വിചിത്രം ഈ വിവാഹ മോചനങ്ങള്‍
വിവാഹമോചനവുമായി ബന്ധപ്പെട്ട കഥകള്‍ ധാരാളമുണ്ട്. നിസ്തുല സ്‌നേഹം പുലര്‍ത്തുന്ന ദമ്പതികള്‍ക്കിടയില്‍ വിവാഹമോചനം ആവശ്യമായി വന്നാല്‍ കഥയുടെ ഗതിമാറും. ഖലീഫ ഹാറൂന്‍ റശീദിന്റെ കാര്യത്തില്‍ സംഭവിച്ചത് അതാണ്. അദ്ദേഹം തന്റെ പത്‌നി സുബൈദയെ വിചിത്ര രീതിയിലാണ് ത്വലാഖ് ചൊല്ലിയത്. കുപിതനായ അദ്ദേഹം പറഞ്ഞു: ''ഞാന്‍ സ്വര്‍ഗാവകാശിയാവുന്നില്ലെങ്കില്‍ നീ വിവാഹമോചിതയാണ്.'' പിന്നീട് അദ്ദേഹത്തിന് ഖേദം തോന്നി. അവര്‍ക്കിടയില്‍ ഗാഢസ്‌നേഹമായിരുന്നു. പത്‌നി സുബൈദയും ദുഃഖിച്ചു അങ്ങേയറ്റം. പണ്ഡിതന്മാരെ സമീപിച്ച് ഹാറൂന്‍ റശീദ് പറഞ്ഞു: ''ഞാന്‍ വിവാഹമോചനം ഉദ്ദേശിച്ചതല്ല. പക്ഷേ, ഞാന്‍ സ്വര്‍ഗാവകാശിയാണെന്ന് എങ്ങനെ ഉറപ്പിക്കും? എങ്കിലല്ലേ ത്വലാഖ് സംഭവിക്കാതിരിക്കൂ.''അവര്‍ക്ക് ഒരു പരിഹാരവും നിര്‍ദേശിക്കാനായില്ല. ഈജിപ്തിലെ മഹാ പണ്ഡിതന്‍ ലൈസുബ്‌നു സഅ്ദിനെ സമീപിച്ചുനോക്കാനാണ് അവര്‍ പറഞ്ഞത്. അങ്ങനെ ഹാറൂന്‍ റശീദ് ലൈസുബ്‌നു സഅ്ദിനെയും വേറെ പണ്ഡിതന്മാരെയും ക്ഷണിച്ചുവരുത്തി പരിഹാര മാര്‍ഗം ആരാഞ്ഞു. എല്ലാവരും തങ്ങളുടെ അഭിപ്രായം പറഞ്ഞെങ്കിലും ലൈസുബ്‌നു സഅ്ദ് ഒന്നും ഉരിയാടിയില്ല. അഭിപ്രായം പറയാന്‍ ഹാറൂന്‍ റശീദ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
''അമീറുല്‍ മുഅ്മിനീന്‍, ഒരു മുസ്വ്ഹഫ് കൊണ്ടുവരൂ. എന്നിട്ട് അതില്‍നിന്ന് സൂറത്തുര്‍റഹ്മാന്‍ എടുത്ത് പാരായണം ചെയ്യൂ.'' ഹാറൂന്‍ റശീദ് ആ ഭാഗമെടുത്ത് ഓതി. 'തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്' എന്ന സൂക്തമെത്തിയപ്പോള്‍ ലൈസുബ്‌നു സഅ്ദ്: 'അമീറുല്‍ മുഅ്മിനീന്‍, നില്‍ക്കട്ടെ. അല്ലാഹുവിന്റെ തിരുസന്നിധിയെയും ആ സന്നിധിയിലെ നില്‍പിനെയും ഭയപ്പെടുന്ന വ്യക്തിയാണോ താങ്കള്‍?'
ഹാറൂന്‍ റശീദ്: 'തീര്‍ച്ചയായും. ആ ഭയപ്പാടുള്ള വ്യക്തിയാണ് ഞാന്‍.''
പലവട്ടം ഈ വാക്യം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ലൈസുബ്‌നു സഅ്ദ്: 'അല്ലാഹുവിന്റെ സന്നിധിയെയും ആ സന്നിധിയിലെ നില്‍പിനെയും പേടിക്കുന്ന ആളെന്ന നിലക്കാണല്ലോ അങ്ങ് സത്യം ചെയ്തത്. അങ്ങനെയുള്ള അങ്ങക്ക് രണ്ട് സ്വര്‍ഗമാണ് കിട്ടാനുള്ളത്. ഒരു സ്വര്‍ഗമല്ല. തദടിസ്ഥാനത്തില്‍, താങ്കള്‍ നടത്തിയ വിവാഹമോചനം സാധുവാകില്ല.'
സന്തുഷ്ടനായ ഹാറൂന്‍ റശീദ് മന്ദസ്മിതത്തോടെ: ''വലിയ ഉപകാരമാണ് അങ്ങ് ചെയ്തത്. അല്ലാഹു അനുഗ്രഹിക്കട്ടെ.''
സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി ലൈസുബ്‌നു സഅ്ദിനെ ഹാറൂന്‍ റശീദ് യാത്രയയച്ചു. തന്റെ ദുഃഖമകറ്റുകയും തന്റെ ബുദ്ധിസാമര്‍ഥ്യത്താല്‍ പ്രിയ പത്‌നിയെ തിരികെ തരികയും ചെയ്ത വ്യക്തിയാണല്ലോ. പത്‌നി സുബൈദ മറയ്ക്കു പിന്നില്‍നിന്ന് ആകാംക്ഷയോടെ രംഗം വീക്ഷിക്കുന്നുണ്ടായിരുന്നു. അവരും അങ്ങേയറ്റം സന്തുഷ്ടയായി. തന്റെ വ്യഥയകറ്റിയ പണ്ഡിതന് അവരും നല്‍കി ആവോളം ഉപഹാരങ്ങള്‍; ഭര്‍ത്താവ് നല്‍കിയതിന്റെ ഇരട്ടിതന്നെ.
കഥയിലെ സുബൈദ ജഅ്ഫറുബ്‌നു അബീ ജഅ്ഫറിന്റെ പുത്രിയാണ്. ഖലീഫമാരായ ഒമ്പത് കുടുംബാംഗങ്ങള്‍ ഉള്ള മഹതിയാണ് അവരെന്ന് വാഴ്ത്തിപ്പറയാറുണ്ട്. ഭര്‍ത്താവ് ഹാറൂന്‍ റശീദ്, പിതാമഹന്‍ മന്‍സൂര്‍, അദ്ദേഹത്തിന്റെ സഹോദരന്‍ സഫാഹ്, പിതൃവ്യന്‍ മഹ്ദി, മകന്‍ അമീന്‍, മക്കള്‍ മഅ്മൂന്‍, മുഅ്തസിം, വാസിഖ്, മുതവക്കില്‍. ധര്‍മിഷ്ഠയായിരുന്ന അവരാണ് ഇറാഖില്‍നിന്ന് മക്കയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്കു വേണ്ടി ഒരു കനാല്‍ വെട്ടിയത്. 'ഐന്‍ സുബൈദ' എന്ന പേരിലാണ് ചരിത്രത്തില്‍ അത് അറിയപ്പെടുന്നത്. അറിവിലും കഴിവിലും പാണ്ഡിത്യത്തിലും സൗന്ദര്യത്തിലുമെല്ലാം ആ കാലഘട്ടത്തില്‍ നിസ്തുലയായിരുന്നു അവര്‍. അവരുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ നിത്യ സ്മാരകമായി ഐന്‍ സുബൈദ ഇന്നും മക്കയില്‍ അവശേഷിക്കുന്നു.
അവരുടെ ഭര്‍ത്താവായ ഹാറൂന്‍ റശീദ് പണ്ഡിതന്മാരെയും ശാസ്ത്രജ്ഞന്മാരെയും ആദരിച്ചു; പ്രോത്സാഹനങ്ങള്‍ നല്‍കി. ഭരണപാടവത്തിലും നയജ്ഞതയിലും ദൈവഭക്തിയിലും അനുപമ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഖതീബുല്‍ ബഗ്ദാദി അദ്ദേഹത്തെക്കുറിച്ച് എഴുതി: 'തഹജ്ജുദ് മുടക്കാതിരുന്ന ഹാറൂന്‍ റശീദ്, ദിവസവും തന്റെ സ്വന്തം സമ്പത്തില്‍നിന്ന് ആയിരം ദിര്‍ഹം ധര്‍മം കൊടുത്തിരുന്നു. എല്ലാ വര്‍ഷവും ഹജ്ജ് ചെയ്തിരുന്ന ഹാറൂന്‍ റശീദ്, തനിക്ക് കഴിയാത്ത കൊല്ലങ്ങളില്‍ സാധുക്കളെ ഹജ്ജിനയക്കുമായിരുന്നു.'
മേല്‍ കൊടുത്ത കഥയില്‍ നിരവധി ഗുണപാഠങ്ങളുണ്ട്. വിഘ്‌നങ്ങള്‍ ചിലതുണ്ടായാലും ദാമ്പത്യ ബന്ധം തുടരണമെന്ന, സ്‌നേഹിക്കുന്ന ദമ്പതികളുടെ നിര്‍ബന്ധം. മഹാനായ പണ്ഡിതന്‍ ലൈസുബ്‌നു സഅ്ദും വഹിച്ചു വലിയ ഒരു പങ്ക്. അദ്ദേഹം നന്മയുടെ താക്കോലും തിന്മയുടെ താഴുമായി വര്‍ത്തിച്ചു. ദിനേന മുന്നൂറ് സാധുക്കള്‍ക്ക് ആഹാരം നല്‍കി ഊട്ടിയ ഉദാരമതിയുമായിരുന്നു ആ പണ്ഡിതവര്യന്‍. കുടുംബം എന്ന സ്ഥാപനം തകരാതെ നോക്കാന്‍ തന്റെ ബുദ്ധിവൈഭവം ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം. ഇതു കാരണം ഇമാം മാലിക്, അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അറിവിനെ വാഴ്ത്തിയിരുന്നു.
ലൈസുബ്‌നു സഅ്ദിന്റെ ഈ രീതി നമ്മുടെ പൂര്‍വകാല പണ്ഡിതന്മാരില്‍ പലരും അവലംബിച്ചതായി കാണാം. അറിവും ബുദ്ധിസാമര്‍ഥ്യവും ഒത്തിണങ്ങിയവരായിരുന്നു ആ മഹാ മനീഷികള്‍. ഇതുപോലുള്ള രസകരമായ പല കഥകളും റൗളത്തുത്ത്വാലിബീന്‍ എന്ന ഗ്രന്ഥത്തില്‍ വായിക്കാം. അതിലൊന്ന്:
കോണി കയറുകയായിരുന്നു ഭാര്യ. കോപിഷ്ഠനായ ഭര്‍ത്താവ്: ''കോണിപ്പടി കയറിയാല്‍ നീ വിവാഹമോചിത. കോണിപ്പടി ഇറങ്ങിയാലും നീ വിവാഹമോചിത.'' അവര്‍ നിന്നേടത്തു നിന്ന് അനങ്ങിയില്ല. ഖേദം തോന്നിയ ഭര്‍ത്താവ് മുകളിലേക്ക് കയറിച്ചെന്ന് അവളെയും പുറത്തേറ്റി കോണിപ്പടികള്‍ ഇറങ്ങി. ത്വലാഖ് സംഭവിക്കാതിരിക്കാന്‍ നടത്തിയ സൂത്രം. ക്ഷിപ്രകോപത്താലും അടങ്ങാത്ത ദേഷ്യത്താലും സംഭവിച്ചുപോകുന്ന വിവാഹമോചനങ്ങള്‍ എത്രയെത്ര കുടുംബങ്ങളെയാണ് തകര്‍ത്തിട്ടുണ്ടാവുക! ബുദ്ധിയും സാമര്‍ഥ്യവുമുള്ള പണ്ഡിതന്മാര്‍ ശര്‍ഈ വിധിക്ക് എതിരാവാതെത്തന്നെ പ്രശ്‌നങ്ങള്‍ വെണ്ണയില്‍നിന്ന് നൂലെടുക്കുന്ന ലാഘവത്തോടെ പരിഹരിച്ച നിരവധി സംഭവങ്ങള്‍ നിരത്താനാവും.
ഈ ഒരു സാമര്‍ഥ്യവും ബുദ്ധിയുമാണ് ഈ കാലഘട്ടത്തില്‍ വേണ്ടത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് മറ്റൊരു ആയിരം പ്രശ്‌നങ്ങള്‍ക്ക് ഇടവരാതെയാവണം. കുടുംബപ്രശ്‌നങ്ങളില്‍ ഇടപെടുന്നവര്‍ക്ക് വേണ്ടത്, ഏത് നിലക്കും ദാമ്പത്യജീവിതം തുടര്‍ന്നുപോവാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കാനും തങ്ങളുടെ അറിവും കഴിവും സുസ്ഥിര ദാമ്പത്യത്തിന് സഹായകമാക്കാനുമുള്ള മനസ്സാണ്.
വിവ: പി.കെ ജമാല്‍
Comments