ഇന്ത്യന്‍ മുസ്‌ലിംകളും ഫലസ്ത്വീന്‍ വഖ്ഫുകളും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ബ്രിട്ടീഷ് അധീനതയിലായിരുന്ന ഇന്ത്യയില്‍ അന്ന് തകര്‍ന്നുകൊണ്ടിരിക്കുകയായിരുന്ന ഉസ്മാനി സാമ്രാജ്യത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്‌ലിംകളുണ്ടായിരുന്നു; ഏകദേശം ഏഴു കോടി. ഇന്ത്യയിലെ പല മുസ്‌ലിം പ്രമാണിമാരും തങ്ങള്‍ ഇറാന്‍, അറബ് അല്ലെങ്കില്‍ തുര്‍ക്ക് വംശജരാണെന്ന് വിശ്വസിച്ചുപോന്നു. ജന്മനാടായ ഇന്ത്യയുടെ അതിരുകള്‍ക്കപ്പുറം ലോകത്തുടനീളം വ്യാപിച്ചുകിടക്കുന്ന വിശാലമായ മുസ്‌ലിം 'ഉമ്മ'ത്തിന്റെ ഭാഗമാണ് തങ്ങളെന്ന ബോധം അവരില്‍ എല്ലായ്‌പ്പോഴും നിലനിന്നിരുന്നു.
ഹിജാസിലെ ഇരു ഹറമുകള്‍, ഫലസ്ത്വീനിലെ ജറൂസലം, ഇറാഖിലെ കര്‍ബല, നജഫ് എന്നിവിടങ്ങളിലേക്കുള്ള വ്യാപാര, തീര്‍ഥാടന യാത്രകള്‍ വര്‍ഷാവര്‍ഷം പശ്ചിമേഷ്യയിലേക്കും തിരിച്ചും ഇന്ത്യന്‍ യാത്രക്കാരുടെ നിലക്കാത്ത ഒഴുക്ക് സൃഷ്ടിച്ചു. ഇതിനു പുറമെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഹൈദരാബാദ് നിസാമിനെ പോലെയുള്ള ഇന്ത്യയിലെ മുസ്‌ലിം രാജാക്കന്മാര്‍ ഹിജാസില്‍നിന്നും ഹദറല്‍ മൗത്തില്‍നിന്നുമുള്ള കുടിയേറ്റക്കാരെ സ്വന്തം നാടുകളില്‍ താമസമാക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിക ലോകത്തിന്റെ വലിയൊരു ഭാഗം യൂറോപ്യന്‍ ശക്തികളുടെ അധീനതയിലായിരുന്നതിനാല്‍ മുസ്‌ലിം രാഷ്ട്രീയ പ്രതാപത്തിന്റെ അവസാന അവശിഷ്ടം എന്ന നിലയില്‍ ഉസ്മാനി സാമ്രാജ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ മുസ്‌ലിംകളിലെ വരേണ്യ വിഭാഗത്തിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു.
ഈ താല്‍പര്യം ചുരുങ്ങിയത് നാലു രൂപത്തിലെങ്കിലും പ്രകടമായി. ഉസ്മാനി സാമ്രാജ്യത്തിന്റെ പരമാധികാരം നിലനിര്‍ത്താനും തകര്‍ച്ച തടയാനും വേണ്ടി ഖിലാഫത്ത് പ്രസ്ഥാനം പോലെയുള്ളവ നല്‍കിയ രാഷ്ട്രീയ പിന്തുണയായിരുന്നു ഒന്ന്. ഹിജാസ് റെയില്‍വേ പോലുള്ള പദ്ധതികള്‍ക്ക് കൊടുത്ത സാമ്പത്തിക പിന്തുണയായിരുന്നു രണ്ടാമത്തേത്. കോളനിരാജ്യങ്ങളില്‍ പ്രകൃതിക്ഷോഭങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും മൂലം കഷ്ടതയനുഭവിക്കുന്നവര്‍ക്ക് നല്‍കിയിരുന്ന ധനസഹായമായിരുന്നു മൂന്നാമത്തേത്. മുസ്‌ലിം മത-സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഉന്നമനത്തിനു വേണ്ടി ഇവര്‍ നല്‍കിയ സഹായമായിരുന്നു നാലാമത്തേത്. മദീനയിലെ പ്രവാചകന്റെ പള്ളിയുടെ നടത്തിപ്പിന്നും സംരക്ഷണത്തിനും ഹൈദരാബാദ് നിസാം കാണിച്ച താല്‍പര്യവും, ശീഈ മന്ദിരങ്ങളുടെ പരിപാലത്തിന് അവധിലെ നവാബുമാര്‍ നല്‍കിയ സംഭാവനകളും ശ്രദ്ധേയം. പ്രവാചകന്റെ പള്ളിയില്‍ അറ്റകുറ്റപണികള്‍ നടത്താന്‍ നിസാം ഒരു എഞ്ചിനീയറെ നിയമിച്ചു. ഉത്തരേന്ത്യന്‍ നാട്ടുരാജ്യമായ അവധിലെ ശീഈവിശ്വാസികളായ നവാബുമാര്‍ നജഫിലെയും കര്‍ബലയിലെയും ആരാധനാകേന്ദ്രങ്ങളിലേക്ക് പല സംഭാവനകളും എത്തിച്ചിരുന്നു.
ഫലസ്തീന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന കാലത്ത് അവിടത്തെ മതം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ നല്‍കിയ സംഭാവനയെക്കുറിച്ചാണ് ഈ ലേഖനം മുഖ്യമായും പ്രതിപാദിക്കുന്നത്. മുമ്പ് ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഫലസ്ത്വീന്‍ 1918 മുതല്‍ 1948 വരെയുള്ള കാലയളവിലാണ് ബ്രിട്ടീഷ് നിയന്ത്രണത്തില്‍ വരുന്നത്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ജറൂസലമില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ സാന്നിധ്യമുണ്ടായിരുന്നു. സവിയ്യ അല്‍ ഹിന്ദിയ്യ അഥവാ സവിയ്യ ഫരീദിയ്യ ഇതിനൊരു തെളിവാണ്. പതിനാറാം നൂറ്റാണ്ടില്‍ സൂഫിസത്തിന് ജറൂസലമില്‍ പ്രചാരം ലഭിച്ചതോടെ അവിടെ അനവധി സവിയ്യകള്‍ (Zawiyah), അഥവാ സൂഫി കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ശൈഖ് ഫരീദുദ്ദീന്‍ ഏകാന്ത പ്രാര്‍ഥന നടത്തിയിരുന്ന സ്ഥലത്താണ് ചിശ്തി വിഭാഗത്തിലെ ഇന്ത്യന്‍ സൂഫികള്‍ ഒത്തുചേര്‍ന്നിരുന്നത്. മുമ്പ് രിഫാഈ വിഭാഗക്കാരുടെ സവിയ്യയായിരുന്ന ഈ സ്ഥലം പിന്നീട് ഇന്ത്യയില്‍നിന്ന് വന്ന സൂഫികള്‍ വാങ്ങുകയും ശൈഖ് ഫരീദിന്റെ പേരില്‍ വഖ്ഫ് ചെയ്യുകയുമായിരുന്നു. പിന്നീട് വന്ന ഇന്ത്യക്കാരായ താമസക്കാര്‍ ചുറ്റുമുള്ള ഭൂമി കൂടി വാങ്ങി ജറൂസലമിലെ തക്കിയ ഫരീദി എന്ന പേരില്‍ വഖ്ഫ് ചെയ്തു. ഉത്തരേന്ത്യന്‍ പ്രവിശ്യയായ പഞ്ചാബില്‍നിന്ന് വന്ന ഫരീദ് അല്‍ ദീന്‍ മസ്ഊദ് (1175-1265) എന്ന സൂഫിയുടെ പേരിലാണ് ഈ സ്ഥലം നാമകരണം ചെയ്യപ്പെട്ടത്. ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഈ സവിയ്യ ഇന്ന് സന്ദര്‍ശകരായ ഇന്ത്യക്കാര്‍ താമസസ്ഥലമാക്കി ഉപയോഗിക്കുന്ന, അനന്തരാവകാശികളില്ലാത്ത പൊതുസ്ഥാപനമാണ്. റിയല്‍ എസ്റ്റേറ്റ് മൂല്യം വെച്ചു നോക്കുമ്പോള്‍ വളരെയധികം വില വരുന്ന ഭാഗത്താണ് സത്രം സ്ഥിതി ചെയ്യുന്നത്.
മേല്‍പറഞ്ഞ സവിയ്യ അടക്കം എല്ലാ വഖ്ഫുകളുടെയും മേല്‍നോട്ടം വഹിക്കുന്നത് ഇസ്‌ലാമിക് ഹയര്‍ കൗണ്‍സില്‍ ഓഫ് ജറൂസലമാണ്. ഈ സവിയ്യ അനവധി സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മധ്യകാല യാത്രക്കാരനായിരുന്ന ഔലിയ ചെലബി 1671-ല്‍ ജറൂസലമിലെ ഏറ്റവും വലിയ സവിയ്യകളിലൊന്നായാണ് ഇതിനെ വിശേഷിപ്പിച്ചത്. 1869-1870 കാലയളവില്‍ പഴയ കെട്ടിടത്തിന്റെ നല്ലൊരു ഭാഗം പുതുക്കി പണിതതായി തയ്‌സീര്‍ ജബ്ബാറ രേഖപ്പെടുത്തിയിട്ടുണ്ട്.
1922-ല്‍ സവിയ്യ നോക്കി നടത്താന്‍ ആളെ അയക്കണമെന്ന് അമീന്‍ അല്‍ ഹുസൈനി (1895-1974) ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാന നേതാവായ മൗലാന മുഹമ്മദ് അലി(1878-1974)യോട് അഭ്യര്‍ഥിച്ചു. അതു പ്രകാരം ഇതിനുവേണ്ടി 1924-ല്‍ ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍ നിവാസിയായ ഖ്വാജാ നസീര്‍ ഹസന്‍ അന്‍സാരി(1880-1951) ജറൂസലമിലെത്തി.
അദ്ദേഹം അന്ന് കണ്ട സത്രം 'ശോചനീയാവസ്ഥ'യിലായിരുന്നെന്നും അന്നുണ്ടായിരുന്ന കുറച്ച് പഴയ വീടുകള്‍ 1927-ലെ ഭൂകമ്പത്തില്‍ ഏറക്കുറെ നശിച്ചുപോയെന്നുമാണ് പറയപ്പെടുന്നത്. രണ്ടു ലോകയുദ്ധങ്ങള്‍ക്കിടയില്‍ സത്രത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം ശേഖരിക്കാന്‍ അന്‍സാരി ജന്മനാട്ടിലേക്ക് നിരവധി യാത്രകള്‍ നടത്തി. 1931-നും 1940-നുമിടയില്‍ ഹൈദരാബാദ് നിസാമായ ഉസ്മാന്‍ അലി ഖാന്‍(1911 മുതല്‍ 1948 വരെ ഭരിച്ചു), റാംപൂര്‍ നവാബ്, ബഹവാല്‍പൂര്‍ നവാബ് എന്നിവരില്‍നിന്ന് വേണ്ട തുക പിരിക്കാന്‍ നാസിര്‍ ഹസന്‍ അന്‍സാരിക്ക് സാധിച്ചു. സത്രത്തിന്റെ പ്രധാന കെട്ടിടം നിസാമിന്റെ പേരില്‍ 'ഉസ്മാന്‍ മന്‍സില്‍' എന്ന് നാമകരണം ചെയ്യപ്പെട്ടു.
1939-1947 കാലയളവില്‍ പശ്ചിമേഷ്യയില്‍ തമ്പടിച്ചിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ അവധിദിനങ്ങള്‍ ചെലവഴിച്ചത് ഈ സവിയ്യയിലായിരുന്നു. ഇന്ത്യന്‍ പട്ടാളക്കാര്‍ നിര്‍മിച്ച രണ്ട് വലിയ ഡോര്‍മറ്ററികള്‍ ട്രാവന്‍കോര്‍ വിങ് എന്നും ദല്‍ഹി വിങ് എന്നും വിളിക്കപ്പെട്ടു. വെറും പേരിന് മാത്രം നിലനില്‍ക്കുകയായിരുന്ന സവിയ്യ പുനരുദ്ധാരണം പൂര്‍ത്തിയായതോടെ സജീവമായ ഒരു സ്ഥാപനമായി മാറി. 'ഒരു തുണ്ട് ജറൂസലമിനെ ശൈഖ് നാസിര്‍ ഒരു കൊച്ചു ഇന്ത്യയാക്കി മാറ്റിയിരിക്കുന്നു' എന്നാണ് നിസാമിന്റെ സൈനികതലവനായ മേജര്‍ ജനറല്‍ സയ്യിദ് അഹ്മദ് ഐദറൂസ് സത്രത്തിന്റെ സന്ദര്‍ശകപുസ്തകത്തില്‍ കുറിച്ചിട്ടത്.
1967 ജൂണ്‍ 9-ന് ഇസ്രയേലികള്‍ സത്രം ബോംബിടുകയും അതില്‍ ഖ്വാജാ നസീര്‍ ഹസന്‍ അന്‍സാരിയുടെ ഭാര്യയും മകള്‍ അമീനയും ആറു വയസ്സുകാരനായ മകന്‍ അഹ്മദും കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരം ജറൂസലമിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റ് അദ്ദേഹത്തിന്റെ കുടുംബത്തെ ബൈറൂത്തിലേക്ക് മാറ്റി.
ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള ഈ സ്മാരകത്തിന്റെ പുനരുദ്ധാരണത്തിനും പരിപാലനത്തിനുമുള്ള ധനസഹായം ഇന്ത്യന്‍ സര്‍ക്കാര്‍ 1922 മുതല്‍ നല്‍കിവരുന്നുണ്ട്. ഇന്ത്യന്‍ ഹോസ്‌പൈസ് വഖ്ഫിന്റെ ഡയറക്ടറും ട്രസ്റ്റിയുമാണ് പണം സ്വീകരിക്കുന്നത്. 1930-കള്‍ തൊട്ട് അനവധി ഇന്ത്യന്‍ പ്രമുഖര്‍ സത്രം സന്ദര്‍ശിച്ചിട്ടുണ്ട്. ഒടുവില്‍ 1996-ല്‍ അവിടെ സന്ദര്‍ശിച്ച ഐ.കെ ഗുജ്‌റാള്‍ 'ഇന്ത്യന്‍ ആതിഥേയസംസ്‌കാരത്തിന്റെ ഒരു മരുപ്പച്ച'യായി സത്രത്തെ വിശേഷിപ്പിച്ചു.
1951-ല്‍ അന്തരിച്ച ഖ്വാജാ നാസിര്‍ ഹസന്‍ അന്‍സാരിയുടെ മകന്‍ ശൈഖ് മുനീര്‍ അന്‍സാരിയാണ് ഇന്ത്യന്‍ ഹോസ്‌പൈസ് വഖ്ഫിന്റെ നിലവിലെ ഡയറക്ടറും ട്രസ്റ്റിയും. പ്രാദേശിക സമിതികളുടെയും ഉദ്യോഗസ്ഥരുടെയും നിര്‍ദേശമനുസരിച്ചാണ് അദ്ദേഹത്തിന്റെ മൂത്ത മകനായ മുനീര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്ത്യന്‍ മുസ്‌ലിംകളുടെയും (ചിലത് ഇന്ത്യന്‍ ക്രിസ്ത്യാനികളുടെയും) സഹായത്തോടെ വളര്‍ന്ന ഫലസ്ത്വീനിലെ നിരവധി സ്ഥാപനങ്ങളിലൊന്ന് മാത്രമായിരുന്നു സവിയ്യ ഫരീദിയ്യ. ജൗഹര്‍ അല്‍ ഹിന്ദി അല്‍ കശ്മീരിയുടെ മകന്‍ സാലിഹിന്റെ ഒരു വഖ്ഫിനെക്കുറിച്ച് പ്രതിപാദിക്കുന്ന, ക്രി. 1656(ഹി. 1067)ല്‍ എഴുതപ്പെട്ട രേഖ ജെറുസലമിലെ ഇസ്‌ലാമിക് കോടതിയില്‍ കണ്ടതായി തയ്‌സീര്‍ ജബ്ബാറ പറയുന്നുണ്ട്. കശ്മീരില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ വേണ്ടി പണിത സത്രമായിരുന്നു അത്. ജറൂസലമിന് പുറത്ത് റാമല്ലയിലും ഗസ്സയിലും ഇന്ത്യന്‍ മുസ്‌ലിംകള്‍ ഭൂമി വാങ്ങി വഖ്ഫ് ആയി പതിച്ചുകൊടുത്തു. ഗസ്സ മുനമ്പിലെ ഗസ്സയില്‍ ഉമര്‍ മുഖ്താര്‍ തെരുവിനു സമീപം സൂഖ് അല്‍ഖുദാറിനരികെ സവിയ്യ അല്‍ഹിന്ദിയ്യക്കു വേണ്ടി വഖ്ഫ് ആയി സ്ഥാപിച്ച നിരവധി കടകളുണ്ട്. അന്തരിച്ച ഹസന്‍ യൂസുഫ് അബുശബാനു 1948-നു മുമ്പ് ശൈഖ് നാസിര്‍ നല്‍കിയ പണം കൊണ്ടാണ് ഈ കടകള്‍ പണിതത്. ഗസ്സ പട്ടണത്തിലെ ഇഹ്‌സാന്‍ അബു ശബാന്റെ കൈയിലാണ് ഇതിന്റെ രേഖകളുള്ളത്. കടകളില്‍ നിന്നുള്ള വരുമാനം ഗസ്സയിലെ ദൈറത്തുല്‍ ഔഖാഫിലേക്കാണ് പോവുക.
1948-നു മുമ്പും ശേഷവും ഫലസ്ത്വീന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇന്ത്യന്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും നല്‍കിയ സംഭാവനകളുടെ പട്ടിക തയാറാക്കിയ റാമല്ലയിലെ മുന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ദിക്‌റുര്‍റഹ്മാന്‍, ഗസ്സ(ഇന്ത്യന്‍ പള്ളിയും അതിനോട് ചേര്‍ന്ന കടകളും), ഹൈഫ, ജാഫ, ജുസൂര്‍ ബിനത് യാഖൂബ്, ലോദ് എന്നിവിടങ്ങളില്‍ അവരുടെ വഖ്ഫുകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധനാട്ടിലെ ഇന്ത്യന്‍ സാന്നിധ്യത്തെക്കറിച്ച് ഒരു പൂര്‍ണ ചിത്രം നല്‍കാനുള്ള പരിശ്രമത്തിലാണ് ദിക്‌റുര്‍റഹ്മാന്‍.
ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞതുപോലെ 1947-ല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡം വിഭജിക്കപ്പെടുന്നതിനു മുമ്പ് ലോക മുസ്‌ലിം ഉമ്മത്തിന്റെ ഏറ്റവും വലിയ വിഭാഗം ജീവിച്ചിരുന്നത് ഇന്ത്യയിലായിരുന്നു. എണ്ണയില്‍നിന്നുള്ള വമ്പിച്ച വരുമാനം വന്നു തുടങ്ങുന്നതിനു മുമ്പ് പുണ്യനഗരങ്ങളിലെ പദ്ധതികള്‍ക്കു വേണ്ട സാമ്പത്തികസഹായത്തിന് പശ്ചിമേഷ്യന്‍ ജനത ഉറ്റുനോക്കിയത് ഇന്ത്യയിലെ ധനികരായ രാജാക്കന്മാരെയും വ്യവസായികളെയുമാണ്. 1922-ല്‍ ഹിജാസിലേക്കുള്ള ഫലസ്ത്വീന്‍ പ്രതിനിധിസംഘം 'അല്‍ അഖ്‌സ്വാ പള്ളിയെ ജൂതന്മാരുടെ ആരാധനാകേന്ദ്രമാക്കാനുള്ള ശ്രമത്തെ തടയാന്‍ ഇന്ത്യയോടും മറ്റ് മുസ്‌ലിം രാജ്യങ്ങളോടും സഹായമഭ്യര്‍ഥിക്കുകയും' തത്ഫലമായി 'ഇസ്‌ലാമിക ലോകത്തുനിന്ന് ഉടലെടുക്കാന്‍ സാധ്യതയുള്ള ശക്തമായ പ്രതിഷേധത്തെക്കുറിച്ചുള്ള ഭയം ബ്രിട്ടീഷുകാരെ സംഭ്രാന്തിയിലാക്കുകയും ചെയ്തു' എന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് 1923 നവംബര്‍ മുതല്‍ 1924 ജൂണ്‍ വരെ അല്‍ അഖ്‌സ്വാ പള്ളിയുടെ പുനരുദ്ധാരണത്തിനു വേണ്ട പണം സ്വരൂപിക്കാന്‍ ഫലസ്ത്വീന്‍ മുസ്‌ലിം ക്രിസ്ത്യന്‍ സംഘടനയുടെ സെക്രട്ടറിയായിരുന്ന ജമാല്‍ അല്‍ ഹുസൈനി (1892-1982)യുടെ നേതൃത്വത്തില്‍ ഒരു മൂന്നംഗ പ്രതിനിധിസംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഹൈഫാ മുഫ്തിയായ ശൈഖ് മുഹമ്മദ് മുറാദ്, ശൈഖ് ഇബ്‌റാഹീം അല്‍ അന്‍സാരി എന്നിവരായിരുന്നു സംഘത്തിലെ മറ്റു രണ്ടു പേര്‍. ആദ്യത്തെ സംഘത്തിനു പുറമെ ഹാജ് അമീന്‍ നയിച്ച മറ്റൊരു സംഘം സിറിയ, ഇറാഖ്, കുവൈത്ത് വഴിയും ഇന്ത്യയിലെത്തി. ബഗ്ദാദിലും ഇന്ത്യന്‍ നഗരങ്ങളിലും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ഫലസ്ത്വീന്‍ ഹൈകമീഷണര്‍ ഇറാഖ് ഹൈകമീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഹാജ് അമീന്‍ സ്വരൂപിച്ച പണം ഫലസ്ത്വീന്‍ ഹൈകമീഷണര്‍ വഴിയാണ് സുപ്രീം മുസ്‌ലിം കൗണ്‍സിലി(എസ്.എം.സി)ലേക്ക് അയച്ചുകൊടുത്തത്. ഈ യാത്രക്കിടെ അദ്ദേഹം ഇന്ത്യയിലെ പല മുസ്‌ലിം പ്രമുഖരുമായും ആജീവനാന്തം നീണ്ടുനിന്ന സൗഹൃദം സ്ഥാപിച്ചു. 1933-ലും 1952-ലും 1961-ലും അദ്ദേഹം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. പാകിസ്താനിലെ പല നേതാക്കന്മാരുമായും അദ്ദേഹത്തിന് നല്ല ബന്ധമുണ്ടായിരുന്നു. 1974-ല്‍ അദ്ദേഹം ബൈറൂത്തില്‍ നിര്യാതനാകുന്നതുവരെ ഈ ബന്ധം തുടര്‍ന്നു.
ഇന്ത്യയിലെ മുസ്‌ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടാതിരിക്കാനും പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാനും വേണ്ടി ഇന്ത്യന്‍ വൈസ്രോയി ലോര്‍ഡ് റീഡിങ് ഫലസ്ത്വീന്‍ പ്രതിനിധിസംഘത്തെ സ്വീകരിക്കുകയും അതുവഴി അവര്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുകയും ചെയ്തു. ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടി അവര്‍ പല ഇന്ത്യന്‍ നഗരങ്ങളും സന്ദര്‍ശിച്ചു. ഇന്ത്യന്‍ മുസ്‌ലിം നേതാക്കളായ മുഹമ്മദ് അലി, സഹോദരന്‍ ശൗക്കത്ത് അലി, ഹകീം അജ്മല്‍ ഖാന്‍, സൈഫ് അല്‍ ദീന്‍ കിച്‌ലു, ഡോ. എം.എ അന്‍സാരി എന്നിവര്‍ സംഘത്തെ അനുഗമിച്ചു. എന്നാല്‍ ഒന്നര ലക്ഷം ഡോളര്‍ ശേഖരിക്കാനാവുമെന്ന് പ്രതീക്ഷിച്ച സംഘത്തിന് ഏകദേശം 25,000 ഡോളര്‍ മാത്രമാണ് ലഭിച്ചത്. ഇതില്‍ തന്നെ നല്ലൊരു ഭാഗം, ഏകദേശം ഒരു ലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയത് ഹൈദരാബാദ് നിസാം, ബോഹ്‌റാ ദായി ആയിരുന്ന മുത്വാഖ് താഹിര്‍ സൈഫ് അല്‍ ദീന്‍ എന്നിവരായിരുന്നു. പണം നല്‍കിയതിനു പുറമെ ഹൈദരാബാദ് നിസാം പണവും നവീകരണ വിദഗ്ധരെയും അയക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് തുര്‍ക്കി നേതാവായ മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന് എഴുതുകയും ചെയ്തു. എന്നാല്‍ അധിനിവേശ ശക്തികളെ നേരിടുകയായിരുന്ന തുര്‍ക്കിക്ക് അന്നത്തെ സാഹചര്യത്തില്‍ പണമോ ആളുകളെയോ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു അത്താതുര്‍ക്കിന്റെ മറുപടി.
ഫലസ്ത്വീനിലെ അല്‍ ഹുസൈനി, അല്‍ നശാശിബി എന്നീ ഗോത്രങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പോര് കാരണമാണ് സംഭാവനകള്‍ കുറഞ്ഞുപോയതെന്ന് പറയപ്പെടുന്നു. 'സുപ്രീം ഇസ്‌ലാമിക് കൗണ്‍സിലിന്റെ ശത്രുക്കള്‍ അറബ്, ഇസ്‌ലാമിക രാജ്യങ്ങള്‍ക്കെഴുതുകയും ഇസ്‌ലാമിക് കൗണ്‍സില്‍ കിട്ടുന്ന പണം അല്‍ അഖ്‌സ്വാ പള്ളിയുടെ നവീകരണത്തിനു പകരം രാഷ്ട്രീയ എതിരാളികളെ കൊല ചെയ്യാനുപയോഗിക്കുകയാണെന്നും അതുകൊണ്ട് സംഭാവനകള്‍ കൊടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു' എന്നാണ് ജോര്‍ദാനിയന്‍ പണ്ഡിതനായ റഅ്ഫ് യൂസുഫ് നജ്മ് പറയുന്നത്. എന്നാല്‍ തുക കുറഞ്ഞിട്ടും തുര്‍ക്കി വിമോചനസമരത്തിലായിരുന്നിട്ടും 1922-നും 1926-നുമിടക്ക് പ്രശസ്ത ഉസ്മാനി ആര്‍ക്കിടെക്ടായ അഹ്മദ് കമാലുദ്ദീന്‍ അല്‍ അഖ്‌സ്വാ പുനരുദ്ധരിക്കുകയും അത് അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുക്കുകയും ചെയ്തു. 1928 ആഗസ്റ്റ് 30-ന് പള്ളി വീണ്ടും തുറന്നപ്പോള്‍ അതിലേക്ക് സാമ്പത്തിക സഹായം ചെയ്ത എല്ലാവരോടും മുഫ്തി നന്ദി രേഖപ്പെടുത്തി. 'അല്‍ ഹറം അല്‍ ശരീഫിന്റെ പുനരുദ്ധാരകനും വിശുദ്ധകേന്ദ്രങ്ങളുടെ സംരക്ഷകനും' ആയാണ് ലോകം അദ്ദേഹത്തെ പ്രകീര്‍ത്തിച്ചത്.
ഫലസ്ത്വീന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന മൂന്ന് ദശകങ്ങള്‍ക്കിടെ 21 വസ്തുവഹകള്‍ വഖ്ഫ് ചെയ്യപ്പെട്ടു. അതില്‍ ഏറ്റവും കൂടുതല്‍ നല്‍കിയത് ഹൈദരാബാദ് നിസാമായിരുന്നു. ഈ സംഭാവന നേടിയെടുക്കുന്നതില്‍ കാതലായ പങ്കു വഹിച്ചത് അമീന്‍ അല്‍ ഹുസൈനി(1895-1974) ആയിരുന്നു. 1921 മെയ് 8-ന് ഹൈകമീഷണര്‍ സാമുവല്‍ ഹെര്‍ബര്‍ട്ട് അദ്ദേഹത്തെ ജറുസലമിന്റെ ഗ്രാന്റ് മുഫ്തിയായി നിയമിക്കുകയും 1937 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുകയും ചെയ്തു. 1922 മാര്‍ച്ചില്‍ പുതുതായി രൂപീകരിച്ച ജറൂസലമിലെ സുപ്രീം മുസ്‌ലിം കൗണ്‍സിലിന്റെ പ്രസിഡന്റായും അമീനെ ഹെര്‍ബര്‍ട്ട് നിയമിച്ചു. ജറുസലമിലെ മുസ്‌ലിം ആരാധനാലയങ്ങള്‍ക്കു നേരെയുള്ള ഭീഷണിയെ ചെറുക്കാന്‍ അറബികളെ ആഹ്വാനം ചെയ്തു കൊണ്ട് അദ്ദേഹം പ്രചാരണം നടത്തി. തന്റെ ജന്മനാട്ടിന്റെ അതിരുകള്‍ക്കപ്പുറം അയല്‍രാജ്യമായ ട്രാന്‍സ് ജോര്‍ദാന്‍, സിറിയ, ഇറാഖ്, ഇന്ത്യ എന്നിവിടങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ലോകമുസ്‌ലിം ഐക്യത്തിന്റെ വക്താവും ഈജിപ്തുകാരനുമായ മുഹമ്മദ് അലി അലൂബാ പാഷയോടൊപ്പം രാജ്യത്തിന്റെ അതിഥികളായി 1933 ജൂലൈ 21-ന് മുഫ്തി ഹൈദരാബാദിലെത്തി. ഹൈദരാബാദ് മുസ്‌ലിംകളുടെ നേതാവും ഉറച്ച ഫലസ്ത്വീന്‍ അനുകൂലിയുമായിരുന്ന ബഹദൂര്‍ യാര്‍ ജങ്(1905-44) അടക്കം പലരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുഫ്തിയും ജങും നേരത്തേ ജറൂസലമില്‍ വെച്ച് കണ്ടുമുട്ടിയിരുന്നു.
സന്ദര്‍ശനത്തിനു ശേഷം അല്‍ അഖ്‌സ്വാ പദ്ധതിയുടെ കാര്യത്തില്‍ നിസാം കാണിച്ച ധര്‍മിഷ്ഠതക്ക് നന്ദി അറിയിച്ചുകൊണ്ട് മുഫ്തി അദ്ദേഹത്തിന് നീണ്ട ഒരു കത്തെഴുതുകയും, എസ്.എം.സി ജറൂസലമില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇസ്‌ലാമിക സര്‍വകലാശാലക്ക് സഹായം നല്‍കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. നിസാമിന്റെ സമ്പല്‍സമൃദ്ധിയും ഇസ്‌ലാമികമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ഉദാരമനസ്‌കതയും അദ്ദേഹത്തെ പശ്ചിമേഷ്യയിലടക്കം പ്രശസ്തനാക്കിയിരുന്നു. മുഫ്തിയുടെ അഭ്യര്‍ഥന മാനിക്കാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. നിസാമിന് ഹൈദരാബാദിലെ ബ്രിട്ടീഷ് റസിഡന്‍സി വഴി മാത്രം വിദേശകാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നതിനാല്‍ റെസിഡന്‍സിയും ഹൈദരാബാദ് പ്രധാനമന്ത്രിയും തമ്മില്‍ വൈകാതെ തന്നെ ആശയവിനിമയം ആരംഭിക്കുകയും ഇതുവഴി സര്‍വകലാശാലക്കു വേണ്ടി 7,543 പൗണ്ട് സംഭാവന നല്‍കുകയും ചെയ്തു. ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട തുക 1938 വരെ ഉപയോഗിച്ചിരുന്നില്ല. 'ഹാജ് അമീന്‍ ഈ തുക കൊണ്ട് തുല്‍കറം സബ്ജില്ലയിലെ കഫ്‌റ് സയ്ത്തയില്‍ 1000 ഡുനൂം (4 ഡുനൂം ഏകദേശം ഒരേക്കര്‍ അഥവാ 1000 ചതുരശ്ര അടി സ്ഥലത്തിന് സമമാണ്) വിസ്തീര്‍ണമുള്ള കൃഷിഭൂമി വാങ്ങി അത് ജറൂസലമിലെ ഇസ്‌ലാമിക സര്‍വകലാശാലയുടെ സംസ്ഥാപനത്തിനു വേണ്ടി (പണം നേരിട്ട് സര്‍വകലാശാലയ്ക്കു വേണ്ടി ഉപയോഗിക്കുന്നതിനു പകരം) വഖ്ഫ് ചെയ്യുകയും ചെയ്തു. ജൂതന്മാരുടെ കൈയില്‍ ഭൂമി എത്തിപ്പെടുന്നത് തടയുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എസ്.എം.സിയുടെ ഈ രീതി പിന്നീട് അവിടെയുള്ള പല മുസ്‌ലിംകളും പിന്തുടര്‍ന്നു എന്ന് യിസാക് റീറ്റര്‍ പറയുന്നു.
ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ അന്ന് ഫലസ്ത്വീന്‍ നേതാക്കള്‍ ഇന്ത്യന്‍ മുസ്‌ലിംകളെ അങ്ങേയറ്റം ആദരവോടെ കണ്ടിരുന്നു എന്നതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാന നേതാവും ഫലസ്ത്വീന്‍ അനുകൂലിയുമായിരുന്ന മൗലാന മുഹമ്മദ് അലി 1931 ജനുവരി 4-ന് ലണ്ടനില്‍ വെച്ച് അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ മസ്ജിദുല്‍ അഖ്‌സ്വയുടെ വിശുദ്ധ പരിസരത്ത് മറവു ചെയ്യണമെന്ന് അദ്ദേഹത്തിന്റെ പിന്തുടര്‍ച്ചക്കാരോട് ഹാജ് അമീന്‍ അഭ്യര്‍ഥിച്ചിരുന്നു.
'ലോകമൊട്ടാകെയുള്ള മുസ്‌ലിംകള്‍ക്ക് ഈ ആരാധനാ കേന്ദ്രത്തോടുള്ള ബന്ധം ശക്തിപ്പെടുത്തുകയും മക്കയും മദീനയും പോലെ അവരുടെ വിശ്വാസത്തിന്റെ മറ്റൊരു പ്രധാന ചിഹ്നമായി ജറൂസലമിനെ കാണാന്‍ ഇന്ത്യയിലെ മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുകയു'മായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 1931 ജനുവരി 24-നു നടന്ന സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി മുസ്‌ലിംകളെ ക്ഷണിച്ചു. ഇവരടക്കമുള്ള വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി അഹ്മദ് ഹില്‍മി അബ്ദുല്‍ ബാഖി, ശാഹിദ് അബ്ദുല്‍ ഖാദിര്‍ അല്‍ ഹുസൈനി, മൂസാ ഖാസി അല്‍ ഹുസൈനി, അറബ് ബാങ്ക് സ്ഥാപകനായ അബ്ദ് അല്‍ ഹമീദ് ശോബാന്‍ തുടങ്ങിയ പ്രഗത്ഭരായ പലരുടെയും ഖബ്‌റുകള്‍ സ്ഥിതിചെയ്യുന്നിടത്ത് മൗലാന മുഹമ്മദ് അലിയും മറവു ചെയ്യപ്പെട്ടു.
ഹാജ് അമീന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. 1931-നു മുമ്പ് വളരെക്കുറച്ച് ഇന്ത്യക്കാര്‍ മാത്രമേ ജറൂസലം സന്ദര്‍ശിച്ചിരുന്നുള്ളൂ. എന്നാല്‍ മുഹമ്മദ് അലിയുടെ ഖബ്‌റടക്കത്തിനു ശേഷം നൂറുകണക്കിന് ഇന്ത്യക്കാര്‍ അവിടേക്ക് വന്നുകൊണ്ടിരുന്നു. 1931 ജൂണ്‍ 7-ന് ഹൈദരാബാദ് നേതാവ് ബഹദൂര്‍ യാര്‍ ജങ് ജറൂസലം സന്ദര്‍ശിക്കുകയുണ്ടായി. അന്നു തൊട്ട് ജറൂസലമിലേക്ക് പൊതുവായും ഹറം അല്‍ ശരീഫിലേക്ക് പ്രത്യേകമായും അനവധി ഇന്ത്യന്‍ സന്ദര്‍ശകരുണ്ടായിട്ടുണ്ട്.
അല്‍ അഖ്‌സ്വയുടെയും ഇസ്‌ലാമിക സര്‍വകലാശാലയുടെയും കാര്യത്തില്‍ നിസാം കാണിച്ച ഉദാരമനസ്‌കത ജറൂസലമിലെയും മറ്റിടങ്ങളിലെയും പല പദ്ധതികള്‍ക്കും വേണ്ടി അദ്ദേഹത്തെ സമീപിക്കാന്‍ ഫലസ്ത്വീന്‍ പ്രമുഖന്മാരെ പ്രേരിപ്പിച്ചു. ലണ്ടനിലും വാഷിംഗ്ടണ്‍ ഡി.സിയിലും പള്ളികള്‍ പണിയാന്‍ അദ്ദേഹത്തിന് ലഭിച്ച സഹായാഭ്യര്‍ഥനകള്‍ ഇതിനുദാഹരണങ്ങളാണ്.
ഫലസ്ത്വീനിനെയും ഹൈദരാബാദിനെയും സംബന്ധിച്ചേടത്തോളം 1948 തികച്ചും ദുരന്തപൂര്‍ണമായ വര്‍ഷമായിരുന്നു. ഹൈദരാബാദിനെ ഉടന്‍ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്ന് നെഹ്‌റു സര്‍ക്കാര്‍ ഉത്തരവിട്ടു. കുഴഞ്ഞുമറിഞ്ഞ ചര്‍ച്ചകള്‍ക്കിടയിലും നിസാം ട്രാന്‍സ് ജോര്‍ദാനിലെ അബ്ദല്ല രാജാവിന്റെ അഭ്യര്‍ഥനപ്രകാരം 1948 ആഗസ്റ്റ് 25-ന് ഫലസ്ത്വീനിലെ അറബ് അഭയാര്‍ഥികള്‍ക്കു വേണ്ടി 10 ലക്ഷം രൂപ(അന്നത്തെ 3 ലക്ഷം യു. എസ് ഡോളര്‍) സംഭാവന പ്രഖ്യാപിച്ചതായി റോയിറ്റേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മുഫ്തിയുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യക്കാരും ഫലസ്ത്വീനികളും തമ്മിലുള്ള സമ്പര്‍ക്കങ്ങളും, വിശ്വാസികള്‍ ആദ്യമായി നമസ്‌കരിക്കാന്‍ തിരിഞ്ഞ ഖിബ്‌ലയും ഇസ്‌ലാമിക ഭൂമിശാസ്ത്രത്തില്‍ മൂന്നാമത്തെ ഏറ്റവും വിശുദ്ധമായ സ്ഥലവുമാണെന്ന വസ്തുതയും ഇന്ത്യന്‍ മുസ്‌ലിംകളുടെ മനസ്സില്‍ ജറൂസലമിനെ ആദരണീയ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അതുകൊണ്ടുതന്നെ 1969 ആഗസ്റ്റ് 21-ന് ഒരു ആസ്‌ത്രേലിയക്കാരനായ ഭ്രാന്തന്‍ അല്‍ അഖ്‌സ്വാക്ക് തീവെക്കാന്‍ ശ്രമിച്ച സംഭവം ഇന്ത്യയില്‍ വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതില്‍ അത്ഭുതപ്പെടാനില്ല. ഏറ്റവും വലിയ പ്രതിഷേധജാഥകളിലൊന്ന് അരങ്ങേറിയത് ബോംബെയിലാണ്. ഏകദേശം ഒരു ലക്ഷം പേരാണ് അപരാധിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്ന് തെരുവിലിറങ്ങിയത്.
പാകിസ്താനും ബംഗ്ലാദേശും ഇന്ത്യയില്‍നിന്ന് വിഭജിച്ചുപോയെങ്കിലും ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകള്‍ എന്നും ഫലസ്ത്വീന്റെ ഏറ്റവും ഉറച്ച അനുകൂലികളായി തുടര്‍ന്നു. 1990-കളുടെ തുടക്കം തൊട്ട് ഫലസ്ത്വീന്റെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നയത്തില്‍ മാറ്റം വരികയും ഇസ്രയേലിന്റെയും ഇന്ത്യയുടെയും പ്രതിരോധ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ വമ്പിച്ച സഹകരണം ആരംഭിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യയിലെ മുസ്‌ലിംകള്‍ എക്കാലത്തും ഫലസ്ത്വീനികള്‍ക്കു പിന്നില്‍ അടിയുറച്ചുനിന്നു. ജറൂസലം മുഫ്തി ശൈഖ് ഇക്‌രിമ സൈദ് സ്വബ്‌റി 1998-ല്‍ ഇന്ത്യയിലേക്ക് നടത്തിയ സന്ദര്‍ശനവും അദ്ദേഹത്തിന് അന്ന് ഇന്ത്യന്‍ മുസ്‌ലിംകള്‍ നല്‍കിയ ഊഷ്മള സ്വീകരണവും ഫലസ്ത്വീനും ഉപഭൂഖണ്ഡവും തമ്മിലുള്ള ഉടയാത്ത ബന്ധത്തെക്കുറിച്ച ഓര്‍മപ്പെടുത്തലായി.
വിവ: സയാന്‍ ആസിഫ്
Comments