പുക ഉയരും മുമ്പ്
കവിത
ഇനി അടുക്കളയില്‍നിന്നും
കറിപ്പുക ഉയരും മുമ്പ്
അടുത്ത കവലയില്‍ പോയി
'അവരവിടെ' ഉണ്ടോയെന്ന് നോക്കണേ...
ഇനി സിനിമകള്‍ നിര്‍മിക്കുമ്പോള്‍
'അവര്‍ക്ക'ത് സമ്മതമാണോ
എന്ന് ചോദിച്ചേക്കണേ...
ഇനി സ്ഫടിക പാത്രങ്ങളിലേക്ക്
അലങ്കാര മത്സ്യങ്ങളെ ഇടുമ്പോള്‍
'അവരു'ടെ ഇന്നത്തെ നിരോധിത
സാധനങ്ങള്‍ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കണേ...
ഉറങ്ങാന്‍ കിടന്നത് കേരളത്തിലായിരുന്നെങ്കിലും,
ഉറക്കമുണര്‍ന്നപ്പോള്‍ പാകിസ്താനിലായത്
'അവരു'ടെ നാക്കുളുപ്പില്ലായ്മയാണെന്ന്
പറഞ്ഞേക്കരുതേ...
മോളുടെ കല്യാണത്തിന് കരുതിയ
പണമെല്ലാം നേരം വെളുത്തപ്പോള്‍
വെറും കടലാസായി മാറിയതും
പ്രാണനും വാരിയെടുത്ത്
ഉച്ചവെയിലില്‍ ക്യൂ നിന്നതും
നാടിന്റെ നന്മക്ക് വേണ്ടിയാണെന്ന്
എഴുതി പഠിച്ചോളണേ...
കൂലിപ്പേനയുന്തികളും
കപട രാജ്യസ്‌നേഹികളും
അടുക്കള വരാന്തയിലിരുന്ന് അടക്കം പറയുന്നതും,
നീതിയുടെ ത്രാസിന്‍ തണലില്‍
സാമാന്യ ബുദ്ധി വ്യഭിചരിക്കപ്പെടുന്നതും
പുരോഗതിയും ശാസ്ത്രവുമാണെന്ന് ഉറപ്പിക്കണേ...
വിവസ്ത്രനായി നില്‍ക്കുന്ന
രാജാവിനെ നോക്കി കൂകാനുള്ള
ത്രാണിക്ഷയം സംഭവിച്ചതുകൊണ്ട്!
രാജ്യസ്‌നേഹത്തിന്റെ
മണ്‍കുടുക്കയില്‍ ഇതെല്ലാം ഒരുമിച്ചിട്ട്
വിപണനം നടത്തുന്നതുകൊണ്ട്...!
Comments