Prabodhanm Weekly

Pages

Search

2017 ജൂലൈ 28

3011

1438 ദുല്‍ഖഅദ് 04

ലോകത്തെ സംഘര്‍ഷഭരിതമാക്കുന്ന ഇരട്ടത്താപ്പ്

മൗസ്വില്‍ നഗരത്തിന്റെയും ഹിരോഷിമ നഗരത്തിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള പോസ്റ്ററുകള്‍ ഇപ്പോള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. രണ്ടും പ്രേതനഗരങ്ങള്‍ തന്നെ. ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചു എന്ന വ്യത്യാസമേയുള്ളൂ. മൗസ്വില്‍ വീണ്ടെടുക്കാനാവാത്ത വിധം നശീകരണത്തിന് വിധേയമായിരിക്കുന്നു. ഇറാഖിലെ മാത്രമല്ല സിറിയയിലെയും ഏതാണ്ടെല്ലാ നഗരങ്ങളും കല്‍ക്കൂമ്പാരങ്ങളായി മാറിയിരിക്കുന്നു. എത്ര ടണ്‍ ബോംബുകളാണ് അവക്കു മേല്‍ വര്‍ഷിച്ചത് എന്നതിന് യാതൊരു കണക്കുമില്ല. ഒരു ചെറിയ സ്‌കൂള്‍ ബസിന്റെ വലിപ്പമുള്ള ബോംബ് അമേരിക്ക അഫ്ഗാനിസ്താനില്‍ പരീക്ഷണാര്‍ഥം പ്രയോഗിച്ചതിനെക്കുറിച്ച് ഈയിടെ വാര്‍ത്ത വന്നിരുന്നു. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, വൈദ്യുതി ഉല്‍പ്പാദന കേന്ദ്രങ്ങള്‍ തുടങ്ങി ഇനി യമനില്‍ തകര്‍ക്കപ്പെടാനായി ഒന്നും ബാക്കിയില്ല. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷത്തില്‍ അറബ് സഖ്യ സേനയോ ഹൂത്വി-അബ്ദുല്ല സ്വാലിഹ് സഖ്യമോ തോല്‍ക്കുകയോ ജയിക്കുകയോ ചെയ്യുന്നില്ലെങ്കിലും യമന്‍ ജനത തോറ്റുകൊണ്ടിരിക്കുന്നു. കോളറയും പട്ടിണി മരണങ്ങളും അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെങ്കിലും, ആഭ്യന്തര യുദ്ധത്തിലേര്‍പ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും ആയുധങ്ങള്‍ കിട്ടുന്നുണ്ട്, വളരെ സമൃദ്ധമായി തന്നെ. അമേരിക്കയെ നഖശിഖാന്തം എതിര്‍ക്കുന്ന ഗ്രൂപ്പുകള്‍ക്ക് അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ തന്നെ യഥേഷ്ടം ലഭിക്കുന്നു.

ഈ വൈരുധ്യം ചില തിരിച്ചറിവുകളിലേക്കും  ഉള്‍ക്കാഴ്ചകളിലേക്കും നമ്മെ കൊണ്ടെത്തിക്കാതിരിക്കില്ല. ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ പാശ്ചാത്യ ശക്തികള്‍, പ്രത്യേകിച്ച് അമേരിക്ക മനഃപൂര്‍വം സൃഷ്ടിക്കുകയാണെന്ന് കരുതേണ്ടിയിരിക്കുന്നു. സംഘര്‍ഷങ്ങള്‍ ഉണ്ടെങ്കിലേ ആയുധക്കച്ചവടം നടക്കൂ. അമേരിക്കയുടെ വലിയ വരുമാന മാര്‍ഗങ്ങളിലൊന്ന് എത്രയോ കാലമായി ആയുധ നിര്‍മാണവും കച്ചവടവുമാണ്. ഈയിടെ പശ്ചിമേഷ്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോടിക്കണക്കിന് ഡോളറിന്റെ ആയുധക്കച്ചവടമുറപ്പിച്ചാണ് തിരിച്ചുപോയത്. ആയുധക്കച്ചവടത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനം നടത്തുന്ന സ്റ്റോക്‌ഹോം ഇന്റര്‍നാഷ്‌നല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (SIPRI) ഈയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ വര്‍ഷം മൊത്തം 69 ട്രില്യന്‍ ഡോളറിന്റെ ആയുധക്കച്ചവടം നടന്നതായി  വെളിപ്പെടുത്തുന്നു. ഇതില്‍ 73 ശതമാനവും പത്ത് രാജ്യങ്ങളുടെ വകയാണ്. അമേരിക്കയാണ് ആയുധനിര്‍മാണത്തിലും വിപണനത്തിലും വളരെ മുന്നില്‍. അവരുടെ പ്രധാന ആയുധ വിപണന മാര്‍ക്കറ്റ് പശ്ചിമേഷ്യയാണെന്നും ഇതിനകം വെളിപ്പെട്ടുകഴിഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴും മുഖ്യ അജണ്ടകളിലൊന്ന് ആയുധകച്ചവടക്കരാര്‍ തന്നെയായിരുന്നു.

ആയുധ വിപണി കൈയടക്കിവെക്കുകയും മാരകമായ ആയുധങ്ങള്‍ അതിലേക്ക് ഒഴുക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പാശ്ചാത്യ രാഷ്ട്രങ്ങള്‍ തന്നെയാണ് നിരായുധീകരണത്തെക്കുറിച്ചും ലോക സമാധാനത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുന്നത്! ന്യൂക്ലിയര്‍/ രാസ ആയുധങ്ങള്‍ ഉണ്ടാക്കുന്നു എന്നാരോപിച്ച് അവര്‍ രാഷ്ട്രങ്ങളുടെ മേല്‍ ഉപരോധം അടിച്ചേല്‍പ്പിക്കുന്നു. പലതരം നിയമക്കുരുക്കുകള്‍ ഉണ്ടാക്കി വരുതിയില്‍ നില്‍ക്കാത്ത രാഷ്ട്രങ്ങളെ ചുറ്റിവരിയുന്നു. എന്നാല്‍ മാരകായുധങ്ങളുടെ മൊത്തക്കച്ചവടക്കാരായ വന്‍ശക്തികള്‍ക്ക് ഈ അന്താരാഷ്ട്ര നിയമങ്ങളൊന്നും ബാധകമല്ല തന്നെ. ഈ കാപട്യവും ഇരട്ടത്താപ്പുമാണ് ലോകത്തെ സംഘര്‍ഷഭരിതമാക്കുന്നതെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് / (160 - 169)
എ.വൈ.ആര്‍