Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ആരാണ് ഫലസ്ത്വീന്റെ അവകാശികള്‍?

എസ്.എം സൈനുദ്ദീന്‍

ബാല്‍ഫര്‍ പ്രഖ്യാപനത്തിന് 2017 നവംബര്‍ രണ്ടിന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ഒന്നാം ലോക യുദ്ധം പര്യവസാനിക്കാന്‍ മാസങ്ങള്‍ അവശേഷിക്കെ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ആര്‍ഥര്‍ ബാല്‍ഫര്‍ പ്രഭു സയണിസ്റ്റ് നേതാവ് റോത്‌സ് ചൈല്‍ഡ് പ്രഭുവിനയച്ച കത്താണ് പിന്നീട് 'ബാല്‍ഫര്‍ പ്രഖ്യാപനം' എന്ന പേരില്‍ അറിയപ്പെട്ടത്. അതിനെത്തുടര്‍ന്നാണല്ലോ അറബ്-മുസ്‌ലിം ലോകത്തും സാര്‍വദേശീയ രംഗത്തും അത്യന്തം പ്രതിലോമപരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ഫലസ്ത്വീനിലെ ജൂത അധിനിവേശത്തിന് തുടക്കം കുറിച്ചതും വിശാല ഫലസ്ത്വീന്‍ വിഭജിച്ച് ജൂത സയണിസ്റ്റ് വംശീയ രാഷ്ട്രമായ ഇസ്രയേല്‍ രൂപീകൃതമായതും. സയണിസ്റ്റ് തീവ്രവാദികള്‍ക്കിടയില്‍ ഒരാശയം മാത്രമായിരുന്ന ഇസ്രയേല്‍, സാമ്രാജ്യത്വത്തിന്റെ ഔപചാരിക അജണ്ടയായി രൂപാന്തരപ്പെടുകയായിരുന്നു.

മദീന കേന്ദ്രമായി മുഹമ്മദ് നബി(സ) സ്ഥാപിച്ച ഇസ്‌ലാമിക സാമൂഹികക്രമം വലിയ രാഷ്ട്രീയ അധികാരവും നാഗരികതയുമുള്ള രാഷ്ട്രമായി വികസിക്കുകയും ലോകത്തിലെ തന്ത്രപ്രധാനമായ രണ്ട് മുനമ്പുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്‌പെയ്‌നും ഫലസ്ത്വീനും അതിന്റെ അധികാര സീമയില്‍ കൊണ്ടുവരികയും ചെയ്തു. ഈ രണ്ട് തന്ത്രപ്രധാന മേഖലകള്‍ തങ്ങളുടെ അധീനതയില്‍ വരാത്തിടത്തോളം മുസ്‌ലിം നാടുകളുടെ മേലുള്ള തങ്ങളുടെ രാഷ്ട്രീയ അധിനിവേശം സാധ്യമാവുകയില്ലെന്ന തിരിച്ചറിവാണ് സ്‌പെയിനും ഫലസ്ത്വീനും കീഴടക്കാന്‍ പടിഞ്ഞാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.

മാത്രവുമല്ല, ഇസ്‌ലാമിക രാഷ്ട്രത്തിന്റെ മുന്നില്‍ ലോകത്തെ രണ്ട് വന്‍ സാമ്രാജ്യങ്ങളായിരുന്ന റോമും പേര്‍ഷ്യയും തകര്‍ന്നടിഞ്ഞത് ആശങ്കകളോടെയാണ് പടിഞ്ഞാറന്‍ സാമ്രാജ്യങ്ങള്‍ വീക്ഷിച്ചിരുന്നത്. യൂറോപ്പില്‍നിന്ന് ചെങ്കടല്‍ വഴിയും പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ വഴിയുമുള്ള സഞ്ചാര മാര്‍ഗങ്ങള്‍ അറബികളുടെ നിയന്ത്രണത്തിലായതോടെ സമുദ്ര സഞ്ചാരം യൂറോപ്യര്‍ക്ക് അസാധ്യമായി. 1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ, ചെലവേറിയതെങ്കിലും കരമാര്‍ഗമുള്ള സഞ്ചാരവും അവര്‍ക്ക് അസാധ്യമായി. ഇതും പടിഞ്ഞാറിന്റെ പ്രകോപനത്തിന് കാരണമായിത്തീര്‍ന്നു. 1492-ല്‍ സ്‌പെയിന്‍ കീഴടക്കിയതിനെത്തുടര്‍ന്ന് സ്പാനിഷ് നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോഡ ഗാമയും നടത്തിയ നാവിക യാത്രകളാണല്ലോ ആധുനിക പടിഞ്ഞാറന്‍ കോളനിവത്കരണത്തിനും സാമ്രാജ്യത്വത്തിനും അടിത്തറ പാകിയത്.

ബാല്‍ഫര്‍ പ്രഖ്യാപന വേളയില്‍ ഫലസ്ത്വീന്‍ ബ്രിട്ടന്റെ കോളനിയായിരുന്നില്ല. ഒന്നാം ലോക യുദ്ധത്തില്‍ വിജയിച്ചതോടെയാണ് ഫലസ്ത്വീനുള്‍പ്പെടുന്ന സിറിയ ബ്രിട്ടന്റെ അധീനതയില്‍ വന്നത്. 1924-ല്‍ ഫലസ്ത്വീന്റെ മേല്‍ നാമമാത്ര അധികാരമെങ്കിലുമുണ്ടായിരുന്ന തുര്‍ക്കിയിലെ ഉസ്മാനിയ ഖിലാഫത്ത് പിരിച്ചുവിടപ്പെട്ടതോടെ ഫലസ്ത്വീനില്‍ ബ്രിട്ടീഷ് ആധിപത്യം പൂര്‍ണമായി. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക വന്‍കരകളിലേക്ക് അനായാസം സഞ്ചാരം സാധ്യമാക്കിത്തരുന്ന തന്ത്രപ്രധാന മേഖല കൂടിയാണ് ഫലസ്ത്വീന്‍ എന്നതാണ് ഇസ്രയേല്‍ സ്ഥാപിക്കാന്‍ ഈ പ്രദേശം തന്നെ തെരഞ്ഞെടുത്തതിന്റെ കാരണം. സ്‌പെയിനില്‍ തുടങ്ങി ഫലസ്ത്വീനിലൂടെ മുന്നോട്ടു ഗമിക്കുന്ന പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തിന്റെ കഴുകന്‍ രാഷ്ട്രീയത്തെ, പക്ഷേ, വേണ്ട അളവില്‍ മനസ്സിലാക്കാനും പ്രതിരോധിക്കാനും പ്രശ്‌നവത്കരിക്കാനും മുസ്‌ലിം-അറബ് ഭരണകൂടങ്ങള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നത് ഒരേസമയം ആശ്ചര്യകരവും വ്യസനകരവുമാണ്. 15-ാം നൂറ്റാണ്ട് മുതല്‍ ഇന്നോളമുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട സുദീര്‍ഘമായ ചരിത്ര ഘട്ടങ്ങളെ വിശകലനം ചെയ്യാതെ ഫലസ്ത്വീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും സാധിക്കുകയില്ല.

ഫലസ്ത്വീന്‍ പ്രശ്‌നം ഒന്നാമതായി ഒരു രാഷ്ട്രീയ പ്രശ്‌നമാണ്. അതിനു ശേഷമാണ് അത് മറ്റെന്തുമാകുന്നത്. ഒരു ദേശ രാഷ്ട്രം, അതിലെ ഭൂവിഭവങ്ങള്‍ ആരുടേതാണെന്ന ചോദ്യത്തിന് ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള രാഷ്ട്രമീമാംസകളും മനുഷ്യാവകാശ-പൗരാവകാശ രേഖകളും നല്‍കുന്ന ഉത്തരം ഇതാണ്: 'ഓരോ രാജ്യത്തിന്റെയും മേലുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയംനിര്‍ണയാവകാശവും പരമാധികാരവും അതത് രാജ്യക്കാര്‍ക്കാണ്.' എന്നാല്‍ ഫലസ്ത്വീനികളുടെ വിഷയത്തില്‍ ഇത് അട്ടിമറിക്കപ്പെട്ടു. ചരിത്രപരമോ രാഷ്ട്രീയപരമോ ഭൂമിശാസ്ത്രപരമോ വംശപരമോ ആയി ഫലസ്ത്വീന്റെ മേല്‍ ഒരുവിധ അവകാശവും അധികാരവും ഇല്ലാത്ത ജൂതന്മാര്‍ക്ക് ഫലസ്ത്വീന്‍ പിളര്‍ത്തി 1948 മെയ് 14-ന് ഇസ്രയേല്‍ രാഷ്ട്രം ഉണ്ടാക്കിക്കൊടുത്തു. അനധികൃതവും നിയമവിരുദ്ധവുമായ മാര്‍ഗത്തിലൂടെ ഇസ്രയേല്‍ സ്ഥാപിതമായതോടെ തദ്ദേശീയരായ അറബികള്‍ (മുസ്‌ലിംകളും ക്രൈസ്തവരും) അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ടു.

ഇതിന് കാര്‍മികത്വം വഹിച്ച ബ്രിട്ടീഷ് കൊളോണിയലിസം അനൈതികവും ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ കിരാതത്വമാണ് ഫലസ്ത്വീന്‍ ജനതയോട് ചെയ്തത്. അതുകൊണ്ട് ഈ പ്രശ്‌നത്തെ അതിന്റെ രാഷ്ട്രീയ തലത്തില്‍നിന്ന് വീക്ഷിക്കാനും രാഷ്ട്രീയമായി തന്നെ പരിഹരിക്കാനും സാധിക്കണമെന്നാണ് ഫലസ്ത്വീന്‍ ജനതയുടെ അഭിലാഷം. 'ഇസ്രയേലുമായുള്ള ഞങ്ങളുടെ സമരവും സംഘര്‍ഷവും മതപരല്ല, രാഷ്ട്രീയപരമാണ്'എന്ന ഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ വാക്കുകളിലെ സന്ദേശവും സൂചനയും ഇതുതന്നെയാണ്. പ്രശ്‌നപരിഹാരത്തിനുള്ള പോംവഴികളില്‍ സുപ്രധാനമായത്, പടിഞ്ഞാറന്‍ മുതലാളിത്ത സാമ്രാജ്യത്വം കുറ്റകരമായ നിസ്സംഗതയും മൗനവും പക്ഷപാതപരമായ നിലപാടും ഉപേക്ഷിക്കുക എന്നതാണ്. അറബ്-മുസ്‌ലിം ഭരണകൂടങ്ങള്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തിന്റെ രാഷ്ട്രീയമായ പ്രാധാന്യം മനസ്സിലാക്കി, തങ്ങള്‍ക്ക് സംഭവിച്ച ചരിത്രപരമായ തെറ്റുകള്‍ ഏറ്റുപറഞ്ഞ്, പടിഞ്ഞാറന്‍ വിധേയത്വം വെടിഞ്ഞ് നിര്‍ഭയമായി ഫലസ്ത്വീനികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പിന്തുണക്കുക എന്നതും പ്രധാനമാണ്.

 

ഫലസ്ത്വീന്‍ ആരുടെ മാതൃരാജ്യം?

ആധികാരികമായ പഠനങ്ങളും ലഭ്യമായ ചരിത്ര രേഖകളും ഫലസ്ത്വീന്റെ മേല്‍ ജൂതന്മാര്‍ക്ക് ഒരു നിലക്കുള്ള അവകാശവും ഇല്ലെന്ന് സ്ഥാപിക്കുന്നുണ്ട്. ഫലസ്ത്വീനിലെ ആദിമ നിവാസികള്‍ ഇസ്രാഈല്യരോ യഹൂദരോ അല്ല. യഹൂദമതം ഉണ്ടാകുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ അവിടെ മനുഷ്യവാസമുണ്ടായിരുന്നു. അവിടത്തെ ഭരണവംശങ്ങളെ കുറിച്ച് പഠിച്ചാല്‍ ഒരു ജൂത ഭരണവംശവും ഫലസ്ത്വീന്‍ ഭരിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

''ഫലസ്ത്വീനില്‍നിന്ന് കടെുക്കപ്പെട്ട പുരാവശിഷ്ടങ്ങളില്‍ ആദ്യത്തേത് കന്‍ആനികളുടേതും അമൂറികളുടേതുമാണ്. അറേബ്യന്‍ ദ്വീപില്‍നിന്ന് വടക്കോട്ട് പലായനം ചെയ്ത് സിറിയയിലും ഫലസ്ത്വീനിലും കുടിയേറിയവരാണ് ഈ ഗോത്ര സമൂഹങ്ങള്‍. ഫലസ്ത്വീന്റെ ചരിത്രത്തില്‍ വ്യക്തവും സുസ്ഥാപിതവുമായ വസ്തുതയാണിത്. പൗരസ്ത്യരും പാശ്ചാത്യരുമായ എല്ലാ ചരിത്രകാരന്മാരും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ഫലസ്ത്വീനിലെ ആദിമ നിവാസികളെ സംബന്ധിച്ചുള്ള രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ചരിത്രമാണിത്. കന്‍ആനികളും അമൂറികളുമായ അറബ് കുടിയേറ്റക്കാരാണ് ഫലസ്ത്വീനിലെ ആദിമ നിവാസികള്‍. യഹൂദരെക്കുറിച്ച് ഈ ചരിത്രത്തില്‍ ഒന്നും പറയുന്നില്ല. ഇതിനു ശേഷം നിരവധി നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് യഹൂദര്‍ ഫലസ്ത്വീനില്‍ എത്തുന്നത്'' (ഫലസ്ത്വീന്‍: അത്താരീഖുല്‍ മുസ്വവ്വര്‍, ഡോ. താരിഖ് മുഹമ്മദ് സുവൈദാന്‍).

''ഫലസ്ത്വീന്‍ താഴ്‌വരയില്‍ താമസമാക്കിയത് കന്‍ആനികളായിരുന്നുവെങ്കില്‍ ഖുദ്‌സിന്റെ ഭാഗത്ത് താമസമുറപ്പിച്ചത് 'യദീസികള്‍' ആയിരുന്നു. അന്ന് ഖുദ്‌സ് സ്ഥാപിതമായിരുന്നില്ല. ഫിനീഷ്യര്‍ എന്നും അമൂറികള്‍ എന്നും വിളിക്കപ്പെട്ട മറ്റൊരു വിഭാഗം പര്‍വതങ്ങളിലും താമസമാക്കി. അങ്ങനെ ഫലസ്ത്വീന്‍ ഈ മൂന്ന് വിഭാഗങ്ങള്‍ക്കിടയില്‍ വീതിക്കപ്പെട്ടു. ഇതിനെക്കുറിച്ച മുഴുവന്‍ വിവരങ്ങളും പുരാവസ്തുക്കളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും പിന്‍ബലത്തില്‍ ചരിത്രഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ ഫലസ്ത്വീനെ 'കന്‍ആന്‍ ദേശം' എന്ന് വിളിക്കുന്നത്. തൗറാത്തിലും ഇഞ്ചീലിലും ഇത് വ്യക്തമായി വന്നിട്ടുണ്ട്. ഈ കാലഘട്ടവുമായി ബന്ധപ്പെട്ട് യഹൂദികളെക്കുറിച്ചുള്ള യാതൊരു പരാമര്‍ശവും ചരിത്രകൃതികളിലോ വേദപുസ്തകങ്ങളിലോ വന്നിട്ടില്ല'' (അതേ പുസ്തകം).

ഈജിപ്തില്‍ നടന്ന പ്രസിദ്ധമായ സോസീന്‍ യുദ്ധത്തില്‍ റംസീസിന്റെ അനിഷ്ടത്തിന് പാത്രരായ മധ്യധരണ്യാഴിയിലെ ദ്വീപുകളില്‍നിന്നും വന്ന ക്രീറ്റ് ദ്വിപുകാരോട് 'പെലസ്ത്' എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തേക്ക് മാറിത്താമസിക്കാന്‍ റംസീസ് കല്‍പിച്ചു. ക്രീറ്റ് ദ്വീപുകാര്‍ ഈജിപ്തില്‍ താമസിക്കുന്നത് റംസീസ് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ പ്രദേശത്തോട് ചേര്‍ത്ത് ക്രീറ്റ് ദ്വീപ് നിവാസികള്‍ 'പെലസ്തീനികള്‍' എന്ന് വിളിക്കപ്പെട്ടു. പെലസ്തീന്‍ പിന്നീട് ഫലസ്ത്വീന്‍ ആയി മാറി. പുതിയ താമസക്കാര്‍ മേഖലയിലെ ആദിമ നിവാസികളായ കന്‍ആനികളും യദീസികളുമായി അയല്‍പക്കബന്ധം സ്ഥാപിച്ചു. വംശപരവും ഭാഷാപരവുമായ ഇടകലര്‍ച്ചയിലൂടെ ആള്‍ബലം കൊണ്ടും സംസ്‌കാരം കൊണ്ടും മികച്ചു നിന്നിരുന്ന ആദിമ നിവാസികളില്‍ ഫലസ്ത്വീനികള്‍ ലയിച്ചുചേര്‍ന്നു. ഒടുവില്‍ അവരുടെ പേരും കുറിയും ഇല്ലാതായി. ഈ കാലഘട്ടം വരെയും യഹൂദികളെയോ അവരുടെ വംശത്തെയോ സംബന്ധിച്ച് യാതൊരു പരാമര്‍ശവും കടന്നുവരുന്നില്ല. പിന്നെ എങ്ങനെയാണ് ഫലസ്ത്വീന്‍ യഹൂദരുടെ മാതൃരാജ്യവും വാഗ്ദത്ത ഭൂമിയുമാവുന്നത്!

''കന്‍ആനികളുടെ ഫലസ്ത്വീന്‍ വാസത്തിന് 4500 വര്‍ഷത്തെ പഴക്കമുണ്ട്. അതുകൊണ്ടാണ് ആ നാട് കന്‍ആന്‍ ദേശം എന്ന് വിളിക്കപ്പെടുന്നത്. അവരാകട്ടെ അറബ് ദ്വീപ് നിവാസികളും ആയിരുന്നു. കന്‍ആനികളുടെ വംശപരമ്പരയില്‍ പെട്ടവരാണ് ഇന്ന് ഫലസ്ത്വീനില്‍ താമസിക്കുന്നവര്‍. പിന്നീട് ഇവിടേക്ക് കടന്നുവന്ന 'ബസ്ത്'കാരും ഇവരോട് ഇടകലരുകയായിരുന്നു. വ്യത്യസ്ത ഭരണവംശങ്ങള്‍ ഫലസ്ത്വീന്‍ ഭരിച്ചിട്ടുണ്ട്. എന്നിട്ടും തദ്ദേശീയര്‍ അവിടം വിട്ട് എങ്ങോട്ടും പോയില്ല. ഇസ്‌ലാമിന്റെ ആഗമനത്തോടെ അവര്‍ ഇസ്‌ലാം സ്വീകരിച്ചു. അവരുടെ ഭാഷയാകട്ടെ അറബിയുമായിരുന്നു. ക്രി. 630/ഹിജ്‌റ 15 മുതല്‍ ദീര്‍ഘമായ ചരിത്രപഥത്തിലൂടെ ഫലസ്ത്വീന്റെ സാമൂഹിക സ്വത്വം ഇസ്‌ലാമായി. ഇന്നും അതിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല. 1948-ല്‍ സയണിസ്റ്റ് രാഷ്ട്രമായി ഇസ്രയേല്‍ പിറവിയെടുക്കുകയും അധിനിവേശം ശക്തമാവുകയും ചെയ്തതോടെയാണ് ഫലസ്ത്വീന്‍ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും നഷ്ടമാകാന്‍ തുടങ്ങിയത്'' (അല്‍ ഹഖാഇഖുല്‍ അര്‍ബഊന്‍ ഫീ ഖളിയ്യത്തി ഫലസ്ത്വീന്‍ - ഡോ. മുഹമ്മദ് മുഹ്‌സിന്‍ സ്വാലിഹ്).

ഫലസ്ത്വീന്‍ മുസ്‌ലിംകളുടെ മാതൃരാജ്യമാണ്. അത് ജൂതന്മാരുടേതെന്നത് മതപരമായും ചരിത്രപരമായും വസ്തുതാപരമായും നിലനില്‍ക്കാത്തതും സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാനാകാത്തതുമായ വാദമാണ്.

 

ഫലസ്ത്വീനിലെ ഭരണവംശങ്ങള്‍

''ഫലസ്ത്വീന്റെ മേലുള്ള ജൂത അവകാശവാദങ്ങള്‍ ദുര്‍ബലമാണ്. ദാവൂദ് നബി(അ) ഫലസ്ത്വീന്‍ ഭരിക്കുന്നതിനും 1500 വര്‍ഷം മുമ്പ് മുതല്‍ അറബികള്‍ ഫലസ്ത്വീനില്‍ ജനവാസമുറപ്പിച്ചിരുന്നു. പിന്നീട് യഹൂദര്‍ ആ നാടുമായി ബന്ധം മുറിച്ചതിനു ശേഷവും അറബികള്‍ ഫലസ്ത്വീനില്‍തന്നെ താമസിച്ചു. ഏകദേശം നാല് നൂറ്റാണ്ട് മാത്രമാണ് ഫലസ്ത്വീന്റെ ചെറിയൊരു ഭാഗം ജൂതന്മാര്‍ ഭരിച്ചത്. റോമ, പേര്‍ഷ്യ, ഗ്രീക്ക്, ഫറോവന്‍ സാമ്രാജ്യങ്ങളുടെ ഭരണം മേഖലയില്‍നിന്ന് ഇല്ലാതായതുപോലെ ജൂത ഭരണവും ഇല്ലാതായി. എങ്കിലും ഫലസ്ത്വീന്‍കാര്‍ തങ്ങളുടെ നാട്ടില്‍ ഉറച്ചുനിന്നു. ദീര്‍ഘമായ കാലം ഫലസ്ത്വീനില്‍ ഭരണം സ്ഥാപിച്ച് നിലനിര്‍ത്തിയത് മുസ്‌ലിംകളായിരുന്നു. ക്രി. 636 മുതല്‍ ബാല്‍ഫര്‍ പ്രഖ്യാപനം നടന്ന 1917 വരെ, കുരിശുസൈനികര്‍ ഫലസ്ത്വീന്‍ കീഴടക്കിയ 90 വര്‍ഷം ഒഴിച്ചുനിര്‍ത്തിയാല്‍ നീണ്ട 1200 വര്‍ഷം ഫലസ്ത്വീനില്‍ ഭരണം നടത്തിയത് മുസ്‌ലിം ഭരണകൂടങ്ങളായിരുന്നു. ഫലത്തില്‍ 1800 വര്‍ഷം യഹൂദര്‍ക്ക് ഫലസ്ത്വീനുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. അവരുടെ രാഷ്ട്രീയമോ നാഗരികമോ ആയ യാതൊരു സാന്നിധ്യവും അവിടെ ഉണ്ടായിരുന്നില്ല. മാത്രവുമല്ല ജൂത മതാധ്യാപനങ്ങള്‍ ഫലസ്ത്വീനിലേക്ക് പോകുന്നതില്‍നിന്നും യഹൂദരെ വിലക്കുകയും ചെയ്തിട്ടുണ്ട്'' (അല്‍ഹഖാഇഖുല്‍ അര്‍ബഊന്‍).

ഇസ്രാഈല്യര്‍ക്ക് ദൈവം വാഗ്ദത്തം ചെയ്ത വിശുദ്ധഭൂമി എന്നാണല്ലോ സയണിസ്റ്റ് വാദം. എന്നാല്‍ ഇന്നത്തെ ജൂതന്മാര്‍ യഅ്ഖൂബിന്റെ വംശത്തില്‍പെട്ടവരാണോ? അല്ല എന്നതിന് രണ്ട് പക്ഷമില്ല. വംശപരമായി ഇന്നത്തെ ജൂതന്മാര്‍ യഅ്ഖൂബിന്റെ സന്തതിപരമ്പരയില്‍ പെട്ടവരല്ല. സമൂഹങ്ങളെ അവരുടെ വംശാവലി ആധാരമാക്കി പഠനം നടത്തിയ നിരവധി ഗവേഷകര്‍ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 'വംശവും നാഗരികതയും' എന്ന പുസ്തകത്തില്‍ ഫ്രെഡറിക്‌സ് ഹെര്‍ടസും 'യൂറോപ്പിലെ വംശങ്ങള്‍' എന്ന പുസ്തകത്തില്‍ വില്യം റിപ്പെയും 'വംശങ്ങളും ചരിത്രവും' എന്ന കൃതിയില്‍ യൂജെന്‍ പെറ്റാഡും ഇത് സ്ഥാപിക്കുന്നുണ്ട്. ഒരാള്‍ ജൂതനായിരിക്കാന്‍ അയാളുടെ മാതാപിതാക്കള്‍ ഇരുവരും, അല്ലെങ്കില്‍ മാതാവ് മാത്രം ജൂതരാവണം. പിതാവ് ജൂതനും മാതാവ് ജൂതയും അല്ലെങ്കില്‍ അയാള്‍ ജൂത വംശത്തില്‍ വരില്ല. ജൂതന്മാര്‍ക്കിടയില്‍ ഈ ഉപാധി കണിശമായി പാലിക്കപ്പെട്ടിരുന്നു. ഇതനുസരിച്ച് വംശപരമായി ഇന്ന് ലോകത്ത് എത്ര ജൂതരുണ്ടാകും?

ആര്‍ഥര്‍ കോസ്‌ലറെ പോലുള്ള ജൂതവംശജരായ എഴുത്തുകാരുടെ അഭിപ്രായത്തില്‍ ലോകത്തിന്നുള്ള ജൂതന്മാരില്‍ 80 ശതമാനത്തില്‍ ഏറെയും ഫലസ്ത്വീനുമായി പുലബന്ധം പോലുമില്ലാത്തവരാണ്. ഇസ്രാഈല്‍ വംശവുമായും യാതൊരു ബന്ധവും അവര്‍ക്കില്ല. ബഹുഭൂരിപക്ഷം ജൂതന്മാരും വംശപരമായി ഉത്തര കൊക്കേഷ്യയിലെ താര്‍ത്താരി തുര്‍ക്കി ഗോത്രങ്ങളായ ഖസര്‍ അഷ്‌കനാസ് ഗോത്രങ്ങളുമായിട്ടാണ് ബന്ധപ്പെടുന്നത്. ആ നിലക്ക് ചിന്തിക്കുമ്പോള്‍ ഇന്നത്തെ ജൂതന്മാര്‍ക്ക് മടങ്ങിച്ചെല്ലാന്‍ ലോകത്തൊരിടമുണ്ടെങ്കില്‍ അത് ഫലസ്ത്വീനല്ല; ദക്ഷിണ റഷ്യ മാത്രമാണെന്ന് 'ഫലസ്ത്വീന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള നാല്‍പത് യാഥാര്‍ഥ്യങ്ങള്‍' എന്ന ലഘുകൃതിയില്‍ ഡോ. മുഹമ്മദ് മുഹ്‌സിന്‍ സ്വാലിഹ് സമര്‍ഥിക്കുന്നുണ്ട്.

എന്നിട്ടും എന്തുകൊണ്ട് ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കാന്‍ ഫലസ്ത്വീന്‍ തെരഞ്ഞെടുക്കപ്പെട്ടു? രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം തന്നെയാണ് ഫലസ്ത്വീനിലെ സയണിസ്റ്റ്-സാമ്രാജ്യത്വ അധിനിവേശത്തിനു പിന്നിലെ രാഷ്ട്രീയം എന്ന് ഡോ. മുഹ്‌യിദ്ദീന്‍ ആലുവായി തന്റെ ഫലസ്ത്വീന്‍ പ്രശ്‌നം എന്ന പ്രൗഢമായ പഠനത്തില്‍ സ്ഥാപിക്കുന്നുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിസന്റ് ഐസനോവര്‍ മധ്യപൗരസ്ത്യദേശത്തെ തന്റെ പദ്ധതികള്‍ വിശദീകരിച്ചുകൊ് പറയുന്നു: ''ലോകത്തെ പെട്രോളിയത്തിന്റെ മൂന്നില്‍ രും മധ്യപൗരസ്ത്യ ദേശത്താണുള്ളത്. യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും ഒട്ടനവധി രാഷ്ട്രങ്ങളുടെ പെട്രോളിയം ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഈ പ്രദേശത്തെ പെട്രോള്‍ ഖനികള്‍ക്ക് സാധിക്കും. ഇതാണ് മധ്യപൗരസ്ത്യദേശത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. പ്രദേശം ഒരു വിദേശ ശക്തിയുടെ കീഴിലാവുന്നില്ലെങ്കില്‍ നമ്മുടെ സാമ്പത്തിക താല്‍പര്യങ്ങളെയും രാഷ്ട്രീയ ഭാവിയെയും അത് പ്രതികൂലമായി ബാധിക്കും.''

ഇതുകൊണ്ടുമാത്രമാണ് ഫലസ്ത്വീന്‍ പ്രശ്‌നം പരിഹരിക്കാതെ അനന്തമായി നീളുന്നത്. മേഖലയില്‍ ഇസ്രയേലിന്റെ അസ്തിത്വം അംഗീകരിക്കുന്ന നിരവധി കരാറുകളും ഉടമ്പടികളും ഉണ്ടായിട്ടും സയണിസ്റ്റ് ഭീകരതയുടെ അട്ടഹാസവും കൊലവിളിയും അവസാനിക്കാത്തതും കരാര്‍ പാലനത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നതും പടിഞ്ഞാറിന്റെ ഈ അധിനിവേശ രാഷ്ട്രീയമാണ്. ഈ രാഷ്ട്രീയം തമസ്‌കരിക്കാന്‍ മതവിഭാഗീയതയുടെ ചേരുവയുള്ള ജൂത സയണിസത്തെ മുന്നില്‍ നിര്‍ത്തി ഫലസ്ത്വീന്‍ പ്രശ്‌നത്തെ മുസ്‌ലിം -ജൂത മതപ്രശ്‌നമായി ചുരുക്കുന്നതും സാമ്രാജ്യത്വതന്ത്രമാണ്.

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍