പലായനം
(മുഹമ്മദുന്‍ റസൂലുല്ലാഹ്-23)
ഒടുവില്‍ മക്കയിലെ മുസ്‌ലിംകള്‍ക്ക് മദീനയില്‍ ഒരു സുരക്ഷിത സങ്കേതം ലഭിക്കുമെന്ന് ഉറപ്പായി. നൂറുകണക്കിന് കിലോമീറ്ററുകള്‍ മാത്രമാണ് മക്കയില്‍നിന്ന് മദീനയിലേക്കുള്ള ദൂരം. കടലിനപ്പുറമുള്ള അബ്‌സീനിയയേക്കാള്‍ അടുത്ത്. അവിടത്തുകാര്‍ സ്വന്തം സഹോദരന്മാരായി കണ്ട് തങ്ങളെ സ്വീകരിക്കും. അവിടെ തങ്ങള്‍ സ്വതന്ത്രരായിരിക്കും. ഇതൊക്കെ നടക്കുന്നത് ദുല്‍ഹജ്ജ് മധ്യത്തിലാണ്. കരാര്‍ ഉറപ്പിച്ച ദിവസം മുതല്‍ ദുല്‍ഹജ്ജ് അവസാനം വരെയുള്ള സമയത്തിനിടക്ക് ചെറിയ സംഘങ്ങളായി മക്കയിലെ മുസ്‌ലിംകള്‍ മദീനയിലേക്ക് യാത്ര തിരിക്കാന്‍ തുടങ്ങിയിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മക്കയില്‍ മുസ്‌ലിംകളായി പ്രവാചകനും അദ്ദേഹത്തിന്റെ കുടുംബവും, അബൂബക്ര്‍ സിദ്ദീഖും അദ്ദേഹത്തിന്റെ കുടുംബവും മറ്റുള്ളവരുടെ അധീനതയിലുള്ള ഏതാനും സ്ത്രീകളും കുട്ടികളും അടിമകളും മാത്രം അവശേഷിച്ചു.
പലായനം ഒട്ടും എളുപ്പമായിരുന്നില്ല. അയ്യാശുബ്‌നു റബീഅയുടെ കാര്യം തന്നെ എടുക്കാം. അദ്ദേഹവും ഉമറുബ്‌നുല്‍ ഖത്ത്വാബും ഹിശാമുബ്‌നുല്‍ ആസും ഒരു രഹസ്യധാരണ ഉണ്ടാക്കിയിരുന്നു. മൂവരും മക്കയില്‍നിന്ന് ഒറ്റക്കൊറ്റക്ക് പുറപ്പെടുക. എന്നിട്ട് വഴിമധ്യേയുള്ള ഒരു സ്ഥലത്ത് മൂവരും നിശ്ചിത സമയത്ത് എത്തിച്ചേരുക. പക്ഷേ, ഹിശാം മാത്രം എത്തിച്ചേര്‍ന്നില്ല. കാരണം ഹിശാം യാത്രക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയ ബന്ധുക്കള്‍ അദ്ദേഹത്തെ പിടികൂടുകയും ചങ്ങലക്കിടുകയും ചെയ്തു. അപ്പോഴേക്കും അബൂജഹ്ല്‍ തന്റെ ഒരു ബന്ധുവിനെയും കൂട്ടി മദീനയിലേക്ക് പോകുന്നവരെ പലതും പറഞ്ഞ് മനസ്സ് മാറ്റാന്‍ ഇറങ്ങിത്തിരിച്ചിരുന്നു. അവര്‍ ഉമറിനെയും അയ്യാശിനെയും കണ്ടുമുട്ടി. അപ്പോഴേക്കുമവര്‍ മക്കയുടെ അതിര്‍ത്തി കഴിഞ്ഞ് ഏറക്കുറെ മദീനക്കടുത്തെത്തിയിട്ടുണ്ട്. ഉമറിന്റെ മനസ്സ് മാറ്റാം എന്ന പ്രതീക്ഷയൊന്നും അബൂജഹ്‌ലിന് ഇല്ല. അയാള്‍ അയ്യാശിന്റെ അടുത്തു ചെന്ന് ഇങ്ങനെ പറഞ്ഞു: ''നോക്കൂ അയ്യാശ്, നീ വേര്‍പിരിഞ്ഞതില്‍ പിന്നെ നിന്റെ മാതാവ് കഠിനദുഃഖത്തിലാണ്. നീ തിരിച്ചുവരുന്നതുവരെ പൊരിവെയിലില്‍ നില്‍ക്കുമെന്നും മുടി കോതി വെക്കില്ലെന്നും അവര്‍ ശപഥം ചെയ്തിരിക്കുകയാണ്.'' ഇത് ചതിയാണെന്നും അതില്‍ വീണു പോകരുതെന്നും ഉമര്‍ ഉപദേശിച്ചെങ്കിലും, തന്റെ മാതാവിനെ അഗാധമായി സ്‌നേഹിച്ചിരുന്ന അയ്യാശ് ഉമറിന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. ഉമര്‍ പറഞ്ഞതായിരുന്നു ശരി. തിരിച്ചുപോരവെ മക്കയുടെ അതിര്‍ത്തിയില്‍ എത്തേണ്ട താമസം, അബൂജഹ്‌ലും ബന്ധുവും അയ്യാശിന്റെ മേല്‍ ചാടിവീണ് അദ്ദേഹത്തെ ബന്ധനസ്ഥനാക്കി മക്കയിലേക്ക് കൊണ്ടുവന്നു. എന്നിട്ട് മേല്‍ക്കൂരയില്ലാത്ത ഒരു കെട്ടിടത്തില്‍ ചങ്ങലക്കിട്ടു. ഒന്നിച്ച് പുറപ്പെടാനിരുന്ന ഹിശാമും ബന്ധനസ്ഥനായി അവിടെ ഉണ്ടായിരുന്നു. കുറേകാലം അവര്‍ ഇവിടെ തടവുകാരായി കഴിഞ്ഞു. നബി തന്റെ മദീനാ പലായനമൊക്കെ കഴിഞ്ഞ ശേഷം, ഒരു രഹസ്യ സംഘത്തെ പറഞ്ഞയച്ച് ഇരുവരെയും മദീനയിലേക്ക് മോചിപ്പിച്ചു കൊണ്ടുവരികയായിരുന്നു.1
അഭയാര്‍ഥികള്‍ക്ക് മക്കയിലെ അവരുടെ സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം കൈയൊഴിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. മക്കക്കാര്‍ അതൊക്കെ യുദ്ധമുതലുകളായി2 കണ്ട് പിടിച്ചെടുക്കുകയും ചെയ്തു. നൂറുകണക്കിന് അഭയാര്‍ഥികളുണ്ടാകുമ്പോള്‍ മൊത്തമായി വലിയൊരു തുകക്കുള്ള സ്വത്ത് അവര്‍ക്ക് നഷ്ടമായിട്ടുണ്ടാവണം.
സുഹൈബുര്‍റൂമിയുടേത് മറ്റൊരു കഥയാണ്. അദ്ദേഹം മക്കയിലാണ് താമസിച്ചിരുന്നതെങ്കിലും മക്കക്കാരനല്ല. കച്ചവടമായിരിക്കാം അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലി. അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു, മദീനയിലേക്ക് പോകാനൊരുങ്ങി. അപ്പോള്‍ മക്കക്കാര്‍ പറഞ്ഞു: ''താനിവിടെ വന്നപ്പോള്‍ ഭിക്ഷക്കാരനായിരുന്നു, എന്നിട്ട് ഞങ്ങളുടെ സ്വത്ത് കൊണ്ട് നീ പണക്കാരനായി. ആ സ്വത്തുക്കളുമായി നീ പൊയ്ക്കളഞ്ഞാലെങ്ങനാ? അങ്ങനെയങ്ങ് പോകാന്‍ വരട്ടെ.'' അപ്പോള്‍ സുഹൈബ് ചോദിച്ചു: ''ഈ സ്വത്തൊക്കെ ഇവിടെ ഇട്ടിട്ട് ഞാന്‍ ഒന്നുമില്ലാതെ ഒറ്റക്കങ്ങ് പോയാലോ?''
അതേ, അദ്ദേഹം പോയതും അങ്ങനെത്തന്നെയായിരുന്നു, ഒന്നുമില്ലാതെ. ഈ ത്യാഗസന്നദ്ധതയെ നബിയും അനുചരന്മാരും പ്രശംസിക്കുകയുണ്ടായി. 'അല്ലാഹുവിന്റെ പ്രീതി തേടി സ്വന്തം ജീവന്‍ പോലും വില്‍ക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ട്' എന്ന ഖുര്‍ആനിക പരാമര്‍ശം ഈ പശ്ചാത്തലത്തിലാണ് അവതരിച്ചതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എഴുതിയിട്ടുണ്ട്.3
മുസ്‌ലിംകള്‍ മദീനയിലേക്ക് പലായനം ചെയ്തതിനെ തുടര്‍ന്നുണ്ടായ പുതിയ സംഭവവികാസങ്ങള്‍ വിലയിരുത്താന്‍ പതിനഞ്ച്-ഒരുപക്ഷേ നൂറ്- പേരടങ്ങുന്ന മക്കയിലെ കൗണ്‍സില്‍ ഉടന്‍ യോഗം ചേര്‍ന്നു. മുഹമ്മദിന്റെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണം എന്നതാണ് മുഖ്യ ചര്‍ച്ച.4 മുഹമ്മദിനെ പുറത്താക്കിയാല്‍ അത് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ സഭക്ക് സംശയമൊന്നുമുണ്ടായിരുന്നില്ല. കാരണം, പുറത്താക്കപ്പെട്ടയാളുടെ നേതൃത്വത്തില്‍ മക്ക കീഴടക്കാന്‍ തന്നെ മദീനക്കാര്‍ വന്നുകൂടായ്കയില്ല. അതുകൊണ്ട് ആ നിര്‍ദേശം ആദ്യമേ തള്ളപ്പെട്ടു. ബന്ധനസ്ഥനാക്കുക എന്നതും അത്ര സുരക്ഷിതമല്ല. വധിക്കുക എന്ന തീരുമാനത്തിലാണ് ഒടുവിലവര്‍ എത്തിച്ചേര്‍ന്നത്. പക്ഷേ, വധിക്കപ്പെട്ടയാളുടെ കുടുംബം പ്രതികാരത്തിനിറങ്ങുമെന്ന പ്രശ്‌നമുണ്ട്. അതൊരു യുദ്ധത്തിലേക്ക് വഴിവെച്ചേക്കും. അത് മറികടക്കാന്‍ പൗരാണികമായ, എന്നാല്‍ പ്രായോഗികമായ ഒരു രീതി സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. വധിക്കുന്നത് ഒരു സംഘം യുവാക്കളാവുക. നഗരത്തിലെ മുഴുവന്‍ കുടുംബങ്ങളെയും പ്രതിനിധീകരിക്കുംവിധം ഓരോ കുടുംബത്തില്‍നിന്നും ഒരാള്‍ വീതം ആ സംഘത്തില്‍ ഉണ്ടാവണം. നബിയുടെ കുടുംബത്തിന് മറ്റെല്ലാ കുടുംബങ്ങളെയും നേരിടാനുള്ള ശേഷിയുണ്ടാവില്ല എന്ന കണക്കുകൂട്ടലില്‍നിന്നാണ് ഈ തീരുമാനം. മക്കയിലാണെങ്കില്‍ ഏതാനും പേര്‍ മാത്രമാണ് ഇനി മുസ്‌ലിംകളായി അവശേഷിക്കുന്നത്. മാത്രവുമല്ല, നബികുടുംബമായ ബനൂഹാശിമിന്റെ നേതൃത്വം ഇപ്പോള്‍ അബൂലഹബിനാണ്. വധത്തിനു പകരം നഷ്ടപരിഹാരത്തുക നല്‍കിയാല്‍ അദ്ദേഹമത് സ്വീകരിക്കുമെന്നുറപ്പ്. തുക നല്‍കാന്‍ മക്കക്കാര്‍ തയാറുമാണ്.5
സുഹ്‌റ ഗോത്രത്തിലേക്ക് വിവാഹം ചെയ്തയച്ച നബിയുടെ ഒരു അമ്മായി ഉണ്ടായിരുന്നു. റഖീഖ ബിന്‍ത് അബീ സൈഫി ബ്‌നു ഹാശിം എന്നാണവരുടെ പേര്. അവര്‍ ഈ ഗൂഢാലോചന അയല്‍വാസികളുടെ സംസാരത്തില്‍നിന്നോ മറ്റോ എങ്ങനെയോ മണത്തറിഞ്ഞു. ഉടനെ വിവരം പ്രവാചകനെ അറിയിക്കുകയും ചെയ്തു.6 നബി നേരെ അബൂബക്ര്‍ സിദ്ദീഖിനെ കാണാനായി പുറപ്പെട്ടു. അസമയത്ത്-നട്ടുച്ചക്ക്- നബി കയറിവരുന്നതു കണ്ട് അദ്ദേഹം ചകിതനായി. ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഒട്ടും സമയം കളയാതെ മക്ക വിടണമെന്നും സിദ്ദീഖിനോട് അടക്കം പറഞ്ഞു. മാസങ്ങളായി സിദ്ദീഖ് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചുനില്‍ക്കുകയായിരുന്നു. പെട്ടെന്ന് യാത്ര വേണ്ടിവന്നാല്‍ അതിനായി പ്രത്യേക പരിചരണം നല്‍കി രണ്ട് പെണ്‍ ഒട്ടകങ്ങളെ വാങ്ങി അദ്ദേഹം പോറ്റുന്നുണ്ടായിരുന്നു. രാത്രി ഒരു നിര്‍ണിത സ്ഥലത്തു വെച്ച് കാണാമെന്നും അവിടെനിന്ന് മക്കയുടെ പ്രാന്തത്തിലുള്ള സൗര്‍ ഗുഹയിലേക്ക് പോവാമെന്നും തീരുമാനിച്ച് അവര്‍ പിരിഞ്ഞു. സിദ്ദീഖ് ഒരു വഴികാട്ടിയെ കൂലിക്കെടുത്തു; എന്നിട്ട് യാത്രക്കുള്ള പാഥേയങ്ങള്‍ ഒരുക്കി. വഴികാട്ടിയുടെ പേര് അബ്ദുല്ലാഹിബ്‌നു ഉറൈഖിത്ത് എന്നായിരുന്നു. അദ്ദേഹം വിശ്വാസിയായിരുന്നില്ല. എങ്കിലും ഈ രണ്ട് അഭയാര്‍ഥികളെയും ആള്‍പെരുമാറ്റമില്ലാത്ത വഴികളിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതില്‍ അസാധാരണമായ കൂറും വിശ്വസ്തതയുമാണ് അദ്ദേഹം കാണിച്ചത്. യാത്ര പുനരാരംഭിക്കുന്നതിനു മുമ്പ് കുറച്ച് ദിവസം സൗര്‍ ഗുഹയില്‍ തങ്ങാമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.
മക്കക്കാര്‍ ഇസ്‌ലാമിനോട് പൂര്‍ണയുദ്ധം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ നബിയുടെ പെരുമാറ്റം എങ്ങനെയായിരുന്നു? നമുക്കൊന്ന് പിന്തുടര്‍ന്നുനോക്കാം. ആദ്യം, താന്‍ ദത്തുപുത്രനായി വളര്‍ത്തുന്ന അലിയെ അടുത്തു വിളിച്ച്, മക്കക്കാര്‍ തന്നെ വിശ്വസിച്ചേല്‍പിച്ച എല്ലാ സ്വത്തുക്കളും തിരിച്ചേല്‍പിക്കാന്‍ ഏര്‍പ്പാട് ചെയ്തു. മക്കയിലെ അവിശ്വാസികളുടേതായിരുന്നു ആ സ്വത്തുക്കള്‍.7 അല്‍പം കഴിഞ്ഞ് മദീനയിലേക്ക് വരാനും അലിയോട് പറഞ്ഞു. അന്ന് രാത്രി അലി കിടക്കേണ്ടത് സ്വന്തം വിരിപ്പിലല്ല, നബിയുടെ വിരിപ്പിലാണെന്നും പ്രത്യേകം ശട്ടംകെട്ടി. ശത്രുനിരീക്ഷണങ്ങളെ കബളിപ്പിക്കാന്‍ അത് ആവശ്യമായിരുന്നു.8
സാധാരണ ഗതിയില്‍ നബി പ്രാര്‍ഥിക്കാനായി രാത്രി കഅ്ബാങ്കണത്തിലേക്ക് പോകാറുണ്ട്. അന്ന് രാത്രിയും അദ്ദേഹം വീട്ടില്‍നിന്നിറങ്ങുമെന്ന് പ്രതീക്ഷിച്ച് മക്കക്കാര്‍ അദ്ദേഹത്തിന്റെ വീടിന്റെ വാതില്‍ക്കല്‍ കാത്തുനിന്നു. അര്‍ധരാത്രി നബി ഖുര്‍ആന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തുകൊണ്ട് വീട്ടില്‍നിന്നിറങ്ങി. അത്ഭുതകരമെന്നു പറയട്ടെ, നബിയെ കാണാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞില്ല. നബിയെ വധിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറിയാല്‍ മതിയായിരുന്നല്ലോ എന്ന് ചോദിക്കാം. അസമയത്ത് വീട്ടില്‍ കയറരുതെന്ന പരമ്പരാഗത വിലക്ക് ഒരുപക്ഷേ ഉണ്ടാകാം. അല്ലെങ്കില്‍ അതു സംബന്ധമായ വല്ല അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടാകാം. അതുമല്ലെങ്കില്‍ ഒരു മുന്‍കരുതല്‍ എന്ന നിലക്ക് കയറാതിരുന്നതുമാവാം. ഏതായാലും പുറത്തിറങ്ങുമ്പോള്‍ കൊലപ്പെടുത്തുക എന്ന തീരുമാനത്തിലാണ് അവര്‍ എത്തിയത്. പുറത്തുനിന്ന് അകത്തേക്ക് എത്തിനോക്കുമ്പോള്‍ പ്രവാചകന്റെ വിരിപ്പില്‍ ആരോ കിടക്കുന്നത് അവര്‍ കാണുന്നുണ്ട്. നേരം വെളുത്തപ്പോള്‍ മാത്രമാണ് ആ കിടന്നിരുന്നത് അലിയാണ് എന്നവര്‍ തിരിച്ചറിയുന്നത്. കലികയറി അവര്‍ അലിയെ ചെറുതായി ഉപദ്രവിച്ചെങ്കിലും, രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതിനായി അവര്‍ ഉടനെ അവിടെ നിന്ന് തിരിച്ചോടി.
അബൂബക്ര്‍ സിദ്ദീഖ് വീടിനു പുറത്തുകടന്നത് ജനല്‍ വഴി ചാടിയാണ്. ഒരുപക്ഷേ ആ വീടിനെയും ശത്രുക്കള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ടാവാം. ഇരുവരും നേരത്തേ പറഞ്ഞുവെച്ച സ്ഥലത്തെത്തി യാത്ര ആരംഭിച്ചു. ചാന്ദ്രമാസത്തിന്റെ അവസാനമായതിനാല്‍ കൂരാകൂരിരുട്ടായിരുന്നു. അവര്‍ പോകുന്നത് സൗര്‍ പര്‍വതത്തിന് നേര്‍ക്കാണ്. വഴിയില്‍വെച്ച് ആരോ ഒരാള്‍ അബൂബക്‌റിനെ തിരിച്ചറിയുന്നുണ്ട്. കളവ് പറയാതെയും എന്നാല്‍ രഹസ്യം വെളിപ്പെടുത്താതെയും അയാളെ ഒരുവിധം ഒഴിവാക്കി. ഏതാനും കിലോമീറ്ററുകളായി ഇരുവരും കയറ്റം കയറിക്കൊണ്ടിരിക്കുകയാണ്. നബിയുടെ പാദങ്ങള്‍ കല്ലുകളില്‍ തട്ടി ചോരപൊടിഞ്ഞു.
പര്‍വതത്തിലെ ഗുഹയെത്തിയപ്പോള്‍ വിശ്വസ്തനായി കൂടെയുള്ള അബൂബക്‌റാണ് ആദ്യം കയറിയത്. ഗുഹക്കകത്തുള്ള ചപ്പുചവറുകള്‍ എടുത്തുമാറ്റി അദ്ദേഹം നിലം വൃത്തിയാക്കി. തന്റെ ഷാളെടുത്ത് കീറി ഗുഹയിലെ ദ്വാരങ്ങള്‍ അടച്ചു; പാമ്പിനെ പേടിച്ചാണ്. എന്നിട്ട് നബിയെ അകത്തേക്ക് ക്ഷണിച്ചു. പരമ്പരാഗത വിവരണങ്ങളില്‍ ചില വിശദാംശങ്ങള്‍ കാണുന്നുണ്ട്. അതിപ്രകാരമാണ്: ഗുഹയിലെ ദ്വാരങ്ങള്‍ അടച്ചുവന്നപ്പോള്‍ ഒരു ദ്വാരം അടക്കാന്‍ തുണി മതിയാകാതെ വന്നു. ആ ദ്വാരം അദ്ദേഹം കാല്‍പാദം കൊണ്ട് ചവിട്ടിപ്പിടിച്ചു. അതിനകത്തുണ്ടായിരുന്ന പാമ്പ് അദ്ദേഹത്തിന്റെ കാലില്‍ കൊത്തി. ക്ഷീണിച്ച് പരവശനായ നബി അപ്പോഴേക്കും അബൂബക്‌റിന്റെ മടിയില്‍ തലവെച്ച് ഉറങ്ങിക്കഴിഞ്ഞിരുന്നു. പ്രവാചകന്റെ ഉറക്കിന് ഭംഗം വരാതിരിക്കാന്‍ കഠിനവേദന സഹിച്ചുകൊണ്ട് അബൂബക്ര്‍ കാല്‍ അനക്കാതെയിരുന്നു. പക്ഷേ, സിദ്ദീഖിന്റെ കണ്ണില്‍ നിറഞ്ഞ കണ്ണുനീരിന്റെ ഒരു തുള്ളി പ്രവാചകന്റെ മുഖത്ത് വീണപ്പോള്‍ അദ്ദേഹം ഉണര്‍ന്നു. എന്താണ് കാര്യമെന്ന് തിരക്കി. പാമ്പ് കടിച്ച വിവരമറിഞ്ഞപ്പോള്‍ നബി തന്റെ ഉമിനീരെടുത്ത് ആ മുറിവില്‍ പുരട്ടി. മുറിവ് സുഖപ്പെട്ടു. വേറെയും ചില അത്ഭുതങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. രണ്ടാളും ഗുഹയില്‍ കയറിയ ഉടനെ, ഒരു ചിലന്തി വന്ന് ആ ഗുഹാമുഖം മുഴുവന്‍ മൂടുന്ന വിധത്തില്‍ ഒരു വല കെട്ടി. ഗുഹാ മുഖത്തിന് ചാരെ നില്‍ക്കുന്ന കുറ്റിപ്പൊന്തയില്‍ ഇണപ്രാവുകള്‍ വന്ന് കൂടുണ്ടാക്കുകയും പെണ്‍പ്രാവ് അതില്‍ മുട്ടയിടുകയും ചെയ്തു. പിറ്റേ ദിവസമോ അതിനു ശേഷമുള്ള ദിവസമോ ഇരുവരെയും തേടി ശത്രുക്കള്‍ ആ സ്‌പോട്ടില്‍ എത്തുന്നതിനു മുമ്പാണ് ഇതൊക്കെ സംഭവിക്കുന്നത്. വളരെ ഉത്കണ്ഠയോടെ ഇരുവരും ഒളിവില്‍ പാര്‍ക്കുന്ന ഈ സ്ഥലം ഇങ്ങനെ പല രീതിയില്‍ സംരക്ഷിക്കപ്പെടുകയായിരുന്നു. തങ്ങളെ പിന്തുടര്‍ന്നെത്തിയവരുടെ ശബ്ദം തൊട്ടപ്പുറത്തുനിന്ന് ഇരുവരും കേള്‍ക്കുന്നുണ്ട്. ഓടിപ്പോയവരെ കാല്‍പാടുകള്‍ നോക്കി പിന്തുടര്‍ന്ന് കണ്ടുപിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ഒരാളുടെ സഹായത്തോടെയാണ് ശത്രുക്കള്‍ ഗുഹാമുഖം വരെ എത്തിച്ചേര്‍ന്നത്. പിടിക്കപ്പെടുമെന്ന ഭീതിയില്‍ അസ്വസ്ഥനായിത്തീര്‍ന്ന അബൂബക്‌റിനെ നബി സമാധാനിപ്പിച്ചു: ''ദുഃഖിക്കരുത്; അല്ലാഹു നമ്മുടെ കൂടെയുണ്ട്.''9 ഈ ഗുഹയും പരിസരവും മക്കക്കാര്‍ക്ക് സുപരിചിതമായിരുന്നു എന്ന് മുമ്പും പിന്നീടുമുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
അവര്‍ക്ക് കുടിക്കാനായി ഓരോ രാത്രിയും പാല്‍ എത്തിച്ചുകൊടുത്തിരുന്നത് അബൂബക്‌റിന്റെ ഒരു ഇടയനായിരുന്നു. മക്കാനഗരത്തിലെ വിവരങ്ങള്‍ കൈമാറാനായി അബൂബക്‌റിന്റെ മകനും ഇടക്കിടെ വരും. അബൂബക്ര്‍ വീടു വിട്ടതിനു ശേഷം അദ്ദേഹത്തിന്റെ പെണ്‍മക്കളെ പോലും ശത്രുക്കള്‍ ശല്യപ്പെടുത്തി. ഇരുവരെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നൂറ് ഒട്ടകം ഇനാമായി പ്രഖ്യാപിച്ചു. രണ്ടു മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ബഹളമൊക്കെ ഒന്നടങ്ങി. ആ സമയം അബൂബക്‌റിന്റെ ആട്ടിടയനും വഴികാട്ടിയും യാത്രാവാഹനമായ രണ്ട് പെണ്ണൊട്ടകങ്ങളുമായി ഗുഹയുടെ സമീപം എത്തി. അങ്ങനെ ആ നാല്‍വര്‍ സംഘം മദീന ലക്ഷ്യംവെച്ച് യാത്ര തുടര്‍ന്നു.
യന്‍ബൂഇന്(യാമ്പൂ) അടുത്ത് ബനൂമുദ്‌ലിജ് ഗോത്രക്കാരുടെ ആവാസഭൂമിയിലെത്തുമ്പോള്‍ ഒരു സംഭവം നടക്കുന്നുണ്ട്. നാല് യാത്രക്കാരെ കണ്ടപ്പോള്‍, മക്കക്കാര്‍ തലക്ക് വിലയിട്ട ആളുകളായിക്കൂടേ അവര്‍ എന്ന് ബനൂമുദ്‌ലിജ് ഗോത്രത്തലവന്‍ സംശയിച്ചു.10 അദ്ദേഹം അവരെ പിന്തുടര്‍ന്നു. രണ്ടു തവണ സംഘത്തിന്റെ അടുത്ത് വരെ എത്തിയതാണ്. അപ്പോഴൊക്കെയും താന്‍ യാത്രചെയ്തിരുന്ന കുതിരയുടെ കാലുകള്‍ മണലില്‍ താഴ്ന്നുപോയി. നിലത്തിറങ്ങി നില്‍ക്കുകയല്ലാതെ അദ്ദേഹത്തിന് വഴിയൊന്നുമുണ്ടായില്ല. ഈ അശുഭ ലക്ഷണങ്ങള്‍ കണ്ട് പേടിച്ചുപോയ അദ്ദേഹം സംഘത്തോട് തന്റെ പ്രവൃത്തിയില്‍ മാപ്പു ചോദിച്ചു; തന്റെ സുരക്ഷ ഉറപ്പാക്കുന്ന ഒരു രേഖ തനിക്ക് എഴുതിത്തരണമെന്ന് അഭ്യര്‍ഥിച്ചു. യാത്രയില്‍ ആവശ്യമായിവരുന്ന എല്ലാം താന്‍ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്‌തെങ്കിലും തനിക്കൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് പ്രവാചകനത് നന്ദിപൂര്‍വം നിരസിച്ചു. ഈ വാര്‍ത്ത പുറത്തറിയിക്കരുതെന്ന് മാത്രം അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സുറാഖ എന്ന പേരുള്ള ആ മുദ്‌ലിജ് ഗോത്രക്കാരന്‍ പറഞ്ഞു: ''താങ്കളെ പിന്തുടര്‍ന്നെത്തുന്ന എല്ലാവരെയും ഞാന്‍ തിരിച്ചയച്ചുകൊള്ളാം.'' ജീവിതത്തിലുടനീളം പറഞ്ഞ വാക്ക് അദ്ദേഹം പാലിച്ചു.11 അദ്ദേഹത്തിലേക്ക് നാം പിന്നീട് തിരിച്ചുവരുന്നുണ്ട്.
പത്തു പന്ത്രണ്ട് ദിവസം അവര്‍ യാത്രചെയ്തിട്ടുണ്ടാവും. ഒരു ദിവസം ഉമ്മു മഅ്ബദ് എന്ന പേരുള്ള ഒരു വൃദ്ധയുടെ കൂടാരത്തിനടുത്ത് കൂടെ അവര്‍ കടന്നുപോയി. വൃദ്ധയുടെ ഭര്‍ത്താവ് ആടുകളെ മേയ്ക്കാന്‍ പുറത്തു പോയതായിരുന്നു. നല്‍കാനായി വീട്ടില്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. രോഗം ബാധിച്ച ഒരു പെണ്ണാട് മാത്രമാണ് അവിടെയുള്ളത്. നബി ആ ആടിനെ കൊണ്ടുവരാന്‍ വൃദ്ധയോട് പറഞ്ഞു. എല്ലാവരും അത്ഭുതപരതന്ത്രരായി നോക്കിനില്‍ക്കെ നബി ആടിനെ കറക്കാന്‍ തുടങ്ങി. തനിക്കും തന്നോടൊപ്പമുള്ളവര്‍ക്കും വേണ്ട പാലെടുത്ത ശേഷം, മിച്ചം വന്നത് ആ കുടുംബത്തിന് നല്‍കി അവര്‍ വീണ്ടും മദീനയിലേക്കുള്ള പാതയില്‍ പ്രവേശിച്ചു.12 വഴിയില്‍ വെച്ച് സിറിയയില്‍നിന്ന് കച്ചവടച്ചരക്കുകളുമായി വരുന്ന ഒരു ബന്ധുവിനെ പ്രവാചകന്‍ കണ്ടു. അദ്ദേഹം പ്രവാചകന് കുറച്ച് പുതുവസ്ത്രങ്ങള്‍ സമ്മാനിച്ചു. മദീനക്കാര്‍ വളരെ ആകാംക്ഷയോടെ പ്രവാചകനെ കാത്തിരിക്കുകയാണെന്ന വിവരവും കൈമാറി.13
യാത്രയിലുണ്ടായ ഒടുവിലത്തെ സംഭവം. അസ്‌ലം ഗോത്രത്തിന്റെ നേതാവ് ബുറൈദ തന്റെ പ്രദേശം വഴി ഒരു സംഘം പലായനം ചെയ്യുന്നതു കണ്ട് അവരെ പിന്തുടര്‍ന്നു. ബുറൈദയും അനുയായികളും പ്രവാചകനുമായി സന്ധിക്കുകയും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ കേട്ട് ഉടനടി ഇസ്‌ലാം സ്വീകരിക്കുകയും തങ്ങളുടെ കൊടികള്‍ പറത്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. ഡസന്‍ കണക്കിനാളുകള്‍ ഉണ്ടായിരുന്നു അവര്‍.14 തങ്ങളുടെ ആവാസപ്രദേശത്തിനപ്പുറം അവര്‍ പ്രവാചകനെ അനുഗമിച്ചിരിക്കാനിടയില്ല. അതുകൊണ്ടാവാം നബി മദീനയില്‍ എത്തിയപ്പോള്‍ ഇങ്ങനെയൊരു അകമ്പടി സംഘത്തെക്കുറിച്ച് പരാമര്‍ശമില്ലാതിരുന്നത്. മറ്റൊരു വിവരണപ്രകാരം, അസ്‌ലമി ഔസു ബ്‌നു ഹുജ്ര്‍ എന്നയാളും വഴിയില്‍വെച്ച് പ്രവാചകനുമായി സന്ധിച്ച് അദ്ദേഹത്തിനൊരു ഒട്ടകത്തെ സമ്മാനിക്കുകയും വഴികാട്ടാനായി ഒരു അടിമയെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.15 കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ മസ്ഊദ് എന്ന പേരുള്ള ഈ അടിമയെയും ഒട്ടകത്തോടൊപ്പം നബി തിരിച്ചയച്ചു. അതുകൊണ്ടാണ് മദീനയിലെത്തിയ സംഘത്തില്‍ ഇദ്ദേഹത്തിന്റെ പേരും കാണാത്തത്.
മക്കയില്‍ നബി 'അപ്രത്യക്ഷനായ' വിവരം മദീനക്കാര്‍ അറിഞ്ഞിരുന്നു. അദ്ദേഹം തങ്ങളുടെ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ക്ക് ഉറപ്പായി. അതിനാല്‍ ഓരോ ദിവസവും തൊട്ടടുത്തുള്ള കുന്നില്‍ കയറി മക്കയില്‍നിന്ന് വരുന്ന നടപ്പാതയില്‍ അവര്‍ കണ്ണുനട്ടിരിക്കും; വെയില്‍ പൊള്ളിക്കുമ്പോള്‍ മാത്രമേ അവര്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകൂ. സൗര്‍ ഗുഹയില്‍ കുറേയധികം സമയം തങ്ങേണ്ടി വന്നതുകൊണ്ടാണ് യാത്ര ഇത്രയേറെ വൈകിയത്. മദീനയുടെ പ്രാന്തത്തിലേക്ക് കടന്നപ്പോള്‍ നബി ഒരാളെ പറഞ്ഞയച്ചു; തന്റെ വരവ് മദീനക്കാരെ അറിയിക്കാനും മദീനയില്‍ കടക്കാന്‍ തന്നെ അനുവദിക്കണമെന്ന് അഭ്യര്‍ഥിക്കാനും. നബി എത്തിയ സ്ഥലത്ത് അദ്ദേഹത്തെ സ്വീകരിക്കാന്‍ അന്‍സാറുകള്‍/മദീനയിലെ തദ്ദേശ ിവാസികളായ മുസ്‌ലിംകള്‍ പോയിരുന്നില്ല. പകരം ഖുബായിലുള്ള സനിയ്യാതുല്‍ വദാഅ് എന്ന കുന്നില്‍ അവര്‍ പ്രവാചകന്‍ വരുന്നതും കാത്ത് ഇരുന്നു. ആ ദിവസം വെയില്‍ ചൂടു പിടിക്കാന്‍ തുടങ്ങുമ്പോള്‍ അവര്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുകയായിരുന്നു. അപ്പോഴാണ് ഒരു ജൂതന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത്, യാത്രാസംഘം ഇങ്ങെത്തിക്കഴിഞ്ഞെന്ന്. തന്റെ കോട്ടക്ക് മുകളില്‍ കയറിനോക്കിയപ്പോഴാണ് അദ്ദേഹമത് കണ്ടത്. എല്ലാവരും സനിയ്യാതുല്‍ വദാഅ് കുന്നിലേക്ക് ഓടിക്കയറി. മുസ്‌ലിംകള്‍ അവരുടെ ഏറ്റവും മുന്തിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് വന്നിരിക്കുന്നത്, പടക്കോപ്പുകളും അങ്കവസ്ത്രങ്ങളും കൂടെ കരുതിയിട്ടുണ്ട്; തങ്ങളുടെ പ്രിയങ്കരനായ പ്രവാചകന് ഒരു 'ഗാര്‍ഡ് ഓഫ് ഹോണര്‍' നല്‍കാന്‍ യുവാക്കള്‍ ആവേശത്തള്ളിച്ചയിലാണ്. എങ്ങും ആഹ്ലാദം നിറഞ്ഞുകവിയുന്നു. ചിലര്‍ തല്‍ക്ഷണം രചിച്ച ഒരു പാട്ടങ്ങ് പാടി:
ത്വലഅല്‍ ബദ്‌റു അലൈനാ
.........................................................
ഞങ്ങള്‍ക്ക് മുകളിലിതാ പൂര്‍ണചന്ദ്രന്‍ ഉദിച്ചിരിക്കുന്നു
സനിയ്യാതുല്‍ വദാഇല്‍നിന്ന്
ഞങ്ങള്‍ നന്ദിയോതാന്‍ കടപ്പെട്ടിരിക്കുന്നു
സര്‍വേശ്വരന്‍ ആരാധിക്കപ്പെടുവോളം
ഞങ്ങള്‍ക്ക് വേണ്ടിയാണല്ലോ താങ്കള്‍ നിയുക്തനായിരിക്കുന്നത്
താങ്കള്‍ വന്നിരിക്കുന്നത് അനുസരിക്കേണ്ട കല്‍പ്പനകളുമായി.16
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്പേര്‍ കൊട്ടിയും പാട്ടുപാടിയും അദ്ദേഹത്തെ വരവേറ്റു. യുവാക്കളും കറുത്ത വര്‍ഗക്കാരുമായ അടിമകള്‍ കുന്തപ്രയോഗത്തില്‍ തങ്ങളുടെ നൈപുണി അവിടെ പ്രദര്‍ശിപ്പിച്ചു (ഇബ്‌നു ജൗസി, വഫാഅ്, പേ. 252). യാത്രാസംഘം തെക്കന്‍ മദീനയിലെ ഖുബാക്ക് അടുത്തുള്ള സനിയ്യാതുല്‍ വദാഇലെത്തിയപ്പോള്‍ സന്തോഷാരവങ്ങള്‍ക്കിടയില്‍ എല്ലാവരും പറഞ്ഞിരുന്നത് ഒരേ കാര്യം: പ്രവാചകന്‍ തന്റെ വീട്ടില്‍ താമസിക്കണം!
ചരിത്രം ഒരു പുതിയ താള്‍ മറിക്കുന്നു. പീഡിത ഇസ്‌ലാം ഒരു അഭയസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. ലോക ചരിത്രത്തെ അടിമുടി മാറ്റിമറിക്കാന്‍ പോകുന്ന ഒരു പ്രസ്ഥാനത്തിന്റെ കേന്ദ്രമാവുകയാണ് ഇനി മുതല്‍ മദീന. ഇതാണ് ഹിജ്‌റ. മക്കയില്‍നിന്ന് നബിയും അനുചരന്മാരും നടത്തിയ പലായനം. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ടാണ് 'ഹിജ്‌റ' കലണ്ടര്‍ ഉണ്ടായത്. നബി മദീനയിലെത്തിയത് റബീഉല്‍ അവ്വല്‍ പന്ത്രണ്ടിനാണെങ്കിലും, അനുചരന്മാരാവട്ടെ, അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മൂന്ന് മാസം മുമ്പേ എത്താന്‍ തുടങ്ങിയിരുന്നു. അഥവാ അഖബാ ഉടമ്പടി ഉണ്ടാക്കി ദിവസങ്ങള്‍ക്കകം. അതായത് മുഹര്‍റം മാസത്തില്‍. ഹിജ്‌റ വര്‍ഷത്തിന്റെ തുടക്കം മുഹര്‍റം മാസമായത് അതുകൊണ്ടാണ് (ഈ കാലഗണന തുടങ്ങുന്നത് ക്രി. 622-ല്‍).
(തുടരും)
കുറിപ്പുകള്‍
1. ഇബ്‌നു ഹിശാം 320,321
2. ഖുര്‍ആന്‍ 59:8, ബുഖാരി 64;48 No: 3, സര്‍കശി- മബ്‌സ്വൂത്വ് 10/52, ഇബ്‌നു ഹിശാം - 399; ഇബ്‌നുഹബീബ് - മുനമ്മഖ് പേ. 287, മഖ്‌രീസി- ഇംതാഅ് 1/38
3. ഖുര്‍ആന്‍ 2:207, ഇബ്‌നു കസീറിന്റെ വ്യാഖ്യാനം
4. മഖ്‌രീസി - ഇംതാഅ് I38, ഇബ്‌നു ഹിശാം പേ: 323-6
5. ഇബ്‌നുഹിശാം പേ: 325
6. ഇബ്‌നു സഅ്ദ് VIII/75
7. ഉല്‍പ്പത്തി 11/2, 12/35,36 എന്നിവയുമായി തട്ടിച്ചുനോക്കുക.
8. ഇബ്‌നുഹിശാം 325-6, 328. ബലാദുരി I 606
9. ഖുര്‍ആന്‍ 9:40
10. ഇബ്‌നുഹമ്പലിന്റെ (IV/175) വിവരണമനുസരിച്ച്, നബിയെയും അബൂബക്‌റിനെയും തടവുകാരായി പിടിക്കുകയോ വധിക്കുകയോ ചെയ്യുന്നവര്‍ക്ക് നൂറ് ഒട്ടകം പാരിതോഷികം നല്‍കുമെന്ന് വിളംബരപ്പെടുത്താന്‍ നിരവധി സംഘങ്ങളെ മക്കക്കാര്‍ പറഞ്ഞയച്ചിരുന്നു.
11. ഇബ്‌നു ഹിശാം 331-332
12. ബലാദുരി I, Para 608
13. ഇബ്‌നു സഅ്ദ് 111/1, പേ: 153, ബുഖാരി 63; 42 No. 9
14. മഖ്‌രീസി-ഇംതാഅ് I 4243. ഇബ്‌നു കസീറിന്റെ വിവരണപ്രകാരം, ഇവര്‍ എണ്‍പത് പേരുണ്ടായിരുന്നു (ബിദായ, VIII, 216-7). ഈ ബദുഗോത്രത്തലവന്റെ മകന്‍ അബ്ദുല്ലാഹിബ്‌നു ബുറൈദ പില്‍ക്കാലത്ത് മര്‍വിലെ ഖാദിയാവുന്നത് കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്. ഇദ്ദേഹം വലിയൊരു ഹദീസ് പണ്ഡിതനുമായിരുന്നു. ഇമാം ബുഖാരി വരെ അദ്ദേഹത്തില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്.
15. മഖ്‌രീസി-ഇംതാഅ് I-43, ഇബ്‌നു ഹിശാം പേ: 333, സുഹൈലി II-9-10 (അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഹുജ്ര്‍ എന്നോ ഹജ്ര്‍ എന്നോ ആണ്).
16. ഹലബി II, 71. ഇബ്‌നു ഹമ്പലിന്റെ അഭിപ്രായത്തില്‍ (3/122, 222, 287) നബി പെട്ടെന്ന് ഖുബായില്‍ കടന്നില്ല. അദ്ദേഹം കുറച്ചകലെയായി നിന്നു. പിന്നെ മദീനക്കാരെ, പ്രത്യേകിച്ച് അബൂഉമാമ അസ്അദുബ്‌നു സുറാറയെ വിവരമറിയിക്കാനായി ഒരാളെ പറഞ്ഞുവിട്ടു. അപ്പോഴാണ് നബിയെ സ്വീകരിക്കാനായി അഞ്ഞൂറോളം പേര്‍ എത്തിയത്. നബി മദീനാ പട്ടണത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ കാണാന്‍ വീടുകളുടെ മട്ടുപ്പാവില്‍ കയറിയ സ്ത്രീകള്‍ ചോദിച്ചുകൊണ്ടിരുന്നു; 'അവരില്‍ ആരാണ് അദ്ദേഹം?' (ഇബ്‌നു ജൗസി, വഫാഅ് പേ: 246).
Comments