Prabodhanm Weekly

Pages

Search

2017 ആഗസ്റ്റ് 25

3015

1438 ദുല്‍ഹജ്ജ് 03

യു.പി ദുരന്തം ഏതു ദേശീയതയുടെ പേരിലെഴുതും?

ബന്ന

റോഡിലൂടെ ഉരുളുന്ന സ്ട്രച്ചറുകളും കൈയിലേന്തിപ്പോകുന്ന മൃതദേഹങ്ങളും പതിവു കാഴ്ചയായ ഗോരഖ്പൂര്‍ പട്ടണത്തിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ചെന്ന് ഏത് ജീവനക്കാരനോട് സ്വകാര്യ സംഭാഷണം നടത്തിയാലും  ആഗസ്റ്റ് ഏഴിന് രാത്രിയോടെ തുടങ്ങിയ ഓക്‌സിജന്‍ ക്ഷാമത്തിന്റെ ഭീതിദമായ അവസ്ഥ പറഞ്ഞുതരും. ഓക്‌സിജന്റെ ദൗര്‍ലഭ്യം എട്ടോടെ ഉച്ചസ്ഥായിലെത്തിയതും ഒമ്പതിനും പത്തിനും പതിനൊന്നിനും ഇളം കുരുന്നുകള്‍ ശ്വാസം കിട്ടാതെ മരിച്ചുവീണതും അവര്‍ പറഞ്ഞു തരും. എന്നാല്‍ യോഗി ആദിത്യനാഥും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയും ചേര്‍ന്ന് ഓക്‌സിജന്‍ കിട്ടാതെയല്ല കുഞ്ഞുങ്ങള്‍ മരിച്ചതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ആശുപത്രി മേധാവിയെയും ശിശുരോഗ വിഭാഗം മേധാവി ഡോ. കഫീല്‍ ഖാനെയും സസ്‌പെന്റ് ചെയ്യുകയും ചെയ്തതോടെ കാര്യങ്ങളുടെ ഗതി മാറി. ഈ രണ്ട് സംഭവങ്ങള്‍ക്കും ശേഷം ആശുപത്രിയില്‍നിന്ന് കിട്ടിയ രേഖകള്‍ പ്രകാരം ആഗസ്റ്റ് 10-നു ശേഷം അവിടെയാരും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല.

ന്യൂമോണിയ, ബ്രയിന്‍ ഡാമേജ്, സെറിബ്രല്‍ പാള്‍സി, ഭാരക്കുറവ്, പോഷകാഹാരക്കുറവ് എന്നിങ്ങനെയുള്ള കാരണങ്ങളാണ് ഈ രേഖകള്‍ പ്രകാരമുള്ളത്. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ ശിശുവാര്‍ഡായ 100-ാം വാര്‍ഡില്‍ 23 കുഞ്ഞുങ്ങളുടെ മരണം സംഭവിച്ചത് ആഗസ്റ്റ് 10-നായിരുന്നു. അവരില്‍ ആറു കുഞ്ഞുങ്ങള്‍ക്ക് കേവലം ഒരു ദിവസമാണ് പ്രായം. 15 കുഞ്ഞുങ്ങളും ഒരു വയസ്സിന് താഴെയുള്ളവരാണ്. ഇവരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് മസ്തിഷ്‌ക ജ്വരമുള്ളതായി ആശുപത്രി രേഖയില്‍ തന്നെയുള്ളത്. കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചതല്ല എന്ന് സ്ഥാപിക്കാന്‍ നിരത്തുന്ന കാരണങ്ങളാണ് ആശുപത്രി രേഖകള്‍ തന്നെ പൊളിക്കുന്നത്. ഒരു രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ആശുപത്രിയില്‍ മരണപ്പെട്ടാല്‍ മരണകാരണമായി രോഗം മൂര്‍ഛിച്ചുവെന്ന് തന്നെയാണ് ചികിത്സ പിഴച്ചാല്‍ പോലും ആശുപത്രി അധികൃതര്‍ പറയുക. ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതാണ് മരണകാരണമെന്ന് ഒരു ഡോക്ടറും എഴുതിവെക്കില്ല. ചികിത്സക്ക് സജ്ജമാക്കേണ്ടിയിരുന്ന ശ്വസന സഹായം ലഭിക്കാതെ പോയതാണ് കൂട്ടമരണത്തിന് കാരണമെന്ന വസ്തുത മറച്ചുവെച്ചാണ് ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ പൗത്രനുമായ സിദ്ധാര്‍ഥ് റായ് മരിച്ച ഓരോ കുട്ടിയെയും പ്രവേശിപ്പിച്ചപ്പോള്‍ രേഖപ്പെടുത്തിയ രോഗത്തിന്റെ വിവരം വാര്‍ത്താസമ്മേളനത്തില്‍ വായിച്ചുകേള്‍പ്പിച്ചത്.

കേന്ദ്രത്തില്‍ മോദിയും സംസ്ഥാനത്ത് യോഗിയും വന്നതോടെ പൂര്‍ണമായും ഹിന്ദു രാഷ്ട്രമാക്കിയെന്ന നിലയില്‍ ഉത്തര്‍പ്രദേശില്‍ ഗോരക്ഷയും പശുക്കളുടെ ആംബുലന്‍സും വന്ദേമാതരം ചൊല്ലിക്കലും 2019-നു മുമ്പ് രാമക്ഷേത്രം നിര്‍മിക്കലുമൊക്കെയായി ആര്‍.എസ്.എസ് മുന്നോട്ടുപോകുമ്പോഴാണ് സംഘ് പരിവാറിനു മേല്‍ ഇടിത്തീ കണക്കെ പതിച്ച കൂട്ടശിശുഹത്യയുടെ വാര്‍ത്ത ആഗസ്റ്റ് 11-ന് ഇന്ത്യയെ പിടിച്ചുകുലുക്കുന്നത്. ഒമ്പതിന് തുടങ്ങിയ മരണം മൂടിവെച്ചത് പുറത്തറിയുമ്പോഴേക്കും പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞിരുന്നു. 

ഗോരഖ്പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് തന്നെയാണ് ആഗസ്റ്റ് 10-ന് രാത്രി മെഡിക്കല്‍ കോളേജ് ഓക്‌സിജന്‍  ഇല്ലാതെ പ്രവര്‍ത്തിച്ച വിവരം ഔദ്യോഗികമായി പുറത്തുവിടുന്നത്. അങ്ങനെ ഓക്‌സിജന്‍ കിട്ടാതെ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ടും നല്‍കി. ഹിന്ദുത്വരാജ്യത്ത് ഹിന്ദുത്വ കക്ഷി തന്നെ ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനത്ത് ഓക്‌സിജന് കാശ് കൊടുക്കാത്തതു മൂലം കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചത് കോര്‍പറേറ്റുകളുമൊത്ത് വികസനത്തിന്റെ പെരുമ്പറയടിക്കുന്ന സംഘ് പരിവാറിനേറ്റ ആഘാതമായിരുന്നു. അത് തിരിച്ചറിഞ്ഞതോടെ പരിവാര്‍ പൊടുന്നനെ അടവ് മാറ്റി. ഉത്തര്‍പ്രദേശില്‍ വര്‍ഷം തോറും കൂടുതല്‍ കുട്ടികള്‍ മരിക്കാന്‍ കാരണമാകുന്ന മസ്തിഷ്‌ക ജ്വരമാണെന്നും (എ.ഇ.എസ്) അത് കിഴക്കന്‍ യു.പിയില്‍ നിന്നാണെന്നും ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചതത്രയും ഇതേ രോഗം ബാധിച്ച കുട്ടികളാണെന്നും സംഘ് പരിവാര്‍ നേതാക്കളും സൈബര്‍ പടയാളികളും അതിശക്തമായ പ്രചാരണമഴിച്ചുവിട്ടു. ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ ഒരു രോഗിയും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ട്വീറ്റ് ചെയ്തു.

രാജ്യത്ത് 2016-ല്‍ നടന്ന 1277 മസ്തിഷ്‌ക ജ്വര മരണങ്ങളില്‍ 615-ഉം നടന്നത് ഉത്തര്‍പ്രദേശിലാണെന്നും ഗോരഖ്പൂരും ചുറ്റുമുള്ള ഈസ്റ്റ് യു.പിയുമാണ് അതിന്റെ പ്രഭവ കേന്ദ്രമെന്നും യോഗി ആദിത്യനാഥ് പാര്‍ലമെന്റില്‍ ഈ വിഷയം നിരന്തരം ഉന്നയിക്കാറുള്ളതാണെന്നും സമര്‍ഥിച്ചു. എന്നാല്‍ മരിച്ച കുട്ടികളുടെ രോഗം സംബന്ധിച്ച ആശുപത്രി രേഖ ഈ വാദങ്ങളെല്ലാം പൊളിച്ചതോടെ രണ്ടാമത്തെ കാരണം തള്ളിപ്പോയി. കൂട്ട ശിശുമരണത്തെ സാമാന്യവല്‍ക്കരിക്കാനായി അടുത്ത പ്രചാരണം. ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി സിദ്ധാര്‍ഥ് നാഥ് തന്നെയാണ് അത്തരമൊരു പ്രചാരണത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ തുടക്കമിട്ടത്. ബി.ആര്‍.ഡി ആശുപത്രിയില്‍ സാധാരണഗതിയില്‍ ശരാശരി ഏഴ് കുട്ടികള്‍ മരിക്കാറുള്ളതാണെന്നും മുതിര്‍ന്നവരടക്കം 20 പേരോളം മരിക്കാറുണ്ടെന്നും അതൊന്നും ഓക്‌സിജന്‍ കിട്ടാത്തതുകൊണ്ടല്ലല്ലോ എന്നും സിദ്ധാര്‍ഥ നാഥ് സിംഗ് പറഞ്ഞുവെച്ചു. അതോടെ സംഘ് പടയാളികള്‍ സോഷ്യല്‍ മീഡിയയിലും ചാനലുകളിലും അതും ഏറ്റുപാടി. ശോചനീയമായ ആരോഗ്യമേഖലയും വൃത്തിഹീനമായ പരിസരങ്ങളുമാണ് സംഘ് പരിവാര്‍ പതിറ്റാണ്ടുകളായി കൈയടക്കിവെച്ച ഗോരഖ്പൂരിന്റെ മുഖമുദ്രയെന്ന സ്വയം കുറ്റസമ്മതമായി അത് മാറി. ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രി 28 വര്‍ഷം നോക്കി നടത്തിയ ലോക്‌സഭാ മണ്ഡലമെന്തേ ഇങ്ങനെയായി എന്ന് ജനം നെറ്റിചുളിച്ചതോടെ പ്രതിരോധത്തിനെടുത്ത ആയുധം പരിവാറിനെ തിരിച്ചടിച്ചു. ഗോരഖ്പൂര്‍ മാത്രമല്ല, ചുറ്റിലുമുള്ള ഏതാനും ജില്ലകളും യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലാണ്. ഈ ബലത്തിലാണ് തന്റെ ഹിന്ദു യുവ വാഹിനി എന്ന ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പിനെ ആദിത്യനാഥ് വളര്‍ത്തിയെടുത്തത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ മതദ്വേഷവും വര്‍ഗീയതയും ഇളക്കിവിടുന്നതിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള ശുചിത്വ- ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ ഹിന്ദു യുവവാഹിനിയെ ആദിത്യനാഥ് ഉപയോഗിച്ചിരുന്നുവെങ്കില്‍ 28 വര്‍ഷമായി താന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം വൃത്തിഹീനമായതുകൊണ്ടാണ് വര്‍ഷങ്ങളായി മരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടിവരുമായിരുന്നില്ല.

മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് അടിസ്ഥാനമായ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ടിന് ആധാരമായ ഔദ്യോഗിക വിവരം ആശുപത്രിയില്‍നിന്ന് ആര് നല്‍കുമെന്ന് കണ്ടെത്താന്‍ ആര്‍.എസ്.എസിന് അധികമൊന്നും അന്വേഷണം നടത്തേണ്ടിവന്നില്ല. അങ്ങനെയാണ് നിജഃസ്ഥിതി പുറത്തറിഞ്ഞതിന്റെ കലി അതിന് കാരണമായവരെ വെച്ചു തന്നെ തീര്‍ക്കുക എന്ന ലക്ഷ്യം വെച്ച് ആശുപത്രി മേധാവിയെയും ശിശുരോഗ വിദഗ്ധനെയും പുറത്താക്കി നികൃഷ്ടമായ വ്യക്തിഹത്യയിലൂടെ അടുത്ത തന്ത്രം ആര്‍.എസ്.എസ് പുറത്തെടുത്തത്. അതിലേറ്റവും ഹീനമായതായിരുന്നു ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെതിരെ നടത്തിയത്. TruthofGorakhpur എന്ന ഹാഷ് ടാഗ് കാമ്പയിനോടുകൂടി  ഞായറാഴ്ച രാത്രി എട്ടു മണിക്ക് @മൊമഷ്‌ലറ65 എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സംഘ് പരിവാര്‍ പ്രോപഗണ്ടാ വാര്‍ തുടങ്ങിയത്. സാധാരണ പി.ആര്‍ ഏജന്‍സികള്‍ സൃഷ്ടിച്ച ആയിരക്കണക്കിന് വ്യാജ ഐ.ഡികളില്‍നിന്ന് പ്രചാരണം നടത്തുന്ന പതിവു തന്ത്രം ഇക്കുറി തെറ്റിച്ചു. അതിനു പകരം ബി.ജെ.പി ഐ.ടി സെല്‍ അംഗം യോഗേഷ് മാലിക്  ഠൃൗവേീളഏീൃമസവുൗൃ എന്ന ഹാഷ് ടാഗില്‍ നേരിട്ട് ടാഗ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 75,000 ഫോളോവേഴ്‌സ് ഉള്ള മഹാരാഷ്ട്ര ബി.ജെ.പി സംഘ് പരിവാറിന്റെ വ്യാജ പ്രചാരണം ഏറ്റുപിടിച്ചു. ട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ച ശേഷം അവരത് മായ്ച്ചും കളഞ്ഞു. ആയിരക്കണക്കിനാളുകള്‍ പകര്‍ത്തിയ ശേഷം മായ്ച്ചുകളഞ്ഞ ട്വീറ്റ് പോസ്റ്റ് ചെയ്തത് ആര്‍.എസ്.എസ് കേന്ദ്രം നിലനില്‍ക്കുന്ന നാഗ്പൂരില്‍നിന്നാണെന്നത് യാദൃഛികമല്ല. ദുര്‍ഗന്ധം വമിക്കുന്ന ഗോരഖ്പൂരിലെ ഓടകളെ മറയ്ക്കാന്‍ നാഗ്പൂരിലെ വാറോലകള്‍ക്ക് എത്ര നാള്‍ കഴിയുമെന്നതാണ് ചോദ്യം.

ഇതാണ് സ്വഛ ഭരണത്തിനുള്ള സംഘ് പരിവാറിന്റെ മോഡസ് ഒപ്പറാണ്ടി. സ്വഛതക്ക് ഭംഗം വരുത്തുന്നവനെ നിഗ്രഹിച്ച് സ്വസ്ഥത ഉറപ്പുവരുത്തുക. കേരളത്തിലെ മെഡിക്കല്‍ കോളജ് വിവാദം പുറത്തുവന്നപ്പോഴൂം അഴിമതി ആരോപണവിധേയരെ കണ്ടെത്തി ശിക്ഷിക്കുന്നതിനു പകരം വിവരം പുറത്തെത്തിച്ചവരെ തേടിപ്പിടിച്ച് കൈകാര്യം ചെയ്യുകയാണല്ലോ ബി.ജെ.പി ചെയ്തത്. കേരളത്തിലെ മെഡിക്കല്‍ കോളേജ് വിവാദത്തില്‍ ഒളിച്ചുവെച്ചത് അഴിമതിയാണെങ്കില്‍ ഗോരഖ്പൂരിലത് കൂട്ട ശിശുഹത്യയാണെന്ന വ്യത്യാസമേയുള്ളൂ.

Comments

Other Post

ഹദീസ്‌

മരണം ആഗ്രഹിക്കരുത്
കെ.പി ബശീര്‍ ഈരാറ്റുപേട്ട

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (196 - 207)
എ.വൈ.ആര്‍