Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ഫലസ്ത്വീന്‍ കൊളോണിയല്‍ പദ്ധതികളുടെ തുടര്‍ച്ച

ഹാതിം ബസിയാന്‍

എന്റെ മാതാവ് സൂക്ഷിച്ചുവെച്ച പിതാവിന്റെ ഫലസ്ത്വീന്‍ പാസ്‌പോര്‍ട്ട് ഞാന്‍ കണ്ടിട്ടുണ്ട്. അതിന്റെ പ്രത്യേകതകളെ കുറിച്ച് ഞാന്‍ പഠിക്കുകയും ആലോചിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ മുമ്പ് പലപ്പോഴും ഈ പാസ്‌പോര്‍ട്ട് കണ്ടിരുന്നു. അതില്‍ രേഖപ്പെടുത്തിയ യാത്രാ വിവരങ്ങള്‍ പരിശോധിച്ചിരുന്നു. ഇപ്പോള്‍ ആ പാസ്‌പോര്‍ട്ടിലേക്ക് നോക്കുമ്പോള്‍ -പ്രത്യേകിച്ച് ഒരു ചരിത്രകാരന്‍ എന്ന നിലയില്‍- എനിക്ക് മറ്റ് ചിലതുകൂടി അതില്‍നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. ഫലസ്ത്വീന്‍ ചരിത്രത്തെ കുറിച്ച്, മതേതര കൊളോണിയല്‍ ശക്തികളുടെ ഫലസ്ത്വീന്‍ അധിനിവേശത്തെ കുറിച്ച്, സയണിസത്തെ കുറിച്ച്... ഈ പാസ്‌പോര്‍ട്ട് ഒരു കുടുംബ ഓര്‍മ മാത്രമായല്ല ഞാന്‍ കാണുന്നത്. അതൊരു ചരിത്രവും അടയാളവുമാണ്. കോളനിവല്‍ക്കരണങ്ങളുടെയും അവയുടെ തുടര്‍ച്ചയുടെയും അടയാളമാണത്. ഫലസ്ത്വീന്‍ ഒരു കാലത്ത് ഭൂപടത്തിലുണ്ടായിരുന്നു എന്നതിന്റെ തെളിവ്. 1943-ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്റെ പിതാവിന് നല്‍കിയ പാസ്‌പോര്‍ട്ടാണ് അത്. 169390 എന്നാണ് പാസ്‌പോര്‍ട്ട് നമ്പര്‍. ഫലസ്ത്വീന്‍ നിവാസിയാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.  

സാധാരണയായി ഫലസ്ത്വീന്‍ അധിനിവേശത്തിന്റെ ചരിത്രാഖ്യാനങ്ങള്‍ തുടങ്ങാറുള്ളത് 1948 മുതലാണ്. മറ്റു ചിലര്‍ 1967-ലെ യുദ്ധം മുതലാണ് കൈയേറ്റങ്ങള്‍ തുടങ്ങിയതെന്ന് വാദിക്കുന്നു. പാസ്‌പോര്‍ട്ടുകള്‍, മാപ്പുകള്‍ തുടങ്ങി എല്ലാ കൊളോണിയല്‍ ഡോക്യുമെന്റുകളിലും ഫലസ്ത്വീന്‍ എന്ന് ഉപയോഗിക്കാറുണ്ടായിരുന്നു. ഒന്നാം ലോകയുദ്ധത്തിന് മുമ്പും ശേഷവും സയണിസ്റ്റുകളും ബ്രിട്ടീഷ് സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചകളില്‍ വരെ ഫലസ്ത്വീന്‍ കടന്നുവരുന്നുണ്ട്. ഉസ്മാനിയാ ഭരണകാലത്തെ രേഖകളിലും ഫലസ്ത്വീന്‍ എന്നു തന്നെയാണ്. ആ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന തദ്ദേശീയരും അവരുടെ സ്വത്വത്തെ കുറിക്കാന്‍ ഈ വാക്കാണ് ഉപയോഗിച്ചിരുന്നത്. അവര്‍ ഫലസ്ത്വീനിനെ തങ്ങളുടെ ജന്മനാടായി കണ്ടു.

ഇന്ന് സയണിസ്റ്റുകള്‍ ശ്രമിക്കുന്നത് ഫലസ്ത്വീനെ ഭൂപടത്തില്‍നിന്നു തന്നെ മായ്ച്ചുകളയാനും, അതിന്റെ ചരിത്രത്തെ ഇല്ലാതാക്കാനുമാണ്. അതുകൊണ്ടാണ് ഫലസ്ത്വീന്‍ അധിനിവേശത്തിന്റെ ചരിത്രം വെസ്റ്റ് ബാങ്ക്, ഗസ്സ, ജൂലാന്‍ കുന്ന് എന്നിവയുമായി ബന്ധപ്പെട്ട് വിശദീകരിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. ഇവിടെ മനസ്സിലാക്കേണ്ട പ്രധാന കാര്യം ഫലസ്ത്വീന്‍ കോളനിവല്‍ക്കരിക്കപ്പെടുന്നത് സയണിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ 1948-ല്‍ അല്ല എന്നതാണ്. ബ്രിട്ടീഷുകാര്‍ ഫലസ്ത്വീനിലേക്ക് പ്രവേശിച്ചതുമുതല്‍ ഈ അധിനിവേശം തുടങ്ങിയിട്ടുണ്ട്. 1917 ഡിസംബര്‍ 9-നോ 10-നോ ആയിരുന്നു അത്. ബ്രിട്ടനും മറ്റു കൊളോണിയല്‍ ശക്തികളും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഫലസ്ത്വീന്‍ അധിനിവേശ പദ്ധതികള്‍ തയാറാക്കിയിരുന്നു എന്നാണിവിടെ വ്യക്തമാകുന്നത്. ഉസ്മാനികളെ ഉന്മൂലനം ചെയ്ത് യൂറോപ്യന്‍ ആധിപത്യം സ്ഥാപിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. 

ഇന്ന് ഫലസ്ത്വീന്‍ പ്രശ്‌നം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്കുതന്നെ 'മധ്യപൗരസ്ത്യം' എന്നാണ്. ഇതൊരു കൊളോണിയല്‍ പ്രയോഗമാണ്. ലോകത്തിന്റെ ഏതൊരു ഭൂപ്രദേശത്തെയും തങ്ങളുടെ ലൊക്കേഷനുമായി ചേര്‍ത്തു പറയുകയെന്നത് യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ സ്വഭാവമാണ്. അങ്ങനെയാണ് മിഡില്‍ ഈസ്റ്റ് എന്ന പ്രയോഗവും ഉണ്ടാകുന്നത്. 

ഇപ്പോള്‍ നമ്മള്‍ നില്‍ക്കുന്നത് ഫലസ്ത്വീന്‍ പ്രദേശത്തിന്റെ ചരിത്രത്തിലെ രണ്ട് പ്രധാന സംഭവങ്ങളുടെ നൂറാം വാര്‍ഷികത്തിനടുത്താണ്. സൈക്‌സ്-പീക്കോ കരാറാണ് ഒന്ന്. രണ്ടാമത്തേത്, ഏകീകൃത ഉസ്മാനിയ ഖിലാഫത്ത് തകര്‍ക്കപ്പെട്ട് ആധുനിക ദേശരാഷ്ട്രങ്ങള്‍ രൂപീകരിക്കപ്പെട്ട സംഭവം. ലബനാന്‍, സിറിയ, ജോര്‍ദാന്‍, ഇറാഖ്, ഫലസ്ത്വീന്‍, സുഊദി അറേബ്യ പോലുള്ള രാജ്യങ്ങള്‍ രൂപംകൊള്ളുന്നത് ഇങ്ങനെയാണ്. ഇന്ന് മിഡില്‍ ഈസ്റ്റ് എന്ന് കൊളോണിയല്‍ ശക്തികള്‍ വിളിക്കുന്ന മേഖലയിലെ രാജ്യാതിര്‍ത്തികള്‍ തീരുമാനിക്കപ്പെടുന്നത് ഉസ്മാനിയ ഖിലാഫത്തിനെ ഇല്ലാതാക്കുന്നതിലൂടെയും, ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെയുമാണ്. 1917 നവംബര്‍ 2-ന് ബാല്‍ഫര്‍ പ്രഖ്യാപനത്തിലൂടെ ബ്രിട്ടീഷ് സര്‍ക്കാര്‍ ജൂതരാഷ്ട്രമായി ഫലസ്ത്വീനെ നല്‍കാമെന്ന് സയണിസ്റ്റുകള്‍ക്ക് വാഗ്ദാനം നല്‍കി. എന്നാല്‍ ഈ പ്രഖ്യാപനമുണ്ടാകുന്ന നവംബര്‍ 2-ന് ബ്രിട്ടന് ഫലസ്ത്വീന്‍ പ്രദേശത്തിനു മേല്‍ അധികാരമുണ്ടായിരുന്നില്ല. ഡിസംബര്‍ ആദ്യത്തില്‍ ജനറല്‍ എഡ്മണ്ട് അല്ലന്‍ബി ജറൂസലമില്‍ എത്തുന്നതോടെയാണ് ഫലസ്ത്വീന്‍ ബ്രിട്ടന്റെ കീഴിലാകുന്നത്. ജറൂസലമില്‍ പ്രവേശിച്ച അല്ലന്‍ബി പ്രഖ്യാപിച്ചത് ഇപ്പോഴാണ് കുരിശുയുദ്ധം സമാപിച്ചത് എന്നാണ്. 2011 സെപ്റ്റംബര്‍ 11-നു ശേഷം അമേരിക്ക ആരംഭിച്ച മറ്റൊരു കോളനിവല്‍ക്കരണത്തിന്റെ തുടക്കത്തില്‍ ജോര്‍ജ് ബുഷ് കുരിശുയുദ്ധം എന്ന് പ്രയോഗിച്ചതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

ഇന്ന് ബാല്‍ഫര്‍ പ്രഖ്യാപനവുമായോ അതിന്റെ മറ്റു വശങ്ങളുമായോ ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും ആന്റിസെമിറ്റിക് ആയാണ് കണക്കാക്കപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ സെമിറ്റിക് വിരുദ്ധത വലിയ സ്വാധീനം ചെലുത്തിയിരുന്നു എന്നു കാണാം. ഇവിടെ ഇംഗ്ലീഷ് ഭരണകൂടം ഒരു വെടിക്ക് രണ്ട് പക്ഷികളെ പിടിക്കാനുള്ള ശ്രമത്തിലുമായിരുന്നു. പശ്ചിമ യൂറോപ്പില്‍നിന്നുള്ള കുടിയേറ്റത്തിലൂടെയും മറ്റും ബ്രിട്ടനില്‍ വര്‍ധിച്ചുവരുന്ന ജൂതജനസംഖ്യ കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു അതിലൊന്ന്. ജൂത പ്രശ്‌നം എന്നത് ഇവിടെ യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ മാത്രം അനുഭവിക്കുന്ന ഒരു പേടിയായിരുന്നു. അവരത് സാമാന്യവല്‍ക്കരിക്കുകയാണ് ചെയ്തത്. ഇന്ന് പാശ്ചാത്യ ലോകം മുസ്‌ലിം സാന്നിധ്യത്തെയും ഇതുപോലെ പ്രശ്‌നവല്‍ക്കരിച്ചുവരികയാണെന്നു കാണാനാകും. രണ്ടാമത്തേത്, ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാകുന്ന രീതിയില്‍ അറേബ്യന്‍ മേഖലയില്‍ ഒരു ബഫര്‍ സ്റ്റേറ്റ് രൂപപ്പെടുത്തുക എന്നതായിരുന്നു. കാരണം, ഈജിപ്തിനെ നിയന്ത്രിക്കാനും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഇത്തരമൊരു ഇടത്താവളം അവര്‍ക്ക് അനിവാര്യമായിരുന്നു. ആഫ്രിക്ക-ഏഷ്യ വന്‍കരകളെയും മെഡിറ്ററേനിയന്‍, ചെങ്കടല്‍ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന സ്ഥാനത്ത് നിലകൊള്ളുന്നു എന്നതാണ് ഫലസ്ത്വീനെ കൊളോണിയലിസം ഉന്നം വെക്കാന്‍ കാരണം. ഈ മേഖലയിലെ വാണിജ്യ റൂട്ടുകളും അവര്‍ക്ക് നിര്‍ണായകമായിരുന്നു. ഇന്ത്യ, അഫ്ഗാനിസ്താന്‍ എന്നിവയുമായുള്ള ബന്ധങ്ങള്‍ക്കും ഭൂമിശാസ്ത്രപരമായി ഈ മേഖലക്ക് പ്രാധാന്യമുണ്ട്. 

1492 മുതല്‍ തന്നെ ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ സംരക്ഷണവും വ്യാപനവും യൂറോപ്യന്‍ അധിനിവേശത്തിന്റെ പ്രധാന താല്‍പര്യമായിരുന്നു. തുടര്‍ന്നുള്ള നൂറ്റാണ്ടുകളില്‍ മുസ്‌ലിംകളും ജൂതരുമാണ് ഇതിന് തടസ്സമെന്ന് അവര്‍ കണ്ടെത്തി. രണ്ട് വിഭാഗങ്ങളെയും ഒതുക്കാന്‍ വ്യത്യസ്ത തന്ത്രങ്ങള്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ച തന്നെയായിരുന്നു ഫലസ്ത്വീന്‍ അധിനിവേശവും. 

ബ്രിട്ടന്‍ അറേബ്യന്‍ അര്‍ധദ്വീപില്‍ ഇടപെടുന്നതില്‍ കൊളോണിയല്‍ താല്‍പര്യങ്ങളുണ്ട്. അതോടൊപ്പം, ഖിലാഫത്ത്, ഖലീഫ എന്നീ മുസ്‌ലിം സംജ്ഞകളും അധിനിവേശത്തിനായി അവര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉസ്മാനിയാ ഖിലാഫത്തില്‍നിന്ന് ഫലസ്ത്വീന്‍ ഭൂപ്രദേശങ്ങള്‍ കൈവശപ്പെടുത്തിയ ബ്രിട്ടന്‍ ശരീഫ് ഹുസൈനെ ആ മേഖലയിലെ ഖലീഫയായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഒന്നാം ലോകയുദ്ധം തീരുന്ന മുറക്ക് മേഖലയുടെ പൂര്‍ണ ഖലീഫയായി പ്രഖ്യാപിക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് പല രീതിയില്‍ ബ്രിട്ടീഷുകാര്‍ കരാറുകള്‍ ലംഘിച്ചു. അവസാനം അത് മഹത്തായ അറേബ്യന്‍ വിപ്ലവം (ഠവല ഏൃലമ േഅൃമയ ഞല്ീഹ)േ എന്നറിയപ്പെടുന്ന സംഭവങ്ങളിലേക്ക് നയിച്ചു. അതു പോലും കൊളോണിയല്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്ന് പിന്നീട് വ്യക്തമായി. തോമസ് എഡ്വാര്‍ഡ് ലോറന്‍സ് എന്ന ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായിരുന്നു അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.

ഈ വിപ്ലവവും അറബികളിലൂടെ നിര്‍മിച്ചെടുത്തത് കൃത്യമായ കൊളോണിയല്‍ പദ്ധതികളുടെ ഭാഗമായിരുന്നു. ഒന്നാം ലോകയുദ്ധ കാലത്ത് ബ്രിട്ടീഷ്, ഫ്രഞ്ച് സൈന്യങ്ങള്‍ ഉസ്മാനിയാ സേനയുമായി ഏറ്റുമുട്ടുന്നുണ്ടായിരുന്നു. ഉസ്മാനിയാ സൈന്യത്തിന് ജോര്‍ദാന്‍, ഫലസ്ത്വീന്‍, സിറിയ എന്നീ പ്രദേശങ്ങള്‍ വഴി സഞ്ചരിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാതാക്കുകയെന്നതായിരുന്നു അറബികളുടെ വിപ്ലവത്തിന്റെ പിന്നിലെ രഹസ്യം. 

അറേബ്യന്‍ മേഖലയില്‍ ഇതേ രൂപത്തിലുള്ള ഒരു കൊളോണിയല്‍ പ്രൊജക്റ്റിന്റെ ഭാഗമായാണ് സയണിസത്തെയും ബ്രിട്ടന്‍ വളര്‍ത്തിക്കൊണ്ടുവന്നത്. ഒന്നാം ലോകയുദ്ധത്തിന് മുമ്പും ശേഷവും അവര്‍ക്കിടയില്‍ നടന്ന ആശയവിനിമയങ്ങളും ഇടപാടുകളും ശ്രദ്ധിച്ചാല്‍ അത് കാണാനാകും. അതുപ്രകാരം സയണിസ്റ്റുകള്‍ അവരുടെ ലക്ഷ്യങ്ങളും ടാര്‍ഗറ്റുകളും പ്രഖ്യാപിച്ചു. അതെല്ലാം കൃത്യമായ കൊളോണിയല്‍ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നു. അധിനിവേശത്തില്‍ പങ്കാളികളാവുകയായിരുന്നു സയണിസ്റ്റുകള്‍. അങ്ങനെ അവര്‍ ചരിത്രത്തെയും അതിന്റെ അടയാളങ്ങളെയും മാറ്റിയെഴുതാന്‍ തുടങ്ങി. സയണിസത്തെ ജൂതവിമോചന പദ്ധതിയായി പ്രചരിപ്പിച്ചു. വിമോചനത്തെ കൊളോണിയല്‍ പ്രൊജക്റ്റുമായി ബന്ധിപ്പിക്കുകയാണ് സയണിസ്റ്റുകള്‍ ചെയ്തത്. 

സയണിസ്റ്റുകള്‍ കൊളോണിയല്‍ പ്രചാരണങ്ങളുടെ പക്ഷം ചേര്‍ന്ന് ജൂത-മുസ്‌ലിം സംഘര്‍ഷങ്ങളുടെ ചരിത്രമാണ് അവതരിപ്പിച്ചത്. സെമിറ്റിക് വിരുദ്ധതയുടെ ഭാഗമായി യൂറോപ്യര്‍ നിര്‍മിച്ചെടുത്ത കഥകള്‍ തന്നെ അതിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. അറേബ്യയിലും മറ്റിടങ്ങളിലും മുസ്‌ലിംകളും ജൂതരും സഹവര്‍ത്തിച്ച ബൃഹദ് ചരിത്രങ്ങളെയെല്ലാം മായ്ച്ചുകളഞ്ഞു. സയണിസത്തെ ഒരു ജൂതപരിഷ്‌കരണ പ്രസ്ഥാനമായി കാണാം. കാരണം ഇവര്‍, പാരമ്പര്യമായി നിലനിന്നിരുന്ന മുസ്‌ലിംകളുമായുള്ള സഹവര്‍ത്തിത്വത്തെ തമസ്‌കരിക്കുകയും പരിഷ്‌കരണങ്ങള്‍ക്കായി വാദിക്കുകയുമാണ് ചെയ്തത്. തികച്ചും മോഡേണിറ്റിയുടെ ഉല്‍പന്നമായ ദേശരാഷ്ട്രത്തെയും ദേശീയതയെയും ജൂതവിശ്വാസങ്ങളിലേക്ക് സയണിസ്റ്റുകള്‍ കൊണ്ടുവരികയും ചെയ്തു. ഇതും ഒരു പരിഷ്‌കരണമാണ്. പ്രവാചകന്മാരുടെ യും മറ്റും ചരിത്രത്തിന്റെ കൂടെ മോഡേണിറ്റിയുടെ ആശയങ്ങള്‍കൂടി ഉള്‍പ്പെടുത്തുകയാണ് സയണിസം ചെയ്തത്. 

ഇനി ജൂതരുടെ വിമോചനമാണ് സയണിസ്റ്റുകളുടെ യഥാര്‍ഥ ലക്ഷ്യമെങ്കില്‍, ജൂതര്‍ ഏത് പ്രദേശത്താണോ താമസിക്കുന്നത് ആ ഭൂമിയില്‍ തന്നെ അവരുടെ വിമോചനത്തിനായി പ്രവര്‍ത്തിക്കുകയാണ് അവര്‍ ചെയ്യേണ്ടത്. എന്നാല്‍ അവര്‍ അതല്ല ചെയ്തത്. പകരം മറ്റൊരു വലിയ കൊളോണിയല്‍ പ്രൊജക്റ്റിന്റെ ഭാഗമായി മാറി, തങ്ങളുടെ താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. യൂറോപ്യന്‍ വംശീയ ദേശീയതയുടെയും സെമിറ്റിക് വിരുദ്ധതയുടെയും അടിസ്ഥാനത്തില്‍ രൂപംകൊണ്ട കൊളോണിയല്‍ പ്രൊജക്റ്റിന്റെ തന്നെ ഭാഗമാവുകയാണവര്‍ ചെയ്തത്. 

ഒരു കൊളോണിയല്‍ പ്രൊജക്റ്റ് എന്ന നിലയില്‍ ഇതിനെ വിലയിരുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇവിടെ കൊളോണിയാലിറ്റിയെയും സെക്യുലര്‍ കൊളോണിയാലിറ്റിയെയും വേര്‍തിരിച്ചു മനസ്സിലാക്കണം. ആദ്യകാലത്തെ അധിനിവേശങ്ങളില്‍ മതപ്രചാരണവും ലക്ഷ്യമായിരുന്നു. പിന്നീട് ഈ ലക്ഷ്യം മറച്ചുവെക്കാനും മതേതരമാണ് കോളനിവല്‍ക്കരണങ്ങളെന്ന് പ്രചരിപ്പിക്കാനും അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തരമൊരു സെക്യുലര്‍ കൊളോണിയല്‍ പ്രൊജക്റ്റാണ് ഫലസ്ത്വീനില്‍ നടപ്പാക്കപ്പെട്ടത്. സെക്യുലര്‍ കൊളോണിയലിസത്തില്‍ അവിടെയുള്ള ജനസംഖ്യയെ പലതരത്തില്‍ കീഴടക്കി ഒതുക്കുകയാണ്. ദക്ഷിണാഫ്രിക്കയിലും മറ്റും അതാണ് നടന്നത്. ഇതുതന്നെയാണ് ഫലസ്ത്വീനില്‍ സയണിസ്റ്റുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്- ഫലസ്ത്വീനികളെ ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുക. അങ്ങനെയാണ് ഫലസ്ത്വീന്‍, ഭൂമിയില്ലാത്ത ജനങ്ങളും ജനങ്ങളില്ലാത്ത ഭൂമിയുമായി മാറിയത്. 

ജനതയില്ലാത്ത ഭൂമി മാത്രമായിരുന്നു ഫലസ്ത്വീനെങ്കില്‍ സയണിസ്റ്റുകള്‍ എങ്ങനെയാണ് ഈ പ്രദേശത്ത് ആയിരക്കണക്കിന് വര്‍ഷങ്ങളുടെ വലിയ ചരിത്രങ്ങള്‍ അവകാശപ്പെടുന്നത്? ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ഈ ചോദ്യം ഉയര്‍ന്നിരുന്നു. സയണിസ്റ്റുകളുടെ ഈ വാദം അവരുടെ തന്നെ ആദ്യകാല രേഖകള്‍ക്കും വേദഗ്രന്ഥങ്ങളിലെ വസ്തുതകള്‍ക്കും വിരുദ്ധമാണ്. ഉസ്മാനികള്‍ പോലുള്ളവരുടെ ഭരണരേഖകള്‍ വേറെയുമുണ്ട്. ബ്രിട്ടീഷുകാര്‍ നികുതി പിരിച്ചതിന്റെയും മറ്റും കണക്കുകളുമുണ്ട്. ഇതെല്ലാം സയണിസ്റ്റ് പ്രചാരണങ്ങളുടെ മുനയൊടിക്കുന്നു. എന്നാല്‍ അവരെ ഈ പ്രചാരണങ്ങള്‍ക്ക് സഹായിക്കുന്നത് സെക്യുലര്‍ കൊളോണിയാലിറ്റിയാണ്. കോളനിവല്‍ക്കരിക്കപ്പെടുന്ന ജനതകളും ഭൂമിയുടെ നേരവകാശികളും പരിഗണിക്കപ്പെടേണ്ടവരായി അവര്‍ കാണുന്നില്ല. പിടിച്ചടക്കുന്ന ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കുന്നവന്റെ സ്വകാര്യ സ്വത്തായി കാണുകയാണ്. അവനാണ് അതിന്റെ അവകാശങ്ങളും ചരിത്രങ്ങളും തീരുമാനിക്കുന്നത്. ഇതാണ് ആ സെക്യുലര്‍ കൊളോണിയല്‍ യുക്തി. 

സെക്യുലര്‍ കൊളോണിയാലിറ്റിയുടെ മറ്റൊരു പ്രധാന വാദം, ഫലസ്ത്വീനികള്‍ക്ക് തങ്ങളുടെ സ്റ്റേറ്റ് എന്ന സങ്കല്‍പം ഇല്ല എന്നതാണ്. ചരിത്രത്തില്‍ അതിന് തെളിവില്ലെന്നും അവര്‍ വാദിക്കുന്നു. ഇവിടെ പ്രശ്‌നം മറ്റൊന്നാണ്. മോഡേണിറ്റിയുടെ കാലത്തുണ്ടായ ആശയവും പ്രയോഗവുമാണ് ദേശരാഷ്ട്രം, സ്റ്റേറ്റ് എന്നിവയെല്ലാം. അവ ചരിത്രത്തില്‍ കാണാനില്ലെന്ന് പറയുന്നത് അര്‍ഥശൂന്യമാണ്. കാരണം ഇന്നത്തെ സ്റ്റേറ്റ് സങ്കല്‍പങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്ത, മനസ്സിലാക്കാനാവാത്ത ഘടനകളും വ്യവസ്ഥകളുമാണ് അവിടെ നിലനിന്നിരുന്നത്. എന്നാല്‍ മനുഷ്യര്‍ക്ക് ജൈവികമായി തന്നെ തങ്ങളുടെ ഭൂപ്രദേശവുമായും ആവാസവ്യവസ്ഥയുമായും ബന്ധപ്പെട്ട സംസ്‌കാരവും സാമൂഹിക ജീവിതവുമുണ്ട്. അത് ഫലസ്ത്വീനികള്‍ക്ക് ഇന്നും ഈ പ്രദേശങ്ങളില്‍ സാധ്യമാകുന്നുണ്ട്. ഇസ്രയേലില്‍ ജൂതരുമായുള്ള സഹവാസത്തില്‍നിന്നാണ് ഫലസ്ത്വീനികള്‍ക്ക് ദേശീയ ഭാവന ഉണ്ടായിവരുന്നതെന്ന വാദവും മുന്നോട്ടുവെക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിനപ്പുറം ഫലസ്ത്വീനികള്‍ വിശ്വാസപരമായും സാംസ്‌കാരികമായും സാമൂഹികമായും നൂറ്റാണ്ടുകളുടെ ജീവിതത്തിലൂടെയും സഹവര്‍ത്തിത്വത്തിലൂടെയും ആവിഷ്‌കരിച്ച ജീവിത ശൈലി ഇവിടെ തമസ്‌കരിക്കപ്പെടുകയാണ്. 

ഈ പ്രൊജക്റ്റിന്റെ വിശ്വാസപരമായ മാനങ്ങള്‍കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ആദ്യകാലത്ത് കോളനിവല്‍ക്കരണത്തോടൊപ്പം മതപരമായ ന്യായീകരണങ്ങളും കൊളോണിയല്‍ ശക്തികള്‍ നടത്തിയിരുന്നു. 'വെള്ളക്കാരുടെ ഭാരം' പോലുള്ള സിദ്ധാന്തങ്ങള്‍ക്ക് വരെ ബൈബിളിലെയും മറ്റും 'തെളിവുകള്‍' നിരത്തപ്പെട്ടിരുന്നു. ഫലസ്ത്വീനിലെ കോളനിവല്‍ക്കരണ പദ്ധതിയിലും ഇത്തരം ചില വാദങ്ങളുണ്ട്. ഉദാഹരണത്തിന് അമേരിക്കയിലെ ഇവാഞ്ചലിസ്റ്റുകള്‍, മിലനേറിയന്‍സ്, റാപ്ച്ചര്‍സ് പോലുള്ള വിഭാഗങ്ങളുടെ വിശ്വാസത്തില്‍ യേശുവിന്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവിന് ജൂതര്‍ ഫലസ്ത്വീന്‍ മേഖല പിടിച്ചടക്കല്‍ നിര്‍ബന്ധമാണ്. അപ്പോള്‍ അവര്‍ സയണിസ്റ്റുകളെ സഹായിക്കുന്നത് യേശുവിന്റെ തിരിച്ചുവരവിനുള്ള അടിത്തറ പാകാനാണ്!! ഇവിടെ ബൈബിളിനെയും അതിന്റെ അധ്യാപനങ്ങളെയും മതപരമായി കോളനിവല്‍ക്കരണത്തിന് ഉപയോഗപ്പെടുത്തുകയാണ്. 

ഫലസ്ത്വീന്‍ പ്രശ്‌നത്തിന് ഇരുരാജ്യ പരിഹാര ഫോര്‍മുല അടുത്ത കാലത്ത് വരെ അമേരിക്കയും മറ്റും മുന്നോട്ടുവെച്ചിരുന്നു. അത് യഥാര്‍ഥത്തില്‍ കൊളോണിയല്‍ പ്രൊജക്റ്റിന്റെ ഭാഗമായിരുന്നില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാല്‍ പാശ്ചാത്യര്‍ അംഗീകരിക്കേണ്ടിവന്നതാണ്. എന്നാല്‍ സയണിസ്റ്റുകളാകട്ടെ അത് തുടക്കത്തിലേ അംഗീകരിച്ചിരുന്നില്ല. അമേരിക്കയില്‍ ട്രംപ് അധികാരത്തിലേറിയതോടെ ഇതിലും വ്യക്തമായ മാറ്റമാണുണ്ടായത്. അമേരിക്കന്‍ അധികൃതര്‍ പരസ്യമായി ഇരുരാഷ്ട്ര ഫോര്‍മുലയെ തള്ളി, ഫലസ്ത്വീനികളും ജൂതരും ഒരു രാജ്യത്ത് വസിക്കണമെന്നാണ് പറയുന്നത്. ഈ നിലപാടുമാറ്റത്തെ സയണിസ്റ്റുകളും ഇസ്രയേല്‍ സര്‍ക്കാറും സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്.

ഫലസ്ത്വീന്‍ പ്രശ്‌നത്തെ ഡികൊളോണിയല്‍ വീക്ഷണകോണില്‍ വിലയിരുത്താവുന്നതാണ്. ഇപ്പോള്‍ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത് ഇസ്രയേലിന്റെ സുരക്ഷ, ഫലസ്ത്വീനികളുടെ 'കടന്നാക്രമണം' എന്ന നിലക്കാണ്. കൊളോണിയാലിറ്റിയുടെ ഭാഗമായി തന്നെയുള്ള ഫലസ്ത്വീന്‍ കൈയേറ്റമെന്ന പദ്ധതിയുടെ നടത്തിപ്പുകാരുടെ സുരക്ഷ മാത്രമാണ് കൊളോണിയാലിറ്റി ചര്‍ച്ച ചെയ്യുന്നത്. ഈ പ്രശ്‌നത്തെ ഡികൊളോണിയലായി കാണണം. അഥവാ പ്രശ്‌നമുണ്ടാക്കിയവര്‍, കൈയേറിയവര്‍ പിന്മാറണം. കെളോണിയല്‍ ശക്തികള്‍ സ്വയം ഉണ്ടാക്കിയ സുരക്ഷാ പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കണം. ഫലസ്ത്വീന്‍ പ്രശ്‌നത്തെ ഡികോളണൈസ് ചെയ്യണം. പ്രശ്‌നം കൊളോണിയല്‍ ശക്തികളിലാണ്. അവര്‍ തന്നെ അത് പരിഹരിക്കണം. സ്വാതന്ത്ര്യം, ആത്മാഭിമാനം, നീതി, സമത്വം ഇവയെല്ലാമാണ് ഫലസ്ത്വീനികളെന്ന നിലയില്‍ ഞങ്ങളുടെ ആവശ്യം. ഈ അടിസ്ഥാന ആവശ്യങ്ങളില്‍നിന്ന് പിന്മാറാന്‍ ഞങ്ങള്‍ തയാറല്ല. ഞങ്ങള്‍ ഈ അവകാശങ്ങള്‍ക്കായി പൊരുതിക്കൊണ്ടേയിരിക്കും.

വിവ: ജുമൈല്‍ കൊടിഞ്ഞി 

(Palestine... it is something colonial  എന്ന തന്റെ പുസ്തകത്തെ കുറിച്ച ചര്‍ച്ചയില്‍ നടത്തിയ പ്രഭാഷണം)

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍