Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

അറിവിന്റെ തുടര്‍ച്ചയും വളര്‍ച്ചയുടെ പടവുകളും

താജ് ആലുവ

(വ്യക്തിത്വ വികാസം)

അമേരിക്കന്‍ വ്യവസായിയായിരുന്ന ഹെന്റി ഫോര്‍ഡാണ് പറഞ്ഞത്: ''ഒരാളുടെ വയസ്സ് ഇരുപത് ആകട്ടെ, എണ്‍പത് ആകട്ടെ- ദിവസവും പുതുതായി എന്തെങ്കിലും അയാള്‍ പഠിക്കുന്നുണ്ടെങ്കില്‍ അയാള്‍ ചെറുപ്പമായിരിക്കും. എന്നാല്‍ ഒന്നും പുതുതായി പഠിക്കാത്തവന്‍, വയസ്സ് മുപ്പതേ ഉള്ളൂവെങ്കിലും, അകാലത്തില്‍ വൃദ്ധനായിട്ടുണ്ടാകും.'' നോളജ് എക്കോണമി എന്ന് വിളിക്കപ്പെടുന്ന അറിവിന്റെ സാമ്പത്തിക വ്യവസ്ഥിതിയുടെ കാലത്ത് നമ്മുടെ ഇപ്പോഴുള്ള കഴിവുകളെ വികസിപ്പിക്കുകയെന്നത് അത്യധികം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.  പുതിയ പുതിയ അറിവുകള്‍ ദിനേന ഉല്‍പാദിപ്പിക്കപ്പെടുന്ന കാലത്ത്, നാം ഇപ്പോഴും ഉപയോഗിക്കുന്ന ഒട്ടുമിക്ക കഴിവുകള്‍ക്കും പരമാവധി മൂന്നു വര്‍ഷമാണ് ആയുസ്സെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഏത് കഴിവ് വികസിപ്പിച്ചെടുത്താലാണ് ഇപ്പോഴുള്ള ജോലിയില്‍നിന്ന് അടുത്ത ഒരു സ്റ്റേജിലേക്ക് വളരാന്‍ നമുക്ക് സാധിക്കുക, അല്ലെങ്കില്‍ നിലവിലുള്ള ജോലിയില്‍നിന്ന് പിരിച്ചുവിട്ടാലും അടുത്ത ജോലി എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുക എന്ന് ഓരോരുത്തരും ആലോചിക്കുക. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ നടത്തുക. ഔപചാരികമായ നിങ്ങളുടെ വിദ്യാഭ്യാസം എന്തുമാകട്ടെ, സന്നദ്ധതയുണ്ടെങ്കില്‍ അനൗപചാരികമായ തുടര്‍പഠനത്തിലൂടെ ഒരിക്കല്‍ നിങ്ങള്‍ സ്വപ്‌നം കണ്ടിരുന്ന കഴിവുകള്‍ നേടിയെടുക്കാം, ഉന്നത പദവികള്‍ കീഴടക്കാം, ശോഭനമായ ഭാവി ഉറപ്പാക്കാം.

എന്നാല്‍, ജോലിയില്‍ പുരോഗതി കൈവരിക്കുകയെന്ന ഏക ലക്ഷ്യത്തിന്റെ ഭാഗമായി അറിവ് വര്‍ധിപ്പിക്കുന്നതിനപ്പുറം, അത് നമ്മുടെ ജീവിതത്തെ ഭരിക്കുന്ന അനിവാര്യതയായി (Governing Principle) മാറുമ്പോഴാണ് അറിവ് യഥാര്‍ഥത്തില്‍ നമുക്ക് ഗുണകരമായി മാറുക. വ്യക്തിപരമായ ഔന്നത്യം കൈവരിക്കാനുള്ള ബോധപൂര്‍വമായ നടപടി കൂടിയാണത്. 

ബിസിനസ് രംഗത്ത് പുതുതായൊന്നും പഠിക്കാത്തവന്‍ ആശ്രയിക്കാന്‍ പറ്റാത്തവനായാണ് കണക്കാക്കപ്പെടുക. പഠിക്കുകയെന്നത് ജീവിതത്തില്‍ നമുക്ക് വേണ്ടപ്പെട്ടവരോടുള്ള  നമ്മുടെ ഒരു ധാര്‍മിക കടമ കൂടിയാണ്. ഒരു സ്ഥലത്ത് സ്ഥായിയായി നിലകൊള്ളാതെ പുരോഗതിയിലേക്ക് ഉത്തരോത്തരം കുതിക്കണമെങ്കില്‍ നമുക്ക് പഠിച്ചേ തീരൂ. തുടര്‍ച്ചയായ  പഠനം നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കും. അതിന്റെ അഭാവത്തില്‍ നാം ജീവിതത്തില്‍ പെട്ടെന്ന് അപ്രസക്തരായിത്തീരും. ജോലിക്കു പുറമെത്തന്നെ നമുക്ക് പഠിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. 

ജീവിതം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പഠനമെന്നത് പൂര്‍ണമായും ഔപചാരികമാവണമെന്നില്ല. അത് ദിനേനയുള്ള  ചെറിയ ഡോസ് പഠനങ്ങളും ജോലിയില്‍തന്നെ നിന്നുകൊണ്ടുള്ള പരിശീലനങ്ങളും (On the Job Training)  ആകാം. പക്ഷേ, വ്യക്തിപരമായ വളര്‍ച്ചയും ജോലിയും ബിസിനസുമൊക്കെയായി ബന്ധപ്പെട്ട വളര്‍ച്ചയും തമ്മില്‍ ഒരു ബാലന്‍സ് കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതായത്, മുഴുവന്‍ സമയവും വ്യക്തിഗത വളര്‍ച്ച മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിലുപരി, നിലവിലെ ജോലിയുടെ ആവശ്യങ്ങളും നാം ജോലിയെടുക്കുന്ന മേഖലയില്‍ ഭാവിയില്‍ പ്രകടമായേക്കാവുന്ന മാറ്റങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പഠനവും അനിവാര്യമാണ്. തൊഴില്‍ മേഖലയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ലഭിക്കുന്ന പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമത്. എല്ലാറ്റിനുമുപരിയായി, പഠിക്കാനും വികസിക്കാനുമുള്ള ആഗ്രഹം, മറ്റുള്ളവര്‍ക്ക് കൂടുതലായി സേവനം ചെയ്യാനുള്ള മനസ്സിനാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരിക്കണം. എങ്കിലേ, ഏതു പഠനവും ആത്യന്തികമായി ഗുണം ചെയ്യുകയുള്ളൂ.

 

ദിവസവും പുതുതായെന്തെങ്കിലും പഠിക്കണം

വസ്തുതാപരമായി തെളിയിക്കപ്പെട്ട കണക്കുകളനുസരിച്ച്, ഒരു സ്ഥാപനത്തില്‍ നിരന്തരമായി തുടര്‍ പഠനം നടത്താത്ത 20 ശതമാനം ജോലിക്കാരും 10 വര്‍ഷത്തിനുള്ളില്‍ അവിടം വിടേണ്ടിവരാനാണ് സാധ്യത. ഈ വസ്തുത തന്നെ തുടര്‍ പഠനത്തിന്റെ സാധ്യതയെ വളരെയധികം എടുത്തുപറയുന്നുണ്ട്. പലപ്പോഴും തുടര്‍പഠനം നടത്താതിരിക്കുന്നതിന് നാം പറയുന്ന ന്യായം പരിശീലനത്തിനും മറ്റും ചെലവാക്കേണ്ടിവരുന്ന ഉയര്‍ന്ന തുകയാണ്. എന്നാല്‍ നാം ജീവിക്കുന്ന ഈ ലോകത്ത്, തുടര്‍പഠനങ്ങളും പരിശീലനങ്ങളും നടത്താതിരിക്കുകയെന്നതാണ് ഏറ്റവും ചെലവേറിയ പരിപാടി. കാരണം, അതിന്റെ പെട്ടെന്നുള്ള പ്രത്യാഘാതമെന്ന് പറയുന്നത് ജോലിയില്‍നിന്ന് ഒഴിവാക്കപ്പെടുകയെന്നതാണ്. ഇങ്ങനെയൊക്കെയായാലും നമ്മില്‍ പലര്‍ക്കും ഈ തുടര്‍പഠനത്തിലും പരിശീലനത്തിലുമൊന്നും ഇപ്പോഴും താല്‍പര്യമൊന്നുമില്ല. വ്യക്തിപരമായി മാത്രമല്ല, പല സ്ഥാപനങ്ങളും ഉയര്‍ന്ന ചെലവ് ചൂണ്ടിക്കാട്ടി ഈ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകുന്നു. തദ്ഫലമായി ഇത്തരം ജോലിക്കാരും സ്ഥാപനങ്ങളും കാലക്രമേണ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരായി മാറുന്നു. ആജീവനാന്ത ജോലി (Life-long Employment) എന്നത് ഈ കാലഘട്ടത്തില്‍ ഒരു ഗ്യാരണ്ടിയല്ല എന്ന് നാം എത്ര നേരത്തേ മനസ്സിലാക്കുന്നുവോ അത്രയും  നല്ലത്. ആത്യന്തികമായി, നമുക്കോരോരുത്തര്‍ക്കും സാമ്പത്തിക സുരക്ഷ കൈവരേണ്ടത് നമ്മുടെ ജോലിയില്‍നിന്നല്ല, മറിച്ച് തുടര്‍ച്ചയായി ഉല്‍പാദിപ്പിക്കാനുള്ള നമ്മുടെ കഴിവില്‍നിന്നാണ്, വിപണിക്കെന്താണോ ആവശ്യം അത് നിവര്‍ത്തിച്ചുകൊടുക്കാനുള്ള കഴിവില്‍നിന്നാണ്. ഈ ആവശ്യങ്ങളാകട്ടെ, നിരന്തരമായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആളുകള്‍ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറുകയും പഠിക്കുകയും ഉയരുകയും ചെയ്യുന്നില്ലെങ്കില്‍ അവര്‍ക്ക് സുരക്ഷിതത്വം ലഭിക്കുകയേയില്ല. തുടര്‍ച്ചയായി പഠിക്കാനുള്ള കഴിവിലാണ് തൊഴില്‍ സുരക്ഷയും സാമ്പത്തിക സുരക്ഷിതത്വവും കുടികൊള്ളുന്നത്. 

 

പഠനം വ്യക്തിപരമായ ബാധ്യത

പുതിയ കാര്യങ്ങള്‍ പഠിക്കുകയെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്തമായി കാണേണ്ടതുണ്ട്. തന്റെ സ്ഥാപനം അത് ചെയ്യുമെന്ന് കരുതി വെറുതെയിരിക്കരുത്. ഓരോരുത്തരും അവനവന്റെ സ്ഥാപനത്തെ ഒരു റിസോഴ്‌സായി കരുതുകയും തന്റെ വളര്‍ച്ചക്ക് വേണ്ടതെന്താണെന്ന് കണ്ടെത്തുകയും  ചെയ്യണം. സ്വന്തം നിലക്ക് താല്‍പര്യവും മുന്‍കൈയും എടുത്തുകൊണ്ട് പുതുതായി താന്‍ പഠിക്കേണ്ടതെന്താണെന്നും അതിന് എന്താണ് വേണ്ടതെന്നും സ്വയം ആലോചിച്ചുറപ്പിക്കുകയും  വേണം. അതേസമയം കമ്പനിയില്‍നിന്ന് ലഭിക്കുന്ന ട്രെയ്‌നിംഗുകളില്‍നിന്ന് പരമാവധി പ്രയോജനമെടുക്കുകയും അതിന്റെ ഗുണഫലം സ്ഥാപനത്തിന് തിരിച്ചുകൊടുക്കുകയും  ചെയ്യണം. നമ്മുടെ വ്യക്തിപരവും തൊഴില്‍പരവുമായ വികസന പദ്ധതിയില്‍ കമ്പനിയുടെ/സ്ഥാപനത്തിന്റെ ആവശ്യങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കണം. അല്ലെങ്കില്‍ നാം നേടിയെടുക്കുന്ന കഴിവുകള്‍ ആവശ്യത്തിന് ഉപയോഗപ്പെടാതെ പാഴായിപ്പോകാം. നാം തെരഞ്ഞെടുക്കുന്ന വ്യക്തിപരമായ പഠന-പരിശീലന പദ്ധതി, നിലവിലെ സാമ്പത്തിക സ്ഥിതിക്കും മാര്‍ക്കറ്റിനും സ്ഥാപനത്തിനും, നാം നിലവില്‍ ഏറ്റെടുത്തിട്ടുള്ള ചുമതലകള്‍ക്കും യോജിക്കുന്ന തരത്തിലായിരിക്കും. അതോടൊപ്പം, പ്രസ്തുത പദ്ധതി നമ്മുടെ കമ്പനി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയോ അല്ലെങ്കില്‍ നമ്മെ പിരിച്ചുവിടുകയോ ചെയ്താലും നമുക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ളതുമായിരിക്കണം. വേറൊരര്‍ഥത്തില്‍ പറഞ്ഞാല്‍ നിലവിലെ നമ്മുടെ ജോലിയില്‍ ഒരു അവസാന വാക്കായി (Competence Specialist) ആയി നാം മാറണം. ദിവസം ഒരു മണിക്കൂറെങ്കിലും വ്യക്തിയധിഷ്ഠിതമായ വിദ്യാഭ്യാസ പദ്ധതിക്കു വേണ്ടി നാം മാറ്റിവെക്കണം. കൂടാതെ മൂന്ന് മാസത്തിലൊരിക്കലെങ്കിലും വ്യവസ്ഥാപിതമായ, ഔപചാരികമായ പരിശീലനത്തിനു വേണ്ടിയും സമയവും പണവും കണ്ടെത്തണം. നിലവിലെ നമ്മുടെ ജോലിക്ക് സഹായകവും ഭാവി ആവശ്യത്തിന് ഉപകരിക്കുകയും ചെയ്യുന്ന രൂപത്തിലായിരിക്കണം ഈ പരിശീലന പരിപാടിയും. 

 

വേണം ഒരു വായനാ പദ്ധതി 

ഔപചാരികമായി ലഭിക്കുന്ന വിദ്യാഭ്യാസം പലപ്പോഴും നാമിപ്പോള്‍ ജോലി ചെയ്യുന്ന മേഖലയില്‍ ഒരു ഗുണവും ചെയ്തുവെന്ന് വരില്ല. ബി.എ ഹിസ്റ്ററിയും സോഷ്യോളജിയുമൊക്കെ എടുത്ത ആള്‍ക്ക് ഡാറ്റാ  എന്‍ട്രി ജോലി ചെയ്യുന്നതിന് അവയെത്രെ ഗുണം ചെയ്യുമെന്ന് നമുക്ക് ചിന്തിക്കാമല്ലോ. ഞാന്‍ പഠിച്ച കലാലയത്തിലെ ഒരു ഗുരുവര്യന്‍ സ്ഥിരമായി വിദ്യാര്‍ഥികളെ ഉണര്‍ത്താറുണ്ടായിരുന്നത്, നിങ്ങള്‍ക്ക് ഇവിടെനിന്ന് ലഭിക്കുന്നത് വിജ്ഞാനമല്ല, വിജ്ഞാനത്തിന്റെ നിലവറ തുറക്കാനുള്ള താക്കോലാണെന്നാണ്. അതാണ് വാസ്തവം. ഔപചാരിക വിദ്യാഭ്യാസം നമുക്ക് കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയാണ് വേണ്ടത്. ഇവിടെയാണ് വ്യക്തിപരമായ ഒരു വായനാ പദ്ധതിയുടെ പ്രസക്തി. വായനക്ക് വ്യവസ്ഥാപിത രീതി കണ്ടെത്തുക. നാം ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട അഗാധമായ ജ്ഞാനം നേടിയെടുക്കാന്‍ പറ്റിയ വാരികകളും മാസികകളും നിരന്തരം വായിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ് വാരികകള്‍ വളരെ പ്രധാനമാണ്. മതം, ശാസ്ത്രം, രാഷ്ട്രീയം, കല, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ട ആനുകാലികങ്ങള്‍, നമ്മുടെ താല്‍പര്യത്തിനനുസരിച്ച് വായിക്കണം. ഇത്തരം മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുന്ന സോഷ്യല്‍ മീഡിയ സൈറ്റുകളും ഉണ്ട്. നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് നമ്മുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കും. നിങ്ങള്‍ക്ക് ആയിരം വര്‍ഷം ജീവിക്കണമെന്നുണ്ടെങ്കില്‍ തത്ത്വശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു പുസ്തകം വായിച്ചാല്‍ മതിയെന്ന് പറയാറുണ്ട്. ദിവസവും ഒരു മണിക്കൂറെങ്കിലും വായിക്കുകയെന്നതായിരിക്കണം തീരുമാനം. പത്ത് മിനിറ്റെങ്കിലും വായിക്കുന്ന ഒരാള്‍ക്ക് സാധാരണ ഗതിയില്‍ ചുരുങ്ങിയത് ഒരു പുസ്തകം ഒരു മാസം കൊണ്ട് വായിക്കാന്‍ സാധിക്കും. ഒരു വര്‍ഷം താന്‍ ജോലിയെടുക്കുന്ന മേഖലയില്‍ 12 പുസ്തകം വായിക്കുന്ന ഒരാള്‍ തന്റെ മേഖലയില്‍ എന്തുകൊണ്ടും മികച്ചുനില്‍ക്കും എന്ന് പറയേണ്ടതില്ലല്ലോ. 

നമ്മുടെ കരിയറുമായി ബന്ധപ്പെട്ടു മാത്രം വായിച്ചാല്‍ പോരാ. ജീവിതത്തിന് വേണ്ട പ്രത്യേകമായ ഉള്‍ക്കാഴ്ചയും സാംസ്‌കാരികമായ ഔന്നത്യവും ലഭിക്കണമെങ്കില്‍ ക്ലാസിക് സാഹിത്യങ്ങളും നോവലുകളും കഥകളും കവിതകളുമുള്‍പ്പെടെയുള്ളവ നമ്മുടെ വായനയില്‍ സ്ഥാനം പിടിച്ചേ പറ്റൂ. 

 

പേഴ്‌സണല്‍ യൂനിവേഴ്‌സിറ്റി അഥവാ എല്ലാവര്‍ക്കും ഓരോ സര്‍വകലാശാല

ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സൗകര്യം, അത് നമുക്ക് സ്വന്തമായി യൂനിവേഴ്‌സിറ്റികള്‍ ഉണ്ടാക്കാനുള്ള വകയൊരുക്കിത്തരുന്നുവെന്നുള്ളതാണ്. ഉദാഹരണത്തിന് ടെഡ്‌ടോക്‌സ്, യൂട്യൂബിലെ വ്യത്യസ്ത വിഷയാധിഷ്ഠിത ചാനലുകള്‍, പ്രമുഖ പ്രഭാഷകരുടെയും എക്‌സ്‌പേര്‍ട്ടുകളുടെയും ചാനലുകള്‍ - ഇവയിലെ വീഡിയോകള്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ട് ഔപചാരികമായ അറിവിന്റെ വലിയ ഭണ്ഡാരങ്ങള്‍ തന്നെ നമുക്ക് തുറക്കാന്‍ സാധിക്കും. ഡിസ്ട്രാക്ഷന്‍ (ശ്രദ്ധ തെറ്റുക) എന്ന ചതിക്കുഴിയില്‍ വീണുപോകാതിരുന്നാല്‍ മതി.  കൂടാതെ, MOCs (മാസ്സീവ് ഓണ്‍ലൈന്‍ കോഴ്‌സ്) എന്ന പേരില്‍ ധാരാളം സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകളും ലഭ്യമാണ്. സ്മാര്‍ട്ട് ഫോണിലും ടാബിലും പുസ്തക വായന ഇഷ്ടപ്പെടുന്നവര്‍ക്കായി ധാരാളം ആപ്ലിക്കേഷനുകള്‍ സൗകര്യമൊരുക്കുന്നുണ്ട്. അവയില്‍ പലതും സൗജന്യമാണെങ്കിലും തെരഞ്ഞെടുക്കപ്പെട്ട വിഷയങ്ങള്‍ വായിക്കാന്‍ പണം മുടക്കണം. ഇത്തരം ആപ്ലിക്കേഷനില്‍ പലതും വലിയ പുസ്തകങ്ങളെ ചെറുതാക്കി, 15 മിനിറ്റില്‍ വായിക്കാവുന്ന പരുവത്തിലാക്കി നമുക്കെത്തിക്കുന്നതാണ്. ഉദാഹരണത്തിന്, Blinkis- എന്ന ആപ്ലിക്കേഷന്‍ ഒരു ദിവസം ഒരു പുസ്തകം എന്ന നിരക്കില്‍ ഇത്തരം 15-മിനിറ്റ് പുസ്തക വായന സൗജന്യമായി ഓഫര്‍ ചെയ്യുന്നുണ്ട്. Blinkis-ന്റെ പരസ്യവാചകം തന്നെ -A smarter you in 15 minutes എന്നാണ്. കൂടാതെ, www.TheBookSummaries.com, www.getabstract.com എന്നീ സൈറ്റുകളില്‍ ഇമെയില്‍ രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ ആഴ്ചയിലും അത്യവാശ്യം ചില നല്ല പുസ്തകങ്ങളുടെ രത്‌നച്ചുരുക്കം ഇമെയിലായി അയച്ചുതരും. ഇവിടെയും പ്രശ്‌നം നമുക്ക് തെരഞ്ഞെടുത്ത വിഷയങ്ങള്‍ വായിക്കാന്‍ സാധിക്കില്ലായെന്നതാണ്. അതിന് പണച്ചെലവുണ്ട്.  Goodreads, ThinkGrow തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതുപോലെ പുസ്തക വായന എളുപ്പമാക്കിത്തരുന്നു. വേഗത്തിലുള്ള വായന ശീലിക്കുന്നതും പുസ്തക വായനയോട് നമുക്ക് താല്‍പര്യമുണ്ടാക്കിത്തരും. How to read faster എന്ന് ഗൂഗിളിനോട് ചോദിച്ചാല്‍ അതിന് പറ്റിയ ടിപ്‌സ് നല്‍കുന്ന ധാരാളം സൈറ്റുകള്‍ കാണാം.

അറിവ് വികസിപ്പിക്കുകയെന്നത് ഓരോരുത്തരും വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുക്കണം. എവിടെയാണ് നമ്മുടെ കുറവുകളെന്നും അപര്യാപ്തതകളെന്നും കണ്ടെത്തണം. എന്താണ് പഠനത്തിനുള്ള തടസ്സങ്ങളെന്ന് തിരിച്ചറിഞ്ഞ് അവയെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കണം. പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ കണ്ടെത്തുകയും വേണം.  ഒരു കാര്യം പ്രത്യേകം ഓര്‍ത്തിരിക്കണം. നാം ജീവിക്കുന്ന നോളജ് ഇക്കണോമിയില്‍ പ്രധാനമായി വേണ്ട കഴിവ്, അറിവും ചിന്തയുമായി ബന്ധപ്പെട്ടതാണ്. നമുക്ക് പുതിയ അറിവുകള്‍ ഉണ്ടായേ പറ്റൂ. 

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍