Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

ഹദീസും സുന്നത്തും വ്യത്യാസപ്പെടുന്നത്

സദ്‌റുദ്ദീന്‍ വാഴക്കാട്

(പഠനം-2)

''ഈ ഹദീസ്, സുന്നത്തിനും ന്യായാധികരണത്തിനും (ഖിയാസ്) ഏകോപിത പണ്ഡിതാഭിപ്രായങ്ങള്‍ക്കും (ഇജ്മാഅ്) എതിരാണ്'' - ചില ഹദീസുകളെ സംബന്ധിച്ച് പണ്ഡിതന്മാര്‍ ഇങ്ങനെ രേഖപ്പെടുത്താറുണ്ട്.1 ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചില ഹദീസുകള്‍ പരിശോധിച്ചാല്‍, അവ യഥാര്‍ഥ നബിചര്യക്ക് (സുന്നത്ത്) എതിരാണെന്ന് ഉള്ളടക്കത്തില്‍നിന്നു മനസ്സിലാകും. ഇത്തരം ഹദീസുകളെ സംബന്ധിച്ചാണ് 'സുന്നത്തിന് എതിരായ ഹദീസ്' എന്നു പറയുന്നത്. അനസുബ്‌നു മാലിക് ഉദ്ധരിച്ച മര്‍ഫൂഅ് ആയ ഒരു ഹദീസിനെ സംബന്ധിച്ച്, 'സുന്നത്ത് ഇതില്‍നിന്ന് വ്യത്യസ്തമാണ്' എന്ന് അബൂദാവൂദ് പറയുന്നുണ്ട്. പ്രസ്തുത 'ഹദീസ'ല്ല ആ വിഷയത്തിലെ 'സുന്നത്ത്' എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. സുന്നത്തും ഹദീസും തമ്മിലുള്ള വ്യത്യാസം ഹദീസ് ഗ്രന്ഥങ്ങളില്‍ തന്നെ ഉണ്ട് എന്നതിന്റെ ഉദാഹരണങ്ങളിലൊന്നാണിത്.2 'സുന്നത്തിന് എതിരായ ഹദീസ്' എന്നു പറയുമെങ്കിലും 'ഹദീസിന് എതിരായ സുന്നത്ത്' എന്ന് തിരിച്ചു പറയാറില്ല. 'എല്ലാ സുന്നത്തും ഹദീസായിരിക്കും, പക്ഷേ, എല്ലാ ഹദീസും സുന്നത്തായിരിക്കില്ല' എന്നു പറയുന്നതിന്റെ അര്‍ഥമിതാണ്.

ഹദീസും സുന്നത്തും തമ്മില്‍ അന്തരമുണ്ടെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതിന്റെ കൂടുതല്‍ കാരണങ്ങളും ന്യായങ്ങളുമാണ്, ഇനി പരിശോധിക്കുന്നത്.

1) 'പദപരമായ ഭിന്നത'യാണ് (അല്‍ഖിലാഫുല്ലഫഌ) ഹദീസിനും സുന്നത്തിനും ഇടയിലുള്ളത്, ആശയപരമായി രണ്ടും ഒന്നു തന്നെയാണെന്ന് പറയാറുണ്ട്. പദപരമായ ഭിന്നതയില്‍ നിന്നുതന്നെയാണല്ലോ ആശയപരമായ വ്യത്യാസം പൊതുവില്‍ രൂപപ്പെടുന്നത്. ചിലപ്പോള്‍ രണ്ടു പദങ്ങള്‍ ഒരേ ആശയത്തെ കുറിക്കാറുണ്ട്. അതിനു പക്ഷേ, ഭാഷാ പാരമ്പര്യത്തില്‍ അവ രണ്ടും ഒരേ അര്‍ഥത്തില്‍ ഉപയോഗിച്ചിരുന്നതും പില്‍ക്കാലത്തും അങ്ങനെത്തന്നെ തുടരുന്നതുമായിരിക്കണം. ഹദീസിന്റെയും സുന്നത്തിന്റെയും വിഷയത്തില്‍ ഭാഷാപരമായി എന്നും അവക്ക് വ്യത്യസ്തമായ അര്‍ഥങ്ങളാണ് ഉള്ളത് എന്നതില്‍ അഭിപ്രായാന്തരമില്ലല്ലോ. ഹദീസും സുന്നത്തും തമ്മില്‍ പദപരമായി മാത്രമല്ല ആശയപരമായും ഭിന്നതയുണ്ട്. ഡോ. മുബാറകുബ്‌നു മുഹമ്മദു ബ്ന്‍ ഹമദ് അദ്ദഈലജിന്റെ നിരീക്ഷണം കാണുക: ''പില്‍ക്കാല ഹദീസ് പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തില്‍ ഹദീസും സുന്നത്തും പര്യായപദങ്ങളാണ്. എന്നാല്‍, ആദ്യകാലക്കാരായ (മുതഖദ്ദിമീന്‍) ചില പണ്ഡിതന്മാര്‍ ഹദീസും സുന്നത്തും ഭിന്നമായാണ് കണ്ടിരുന്നത്. നബിയില്‍നിന്ന് ഉദ്ധരിക്കപ്പെട്ട സംസാരം, പ്രവര്‍ത്തനം, അംഗീകാരം എന്നിവക്കാണ് 'ഹദീസ്' എന്ന് പ്രയോഗിച്ചിരുന്നത്. അതേസമയം, നബിയുടെ കാലം മുതല്‍ സ്വഹാബിമാരുടെ കാലത്തിന്റെ അവസാനഘട്ടം വരെ ശരീഅത്തിന്റെ ആവിഷ്‌കരണത്തില്‍ നബിയും സ്വഹാബിമാരും സ്വീകരിച്ച പ്രായോഗിക കര്‍മങ്ങള്‍ക്കാണ് സുന്നത്ത് എന്ന് പറഞ്ഞിരുന്നത്. 'ഹദീസില്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്. പക്ഷേ, സുന്നത്ത് അതിന് വിരുദ്ധമാണ്' എന്ന് ആദ്യകാല പണ്ഡിതന്മാര്‍ പറയും. അതായത്, 'നബിയുടെ കാലഘട്ടത്തില്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കപ്പെട്ടിരുന്നത് ഈ ഹദീസില്‍ വന്നതിന് വിരുദ്ധമായിട്ടായിരുന്നു എന്നര്‍ഥം.' ഇക്കാരണത്താല്‍, യഥാര്‍ഥത്തില്‍ പ്രയോഗത്തിലുണ്ടായിരുന്ന സുന്നത്തിന് വിരുദ്ധമായ ഹദീസുകള്‍ (അഹാദീസുന്‍ തുഖാലിഫുസ്സുന്ന) തള്ളപ്പെടുകയും പണ്ഡിതന്മാര്‍ തൗഫീഖും തര്‍ജീഹും അവലംബിക്കുകയും ചെയ്യുമായിരുന്നു. ഹദീസും സുന്നത്തും തമ്മിലുള്ള ഈ വ്യത്യാസത്തിന്റെ തെളിവുകളിലൊന്നാണ് അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദിയുടെ ഈ നിരീക്ഷണം; ഇമാം മാലിക്, സുഫ്‌യാനുസ്സൗരി, ഔസാഈ എന്നിവരില്‍ ആരാണ് വലിയ പണ്ഡിതന്‍ എന്ന് അദ്ദേഹത്തോട് അന്വേഷിച്ചു. ഔസാഈ 'സുന്നത്തി'ല്‍ ഇമാമാണ്, ഹദീസില്‍ ഇമാമല്ല. സുഫ്‌യാനുസ്സൗരി 'ഹദീസി'ല്‍ ഇമാമാണ്, സുന്നത്തില്‍ ഇമാമല്ല. മാലിക് സുന്നത്തിലും ഹദീസിലും ഇമാമാണ് എന്നാണ് അദ്ദേഹം വിശദീകരിച്ചത്.''3

ഈ നിരീക്ഷണം നിദാനശാസ്ത്ര ചര്‍ച്ചകളില്‍ സുവിദിതമാണ്. എന്തുകൊണ്ടാണ് ഒരു പണ്ഡിതന്‍ ഹദീസിലും മറ്റൊരാള്‍ സുന്നത്തിലും നിപുണനാെണന്ന് പറയുന്നത്? മൂന്നാമത്തെയാള്‍ ഹദീസിലും സുന്നത്തിലും ഒരുപോലെ ഇമാമാണെന്നും പറയുന്നു? ഹദീസും സുന്നത്തും ഒന്നാണെങ്കില്‍ എന്തിന് ഇങ്ങനെ വേര്‍തിരിച്ച് വിശേഷണങ്ങള്‍ നല്‍കുന്നു? മൂന്നു വ്യക്തികളെ സംബന്ധിച്ചുള്ള ഈ നിരീക്ഷണം വളരെ സൂക്ഷ്മമാണ്.

ഹദീസുകള്‍ എന്ന ജ്ഞാന സാഗരത്തില്‍നിന്ന് രൂപപ്പെടുന്ന നിയമപ്രമാണവും കര്‍മമാതൃകയുമാണ് സുന്നത്ത്-നബിചര്യ. ഹദീസ് വിജ്ഞാനീയങ്ങള്‍ പഠിച്ചുവെന്നതുകൊണ്ടു മാത്രം അവയിലടങ്ങിയ നബിമാതൃക-സുന്നത്ത്-മനസ്സിലാക്കാന്‍ ആ മുഹദ്ദിസിന് കഴിയണമെന്നില്ല. അതുകൊണ്ടാണ,് 'ഹദീസില്‍ ഇമാമായ വ്യക്തി, സുന്നത്തില്‍ ഇമാമാകണമെന്നില്ല' എന്ന് പറയുന്നത്. അതേസമയം ഹദീസിലും സുന്നത്തിലും ഒരേപോലെ നൈപുണ്യം നേടിയവരുമുണ്ടാകും; ഇമാം മാലികിനെ പോലെ. ഇമാം അബൂയൂസുഫും ഹദീസിലും സുന്നത്തിലും നിപുണനായിരുന്നുവെന്നും അഭിപ്രായപ്പെട്ടവരുണ്ട്.4 ഖുര്‍ആന്‍ മനഃപാഠമാക്കിയതുകൊണ്ട് (ഹാഫിള്) മാത്രം ഒരാള്‍ ഖുര്‍ആന്‍ പണ്ഡിതനാകണമെന്നില്ല, ഒരു ഖുര്‍ആന്‍ പണ്ഡിതന്‍, 'ഹാഫിള്' ആയിരിക്കണമെന്നുമില്ല എന്നതുപോലെയാണ് ഇത്.

ശരീഅത്തിന്റെ രണ്ടാം സ്രോതസ്സാണല്ലോ സുന്നത്ത്. ഒന്നും കൂട്ടാതെയും കുറക്കാതെയും ശരിയായ സുന്നത്താണല്ലോ പിന്തുടരേണ്ടത്. 'ഹദീസി'ല്‍നിന്ന് ശരിയായ 'സുന്നത്ത്' മനസ്സിലാക്കിയെടുത്ത് പിന്തുടരുന്നവന്‍ എന്ന അര്‍ഥത്തിലാണ് മാലികിനെ രണ്ടിലെയും ഇമാം എന്ന് വിശേഷിപ്പിച്ചത്. ഇതു സംബന്ധിച്ച ഒരു ചോദ്യത്തിന് അബൂ അംറുബ്‌നു സ്വലാഹ് പറഞ്ഞ മറുപടി ഇങ്ങനെ: ''ഇവിടെ സുന്നത്ത്, ബിദ്അത്തിന് വിരുദ്ധമാണ്, 'മുബ്തദിഅ്' -പുത്തനാചാരക്കാരന്‍ - ആയിക്കൊണ്ടുതന്നെ ഒരാള്‍ക്ക് 'അഹ്‌ലുല്‍ ഹദീസ്' ആകാം. ഇമാം മാലിക് പക്ഷേ, സുന്നത്തിനെയും ഹദീസിനെയും സമന്വയിപ്പിച്ചു. അദ്ദേഹത്തിന് ഹദീസ് അറിയാമായിരുന്നു, അദ്ദേഹം സുന്നത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്നു. ബിദ്അത്തുകള്‍ ഉപേക്ഷിച്ച സച്ചരിതരുടെ പാതയായിരുന്നു അദ്ദേഹത്തിന്റേത്.''5

2) ഇമാം ബുഖാരി തന്റെ ഹദീസ് സമാഹാരത്തിന് നല്‍കിയ പേര് ശ്രദ്ധിക്കുക; 'ഇടമുറിയാത്ത നിവേദക പരമ്പരകളുള്ളതും (അല്‍മുസ്‌നദ്) പ്രബലവുമായ (അസ്സ്വഹീഹ്) നബിയുടെ വാക്കുകളും (ഹദീസ്), ചര്യകളും (സുനന്‍), ചരിത്ര പ്രധാന ദിനങ്ങളും (അയ്യാമുഹു) സമാഹരിച്ചത് -അല്‍ജാമിഉസ്സ്വഹീഹുല്‍ മുസ്‌നദു മിന്‍ ഹദീസി റസൂലില്ലാഹി വസുനനിഹി വഅയ്യാമിഹി.

ഹദീസ് പണ്ഡിതന്മാരില്‍ ഒന്നാമനായി പരിഗണിക്കപ്പെടുന്ന ഇമാം ബുഖാരിയുടെ 'സ്വഹീഹ്' ആണല്ലോ ഏറ്റവും ആധികാരികമായ ഹദീസ് സമാഹാരമായി സ്വീകരിക്കപ്പെടുന്നത്. തന്റെ ഗ്രന്ഥത്തിന് പേരുവെച്ചപ്പോള്‍ ഇമാം ബുഖാരി മൂന്നു പ്രയോഗങ്ങള്‍ അതിലുള്‍പ്പെടുത്തിയത് സൂക്ഷ്മ വായനക്ക് വിധേയമാക്കേണ്ടതുണ്ട്; ഹദീസ്, സുന്നത്ത്, അയ്യാം.  നബിചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ് 'അയ്യാം' കൊണ്ട് ഉദ്ദേശിക്കുന്നത്. 'അയ്യാമുല്‍ അറബ്' എന്നാല്‍ അറബികളുടെ പ്രധാന ചരിത്രസംഭവങ്ങളും യുദ്ധങ്ങളും പരാജയങ്ങളുമൊക്കെയാണ് അര്‍ഥമാക്കുന്നത്. ഖുര്‍ആനും ഇതേ അര്‍ഥത്തില്‍ അയ്യാം ഉപയോഗിച്ചിട്ടുണ്ട്. 'അല്ലാഹുവിന്റെ ചരിത്ര പ്രധാനമായ ദിനങ്ങള്‍ - അയ്യാമുല്ലാഹ് - അവരെ ഓര്‍മിപ്പിക്കുക' എന്ന് ഖുര്‍ആന്‍ (ഇബ്‌റാഹീം-5) പറഞ്ഞിട്ടുണ്ട്. നബിയുടെ 'ചരിത്രം' (സീറത്ത്) എന്ന അര്‍ഥത്തിലാണ് ഇമാം ബുഖാരി തന്റെ തലക്കെട്ടില്‍ 'അയ്യാമിഹി' എന്ന് പ്രയോഗിച്ചിട്ടുള്ളത്. ഹദീസ് എന്നതുകൊണ്ട് നബിയുടെ മൊഴികള്‍ മാത്രമാണ് ഉദ്ദേശ്യം. 'സുനനിഹി' എന്നതുകൊണ്ട് നബിയുടെ ചര്യയാണ് ഇമാം ബുഖാരി അര്‍ഥമാക്കുന്നത്. തന്റെ മാനദണ്ഡപ്രകാരം പ്രബലമായത് (സ്വഹീഹ്) മാത്രമേ ഇമാം ബുഖാരി തന്റെ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയുള്ളൂ. സീറത്തും ദുര്‍ബല ഹദീസുകളും ഉള്‍പ്പെടെ, മുസ്‌ലിം ലോകം എക്കാലത്തും മാതൃകയാക്കേണ്ട നബിചര്യ-സുന്നത്ത്- അല്ലാത്ത പലതും ഹദീസുകളില്‍ ഉണ്ടാകും എന്നതുകൊണ്ടാണല്ലോ ഇമാം ബുഖാരി ഹദീസും സുന്നത്തും പ്രത്യേകം പ്രത്യേകമായിത്തന്നെ ഉപയോഗിച്ചിട്ടുള്ളത്. 'ബുഖാരിയുടെ ഫിഖ്ഹ്, അദ്ദേഹത്തിന്റെ തലക്കെട്ടുകളില്‍തന്നെ പ്രകടമാണ്' - ഫിഖ്ഹുല്‍ബുഖാരി ഫീ തറാജുമിഹി- എന്ന പ്രയോഗം ഇസ്‌ലാമിക ലോകത്ത് പണ്ഡിതന്മാര്‍ക്കിടയില്‍ വിശ്രുതമാണല്ലോ.

3. എല്ലാ വിഷയങ്ങളിലും സ്ഥിരപ്പെട്ട നബിയുടെ സന്മാര്‍ഗചര്യക്ക് മൊത്തത്തില്‍ 'സുന്നത്ത്' എന്ന് പ്രയോഗിക്കും. നബിയുടെ മാര്‍ഗം, രീതി, വഴി എന്നൊക്കെയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇതിന് പണ്ഡിതന്മാര്‍ 'ഹദീസ്' എന്ന് ഉപയോഗിക്കാറില്ല. അല്ലാമാ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ഇതു സംബന്ധിച്ച നിലപാട് കാണുക: ''നബിയിലേക്ക് ചേര്‍ക്കപ്പെട്ട എല്ലാ സംഭവങ്ങളും ഹദീസാണ്; അത് നബിയുടെ ജീവിതത്തില്‍ ഒറ്റത്തവണ മാത്രം സംഭവിച്ചതും ഒരു വ്യക്തി മാത്രം നിവേദനം ചെയ്തതുമാണെങ്കിലും. എന്നാല്‍, 'മുതവാതിറായ' കര്‍മങ്ങള്‍ക്കുള്ള പേരാണ് യഥാര്‍ഥത്തില്‍ സുന്നത്ത്. അതായത്, നബിയുടെ കര്‍മരൂപങ്ങള്‍ എങ്ങനെ ആയിരുന്നുവെന്നത് ഇടമുറിയാത്ത ഒന്നിലധികം നിവേദക പരമ്പരകളിലൂടെ (മുതവാതിര്‍) തന്നെ നമ്മിലേക്ക് ഉദ്ധരിക്കപ്പെടണം. അതായത്, നബി ഒരു കര്‍മം ചെയ്യുക, പിന്നീട് സ്വഹാബികള്‍ അതേ കര്‍മം ചെയ്യുക, തുടര്‍ന്ന് അതേ കാര്യം താബിഉകള്‍ നിര്‍വഹിക്കുക. ഈ വിധത്തില്‍ നടന്നതാണ് മുതവാതിറായ സുന്നത്ത്. ഓരോ വാക്കും 'തവാതുറാ'യി നിവേദനം ചെയ്യപ്പെടണമെന്ന് നിബന്ധനയില്ല. അപ്പോള്‍ മുതവാതിറായ കര്‍മങ്ങളാണ് സുന്നത്ത് എന്ന് വിളിക്കപ്പെടുന്നത്. അതാണ് 'കിതാബി'നോട് ചേര്‍ന്നുനില്‍ക്കുന്ന പ്രമാണമാകുന്ന 'സുന്നത്ത്'. 'ഞാന്‍ നിങ്ങള്‍ക്ക് രണ്ടു കാര്യങ്ങള്‍ തരുന്നു. അത് മുറുകെ പിടിച്ചാല്‍ നിങ്ങള്‍ വഴിതെറ്റില്ല അല്ലാഹുവിന്റെ കിതാബും എന്റെ ചര്യയുമാണത്' എന്ന വചനത്തിന്റെ അര്‍ഥമിതാണ്''.6

4. ഹദീസുകളില്‍ ഉള്‍പ്പെടുന്ന നബിയുടെ ശരീരവര്‍ണനകള്‍, നിയമത്തിന്റെ രണ്ടാം സ്രോതസ്സായ സുന്നത്തിന്റെ ഭാഗമല്ലെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്. അബ്ദുല്ല അല്‍ ജദീഅ് എഴുതുന്നു: ''അഹ്‌ലുല്‍ ഹദീസിന്റെ നിര്‍വചനപ്രകാരം ഹദീസിനു സമാനമാണ് സുന്നത്ത്. പക്ഷേ, നബിയുടെ ഗുണവിശേഷങ്ങള്‍ പറയുന്ന ഹദീസ്, സുന്നത്തില്‍ ഉള്‍പ്പെടില്ല. കാരണം, നിയമ നിര്‍മാണത്തിന്റെ ആധാരമായിട്ടാണ് സുന്നത്ത് പരിഗണിക്കപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, വ്യക്തിപരമായ ഗുണവിശേഷങ്ങള്‍ സുന്നത്തിന്റെ ഭാഗമല്ലല്ലോ.''7

5. പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ വരെ 'വ്യാജനിര്‍മിത ഹദീസു'കള്‍ ഉണ്ട്. 'ഹദീസ് മൗദൂഅ്' എന്നാണ് അറബിയില്‍ ഇതിന് പറയുക. നബിയുടേത് എന്ന പേരില്‍ ഉദ്ധരിക്കപ്പെട്ടതും വ്യാജനിര്‍മിതവുമായ നിവേദനങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് യഥാര്‍ഥ നബിവചനമല്ല, കള്ളമാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണല്ലോ 'വ്യാജം' (മൗദൂഅ്) എന്ന് പ്രയോഗിച്ചത്. എന്നിട്ടും അവയെ വ്യാജനിര്‍മിത 'ഹദീസ്' എന്നുതന്നെ വിശേഷിപ്പിക്കുകയും ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തുകയും ചെയ്തത് എന്തിനാണ്? അവ ഹദീസ് ഗ്രന്ഥങ്ങളില്‍നിന്ന് നീക്കം ചെയ്യുകയല്ലേ വേണ്ടത്! ചില പണ്ഡിതന്മാര്‍ ദുര്‍ബല ഹദീസുകളില്‍ അവയെ ഉള്‍പ്പെടുത്താതെ 'കല്‍പിതം' എന്ന പ്രത്യേക ഇനമായി അവയെ എണ്ണിയിട്ടുണ്ട്. ഹദീസ് എന്ന വിശേഷണത്തിന് ഇവ അര്‍ഹമല്ലെന്നുറപ്പ്, പക്ഷേ ഇവയെ 'ഹദീസ്' എന്നുതന്നെയാണല്ലോ വിളിക്കുന്നത്!? 'വ്യാജ നിര്‍മിത'വും ഹദീസാവാം, പക്ഷേ 'സുന്നത്ത്' ആകില്ല. ഹദീസും സുന്നത്തും ഭിന്നമാണെന്ന് പറയുന്നതിന്റെ മറ്റൊരു കാരണമിതാണ്.

ദുര്‍ബല ഹദീസുകള്‍ (ഹദീസ് ദഈഫ്) പല ഇനങ്ങളുണ്ട്. മുര്‍സല്‍, മുഅല്ലഖ്, മുഅ്ദല്‍, മുന്‍ഖത്വിഅ്, മുദല്ലസ്, മത്‌റൂക്, മുന്‍കര്‍, മുഅല്ലല്‍ എന്നിങ്ങനെ അവ പേരുവിളിക്കപ്പെട്ടിരിക്കുന്നു. നിവേദക പരമ്പരയുടെ അവസാനത്തില്‍ താബിഈക്കും പ്രവാചകന്നും ഇടയില്‍ വരേണ്ട സ്വഹാബിയെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസാണ് മുര്‍സല്‍. നബിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവും കണ്ടണ്ടും കേട്ടും ഉദ്ധരിക്കേണ്ടത് സ്വഹാബിയാണല്ലോ. അത്തരമൊരു സ്വഹാബിയില്ലാതെ  താബിഈ ഉദ്ധരിക്കുന്ന 'മുര്‍സലായ ഹദീസ്' ദുര്‍ബലവും അസ്വീകാര്യവുമാണെന്ന് ഭൂരിപക്ഷം ഹദീസ് പണ്ഡിതന്മാരും (മുഹദ്ദിസ്) കര്‍മശാസ്ത്ര വിശാരദന്മാരും (ഫഖീഹ്) അഭിപ്രായപ്പെട്ടിട്ടുണ്ട്. 'മുര്‍സല്‍' പ്രമാണമല്ലെന്ന് ഇമാം മുസ്‌ലിം രേഖപ്പെടുത്തിയതു കാണാം. എന്നാല്‍, ഇമാം അബൂഹനീഫയും ഇമാം മാലികും മുര്‍സലിന്റെ ഉള്ളടക്കം പ്രമാണയോഗ്യമാണെങ്കില്‍ സ്വീകരിക്കാം എന്ന് അഭിപ്രായപ്പെടുന്നു.

നിവേദക പരമ്പരയുടെ തുടക്കത്തില്‍ ഒന്നോ അതിലധികമോ നിവേദകരെ വിട്ടുകളഞ്ഞ് ഉദ്ധരിക്കപ്പെട്ട ഹദീസാണ് മുഅല്ലഖ്. ഇവയും അസ്വീകാര്യമാണ്. സ്വഹീഹുല്‍ ബുഖാരിയില്‍ മുഅല്ലഖായ ഹദീസ് ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അത് സ്വഹീഹിന്റെ ഭാഗമല്ലെന്നത് ശ്രദ്ധേയമാണ്. നിവേദക ശ്രേണിയില്‍ തുടര്‍ച്ചയായി രണ്ടോ അതിലധികമോ നിവേദകര്‍ വിട്ടുപോയതാണ് മുഅ്ദല്‍. ഇത് അസ്വീകാര്യമാണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല. കണ്ണിമുറിഞ്ഞ പരമ്പരയോട് കൂടിയ ഹദീസാണ് മുന്‍ഖത്വിഅ്. ഇതും ദുര്‍ബലവും അസ്വീകാര്യവുമാണ്. നിവേദക പരമ്പരയുടെ ന്യൂനത മറച്ചുവെച്ച് ബാഹ്യരൂപം ഭംഗിയായി അവതരിപ്പിക്കപ്പെട്ട ഹദീസാണ് മുദല്ലസ്. കളവ് ആരോപിക്കപ്പെട്ട നിവേദകനിലൂടെ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണ് മുദല്ലസിന്റെ ഒരിനമായ മത്‌റൂക്-വര്‍ജ്യമായ ഹദീസുകള്‍. ഗുരുതരമായ അബദ്ധം, അശ്രദ്ധ, സദാചാര ലംഘനം തുടങ്ങിയവയാല്‍ ആക്ഷേപിതനായ വ്യക്തി നിവേദക പരമ്പരയിലുള്ള ഹദീസാണ് മുന്‍കര്‍. നിവേദകന്‍ ആക്ഷേപിക്കപ്പെടാന്‍ കാരണം ധാരണാപിശകാണെങ്കില്‍, അത്തരം ഹദീസുകള്‍ മുഅല്ലല്‍ എന്ന് അറിയപ്പെടുന്നു.

ദുര്‍ബല ഹദീസുകളുടെ ഈ ഇനങ്ങളെല്ലാം അസ്വീകാര്യവും നിയമത്തിന് ആധാരമാക്കാന്‍ കൊള്ളാത്തവയുമാണെന്നാണ് പൊതുവില്‍ പണ്ഡിതാഭിപ്രായം. ഇവയൊന്നും നബിയുടേതാണെന്ന് യാതൊരുറപ്പുമില്ലെന്നര്‍ഥം. നബിയുടേതാണെന്ന് ഉറപ്പില്ലാത്തതും നിവേദക പരമ്പര ദുര്‍ബലമായതും തിരസ്‌കൃതമെന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയതുമായ ഇത്തരം നിവേദനങ്ങളെ 'ഹദീസ്' എന്നു തന്നെയാണ് വിളിച്ചിരിക്കുന്നത്! അവയെ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു! ഇതാണ് ഇവിടെ പ്രസക്തമായ വിഷയം. തിരസ്‌കരിക്കേണ്ടത് എന്ന് പണ്ഡിതന്മാര്‍ വിധിയെഴുതിയവയും 'ഹദീസ്' എന്നുതന്നെ വിശേഷിപ്പിക്കപ്പെടാം. പക്ഷേ, അവയൊന്നും 'നബിചര്യ' (സുന്നത്ത്) എന്ന അര്‍ഥത്തില്‍ സ്വീകാര്യമാകില്ല. ഹദീസും സുന്നത്തും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാവുന്ന മറ്റൊരു ഉദാഹരണമാണിത്.

ഹദീസില്‍ അടങ്ങിയിട്ടുള്ള മൂല്യങ്ങളും പൊതുനന്മകളും (മസ്വാലിഹ്) ഉദ്ദേശ്യലക്ഷ്യങ്ങളും (മഖാസ്വിദുല്‍ ഹദീസ്) ആണ് സുന്നത്ത്. അതായത്, ഹദീസിന്റെ അക്ഷരങ്ങളില്‍നിന്ന് രൂപപ്പെടുന്ന ആശയങ്ങളെ സുന്നത്തെന്ന് വിളിക്കാം. ഇതാണ് ഹദീസും സുന്നത്തും തമ്മിലുള്ള ബന്ധത്തിലെ പ്രധാന വശം. ആ അര്‍ഥത്തില്‍ നബിചരിതവും (സീറത്തുന്നബി) പല വിധത്തിലുള്ള 'സുന്നത്ത്' ഉള്‍ക്കൊള്ളുന്നതാണ്. ഉദ്ദേശ്യലക്ഷ്യങ്ങളും പൊതുനന്മകളും മുന്‍നിര്‍ത്തി ഹദീസില്‍നിന്ന് സുന്നത്തിനെ വായിച്ചെടുക്കുമ്പോള്‍, ഒരു 'ഹദീസി'ല്‍നിന്ന് ഒന്നിലേറെ 'സുന്നത്തു'കള്‍ ലഭിക്കും. 'ഈ ഹദീസില്‍ അഞ്ച് സുന്നത്തുകള്‍' അടങ്ങിയിട്ടുണ്ടെന്ന് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ഒരു ഹദീസിനെ സംബന്ധിച്ച് പറഞ്ഞത് ഉദാഹരണം.8 സുന്നത്ത് എപ്പോഴും ഹദീസിനോട് യോജിച്ചുവരണമെന്നില്ല. 'ഈ ഹദീസ് സുന്നത്തിനും ഖിയാസിനും ഇജ്മാഇനും എതിരാണെന്ന്' പണ്ഡിതന്മാര്‍ പറഞ്ഞതു കാണാം.9 ഒരു നിശ്ചിത കര്‍മം പുണ്യകരവും നബിചര്യയില്‍പെട്ടതുമാണെന്ന് പറയാന്‍ പണ്ഡിതന്മാര്‍ ഉപയോഗിക്കുന്നത്, 'അത് സുന്നത്താണ്' എന്നത്രെ, അത് 'ഹദീസാ'ണെന്ന് അവര്‍ പറയാറില്ല. അപ്രകാരം ഒരു നിവേദനം പ്രബലമോ ദുര്‍ബലമോ എന്ന് വ്യക്തമാക്കാന്‍ 'ഹദീസുന്‍ സ്വഹീഹ്/ഹദീസുന്‍ ദഈഫ്' എന്നിങ്ങനെയാണ് പ്രയോഗിക്കാറുള്ളത്; പ്രബലമായ സുന്നത്ത് (സുന്നത്തുന്‍ സ്വഹീഹ), ദുര്‍ബലമായ സുന്നത്ത് (സുന്നത്തുന്‍ ദഈഫ) എന്ന് പറയാറില്ല.

ഇനി, ഹദീസും സുന്നത്തും പര്യായപദങ്ങളായാണ് പരിഗണിക്കുന്നതെങ്കില്‍, സുന്നത്തില്‍/ഹദീസില്‍ നിയമപദവി ഉള്ളതും ഇല്ലാത്തതുമുണ്ട് എന്ന് മനസ്സിലാക്കുകയും അങ്ങനെ വേര്‍തിരിക്കുകയും ചെയ്യേണ്ടതുണ്ട്. മുഹമ്മദ് നബി(സ) ദൈവദൂതന്‍ എന്ന നിലയില്‍ ഖുര്‍ആന്‍ വിശദീകരിച്ചുകൊണ്ട് പഠിപ്പിച്ച ദീനീനിയമങ്ങള്‍ക്കാണ് ശര്‍ഈ പദവിയുള്ളത്. 'ദൈവദൂതന്‍ അവരെ വേദഗ്രന്ഥം പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു ....', എന്നും 'ദൈവദൂതന്‍ നിങ്ങള്‍ക്ക് നല്‍കിയത് സ്വീകരിക്കുക, വിലക്കിയത് ഉപേക്ഷിക്കുക......' എന്നുമാണ് ഖുര്‍ആന്‍ പറയുന്നത്. അപ്പോള്‍, 'പ്രവാചകത്വ'ത്തിന്റെയും (രിസാലത്ത്) 'അധ്യാപന'ത്തിന്റെയും (തഅലീം) 'വിശദീകരണ'ത്തിന്റെയും (തബ്‌യീന്‍) ഭാഗമായ നബിയുടെ നടപടിക്രമങ്ങള്‍ക്കാണ് നിയമപദവിയുള്ളത്. ഇത് വഹ്‌യിന്റെ ഭാഗമാണ്. എന്നാല്‍, മുഹമ്മദു ബ്‌നു അബ്ദുല്ല എന്ന കേവല മനുഷ്യന്റെ വാക്കുകളും കര്‍മങ്ങളും നിയമപദവി ഇല്ലാത്തതാണ്. 'ഞാന്‍ നിങ്ങളെ പോലെ ഒരു മനുഷ്യന്‍ മാത്രമാണ്, എനിക്ക് വഹ്‌യ് ലഭിക്കുന്നു...' എന്ന ഖുര്‍ആന്‍ സൂക്തം ഇവിടെ പ്രസക്തമാണ്. വഹ്‌യ് മാറ്റിവെച്ചുകൊണ്ട്, മനുഷ്യന്‍ എന്ന അര്‍ഥത്തിലുള്ള (ബശര്‍-ജൈവ മനുഷ്യന്‍) കാര്യങ്ങള്‍ക്കാണ് നിയമപരത ഇല്ലാത്തത്. 'ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാണ്, ഞാന്‍ എന്റെ കാഴ്ചപ്പാട് അനുസരിച്ച് എന്തെങ്കിലും അഭിപ്രായം നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍, ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ്.'10 ഞാന്‍ എന്റെ ഊഹമനുസരിച്ച് പറയുന്നതില്‍ ശരിയും തെറ്റും സംഭവിക്കാം. എന്നാല്‍, അല്ലാഹു അരുളിയത് എന്ന് വ്യക്തമാക്കിക്കൊണ്ട് ഞാന്‍ പറയുന്നത് നിങ്ങള്‍ സ്വീകരിക്കുക. കാരണം, ഞാന്‍ അല്ലാഹുവിന്റെ പേരില്‍ കളവ് പറയുകയില്ല.

മദീനയിലെ കര്‍ഷകര്‍ തുടര്‍ന്നു വന്നിരുന്ന പരാഗണത്തെ സംബന്ധിച്ച്  നബി നടത്തിയ അഭിപ്രായ പ്രകടനം വിപരീത ഫലം ഉണ്ടാക്കിയതാണ് ഈ വിശദീകരണത്തിന്റെ പശ്ചാത്തലം. ഈ ചര്‍ച്ചയില്‍ ഏറെ പ്രസക്തമാണ് ഈ ഹദീസ്. നബിയുടെ സംസാരത്തില്‍ അല്ലാഹുവില്‍നിന്നുള്ള വഹ്‌യ് പ്രകാരമുള്ളതും സ്വന്തം ധാരണയനുസരിച്ച് പറയുന്നതും എന്നിങ്ങനെ രണ്ട് വിധമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. ദീനീനിയമ വൃത്തത്തിനു പുറത്തുള്ള കാര്യങ്ങള്‍ മനുഷ്യജീവിതത്തില്‍ ഉണ്ടെന്നും അവയില്‍ ഗുണകരമായ വശങ്ങളാണ് പരിഗണിക്കേണ്ടതെന്നും മുഹമ്മദ് നബിയുടെ നടപടികള്‍ മുമ്പില്‍ വെച്ചുകൊണ്ടു തന്നെ ബോധ്യപ്പെടുത്തുകയാണ് ഈ ഹദീസ് ചെയ്യുന്നത്. അത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍, ഏതെങ്കിലും തലത്തില്‍ ദീനീനിയമങ്ങള്‍ക്ക് വിരുദ്ധമാകാതിരിക്കാന്‍ സൂക്ഷിക്കുക മാത്രമേ വേണ്ടതുള്ളു. ചുരുക്കത്തില്‍, കേവല മനുഷ്യന്‍ എന്ന നിലയിലുള്ള ദുന്‍യവിയായ കാര്യങ്ങളും ദൈവദൂതന്‍ എന്ന അര്‍ഥത്തില്‍ നിയമപദവിയുള്ള കര്‍മങ്ങളും പ്രാമാണികമായിത്തന്നെ വേര്‍തിരിക്കപ്പെടുന്നു. ഇമാം ഖര്‍റാഫി എന്നറിയപ്പെടുന്ന അബുല്‍ അബാസ് അഹ്മദു ബിന്‍ ഇദ്‌രീസ്, ശാഹ് വലിയുല്ലാഹിദ്ദഹ്‌ലവി എന്നിവരുടെ ഇതു സംബന്ധിച്ച പഠനങ്ങള്‍ ശ്രദ്ധേയമാണ്.11 ഈ പരമ്പരയിലെ സുന്നത്തും ആദത്തും എന്ന ലേഖനത്തില്‍ ഇത് വിശകലനം ചെയ്യുന്നുണ്ട്.

 

റഫറന്‍സ്

1. നള്‌റത്തുന്‍ ആമ്മ ഫീ താരീഖില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, അലി ഹസന്‍ അബ്ദുല്‍ഖാദിര്‍, പേജ്: 122, കയ്‌റോ 1956/അസുന്നത്തുന്നബവിയ്യ: റുഅ്‌യ തര്‍ബവിയ്യ, പേജ്: 33/അല്‍വദ്ഉ ഫില്‍ഹദീസ്, ഡോ. മുബാറകുബ്‌നു മുഹമ്മദ് ബ്‌നു അഹ്മദ് അദ്ദഈലജ്, പേജ്: 21

2. ഉദ്ധരണം: അസ്സുന്നത്തുന്നബവിയ്യഃ റുഅ്‌യ തര്‍ബവിയ്യ, പേജ്: 33

3. അസര്‍ഖാനി അലല്‍ മുവത്വ, വാള്യം-1, പേജ്-4, തര്‍തീബുല്‍ മദാരിക് 1/132. ഉദ്ധരണി: ഡോ. മുബാറകു ബ്‌നു മുഹമ്മദുബ്‌നു ഹമദ് അദ്ദഈലജിന്റെ അല്‍വദ്ഉ ഫില്‍ ഹദീസ്- 20-21

4. അസുന്നത്തുന്നബവിയ്യ റുഅ്‌യ തര്‍ബവിയ്യ - 33

5. ഫതാവാ ഇബ്‌നു സ്വലാഹ് 1/139-140

6. സംഗ്രഹം; മജല്ലത്തുല്‍ മനാര്‍ 30/673. ഉദ്ധരണം: ഹല്‍ ഹുനാക ഫര്‍ഖുന്‍ ബൈന മുസ്ത്വലഹില്‍ ഹദീസി വ സുന്ന? അല്‍ഇസ്‌ലാമു സുആലുന്‍ വജവാബ്, https://islamqa.info

7. തഹ്‌രീറു ഉലൂമില്‍ ഹദീസ്, ശൈഖ് അബ്ദുല്ല ജദീഅ്

8. നദ്‌റത്തുന്‍ ആമ്മ ഫീ താരീഖില്‍ ഫിഖ്ഹില്‍ ഇസ്‌ലാമി, പേജ്: 122, കയ്‌റോ-1956.

9. അസുന്നത്തുന്നബവിയ്യ റുഅ്‌യ തര്‍ബവിയ്യ.

10. ഹുജ്ജത്തുല്ലാഹില്‍ ബാലിഗ 11

11. അല്‍ ഇഹ്കാമു ഫീ തമ്മീസില്‍ ഫത്‌വാ അനില്‍ അഹ്കാം വതസ്വര്‍റുഫാത്തില്‍ ഖാദീ വല്‍ ഇമാം പേ. 86-96, ഹുജ്ജത്തുല്ലാഹില്‍ ബാലിഗ, 1/128,129

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍