്ന പേരുള്ള ഒരാളാണ് മുഹമ്മദ് മുഅയ്യിദിനെ ജര്‍മനിയിലേക്ക് ക്ഷണിച്ചത്. മുഅയ്യിദിനെ അലട്ടുന്ന രോഗത്തിന് മികച്ച ചികിത്സ ലഭ്യമാക്കാമെന്നും യമനില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാന്‍ തയാറുള്ള ഒരു അമേരിക്കന്‍ മുസ്‌ലിമിനെ പരിചയപ്പെടുത്തിത്തരാമെന്നുമായിരുന്നു വാഗ്ദാനം. ക്ഷണം സ്വീകരിച്ച് 2003 ജനുവരി പത്തിന് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മുഅയ്യിദിനെ ജര്‍മന്‍ രഹസ്യാന്വേഷണ വിഭാഗം പിടികൂടി. ഹമാസിനും അല്‍ഖാഇദക്കും ഫണ്ട് നല്‍കി ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. അതൊരു കെണിയായിരുന്നു. ക്ഷണിച്ച അന്‍സിയാകട്ടെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചാരനും. ഉടനടി മുഅയ്യിദിനെ അമേരിക്കക്ക് കൈമാറി. 2009-ല്‍ മാത്രമാണ് നിരപരാധിയാണെന്നു ക് മുഅയ്യിദിനെ വിട്ടയക്കുന്നത്. അപ്പോഴേക്കും മതിയായ ചികിത്സയും പരിചരണവും കിട്ടാതെ പല പുതിയ രോഗങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ കാര്‍ന്നുതിന്നാന്‍ തുടങ്ങിയിരുന്നു. 2017 ആഗസ്റ്റ് പന്ത്രണ്ടിന് സുഊദിയിലെ ഒരാശുപത്രിയില്‍ വെച്ച് മുഅയ്യിദ് ഇഹലോകത്തോട് വിടവാങ്ങി.
ആരായിരുന്നു മുഹമ്മദ് മുഅയ്യിദ്? യമനില്‍ 'പാവങ്ങളുടെ പിതാവ്' (അബുല്‍ ഫുഖറാഅ്) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. അനാഥകളുടെയും പാവപ്പെട്ടവരുടെയും അഗതികളുടെയും സംരക്ഷകന്‍. സ്വന്‍ആയിലും പരിസരങ്ങളിലുമായി നിരവധി അഗതി സംരക്ഷണ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഅയ്യിദ് തലസ്ഥാനനഗരിയിലെ വലിയ പള്ളിയില്‍ ഇമാമുമായിരുന്നു. ഔഖാഫ് മന്ത്രാലയത്തില്‍ ഉദ്‌ബോധന വിഭാഗത്തിന്റെ തലവനുമായിരുന്നു. റമദാന്‍ മാസത്തിലായിരുന്നു തന്റെ മനുഷ്യകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി അദ്ദേഹം ഫണ്ട് ശേഖരിച്ചിരുന്നത്.
1948-ല്‍ സ്വന്‍ആയില്‍ ജനിച്ച മുഅയ്യിദ് ഇസ്‌ലാമിക പ്രസ്ഥാനമായ അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്‌ലാഹിന്റെ സമുന്നത നേതാക്കളില്‍ ഒരാളുമായിരുന്നു. പാര്‍ലമെന്റ് അംഗമായിരുന്നിട്ടുണ്ട്. ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ മറവില്‍ കള്ളക്കേസുണ്ടാക്കി അമേരിക്ക അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തെ മോചിപ്പിക്കണമന്ന് ആവശ്യപ്പെട്ട് യമന്‍ നഗരങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നിരുന്നു. യമന്‍ പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയും അത്തജമ്മുഉല്‍ യമനിയുടെ വക്താവും മുഹമ്മദ് മുഅയ്യിദിന്റെ മരണത്തില്‍ അനുശോചിച്ചു.
നരഭോജികളെ കാത്തിരുന്നത്
നരഭോജി (Carnivore) എന്ന പേരില്‍ ഒരു പുസ്തകമിറങ്ങിയിട്ടുണ്ട് അമേരിക്കയില്‍. ഡില്ലാര്‍ഡ് ജോണ്‍സണ്‍ എന്ന അമേരിക്കന്‍ പട്ടാളക്കാരന്റെ കഥയാണ്. ഇറാഖിലെ 'സേവന' കാലത്ത് ഇയാള്‍ 2760 ഇറാഖികളെ കൊന്നുതള്ളിയിട്ടുണ്ടത്രെ. ഡില്ലാര്‍ഡ് ജോണ്‍സണും ജെയിംസ് ടാറും ചേര്‍ന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. സ്വയം ഏറ്റുപറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ഈ കൊലകളൊക്കെയും നടത്തിയത് കേവലം അഞ്ചു വര്‍ഷത്തിനുള്ളില്‍. ഒന്നോ രണ്ടോ ഇറാഖികളെ കൊല്ലാതെ ഇയാളുടെ ഒരു ദിവസവും കടന്നുപോകാറുണ്ടായിരുന്നില്ല. കൗമാരകാലത്ത് മാനുകളെ വേട്ടയാടിയതിന്റെ ഓര്‍മയിലാണ് നരവേട്ടയും ഹോബിയാക്കിയത്.
ഇറാഖില്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ച ആദ്യ ദിവസം തന്നെ ഇറാഖികള്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനു നേരെ ഡില്ലാര്‍ഡിന്റെ സൈനിക വാഹനത്തില്‍നിന്ന് ചീറിപ്പാഞ്ഞ വെടിയുണ്ടകള്‍ പതിമൂന്ന് ഇറാഖികളുടെ ജീവന്‍ കവര്‍ന്നു. മാനിനെ വേട്ടയാടുന്ന ആനന്ദം ഈ നരഭോജിക്ക് അപ്പോള്‍ ലഭിച്ചുപോലും. 'സേവനങ്ങള്‍'ക്ക് നന്ദി കാണിക്കാന്‍ അമേരിക്കന്‍ ഭരണകൂടവും ഒട്ടും അമാന്തിച്ചില്ല. 37 സൈനിക ബഹുമതികളാണ് ഇയാളെ തേടിയെത്തിയത്. യുറേനിയത്തിന്റെ അംശമുള്ള ആയുധങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡല്ലാര്‍ഡ് ജോണ്‍സണ്‍ ഇപ്പോള്‍ ചികിത്സയിലാണ്, അര്‍ബുദത്തിന്.
മറ്റൊരു നരഭോജിയാണ് ക്രിസ്റ്റഫര്‍ സ്‌കോട്ട് കെയ്ല്‍. ഒളിഞ്ഞിരുന്ന് വെടിവെക്കുന്നതില്‍ സമര്‍ഥന്‍. 'റമാദിയിലെ പിശാച്' എന്നൊരു വട്ടപ്പേര് പോലുമുണ്ട്. 'പകുതി മനുഷ്യന്‍, പകുതി ചെന്നായ' എന്ന് മറ്റൊരു വിശേഷണം. കൗമാരകാലത്ത് പക്ഷിവേട്ടക്കാരനായിരുന്നു. പക്ഷികളെ വെടിവെക്കുന്ന പോലെ മനുഷ്യരെയും വെടിവെച്ചിട്ടു. ഇയാളുടെ വെടിയേറ്റ് പിടഞ്ഞു മരിച്ച നൂറുകണക്കിനാളുകളില്‍ സ്ത്രീകളും കുട്ടികളുമെല്ലാമുണ്ട്. നാലു കൊല്ലത്തെ 'ധീര സേവന'ത്തിന് ഇയാള്‍ക്കും കിട്ടി എമ്പാടും മെഡലുകള്‍. ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത 'അമേരിക്കന്‍ സ്‌നൈപ്പര്‍' ഇയാളുടെ ആത്മകഥയുടെ സിനിമാവിഷ്‌കാരമാണ്. അമേരിക്കയില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു മാനസികരോഗിയുടെ വെടിയേറ്റ് മരിക്കാനായിരുന്നു വിധി. കാവ്യനീതി എന്ന് പറയാമോ?
Comments